Thursday, May 9, 2024

ad

Homeഇവർ നയിച്ചവർപേരൂർക്കട സദാശിവൻ: തൊഴിലാളിവർഗത്തിന്റെ അനിഷേധ്യനായ നേതാവ്‌

പേരൂർക്കട സദാശിവൻ: തൊഴിലാളിവർഗത്തിന്റെ അനിഷേധ്യനായ നേതാവ്‌

ഗിരീഷ്‌ ചേനപ്പാടി

സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം, തിരുവനന്തപുരം ജില്ലാ സെക്രട്ടറിയറ്റംഗം, സിഐടിയു അഖിലേന്ത്യാ വർക്കിംഗ്‌ കമ്മിറ്റി അംഗം, സിഐടിയു സംസ്ഥാന സെക്രട്ടറി, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്‌, സെക്രട്ടറി, ഹെഡ്‌ലോഡ്‌ ആൻഡ്‌ ജനറൽ വർക്കേഴ്‌സ്‌ യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി, കൺസ്‌ട്രക്‌ഷൻ വർക്കേഴ്‌സ്‌ ഫെഡറേഷൻ അഖിലേന്ത്യാ വൈസ്‌ പ്രസിഡന്റ്‌ മറ്റു നിരവധി യൂണിയനുകളുടെ സംസ്ഥാന ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ച പേരൂർക്കട സദാശിവൻ ഓർമയായിട്ട്‌ പതിമൂന്നുവർഷം പിന്നിട്ടു. അസംഘടിതരായിരുന്ന തൊഴിലാളികളെ സംഘടിപ്പിക്കുന്നതിലും അവരെ അവകാശബോധമുള്ളവരാക്കിത്തീർക്കുന്നതിലും അസാധാരണമായ മികവാണദ്ദേഹം പ്രകടിപ്പിച്ചത്‌. ട്രാൻസ്‌പോർട്ട്‌ സമരം ഉൾപ്പെടെ തൊഴിലാളിവർഗത്തിന്റെ ഐതിഹാസികമായ നിരവധി പ്രക്ഷോഭങ്ങളിൽ പങ്കാളിയാകുകയും പലതിന്റെയും നേതൃനിരയിൽ പ്രവർത്തിക്കുകയും ചെയ്‌ത സദാശിവൻ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ തലസ്ഥാനജില്ലയിലെ വളർച്ചയ്‌ക്ക്‌ നിർണായകമായ പങ്കാണ്‌ വഹിച്ചിട്ടുള്ളത്‌.

കുട്ടിക്കാലം മുതൽ തൊഴിലാളിവർഗം അനുഭവിക്കുന്ന യാതനകളും ദുരിതങ്ങളും നേരിട്ട്‌ അനുഭവിക്കുകയും കണ്ടറിയുകയും ചെയ്‌ത സദാശിവന്റെ തൊഴിലാളിവർഗത്തോടുള്ള പ്രതിബദ്ധത അവാച്യമായിരുന്നു. ഭീഷണികളെയും വെല്ലുവിളികളെയും ‌അതിജീവിച്ച്‌ തൊഴിലാളികളുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിൽ സദാശിവൻ അസാമാന്യമായ ധീരതയും ഇച്ഛശക്തിയുമാണ്‌ പ്രകടിപ്പിച്ചത്‌.

നെയ്‌ത്തുതൊഴിലാളിയായിരുന്ന പാച്ചന്റെയും ജാനകിയുടെയും നാലുമക്കളിൽ മൂന്നാമനായി 1928 മെയിൽ പേരൂർക്കടയിലാണ്‌ സദാശിവൻ ജനിച്ചത്‌. രണ്ടു സഹോദരന്മാരും ഒരു സഹോദരിയുമാണ്‌ അദ്ദേഹത്തിനുണ്ടായിരുന്നത്‌. പേരൂർക്കട ബോയ്‌സ്‌ സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസത്തിനായി സദാശിവനെ ചേർത്തത്‌.

