ഇസ്രയേൽ രാഷ്ട്രം രൂപപ്പെട്ടതിനെ തുടർന്ന് പലസ്തീനിൽ പ്രവർത്തിച്ചിരുന്ന കമ്യൂണിസ്റ്റ് സംഘടന തുടർന്ന് മൂന്നായി മാറി. പാർട്ടിയിലുണ്ടായ 1943ലെ ഭിന്നിപ്പിനെതുടർന്ന് രൂപംകൊണ്ട പ്രധാനമായും അറബ് വംശജർ ഉൾപ്പെടുന്ന നാഷണൽ ലിബറേഷൻ ലീഗിലെ ഒരു വിഭാഗം, അതായത് ഇസ്രയേൽ രാഷ്ട്രത്തിനുളളിൽ കഴിഞ്ഞിരുന്നവർ, ഇസ്രയേലി കമ്യൂണിസ്റ്റ് പാർട്ടിയായി മാറി. അതിൽ അവശേഷിച്ച വിഭാഗവും പലസ്തീൻ കമ്യൂണിസ്റ്റു പാർട്ടിയായി നിന്നിരുന്ന വിഭാഗത്തിലെ വെസ്റ്റ് ബാങ്കിലും ഈസ്റ്റ് ജെറുസലേമിലും പ്രവർത്തിച്ചിരുന്നവരും ജോർദാനിയൻ കമ്യൂണിസ്റ്റു പാർട്ടിയിൽ ചേർന്നു. ഈജിപ്തിന്റെ നിയന്ത്രണത്തിലായിരുന്ന ഗാസയിലെ കമ്യൂണിസ്റ്റുകാർ ഗാസയിലെ കമ്യൂണിസ്റ്റു പാർട്ടിയായും മാറി.
1967ലെ ആറുദിന യുദ്ധത്തെ തുടർന്നാണ് ഇസ്രയേൽ രാഷ്ട്രത്തിനു പുറത്തുള്ള പലസ്തീൻ കമ്യൂണിസ്റ്റുകാരുടെ ഐക്യം ചർച്ചാവിഷയമാകുന്നത്. പലസ്തീൻ സ്വാതന്ത്ര്യം ലക്ഷ്യംവച്ച് പ്രവർത്തിക്കുന്ന മറ്റു സംഘടനകളും (ഫദയീൻ) പലസ്തീൻ കമ്യൂണിസ്റ്റുകാരുൾക്കൊള്ളുന്ന പ്രധാന പാർട്ടിയായ ജോർദാനിയൻ കമ്യൂണിസ്റ്റ് പാർട്ടിയും തമ്മിലുള്ള പ്രധാന അഭിപ്രായ വ്യത്യാസം പലസ്തീൻ പ്രശ്നത്തിനുള്ള രാഷ്ട്രീയ പരിഹാരം എന്ത് എന്നതിനെ കേന്ദ്രീകരിച്ചായിരുന്നു; 1967 ജൂണിലെ അറബ് –ഇസ്രയേൽ യുദ്ധാനന്തര -ഫലങ്ങൾ ഇല്ലാതാക്കാനുള്ള ശരിയായ നിലപാട് എന്ത് എന്നതായിരുന്നു. ഐക്യരാഷ്ട്ര സെക്യൂരിറ്റി കൗൺസിൽ പ്രമേയം 242 അംഗീകരിക്കണമോ വേണ്ടയോ, പലസ്തീൻ വിമോചനത്തിൽ സായുധ സമരത്തിന്റെ പങ്ക്, സോവിയറ്റ് യൂണിയന്റെ പങ്ക്, ഈജിപ്തിന്റെ പ്രസിഡന്റ് അബ്ദുൽ നാസറുമായുള്ള സഖ്യത്തിന്റെ പ്രാധാന്യം എന്നിവയെല്ലാം ജോർദാനിയൻ കമ്യൂണിസ്റ്റ് പാർട്ടിയും ഫദയീൻ സംഘടനകളും തമ്മിലുള്ള തർക്ക പ്രശ്നങ്ങളായി ഉയർന്നുവന്നിരുന്നു.
