Saturday, April 27, 2024

ad

Homeഅനുസ്മരണംഇന്ത്യയുടെ കാർഷികമേഖലയെ സമ്പന്നമാക്കിയ ഡോ. എം എസ്‌ സ്വാമിനാഥൻ

ഇന്ത്യയുടെ കാർഷികമേഖലയെ സമ്പന്നമാക്കിയ ഡോ. എം എസ്‌ സ്വാമിനാഥൻ

സി പി നാരായണൻ

ഡോ. എം എസ്‌ സ്വാമിനാഥൻ ഇരുപതാം നൂറ്റാണ്ടിലെ ഇന്ത്യൻ കാർഷിക മേഖലയുടെ, അതുവഴി രാജ്യത്തിന്റെ തന്നെ, ഭാഗധേയം മാറ്റിയെഴുതുന്നതിനു വലിയ സംഭാവന ചെയ്‌ത ശാസ്‌ത്രജ്ഞനായിരുന്നു. 1960കളുടെ ആദ്യപകുതിവരെ ഭക്ഷ്യക്ഷാമം ഇന്ത്യയിലെ നിത്യസംഭവമായിരുന്നു. 1940കളിലെ ബംഗാൾ ക്ഷാമകാലത്ത്‌ ദശലക്ഷക്കണക്കിനാളുകളാണ് ഭക്ഷണം ലഭിക്കാതെ എല്ലും തോലുമായി മരണമടഞ്ഞത്‌. കാലവർഷം, അതിലേറെ കാലാവസ്ഥ, അനുകൂലമായാൽ പട്ടിണി വളരെ കുറയും. അല്ലാതെ വന്നാൽ ഭയാനകമായിരുന്നു സ്ഥിതി. ഇതിന് ഒരു കാരണം ജമീന്ദർമാരിലും ജന്മിമാരിലും ഭൂവുടമസ്ഥത കേന്ദ്രീകരിച്ചിരുന്നതാണ്‌. യഥാർഥ കൃഷിക്കാർക്ക്‌ എത്ര കൂടുതൽ വിളവുണ്ടാക്കിയാലും അതിന്റെ പ്രയോജനം വിളയുടെയോ വിലയുടെയോ രൂപത്തിൽ കാര്യമായി ലഭിക്കുമായിരുന്നില്ല. ഇവിടത്തെ കാർഷിക രീതിയാണെങ്കിൽ കാലഹരണപ്പെട്ടതും അശാസ്‌ത്രീയവും ആയിരുന്നു. പരമ്പരാഗത വിത്തുകളല്ലാതെ അത്യുല്പാദനശേഷിയുള്ള വിത്ത്‌ ഉൽപ്പാദിപ്പിക്കലും ഉപയോഗിക്കലും അന്നുണ്ടായിരുന്നില്ല.

സ്വാതന്ത്ര്യലബ്ധിക്കുമുമ്പ്‌ കോളനി സർക്കാരിന്റെയും ജന്മിമാരുടെയും കച്ചവടക്കാരുടെയും ഇടപെടൽ മൂലം രാജ്യത്ത്‌ ഭക്ഷ്യക്ഷാമം കൊടുമ്പിരിക്കൊണ്ടിരുന്നു. 1943 ലെ ഭക്ഷ്യക്ഷാമം മൂലം ദശലക്ഷക്കണക്കിനാളുകളാണ്‌ ബംഗാളിൽ ഉൾപ്പെടെ ഇന്ത്യയിൽ മരണമടഞ്ഞത്‌. മിക്ക വർഷങ്ങളിലും രാജ്യത്തിന്റെ ഓരോരോ പ്രദേശത്ത്‌ വരൾച്ചയോ വെള്ളപ്പൊക്കമോ കീടബാധയോ മൂലമുള്ള ഭക്ഷ്യക്ഷാമം ഉണ്ടാകുന്ന സ്ഥിതിയായിരുന്നു നിലനിന്നത്‌. ഉൽപ്പാദനക്ഷമത കുറവായിരുന്നതും ഇതിന് ആക്കം കൂട്ടി. ഈ പ്രവണത സ്വാതന്ത്ര്യലബ്ധിക്കുശേഷം 1960കളുടെ അവസാനംവരെ തുടർന്നു. വെള്ളപ്പൊക്കവും വരൾച്ചയും കീടബാധയും മാത്രമല്ല, ഭരണനയത്തിന്റെ സമീപനവും കാരണമായി.

