സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗമായിരിക്കെ അന്തരിച്ച യു കുഞ്ഞിരാമൻ കോഴിക്കോട് ജില്ലയിലെ സമുന്നതനായ നേതാവും സംഘാടകനുമായിരുന്നു. പാർട്ടി കോഴിക്കോട് ജില്ലാ സെക്രട്ടറി, കർഷകസംഘം സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി തുടങ്ങിയ നിലകളിൽ സംഘടനാരംഗത്ത് സാമർഥ്യം പ്രകടിപ്പിച്ച അദ്ദേഹം അതുല്യനായ സംഘാടകനായിരുന്നു. കോഴിക്കോട് ജില്ലയിൽ ഏറ്റവും കൂടുതൽ കാലം ഒളിവുജീവിതം നയിച്ച നേതാവും യു ആയിരുന്നു‐ പതിനൊന്നു വർഷക്കാലം.
കോൺഗ്രസ് ഗുണ്ടകളുടെയും പൊലീസിന്റെും ക്രൂരമായ മർദനങ്ങൾക്കിരയായ അദ്ദേഹത്തെ രോഗം കൂടെക്കൂടെ വേട്ടയാടി. സംഘടനാ പ്രവർത്തനരംഗത്തും തിരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തിലും അതിവിദഗ്‌ധമായ മികവു പുലർത്തിയ അദ്ദേഹം പാർലമെന്റി രാഷ്‌ട്രീയത്തോട് തീരെ താൽപര്യം കാട്ടിയില്ല.
വടകരയിലെ പുഴങ്കാവിൽ പാവപ്പെട്ട തൊഴിലാളി കുടുംബത്തിലാണ് യുവിന്റെ ജനനം. പിതാവ് ഒണക്കൻ, മാതാവ് മന്ദി. നാലാംക്ലാസ് വിദ്യാഭ്യാസത്തോടെ വിദ്യാഭ്യാസം ഉപേക്ഷിക്കാൻ നിർബന്ധിതനായ അദ്ദേഹം പതിമൂന്നാം വയസ്സിൽ ചുരുട്ടുതൊഴിലാളിയായി; തുടർന്ന് ബീഡിതെറുപ്പ് തൊഴിലാളിയും. താമസിയാതെ വടകര ബീഡി ആൻഡ് സിഗാർ വർക്കേഴ്‌സ് യൂണിയനിൽ അംഗമായി. കോൺഗ്രസിന്റെയും പിന്നീട് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മലബാറിലെ തന്നെ സമുന്നത നേതാവുമായിരുന്ന കേളു എട്ടനായിരുന്നു അന്ന് യൂണിയന്റെ പ്രസിഡന്റ്. സെക്രട്ടറി പി പി ശങ്കരനും.
നാട്ടുകാരനായ കേളു എട്ടനുമായുള്ള അടുപ്പമാണ് യു കുഞ്ഞിരാമനെ ബീഡി ആൻഡ് സിഗാർ വർക്കേഴ്‌സ് യൂണിയന്റെ അംഗവും സജീവ പ്രവർത്തകനുമാക്കി മാറ്റിയത്. കേളു എട്ടന്റെ ശിക്ഷണത്തിനൊപ്പം സി എച്ച് കണാരന്റെയും മൊയ്യാരത്തു ശങ്കരന്റെയും രാഷ്‌ട്രീയ ക്ലാസുകളും യുവിനെ ഉറച്ച കമ്യൂണിസ്റ്റുകാരനാക്കി. പി കൃഷ്‌ണപിള്ളയുമായുള്ള പരിചയവും അടുപ്പവും കൂടിയായതോടെ ട്രേഡ് യൂണിയന്റെയും പാർട്ടിയുടെയും മുഴുവൻസമയ പ്രവർത്തകനായി അദ്ദേഹം വളരെവേഗം മാറി.
പിണറായി പാറപ്രം സമ്മേളനത്തിൽ പങ്കെടുത്ത യു കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി എന്നുമാത്രമല്ല സജീവ പ്രവർത്തകനായി മാറി. ജന്മിമാരുടെ അടിച്ചമർത്തലിനും ഗുണ്ടായിസത്തിനുമെതിരെ ശക്തിയായ ചെറുത്തുനിൽപ്പ് സംഘടിപ്പിച്ച അദ്ദേഹം കോൺഗ്രസ് ഗുണ്ടകളുടെയും പൊലീസിന്റെയും നോട്ടപ്പുള്ളിയായി.
