Friday, November 22, 2024

ad

Homeനിരീക്ഷണംജനങ്ങളെ വെല്ലുവിളിക്കുന്ന കേരള ഗവർണർ

ജനങ്ങളെ വെല്ലുവിളിക്കുന്ന കേരള ഗവർണർ

ഗിരീഷ് ചേനപ്പാടി

ക്കഴിഞ്ഞ സെപ്തംബർ 27ന് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ വാർത്താസമ്മേളനത്തിൽ, നിയമസഭ പാസാക്കിയ ബില്ലുകൾ അനിശ്ചിതമായി തടഞ്ഞുവയ്ക്കുന്ന ഗവർണറുടെ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് പ്രഖ്യാപിക്കുകയുണ്ടായി. നിയമസഭ പാസാക്കുന്ന ബില്ല് നിയമമാകണമെങ്കിൽ ഗവർണർ അതിൽ ഒപ്പിടണം. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വളരെ പ്രധാനപ്പെട്ട എട്ടു ബില്ലുകളാണ് ഒപ്പിടാതെ മാസങ്ങളായി തടഞ്ഞുവച്ചിരിക്കുന്നത്. അത് സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളെ സാരമാകയി ബാധിക്കുന്ന അവസ്ഥയിലാണ്. മറ്റു മാർഗങ്ങളില്ലാതായതോടെയാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിക്കാൻ തീരുമാനിച്ചത്.

പാസാക്കപ്പെട്ട ചില ബില്ലുകളെ സംബന്ധിച്ച് ഗവർണർ ചില സംശയങ്ങൾ ചോദിച്ചിരുന്നു. അവയ്ക്ക് ബന്ധപ്പെട്ട മന്ത്രിമാരും ഉദ്യോഗസ്ഥരും ഗവർണറെ സന്ദർശിച്ച് വിശദീകരണം നൽകുകയുമുണ്ടായി. അങ്ങനെ നൽകപ്പെട്ട വിശദീകരണങ്ങളിൽ താൻ തൃപ-്തനല്ല എന്ന് ഗവർണർ, മന്ത്രിസഭയെ അറിയിച്ചിട്ടുമില്ല. എന്നിട്ടും ബില്ലുകളിൽ ഒപ്പിടാതെ അകാരണമായി വെെകിപ്പിക്കുകയാണ് ഗവർണർ. ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിടാതെ തടഞ്ഞുവച്ചിരിക്കുന്ന ബില്ലുകളിൽ മിക്കതും നിയമസഭ പാസാക്കിയിട്ട് മാസങ്ങൾ പിന്നിട്ടവയാണ്. 22 മാസങ്ങൾക്കുമുൻപ് നിയമസഭ പാസാക്കിയ ബില്ലും നിയമമാക്കാൻ കഴിയാതെ ഗവർണറുടെ മേശപ്പുറത്തിരിക്കുകയാണ്.

ഒരാഴ്ചയ്-ക്കുള്ളിൽ അല്ലെങ്കിൽ രണ്ടാഴ്ചയ്ക്കുള്ളിൽ ഒപ്പിട്ട് നിയമമാക്കാവുന്ന ബില്ലുകളാണിവയൊക്കെ എന്നോർക്കുക. കേന്ദ്ര സർക്കാർ പാസാക്കുന്ന ബില്ലുകൾ ദിവസങ്ങൾക്കുള്ളിലല്ലേ രാഷ്ട്രപതി ഒപ്പിട്ട് നിയമമാക്കുന്നത്? ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ കാര്യത്തിലും സമാനമാണ് അവസ്ഥ. നിയമസഭ പാസാക്കുന്ന ബില്ലുകൾ തൊട്ടടുത്ത ദിവസം അവിടങ്ങളിൽ നിയമമാകും. ഗവർണർമാർക്ക് ഒരു സംശയവും ഉണ്ടാകാറില്ല. മുഖ്യമന്ത്രിമാരും മന്ത്രിമാരും ഒരു വിശദീകരണവും നൽകേണ്ടതുമില്ല.