പഞ്ചവത്സരപദ്ധതിയും ഭൂപരിഷ്‌കരണ നിയമവും മറ്റും വഴി ഇതിനു പരിഹാരം കാണാൻ നെഹ്‌റു സർക്കാരും മറ്റും ശ്രമിക്കാതിരുന്നില്ല. എന്നാൽ, കോടിക്കണക്കിനു വരുന്ന കർഷകജനതയിൽ ഏറെപ്പേരും നിരക്ഷരരായിരുന്നു. പരമ്പരാഗത കൃഷിരീതിതന്നെയാണ്‌ സ്വാതന്ത്ര്യം കിട്ടിയശേഷവും അവർ പിന്തുടർന്നത്‌.

കാർഷിക മേഖലയിൽ പ്രവർത്തിച്ചിരുന്ന കോടിക്കണക്കിനു കർഷകർക്കും കർഷകത്തൊഴിലാളികൾക്കും അക്ഷരാഭ്യാസം ഇല്ലായിരുന്നു. അതിനാൽ അവർ പിന്തുടർന്നത്‌ പരമ്പരാഗത കൃഷിരീതിയായിരുന്നു. (ഇതുമാറ്റാൻ 1962ൽ കേന്ദ്ര സർക്കാർ ഒരു സാക്ഷരതാ പരിപാടി ആവിഷ്‌കരിച്ചെങ്കിലും അത്‌ ഒട്ടും തന്നെ വിജയിച്ചില്ല. അന്ധവിശ്വാസത്തിൽ അടിയുറച്ചതായിരുന്നു അവരുടെ മൊത്തം സമീപനം. നെഹ്‌റുവിന്റെ നേതൃത്വത്തിൽ ഇന്ത്യാ സർക്കാർ പഞ്ചവത്സരപദ്ധതി നടപ്പാക്കിയതുകൊണ്ട്‌ കാർഷികമേഖലയിൽ പറയത്തക്ക മാറ്റമുണ്ടായില്ല. ഭൂപ്രഭുക്കളെയും സമ്പന്നകൃഷിക്കാരെയുംകാൾ എണ്ണത്തിൽ കൂടുതലുള്ള സാധാരണ ദരിദ്രകൃഷിക്കാരും കർഷകത്തൊഴിലാളികളും നിരന്തരം പാപ്പരീകരിക്കപ്പെട്ടുകൊണ്ടിരുന്നു.

ഡോ. മങ്കൊമ്പ്‌ സാംബശിവന്റെ മക്കളിൽ ഒരാളായി അന്നത്തെ മദിരാശി പ്രവിശ്യയിലെ കുംഭകോണത്താണ്‌ എം എസ്‌ സ്വാമിനാഥൻ ജനിച്ചു വളർന്നത്‌. സ്വാതന്ത്ര്യലബ്ധിക്കുമുമ്പുള്ള സ്വാമിനാഥന്റെ പഠനകാലമായപ്പോഴേക്ക്‌ ഡോക്ടറോ എൻജിനീയറോ ആയി മക്കൾ പഠിച്ചുയരണമെന്ന ബോധം ഇടത്തരക്കാരിൽ വ്യാപകമായിരുന്നു. എന്നാൽ, സ്വാമിനാഥൻ ജീവശാസ്‌ത്രം പഠിക്കുന്നതിലാണ്‌ താൽപ്പര്യം കാണിച്ചത്‌. അങ്ങനെ അന്നു ഒട്ടും ഫാഷനല്ലാതിരുന്ന കൃഷി ശാസ്‌ത്രപഠനത്തിനായിരുന്നു അദ്ദേഹം ഒടുവിൽ എത്തിച്ചേർന്നത്‌. വർഷംതോറും ലക്ഷക്കണക്കിനു ടൺ ഭക്ഷ്യധാന്യങ്ങൾ ഇറക്കുമതി ചെയ്യേണ്ട സ്ഥിതിയിലായിരുന്നു അന്ന്‌ ഇന്ത്യ. അതിൽ മാറ്റം വരുത്താൻ കർഷകർക്ക്‌ ശാസ്‌ത്രീയമായ അറിവ്‌ പകരേണ്ടതുണ്ട്‌ എന്ന് അദ്ദേഹം മനസ്സിലാക്കി. കോയമ്പത്തൂരിലെ കാർഷിക കോളേജിൽനിന്നായിരുന്നു അദ്ദേഹം കാർഷിക ബിരുദം നേടിയത്‌.