1940 സെപ്‌തംബർ 15ന് കമ്യൂണിസ്റ്റ് പാർട്ടി സംഘടിപ്പിച്ച മർദന പ്രതിഷേധത്തിൽ യു മുൻനിരയിലുണ്ടായിരുന്നു. പഴയ കുറുമ്പ്രനാട് താലൂക്കിന്റെ പല ഭാഗങ്ങളിലും തൊഴിലാളികളെയും കർഷകരെയും അണിനിരത്തുന്നതിൽ അദ്ദേഹം അഭിനന്ദനാർഹമായ പങ്കുവഹിച്ചു. യുവിലെ സംഘാടകന്റെ മികവ് തെളിയിക്കപ്പെട്ട സമയമായിരുന്നു അത്. അതിക്രൂരമായ മർദനങ്ങളാണ് അതിന്റെ പേരിൽ അദ്ദേഹത്തിന് സഹിക്കേണ്ടിവന്നത്.
വടകര താലൂക്കിൽ ബീഡി‐സിഗാർ തൊഴിലാളികൾ പലതവണകളായി നടത്തിയ പണിമുടക്കുകൾക്ക് യു കുഞ്ഞിരാമൻ സമർത്ഥമായ നേതൃത്വമാണ് നൽകിയത്. പണിമുടക്കുന്ന തൊളിലാളികളിൽ ആത്മവിശ്വാസവും അവകാശബോധവും ഊട്ടിയുറപ്പിക്കാൻ അദ്ദേഹം അവിശ്രമം പ്രവർത്തിച്ചു.
രണ്ടാം ലോകയുദ്ധത്തെത്തുടർന്ന് ഇന്ത്യയിൽ ഭക്ഷ്യക്ഷാമം രൂക്ഷമായി. പട്ടിണിക്കൊപ്പം മാരകരോഗങ്ങളായ കോളറയും വസൂരിയും നാട്ടിലാകെ പടർന്നുപിടിച്ചു. രോഗബാധിതരെ പരിചരിക്കാൻ ഭയംമൂലം ബന്ധുക്കൾ തയ്യാറായില്ല. രോഗം ബാധിച്ചവരെ ഒറ്റയ്‌ക്ക് ഉപേക്ഷിച്ച് ബന്ധുക്കൾ തടിതപ്പി.
ഈ സമയത്ത് കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകർ ജീവൻ പണയംവെച്ച് രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. രോഗികളെ പരിചരികൽ, അവർക്ക് സമയാസമയങ്ങളിൽ മരുന്നും ഭക്ഷണവും എത്തിക്കൽ, നനഞ്ഞൊലിച്ച പുരകൾ കെട്ടിക്കൊടുക്കൽ, ആശുപത്രികളിലെത്തിക്കൽ ഇങ്ങനെ വിവിധങ്ങളായ ആശ്വാസപ്രവർത്തനങ്ങളിൽ പാർട്ടിപ്രവർത്തകർ വ്യാപൃതരായി.
അരിയും ഭക്ഷ്യവസ്‌തുക്കളും കിട്ടാതെ ജനങ്ങൾ പൊറുതിമുട്ടിയപ്പോഴും ഭക്ഷ്യവസ്‌തുക്കൾ പൂഴ്‌ത്തിവെച്ച് കരിഞ്ചന്തയിൽ വിൽക്കലായിരുന്നു ജന്മിമാരുടെ പണി. സ്വാതന്ത്ര്യം ലഭിച്ചതിനുശേഷവും അത് തുടർന്നു. അതിന് പൊലീസിന്റെയും ഗവൺമെന്റിന്റെയും എല്ലാ ഒത്താശകളും ഉണ്ടായിരുന്നു. പൂഴ്‌ത്തിവെപ്പിനും കരിഞ്ചന്തയ്‌ക്കുമെതിരെ കമ്യൂണിസ്റ്റ് പാർട്ടിയും കർഷകസംഘവും അതിശക്തമായ നിലപാടെടുത്തു.
ഇന്നത്തെ കൊയിലാണ്ടി, വടകര എന്നീ താലൂക്കുകൾ ഉൾപ്പെട്ടതായിരുന്നു അന്നത്തെ കുറുമ്പ്രനാട് താലൂക്ക്. കേളു എട്ടന്റെയും എം കുമാരൻ മാസ്റ്ററുടെയും ടി കെ കെ അബ്ദുള്ളയുടെയും പി പി ശങ്കരന്റെയും യു കുഞ്ഞിരാമന്റെയും മറ്റും നേതൃത്വത്തിൽ പല ഭാഗങ്ങളിലും സമരങ്ങൾ സംഘടിപ്പിച്ചു.