പത്തൊന്പതാം നൂറ്റാണ്ടിന്റെ അന്ത്യത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭിത്തിലുമായി ഒട്ടനവധി രാഷ്‌ട്രീയ, സാമൂഹ്യ പ്രക്ഷോഭങ്ങൾക്കാണ്‌ തിരുവിതാംകൂർ വേദിയായത് എന്നത്‌ ചരിത്രം. അയിത്തത്തിനും അനാചാരങ്ങൾക്കുമെതിരായ പ്രക്ഷോഭം, അവർണർക്ക്‌ ക്ഷേത്രങ്ങളിലും സ്‌കൂളുകളിലും സർക്കാർ സർവീസുകളിലും പ്രവേശനം ലഭിക്കുന്നതിനുള്ള പ്രക്ഷോഭങ്ങൾ, അവകാശസമരങ്ങൾക്കുവേണ്ടിയുള്ള പോരാട്ടങ്ങൾ… ഇവയെല്ലാം വിദ്യാർഥികളെയും യുവാക്കളെയുമാണ്‌ ഏറ്റവും കൂടുതൽ ആവേശഭരിതരാക്കിയത്‌.

സ്‌റ്റേറ്റ്‌ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഉത്തരവാദ ഭരണത്തിനുവേണ്ടിയുള്ള പ്രക്ഷോഭം ആരംഭിച്ചതോടെ യുവാക്കളുടെ ആവേശം അതിരുകളില്ലാതെ അലതല്ലി. സ്വാതന്ത്ര്യസമര പ്രക്ഷോഭത്തിൽ സർവതും മറന്ന്‌ ജനങ്ങൾ പങ്കെടുത്തു തുടങ്ങി.

1938ൽ വട്ടിയൂർക്കാവിൽ നടന്ന സമ്മേളനത്തിൽ നൂറുകണക്കിന്‌ വിദ്യാർഥികളാണ്‌ പങ്കാളികളായത്‌. അന്ന്‌ പത്തുവയസ്സുമാത്രമുണ്ടായിരുന്ന സദാശിവനും സഹപാഠികൾക്കൊപ്പം സമ്മേളനത്തിൽ പങ്കെടുത്തു. ഉത്തരവാദ ഭരണമെന്നു കേട്ടാൽ തന്നെ കലിതുള്ളുന്ന ഭരണാധികാരികൾ അതിനെതിരെ അതിക്രൂരമായ മർദന നടപടികളാണ്‌ കൈക്കൊണ്ടത്‌. ജാഥയിലോ പ്രകടനത്തിലോ സമ്മേളനത്തിലോ എന്നുവേണ്ട പ്രക്ഷോഭവുമായി ബന്ധപ്പെട്ട ഏതു പ്രവർത്തനത്തെയും ദിവാന്റെ നേതൃത്വത്തിലുള്ള ഭരണകൂടം അതിശക്തമായി ആക്രമിച്ചു. വിദ്യാർഥികളെയും അവർ അതിക്രൂരമായി തന്നെ കൈകാര്യം ചെയ്‌തു. പ്രക്ഷോഭവുമായി ബന്ധപ്പെട്ട്‌ ലാത്തിച്ചാർജും അറസ്റ്റും നിത്യസംഭവമായിരുന്നു. സദാശിവൻ അറസ്റ്റ്‌ ചെയ്യപ്പെട്ടെങ്കിലും കുട്ടിയായിരുന്നതിനാൽ മുന്നറിയിപ്പ്‌ നൽകി പൊലീസ്‌ വിട്ടയച്ചു.

എന്നാൽ സ്‌കൂൾ അധികൃതർ ആ കുട്ടിയോട്‌ ക്ഷമിക്കാൻ തയ്യാറായിരുന്നില്ല. അവർ സദാശിവനെ സ്‌കൂളിൽനിന്ന്‌ പുറത്താക്കി. ഇതേത്തുടർന്ന്‌ മാതൃസഹോദരന്റെ സ്വാധീനത്തിൽ കവടിയാർ സാൽവേഷൻ ആർമി സ്‌കൂളിൽ പ്രവേശനം ലഭിച്ചു. സ്‌റ്റേറ്റ്‌ കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ നിരവധി പ്രക്ഷോഭങ്ങൾ അരങ്ങേറിയ സമയമായിരുന്നല്ലോ അത്‌. പ്രക്ഷോഭങ്ങളിൽ വിദ്യാർഥി‐യുവജന പങ്കാളിത്തം വർധിച്ചുവന്നു. ഭരണകൂടത്തിന്റെ മർദന നടപടികളെയും ഭീഷണികളെയും അവഗണിച്ചുകൊണ്ട്‌ ഉത്തരവാദ ഭരണത്തിനുവേണ്ടിയുള്ള പ്രക്ഷോഭം ശക്തിപ്പെട്ടു. സദാശിവന്റെ നേതൃത്വത്തിൽ സാൽവേഷൻ ആർമി സ്‌കൂളിലെ വിദ്യാർഥികളും സമരത്തിൽ പങ്കാളികളായി. വിദ്യാർഥികളും യുവജനങ്ങളും കൂട്ടത്തോടെ അറസ്റ്റ്‌ ചെയ്യപ്പെട്ടു.