ജോർദാൻ നദിയുടെ പടിഞ്ഞാറേക്കരയിലെ ജനങ്ങൾക്കിടയിലായിരുന്നു പ്രധാനമായും ജോർദാൻ കമ്യൂണിസ്റ്റ് പാർട്ടിക്ക് സ്വാധീനമുണ്ടായിരുന്നത്. എന്നാൽ മറ്റു ഫദയീൻ സംഘടനകളുടെ സ്വാധീനകേന്ദ്രങ്ങൾ ജോർദാനിലെയും ലബനണിലെയും സിറിയയിലെയും പലസ്തീൻ അഭയാർഥികേന്ദ്രങ്ങളും മറ്റു വിവിധ രാജ്യങ്ങളിലായി കഴിയുന്ന പലസ്തീൻ പ്രവാസി സമൂഹവുമായിരുന്നു. വെസ്റ്റ് ബാങ്കിലുള്ളവരെ സംബന്ധിച്ചിടത്തോളം യുഎൻ പ്രമേയം 242 (അതായത് 1967 ലെ ആറുദിന യുദ്ധത്തിനു മുൻപുള്ള അതിർത്തിയിലേക്ക് ഇസ്രയേൽ പിൻവാങ്ങുക എന്ന പ്രമേയം) നടപ്പാക്കുന്നതിന്റെ അർഥം ഇസ്രയേലി അധിനിവേശത്തിന് അറുതിവരുത്തുകയെന്നതാണ്. അത് തങ്ങൾക്ക് ഏറെക്കുറെ സമാധാനമായി ജീവിക്കാൻ അവസരമൊരുക്കുമെന്നും അവർ കരുതുന്നു. എന്നാൽ വെസ്റ്റ് ബാങ്കിനു പുറത്ത് അഭയാർഥികളായി കഴിയുന്നവരെ സംബന്ധിച്ചിടത്തോളം അത് അവരുടെ ജീവിതത്തിൽ ഒരു മാറ്റവും ഉണ്ടാക്കുന്നില്ല. ഇതാണ് ഇരുവിഭാഗവും തമ്മിലുള്ള അഭിപ്രായവ്യത്യാസത്തിന്റെ കാതലായ കാരണം.
പല രാജ്യങ്ങളിലായി അഭയാർഥികളായി കഴിയുന്നവരെ സംബന്ധിച്ചിടത്തോളം സായുധ ഒളിപ്പോരാണ് സിയോണിസ്റ്റുകളുമായി, ഇസ്രയേലുമായി പൊരുതാനുള്ള അവസരം പ്രദാനം ചെയ്യുന്ന ഏകമാർഗം. പക്ഷേ വെസ്റ്റ് ബാങ്ക് നിവാസികളായ പലസ്തീൻകാരെ സംബന്ധിച്ചിടത്തോളം ജോർദാനിൽനിന്നുള്ള ഫദയീൻ പ്രവർത്തനങ്ങളുടെ അർഥം ഇസ്രയേൽ ഭരണകൂടത്തിൽ നിന്നുള്ള കടുത്ത അടിച്ചമർത്തലും അറസ്റ്റുകളും കൂട്ടപിഴ ചുമത്തലുമെല്ലാം ക്ഷണിച്ചുവരുത്തലാകും. എന്നാൽ ജോർദാൻ കമ്യൂണിസ്റ്റു പാർട്ടി സായുധസമരം സംഘടിപ്പിക്കുന്നതിനെതിരെന്നല്ല ഇതിനർഥം; മറിച്ച് ഇസ്രയേലി അധിനിവേശമേഖലകളിൽ കഴിയുന്നവർ നേരിടേണ്ടതായി വരുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചാണ് അവർ ചിന്തിക്കുന്നത് എന്നാണ്.
ജോർദാൻ കമ്യൂണിസ്റ്റു പാർട്ടിയുടെ (ജെസിപി) ഈ നിലപാടാണ് വെസ്റ്റ് ബാങ്കിൽ പ്രവർത്തിക്കുന്ന കമ്യൂണിസ്റ്റ് അണ്ടർഗ്രൗണ്ട് (രഹസ്യ) സംഘടനയെ സംരക്ഷിച്ച് നിർത്തിയത‍്; അതേസമയം 1967 നും 1971നും ഇടയ്ക്ക് വെസ്റ്റ് ബാങ്കിലെ മിക്കവാറുമെല്ലാം ഫദയീൻ സംഘടനകളും തകർക്കപ്പെട്ടു. എന്നാൽ ജോർദാൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ (ജെസിപി) ഈ നിലപാട്, ലെബനണിലും സിറിയയിലും മറ്റു വിവിധ രാജ്യങ്ങളിലും കഴിയുന്ന പലസ്തീൻകാർക്കിടയിൽ അവരുടെ സ്വാധീനം തീരെ ദുർബലമാവുന്നതിന് കാരണമായി. ജെസിപിയും പലസ്തീൻ വിമോചനസംഘടനയും (പിഎൽഒ) തമ്മിലുള്ള സുഹൃദ്ബന്ധം പുനരാരംഭിക്കുന്നത് 1973നുശേഷമാണ്. 1973ന്റെ പ്രതേ-്യകത യോം കിപ്പൂർ യുദ്ധം എന്നറിയപ്പെടുന്ന നാലാം അറബ്–ഇസ്രയേൽ യുദ്ധം നടന്നതാണ്. ആ യുദ്ധത്തിന്റെ പ്രത്യേകതയാകട്ടെ, 1967ൽ ഒറ്റക്കെട്ടായിനിന്ന അറബ് രാഷ്ട്രങ്ങളുടെ ഐക്യത്തിൽ വിള്ളലുണ്ടായി എന്നതാണ്. ഇൗജിപ‍്തും സിറിയയും സജീവമായി മുന്നിൽനിന്നു നടത്തിയ ആ യുദ്ധത്തിൽ ജോർദാൻ പിൻവലിഞ്ഞു നിൽക്കുകയാണുണ്ടായത്. ഈ പശ്ചാത്തലത്തിലാണ് ജെസിപിയും പിഎൽഒയും തമ്മിൽ കൂടുതൽ അടുക്കുന്നത്.