കൽക്കത്ത തീസിസിനെത്തുടർന്ന് 1948ൽ കമ്യൂണിസ്റ്റ് പാർട്ടി നിരോധിക്കപ്പെട്ടു. അതോടെ പൊലീസും ജന്മിമാരും ഗുണ്ടകളും കമ്യൂണിസ്റ്റ് വേട്ട ശക്തിപ്പെടുത്തി. പാർട്ടി പ്രവർത്തകരെയും അനുഭാവികളെയും വീടുകയറി ആക്രമിച്ചു. പാർട്ടി നേതാക്കളും പ്രവർത്തകരും ഒളിവിൽപോയി. യു കുഞ്ഞിരാമനും ഒളിവിൽപോയി. ഒളിവിലിരുന്നുകൊണ്ടുതന്നെ പാർട്ടി സഖാക്കളെ ബന്ധപ്പെടുന്നതിനും പ്രവർത്തനങ്ങൾക്ക് ഊർജം പകരുന്നതിനും അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. അതിനിടയിൽ കോൺഗ്രസ് ഗുണ്ടകളുടെ പിടിയിലകപ്പെട്ട യുവിനെ അവർ ക്രൂരമായി മർദിച്ച് പൊലീസിന് കൈമാറി. പൊലീസ് കണ്ണില്ലാത്ത ക്രൂരതയാണ് അദ്ദേഹത്തോട് കാട്ടിയത്.
തിരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തിലെ അതികായൻ
തിരഞ്ഞെടുപ്പുകളിൽ പ്രവർത്തകരെ അവരുടെ കഴിവിനനുസരിച്ച് ചുമതലകൾ ഏൽപ്പിക്കുന്നതിനും പ്രചാരണരംഗത്തെ വളരെ സൂക്ഷ്‌മമായ പോരായ്‌മകൾ പോലും തിരുത്തി കുറ്റമറ്റതാക്കുന്നതിനും യുവിന് അസാധാരണമായ ശേഷിയായിരുന്നുവെന്ന് അഡ്വ. ഇ കെ നാരായണൻ അനുസ്‌മരിക്കുന്നു. തിരഞ്ഞെടുപ്പ് സംബന്ധമായ കണക്കുകൂട്ടലുകൾ കൃത്യമായിരുന്നുവെന്ന് സഹപ്രവർത്തകർ പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
1952ൽ മദിരാശി നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ കെ കേളപ്പന്റെ നേതൃത്വത്തിലുള്ള കെഎംപിയും കമ്യൂണിസ്റ്റ് പാർട്ടിയും തമ്മിൽ പല മണ്ഡലങ്ങളിലും സഖ്യത്തിലായിരുന്നു. കെഎംപി സ്ഥാനാർഥിയായി ബാലുശ്ശേരി മണ്ഡലത്തിൽ മത്സരിച്ച കുഞ്ഞിരാമൻ കിടാവിന്റെ വിജയത്തിനായി അരയും തലയും മുറുക്കി രംഗത്തിറങ്ങിയവരിലൊരാളായിരുന്നു യു കുഞ്ഞിരാമൻ. എന്നു മാത്രമല്ല കുഞ്ഞിരാമൻ കിടാവിനെ സ്ഥാനാർഥിയാക്കുന്നതിലും യു നിർണായക പങ്കാണ് വഹിച്ചത്. തിരഞ്ഞെടുപ്പിൽ കുഞ്ഞിരാമൻ കിടാവ് തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹത്തിന് കർഷകസംഘത്തിന്റെ നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിൽ സ്വീകരണങ്ങൾ സംഘടിപ്പിക്കപ്പെട്ടു. സ്വീകരണയോഗത്തിൽ വെച്ച് കർഷകസംഘത്തിന്റെ യൂണിറ്റുകൾ രൂപീകരിക്കാൻ യു മുന്നിട്ടിറങ്ങി. ആ യൂണിറ്റുകളാണ് പിന്നീട് കമ്യൂണിസ്റ്റ് പാർട്ടി ഘടകങ്ങളായി മാറിയത്. പാർട്ടിക്ക് അടിത്തറയുണ്ടാക്കാൻ നിർണായകമായ സംഭാവനയാണ് ആ സ്വീകരണയോഗങ്ങൾ ചെയ്‌തത്.