ആദ്യമൊക്കെ വിദ്യാർഥികളെന്ന പരിഗണനയിൽ അറസ്റ്റ്‌ ചെയ്‌ത്‌ വിട്ടയച്ച പൊലീസ്‌ പിന്നീട്‌ അവരെ ലോക്കപ്പിലാക്കി. ഒരിക്കൽ അറസ്റ്റ്‌ ചെയ്യപ്പെട്ട സദാശിവനെ മൂന്നുദിവസം ജയിലിലടച്ചു. വിട്ടയക്കപ്പെട്ടതിനുശേഷവും നിരന്തരം പ്രക്ഷോഭങ്ങളിൽ ആ വിദ്യാർഥി അണിനിരന്നു.

പിന്നീട്‌ അറസ്റ്റ്‌ ചെയ്യപ്പെട്ടപ്പോൾ രണ്ടുമാസക്കാലം തിരുവനന്തപുരം സബ്‌ ജയിലിലും ഒരുമാസം പൂജപ്പുര സെൻട്രൽ ജയിലിലും സദാശിവന്‌ കഴിയേണ്ടിവന്നു. അതോടെ സാൽവേഷൻ ആർമി സ്‌കൂളിൽനിന്ന്‌ അധികൃതർ അദ്ദേഹത്തെ പുറത്താക്കി.

ഈ സമയത്ത്‌ കുടുംബത്തിലുണ്ടായ വലിയ സാന്പത്തിക പ്രതിസന്ധിയും കൊച്ചു സദാശിവനെ വേട്ടയാടി. അച്ഛന്റെ ജോലി നഷ്ടപ്പെട്ടു. അതുമൂലം ആ കുടുംബം പറഞ്ഞറിയിക്കാനാകാത്ത ദുരിതത്തിലായി. വിദ്യാഭ്യാസത്തിനു പോയിട്ട്‌ നിത്യച്ചെലവിനുപോലും നിവൃത്തിയില്ലാതെ ആ കുടുംബം നന്നേ കഷ്ടപ്പെട്ടു.

മൂത്ത സഹോദരനും സഹോദരിയും അമ്മയെ സഹായിക്കാൻ പേരൂർക്കട ചന്തയിൽ ജോലിക്കു ചേർന്നു. ഇളയ സഹോദരനാകട്ടെ കൂലിപ്പണിക്കു പോയി. പലവിധ അന്യായ പിരിവുകളും ഗുണ്ടായിസവും അന്ന്‌ പൊലീസിന്റെ സഹായത്തോടെ ചന്തകളിൽ സന്പന്നവിഭാഗങ്ങൾ നടത്തിയിരുന്ന കാലമാണത്‌. കുട്ടിക്കാലത്തുതന്നെ ഗുസ്‌തിയും കളരിയും അഭ്യസിച്ച സദാശിവൻ അതിനെതിരെ അതിശക്തമായി തന്നെ പ്രതികരിച്ചു. അന്യായമായ പിരിവിനെതിരെ തൊഴിലാളികളെ സംഘടിപ്പിക്കുന്നതിൽ സദാശിവൻ മുൻനിന്നു പ്രവർത്തിച്ചു. അതോടെ അന്യായ പിരിവുകൾക്ക്‌ ഒരു പരിധിവരെയെങ്കിലും ആശ്വാസമുണ്ടായി.

കുടപ്പനക്കുന്നിൽ പ്രവർത്തിച്ച തീപ്പെട്ടി കന്പനിയിൽ നടന്ന പ്രക്ഷോഭത്തിന്റെ നേതൃത്വവും സദാശിവനായിരുന്നു. അതോടെ സദാശിവന്റെ സംഘടനാപാടവം അംഗീകരിക്കപ്പെട്ടു.

