Monday, September 9, 2024

ad

Homeസിനിമആർഡിഎക്‌സ്‌: ഇടിപ്പെരുമയിൽ പൊതിഞ്ഞ വർണ മുൻവിധികൾ

ആർഡിഎക്‌സ്‌: ഇടിപ്പെരുമയിൽ പൊതിഞ്ഞ വർണ മുൻവിധികൾ

രാധാകൃഷ്‌ണൻ ചെറുവല്ലി

മ്പോളതാൽപര്യങ്ങൾ സിനിമയുടെ വിജയത്തെ നിർണയിക്കുമെന്നോ കലാതാൽപര്യങ്ങൾ സിനിമയുടെ കമ്പോളതാൽപര്യങ്ങളെ തകർക്കുമെന്നോ ഉറച്ചുപറയാനാവില്ല. പ്രേക്ഷകരുടെ താൽപര്യങ്ങൾ പലപ്പോഴും നിർമാതാക്കൾക്ക്‌ പിടികിട്ടുകയില്ല. കാരണം അത്‌ ചലനാത്മകമാണ്‌. ഒപ്പം ചലിച്ചുകൊണ്ടേ അത്‌ മനസ്സിലാക്കാനാകൂ. സിനിമാസ്വാദനം അനായാസേന നിർവഹിക്കപ്പെടുന്ന ഒന്നാണെന്നും ക്രമാനുഗതമായ ചിന്ത അതിന്‌ ആവശ്യമില്ലെന്നും മുൻകൂട്ടി നിശ്ചയിക്കുന്നവരാണ്‌ സിനിമാപ്രവർത്തകരെന്നുമുള്ള വിമർശനം ഉന്നയിച്ചത്‌ പ്രശസ്‌ത ഫ്രഞ്ച്‌ നോവലിസ്റ്റായ ജോർജ്‌ ഡുഹാമൽ (1884‐1966) ആണ്‌. സിനിമ പ്രഥമമായി ഒരു വിനോദോപാധിയാണ്‌. സ്വയം ഒരു കലാരൂപമായി മാറാനായി അത്‌ അതിന്റെ വിനോദരൂപം ഉപേക്ഷിക്കേണ്ടതുണ്ടോ? ഇത്‌ സിനിമയുമായി ബന്ധപ്പെട്ട്‌ ഉയർന്നുവരുന്ന ചോദ്യമാണ്‌.

വിനോദം മുൻനിർത്തി നിർമിക്കപ്പെടുന്ന സിനിമകൾക്ക്‌ എപ്പോഴും നിലനിൽപുണ്ട്‌. സിനിമകൾ ഇന്ന്‌ പല ഗണങ്ങളായി (genre) വിഭജിക്കപ്പെട്ടിരിക്കുന്നു. അടിസ്ഥാനപരമായി സിനിമ സിനിമതന്നെയാണെങ്കിലും ഗുണനിർണയം പ്രേക്ഷകസഞ്ചയത്തെ കള്ളികളായി വിഭജിച്ച്‌ ഓരോ കള്ളിയിൽപെടുന്നവർക്കും ഇഷ്ടപ്പെട്ട സിനിമകൾ നിർമിച്ചുനൽകി. അക്കൂട്ടരെ ടാർജറ്റഡ്‌ ഗ്രൂപ്പുകളായി നിശ്ചയിച്ച്‌ വിജയം നേടുകയെന്നത്‌ സ്‌പെഷ്യലൈസേഷൻ യുഗത്തിന്റെ കമ്പോളയുക്തിയാണ്‌. ഹൊറർ, ഡ്രാമ, ആക്‌ഷൻ, ത്രില്ലർ, കോമഡി, ക്രൈം, റൊമാൻസ്‌, മ്യൂസിക്കൽ, നോയിർ, ഫാന്റസി, മിസ്റ്ററി തുടങ്ങി അന്പതിലേറെ ഗണങ്ങൾ (genres) സിനിമയിലുള്ളതായി കണക്കാക്കപ്പെട്ടിട്ടുണ്ട്‌. ഓരോ ഗണത്തിൽപെട്ട ചിത്രങ്ങളുടെയും മേക്കിങ്ങ്‌ സ്‌റ്റൈലും വിഭിന്നങ്ങളാണ്‌ എന്നാണ്‌ സിനിമാപ്രവർത്തകർ അവകാശപ്പെടുന്നത്‌.