അന്നുമുതൽ നിരവധി തിരഞ്ഞെടുപ്പുകളിൽ മുഖ്യ ചുമതലക്കാരനായി പ്രവർത്തിച്ച യുവിന്റെ സംഘടനാശേഷി എല്ലാവരാലും അംഗീകരിക്കപ്പെട്ടതാണ്. വടകര പാർലമെന്റ് മണ്ഡലത്തിൽ മൂന്നുതവണ തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ മുഖ്യ ചുമതലക്കാരൻ അദ്ദേഹമായിരുന്നു. വോട്ടർമാർക്ക് അഭ്യർഥനകളും കത്തുകളും കൃത്യസമയത്ത് നൽകുന്നതിൽ, ചുവരെഴുത്ത്, പോസ്റ്ററിംഗ് തുടങ്ങിയ പ്രചാരണത്തിന്റെ എല്ലാ മേഖലകളിലും യു പ്രത്യേകം ശ്രദ്ധചെലുത്തിയിരുന്നതായി ഐ വി ദാസ് എഴുതിയിട്ടുണ്ട്.
കൂത്താളി സമരം
ആദ്യംമുതലേ കർഷകസംഘത്തിന്റെ സജീവ പ്രവർത്തകനായിരുന്ന യു പല ഘട്ടങ്ങളായി നടന്ന കൂത്താളി സമരത്തിലെ കരുത്തുറ്റ പോരാളിയായിരുന്നു. കൂത്താളി സമരത്തിൽ കേളു എട്ടനൊപ്പം യു കുഞ്ഞിരാമനും സജീവമായി പങ്കെടുത്തിരുന്നു. ചങ്ങരോത്ത്, ചക്കിട്ടപ്പാറ, കൂരാച്ചുണ്ട് എന്നീ പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന 30,000 ഏക്കർ കുന്നുംപ്രദേശമാണ് കൂത്താളി. കൂത്താളി മൂപ്പിൽ നായരായിരുന്നു ഈ പ്രദേശത്തെ ജന്മി. 12,000 രൂപ ബ്രിട്ടീഷ് സർക്കാരിന് ഭൂനികുതി നൽകിക്കൊണ്ടായിരുന്നു ഈ പ്രദേശം കൈയടക്കിയത്. ബ്രിട്ടീഷുകാരിൽനിന്ന് 1,750 രൂപ മൂപ്പിൽ നായർക്ക് ലഭിക്കുകയും ചെയ്‌തിരുന്നു. മൂപ്പിൽ നായർ കൈയടക്കിവച്ചിരുന്ന ഭൂമിയിൽ 6,000 ഏക്കർ നിബിഡവനമായിരുന്നു. ബാക്കിഭാഗം അതായത് 24,000 ഏക്കർ കൃഷിക്ക് അനുയോജ്യമായിരുന്നു. ഈ ഭൂമി പുനംകൃഷിക്കായി പാട്ടത്തിനു നൽകിയിരുന്നു.
1936ൽ മരുമക്കത്തായ ക്രമമനുസരിച്ച് പിന്തുടർച്ചാവകാശിയില്ല എന്ന കാരണം പറഞ്ഞ് മദ്രാസ് ഗവൺമെന്റ് ഭൂമി ഏറ്റെടുത്തു. മുണ്ടകൻകൃഷിക്ക് നൽകിയിരുന്ന പാട്ടഭൂമി പോലും വനനിയമങ്ങൾ ചൂണ്ടിക്കാട്ടി ഗവൺമെന്റ് പുനംകൃഷിക്ക് നൽകാൻ തയ്യാറായില്ല. 1942ൽ ഈ മേഖല പൂർണമായും വനപ്രദേശമായി പ്രഖ്യാപിച്ച് കൃഷിപ്പണികൾ സർക്കാർ നിരോധിച്ചു.
ഇതോടെ അവിടെ കൃഷിചെയ്‌ത് ജീവിതം തള്ളിനീക്കിയ പാവപ്പെട്ട കർഷകരുടെ ഉപജീവനമാർഗം അടഞ്ഞു.
1941ൽ തന്നെ കൂത്താളിയിലെ പുനംകൃഷിക്കാരുടെ പ്രശ്‌നത്തെ മുൻനിർത്തി ഒരു യോഗം കൽപത്തൂരിൽ കർഷകസംഘം സംഘടിപ്പിച്ചു. കൂത്താളിയിലെ കർഷകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നത് സംബന്ധിച്ച് വ്യാപകമായ കൂടിയാലോചനകൾ ഈ യോഗത്തിൽ നടന്നു. കൂത്താളി എസ്‌റ്റേറ്റ് പുനംകൃഷിക്കായി കർഷകർക്ക് വിട്ടുനൽകണമെന്നാവശ്യപ്പെട്ട് മലബാറിലെ സബ് കലക്ടർക്ക് കർഷകർ കൂട്ടമായി ഒപ്പിട്ട് നിവേദനം നൽകി. എന്നാൽ അതിനോട് നിഷ്‌ഠുരമായ നിസ്സംഗതയാണ് ബ്രിട്ടീഷ് ഗവൺമെന്റ് വച്ചുപുലർത്തിയത്.