തുടർന്നു നെതർലാൻഡ്‌സിലും ബ്രിട്ടനിലും അമേരിക്കയിലും പോയി വിവിധ ഗവേഷണശാലകളിൽ അദ്ദേഹം കൃഷി ശാസ്‌ത്രത്തിന്റെ പ്രധാന മേഖലകളിൽ പഠനവും ഗവേഷണവും നടത്തി. തുടർന്ന്‌ ആദ്യം കട്ടക്കിലെ കാർഷിക ഗവേഷണ സ്ഥാപനത്തിലും തുടർന്ന്‌ ഡൽഹിയിലെ ഇന്ത്യൻ കാർഷിക ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിലും അദ്ദേഹം നെടുനാൾ പ്രവർത്തിച്ചു. നിലവിലുള്ള വിത്തുകളിൽ തന്നെ ഗവേഷണവും തുടർന്ന്‌ ഇടപെടലും നടത്തി മെക്‌സിക്കൊയിലെ കുറ്റി ഗോതമ്പിനങ്ങളിൽ നടത്തിയ ഗവേഷണത്തെത്തുടർന്ന്‌ അമേരിക്കൻ കൃഷി ശാസ്‌ത്രജ്ഞനായ നോർമൻ ബോർലാഗ്‌ അത്യുല്‌പാദനശേഷിയുള്ള വിത്തുകൾക്ക്‌ ജന്മം നൽകിയിരുന്നു. അത്‌ അമേരിക്കയിലെ ഗോതമ്പുല്‌പാദനത്തിൽ കുതിച്ചുചാട്ടത്തിനിടയാക്കിയിരുന്നു. ബോർലാഗിന് അതിന്റെ പേരിൽ നോബൽ സമ്മാനം ലഭിച്ചിരുന്നു.

ബോർലാഗുമായി ചേർന്ന്‌ ഡോ. സ്വാമിനാഥൻ നടത്തിയ ഗവേഷണം അത്യുല്‌പാദനശേഷിയുള്ള ഗോതമ്പ്‌ വിത്തിനങ്ങൾ ഉൽപ്പാദിപ്പിക്കുന്നതിനിടയാക്കി. ഗോതമ്പ്‌ വിത്തുകളിലായിരുന്നു നോർമൻ ബോർലാഗ്‌ 1953ൽ മെക്‌സിക്കോയിൽ പരീക്ഷണം നടത്തിയത്‌. അമേരിക്കയിലെ ചിലയിനം ഗോതമ്പുവിത്തുകളും മെക്‌സിക്കൻ കുറ്റി ഗോതമ്പിനങ്ങളുമായി ചേർത്ത്‌ സങ്കരയിനം സൃഷ്‌ടിച്ചു. അവയിൽ ചിലവ ഉയരം കുറഞ്ഞവയും കാറ്റടിച്ചാൽ മറിഞ്ഞുവീഴാത്തവയും ഉൽപ്പാദനശേഷി കൂടിയതുമാണെന്നു കണ്ടു. അവയെ വ്യാപകമായി കൃഷി ചെയ്‌തതു വഴി മെക്‌സിക്കോയിലെ ഗോതമ്പുൽപ്പാദനം ഏഴുവർഷം കൊണ്ട്‌ ഇരട്ടിയായി വർധിച്ചു. ബോർലാഗും ഒരു സംഘം സഹപ്രവർത്തകരും 13 വർഷത്തെ അധ്വാനത്തിലൂടെയാണ്‌ അത്യുല്‌പാദനശേഷിയും രോഗപ്രതിരോധ ശേഷിയുമുള്ള വിത്തിനങ്ങൾ ഉൽപ്പാദിപ്പിച്ച്‌ മെക്‌സിക്കോയിലും അമേരിക്കയിലും മറ്റും ഒരു കാർഷിക വിപ്ലവം നടത്തിയത്‌.

