Friday, November 22, 2024

ad

Homeരാജ്യങ്ങളിലൂടെഫ്രാൻസിന്റെ യുദ്ധോത്സുകതക്കെതിരെ നൈജർ ഗവൺമെന്റ്

ഫ്രാൻസിന്റെ യുദ്ധോത്സുകതക്കെതിരെ നൈജർ ഗവൺമെന്റ്

അയിഷ

നൈജറിൽ നിന്നും തങ്ങളുടെ സേനകളെ പിൻവലിക്കുമെന്ന ഫ്രാൻസിന്റെ പ്രസ്താവനയുടെ ‘ആത്മാർത്ഥത’യെ ചോദ്യം ചെയ്യുകയാണ് നൈജറിലെ നാഷണൽ കൗൺസിൽ ഫോർ ദ സേഫ്ഗാർഡ് ഓഫ് ദി ഹോംലാൻഡ് (സിഎൻഎസ്‌പി) നേതൃത്വത്തിലുള്ള ഇടക്കാല സൈനിക ഗവൺമെന്റ്. തങ്ങളുടെ സേനയെ പിൻവലിക്കുന്നതിന് പകരം യുദ്ധത്തിനുള്ള തയ്യാറെടുപ്പുകൾ നടത്തുകയാണ് ഫ്രാൻസ് എന്ന് നൈജറിലെ ഇടക്കാല ഗവൺമെന്റ്‌ കുറ്റപ്പെടുത്തുന്നു. സിഎൻഎസ്‌പി വക്താവായ മേജർ അമദൗ അബ്ദരമാനെ (Amadou Abdramane) സെപ്റ്റംബർ 9ന് ഇങ്ങനെ പറയുകയുണ്ടായി, “ഇക്കണോമിക് കമ്മ്യൂണിറ്റി ഓഫ് വെസ്റ്റ് ആഫ്രിക്കൻ സ്റ്റേറ്റ്സിൽ (ECOWAS) അംഗമായിട്ടുള്ള രാജ്യങ്ങളിൽ വമ്പിച്ച അളവിൽ യുദ്ധോപകരണങ്ങളും മറ്റ് ആയുധങ്ങളും അടങ്ങിയ നൂറുകണക്കിന് ഫ്രഞ്ച് മിലിട്ടറി കാർഗോകൾ ആണ് വന്നുകൊണ്ടിരിക്കുന്നത്. ഐവറി തീരത്ത് രണ്ട് സൈനിക എയർക്രാഫ്റ്റുകളും ഡോർണിയർ 328ഉം വിന്യസിച്ചിട്ടുണ്ട്. അതുകൂടാതെ ബെനിനിലെ കാണ്ടിയിലും മലാൻവില്ലെയിലും രണ്ട് സൂപ്പർ പ്യൂമ മൾട്ടി റോൾ ഹെലികോപ്റ്ററുകളും ഏതാണ്ട് 40 ഓളം കവചിത വാഹനങ്ങളും വിന്യസിച്ചിരിക്കുന്നു. ECOWAS രാജ്യങ്ങളിൽ സേനയെ വിന്യസിക്കുകവഴി ഈ പ്രാദേശിക രാജ്യങ്ങളുമായി സഹകരിച്ചുകൊണ്ട് നൈജറിനെ ആക്രമിക്കാനുള്ള തയ്യാറെടുപ്പിലാണ് ഫ്രാൻസ്.

