Wednesday, October 9, 2024

ad

Homeചിത്രകലരൂപ വൈവിധ്യങ്ങളുടെ ഇതിഹാസം ‌‌‌‌‌

രൂപ വൈവിധ്യങ്ങളുടെ ഇതിഹാസം ‌‌‌‌‌

കാരയ്‌ക്കാമണ്ഡപം വിജയകുമാർ

വിശ്വോത്തര സ്‌പാനിഷ്‌ ചിത്രകാരനായ പാബ്ലോ പിക്കാസോ (1881‐1973)യുടെ വിഖ്യാതമായ പെയിന്റിംഗ്‌ ഗുർണിക്ക *Guernica (ഗ്വയർണിക, ഗുർണിക, ഗുർണിക്ക, ഗ്വേർണിക്ക, ഗർണിക) (1937) വരച്ചിട്ട്‌ 86 വർഷം പിന്നിടുമ്പോഴും നാമിപ്പോഴും ആ ചിത്രത്തെക്കുറിച്ച ചർച്ച ചെയ്യുന്നുണ്ട്‌. ലോകത്തെ സമകാലികാവസ്ഥയിൽ അത്‌ കൂടുതൽ പ്രസക്തമാവുകയുമാണ്‌. ചിത്രകലയിൽ ഇരുപതാം നൂറ്റാണ്ടിലെ വിസ്‌മയമായി മാറി ചിത്രകാരനും ചിത്രവും.

പാബ്ലോ പിക്കാസോയുടെ പതിനായിരത്തിലധികം വരുന്ന സവിശേഷതയാർന്ന രചനകളിലൂടെ നവീനമായ കാഴ്‌ചയുടെ വിപ്ലവമാണ്‌ ആസ്വാദകർക്ക്‌ മുന്നിൽ അദ്ദേഹം സൃഷ്ടിച്ചത്‌. മറ്റൊരർഥത്തിൽ അവയിൽ മിക്ക ചിത്രങ്ങളും മനുഷ്യസ്‌നേഹത്തിന്റെയും മാനവികതയുടെയും സംസ്‌കാരത്തിന്റെയും അടയാളപ്പെടുത്തലുകളായിരുന്നു എന്ന പ്രത്യേകതയുമുണ്ട്‌‐ വ്യത്യസ്‌തങ്ങളായ രൂപനിർമിതികളോടെ. വൈവിധ്യമാർന്ന രൂപങ്ങൾ കണ്ടാവണം വിഖ്യാത കലാനിരൂപകൻ ആന്ദ്രേ മാൻറോ ഇങ്ങനെ രേഖപ്പെടുത്തുന്നത്‌‐ ‘രൂപങ്ങളുടെ അതുല്യമായ സ്രഷ്ടാവും സംഹാരകനുമാണ്‌ പിക്കാസോ’. ഇത്രയധികം രൂപവൈവിധ്യങ്ങൾ ചിത്രതലങ്ങളിൽ ഒരുക്കുന്ന മറ്റു ചിത്രകാരരില്ലെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

1907ൽ സ്‌പെയിനിൽനി വച്ച്‌ വരച്ച സ്‌പാനിഷ്‌ ഭൂപ്രകൃതിയുടെ പ്രത്യേകതകൾ പകർന്ന ‘കുന്നിൻ മുകളിലെ വീടി’ന്റെ രചനയോടെയാണ്‌ പിക്കാസോ ക്യൂബിസത്തിന്റെ രചനാ സങ്കേതത്തിലേക്ക്‌ തിരിയുന്നത്‌. ക്യൂബിസത്തിന്റെ ശൈലീകരണ സാധ്യതകൾ കൂടുതൽ പ്രകടമാക്കിയത്‌ ‘അവിനേണിലെ സുന്ദരിമാർ’ എന്ന ചിത്രത്തിലൂടെയായിരുന്നു. ജ്യാമിതീയ വാദമെന്നർഥം വരുന്ന ക്യൂബിസം ശക്തിപ്രാപിക്കുന്നത്‌ കലാപ്രസ്ഥാനങ്ങളുടെ തുടർച്ചയായ ഫേവിസത്തിനും എക്‌സ്‌പ്രഷണിസത്തിനും പിന്നാലെയാണ്‌. പിക്കാസോയ്‌ക്കൊപ്പം ചിത്രകാരനായ ജോർജസ്‌ ബ്രാക്കും (1882‐1963) ക്യൂബിസത്തിന്റെ ഉപജ്ഞാതാവായി പ്രചാരകനായി.