അമേരിക്കയിൽ ഗവേഷണ പഠനങ്ങൾക്കായി പോയപ്പോൾ എം എസ്‌ സ്വാമിനാഥൻ ഈ വമ്പിച്ച കാർഷികനേട്ടം മനസ്സിലാക്കി. വിജയം കൊയ്‌ത അമേരിക്കയിലെ ഗോതമ്പ്‌ മണികൾ തവിട്ടുനിറമുള്ളവയായിരുന്നു. ഗോതമ്പ്‌ ഭക്ഷിക്കുന്ന വടക്കേ ഇന്തൃയിലെ ജനങ്ങൾക്ക്‌ ആ ഇനം സ്വീകാര്യമായിരുന്നില്ല. അതിനാൽ ആ വിത്തിനങ്ങൾ അതേപടി ഇന്ത്യയിൽ വ്യാപകമായി കൃഷി ചെയ്യാനാവില്ല. ഇന്ത്യയിലെ വെള്ള ഇനവുമായി മെക്സിക്കോയിലെ കുറിയതും മണിക്ക്‌ തവിട്ടുനിറമുള്ളതുമായ ഗോതമ്പിനത്തെ ക്രോസ്‌ ചെയ്‌താണ് ഡോ. സ്വാമിനാഥൻ ബോർലാഗിന്റെ സഹായത്തോടെ ഇന്ത്യയ്‌ക്കായി വെള്ള നിറത്തിലുള്ളതും കൂറിയതും അത്യുല്‌പാദനശേഷിയുള്ളതുമായ ഗോതമ്പിനം സൃഷ്‌ടിച്ചത്.

ഇതിന്റെ ഫലമായി ഇന്ത്യയിലെ ഗോതമ്പുൽപ്പാദനം ഏതാണ്ട്‌ മൂന്നിരട്ടിയായി വർധിച്ചു. സ്വാതന്ത്ര്യാനന്തര വേളയിൽ ഇന്ത്യയിലെ പ്രതിവർഷ ഗോതമ്പ്‌ ഉൽപ്പാദനം ഏതാണ്ട്‌ 60 ലക്ഷം ടണ്ണായിരുന്നത്‌ 1964–-68 കാലമായപ്പോഴേക്ക്‌ 170 ലക്ഷം ടണ്ണായി വർധിച്ചു. ഇന്ത്യയുടെ ഭക്ഷ്യക്ഷാമത്തിന് അറുതിവരുത്തുന്നതിൽ ഡോ. സ്വാമിനാഥന്റെ ഇടപെടൽ നിർണായകഫലം ചെയ്‌തു. ഗോതമ്പ്‌ ഉൽപ്പാദനത്തിൽ വിത്തിനത്തിലെ ഇത്തരം ഇടപെടലിലൂടെ ഇങ്ങനെ വർധിപ്പിക്കാമെങ്കിൽ മറ്റു വിളകൾക്കും എന്തുകൊണ്ട്‌ സമാനഗവേഷണത്തിലൂടെ വർധിച്ച ഉൽപ്പാദനം കൈവരിച്ചുകൂടാ എന്ന ചോദ്യം കാർഷികവിദഗ്‌ധർക്കിടയിൽ ഉയർന്നുവന്നു. ഈ തോതിൽ തന്നെ ഉണ്ടായില്ലെങ്കിലും, ഇന്ത്യയിലെ കാർഷിക വിളകളിലെല്ലാം ഡോ. സ്വാമിനാഥൻ ഗോതമ്പിന്റെ കാര്യത്തിൽ ചെയ്‌ത ഇടപെടൽ മാറ്റങ്ങൾക്ക്‌ വഴിതുറന്നു.