ഇമ്മാനുവൽ മക്രോണിന്റെയും ഫ്രാൻസിന്റെയും ഒപ്പം നിന്നിരുന്ന നൈജറിലെ മുൻപ്രസിഡന്റ് മുഹമ്മദ് ബസോം രാജ്യത്ത് ഫ്രഞ്ച് സേനകൾക്കെതിരായി ഉയർന്നുവന്ന വമ്പിച്ച ജനകീയ പ്രക്ഷോഭത്തെ അടിച്ചമർത്തുകയായിരുന്നു. തുടർന്ന് 2023 ജൂലൈ 26ന് ശക്തമായ ജനകീയ പിന്തുണയോടുകൂടിയ സൈനിക അട്ടിമറി നടക്കുകയും മുഹമ്മദ് ബസോമിന്റെ ഗവൺമെന്റിനെ താഴെയിറക്കുകയും സിഎൻഎസ്‌പി എന്ന സൈനികസഖ്യം നൈജറിൽ ഇടക്കാല ഗവൺമെൻറ് രൂപീകരിക്കുകയും ആയിരുന്നു. ഈ ഗവൺമെൻറ് രൂപംകൊണ്ട് ഉടൻതന്നെ, അതായത് ഓഗസ്റ്റ് മൂന്നിന് രാജ്യത്ത് ഫ്രഞ്ച് സേനകളെ നിലനിർത്തുന്നതിന് അടിസ്ഥാനമായ എല്ലാവിധ കരാറുകളും സിഎൻഎസ്‌പി റദ്ദ് ചെയ്തു. ഈ കരാറിലെ ഒരു മാസത്തെ നോട്ടീസ് കാലാവധി സെപ്റ്റംബർ മൂന്നിന് അവസാനിക്കുകയും ചെയ്തു. അതായത് നിലവിൽ നൈജറിലെ ഫ്രഞ്ച് സേനകൾ നിയമവിരുദ്ധമായാണ് അവിടെ നിലകൊള്ളുന്നത്. ഇക്കാര്യം സെപ്റ്റംബർ നാലിന് നടന്ന പത്രസമ്മേളനത്തിൽ സിഎൻഎസ്‌പി നിയമിച്ച നൈജർ പ്രധാനമന്ത്രി അലി മഹാമൻ ലാമിൻ സെയ്നെ പറയുകയുമുണ്ടായി. തുടർന്നാണ് സെപ്റ്റംബർ 9ന് സിഎൻഎസ്‌പി വക്താവ് ഫ്രാൻസിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്. തുടർന്ന് വാർത്താമാധ്യമമായ എ എഫ് പി കൃത്യമായ പേരുവിവരമില്ലാത്ത ഫ്രഞ്ച് സൈനിക ഉറവിടങ്ങൾ ഈ ആരോപണം നിഷേധിക്കുകയാണെന്നും നൈജറിനെതിരായ ഒരു ആക്രമണത്തിനോ അത്തരത്തിൽ ഒരു ഇടപെടലിനോ തങ്ങൾ പദ്ധതിയിടുന്നില്ല എന്നും ഈ ആരോപണങ്ങളിൽ പറയുന്ന കാര്യങ്ങൾ ചിന്തയിൽ പോലും ഉണ്ടായിട്ടില്ല എന്നാണ് പറയുന്നതെന്നും മറ്റും റിപ്പോർട്ട് ചെയ്തു. എന്നാൽ സെപ്റ്റംബർ പത്തിന് ജി20 ഉച്ചകോടിയുടെ സമാപന ദിവസം ഇന്ത്യയിലെ ന്യൂഡൽഹിയിൽ വെച്ച് പത്രസമ്മേളനത്തിൽ ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മക്രോൺ പറഞ്ഞത്, സിഎൻഎസ്‌പിയുടെ പ്രസ്താവനകൾക്ക്‌ ഞങ്ങൾ യാതൊരുവിധ നിയമസാധുതയും നൽകുന്നില്ല എന്നും തങ്ങൾ ഇപ്പോഴും നൈജറിന്റെ പ്രസിഡന്റായി ബസൗമിനെയാണ് കാണുന്നത് എന്നുമാണ്. മുഹമ്മദ് ബസൗമുമായി മാത്രമേ തങ്ങൾക്ക് നിയമപരമായി സംസാരിക്കേണ്ടതുള്ളൂ എന്നും മറ്റുമുള്ള മാക്രോണിന്റെ സംഭാഷണം എഎഫ്പി യുടെ റിപ്പോർട്ട് ശരി വയ്ക്കുന്നതല്ല. നൈജറിലെ ഇടക്കാല ഗവൺമെന്റിനെ ഫ്രാൻസ് അംഗീകരിക്കുന്നില്ല എന്നതിനർത്ഥം ചില സൈനിക ഘടകങ്ങളെ നൈജറിൽ നിന്നും പിൻവലിക്കുന്നു, നൈജറിൽ നിന്നും സൈനിക സഖ്യങ്ങളെ പിൻവലിക്കുന്നതിനുള്ള ചർച്ചകൾ നടക്കുന്നു എന്ന് തുടങ്ങി എഎഫ്പി, ലെ മോണ്ടെ അടക്കമുള്ള വാർത്താമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തവയെല്ലാം അടിസ്ഥാനരഹിതമാണ് എന്നാണ്. ഫ്രഞ്ച് ഗവൺമെൻറ് നൈജറിലെ ഇടക്കാല ഗവൺമെന്റിനെതിരായി നിലകൊള്ളുന്നു എന്നാണ് മാക്രോണിന്റെ വാക്കുകൾ കാണിക്കുന്നത്.