ആക്‌ഷൻ ത്രില്ലർ എന്ന ഗണത്തിൽപെട്ട ഒരു സിനിമയാണ്‌ ആർഡിഎക്‌സ്‌. അങ്ങനെ മുൻകൂട്ടി നിശ്ചയിക്കപ്പെട്ട ചട്ടക്കൂട്ടിനുള്ളിൽ വാർത്തെടുക്കപ്പെട്ട ഒരു സിനിമയാണ്‌ റോബർട്ട്‌, ഡോണി, സേവ്യർ എന്ന ത്രൈനാമത്തിന്റെ ചുരുക്കെഴുത്തായ ആർഡിഎക്‌സ്‌. കാർണിവലെന്നോ പള്ളിപ്പെരുന്നാളെന്നോ വിളിക്കാവുന്ന ഒരു മത്സരവേളയിൽ ഒരു ഗുണ്ടാസംഘം സംഘാടകരിലൊരാളായ ഫിലിപ്പിനെ പിടിച്ചുതള്ളുന്നതോടെ ആരംഭിക്കുന്ന ഒരു തല്ലുപരന്പരയാണ്‌ ഈ സിനിമയുടെ കഥാതന്തു. ഫിലിപ്പിന്റെ മകൻ ഡോണിയെന്ന ബോക്‌സിങ്ങ്‌ പരിശീലനം ലഭിച്ച യുവാവ്‌ അപ്പനെ പ്രതിരോധിക്കുന്നു. തുടർന്ന്‌ ഫിലിപ്പിന്റെ വീട്ടിനുള്ളിൽ കയറി ഫിലിപ്പ്‌, അയാളുടെ ഭാര്യ, മകൾ എന്നിവരെ ആക്രമിക്കുകയും വീട്ടുസാമഗ്രികൾ അടിച്ചുതകർക്കുകയും ചെയ്യുന്നു. പോൾസൺ അയാളുടെ അനുജൻ ജെയ്‌സൻ എന്നിവർ നയിക്കുന്ന സംഘമാണ്‌ ഈ ആക്രമണത്തിന്‌ പിന്നിൽ. ഈ സംഭവം നടക്കുന്നത്‌ 2003ലാണ്‌. ഇതിനൊരു ഫ്ളാഷ്‌ ബാക്കുണ്ട്‌. അത്‌ 1998ൽ ആരംഭിക്കുന്നു. കൊച്ചിൻ കാർണിവലിൽ നടക്കുന്ന ഒരു നൃത്തപരിപാടിക്കിടയിൽ ഉണ്ടാകുന്ന ഒരു സംഘർഷത്തിൽ റോബർട്ട്‌ ജെയ്‌സനുമായി കൊന്പുകോർക്കുന്നു. റോബർട്ടിന്റെ കാമുകി ജെയ്‌സന്റെ കോളനിയിൽനിന്നുള്ളവളാണ്‌. ആ ഏറ്റുമുട്ടലിൽ ജെയ്‌സന്റെ കാല്‌ ചവിട്ടിയൊടിക്കപ്പെടുന്നു. അനുബന്ധ തല്ലുകളും തീവെപ്പും പ്രശ്‌നം ഗുരുതരമാക്കുകയും റോബർട്ടിനെ അവന്റെ അപ്പൻ ബാംഗ്ലൂരിലേക്ക്‌ മാറ്റുകയും ചെയ്‌തു.

വീടുകയറിയുള്ള ആക്രമണമുണ്ടായതോടെ റോബർട്ട്‌ കൊച്ചിയിലെത്തി. ചേട്ടനായ ഡോണിയും ചങ്ങാതി സേവ്യറും ചേർന്നുള്ള മൂവർസംഘം പുനരാഗമനം നടത്തുന്നു. റോബർട്ട്‌ കരാട്ടെയിലും ഡോണി ബോക്‌സിങ്ങിലും സേവ്യർ നഞ്ചക്കിലും പരിശീലനം കിട്ടിയവരാണ്‌. പോരെ ഇടിയുടെ പൂരത്തിന്‌ തീകൊടുക്കാൻ. ഈ മൂവർസംഘം വില്ലന്മാരുടെ ആവാസമേഖലയായ ‘മഹാരാജാസ്‌ കോളനി’യിൽ കയറി തല്ലുണ്ടാക്കി വെന്നിക്കൊടി പാറിക്കുന്നു. ഇത്രയും ലഘുവാണ്‌ പ്രമേയമെങ്കിലും സങ്കീർണമായാണ്‌ ഇതിന്റെ അതവരണം. പല രംഗങ്ങളുടെയും സ്ഥലകാല നൈരന്തര്യം ഉറപ്പാക്കാൻ സിനിമയ്‌ക്ക്‌ കഴിയുന്നില്ല.

