പണിമുടക്കുകളും സമരങ്ങളും വിരളമായ ജപ്പാനിൽ ദശകങ്ങൾക്കുശേഷം, കൃത്യമായി പറഞ്ഞാൽ 61 വർഷങ്ങൾക്കു ശേഷം തൊഴിലാളികൾ സംഘടിച്ച് പണിമുടക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണാൻ കഴിയുന്നത്. തൊഴിലാളികളെയും യൂണിയനുകളെയും പൂർണമായും അവഗണിച്ച് കുത്തക ബൂർഷ്വാസിയുടെയും വൻകിട വ്യവസായത്തിന്റെയും ഭാഗത്തു മാത്രം നിലകൊള്ളുന്ന ജപ്പാനിലെ ഗവൺമെന്റിന്റെ നയത്തോടുള്ള പ്രതിഷേധം കൂടിയായി ഈ പണിമുടക്കിനെ കാണേണ്ടിയിരിക്കുന്നു. ജപ്പാനിലെ ചില്ലറ വ്യാപാര കമ്പനിയായ Seven & i Holdings Co അവരുടെ സ്റ്റോർ ശൃംഖലയായ Sogo & Seibu Co യെ അമേരിക്കൻ കമ്പനിക്ക് വിൽക്കുവാൻ തീരുമാനിച്ചതാണ് ഇപ്പോൾ തൊഴിലാളികളുടെ പണിമുടക്കിന് ഇടയാക്കിയിരിക്കുന്നത്. പണിയെടുക്കുന്ന തൊഴിലാളികൾ തങ്ങൾ തൊഴിലെടുക്കുന്ന കമ്പനി അമേരിക്കൻ കമ്പനിക്ക് വിൽക്കാൻ പോകുന്നു എന്ന പ്രഖ്യാപനം വന്ന ഉടൻതന്നെ പണിമുടക്ക് പ്രഖ്യാപിക്കുകയായിരുന്നു. രാജ്യം കണ്ട സുപ്രധാനമായ പണിമുടക്കാണ് തുടർന്ന് നടന്നത്.
900ത്തോളം കമ്പനി തൊഴിലാളികൾ തെരുവിൽ മാർച്ച് ചെയ്യുകയും ടോക്കിയോയിലെ ഡിപ്പാർട്ട്മെന്റ് സ്റ്റോറിന്റെ കൊടിമരത്തിന് ചുറ്റും ലഖുലേഖകൾ വിതരണം ചെയ്യുകയും ചെയ്തു. ഫോർട്രെസ് ഇൻവെസ്റ്റ്മെന്റ് ഗ്രൂപ്പ് എന്ന അമേരിക്കൻ കമ്പനി തുച്ഛമായ വിലയ്ക്ക് ഈ ഡിപ്പാർട്ട്മെന്റ് സ്റ്റോറുകൾ കയ്യടക്കിയത് അതിന്റെ ഔട്ട്ലെറ്റുകൾ സ്ഥിതി ചെയ്യുന്ന വിലയുള്ള ഭൂമിയിൽ നിന്നും ലാഭം കൊയ്യാം എന്ന പ്രതീക്ഷയിൽ ആയിരിക്കുമെന്ന ഊഹാ പോഹം വ്യാപകമായുണ്ട്. അമേരിക്കൻ സ്വകാര്യ കമ്പനിക്ക് അവിടെ റീട്ടെയിൽ സ്റ്റോറുകൾ നടത്തിക്കൊണ്ടുപോകുവാൻ യാതൊരു ഉദ്ദേശവും ഇല്ലെന്നതും തൊഴിലാളികളുടെ ജീവിതം അപകടത്തിലേക്ക് കൊണ്ടുപോകും. അതുകൊണ്ടുതന്നെ ഈ കച്ചവടത്തിനെതിരായി സ്റ്റോറുകളിൽ പണിയെടുക്കുന്ന തൊഴിലാളികൾ ഒന്നടങ്കം പണിമുടക്കുകളിലേക്കും പ്രതിഷേധങ്ങളിലേക്കും നീങ്ങിയിരിക്കുകയാണ്.
പൊതുസമൂഹത്തിന്റെ ഐക്യദാർഢ്യം തേടുന്നതിനുവേണ്ടി തങ്ങളുടെ പണിമുടക്ക് കൊണ്ട് സമൂഹത്തിൽ ഉണ്ടായിട്ടുള്ള അസൗകര്യങ്ങൾക്ക് മാപ്പ് ചോദിച്ചുകൊണ്ട് പണിമുടക്ക് തൊഴിലാളികൾ ജപ്പാനിലെ ടിവി ന്യൂസ് റിപ്പോർട്ടുകളിലും ക്യാമറകളിലും സംസാരിക്കുകയും അതേസമയം തങ്ങൾ കാലങ്ങളായി പണിയെടുത്തിരുന്ന കമ്പനികൾ പെട്ടെന്നൊരു ദിവസം ഒരു അമേരിക്കൻ കമ്പനിക്ക് വിൽക്കുന്നത് തങ്ങളുടെ തൊഴിൽ നഷ്ടമാകാൻ ഇടയാകും എന്നും ഉപജീവനമാർഗ്ഗം ഇല്ലാതെയാകും എന്നും സമൂഹത്തെയാകെ അത് ബാധിക്കുമെന്നും അതുകൊണ്ടുതന്നെ ശക്തമായി സമരവുമായി മുന്നോട്ടു പോകുമെന്നും അവർ പറയുന്നു. എന്തായാലും ജപ്പാന്റെ ചരിത്രത്തിൽ ആറു ദശകങ്ങൾക്ക് ശേഷമാണ് ഒരു തൊഴിലാളി പണിമുടക്ക് നടക്കുന്നത്. 61 വർഷങ്ങൾക്കു മുൻപാണ് ഇതുപോലെ തൊഴിലാളികളുടെ പണിമുടക്ക് ആ രാജ്യത്ത് നടന്നത്; അതാകട്ടെ ഒരു ദിവസം പോലും നീണ്ടു നിന്നതും ഇല്ല. അവിടെനിന്നിങ്ങോട്ട് ഗവൺമെന്റ് നിരന്തരമായി തൊഴിലാളിവിരുദ്ധമായ നിലപാടുകൾ സ്വീകരിച്ചപ്പോഴും പണിമുടക്കിലേക്കോ സമരങ്ങളിലേക്കോ ആ രാജ്യം നീങ്ങിയിരുന്നില്ല. എന്നാൽ ഏതു വ്യവസ്ഥിതിയിലും ഒട്ടേറെ കാലം ചൂഷണം സഹിക്കുന്ന ജനത ഒരുനാൾ ഉണർന്നെണീക്കുകയും മുഷ്ടിചുരുട്ടുകയും ചെയ്യും എന്നതിന്റെ തെളിവു കൂടിയായി ദശാബ്ദങ്ങൾക്കുശേഷം ജപ്പാനിൽ ഉടലെടുത്തിരിക്കുന്ന സ്റ്റോർ തൊഴിലാളികളുടെ ഈ പണിമുടക്ക് മാറി. ♦