ജൂലൈ 26ന് സൈനിക അട്ടിമറി നടന്ന ഉടൻതന്നെ സിഎൻഎസ്‌പിക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് നടന്ന പ്രകടനങ്ങൾ ഫ്രഞ്ച് സേനകയുടെ പിന്മാറ്റം ആവശ്യപ്പെട്ടു. ഇപ്പോൾ അത് ഒരു സ്ഥിരം പരിപാടിയായി മാറിയിരിക്കുന്നു. നൈജറിന്റെ തലസ്ഥാനമായ നിയാമെയിലെ ഫ്രഞ്ച് സേനയുടെ ആസ്ഥാനത്ത് ആയിരക്കണക്കിന് ജനങ്ങളാണ് ഫ്രാൻസിന്റെ മർക്കടമുഷ്ടിക്കെതിരായി, ഫ്രഞ്ച് സേനകൾ രാജ്യം വിട്ടു പോകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എല്ലാ ദിവസവും സംഘടിക്കുന്നത്. തലസ്ഥാനത്ത് 1500 ഓളം ഫ്രഞ്ച് സൈനികരെയാണ് വിന്യസിച്ചിരിക്കുന്നത്. രാജ്യത്തിന്റെ മറ്റു രണ്ടു കേന്ദ്രങ്ങളിലും ഇതുപോലെ തന്നെയുള്ള വൻ സേനാവിന്യാസം നടത്തിയിട്ടുമുണ്ട്. രാജ്യത്തെ ഫ്രഞ്ച് സേനകളുടെ വിന്യാസത്തിനും യുദ്ധോത്സുകതയ്ക്കും ഫ്രാൻസിന്റെ അമിത നിയന്ത്രണത്തിനും എതിരായി ശക്തമായ ജനകീയ വികാരമാണ് നൈജറിൽ ഉടലെടുത്തിരിക്കുന്നത്. അതേസമയം നൈജറിന്റെയും അവിടുത്തെ ജനതയുടെയും നിലപാടിനൊപ്പം നിൽക്കുവാനും മധ്യസ്ഥത വഹിച്ചു പ്രശ്നം പരിഹരിക്കുവാനും നൈജറിന്റെ പരമാധികാരത്തെ ബഹുമാനിക്കുവാനും നൈജറിലെ ചൈനീസ് അംബാസഡർ തയ്യാറായപ്പോൾ അമേരിക്ക ഇതിലൊന്നും തയ്യാറെടുക്കാതെ തങ്ങൾ നൈജറിൽ വിന്യസിച്ചിട്ടുള്ള സേനകളെ സുരക്ഷിതമാക്കുവാനാണ് നോക്കുന്നത്. എന്തുതന്നെയായാലും ഒരു രാജ്യത്തെ ജനവികാരത്തെയാകെ അവഗണിച്ചുകൊണ്ട് ഫ്രാൻസ് നൈജറിൽ നടത്തുന്ന സേനാവിന്യാസവും നൈജറിന്റെ അയൽ രാജ്യങ്ങളിൽ കരുതികൂട്ടി നടത്തുന്ന ആയുധവിന്യാസവും എല്ലാംതന്നെ തികച്ചും മനുഷ്യത്വരഹിതവും അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്ക് വിരുദ്ധവുമാണ്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

13 + three =

Most Popular