നമുക്ക്‌ ആദ്യം ഉന്നയിച്ച ചോദ്യത്തിലേക്ക്‌ മടങ്ങിവരാം. ബോക്‌സോഫീസ്‌ താൽപര്യം നിർമാതാക്കൾക്ക്‌ ഉണ്ടാവും. എന്നാൽ ആ താൽപര്യം യാഥാർഥ്യമാക്കാൻ എന്തെങ്കിലും ഫോർമുലയുണ്ടോ? അവിടെയാണ്‌ പ്രേക്ഷകൻ എന്ന അത്ഭുത പ്രതിഭാസത്തിന്റെ പ്രസക്തി. ആരാണീ അത്ഭുതപ്രേക്ഷകൻ?

‘പ്രേക്ഷകർ ഉന്മത്തരായ പരിശോധകരാണ്‌. എന്നാൽ അവർ ഒരു പ്രത്യേക പ്രദേശത്തിന്റെ പരിധിക്കുള്ളിൽ ഒതുക്കിനിർത്തപ്പെട്ടവരും സിനിമയിൽ മാത്രമായി ശ്രദ്ധപതിപ്പിക്കുന്നവരുമാണെ’ന്ന്‌ വാൾട്ടർ ബെന്യാമിൻ നിരീക്ഷിക്കുന്നുണ്ട്‌. ഈ പ്രേക്ഷകർക്ക്‌ തങ്ങളുടെ പ്രിയതാരത്തിന്റെ മുഖത്തുണ്ടാകുന്ന നേരിയ ചലനങ്ങൾപോലും മനസ്സിലാകും. വില്ലനെ എങ്ങനെയാണ്‌ നായകൻ കൈകാര്യം ചെയ്യുകയെന്നും നായികയുടെ കണ്ണീർ അവളുടെ കരുത്തായി എപ്പോൾ മാറുമെന്നും അവർക്ക്‌ മുൻകൂട്ടി കാണാനാവും. പ്രേക്ഷകർ തങ്ങളുടെ ജീവിതവുമായി സിനിമയെ കൂട്ടിക്കുഴയ്‌ക്കുന്നില്ല. താനൊരു വിദഗ്‌ധ നിരീക്ഷകനാണെന്നും അവനറിയുന്നില്ല. സിനിമ ഒരു കൽപിതലോകമായാണ്‌ പ്രേക്ഷകന്‌ അനുഭവപ്പെടുന്നത്‌. സിനിമയുടെ ആന്തരിക കഥാഗതിയെ മുൻകൂട്ടിക്കാനാണുള്ള കഴിവ്‌ പ്രേക്ഷകൻ ആവർത്തിച്ചുള്ള സിനിമ കാണൽവഴി ആർജിച്ചെടുക്കുന്നു. ഈ മനോഗതി പിടിച്ചെടുക്കാൻ കഴിയുമ്പോഴാണ്‌ ബോക്‌സോഫീസ്‌ നിറയുന്നത്‌.

ബെന്യാമിൻ നിരീക്ഷിച്ച ഈ ‘ഉൻമനായ’ പ്രേക്ഷകൻ എപ്രകാരമായിരിക്കും ഉൻമനാക്കപ്പെട്ടത്‌? കലാസൃഷ്ടിയെയും പ്രേക്ഷകന്റെ അനുഭവമണ്ഡലത്തെയും ഒരു മാന്ത്രിക തിരശ്ശീലയാൽ മറയ്‌ക്കാനുള്ള കഴിവ്‌ സിനിമയ്‌ക്കുണ്ട്‌. പ്രേക്ഷകന്റെ ജീവിതാനുഭവങ്ങളെയും ആർജിതബോധത്തെയും മാന്ത്രികവടികൊണ്ടെന്നവണ്ണം വീശി അവനെ/അവളെ മയക്കിക്കളയുന്നു. മറ്റ്‌ കലകൾ വെട്ടത്തിലാണ്‌ വീക്ഷിക്കപ്പെടുന്നതെങ്കിൽ സിനിമകൾ ഇരുട്ടത്താണ്‌ ആസ്വദിക്കപ്പെടുന്നത്‌. ആ ഇരുട്ടിൽ വ്യക്തികൾ വ്യക്തികളല്ലാതാവുകയും ആൾക്കൂട്ട മനസ്സിലേക്ക്‌ പ്രവേശിക്കുകയും ചെയ്യുന്നു. ഈ ഉന്മത്താവസ്ഥയിൽ പ്രേക്ഷകരുടെ പ്രജ്ഞയെ കൗശലപൂർവം വഞ്ചിക്കാൻ സിനിമയ്‌ക്കാവുന്നു.