പലസ്തീൻ പ്രശ്നത്തിന് രാഷ്ട്രീയ പരിഹാരം കണ്ടെത്താനുള്ള വഴി അനേ-്വഷിക്കുകയായിരുന്നു പിഎൽഒ; ജെസിപിയാകട്ടെ ഒരു സ്വതന്ത്ര പലസ്തീൻ രാഷ്ട്രം എന്ന ആശയത്തിന് പിന്തുണയാർജിക്കാനുള്ള ശ്രമത്തിലുമായിരുന്നു. (ഇസ്രയേൽ രാഷ്ട്രം 1948ൽ വന്നപ്പോൾ, മറുവശത്ത് പലസ്തീൻ രാഷ്ട്രം നിലവിൽവന്നില്ല. പലസ്തീൻ ഭൂപ്രദേശം (പഴയ ബ്രിട്ടീഷ് മാൻഡേറ്റ് പ്രദേശത്തിൽ ഇസ്രയേൽ രാഷ്ട്രം സ്ഥാപിക്കപ്പെട്ട പ്രദേശം ഒഴികെയുള്ള ഭൂവിഭാഗങ്ങൾ) ഇൗജിപ്തിന്റെയും ജോർദാന്റെയും സിറിയയുടെയും കെെവശത്തിലായിരുന്നു. ഇസ്രയേൽ രാഷ്ട്രം യാഥാർഥ്യമായിക്കഴിഞ്ഞ സ്ഥിതിക്ക് അതിനൊപ്പം യുഎൻ പ്രമേയത്തിൽ വ്യക്തമാക്കപ്പെട്ടതുപോലെ കിഴക്കൻ ജെറുസലേം ആസ്ഥാനമായി ഒരു സ്വതന്ത്ര പലസ്തീൻ രാഷ്ട്രം സ്ഥാപിക്കുകയെന്നതായിരുന്നു ജോർദാനിയൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ നിലപാട്. പലസ്തീൻ പ്രശ്നത്തിന് രാഷ്ട്രീയ പരിഹാരം തേടുന്ന പിഎൽഒയും ഫലത്തിൽ അവിടേയ്ക്കാണ് എത്തുന്നത്. അതാണ് പിഎൽഒ – ജെസിപി സൗഹൃദത്തിനു വഴിയൊരുക്കിയ ഘടകം.
1973ൽ വെസ്റ്റ് ബാങ്കിലും ഗാസയിലുമായി സംഘടിപ്പിക്കപ്പെട്ട പലസ്തീൻ ദേശീയ മുന്നണിയിലൂടെ പ്രവർത്തനങ്ങൾ നീക്കുന്ന ജെസിപി 1974ൽ ചേർന്ന പന്ത്രണ്ടാമത് പലസ്തീൻ നാഷണൽ കൗൺസിൽ (പിഎൻസി) യോഗത്തിൽ പലസ്തീനിലെ വിമോചിത മേഖലയിൽ എവിടെയെങ്കിലും ആസ്ഥാനമുറപ്പിച്ച് ഒരു ദേശീയ പലസ്തീൻ അതോറിറ്റി സ്ഥാപിക്കണമെന്ന പ്രമേയത്തിനായി ശക്തമായി വാദിക്കുകയും അതിനായി സമ്മർദം ചെലുത്തുകയും ചെയ്തു. 1977ൽ ചേർന്ന 13–ാമത് പിഎൻസിയിൽ ഒരു സ്വതന്ത്ര പലസ്തീൻ രാഷ്ട്രം സ്ഥാപിക്കണമെന്ന പ്രമേയത്തിനായും സമ്മർദം ചെലുത്തി.