ജീവിതമാർഗം അടഞ്ഞ കർഷകർ സമരസന്നദ്ധരായി മുമ്പോട്ടുവന്നു. കൂത്താളി പ്രശ്‌നം ഉയർത്തിപ്പിടിച്ചുകൊണ്ട് സമരം ചെയ്യാൻ കർഷകസംഘം തീരുമാനിച്ചു. 1943 സെപ്‌തംബർ മുതൽ നടന്നുവരുന്ന ഭക്ഷ്യ ഉത്‌പാദനം വർധിപ്പിക്കുന്നതിനുള്ള പ്രക്ഷോഭവുമായി കൂത്താളി സമരത്തെ കണ്ണിചേർക്കാൻ കർഷകസംഘം തീരുമാനിച്ചു. അതോടെ കർഷകർ ചെറുസംഘങ്ങളായി കൂത്താളി എസ്‌റ്റേറ്റിൽ പ്രവേശിച്ചു. അവർ കാട് വെട്ടിത്തെളിച്ച് കൃഷിയാരംഭിച്ചു. ‘‘ചത്താലും ചെത്തും കൂത്താളി’’ എന്ന മുദ്രാവാക്യമുയർത്തി സംഘടിപ്പിക്കപ്പെട്ട ഈ സമരം വന്പിച്ച ജനപിന്തുണയാർജിച്ചു. ആ പ്രദേശമാകെ സമരത്തിന്റെ ആവേശം വ്യാപിച്ചു.
അതോടെ കർഷകരെ തടയാനും അവരെ കൃഷിചെയ്‌ത സ്ഥലത്തുനിന്ന് പുറത്താക്കാനും ശക്തമായ സന്നാഹങ്ങളോടെ പൊലീസ് എത്തി. നിരോധനാജ്ഞ പുറപ്പെടുവിച്ച സർക്കാർ സമരനേതാക്കളായ കേളു ഏട്ടൻ ഉൾപ്പെടെയുള്ള നേതാക്കളെയും കർഷകസംഘം പ്രവർത്തകരെയും അറസ്റ്റുചെയ്‌ത് ജയിലിലടച്ചു. സമരം മുന്നോട്ടുപോകുന്നത് സംഘത്തെ ദുർബലമാക്കുമെന്ന ബോധ്യത്തിൽ സമരം തൽക്കാലം കർഷകസംഘം പിൻവലിച്ചു. കൂടുതൽ സമരവീര്യത്തോടെ സമരംചെയ്യാനുള്ള പിന്മടക്കം മാത്രമായിരുന്നു അത്.
1946ലെ ആഗസ്‌ത് പ്രഖ്യാപനത്തോടെ തൊഴിലാളി‐കർഷക ഐക്യം ഊട്ടിയുറപ്പിച്ചുകൊണ്ടുള്ള പ്രക്ഷോഭത്തിലൂടെ ജന്മിത്തം അവസാനിപ്പിക്കുന്നതടക്കമുള്ള സാമൂഹ്യ മാറ്റങ്ങൾ സാധ്യമാക്കാൻ കഴിയുമെന്ന ബോധ്യത്തിലേക്ക് കർഷകസംഘം എത്തി. കുറുമ്പ്രനാട് താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന കർഷകസരങ്ങളുടെ മുൻനിരയിൽ കേളു ഏട്ടനൊപ്പം യുവും ഉണ്ടായിരുന്നു. 1943ലെ സമരത്തിന്റെ പരാജയം ഉൾക്കൊണ്ടുകൊണ്ടുള്ള സമരതന്ത്രങ്ങൾക്ക് രൂപം നൽകപ്പെട്ടു. 1947 ഫെബ്രുവരി 27ന് കർഷകർ കൃഷിചെയ്യാൻ സമരസജ്ജരായി കൂത്താളിയിൽ എത്തണമെന്ന് തിരുമാനിക്കപ്പെട്ടു.