1940കളുടെ മധ്യത്തോടെ ജില്ലയിലെ കയർ, കൈത്തറി, തോട്ടം തുടങ്ങിയ മേഖലകളിൽ എഐടിയുസിയുടെ നേതൃത്വത്തിൽ പ്രക്ഷോഭങ്ങൾ അരങ്ങേറി. കമ്യൂണിസ്റ്റ്‌ നേതാക്കൾക്കായിരുന്നു അവയിൽ പലതിന്റെയും നേതൃത്വം. പി ടി പുന്നൂസ്‌ ഉൾപ്പെടെയുള്ള കമ്യൂണിസ്റ്റ്‌ പാർട്ടി നേതാക്കളുമായി സദാശിവന്‌ കൗമാരകാലത്തുതന്നെ ബന്ധം സ്ഥാപിക്കാനായി. പാർട്ടി നേതാക്കൾക്ക്‌ പരസ്‌പരം രഹസ്യങ്ങൾ കൈമാറാനുള്ള ടെക്‌മാനായി സദാശിവനെയും പാർട്ടി നിയോഗിച്ചു. പ്രമുഖ പാർട്ടി നേതാക്കൾക്ക്‌ സുരക്ഷിതമായ ഒളിത്താവളങ്ങൾ കണ്ടെത്തുന്നതിനും അവരെ സുരക്ഷിതരായി താമസിപ്പിക്കുന്നതിനും അദ്ദേഹം മുന്നിട്ടു പ്രവർത്തിച്ചു.

1948ൽ തിരുവിതാംകൂർ കമ്യൂണിസ്റ്റ്‌ പാർട്ടി നേതാവ്‌ പി ടി പുന്നൂസിൽനിന്ന്‌ സദാശിവൻ പാർട്ടി അംഗത്വത്തിന്റെ റെഡ്‌ കാർഡ്‌ സ്വീകരിച്ചു. കമ്യൂണിസ്റ്റ്‌ പാർട്ടി നിരോധിക്കപ്പെട്ട അക്കാലത്ത്‌ അതിസാഹസികമായാണ്‌ അദ്ദേഹം പാർട്ടി പ്രവർത്തനം നടത്തിയത്‌. കമ്യൂണിസ്റ്റ്‌ പാർട്ടി അംഗത്വം പോയിട്ട്‌ ഏതെങ്കിലും തരത്തിൽ കമ്യൂണിസ്റ്റുകാരെ സഹായിച്ചതായി പൊലീസിനു വിവരം കിട്ടിയാൽ അതിക്രൂരമായി വേട്ടയാടപ്പെടുന്ന കാലമായിരുന്നു അത്‌. സ്വാതന്ത്ര്യം ലഭിച്ചതും ജനാധിപത്യ സർക്കാർ വന്നതുമൊന്നും ഭരണകൂടത്തിന്റെ സ്വഭാവത്തിൽ മാറ്റം വരുത്തിയില്ല. അവർ അതികഠിനമായ കമ്യൂണിസ്റ്റ്‌ വേട്ട തുടർന്നു.

കർഷകത്തൊഴിലാളികൾ, തോട്ടം തൊഴിലാളികൾ, വിവിധ വ്യവസായങ്ങളിൽ പണിയെടുക്കുന്നവർ എന്നിവരുടെ അവകാശസമരങ്ങളുടെ വേലിയേറ്റം കൂടിയായിരുന്നു അത്‌. 1950കൾ മുതൽ സംസ്ഥാനമൊട്ടാകെ പോരാട്ടങ്ങളുടെ പുതിയ പാതയിലേക്ക്‌ ജനകീയ പ്രക്ഷോഭങ്ങളെ കമ്യൂണിസ്റ്റ്‌ പാർട്ടി വളർത്തിയെടുത്തു. ഇതോടെ ചെറുതും വലുതുമായ സമരങ്ങളിൽ ഉശിരന്മാരായ കേഡർമാരുടെ ഒരു വലിയ നിരയെത്തന്നെ വാർത്തെടുക്കാൻ പാർട്ടിക്കു കഴിഞ്ഞു. സദാശിവൻ അപ്പോഴേക്കും അച്ചടക്കവും വർഗബോധവുമുള്ള അടിയുറച്ച കമ്യൂണിസ്റ്റായി മാറിക്കഴിഞ്ഞിരുന്നു. എന്നു മാത്രമല്ല, അധ്വാനിക്കുന്ന വർഗത്തിന്റെ ആശയാഭിലാഷങ്ങൾ ഉൾക്കൊള്ളാനും അതിന്റെ അടിസ്ഥാനത്തിൽ വസ്‌തുനിഷ്‌ഠമായ മുദ്രാവാക്യങ്ങളുയർത്തി സമരരംഗത്ത്‌ ബഹുജനങ്ങളെ അണിനിരത്താനും ശേഷിയുള്ള ഒരു നേതൃനിര പാർട്ടിക്കുണ്ടായി.