പലസ്തീൻ ജനതയുടെയാകെ പ്രതിനിധി പിഎൽഒ ആണെന്ന അഭിപ്രായത്തിൽ ഉറച്ചുനിൽക്കവെ തന്നെ ജെസിപി 1976 ഫെബ്രുവരിയിൽ പിഎൽഒയോട് ആവശ്യപ്പെട്ടത് ചരിത്രത്തിൽ പറയുന്ന പലസ്തീൻ ഭൂപ്രദേശമാകെ വരുന്ന ഒരൊറ്റ രാഷ്ട്രം (പലസ്തീൻ മാത്രം) സ്ഥാപിക്കണമെന്ന വാദം പിൻവലിക്കണമെന്നാണ്. പലസ്തീനിൽ ആഭ്യന്തരരംഗത്ത് ഇത്തരം ആശയവിനിമയങ്ങളും അതിന്റെ അടിസ്ഥാനത്തിലുള്ള വീണ്ടു വിചാരങ്ങളും ശക്തിപ്പെട്ടുകൊണ്ടിരിക്കുന്നതിനൊപ്പം സോവിയറ്റ് യൂണിയനും പിഎൽഒ നേതാവ് യാസർ അറഫത്തും തമ്മിലുള്ള സൗഹൃദവും ശക്തമായി; ഇതും പലസ്തീൻ കമ്യൂണിസ്റ്റുകാരെ സംബന്ധിച്ചിടത്തോളം അനുകൂലവും വ്യത്യസ്തവുമായ സാഹചര്യം സംജാതമാക്കി. കമ്യൂണിസ്റ്റുകാരും പിഎൽഒയിലെ വിവിധ ഘടക സംഘടനകളും തമ്മിലുള്ള സമരമുന്നണിയിലെ ഐക്യത്തിന്റെ പ്രതിഫലനമായിരുന്നു പലസ്തീൻ നാഷണൽ ഫ്രണ്ടിന്റെ രൂപീകരണം. 1976 ഏപ്രിൽ മാസത്തിൽ നടന്ന വെസ്റ്റ് ബാങ്ക് മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ പിഎൽഒ അനുകൂലികളായ സ്ഥാനാർഥികളുടെ വിജയത്തോടെ ഈ ഐക്യം കൂടുതൽ ദൃഢമായി.
അതേസമയം, ലബനണിന്റെ തലസ്ഥാനമായ ബെയ്റൂട്ടിലുള്ള അഭയാർഥി ക്യാമ്പുകളിൽ പ്രവർത്തിച്ചിരുന്ന ഫത്ത (Fatah) പ്രവർത്തകർക്കിടയിൽ ഈ പുതിയ മാറ്റങ്ങളോട് നീരസവും അസ്വസ്ഥതയും വർധിച്ചു വരികയായിരുന്നു; പ്രസ്ഥാനത്തിന്റെ നിയന്ത്രണം – പ്രത്യയശാസ്ത്രപരവും സംഘടനാപരവുമായ നിയന്ത്രണം – വെസ്റ്റ് ബാങ്കിലും ഗാസയിലുമുള്ളവരിലേക്ക് വരുന്ന പ്രവണത വർധിച്ചുവരുന്നതായിരുന്നു ഈ അസ്വസ്ഥതയുടെ കാരണം. 1978ലെ കേമ്പ‍് ഡേവിഡ് കരാറിനും തുടർന്നു ഇൗജിപ്ത് പ്രസിഡന്റ് അൻവർ സാദത്തും ഇസ്രയേൽ പ്രധാനമന്ത്രി മെനാച്ചെം ബെഗിനും തമ്മിൽ നടത്തിയ കൂടിയാലോചനയ്ക്കും അതേത്തുടർന്ന് എത്തിച്ചേർന്ന ധാരണയ്ക്കുംശേഷം ഫദയിൻ സംഘടനകൾക്കിടയിൽ അഭിപ്രായഭിന്നത വർധിച്ചുവന്നു. വെസ്റ്റ് ബാങ്കിലും ഗാസയിലും – അതായത് ഇസ്രയേലി അധിനിവേശ മേഖലയിൽ കഴിഞ്ഞിരുന്നവരിൽനിന്നും വ്യത്യസ്തമായ മനോഭാവമായിരുന്നു, വ്യത്യസ്ത നിലപാടായിരുന്നു ബെയ്റൂട്ടിലും മറ്റു വിദേശങ്ങളിലും പ്രവർത്തിച്ചിരുന്ന -ഫത്ത ഉൾപ്പെടെയുള്ള ഫദയീൻ സംഘടനകൾക്ക്.
പലസ്തീന് ഉള്ളിലുള്ള രാഷ്ട്രീയ സംസ്കാരവും കാലാവസ്ഥയുമായിരുന്നില്ല പുറത്ത് നിലവിലുണ്ടായിരുന്നത്. എന്നാൽ പൊതുവെ പലസ്തീന് പുറത്തുള്ളവരും അകത്തുള്ളവരും എന്ന ഭേദമില്ലാതെ തന്നെ എല്ലാവരും ഒരേപോലെ അംഗീകരിച്ചിരുന്ന വസ്തുത, ‘‘പലസ്തീൻ ജനതയുടെയാകെ ഒരേയൊരു പ്രതിനിധിയാണ് പിഎൽഒ’’ എന്നതാണ്. പിഎൽഒയുടെ നേതാവായി അംഗീകരിക്കപ്പെട്ടു കഴിഞ്ഞിരുന്ന യാസർ അറാ-ഫത്തിനെ എല്ലാ വിഭാഗങ്ങളും ഒരേപോലെ അംഗീകരിച്ചിരുന്നു.