ബഹുഭൂരിപക്ഷം കച്ചവട സിനിമകളും മുൻകൂട്ടി നിശ്ചയിക്കപ്പെട്ട ഗണത്തിനുള്ളിലാണ്‌. ആ ഗണത്തിൽപെട്ട സിനിമകൾ നിശ്ചിത രൂപത്തിലുള്ള വിനോദമാണ്‌ പ്രദാനം ചെയ്യുന്നത്‌. ആക്‌ഷൻ ത്രില്ലർ എന്ന ഗണത്തിൽപെടുത്തുകവഴി ആർഡിഎക്‌സിന്റെ പ്രേക്ഷകർ മുൻകൂട്ടി തയ്യാറെടുത്താണ്‌ തിയേറ്ററിൽ എത്തുന്നത്‌. മുൾമുനയിൽ നിർത്തുന്ന രംഗങ്ങളും ഉഗ്രൻ സംഘട്ടനങ്ങളും അവർ പ്രതീക്ഷിക്കുന്നു.

നിർമാതാക്കളുടെ പ്രതീക്ഷകൾ സഫലമാക്കിയ സിനിമയാണ്‌ ആർഡിഎക്‌സ്‌. എന്തുകൊണ്ട്‌? സർവശക്തനായ ഏകനായകൻ എന്ന സങ്കൽപം പ്രേക്ഷകർക്ക്‌ മടുത്തിരിക്കുന്നു. മമ്മൂട്ടി, മോഹൻലാൽ യുഗത്തിലെ നായക സങ്കൽപത്തിന്‌ പുതിയകാലത്ത്‌ നിലനിൽപ്‌ നഷ്ടപ്പെട്ടിരിക്കുന്നു. കാരണം അവർ പോയകാലത്തിന്റെ പ്രോട്ടോടൈപ്പുകളാണ്‌. വൃദ്ധരുടെ യുവകോമള വേഷംകെട്ടലും ചതഞ്ഞരഞ്ഞ സംഭാഷണരീതികളും വിഗ്ഗുവെച്ചും ചായംപുരട്ടിയും പൊതുവേദികളിൽ പങ്കെടുക്കുന്നതും അശ്ലീലമായാണ്‌ പ്രേക്ഷകർക്ക്‌ അനുഭവപ്പെടുന്നത്‌. വ്യക്തിയെയും അവർ അവതരിപ്പിക്കുന്ന കഥാപാത്രത്തെയും വേറിട്ടുകാണാനുള്ള ശേഷി പ്രേക്ഷകർക്കുണ്ടെന്ന്‌ ‘രജനീകാന്ത്‌ പ്രതിഭാസം’ വ്യക്തമാക്കുന്നു.

ജടിലമായ ഈ അന്തരീക്ഷത്തിലാണ്‌ യുവാക്കളായ മൂന്നു നടന്മാരുടെ രംഗപ്രവേശം. കുട്ടിത്തം വിട്ടുമാറാത്ത ഷെയിൻ നിഗം. അയാളുടെ നിഷ്‌കളങ്ക സിനിമാ ഇമേജ്‌ പ്രേക്ഷകർക്ക്‌ ഇഷ്ടമാണ്‌. അതാണ്‌ ഉപരോധങ്ങളെ മറികടന്ന്‌ പ്രിയനായകനായി ഉയരാനുള്ള അയാളുടെ തുറുപ്പുചീട്ട്‌. ഷെയിൻ നിഗത്തിന്‌ ആക്‌ഷൻ ഹീറോ ഇമേജ്‌ ആർഡിഎക്‌സ്‌ പ്രദാനം ചെയ്തു. കുടുംബത്തിന്‌ ഒരു പ്രതിസന്ധിയുണ്ടാകുമ്പോൾ ഡോണിയെ സഹായിക്കാൻ റോബർട്ട്‌ എത്തിച്ചേർന്നിരുന്നെങ്കിൽ എന്ന പ്രേക്ഷക പ്രതീക്ഷയും കൊച്ചിയിൽ അയാൾ നടത്തുന്ന മാസ്സ്‌ ലാന്റിങ്ങും ഇടിപ്പൂരത്തിന്റെ രണ്ടാംഘട്ടം ആരംഭിക്കുന്നു എന്ന സൂചന നൽകുന്നു. ഈ പ്രതീക്ഷയെ മുന്നോട്ടു കൊണ്ടുപോകാനായി എന്നത്‌ സിനിമാ വിജയത്തിന്റെ പ്രധാന ഘടകങ്ങളിലൊന്നായി.