എന്നാൽ പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ സ്ഥിതി അതല്ല. ഗവർണർമാർക്ക് ‘സംശയം’ ഒഴിഞ്ഞ സമയമില്ല. അവിടങ്ങളിലെ സർക്കാരുകളെ പരമാവധി ശ്വാസംമുട്ടിക്കുക എന്നതാണ് അവരുടെ തന്ത്രം. ഇത് വിചിത്ര സ്വഭാവമുള്ള ഏതെങ്കിലും ഗവർണറുടെ ഒറ്റപ്പെട്ട പ്രവൃത്തിയല്ല. ആർഎസ്എസ് – ബിജെപിയുടെ ആസൂത്രിതമായ പദ്ധതിയുടെ ഭാഗമാണ്. കേന്ദ്രത്തിൽ ബിജെപി അധികാരത്തിൽവന്നതിനു ശേഷം നിയമിക്കപ്പെട്ട ഗവർണർമാർ ആരൊക്കെയെന്നു നോക്കിയാൽ അത് കൃത്യമായി ബോധ്യപ്പെടും.

ബിജെപിയുടെ സംസ്ഥാനതലങ്ങളിലും അഖിലേന്ത്യാതലത്തിലും നേതൃനിരയിൽ സജീവമായി പ്രവർത്തിച്ചിരുന്നവരായിരുന്നു ഇവരിൽ മിക്കവരും. കേന്ദ്രമന്ത്രി, മുൻ മുഖ്യമന്ത്രി, സംസ്ഥാന മന്ത്രി, ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്മാർ, മുൻ അധ്യക്ഷൻമാർ എന്നീനിലകളിൽ പ്രവർത്തിച്ചുകൊണ്ടിരുന്നവരോ ഒക്കെയാണ് ഗവർണർമാരായി നിയമിക്കപ്പെട്ടവരിലേറെയും. കുമ്മനം രാജശേഖരൻ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായി പ്രവർത്തിച്ചുവരവെയാണല്ലോ അദ്ദേഹത്തെ മിസോറാം ഗവർണറായി നിയമിച്ചത്. പി എസ് ശ്രീധരൻപിള്ളയുടെ നിയമനകാര്യവും ആലോചിച്ചു നോക്കുക. കേന്ദ്ര മന്ത്രിസഭയോ ബിജെപി ഭരിക്കുന്ന സംസ്ഥാന മന്ത്രിസഭകളോ അഴിച്ചുപണിയുമ്പോൾ പുതിയതിൽ ഇടം ലഭിക്കാത്തവരിൽ ചിലരും ഗവർണർമാരായിട്ടുണ്ട്. സജീവ രാഷ്ട്രീയക്കാരെ നിയമിച്ചു എന്ന ആരോപണത്തിനു മറയിടാനെന്നോണം കടുത്ത ബിജെപി അനുഭാവികളായ ചില മുൻ ഉദ്യോഗസ്ഥ പ്രമുഖരെയും ഗവർണർമാരായി മോദി സർക്കാർ നിയമിച്ചിട്ടുണ്ട്.

2014 മെയ് 30ന് ആണ് ഒന്നാം മോദി ഗവൺമെന്റ് അധികാരത്തിലെത്തിയത്. അധികം താമസിയാതെ തന്നെ 29 സംസ്ഥാന ഗവർണർമാരിൽ 26 പേരെയും മാറ്റി. കേന്ദ്ര ഭരണ പ്രദേശങ്ങളിലെ എല്ലാ ലഫ്-റ്റനന്റ‍് ഗവർണർമാരെയും സ്ഥാനഭ്രഷ്ടരാക്കി. മുൻ യുപിഎ ഗവൺമെന്റ് നിയമിച്ച വി എൻ വോറ, ഇ എസ് എൻ നരസിംഹൻ, എസ് സി ജാമിർ എന്നിവരെ മാത്രം മാറ്റിയില്ല. അവർ മൂവരും മോദി സർക്കാരിനു വേണ്ടപ്പെട്ടവരാണ് എന്നതായിരുന്നു അധിക യോഗ്യത.