അത് കമ്യൂണിസ്റ്റു പാർട്ടി അതിനിർണായക ശക്തിയൊന്നുമായിരുന്നില്ലെങ്കിലും 1974നുശേഷം ക്രമാനുഗതമായി വളർന്നുവരികയായിരുന്നു. 1978ൽ പാർട്ടി നിയമാനുസൃതം ‘അൽ താലിയ’ എന്ന ഒരു വാരിക പ്രസിദ്ധീകരിച്ചു തുടങ്ങി. ട്രേഡ് യൂണിയനുകൾ, സ്ത്രീ സംഘടന, യുവജനസംഘടന, വളന്റിയർ സേന എന്നിങ്ങനെ നിരവധി ബഹുജന പ്രസ്ഥാനങ്ങളും പാർട്ടിയുടെ നിയന്ത്രണത്തിൽ പ്രവർത്തിച്ചിരുന്നു. നേതൃത്വവും കാഡർമാരിൽ മഹാഭൂരിപക്ഷവും പലസ്തീൻ ഭൂപ്രദേശത്തു തന്നെയായിരുന്നു പ്രവർത്തിച്ചിരുന്നത്. ഇത് അവരുടെ കാര്യക്ഷമത വർധിക്കുന്നതിനിടയാക്കി. ഈ സംഭവവികാസം ഫത്ത നേതൃത്വത്തിന് ഉൾക്കൊള്ളാൻ കഴിയുന്നതായിരുന്നില്ല. വർധിച്ചുവരുന്ന കമ്യൂണിസ്റ്റു സ്വാധീനം കുറയ്ക്കാനോ ഇല്ലാതാക്കാനോ ഉള്ള നയം ഫത്ത നേതൃത്വം കെെക്കൊള്ളാൻ തുടങ്ങി.
1978ൽ യാസർ അറഫത്തും ജോർദാനിലെ ഹുസെെൻ രാജാവും തമ്മിൽ അനുരഞ്ജനത്തിലായതിനെ തുടർന്ന് വെസ്റ്റ് ബാങ്കിൽ ഫത്ത കൂടുതൽ കേന്ദ്രീകരിക്കാനാരംഭിച്ചു. പിഎൽഒ എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് 1979 ഒക്ടോബറിൽ നൽകിയ നിവേദനത്തിൽ പലസ്തീൻ നാഷണൽ ഫ്രണ്ട് (പിഎൻഎഫ്) പുതിയ സംഭവ വികാസങ്ങളോടും നീക്കങ്ങളോടുമുള്ള വിയോജിപ്പ് രേഖപ്പെടുത്തി. ഇതേത്തുടർന്ന് പലസ്തീന് പുറത്ത് പ്രവർത്തിച്ചിരുന്ന നേതൃത്വം പിഎൻഎഫിന്റെ പ്രവർത്തനങ്ങളുമായി സഹകരിക്കാതാവുകയും അത് പിഎൻഎഫിന്റെ തകർച്ചയ്ക്ക് വഴിതെളിക്കുകയും ചെയ്തു.
ട്രേഡ് യൂണിയനുമായി ബന്ധപ്പെട്ട വിഷയവും ഫത്തയും കമ്യൂണിസ്റ്റുകാരും തമ്മിലുള്ള ബന്ധം വഷളാകുന്നതിന് ഇടയാക്കി. 1980ൽ ‘ജനറൽ ഫെഡറേഷൻ ഓഫ് ലേബർ യൂണിയൻസ്’വെസ്റ്റ് ബാങ്കിലെ 35,000 തൊഴിലാളികളുടെ പ്രാതിനിധ്യമുള്ള സംഘടനയായിരുന്നു. ഈ സംഘടനയിലെ നിർണായക ശക്തിയായിരുന്നതും പ്രധാന നേതൃസ്ഥാനങ്ങൾ വഹിച്ചിരുന്നതും കമ്യൂണിസ്റ്റുകാരായിരുന്നു. -ഫത്തയുമായി ബന്ധമുണ്ടായിരുന്ന യൂണിയനുകൾ 1981 ആഗസ്തിൽ ഈ ഫെഡറേഷനിൽനിന്ന് ഭിന്നിച്ച് പ്രത്യേക സംഘടനയായി. തുടർന്ന് പിഎൽഒ ഘടകങ്ങൾ ഓരോന്നും സ്വന്തമായ ട്രേഡ് യൂണിയനുകൾക്ക് രൂപം നൽകാൻ തുടങ്ങി. ഇത് തൊഴിലാളി പ്രസ്ഥാനത്തെ തന്നെ ഗണ്യമായ വിധം ദുർബലമാക്കി.