ആന്റണി (പെപ്പേ) വർഗീസാണ്‌ ‘കുടുംബസ്‌നേഹിയായ’ ഡോണിയെ അവതരിപ്പിക്കുന്നത്‌. അങ്കമാലി ഡയറീസ്‌, അജഗജാന്തരം, സ്വാതന്ത്ര്യം അർധരാത്രിയിൽ എന്നീ ചിത്രങ്ങളിലൂടെ ‘ഇടിവീരപ്പട്ടം’ സിദ്ധിച്ച നടനാണ്‌ ആന്റണി വർഗീസ്‌. ദുഃഖഭാവത്തിലെ നിശ്ചലതയും ശരീരചലന വഴക്കവുമാണ്‌ ആ നടന്റെ പ്രത്യേകത. ഡോണി കുടുംബത്തിനുവേണ്ടി, അതിന്റെ മാനത്തിനുവേണ്ടി ജീവൻ ത്യജിക്കാൻ പോലും തയ്യാറാണ്‌. ഇന്ത്യൻ സിനിമകളുടെ എക്കാലത്തെയും പ്രിയ വിഷയമാണ്‌ ‘കുടുംബാഭിമാനം’. ഈ കുടുംബാഭിമാനവും മഹിമയുമാണ്‌ അരുംകൊലകളിലേക്ക്‌ മനുഷ്യരെ കൊണ്ടുചെന്നെത്തിക്കുന്നത്‌ എന്നകാര്യം ഇത്തരം സിനിമകൾക്ക്‌ കൈയടിക്കുന്ന പ്രേക്ഷകരും ശ്രദ്ധിക്കാറില്ല. വീടുകയറി ആക്രമിക്കുന്നവനെ തകർക്കണമെന്ന്‌ പ്രേക്ഷകർ ഒന്നടങ്കം ഇച്ഛിക്കുന്നു. ‘വില്ലന്റെ’ കാല്‌ അടിച്ചുതകർത്തത്‌ വളരെ ശരിയാണെന്ന്‌ പ്രേക്ഷകനെക്കൊണ്ട്‌ തലകുലുക്കിപ്പിക്കുന്നു. അതിനു മതിയായ കാരണം ഇല്ലാത്തപ്പോൾ പോലും! ആയോധനകല അഭ്യസിച്ചവർക്ക്‌ ആരെയും ഇടിച്ചുതകർക്കാൻ ലൈസൻസ്‌!

പിന്നെയുള്ള നായകൻ നീരജ്‌ മാധവന്റെ സേവ്യറാണ്‌. അയാൾ നഞ്ചക്ക്‌ വിദഗ്‌ധനും എപ്പോഴും നമ്പാൻ പറ്റിയ ചങ്ങാതിയുമാണ്‌. ഇവർക്കുമേൽ ആരോപിക്കപ്പെടുന്ന അമാനുഷിക ശക്തിക്ക്‌ പിറകിൽ ആയോധനകലയിലെ പ്രാവീണ്യവുമാണെന്ന്‌ സംവിധായകൻ അടിവരയിടുന്നു. തികച്ചും ആൺകഥാപാത്രങ്ങളുടെ ഉറഞ്ഞാട്ടമാണ്‌ ആർഡിഎക്‌സ്‌. അവരുടെ മകളെ പ്രസവിക്കാനും അമ്മമണം പകരാനും പ്രണയിക്കാനും മാത്രമാണ്‌ പെൺ കഥാപാത്രങ്ങൾ. അവർക്ക്‌ കർതൃത്വമില്ല. വെറും സൈഡ്‌ കിക്കുകൾ. എത്ര അപമാനകരമാണീ ചിത്രത്തിലെ ലിംഗമേധാവിത്വം!

