Friday, November 22, 2024

ad

Homeരാജ്യങ്ങളിലൂടെക്ലൗദിയ ഷീൻബാം: മെക്സിക്കോയിലെ ഇടതുപക്ഷത്തിന്റെ പ്രസിഡന്റ് സ്ഥാനാർത്ഥി

ക്ലൗദിയ ഷീൻബാം: മെക്സിക്കോയിലെ ഇടതുപക്ഷത്തിന്റെ പ്രസിഡന്റ് സ്ഥാനാർത്ഥി

ആര്യ ജിനദേവൻ

ടതുപക്ഷം അധികാരത്തിലിരിക്കുന്ന മെക്സിക്കോയിൽ 2024ൽ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ പ്രസിഡൻറ് സ്ഥാനാർത്ഥിയായി ഡോക്ടർ ക്ലൗദിയ ഷീൻബാം മത്സരിക്കുന്നു. സ്റ്റേറ്റ് ഗവർണറുടെ പദവിക്ക് തത്തുല്യമായ നഗരത്തിന്റെ ഹെഡ് ഓഫ് ഗവൺമെന്റ്‌ ആയിരുന്നു ക്ലൗദിയ ഷീൻബാം. മെക്സിക്കോയിലെ ഇടതുപക്ഷ പാർട്ടിയായ മൊറേനയുടെ (MORENA) സ്ഥാപക നേതാക്കളിൽ ഒരാൾ കൂടിയാണ് 2024 ജൂണിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ പ്രസിഡൻറ് സ്ഥാനാർഥി ആയിരിക്കുമെന്ന് സെപ്റ്റംബർ ആറിന് പാർട്ടിയുടെ ദേശീയ കൗൺസിൽ പ്രസിഡന്റായ അൽഫോൻസോ ദുരാസോ പ്രഖ്യാപിക്കുകയായിരുന്നു. നിലവിൽ മെക്സിക്കോയുടെ പ്രസിഡന്റായ ആന്ദ്രെ മാനുവൽ ലോപ്പസ് ഒമ്പദോർ മെക്സിക്കോയിൽ നടപ്പാക്കി വന്ന ജനപക്ഷ ഭരണപരിഷ്കാരങ്ങളുടെ തുടർച്ച നടപ്പാക്കാൻ ക്ലൗദിയ ഷീൻബാമിന് സാധിക്കുമെന്ന് മെക്സിക്കോയിലെ ജനങ്ങളും പാർട്ടിയും ഉറച്ചു വിശ്വസിക്കുന്നു. വലതുപക്ഷ സഖ്യത്തിന്റെ സ്ഥാനാർഥിയായ ശോചിതിൽ ഗൽവെസ് (Xochitl Galvez) ആണ് തിരഞ്ഞെടുപ്പിൽ ക്ലൗതിയയുടെ എതിരാളി.

രാജ്യത്തിന്റെ നാലാം പരിവർത്തനത്തിന്റെ ഭാഗമായി ഓബ്രഡോറിന്റെ (AMLO) ഗവൺമെൻറ് നടപ്പാക്കിയ പുരോഗതിയുടെ ഭാഗമായി നിലകൊള്ളും എന്ന് ക്ലൗദിയ പറഞ്ഞു. ഒബ്രഡോർ ഗവൺമെന്റിന്റെ കാലത്ത് രാജ്യത്ത് ദാരിദ്ര്യവും അസമത്വവും കുറഞ്ഞു. അതുകൊണ്ടുതന്നെ 2024 ലും നമ്മൾ ജയിക്കാൻ പോവുകയാണെന്നും ക്ലൗദിയ ഉറപ്പിച്ചു പറയുന്നു.

ഇക്കാലയളവിലെ അംലോ ഗവൺമെന്റിന്റെ ഭരണപരിഷ്കാരങ്ങളും നയങ്ങളും തീർച്ചയായും ജനകീയമായിരുന്നു, രാജ്യത്തെ ദരിദ്ര വിഭാഗങ്ങൾക്ക് പ്രത്യേകിച്ചും. പലിശരഹിത വായ്പ, പ്രായം ചെന്നവർക്കുള്ള പെൻഷനുകൾ, ശേഷി കുറവുള്ളവർക്കും വിധവയായ അമ്മമാർക്കും കർഷകർക്കും തൊഴിലാളികൾക്കും നൽകുന്ന സഹായ പരിപാടികൾ, ദരിദ്രകുടുംബങ്ങളിലെ വിദ്യാർഥികൾക്ക് സ്കോളർഷിപ്പുകൾ, സൗജന്യ ഇൻറർനെറ്റ് എല്ലാവർക്കും തുടങ്ങിയ ഗവൺമെന്റിന്റെ സാമൂഹ്യനയങ്ങൾ മെക്സിക്കോയിലെ തൊഴിലാളി വർഗ്ഗത്തിന്റെയാകെ സാമൂഹിക സാമ്പത്തിക നില മെച്ചപ്പെടുത്തി. ഈ പുരോഗതി തിരഞ്ഞെടുപ്പിൽ ക്ലൗദിയ ഷീൻബാമിന് അനുകൂലമായ സാഹചര്യം ഒരുക്കും.