ട്രാൻസ്‌പോർട്ട്‌ സമരം
തിരുവിതാംകൂറിലെന്നല്ല, കേരളക്കരയിലാകെ കമ്യൂണിസ്റ്റ്‌ പാർട്ടിക്ക്‌ അടിത്തറയുണ്ടാക്കാൻ സഹായകമായ ഐതിഹാസികമായ സമരമാണ്‌ ട്രാൻസ്‌പോർട്ട്‌ സമരം. 1947ലെയും 1949ലെയും 1950കളുടെ തുടക്കത്തിലെയും സമരങ്ങളിലുടെ ട്രാൻസ്‌പോർട്ട്‌ സമരം കരുത്താർജിച്ചിരുന്നു.

1954ലാണ്‌ ചരിത്രപ്രധാനമായ സമരം അരങ്ങേറിയത്‌. അന്ന്‌ തിരു‐കൊച്ചി മുഖ്യമന്ത്രി പട്ടം താണുപിള്ളയായിരുന്നു. ഒരുകാലത്ത്‌ യൂണിയൻ നേതാവായിരുന്ന പട്ടം, അധികാരം കിട്ടിയതോടെ തികഞ്ഞ തൊഴിലാളിവിരുദ്ധനായി. തൊഴിലാളികളുടെ സമരത്തെ ഏതു മാർഗവുമുപയോഗിച്ചും അടിച്ചമർത്തും എന്നതായിരുന്നു പട്ടത്തിന്റെ നിലപാട്‌. 1954 സെപ്‌തംബറിൽ അന്ന്‌ ലോക്‌സഭയിലെ പ്രതിപക്ഷ നേതാവായിരുന്ന എ കെ ജി, ദേശീയതലത്തിൽ ബന്ധപ്പെട്ടെങ്കിലും പ്രശ്‌നം പരിഹരിക്കാൻ ഗവൺമെന്റ്‌ തയ്യാറായില്ല.

അതിനകം വലിയ ജനപിന്തുണ നേടിയ ട്രാൻസ്‌പോർട്ട്‌ സമരത്തെ അതിക്രൂരമായ മർദന നടപടികളിലൂടെ നേരിടാനാണ്‌ സർക്കാർ തയ്യാറായത്‌. വെടിവെപ്പിലൂടെയും മർദനങ്ങളിലൂടെയും ചോരപ്പുഴ തന്നെ ഒഴുക്കി. നിരവധിപേർക്ക്‌ മാരകമായ മർദനമേറ്റു. പേരൂർക്കട സദാശിവന്‌ അതിനിഷ്‌ഠുരമായ മർദനമാണ്‌ പൊലീസിൽനിന്ന്‌ ഏൽക്കേണ്ടിവന്നത്‌. പൊലീസ്‌ സ്‌റ്റേഷനിൽ അദ്ദേഹത്തിന്റെ ഒരു കാല്‌ അഴിക്ക്‌ പുറത്തേക്ക്‌ നീട്ടി നിലത്ത്‌ തൊടാത്ത രീതിയിൽ വലിച്ചുമുറുക്കി കെട്ടി. രണ്ടു കൈകളും അഴിക്ക്‌ പുറത്തേക്ക്‌ വലിച്ചു നീട്ടിയായിരുന്നു പൊലീസിന്റെ മർദനം. ഇരുപത്തിനാലു മണിക്കൂറും ഒറ്റക്കാലിൽ നിർത്തുന്ന അതിക്രൂരമായ മർദനമാണ്‌ സദാശിവന്റെ ശരീരത്തിൽ പൊലീസ്‌ പ്രയോഗിച്ചത്‌. മർദനമേറ്റ ഭാഗത്ത്‌ ലോക്കപ്പിലാകെ വ്യാപിച്ചിരുന്ന മൂട്ടയുടെ ആക്രമണം കൂടി അദ്ദേഹത്തിന്‌ അനുഭവിക്കേണ്ടിവന്നു.

മർദനത്തിന്റെ മൂന്നാംദിവസം എ കെ ജിയും പി ടി പുന്നൂസും പൊലീസ്‌ സ്‌റ്റേഷനിലെത്തി. സദാശിവനെ വിട്ടാലേ തങ്ങൾ മടങ്ങൂവെന്ന്‌ എ കെ ജി പൊലീസ്‌ ഇൻസ്‌പെക്ടറോട്‌ പറഞ്ഞു. തർക്കത്തിനൊടുവിൽ സദാശിവനെ കോടതിയിൽ ഹാജരാക്കാൻ പൊലീസ്‌ സമ്മതിച്ചു. കേസ്‌ വിശദമായി കേട്ട കോടതി സദാശിവനെ വെറുതെവിട്ടു.