വിജയകരമായി ഓടിക്കൊണ്ടിരിക്കുന്ന ഈ സിനിമയിലെ വർണവർഗ മുൻവിധികൾ ശ്രദ്ധിക്കാതെ പോകരുത്‌. ‘നൽപന്മാരും വില്ലന്മാരും’ എന്ന ദ്വന്ദനിർമിതിയിൽ ‘നൽപന്മാരാകെ’ വെളുത്തവരും ഫാഷൻ വസ്‌ത്രങ്ങൾ ധരിക്കുന്നവരുമാണ്‌. വില്ലന്മാരുടെ വസ്‌ത്രധാരണം കണ്ടാലറിയാം അവരെല്ലാം വില്ലന്മാരാണെന്ന്‌. എന്നാൽ യഥാർഥ ജീവിതത്തിൽ ഗുണ്ടാത്തലവന്മാരെ മാന്യവസ്‌ത്രധാരികളായി നാം കാണുന്നുണ്ട്‌. വില്ലന്മാരുടെ വാർപ്പുമാതൃകയിൽനിന്നും പുറത്തുകടക്കാൻ ഈ സിനിമയിലെ വില്ലന്മാരായ പോൾസൻ, ജെയ്‌സൻ എന്നീ കഥാപാത്രങ്ങൾക്കും കഴിയുന്നില്ല. വില്ലന്മാരാകെ കറുത്തവരും കോളനി നിവാസികളും ദരിദ്രരുമാണ്‌. താരതമ്യേന സമ്പന്നരും വെളുത്തവരും ആയോധനകലയിൽ പ്രാവീണ്യം സിദ്ധിച്ചവരും ബൻസ്‌ കാറിൽ സഞ്ചരിക്കുന്നവരുമായ നായകന്മാർ ദരിദ്രരും കറുത്തവരും കോളനി നിവാസികളും ഓട്ടോറിക്ഷയിൽ സഞ്ചരിക്കുന്നവരുമായ മനുഷ്യരെ ഇടിച്ചുതകർക്കുന്ന ചിത്രമാണ്‌ ആർഡിഎക്‌സ്‌ എന്ന്‌ ഒറ്റവരിയിൽ പറയാം. എന്നാൽ ഒറ്റവരിയിൽ ഒതുങ്ങുന്നതല്ല ഈ ചിത്രം മുന്നോട്ടുവയ്‌ക്കുന്ന പ്രതിലോമത. പ്രതിലോമ ആശയങ്ങൾ സമൂഹത്തിൽ മേൽക്കൈ നേടുന്ന ഇക്കാലത്ത്‌ ഒഴുക്കിനൊപ്പം നീങ്ങുകയാണ്‌ ഈ ചിത്രം. രാഷ്‌ട്രീയവും സാമൂഹ്യവുമായ സാഹചര്യങ്ങളെ ഈ ചിത്രം മറച്ചുപിടിക്കുന്നു. കേവലമായ പലായന വിനോദം മാത്രമേ ഈ ചിത്രത്തിന്റെ നിർമാതാക്കളും സംവിധായകനും ഉദ്ദേശിക്കുന്നുള്ളൂ. ഈ സിനിമയ്‌ക്ക്‌ കാലികമായ വിജയ ചേരുവകൾ കണ്ടെത്തിയതിന്‌ തിരക്കഥാകൃത്തുക്കളും നവാഗത സംവിധായകനായ നഹാസ്‌ ഹിദായത്തും അഭിനന്ദിക്കപ്പെടണം.

സ്റ്റണ്ട്‌ കോറിയോഗ്രഫിയും ഫാസ്റ്റ്‌ എഡിറ്റിങ്ങും കാതടപ്പിക്കുന്ന സംഗീതവും ഇടവേളകളില്ലാത്ത കൂട്ടത്തല്ലും തല്ലിലേക്ക്‌ എത്തിക്കാനുള്ള വൈകാരിക മുഹൂർത്തങ്ങളും ഈ സിനിമയുടെ കമ്പോളവിജയത്തെ സുസാദ്ധ്യമാക്കിയ ഘടകങ്ങളിലൊന്നാണ്‌. സിനിമയുടെ സ്ഥലകാലങ്ങളും ബാബു ആന്റണി എന്ന പോയകാല ഇടിവീരന്റെ സാന്നിധ്യവും ഉൽപാദിപ്പിച്ച നൊസ്റ്റാൾജിയയും ഈ ചിത്രത്തിെന്റെ വിജയത്തിന്‌ സഹായകരമായിട്ടുണ്ടാവാം.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

five − three =

Most Popular