ഈ സമരത്തെ ഏതുവിധേനയും പരാജയപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് എംഎസ്‌പിക്കാർ കമ്യൂണിസ്റ്റ് പാർട്ടിയുടെയും കർഷകസംഘത്തിന്റെയും പ്രവർത്തകരെ വ്യാപകമായി അറസ്റ്റ് ചെയ്‌തു. എന്നാൽ സമരഭടന്മാരെ ഭീഷണിപ്പെടുത്താമെന്ന ഗവൺമെന്റിന്റെ വ്യാമോഹം അസ്ഥാനത്തായി. കർഷകസംഘത്തിന്റെ നേതൃത്വത്തിൽ സമരഭടന്മാർ കൃഷിചെയ്യുകയും ചെങ്കൊടി ഉയർത്തുകയും ചെയ്‌തു. നിരവധി സമരഭടന്മാരെ പൊലീസ് അറസ്റ്റ് ചെയ്‌തു. എന്നിട്ടും സമരം മുന്നോട്ടുപോയി.
സ്വാതന്ത്ര്യം ലഭിച്ചതോടെ കൂത്താളി സമരത്തിന്റെ രണ്ടാംഘട്ടം പിൻവലിക്കപ്പെട്ടു.
സ്വാതന്ത്ര്യാനന്തരം അധികാരത്തിൽ വന്ന കോൺഗ്രസ് സർക്കാരും കർഷകവിരുദ്ധ സമീപനംതന്നെയാണ് സ്വീകരിച്ചത്. മദിരാശിയിൽ ടി പ്രകാശത്തിന്റെ നേതൃത്വത്തിലുണ്ടായിരുന്ന ഗവൺമെന്റ് 1550 ഏക്കർ ഭൂമി പുനംകൃഷിക്കായി കർഷകർക്ക് വിതരണം ചെയ്‌തെങ്കിലും ഭൂമിയുടെമേലുള്ള ഉടമസ്ഥാവകാശം കർഷകർക്ക് നൽകാൻ തയ്യാറായില്ല. ഇതിനെതിരെ പ്രതിഷേധ സമരവുമായി കർഷകസംഘം രംഗത്തുവന്നു. സമരങ്ങളെ അടിച്ചമർത്തുക എന്ന സമീപനമാണ് പുതിയ സർക്കാരും സ്വീകരിച്ചത്. 1950 മെയ് 19ന് കൂത്താളി സമരത്തിന്റെ മുൻനിരയിൽ പ്രവർത്തിച്ച കെ ചോയിയെ വെടിവെച്ചു കൊന്നു. ഇതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് നാട്ടിലെന്പാടും ഉണ്ടായത്.
1954ൽ ‘‘കൃഷിഭൂമി കർഷകന് വിതരണംചെയ്യുക’’ എന്ന മുദ്രാവാക്യമുയർത്തി കൂത്താളിയിൽ കർഷകസംഘത്തിന്റെ ആഭിമുഖ്യത്തിൽ വീണ്ടും സമരം ആരംഭിച്ചു. കൂത്താളി എസ്‌റ്റേറ്റിൽ പ്രവേശിച്ച് കൃഷിഭൂമിയിൽ ചെങ്കൊടി നാട്ടി കർഷകന്റെ അവകാശം സ്ഥാപിച്ചെടുക്കുക എന്നതായിരുന്നു സമരരീതി. കേളു ഏട്ടൻ, എ വി കുഞ്ഞന്പു, യു കുഞ്ഞിരാമൻ തുടങ്ങിയവരായിരുന്നു ആ സമരത്തിന് നേതൃത്വം നൽകിയത്.
താമസിയാതെ സത്യാഗ്രഹത്തിന്റെ കേന്ദ്രം കോഴിക്കോട്ടേക്ക് മാറ്റി. കൂത്താളി കർഷകപ്രശ്‌നങ്ങളെക്കുറിച്ച് ബഹുജനങ്ങളിൽ അവബോധമുണ്ടാക്കാനായിരുന്നു അങ്ങനെ ചെയ്‌തത്. പുതിയറയിൽ ക്യാന്പുചെയ്‌ത സമര വളണ്ടിയർമാർ ദിവസവും മാനാഞ്ചിറയിലെത്തി സത്യാഗ്രഹമിരുന്നു; സമരകാരണങ്ങളടങ്ങിയ ലഘുലേഖകൾ അവർ അവിടെ വിതരണംചെയ്‌തു. 66 ദിവസം ഈ സമരം നീണ്ടുനിന്നു. സമരത്തെത്തുടർന്ന് 1955 മേയിൽ മദിരാശി സർക്കാർ കർഷകസംഘം നേതാക്കളെ ചർച്ചയ്‌ക്ക് വിളിച്ചു. റവന്യൂ മന്ത്രിയുടെയും മലബാർ കലക്ടറുടെയും സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ 1200 ഏക്കർ ഭൂമി കർഷകർക്ക് വിതരണംചെയ്യാനും അതിന്റെ ഉടമസ്ഥാവകാശം അവർക്ക് കൈമാറാനും തീരുമാനമായി. അതോടൊപ്പം മുതുകാട് പ്രദേശത്തുനിന്ന് കുടിയിറക്കിയവർക്കും പുനംകൃഷിക്ക് തയ്യാറുള്ളവർക്കും ഭൂമി നൽകാനും ധാരണമായി.