1948ലെ വിഭജനാനന്തരം 1973നുശേഷമാണ് പലസ്തീൻ കമ്യൂണിസ്റ്റു പാർട്ടിയുടെ പുനഃരേകീകരണ പ്രക്രിയ ആരംഭിച്ചത്. അറബ് രാഷ്ട്രങ്ങളും അന്താരാഷ്ട്ര സമൂഹവും ഒരു രാഷ്ട്രമെന്ന നിലയിൽ പലസ്തീനെ അംഗീകരിക്കാൻ തുടങ്ങിയതോടെയാണ് ഈ പ്രക്രിയ ആരംഭിച്ചത്. ഇതിന്റെ ഭാഗമായി ജെസിപിക്കുള്ളിൽ വലിയ ആശയസമരം തന്നെ നടന്നിരുന്നു. 1975ൽ ജെസിപി വെസ്റ്റ് ബാങ്കിൽ പലസ്തീൻ കമ്യൂണിസ്റ്റ് ഓർഗനെെസേഷന് രൂപം നൽകിയതോടെയാണ് പുനഃരേകീകരണ പ്രക്രിയ ശക്തിയാർജിച്ചു തുടങ്ങിയത്. ഇതോടെ വെസ്റ്റ് ബാങ്കിലെ കമ്യൂണിസ്റ്റുകാർക്ക് സ്വന്തം നിലയിൽ കാര്യങ്ങൾ തീരുമാനിക്കാനും നടപ്പാക്കാനും കഴിയുന്ന സ്ഥിതിയായി. എന്നാൽ പാർട്ടി നേതൃത്വം അപ്പോഴും അമ്മാനിൽ (ജോർദാൻ തലസ്ഥാനം) തന്നെയായിരുന്നു. 1980ൽ ലബനണിൽ കഴിഞ്ഞിരുന്ന ജെസിപി അംഗങ്ങളെ ഉൾപ്പെടുത്തി അവിടെയും ഒരു പലസ്തീൻ കമ്യൂണിസ്റ്റ് സംഘടനയ്ക്ക് ജെസിപി രൂപം നൽകി. ജെസിപി നേതൃത്വത്തിലെ ഒരു വിഭാഗത്തിന്റെ വിയോജിപ്പു മൂലമാണ് ഏകീകൃതമായ പലസ്തീൻ കമ്യൂണിസ്റ്റു പാർട്ടിയുടെ രൂപീകരണം ഇങ്ങനെ ഇഴഞ്ഞു നീങ്ങിയത്. എങ്കിലും 1980ൽ വെസ്റ്റ് ബാങ്കിലെ പലസ്തീൻ കമ്യൂണിസ്റ്റ് ഓർഗനെെസേഷൻ ഗാസയിലേക്കുകൂടി പ്രവർത്തനം വ്യാപിപ്പിച്ചത് ഏകീകരണ പ്രക്രിയയുടെ വേഗത വർധിപ്പിച്ചു.
1980 അവസാനം ജെസിപി കേന്ദ്ര കമ്മിറ്റിയിൽ ഏകീകൃതവും സ്വതന്ത്രവുമായ പലസ്തീൻ കമ്യൂണിസ്റ്റു പാർട്ടി രൂപീകരണം സംബന്ധിച്ച സജീവ ചർച്ച നടന്നു. ഇതിനോട് എതിർപ്പ് പ്രകടിപ്പിച്ചിരുന്നവർ സമ്മതം മൂളാൻ തയ്യാറായത് കേന്ദ്ര കമ്മിറ്റിയും പൊളിറ്റ് ബ്യൂറോയും വെവ്വേറെ വേണ്ടെന്ന വ്യവസ്ഥയോടെയായിരുന്നു. എന്നാൽ വെസ്റ്റ് ബാങ്ക് പലസ്തീൻ കമ്യൂണിസ്റ്റ് ഓർഗനെെസേഷൻ ഈ വ്യവസ്ഥ അംഗീകരിക്കാൻ തയ്യാറായില്ല. പാർട്ടി അംഗങ്ങളിൽ മഹാഭൂരിപക്ഷവും ഇതിനോട് യോജിപ്പുള്ളവരാണെന്ന് അറിയാമായിരുന്ന വെസ്റ്റ് ബാങ്കിലെ പലസ്തീൻ കമ്യൂണിസ്റ്റ് സംഘടന പ്രത്യേകം കോൺഗ്രസ് വിളിച്ചു ചേർക്കാൻ തീരുമാനിച്ചു. ഒടുവിൽ 1981 ഡിസംബറിൽ ജെസിപി നേതൃത്വം തന്നെ ഒരു സ്വതന്ത്ര പലസ്തീൻ കമ്യൂണിസ്റ്റ് പാർട്ടിക്ക് രൂപം നൽകാൻ സന്നദ്ധമായി. അങ്ങനെ 1982 ഫെബ്രുവരിയിൽ പുതിയ പലസ്തീൻ കമ്യൂണിസ്റ്റു പാർട്ടി വെസ്റ്റ് ബാങ്കിൽ സ്ഥാപിക്കപ്പെട്ടു. 1983 തുടക്കത്തിൽ ഗാസയിലെ കമ്യൂണിസ്റ്റ് ഘടകത്തെക്കൂടി പലസ്തീൻ കമ്യൂണിസ്റ്റു പാർട്ടിയിൽ ഉൾപ്പെടുത്തി.