എന്നും ഭക്ഷ്യദൗർലഭ്യത്തിന്റെ കഥ മാത്രം പറയുമായിരുന്ന ഇന്ത്യക്ക്‌ സമസ്‌ത കാർഷികമേഖലകളിലും പുതിയ ലക്ഷ്യബോധം ഉളവാക്കാൻ ഈ സംഭവം ഇടയാക്കി. ഹരിതവിപ്ലവം എന്നാണ്‌ കാർഷികരംഗത്തും ഭക്ഷ്യരംഗത്തും ഉണ്ടാക്കിയ പ്രതിഭാസത്തെ വിശേഷിപ്പിക്കാറുള്ളത്‌. ഈ നേട്ടത്തെ തുടർന്ന് ഡോ. സ്വാമിനാഥൻ ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ ഡയറക്ടറായി നിയമിക്കപ്പെട്ടു. ഒരു പതിറ്റാണ്ടിനുശേഷം അദ്ദേഹം ഇന്ത്യയുടെ കാർഷിക വകുപ്പ്‌ സെക്രട്ടറിയായി നിയമിതനായി. തുടർന്നു അദ്ദേഹം ഫിലിപ്പെെൻസ്‌ കേന്ദ്രമാക്കിയുള്ള അന്താരാഷ്‌ട്ര നെല്ലു ഗവേഷണ കേന്ദ്രത്തിന്റെ ഡയറക്ടറായി നിയമിതനായി. ലോക ഭക്ഷ്യസമ്മാനം ഏർപ്പെടുത്തപ്പെട്ടപ്പോൾ കാർഷിക ഗവേഷണരംഗത്തെ നേട്ടത്തെ മുൻനിർത്തി ഡോ. സ്വാമിനാഥനായിരുന്നു ആദ്യതവണ ആ സമ്മാനം നൽകിയത്‌. ശാസ്‌ത്രത്തിനും ലോകകാര്യങ്ങൾക്കുമായി പഗ്‌വാഷ്‌ കോൺഫറൻസ്‌ 2002ൽ സംഘടിപ്പിക്കപെട്ടപ്പോൾ അതിന്റെ പ്രസിഡന്റായി ഡോ. സ്വാമിനാഥൻ അവരോധിക്കപ്പെട്ടു.

2004ൽ രൂപീകരിക്കപ്പെട്ട ദേശീയ കർഷക കമ്മിഷന്റെ അധ്യക്ഷനാക്കപ്പെട്ടു. ആ കമ്മിഷൻ ഇന്ത്യൻ കാർഷികരംഗത്ത്‌ നിർണായകമായ പരിഷ്‌കാരങ്ങൾ നിർദേശിക്കുകയുണ്ടായി. 2005ൽ ഐക്യരാഷ്‌ട്ര സഭയുടെ സഹസ്രാബ്ദ പദ്ധതിയുടെ ദാരിദ്ര്യവും പട്ടിണിയും അകറ്റാനുള്ള ടാസ്‌ക്‌ ഫോഴ്‌സിന്റെ ഭാഗമായി പ്രവർത്തിച്ചു. 2007ൽ അദ്ദേഹം രാജ്യസഭയിലേക്ക്‌ നോമിനേറ്റ്‌ ചെയ്യപ്പെട്ടു. അതിനുശേഷം ഇത്തരം മേഖലകളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ അദ്ദേഹം തുടർന്നു.

ഡോ. സ്വാമിനാഥൻ നേതൃത്വം നൽകിയ അത്യുൽപ്പാദനശേഷിയുള്ള വിത്തുകളുടെ ഉൽപ്പാദനത്തിനുവേണ്ടിയുള്ള പ്രവർത്തനം ഒരു പിടി ഗവേഷണപ്രബന്ധങ്ങളിലോ അവ തയ്യാറാക്കിയവരുടെ പ്രവർത്തനത്തിലോ ഒതുങ്ങിനിന്നില്ല എന്നതാണ്‌ ശ്രദ്ധേയമായിട്ടുള്ളത്‌. വിത്ത്, വളം എന്നിവയുടെ ഒരു പുതിയ പരമ്പരയുടെ സൃഷ്‌ടിയിലേക്ക്‌ അത്‌ ഒരു വശത്ത്‌ നീണ്ടപ്പോൾ മറുവശത്ത്‌ പഞ്ചാബ്‌, ഹരിയാന, പശ്ചിമ ഉത്തർപ്രദേശ്‌ എന്നിവിടങ്ങളിലെ കൃഷിക്കാരുടെ ജീവിതത്തെയാകെ അതേവരെ ഊഹിക്കാൻ പോലും കഴിയാതിരുന്ന നിലവാരത്തിലേക്ക്‌ ഉയർത്തി. അത്‌ ആ സംസ്ഥാനങ്ങളുടെ ജനജീവിതത്തെയാകെ മാറ്റി മറിച്ചു. ഇന്ത്യയിലെ ഹരിതവിപ്ലവത്തിന്റെ ആഴവും പരപ്പും മനസ്സിലാക്കണമെങ്കിൽ 1960കൾക്കും 1990കൾക്കും ഇടയിൽ ആ സംസ്ഥാനങ്ങളിലെയും അവയുമായി ബന്ധപ്പെട്ട്‌ ഇന്ത്യയിലെ മറ്റു പ്രദേശങ്ങളിലെയും ജനജീവിതത്തെ അത്‌ എങ്ങനെ സ്വാധീനിച്ചു എന്നു വിശദമായി പരിശോധിക്കേണ്ടതാണ്‌.