ഒരു വസ്‌തുവിനെ കാണുമ്പോൾ ഒരുവശം മാത്രമേ നമുക്ക്‌ ദൃശ്യമാകൂ. മറുവശം കാഴ്‌ചയിലില്ല. ഇത്തരം പരിമിതികളെ മറികടന്നുകൊണ്ടാണ്‌ കാണാൻ കഴിയാത്ത ഭാഗത്തെക്കൂടി ജ്യാമിതീയ രൂപങ്ങളിൽ വിവിധ വീക്ഷണകോണുകളിലൂടെ നോക്കിക്കാണുന്നത്‌. ഇത്തരം പ്രതീതി ജനിപ്പിക്കുന്ന രീതിശാസ്‌ത്രം ഒരേ ചിത്രതലത്തിൽ അവതരിപ്പിക്കുകയാണ്‌ പിക്കാസോയും തുടർന്നുള്ള ക്യൂബിസ്റ്റ്‌ ചിത്രകാരരും ചെയ്‌തത്‌. നോട്ടത്തിന്റെ വീക്ഷണത്തിനപ്പുറമുള്ള വശങ്ങളെയും ഒരേ ചിത്രതലത്തിൽ കാണിച്ചുതരാൻ ക്യൂബിസ്റ്റ്‌ ചിത്രകാരർ ശ്രമിക്കുന്നു. വശങ്ങളിൽ പ്രതിരൂപങ്ങൾ സൃഷ്ടിച്ച്‌ അവയെ ഏകീകരിക്കുന്ന രീതിയും വിവിധ വശങ്ങളിലുള്ള പ്രതിരൂപങ്ങൾ വശങ്ങളിൽനിന്നും കണ്ടെത്തി അവയെ ചിത്രതലത്തിൽ ആവിഷ്‌കരിക്കുന്ന രീതിയും അവർ സ്വീകരിച്ചു. രൂപങ്ങൾക്ക്‌ സമഗ്രമായ‐ അപഗ്രഥന പഠനം, പരിവർത്തനം ഇവ ഉണ്ടായത്‌ ക്യൂബിസത്തിന്റെ ആവിർഭാവത്തോടെയാണ്‌.

ചിത്രകലയിൽ നേർരേഖകളേക്കാൾ സൗന്ദര്യം വക്രരേഖകൾക്കാണ്‌. എന്നാൽ ആ കാഴ്‌ചപ്പാട്‌ മാറ്റി ഋജുരേഖകൾ വക്രരേഖകളേക്കാൾ ശക്തമാണെന്നും, ശക്തിയാണ്‌ സൗന്ദര്യമെന്നും ക്യൂബിസ്റ്റ്‌ ചിത്രകാരന്മാർ വിശ്വസിച്ചു.

പിക്കാസോയുടെ ആയിരക്കണക്കിന്‌ ചിത്രങ്ങളിൽ വിഖ്യാതചിത്രമാണ്‌ ഗുർണിക്ക. മനുഷ്യനൊമ്പരങ്ങളുടെ സാർവലൗകികമായ അർഥതലങ്ങൾ സമന്വയിപ്പക്കുന്ന ചിത്രം. ലാളിത്യമാർന്ന ഒരു ചിത്രകാരമനസ്സ്‌ കൊടുംക്രൂരതയുടെ ഹിംസാത്മകമായ ലോകത്തിനു മുന്നിൽ ഉയർത്തെഴുന്നേൽക്കുകയാണിവിടെ. ജർമനിയിലെ നാസി പട്ടാളം തെക്കൻ സ്‌പെയിനിലെ ഗുർണിക്ക എന്ന സ്ഥലത്ത്‌ ബോംബ്‌ വർഷിച്ചതിന്റെ തീവ്രമായ പ്രതികരണമാണ്‌ ഈ ചിത്രം. 25.5X11.5 അടി വലിപ്പത്തിലാണ്‌ വരച്ചിട്ടുള്ളത്‌. ഭീതിയുടെയും പീഡനങ്ങളുടെയും കഠിനാനുഭവങ്ങൾ ഉച്ചേരുന്ന രൂപമാതൃകകളാണ്‌ ഗുർണിക്കയിൽ കാണാനാവുക. യുദ്ധഭൂമികയിലെ മനുഷ്യകുലത്തിന്റെ നിസ്സഹായാവസ്ഥ വെളിവാക്കുന്ന ഗുർണിക്കയിലെ ബിംബകൽപനകൾ നമുക്കു ചുറ്റുമുള്ള രൂപങ്ങളുടെ അവതരണങ്ങളാണ്‌. അനുപാതം തെറ്റിയ മുറിഞ്ഞുപോകുന്ന വികൃതശരീരങ്ങൾ ഒരു യുദ്ധചിത്രത്തിന്റെ മുറിവുകളായി മനുഷ്യവേദനയുടെ സാർവലൗകികമായ അർഥതലങ്ങളെ മുഴുവൻ സമാഹരിക്കുന്നു. പ്രതിരോധത്തിന്റെ ശരീരഭാഷയാകുന്ന കൈകാലുകൾ, സ്‌പാനിഷ്‌ സംസ്‌കാരത്തിന്റെ പ്രതീകങ്ങളായ കാളയുടെയും കുതിരയുടെയും രൂപങ്ങൾ. സൂര്യനെ പ്രതിനിധീകരിക്കുന്ന വെളിച്ചം പകരുന്ന വിളക്ക്‌, ജനതയുടെ തോൽവിയുടെ ചിഹ്നമാകുന്ന തകർന്ന വാൾത്തലപ്പുകൾ, പശ്ചാത്തലത്തിലുള്ള പത്രത്താളുകളുടെ പുറത്ത്‌ വിഹ്വലതയാർന്ന മനുഷ്യരൂപങ്ങളുടെ നിലവിളികൾ… ഇവയൊക്കെ കാഴ്‌ചക്കാരിലേക്കും പടർന്നുകയറുന്നു. കറുപ്പും വെള്ളയും ഗ്രേയും നിറങ്ങൾ ചേരുന്ന മോണോക്രോം (ഒറ്റനിറംകൊണ്ട്‌ ചിത്രം പൂർത്തിയാക്കുന്ന രീതി) പെയിന്റിംഗിന്റെ സ്വഭാവത്തിലാണ്‌ ചുവർചിത്രമായി പാബ്ലോ പിക്കാസോ, ഗുർണിക്ക രചിച്ചിട്ടുള്ളത്‌.