1982ൽ ലബനണെ ഇസ്രയേൽ ആക്രമിച്ചതിനെത്തുടർന്ന് പ്രവർത്തനകേന്ദ്രം ബെയ്റൂട്ടിൽനിന്ന് വെസ്റ്റ് ബാങ്കിലേക്ക് മാറ്റാൻ പിഎൽഒ നിർബന്ധിതമായി. 1983 ഫെബ്രുവരിയിൽ അൾജിയേഴ്സിൽ ചേർന്ന പലസ്തീൻ നാഷണൽ കൗൺസിൽ യോഗത്തിനുമുന്നിൽ നിലവിലുള്ള സാഹചര്യങ്ങളെ വിശകലനം ചെയ്തുകൊണ്ട് പലസ്തീൻ കമ്യൂണിസ്റ്റു പാർട്ടി ഒരു പ്രമേയം കൊണ്ടുവന്നു. അതിൽ ഇങ്ങനെ പറയുന്നു: ‘‘ബെയ്റൂട്ടിൽനിന്നുള്ള ചെറുത്തുനിൽപ്പ് അവസാനിപ്പിച്ചതിനുശേഷം പലസ്തീൻ ദേശീയ സമരത്തിന്റെ കേന്ദ്ര ബിന്ദു ഇസ്രയേൽ അധിനിവേശ മേഖലയിലേക്ക് മാറിയിരിക്കുകയാണ്. വെസ്റ്റ് ബാങ്കും ഗാസയുമാണ് ഇപ്പോൾ പ്രധാന പോരാട്ടഭൂമി; ആ നിലയിൽ ഇപ്പോഴത്തെ പോരാട്ടത്തിലും ഭാവിയിൽ തീരുമാനങ്ങളെടുക്കുന്നതിലും സവിശേഷമായ ഒരു ഇടം ഈ മേഖലയ്ക്കുണ്ട്’’. പലസ്തീൻ നാഷണൽ ഫ്രണ്ടിനെ പുനരുജ്ജീവിപ്പിക്കണമെന്ന നിർദ്ദേശവും കമ്യൂണിസ്റ്റു പാർട്ടി മുന്നോട്ടുവച്ചു. ഇതായിരിക്കണം പലസ്തീൻ ദേശീയ സമരത്തെയാകെ നയിക്കേണ്ട ഒരേയൊരു വേദിയെന്നും പാർട്ടി അഭിപ്രായപ്പെട്ടു. ഈ ഇടപെടലുകളും പ്രവർത്തനവും വെസ്റ്റ‍് ബാങ്കിലും ഗാസയിലും പാർട്ടിയുടെ നില മെച്ചപ്പെടുത്തി. പലസ്തീനിലെ മറ്റേതൊരു സംഘടനയെക്കാളും താഴെത്തട്ടിൽ പ്രത്യേകിച്ച് ഗ്രാമീണ മേഖലയിൽ അടിത്തറയും ആളുകളെ അണിനിരത്താനുള്ള ശേഷിയും പലസ്തീൻ കമ്യൂണിസ്റ്റ് പാർട്ടിക്ക് കെെവരിക്കാൻ കഴിഞ്ഞു.
സോവിയറ്റ് യൂണിയന്റെ തകർച്ചയെത്തുടർന്ന് 1991ൽ പലസ്തീൻ പീപ്പിൾസ് പാർട്ടിയെന്ന് പാർട്ടിയുടെ പേര് മാറ്റുകയുണ്ടായി. എന്നാൽ അപ്പോഴും പാർട്ടിയുടെ രാഷ്ട്രീയ ദർശനമായി മാർക്സിസം – ലെനിനിസത്തെ ഉയർത്തിപ്പിടിച്ചു. പലസ്തീനിലെ ജനങ്ങൾ ഇപ്പോഴും ദേശീയ വിമോചനത്തിനായുള്ള പോരാട്ടത്തിലാണ് ഏർപ്പെട്ടിരിക്കുന്നതെന്നും അതിന് എല്ലാ വർഗങ്ങളുടെയും കൂട്ടായ പരിശ്രമം ആവശ്യമാണെന്നുമുള്ള നിഗമനമാണ് പലസ്തീൻ പീപ്പിൾസ് പാർട്ടി മുന്നോട്ടുവെച്ചത്. കമ്യൂണിസമെന്നാൽ ദെെവ നിഷേധവും മതവിരുദ്ധവുമാണെന്ന് മുദ്രകുത്തി മഹാഭൂരിപക്ഷം വരുന്ന സാധാരണക്കാരായ മുസ്ലീം മതവിശ്വാസികളെ പാർട്ടിയിൽനിന്ന് അകറ്റുന്ന പ്രചരണത്തെ നേരിടുന്നതിനു കൂടി വേണ്ടിയാണ് ഇത്തരമൊരു പേരുമാറ്റത്തിനു പാർട്ടി തീരുമാനിച്ചത്. മതതീവ്രവാദ ആശയവും സംഘടനകളും ശക്തിപ്പെട്ടുകൊണ്ടിരുന്ന കാലം കൂടിയായിരുന്നു അത്.