കാലാവധി കഴിയാത്ത ഗവർണർമാരെ പല വിധ സമ്മർദതന്ത്രങ്ങൾ പ്രയോഗിച്ച് രാജിവയ്ക്കാൻ കേന്ദ്ര സർക്കാർ നിർബന്ധിതരാക്കി. വലുതും പ്രധാനപ്പെട്ടതുമായ സംസ്ഥാനങ്ങളിൽ ഗവർണർമാരായി ശോഭിച്ചവരെ ചെറിയ സംസ്ഥാനങ്ങളിലേക്ക് സ്ഥലം മാറ്റി അപമാനിച്ചു. അതേത്തുടർന്ന് പലരും രാജിവച്ച് സ്ഥലം വിട്ടു. മഹാരാഷ്ട്ര ഗവർണറായിരുന്ന കെ ശങ്കരനാരായണനെ മേഘാലയയിലേക്കു സ്ഥലം മാറ്റിയതുതന്നെ അതിനു മികച്ച ഉദാഹരണമാണ്. ഗത്യന്തരമില്ലാതെ ശങ്കരനാരായണൻ രാജിവച്ച് കേരളത്തിലേക്ക് മടങ്ങുകയായിരുന്നല്ലോ.

കൃത്യമായ രാഷ്ട്രീയ ദൗത്യം ഏൽപ്പിച്ചാണ് ഗവർണർമാരെ മോദി സർക്കാർ രാജ്ഭവനുകളിലേക്ക് പറഞ്ഞയക്കുന്നത് എന്ന് അവർ തെളിയിച്ചിട്ടുണ്ട്. ബിജെപി ഇതര സംസ്ഥാന സർക്കാരുകളെ അട്ടിമറിക്കാൻ ചെറിയ പഴുതെങ്കിലും ലഭിച്ചാൽ അത് പരമാവധി ഉപയോഗിക്കുക, റിസോർട്ട് രാഷ്ട്രീയത്തിനും കുതിര കച്ചവടത്തിനും പരമാവധി പ്രോത്സാഹനം നൽകുക, ഓർഡിനൻസുകളും ബില്ലുകളും ഒപ്പിടാൻ വെെകിച്ച് സംസ്ഥാന സർക്കാരുകൾക്ക് പരമാവധി പാര പണിയുക. ഇതാണ് ഗവർണർമാരെ മോദി സർക്കാർ ഏൽപ്പിച്ച ദൗത്യം.

2015ൽ നടന്ന തിരഞ്ഞെടുപ്പിൽ ബിഹാറിൽ ആർജെഡി– ജെഡിയു സഖ്യമാണ് സീറ്റുകൾ തൂത്തുവാരിയത്. പിന്നീട് ഗവർണറുടെയും കേന്ദ്ര ഏജൻസികളുടെയും സഹായത്തോടെ നിധീഷ്- കുമാർ മന്ത്രിസഭയെ ബിജെപി അട്ടിമറിച്ചു. നിധീഷ്- കുമാറിന് വീണ്ടും മുഖ്യമന്ത്രിസ്ഥാനം ലഭിച്ചെങ്കിലും പ്രധാന വകുപ്പുകൾ പലതും ബിജെപി കെെക്കലാക്കുകയായിരുന്നു. 2020ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് യാഥാർഥ്യബോധമില്ലാതെ കൂടുതൽ സീറ്റുകളിൽ മത്സരിച്ചതുമൂലമാണ് ആർജെഡി നേതൃത്വത്തിലുള്ള മുന്നണിക്ക് അധികാരം കിട്ടാതെപോയത്. എന്നാൽ പിന്നീട് ബിജെപിയുമായി ഒത്തുപോകാൻ കഴിയാതെ വന്നതിനെ തുടർന്ന് നിധീഷ്- കുമാറിന് എൻഡിഎ സഖ്യം വിടേണ്ടിവന്നു. ആർജെഡിയുമായി സഖ്യംചേർന്ന് നിധീഷ്- കുമാർ വീണ്ടും അധികാരത്തിൽ വന്നു എന്നത് സമീപകാല ചരിത്രം. ആർജെഡി– ജെഡിയു സഖ്യം അധികാരത്തിലെത്താതിരിക്കാൻ ഗവർണർ പരമാവധി ശ്രമിച്ചു എന്നതാണ് വസ്തുത.