അന്നത്തെ കൊടിയ മർദനം സദാശിവന്റെ ആരോഗ്യത്തെ തകർത്തു. അതുവരെയുണ്ടായിരുന്ന കരുത്ത്‌ അദ്ദേഹത്തിന്‌ നഷ്ടപ്പെട്ടു.

ട്രാൻസ്‌പോർട്ട്‌ സമരം സമൂഹം ഏറ്റെടുത്ത ഉജ്വല സമരമായിരുന്നു. അന്ന്‌ തൊഴിലാളികൾ ഉന്നയിച്ച ജോലിസ്ഥിരത, ശന്പളവർധന, നിയമാനുസൃതമുള്ള അവധി ഇവയെല്ലാം നേടിയെടുക്കാൻ കഴിഞ്ഞ ഈ സമരം സമരചരിത്രത്തിലെ ഉജ്വലമായ അധ്യായങ്ങളിലൊന്നാണ്‌.

ഐക്യകേരളം എന്ന മലയാളികളുടെ ചിരകാലസ്വപ്‌നം യാഥാർഥ്യമാക്കാൻ ഒട്ടനവധി പ്രചാരണപരിപാടികളാണ്‌ കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ നേതൃത്വത്തിൽ അന്നത്തെ തിരു‐കൊച്ചിയിലും മലബാറിലും നടന്നത്‌. തിരുവനന്തപുരം ജില്ലയിലും ഒട്ടനവധി ബോധവൽക്കരണ പ്രവർത്തനങ്ങൾ അരങ്ങേറി. ‘‘ഐക്യകേരളം സിന്ദാബാദ്‌’’ എന്ന മുദ്രാവാക്യം ഉച്ചത്തിൽ വിളിച്ച്‌ പ്രവർത്തകർ പ്രഭാതഭേരി മുഴക്കി. ഈ മഹനീയ സന്ദേശമുയർത്തി ഗൃഹസന്ദർശനങ്ങളും കലാപരിപാടികളും ജില്ലയിലെമ്പാടും നടന്നു. ഈ പ്രവർത്തനങ്ങളിൽ സദാശിവൻ സജീവമായി പങ്കെടുത്തു. ഐക്യകേരളത്തിനുവേണ്ടി പ്രചാരണം നടത്തുന്നവരെ പോലും പൊലീസ്‌ വ്യാപകമായി അറസ്റ്റു ചെയ്‌തിരുന്നു.

തിരുവനന്തപും ജില്ലയിലെ ബ്രൈമൂർ, മെർക്കിസ്റ്റൺ ടീ എസ്‌റ്റേറ്റ്‌, ബോണക്കാട്‌ എന്നീ തോട്ടങ്ങളിൽ തൊഴിലാളികൾ കടുത്ത ചൂഷണത്തിനാണ്‌ ഇരയായത്‌. അവർക്ക്‌ നിയമാനുസൃതമുള്ള അവകാശങ്ങളും ആനുകൂല്യങ്ങളും പാടേ നിഷേധിക്കുകയായിരുന്നു മാനേജ്‌മെന്റ്‌. ഏഴുവർഷത്തെ തുടർച്ചയായ സേവനംചെയ്‌ത തൊഴിലാളികളെപ്പോലും സ്ഥിരപ്പെടുത്താൻ അവർ തയ്യാറായില്ല. നിയമാനുസൃതമുള്ള പ്രസവാനുകൂല്യങ്ങൾ സ്‌ത്രീ തൊഴിലാളികൾക്ക്‌ അവർ നിഷേധിച്ചു. ഏതു നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലായിരുന്നു തൊഴിലാളികൾക്ക്‌ താമസിക്കാൻ നൽകില ലയങ്ങൾ. ഈ ആവശ്യങ്ങൾ ഉയർത്തിക്കൊണ്ട്‌ മേൽപറഞ്ഞ എസ്‌റ്റേറ്റുകളിൽ ഒട്ടനവധി സമരങ്ങൾ നടന്നു. ഈ സമരങ്ങളുടെ മുൻനിരയിൽ സദാശിവൻ ഉണ്ടായിരുന്നു.

തോട്ടം തൊഴിലാളികൾ ഉന്നയിച്ച പ്രശ്‌നങ്ങൾ മാനേജ്‌മെന്റിനെക്കൊണ്ട്‌ അംഗീകരിപ്പിക്കുന്നതിന്‌ യൂണിയന്‌ സാധിച്ചിട്ടുണ്ട്‌. 1957ലെയും 1967ലെയും ഇ എം എസ്‌ സർക്കാരുകളുടെയും 1980 മുതൽ അധികാരത്തിൽ വന്ന എൽഡിഎഫ്‌ സർക്കാരുകളുടെയും ശ്രദ്ധയിൽ കൊണ്ടുവരുന്നതിനും സദാശിവനുൾപ്പെട്ട യൂണിയൻ നേതൃത്വത്തിന്‌ സാധിച്ചിട്ടുണ്ട്‌.