അതുകൊണ്ടാണ്‌ അദ്ദേഹം ഇന്ത്യയിലെ ഹരിതവിപ്ലവത്തിന്റെ പിതാവ്‌ എന്നു വിശേഷിപ്പിക്കപ്പെടുന്നത്‌. ഇന്ത്യയിലും അയൽരാജ്യങ്ങളിലും ഭക്ഷ്യക്കമ്മിയെ ഒരു ഭൂതകാല സ്‌മരണയാക്കി മാറ്റുന്നതിൽ അദ്ദേഹത്തിനുള്ള പങ്ക്‌ അദ്വിതീയമാണ്‌. മറ്റ്‌ മേഖലകളിലെ പുരോഗതിക്ക്‌ ഇതാണ്‌ അച്ചാണിയായി പ്രവർത്തിച്ചത്‌ എന്നു പറയുന്നതിൽ ഒട്ടും തന്നെ അതിശയോക്തിയില്ല. ഡോ. സ്വാമിനാഥൻ വെട്ടിത്തെളിച്ച പാതയിലൂടെയാണ്‌ ഇന്ത്യയിലെ കാർഷികരംഗത്തെ ഗവേഷണവും ഉൽപ്പാദനരംഗത്തെ കുതിപ്പും മുന്നേറിക്കൊണ്ടിരിക്കുന്നത്‌. അത്‌ തീർത്തും ശാസ്‌ത്രാധിഷ്‌ഠിതമാണ്‌. കൃഷിയുമായി ബന്ധപ്പെട്ട ശാസ്‌ത്ര ശാഖകളിലായാലും കാർഷികോൽപ്പന്നങ്ങളുടെ സംസ്‌കരണവും വിപണനവുമായി ബന്ധപ്പെട്ട ശാസ്‌ത്രമേഖലകളിലായാലും.

ഡോ. സ്വാമിനാഥനും സഹപ്രവർത്തകരും സഹസ്രാബ്ദങ്ങളുടെ പഴക്കമുണ്ടായിരുന്ന കാർഷിക വികസനരീതിയിൽനിന്ന് ആധുനിക ശാസ്‌ത്രത്തിൽ ഊന്നിയുള്ളതാക്കി മാറ്റുകയായിരുന്നു ഇന്ത്യയിലെ കാർഷിക മേഖലയെ. വ്യവസായം ഉൾപ്പെടെയുള്ള മറ്റു മേഖലകൾക്കൊപ്പം ഇന്ത്യയിലെ കാർഷികമേഖലയും അഭിവൃദ്ധിപ്പെടാൻ അത്‌ ഇടയാക്കി. അവരൊക്കെ എത്തിച്ചുനിർത്തിയ ഇടത്തിൽനിന്നു മുന്നോട്ടുകൊണ്ടു പോകാൻ ഇന്നത്തെ ശാസ്ത്രജ്ഞർ ശ്രമിക്കുമ്പോൾ, പണ്ടേയ്ക്കുപണ്ടേ ഇന്ത്യ ശാസ്‌ത്രരംഗത്ത്‌ വലിയ പുരോഗതി കൈവരിച്ചിരുന്നു എന്ന നാടോടിക്കഥയെ ആസ്‌പദമാക്കി ഇന്ത്യയുടെ പുരോഗതിയെ നൂറ്റാണ്ടുകൾ പിന്നിലേക്ക്‌ തള്ളിവിടാനാണ്‌ ആർഎസ്‌എസ്‌–- ബിജെപി നയിക്കുന്ന ഇന്നത്തെ ഇന്ത്യാ സർക്കാർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്‌.

അതിനെതിരായി നടത്തപ്പെടേണ്ട ശാസ്‌ത്രോന്മുഖമായ പോരാട്ടത്തിനു നേതൃത്വം നൽകുന്നതിനു സർവഥാ യോഗ്യനായ ഡോ. എം എസ്‌ സ്വാമിനാഥൻ നമുക്കിടയിൽ ഇന്നില്ല എന്നതാണ്‌ അദ്ദേഹത്തിന്റെ വിയോഗം നമ്മളിൽ ഉയർത്തുന്ന ദുഃഖത്തിന്റെ ആഴവും പരപ്പും വർധിപ്പിക്കുന്നത്‌. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

1 + 20 =

Most Popular