2017ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഗോവയിലും മണിപ്പൂരിലും കോൺഗ്രസ് ആയിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷി. എന്നാൽ ഇരു സംസ്ഥാനങ്ങളിലെയും ഗവർണർമാർ ജനവിധിയെ അട്ടിമറിക്കാൻ കൂട്ടുനിന്നു. ബിജെപി നേതൃത്വത്തിലുള്ള സർക്കാരുകളാണ് അവിടങ്ങളിൽ അധികാരമേറിയത്.

2018ൽ നടന്ന തിരഞ്ഞെടുപ്പിൽ മധ്യപ്രദേശിൽ ജനങ്ങൾ ബിജെപി സർക്കാരിനെ അധികാരത്തിൽനിന്നു പുറത്താക്കുകയായിരുന്നു. പകരം കോൺഗ്രസ് സർക്കാരിനെയാണ് ജനങ്ങൾ അധികാരത്തിലേറ്റിയത്. എന്നാൽ 2020ൽ ജേ-്യാതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തിലുള്ള ഏതാനും കോൺഗ്രസ് എംഎൽമാരെ കൂറുമാറ്റിയെടുത്ത് മന്ത്രിസഭയെ ബിജെപി അട്ടിമറിച്ചു. അതിൽ ഗവർണറുടെ പങ്ക് പ്രത്യേകം പറയേണ്ടതില്ലല്ലോ.

2018ൽ കർണാടക നിയമസഭയിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് –ജനതാദൾ സഖ്യമാണ് അധികാരത്തിൽ വന്നത്. അന്ന് ബിജെപിക്ക് കനത്ത പ്രഹരമാണ് തിരഞ്ഞെടുപ്പിൽ ലഭിച്ചത്. എന്നാൽ ഒരു വർഷത്തിനുള്ളിൽ കോൺഗ്രസ് എംഎൽഎമാരെ കൂറുമാറ്റിയെടുത്ത് ആ മന്ത്രിസഭയെ ബിജെപി അട്ടിമറിച്ചു. അതിലും ഗവർണറുടെ ‘സഹായം’ വലുതായിരുന്നു.

2019 മെയ് ഒടുവിലാണ് രണ്ടാം മോദി സർക്കാർ അധികാരത്തിൽ വന്നത്. 2021 ജൂലെെ ആറിന് എട്ട് പേരെ ഗവർണർമാരായി രാഷ്ട്രപതി നിയമിച്ചു. കർണാടകത്തിൽ നിയമിക്കപ്പെട്ടത് താരാചന്ദ് ഗെഹ്-ലോട്ട് ആണ്. അദ്ദേഹം 2014 മുതൽ 2021 വരെ മോദി മന്ത്രിസഭയിൽ അംഗമായിരുന്നു. രാജ്യസഭാ നേതാവും അദ്ദേഹമായിരുന്നു. ബിജെപിയുടെ സമുന്നത സമിതികളായ പാർലമെന്ററി ബോർഡിലും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയിലും അംഗവുമായിരുന്നു ഗെഹ്-ലോട്ട്.

മിസോറമിൽ ഗവർണറായി നിയമിക്കപ്പെട്ട ഹരിബാബു കംഭാപതി ബിജെപിയുടെ ആന്ധ്രപ്രദേശ് സംസ്ഥാന പ്രസിഡന്റായിരുന്നു. പതിനാറാം ലോക്-സഭയിൽ വിശാഖപട്ടണം ലോക്-സഭാ മണ്ഡലത്തിൽനിന്ന് ബിജെപി ടിക്കറ്റിൽ വിജയിച്ച ആളാണ് അദ്ദേഹം.