2023ലെ കണക്കുപ്രകാരം മെക്സിക്കോയിലെ ഏറ്റവും വലിയ പാർട്ടിയായ മൊറേനയുടെ സ്ഥാപക നേതാക്കളിലൊരാൾ കൂടിയായ ക്ലൗദിയ ഷീൻബാം ഒരു പരിസ്ഥിതി ശാസ്ത്രജ്ഞയും മുൻ വിദ്യാർത്ഥി പ്രവർത്തകയും ആണ്. 2018 മുതൽ 2023 വരെയുള്ള കാലയളവിൽ മെക്സിക്കോ സിറ്റി ഗവൺമെൻറ് മേധാവിയായിരുന്ന ഷീൻബാം നഗരത്തിൽ ഘടനാപരമായ മാറ്റങ്ങൾ ഒട്ടേറെ നടത്തുകയും സ്ത്രീകളുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിനുവേണ്ടി നിർണായകമായ നടപടികൾ കൈക്കൊള്ളുകയും ചെയ്തു. “ഭരണകൂടം ജനങ്ങൾക്ക് അവകാശങ്ങൾ നൽകേണ്ടിയിരിക്കുന്നു അവകാശങ്ങൾ എന്നതുകൊണ്ട് എന്താണ് നമ്മൾ ഉദ്ദേശിക്കുന്നത്? ജനങ്ങൾക്ക് ആകെ വിദ്യാഭ്യാസം, ആരോഗ്യം, പാർപ്പിടം വൃദ്ധജനങ്ങൾക്ക് പെൻഷൻ തുടങ്ങിയവയെല്ലാമാണത്. തന്ത്രപ്രധാന മേഖലകളായ ഊർജ്ജം പോലുള്ളവയുടെ ദേശസാൽക്കരണത്തിലും നമ്മൾ വിശ്വസിക്കുന്നു. ഭരണകൂടം അതിന്റെ ഭാഗമാകേണ്ടതുണ്ട്, പ്രത്യേകിച്ച് വൈദ്യുതി, എണ്ണ, ഇപ്പോൾ പ്രധാനമായും ലിഥിയം തുടങ്ങിയവയുടെയും. അത് വളരെ പ്രധാനപ്പെട്ടതാണ്. ഭാവിയിൽ വളരെയേറെ പ്രധാനപ്പെട്ടതാവുകയും ചെയ്യും. അവിടെ സ്വകാര്യ നിക്ഷേപമോ അന്താരാഷ്ട്ര നിക്ഷേപമോ പാടില്ല. ജനങ്ങളുടെ സമ്പത്തിന് ആനുപാതികമായി പൊതുസമ്പത്തായാലും സ്വകാര്യസമ്പത്ത് ആയാലും അതിന്റെ നിക്ഷേപം നമ്മൾ അളക്കേണ്ടിയിരിക്കുന്നു. അതാണ് എല്ലാ പ്രശ്നങ്ങളും കമ്പോളം പരിഹരിക്കുമെന്ന് വിശ്വസിക്കുന്ന നവലിബറലിസവും ഇടതുപക്ഷവും തമ്മിലുള്ള വലിയ വ്യതാസം’ എന്ന് ക്ലൗദിയ ഷീൻബാം പറയുന്നു. പരിസ്ഥിതി പ്രവർത്തനത്തിന്റെ ഭാഗമായി 2007ൽ നൊബേൽ സമ്മാനം നേടിയ ഇന്റർഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ചിൽ അംഗം കൂടിയായിരുന്നു അവർ. രാജ്യത്തിന്റെ സാമൂഹ്യരംഗത്തും രാഷ്ട്രീയ രംഗത്തും പാരിസ്ഥിതിക മണ്ഡലത്തിലും ഒരുപോലെ സജീവമായി പ്രവർത്തിക്കുന്ന ക്ലൗദിയ ഷീൻബാമിന് മെക്സിക്കോയിലെ ഇടതുപക്ഷ ഗവൺമെന്റ് നടപ്പാക്കിക്കൊണ്ടിരിക്കുന്ന സമൂല പരിവർത്തനപരമായ നയങ്ങൾ തുടർന്നുകൊണ്ടുപോകുന്നതിന് തീർച്ചയായും സാധിക്കുമെന്ന് തന്നെയാണ് പാർട്ടിയും ജനങ്ങളും വിശ്വസിക്കുന്നത്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

eighteen − eight =

Most Popular