പലസ്തീനിൽ സമാധാനം സ്ഥാപിക്കാനും സ്വതന്ത്ര പലസ്തീൻ രാഷ്ട്രം യാഥാർഥ്യമാക്കാനുമുള്ള പ്രവർത്തനത്തിൽ ഓസ്ലോ കരാറിനു പ്രാധാന്യമുണ്ട് എന്നു പാർട്ടി കരുതുകയും അതനുസരിച്ച് നിലപാടെടുക്കുകയും ചെയ്തു. 2002ൽ അതേവരെ പാർട്ടി ജനറൽ സെക്രട്ടറിയായിരുന്ന മുസ്തഫ ബർഗൗതി പാർട്ടിയിൽനിന്ന് പുറത്തുപോവുകയും പലസ്തീൻ നാഷണൽ ഇനിഷേ-്യറ്റീവ് രൂപീകരിക്കുകയും ചെയ്തു.
2005 ജനുവരിയിൽ നടന്ന പലസ്തീൻ അതോറിറ്റിയുടെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ പീപ്പിൾസ് പാർട്ടി സ്ഥാനാർഥി ബസ്സാം അൽ–സൽഹിക്ക് 2.67% വോട്ട് ലഭിച്ചു. 2006ൽ നടന്ന പലസ്തീൻ പാർലമെന്റ് തിരഞ്ഞെടുപ്പിൽ പാർട്ടി ഒരു ഇടതുപക്ഷ മുന്നണി രൂപീകരിച്ചാണ് മത്സരിച്ചത്. ഡമോക്രാറ്റിക് ഫ്രണ്ട് ഫോർ ലിബറേഷൻ ഓഫ് പലസ്തീൻ, പലസ്തീൻ ഡെമോക്രാറ്റിക് യൂണിയൻ എന്നിവയ്ക്കൊപ്പം ചില സ്വതന്ത്രരെയും ഉൾപ്പെടുത്തി രൂപീകരിച്ച മുന്നണിക്ക് 2.8% വോട്ടും 132 അംഗസഭയിൽ രണ്ട് സീറ്റും ലഭിച്ചു. 2017 മെയ് മാസത്തിൽ നടന്ന തദ്ദേശഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിലും പാർട്ടി ഇടതുപക്ഷമുന്നണിക്ക് (ഡമോക്രാറ്റിക് അലയൻസ് ലിസ്റ്റ്) രൂപം നൽകിയാണ് മത്സരിച്ചത്. 3253 ഇടങ്ങളിൽ മത്സരിച്ച സഖ്യത്തിന് 5 ഇടങ്ങളിൽ വിജയിക്കാനായി. 2021ൽ നടന്ന തിരഞ്ഞെടുപ്പിൽ എല്ലാ ഇടതുപക്ഷ പുരോഗമന ശക്തികളെയും ഒന്നിച്ചണിനിരത്താൻ പാർട്ടി ശ്രമിച്ചെങ്കിലും ചില വിഭാഗങ്ങളുടെ നിഷേധാത്മക നിലപാടുമൂലം അത് പൂർണമായും വിജയിച്ചില്ല. എങ്കിലും സഹകരിക്കാൻ തയ്യാറായ ഗ്രൂപ്പുകളുമായി ചേർന്ന് പാർട്ടി പൊളിറ്റ് ബ്യൂറോ അംഗം ഫദ്-വാ ഖോഡറുടെ നേതൃത്വത്തിൽ ‘‘യുണെെറ്റഡ് ലഫ്ട്’ മുന്നണിയായി മത്സരിച്ചെങ്കിലും സീറ്റൊന്നും ലഭിച്ചില്ല. മതതീവ്രവാദ രാഷ്ട്രീയത്തിന്റെയും നവലിബറൽ നയങ്ങളുടെയും കടുത്ത ആക്രമണങ്ങളെ നേരിട്ടുകൊണ്ടാണ് പലസ്തീൻ പീപ്പിൾസ് പാർട്ടി മുന്നോട്ടുപോകുന്നത്. ♦