മധ്യപ്രദേശ് ഗവർണറായി അവരോധിക്കപ്പെട്ട മംഗുഭായ് ഛഗൻഭായ് പട്ടേൽ ഗുജറാത്തിൽ നിന്നുള്ള ബിജെപി നേതാവാണ്. ഗുജറാത്തിലെ മുൻ സ്-പീക്കറും മുൻ മന്ത്രിയുമാണ് അദ്ദേഹം.

ഹിമാചൽപ്രദേശ് ഗവർണറായി നിയമിക്കപ്പെട്ട രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ഗോവയിലെ പ്രമുഖ ബിജെപി നേതാവും മുൻമന്ത്രിയും മുൻ സ്-പീക്കറുമാണ്.

ത്രിപുരയിൽ ഗവർണറായി നിയോഗിക്കപ്പെട്ട സത്യദേവ് നാരായൺ ആര്യ, ബിഹാറിൽനിന്നുള്ള ബിജെപി നേതാവും അവിടുത്തെ മുൻമന്ത്രിയുമാണ്.

ജാർഖണ്ഡിൽ നിയമിക്കപ്പെട്ട രമേഷ് സചിസാകട്ടെ 1999ലെ വാജ്പേയ് മന്ത്രിസഭയിലെ സ്വതന്ത്ര ചുമതലയുള്ള മന്ത്രിയായിരുന്നു. ഛത്തീസ്ഗഢിലെ മുതിർന്ന ബിജെപി നേതാവും റായ്-പ്പൂരിൽനിന്ന് ഏഴു തവണ ബിജെപി ടിക്കറ്റിൽ എംപിയുമായ ആളാണദ്ദേഹം.

ഹരിയാന ഗവർണർ ബന്ദാരു ദത്താത്രേയയാകട്ടെ അവിഭക്ത ആന്ധ്രയിലെയും പിന്നീട് തെലങ്കാനയിലെയും ബിജെപി നേതാവാണ്. 2014ൽ സെക്കന്തരാബാദിൽനിന്ന് ലോക്-സഭയിലേക്ക് ബിജെപി ടിക്കറ്റിൽ അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

ഗോവ ഗവർണറായി പി എസ് ശ്രീധരൻപിള്ള നിയമിക്കപ്പെട്ടത് 2021ൽ ആണ്.

ബിജെപിയുടെ പ്രമുഖ നേതാക്കളെ തന്നെയാണ് ഗവർണർമാരായി സംസ്ഥാനങ്ങളിലേക്ക് വിട്ടത് എന്ന് ഓർമിപ്പിക്കാനാണ് ഇക്കാര്യങ്ങൾ സൂചിപ്പിച്ചത്. പിന്നീട് ഗവർണർമാരായി നിയമിക്കപ്പെട്ടവരുടെ സ്ഥിതിയും വ്യത്യസ്തമല്ല. അടിമുടി ആർഎസ്എസ്– ബിജെപി നേതാക്കളായ ഗവർണർമാർ തനി രാഷ്ട്രീയക്കളിയാണ് നടത്തുന്നത് എന്ന് എല്ലാവർക്കുമറിയാം.