1964ൽ കമ്യൂണിസ്റ്റ്‌ പാർട്ടി ഭിന്നിച്ച വേളയിൽ സിപിഐ എമ്മിനൊപ്പം അടിയുറച്ചുനിന്ന നേതാക്കളിലൊരാളാണ്‌ പേരൂർക്കട സദാശിവൻ. നിരവധി തൊഴിലാളി യൂണിയനുകളിലെ അംഗങ്ങളെയൊന്നാകെ സിപിഐ എമ്മിനൊപ്പം ഉറപ്പിച്ചുനിർത്താൻ സദാശിവന്റെ സംഘടനാമികവിനു കഴിഞ്ഞിട്ടുണ്ട്‌. അതിനായി അദ്ദേഹം ജില്ലയൊട്ടൊകെ വിശ്രമമില്ലാതെ പ്രവർത്തിച്ചു.

1960 മുതൽ അഞ്ചുവർഷക്കാലം സദാശിവൻ കോർപറേഷൻ കൗൺസിലറായി പ്രവർത്തിച്ചു. കവടിയാർ വാർഡിനെയാണ്‌ അദ്ദേഹം പ്രതിനിധീകരിച്ചത്‌.

1964 ഒടുവിൽ ചൈന ചാരന്മാർ എന്നാക്ഷേപിച്ച്‌ സിപിഐ എം നേതാക്കളെ കൂട്ടത്തോടെ കേന്ദ്രസർക്കാർ ജയിലിലടച്ചു. സദാശിവന്റെ ഭാര്യ ലളിത അന്ന്‌ മൂത്ത കുട്ടിയെ ഗർഭിണിയായിരിക്കെയാണ്‌ അറസ്റ്റു ചെയ്യപ്പെട്ടത്‌. മൂത്തമകൻ ജയന്തന്‌ ഒന്നരവയസ്സുള്ളപ്പോഴാണ്‌ ജയിലിൽനിന്ന്‌ സദാശിവനെ മോചിപ്പിച്ചത്‌.

എഐടിയുസിയുടെ ജില്ലയിലെ പ്രമുഖ നേതാവായിരുന്ന പേരൂർക്കട പിഡബ്ല്യുഡി, എൻഎംആർ, ഹെഡ്‌ലോഡ്‌ ആൻഡ്‌ ജനറൽ വർക്കേഴ്‌സ്‌ യൂണിയൻ, ചെത്തുതൊഴിലാളി ഫെഡറേഷൻ എന്നിവയുടെ സ്ഥാപക നേതാക്കളിലൊരാളാണ്‌. 1970ൽ സിഐടിയു രൂപീകരിക്കപ്പെട്ടതോടെ അതിന്റെ സംസ്ഥാന നേതാക്കളിലൊരാളായി അദ്ദേഹം മാറി.

ചുമട്ടുതൊഴിലാളികൾ അക്കാലത്ത്‌ വളരെയേറെ ദുരിതം സഹിക്കേണ്ടിവന്നവരാണ്‌. മതിയായ കൂലി നൽകാതിരിക്കുക, ചികിത്സാനുകൂല്യങ്ങൾ നിഷേധിക്കുക, ഓവർടൈം ജോലിക്ക്‌ കൂലി നൽകാതിരിക്കുക, അവധി ആനുകൂല്യങ്ങൾ നിഷേധിക്കുക അങ്ങനെ നിരവധി ചൂഷണങ്ങൾക്ക്‌ അവർ അർഹരായി. ഈ രംഗത്തെ തൊഴിലാളികളെ സംഘടിപ്പിക്കാൻ സദാശിവൻ കഠിനാധ്വാനം ചെയ്‌തു. തിരുവനന്തപുരത്തെ ചാല മാർക്കറ്റിലും മറ്റും യൂണിയൻ രൂപീകരിക്കുന്നതിനെതിരെ മുതലാളിമാർ ഗുണ്ടായിസവുമായി രംഗത്തുവന്നു. തൊഴിലാളി യൂണിയൻ പ്രവർത്തകരെ ക്രൂരമായി മർദിക്കാൻ അവർ തയ്യാറായി. 1970കളിൽ പൊലീസിന്റെ ശക്തമായ പിന്തുണയും അവർക്കുണ്ടായിരുന്നു.

