ചെന്നൈ പോലുള്ള പ്രധാനപ്പെട്ട നഗരങ്ങളിൽ ഒല, യൂബർ തുടങ്ങീ ഓൺലൈൻ സംവിധാനം വഴി ഓട്ടോയും കാറും ബുക്കുചെയ്യുന്നത് പൊതുഗതാഗതസംവിധാനത്തിന്റെ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു. ഈ മേഖലയിൽ പണിയെടുക്കുന്ന ഡ്രൈവർമാർ മൂന്നുദിവസം പണിമുടക്കിയത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി. എന്നാൽ ഇത്തരമൊരു പണിമുടക്കു നടത്താൻ ഒല, യൂബർ ഡ്രൈവർമാർ നിർബന്ധിതരായിത്തീരുകയായിരുന്നു. ഒല വഴിയും യൂബർ വഴിയും യാത്രയ്ക്ക് വാഹനം ബുക്കു ചെയ്യുന്നതിൽ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന് മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കണമെന്നും വാഹനങ്ങൾക്ക് മീറ്റർ ചാർജുകൾ നിശ്ചയിക്കണമെന്നും ഓട്ടോകൾക്ക് മീറ്റർ നൽകണമെന്നും ഇവർ ആവശ്യപ്പെടുന്നു.
2010ൽ കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം ഡിജിറ്റൽ ഇടനിലക്കാരെ (Cab Aggregator) നിയന്ത്രിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള നടപടികളെക്കാം. ഇതുസംബന്ധിച്ച് തമിഴ്നാട് ഇതുവരെയും ഒരു മാർഗനിർദേശവും പുറപ്പെടുവിച്ചില്ല. വാണിജ്യാടിസ്ഥാനത്തിൽ ഓടുന്ന വാഹനങ്ങൾക്ക് ലൈസൻസ് ബാഡ്ജ് നൽകണമെന്ന ഗതാഗതമന്ത്രിയുടെ പ്രഖ്യാപനം അടിയന്തരമായും നടപ്പാക്കണമെന്ന ആവശ്യവും നടപ്പിലാക്കപ്പെട്ടിട്ടില്ല. ഒല, യൂബർ തുടങ്ങിയ ആപ്പുകൾ സർക്കാർ നിയന്ത്രണത്തിൽ പ്രവർത്തിക്കണം. അപ്പോൾ ഡിജിറ്റൽ ഇടനിലക്കാരുടെ വലിയതോതിലുള്ള ഇടപെടൽ ഇല്ലാതാക്കാൻ കഴിയും. യാത്രക്കാർ ബുക്കുചെയ്യുന്നതിനും അതിന് അനുമതി നൽകുന്നതിനും ഈ കമ്പനികൾ വലിയ കമ്മീഷനാണ് എടുക്കുന്നത്. കൂടാതെ തിരക്കേറിയ സമയങ്ങളിൽ അകാരണമായി നിരക്കുകൾ വർധിപ്പിക്കുന്നതായും യാത്രക്കാർ പരാതിപ്പെടുന്നു. അനധികൃത ടോൾബൂത്തുകൾക്കെതിരെയും ഡ്രൈവർമാർ പ്രതിഷേധിക്കുകയാണ്.
ഇക്കാര്യങ്ങളെല്ലാം ഉന്നയിച്ചാണ് ഓൾ ഇന്ത്യ റോഡ് ട്രാൻപോർട്ട് വർക്കേഴ്സ് ഫെഡറേഷനും തമിഴ് നാട് ഉറിമൈ കുറൽ ഡ്രൈവർ ട്രേഡ് യൂണിയനും സംയുക്തമായി 13 ഇന ആവശ്യങ്ങളടങ്ങിയ പത്രിക സമർപ്പിച്ചത്. എല്ലാരംഗങ്ങളിലുമെന്നപോലെ വാടക ടാക്സി മേഖലയിലും ഓൺലൈൻ കുത്തകകൾ പിടിമുറുക്കിക്കഴിഞ്ഞു. തൊഴിലെടുക്കുന്നവന് തുച്ഛമായ വരുമാനവും ഇടനിലക്കാർക്ക് വലിയ കമ്മീഷനും കമ്പനികൾ അമിതലാഭവും എന്ന നിലയിൽ അധ്വാനത്തെ ചൂഷണം ചെയ്യുന്നു. വ്യവസ്ഥയ്ക്കെതിരെയുള്ള ശക്തമായ താക്കീതായി മാറി. ഡ്രൈവർമാരുടെ മൂന്നു ദിവസം നീണ്ട പണിമുടക്ക്. ♦