അട്ടിമറി സാധ്യതയുള്ള സംസ്ഥാനങ്ങളിലെല്ലാം മന്ത്രിസഭകളെ അട്ടിമറിക്കുക എന്ന ദൗത്യം ‘ഭംഗി’യായി ഗവർണർമാർ ചെയ്യുന്നുണ്ട്. മഹാരാഷ്ട്രയിൽ ഭൂരിപക്ഷമില്ലാതിരുന്നിട്ടും ആദ്യം ദേവേന്ദ്ര ഫഡ്നാവിസിനെയും അജിത് പവാറിനെയും യാഥാക്രമം മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയുമായി രായ്ക്കുരാമാനം ഗവർണർ സത്യപ്രതിജ്ഞ ചെയ്യിച്ചതു നാം കണ്ടു. ബിജെപി ഭൂരിപക്ഷമില്ലെന്ന് വ്യക്തമായതോടെ ഗത്യന്തരമില്ലാതെയാണ് അന്ന് ഉദ്ധവ് താക്കറെയെ മന്ത്രിസഭയുണ്ടാക്കാൻ ഗവർണർ ക്ഷണിച്ചത‍്. രണ്ടര കൊല്ലം തികയും മുൻപ് ശിവസേനയെ പിളർത്തി ഏക്-നാഥ് ഷിൻഡെയെ മുഖ്യമന്ത്രി സ്ഥാനത്ത് ബിജെപി അവരോധിച്ചത് സമീപകാല ചരിത്രം.

കേരളം, തമിഴ്നാട്, തെലങ്കാന തുടങ്ങിയ തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ അട്ടിമറി സാധ്യതയില്ലെന്ന് ബിജെപി നേതൃത്വത്തിന് നന്നായി അറിയാം. അതുകൊണ്ടുതന്നെ അവിടങ്ങളിലെ സർക്കാരുകളെ സാമ്പത്തികമായി പരമാവധി ശ്വാസംമുട്ടിക്കുക, ഗവർണർമാരെ ഉപയോഗിച്ച് ഓർഡിനൻസുകളും ബില്ലുകളും തടഞ്ഞുവയ്ക്കുക, അതിലൂടെ ഭരണസ‍്തംഭനമുണ്ടാക്കാൻ പരമാവധി പരിശ്രമം നടത്തുക എന്ന തന്ത്രമാണ് ബിജെപി അനുവർത്തിക്കുന്നത്. സഹികെട്ടപ്പോഴാണ് തെലങ്കാന സർക്കാർ ഗവർണറുടെ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചത്. സുപ്രീംകോടതിയുടെ നിലപാടും സംസ്ഥാന സർക്കാരിന്റെ നിലപാടിനെ അനുകൂലിക്കുന്നതായിരുന്നു.

തെലങ്കാന ഗവർണർ തമിഴ് ഇസെെ സൗന്ദർരാജന് അതേതുടർന്ന് മാസങ്ങളായി തടഞ്ഞുവച്ചിരുന്ന ബില്ലുകളിൽ ഒപ്പിടേണ്ടിവന്നു.

സമാനമായ സാഹചര്യമാണ‍് കേരളത്തിലും നിലനിൽക്കുന്നത്. ജനങ്ങൾ തിരഞ്ഞെടുക്കുന്ന നിയമസഭയ്-ക്കാണ് നിയമം നിർമിക്കാനുള്ള അധികാരം. സംസ്ഥാന നിയമസഭ പാസാക്കുന്ന നിയമത്തിൽ ഭരണഘടനയ്ക്ക് വിരുദ്ധമായ വ്യവസ്ഥകൾ ഉണ്ടെങ്കിൽ ആ ഭാഗം ഒഴിവാക്കാൻ ഗവർണർക്കു നിർദേശിക്കാം. അല്ലാതുള്ള ഏതെങ്കിലും കാര്യത്തിൽ വിശദീകരണം ആവശ്യമുണ്ടെങ്കിൽ അത് ചോദിക്കാനുള്ള അവകാശം ഗവർണർക്കുണ്ട്. മറ്റു നിയമപരമായ പ്രശ്നങ്ങളില്ലെങ്കിൽ കഴിവതും വേഗം ഗവർണർമാർ ബില്ലുകളിൽ ഒപ്പുവയ്ക്കണം. ഭരണഘടനയുടെ അനുച്ഛേദം 200 ഇക്കാര്യം അസന്ദിഗ്ധമായി വ്യക്തമാക്കുന്നുണ്ട്.