ഗുണ്ടായിസത്തിനെതിരെ തൊഴിലാളികൾക്ക്‌ ആത്മധൈര്യം പകർന്നുനൽകിയ നേതാക്കളുടെ മുൻനിരയിൽ സദാശിവനുണ്ടായിരുന്നു. അക്രമികളെ പ്രതിരോധിക്കാൻ തടിമിടുക്കുള്ള ചിലരെ അദ്ദേഹം തിരഞ്ഞെടുത്തു. ഗുണ്ടായിസവുമായി വരുന്നവരെ തിരിച്ചാക്രമിക്കാതെ തന്നെ സംഘടിതരായി ഭീഷണിപ്പെടുത്തി പ്രതിരോധിക്കുന്ന തന്ത്രമാണ്‌ സദാശിവൻ നിർദേശിച്ചത്‌. ചുമട്ടുതൊഴിലാളി യൂണിയൻ ക്ഷേമനിധി ബോർഡ്‌ രൂപീകരിക്കുന്നതിലും പേരൂർക്കട സുപ്രധാനമായ പങ്കുവഹിച്ചു. ക്ഷേമനിധി ബോർഡിൽ അംഗമായിരുന്ന അദ്ദേഹത്തിന്‌ തൊഴിലാളികൾക്കനുകൂലമായ പല തീരുമാനങ്ങളും എടുപ്പിക്കാൻ കഴിഞ്ഞു.

അടിയന്തരാവസ്ഥക്കാലത്ത്‌ ജില്ലയിൽനിന്ന്‌ ആദ്യം അറസ്റ്റ്‌ ചെയ്യപ്പെട്ടവരുടെ കൂട്ടത്തിൽ പേരൂർക്കടയുമുണ്ടായിരുന്നു. ഒന്നരവർഷത്തിനുശേഷം അടിയന്തരാവസ്ഥ പിൻവലിക്കപ്പെട്ടപ്പോഴാണ്‌ അദ്ദേഹം ജയിൽമോചിതനായത്‌.

സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം, സിപിഐ എം ജില്ലാകമ്മിറ്റി അംഗം, ജില്ലാ സെക്രട്ടറിയറ്റംഗം എന്നീ നിലകളിൽ ദീർഘകാലം പ്രവർത്തിച്ച സദാശിവൻ സിഐടിയുവിന്റെയും ജില്ലാ പ്രസിഡന്റും ജില്ലാ സെക്രട്ടറിയുമായി ദീർഘകാലം പ്രവർത്തിച്ചു. സിഐടിയുവിൽ അഫിലിയേറ്റു ചെയ്യപ്പെട്ട യൂണിയനുകളുടെയെല്ലാം ജില്ലാ കമ്മിറ്റി മീറ്റിംഗുകളിൽ കൃത്യമായി പങ്കെടുക്കാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു.

തൊഴിലാളികളോട്‌ തികഞ്ഞ പ്രതിബദ്ധത പുലർത്തിയ പേരൂർക്കട സദാശിവൻ തൊഴിലാളിവർഗത്തിന്റെ അനിഷേധ്യ നേതാവായിരുന്നു.

2010 സെപ്‌തംബർ 10ന്‌ അദ്ദേഹം അന്ത്യശ്വാസം വലിച്ചു.

സിപിഐ എം മുൻ ജില്ലാകമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ മുൻ ജില്ലാ സെക്രട്ടറിയുമായ ലളിത സദാശിവനാണ്‌ ജീവിതപങ്കാളി. ദേശാഭിമാനി തിരുവനന്തപുരം എഡിഷനിലെ ചീഫ്‌ സബ്‌ എഡിറ്റർ പി എസ്‌ ജയന്തൻ, പി എസ്‌ ജയശ്രീ, കേരള കോ‐ഓപ്പറേറ്റീവ്‌ എംപ്ലോയീസ്‌ യൂണിയൻ (കെസിഇയു) സംസ്ഥാന ട്രഷറർ, സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം, സിഐടിയു തിരുവനന്തപുരം ജില്ലാ ജോയിന്റ്‌ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിക്കുന്ന പി എസ്‌ ജയചന്ദ്രൻ എന്നിവർ മക്കൾ.

കടപ്പാട്‌: പേരൂർക്കട സദാശിവന്റെ കുടുംബാംഗങ്ങൾ, സഹപ്രവർത്തകർ

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

12 − eight =

Most Popular