1957ൽ അധികാരത്തിലെത്തിയ ഇ എം എസ് സർക്കാർ അധഃസ്ഥിതർക്ക് വീട് നിർമിച്ച് കൈമാറാൻ ഉദ്ദേശിച്ചെങ്കിലും ആ സർക്കാരിനെ കോൺഗ്രസ് സർക്കാർ പിരിച്ചുവിട്ടതിനാൽ അത് നടന്നില്ല.
1964ൽ സമരം വീണ്ടും ആരംഭിച്ചു. ഇത് സമരത്തിന്റെ നാലാംഘട്ടമായിരുന്നു. അന്നത്തെ സർക്കാർ കർഷകരുടെ ആവശ്യങ്ങൾക്കുനേരെ മുഖംതിരിക്കുകയായിരുന്നു. എന്നാൽ 1967ൽ അധികാരത്തിലെത്തിയ ഇ എം എസ് ഗവൺമെന്റ് കൂത്താളിയിലെ കർഷകർക്ക് പട്ടയം നൽകി.
1980ൽ അധികാരത്തിലെത്തിയ നായനാർ സർക്കാർ മുതുകാട് പ്രദേശത്തെ ഭൂരഹിതരായ 200 കർഷകർക്ക് 2.5 ഏക്കർ ഭൂമിവീതം വിതരണംചെയ്‌തു. പിന്നീട് 850 കുടുംബങ്ങൾക്ക് 50 സെന്റ് വീതം വിതരണം ചെയ്യപ്പെട്ടു.
അങ്ങനെ നിരവധി കർഷക കുടുംബങ്ങളെ കൃഷിഭൂമിയുടെ ഉടമസ്ഥരാക്കി മാറ്റിയ, പതിറ്റാണ്ടുകൾ നീണ്ടുനിന്ന കൂത്താളി കർഷകസമരത്തിൽ നിർണായക പങ്കുവഹിച്ചു യു കുഞ്ഞിരാമൻ.
‘‘യു പാർട്ടിയിലെ ഓരോ സഖാക്കളുമായും വളരെ ഊഷ്‌മളമായ ബന്ധമാണ് നിലനിർത്തിയിരുന്ന’’തെന്ന് കർഷകസംഘം നേതാവും സിപിഐ എം ഒഞ്ചിയം ഏരിയകമ്മിറ്റി അംഗവുമായ അഡ്വ. ഇ കെ നാരായണൻ അനുസ്‌മരിക്കുന്നു. ‘‘ബാലുശ്ശേരിയിലും പഴയ കുറുമ്പ്രനാട് താലൂക്കിന്റെ പല ഭാഗങ്ങളിലും പാർട്ടി കെട്ടിപ്പടുക്കുന്നതിന് യുവിന്റെ പ്രവർത്തനശൈലി ഏറെ സഹായിച്ചിട്ടുണ്ട്. പല ഭാഗങ്ങളിലും കാൽനടയായാണ് അദ്ദേഹം യാത്രചെയ്‌ത് പാർട്ടി കെട്ടിപ്പടുത്തത്. കമ്മിറ്റികളിൽ എത്ര ചെറിയ സംശയമോ അഭിപ്രായമോ പ്രവർത്തകരിൽനിന്നു വന്നാൽപോലും യു അത് കൃത്യമായി നോട്ടുബുക്കിൽ കുറിക്കുകയും അതിനു മറുപടി നൽകുകയും ചെയ്യുമായിരുന്നു…’’ അഡ്വ. ഇ കെ തുടർന്നു.
കൃത്യനിഷ്‌ഠയുടെയും കൃത്യതയുടെയും സ്‌നേഹത്തിന്റെ ആൾരൂപമായിരുന്നു യു എന്ന് അദ്ദേഹം അനുസ്‌മരിക്കുന്നു.