ഒരു ദൃശ്യത്തെ മറ്റൊരു ദൃശ്യമായും രൂപങ്ങളുമായും യോജിപ്പിക്കുമ്പോൾ ചലനങ്ങളിലൂടെയും വീക്ഷണതലങ്ങളിലൂടെയുമുള്ള പാകത ഗുർണിക്കയുടെ മറ്റൊരു പ്രത്യേകതയാണ്‌. ചിത്രതലത്തില ബിംബസഞ്ചാരങ്ങളുടെ ചലനാവബോധം പൂർണതയോടെ ആസ്വാദകരിലേക്കെത്തുന്നു. രൂപങ്ങളുടെ വികലീകരണത്തിൽനിന്ന്‌ ആരംഭിച്ച അസാധാരണമായ കലാരചനകൂടിയാകുന്നു ഗുർണിക്കയും അനുബന്ധ ചിത്രങ്ങളും.

യുദ്ധചിത്ര പരന്പരകളിലൂടെയും അതിനാധാരമായ അനുഭവങ്ങളിലൂടെയും കടന്നുപോയ പാബ്ലോ പിക്കാസോ കലയുടെ രാഷ്‌ട്രീയവും കലാകാരന്റെ രാഷ്‌ട്രീയവും അനുഭവതലത്തിലേക്ക്‌ ചേർത്തുവച്ചിരുന്നു. 1946ൽ അദ്ദേഹം ഫ്രഞ്ച്‌ കമ്യൂണിസ്റ്റ്‌ പാർട്ടിയിൽ ചേർന്ന്‌ കലാപ്രവർത്തനങ്ങൾ നടത്തി. രാഷ്‌ട്രീയ എതിരാളികളായ കലാപ്രവർത്തകരോട്‌ ‘ശത്രുക്കൾക്കെതിരെ പോരാടാനുള്ള ആയുധമാണ്‌ കല’ എന്ന പ്രസ്‌താവം ഈ സാഹചര്യത്തിലാണുണ്ടാകുന്നത്‌. എന്നാൽ പിക്കാസോയുടെ കലയെ വേണ്ടവിധം മനസ്സിലാക്കാൻ ഫ്രഞ്ച്‌ കമ്യൂണിസ്റ്റ്‌ നേതൃത്വം ശ്രമിച്ചില്ല. മനുഷ്യരൂപത്തെ വികൃതമാക്കുന്നതിനെയും ഒരുവിഭാഗം വിമർശിച്ചു. ആ വികലീകരണം വിശദമാക്കുന്ന അർത്ഥതലങ്ങളിലേക്കവർക്ക്‌ കടന്നുചെല്ലാൻ കാലം ശെവകി എന്നുമാത്രം. ശിൽപകലയിലും അദ്ദേഹം ശ്രദ്ധേയ സാന്നിധ്യമറിയിച്ചു. രൂപവൈവിധ്യങ്ങളിലൂടെയുള്ള കലാസൃഷ്ടികളുടെ നിർമാണം ഏതു മാധ്യമത്തിലൂടെയും പിക്കാസോ സ്വീകരിച്ചു. വേസ്റ്റ്‌ മെറ്റീരിയൽ കൊണ്ട്‌ നിർമിച്ച കാളത്തലയും മാനും ഗർഭിണികളുമൊക്കെ ഇത്തരത്തിൽ ശ്രദ്ധേയമാണ്‌. അപൂർവമായ സ്വഛന്ദ ഭംഗിയുള്ള സർറിയലിസ്റ്റിക്‌ കവിതകളും പാബ്ലോ പിക്കാസോ എഴുതിയിട്ടുണ്ട്‌.

ഗുർണിക്കയോടൊപ്പം പ്രശസ്‌തമായ ചിത്രങ്ങൾ നിരവധിയാണ്‌. പെയിന്റിംഗ്‌, ശിൽകല, എച്ചിംഗ്‌, കളിമൺകല, പരസ്യ പോസ്റ്ററുകൾ തുടങ്ങിയ ദൃശ്യകലാവിഭാഗങ്ങളിൽ വിശിഷ്ടമായ മികവോടെ പ്രവർത്തിച്ച കലാപ്രതിഭ 92‐ാം വയസ്സിൽ വിടപറഞ്ഞു.

 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

four + 9 =

Most Popular