സ്വന്തം സർക്കാരുകൾക്ക് വിലങ്ങുതടിയാകുകയല്ല, പരമാവധി സഹകരിക്കുകയും സഹായിക്കുകയുമാണ് ഗവർണർമാർ ചെയ്യേണ്ടത് എന്ന് സുപ്രീംകോടതി ഓർമിപ്പിച്ചിട്ടുള്ളതാണ്. തെലങ്കാന കേസ് പരിഗണിച്ച സമയത്ത് ബില്ലുകളിന്മേൽ ഗവർണർമാർ അടയിരിക്കരുതെന്നും ഭരണഘടനാപരമായ കാരണങ്ങളില്ലാതെ വച്ചു താമസിപ്പിക്കരുതെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. സുപ്രീംകോടതി വിധിയും നിരീക്ഷണവും എല്ലാ സംസ്ഥാനങ്ങൾക്കും ബാധകമാണ്. എന്നിട്ടും കേരള ഗവർണർ അതിനനുസരിച്ച് പ്രവർത്തിക്കാൻ തയ്യാറാകുന്നില്ല.

ഗവർണർ തടഞ്ഞുവച്ചിരിക്കുന്ന ബില്ലുകളുടെ കൂട്ടത്തിൽ പൊതുജനാരോഗ്യബില്ലും ഉൾപ്പെടുന്നു. നിപ പോലെയുള്ള മാരകരോഗങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഈ ഘട്ടത്തിൽ ഈ ബില്ലു തടഞ്ഞുവയ്ക്കുക എന്നത് കേരളീയ സമൂഹത്തോടു ചെയ്യുന്ന ക്രൂരതയാണ്. സർവകലാശാല നിയമങ്ങളുടെ ഏകീകരണം യുജിസി നിബന്ധനകൾക്കനുസരിച്ച് നടപ്പാക്കാനുള്ള ബില്ലാണ് ഗവർണർ തടഞ്ഞുവച്ചിരിക്കുന്ന സുപ്രധാനമായ മറ്റൊന്ന്.

ഗത്യന്തരമില്ലാതായപ്പോഴാണ് ഗവർണറുടെ നടപടികൾക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാൻ സംസ്ഥാന സർക്കാർ നിർബന്ധിതമായത്. എന്നാൽ ഇതിനെ കുറിച്ച് മനോരമയുടെ കണ്ടുപിടിത്തം വളരെ വിചിത്രമാണ്. കരുവന്നൂർ ബാങ്ക‍് തട്ടിപ്പ് കേസുൾപ്പെടെയുള്ള വിവാദ വിഷയങ്ങളിൽനിന്ന് ശ്രദ്ധതിരിക്കാനാണത്രേ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിക്കുന്നത് ! ഏതിനെയും വളച്ചൊടിക്കാനും വികൃതമാക്കാനും യുഡിഎഫിനനുകൂലമായി തിരിച്ചുവിടാനും ശ്രമിക്കുന്ന യുഡിഎഫ് പത്രത്തിൽനിന്ന് ഇതല്ലാതെ മറ്റൊന്നും പ്രതീക്ഷിച്ചിട്ടു കാര്യമില്ലല്ലോ? യുഡിഎഫ് ഭരണകാലത്ത് ജനശ്രദ്ധ തിരിച്ചുവിടാൻ ഒരുപാട് അധ്വാനിച്ചവരാണല്ലോ മനോരമ. മഞ്ഞപ്പിത്തക്കാരൻ നോക്കുന്നതെല്ലാം മഞ്ഞയാകുമെന്നു പറയുന്നതുപോലെ വീക്ഷണ വെെകല്യം പിടിപെട്ടവർ സ്വന്തം വെെകല്യത്തിന്റെ പ്രതിഫലനം എല്ലായിടത്തും കാണും. അതു സ്വാഭാവികം മാത്രം. പക്ഷേ സത്യത്തിന്റെ മുഖം മൂടിക്കെട്ടാൻ ആർക്കും സാധ്യമല്ല. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

three × 4 =

Most Popular