ചിന്തയുടെ എക്കാലത്തെയും സുഹൃത്ത്
1963ൽ ചിന്ത വാരിക ആരംഭിച്ച നാൾമുതൽ അതിശക്തമായ പിന്തുണയാണ് യു നൽകിയത്. അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി നടത്തിയ ഡൽഹി മാർച്ചിൽ ചിന്ത കൊണ്ടുപോകുന്നതിനും പ്രചരിപ്പിക്കുന്നതിനും യു തയ്യാറായി. അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി റിവിഷനിസത്തിനടിപ്പെട്ടതിനെതിരെയുള്ള ആശയപ്പോരാട്ടമായിരുന്നു അന്ന് പ്രധാനമായും ചിന്ത നടത്തിയത്. അതുകൊണ്ടുതന്നെ ഒരു വിഭാഗത്തിന്റെ കടുത്ത എതിർപ്പിന് അതിടയാക്കി.
1964ൽ പാർട്ടി ഭിന്നിച്ചപ്പോൾ കേളു എട്ടനും പി പി ശങ്കരനുമൊപ്പം സിപിഐ എം ശക്തിപ്പെടുത്തുന്നതിൽ യു അത്യധ്വാനം ചെയ്‌തു. വടകരയിലെയും ബാലുശ്ശേരിയിലെയും പ്രധാനപ്പെട്ട പ്രവർത്തകരെയും പാർട്ടി ഘടകങ്ങളെയും പൂർണമായും സിപിഐ എമ്മിനൊപ്പം അണിനിരത്താൻ അദ്ദേഹം രാത്രിയെന്നൊ പകലെന്നോ വ്യത്യാസമില്ലാതെ പ്രവർത്തിച്ചു.
1960കളുടെ അവസാനത്തിൽ നക്‌സലൈറ്റ് പ്രസ്ഥാനം രൂപംകൊണ്ടപ്പോൾ അതിനെതിരെ ആശയപരമായി പോരാടാൻ യു തയ്യാറായി. ശരിയായ പാതയിലേക്ക് സഖാക്കളെ നയിക്കാൻ അദ്ദേഹം അതുല്യമായ പാടവം കാട്ടി. ചിന്തയുടെ പ്രചാരണത്തിന് എക്കാലത്തും മികച്ച പിന്തുണയാണ് അദ്ദേഹം നൽകിയത്.
കർഷകസംഘം വടകര ഏരിയ സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ച യു 1968ൽ കർഷകസംഘം കോഴിക്കോട് ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. 1969ലും 1970കളിുമായി നടന്ന കുടികിടപ്പു സമരവും മിച്ചഭൂമി സമരത്തിന്റെ മുൻനിരയിലും യു ഉണ്ടായിരുന്നു.
1980ൽ യു കുഞ്ഞിരാമൻ കർഷകസംഘം സമസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. കർഷകസംഘത്തെ ശക്തിപ്പെടുത്തുന്നതിന് അദ്ദേഹം കേരളമൊട്ടാകെ സഞ്ചരിച്ചു. കർഷക ജനസാമാന്യത്തിന്റെ വികാരത്തെ തീവ്രമായി ഉൾക്കൊള്ളാൻ സാധിച്ച അദ്ദേഹം അവയ്‌ക്ക് പരിഹാരം കാണുന്നതിന് നിരവധി പോരാട്ടങ്ങൾക്ക് നേതൃത്വം നൽകി.
സിപിഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറിയായി മൂന്നുവർഷം പ്രവർത്തിച്ച അദ്ദേഹം അനാരോഗ്യംമൂലം സ്ഥാനമൊഴിഞ്ഞു. പല ഘട്ടങ്ങളിലായുണ്ടായ മർദനങ്ങളും ജയിൽവാസവും അലച്ചിലും അദ്ദേഹത്തെ ക്രമേണ രോഗിയാക്കി മാറ്റി.
ലാളിത്യവിശുദ്ധിയുടെയും സഹനത്തിന്റെയും ത്യാഗത്തിന്റെയും ആൾരൂപമായിരുന്ന യു 1993 ജനുവരി 9ന് അന്ത്യശ്വാസം വലിച്ചു.
പാറു ടീച്ചറാണ് യുവിന്റെ ജീവിതപങ്കാളി. മൂന്നു മക്കൾ. സുരേഷ്‌ബാബു, ഉഷ, സന്തോഷ് എന്നിവർ. ♦
കടപ്പാട്: യു കുഞ്ഞിരാമൻ സ്‌മരണിക
കേളു ഏട്ടൻ പഠനഗവേഷണകേന്ദ്രം പ്രസിദ്ധീകരിച്ച കോഴിക്കോട് ജില്ല: കമ്യൂണിസ്റ്റ് പാർട്ടി ചരിത്രം സഞ്ചിക രണ്ട്
സിപിഐ എം ഒഞ്ചിയം ഏരിയകമ്മിറ്റി അംഗം അഡ്വ. ഇ കെ നാരായണൻ, എൻ ശശിധരൻ