Wednesday, October 9, 2024

ad

Homeഇവർ നയിച്ചവർസരോജിനി ബാലാനന്ദൻ: വനിതാപ്രസ്ഥാനത്തിന്റെ കരുത്തുറ്റ നേതാവ്‌

സരോജിനി ബാലാനന്ദൻ: വനിതാപ്രസ്ഥാനത്തിന്റെ കരുത്തുറ്റ നേതാവ്‌

ഗിരീഷ്‌ ചേനപ്പാടി

സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം, അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്‌, അഖിലേന്ത്യാ വൈസ്‌ പ്രസിഡന്റ്‌ എന്നീ നിലകളിൽ ദീർഘകാലം പ്രവർത്തിച്ച സരോജിനി ബാലാനന്ദൻ ഇക്കഴിഞ്ഞ ആഗസ്‌ത്‌ 30ന്‌ അന്തരിച്ചു. മഹിളാ അസോസിയേഷന്റെ ‘തുല്യത’ മാസികയുടെ ചീഫ്‌ എഡിറ്റർ, സാമൂഹ്യക്ഷേമ ബോർഡ്‌ ചെയർപേഴ്‌സൺ, കളമശ്ശേരി പഞ്ചായത്ത്‌ പ്രസിഡന്റ്‌ എന്നീ നിലകളിലും ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ്‌ അവർ കാഴ്‌ചവെച്ചത്‌.

സമരമുഖങ്ങളിലും അവകാശ സമരപോരാട്ടങ്ങളിലും മുൻനിരയിൽ നിന്നിരുന്ന അവർക്ക്‌ പലപ്പോഴും മർദനങ്ങൾ ഏറ്റുവാങ്ങേണ്ടിവന്നിട്ടുണ്ട്‌. സ്‌ത്രീപുരുഷ സമത്വത്തിന്റെയും സ്‌ത്രീവിമോചനത്തിന്റെയും ശക്തയായ വക്താവായിരുന്നു അവർ.

വിഷചികിത്സകനായിരുന്ന കേശവൻ വൈദ്യന്റെയും നാരായണിയുടെയും മകളായി 1938 മെയ്‌ 15ന്‌ കൊല്ലം ജില്ലയിലെ ശക്തികുളങ്ങരയിലാണ്‌ സരോജിനി ബാലാനന്ദൻ ജനിച്ചത്‌. കൊല്ലം എസ്‌എൻ വനിതാ കോളേജിൽ സരോജിനി ഇന്റർമീഡിയറ്റിനു പഠിക്കുമ്പോഴാണ്‌ ഇ ബാലാനന്ദനുമായുള്ള വിവാഹം‐ 1957 സെപ്‌തംബർ ഒന്നിന്‌. അന്നുതന്നെ അവിഭക്ത കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ പ്രമുഖ നേതാവും ട്രേഡ്‌ യൂണിയൻ രംഗത്തെ സജീവ സാന്നിധ്യവുമായിരുന്നു ഇ ബാലാനന്ദൻ. എഐടിയുസിയുടെ എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്നു അദ്ദേഹം. വിവാഹത്തിനുശേഷം രണ്ടാഴ്‌ച കഴിഞ്ഞപ്പോൾ തന്നെ പാർട്ടി പ്രവർത്തനത്തിന്റെ ഭാഗമായി ബാലാനന്ദന്‌ മാറിനിൽക്കേണ്ടിവന്നപ്പോൾ മുതൽ ജീവിതത്തിലെ പല പ്രതിസന്ധികളെയും ധീരതയോടെയാണ്‌ സരോജിനി നേരിട്ടത്‌.

കളമശ്ശേരിയിലെ ശ്രീചിത്ര മില്ലിൽ തൊഴിലാളികളെ പിരിച്ചുവിട്ടതിനെതിരെ കന്പനിപ്പടിക്കൽ നിരാഹാരസമരം നടത്താനാണ്‌ ബാലാനന്ദൻ പോയത്‌. ടി കെ രാമകൃഷ്‌ണനും വി ജി ഭാസ്‌കരൻ നായരുമായിരുന്നു അന്ന്‌ അദ്ദേഹത്തോടൊപ്പം നിരാഹാരസത്യഗ്രഹം നടത്തിയ നേതാക്കൾ.

സിപിഐ എം നേതാക്കൾ വ്യാപകമായി വേട്ടയാടപ്പെട്ടപ്പോൾ 1964ൽ എ കെ ജിക്കൊപ്പം ഇ ബാലാനന്ദൻ വിയ്യൂർ ജയിലിൽ തടവിലാക്കപ്പെട്ടു. അന്ന്‌ ഗർഭിണിയായിരുന്ന സരോജിനിക്ക്‌ ഭർത്താവിന്റെ അറസ്റ്റിന്‌ സാക്ഷിയാകേണ്ടിവന്നു.

അതേക്കുറിച്ച്‌ ഇ ബാലാനന്ദൻ തന്റെ ആത്മകഥയായ ‘നടന്നുതീർത്ത വഴികൾ’ എന്ന കൃതിയിൽ ഇങ്ങനെ രേഖപ്പെടുത്തിയിട്ടുണ്ട്‌: ‘‘മക്കളുടെ കാര്യങ്ങളെല്ലാം ശ്രദ്ധിച്ചിരുന്നത്‌ സരോജിനിയാണെന്ന്‌ മുന്പ്‌ പറഞ്ഞിട്ടുണ്ടല്ലോ. പാർട്ടി പിളർന്നപ്പോൾ ചൈനാ ചാരൻ എന്നു മുദ്രകുത്തപ്പെട്ട്‌ മറ്റു സഖാക്കൾക്കൊപ്പം ഞാൻ ജയിലിലായിരുന്നപ്പോഴും അടിയന്തരാവസ്ഥക്കാലത്ത്‌ ഞാൻ ഒളിവിൽ പ്രവർത്തിച്ചിരുന്നപ്പോഴും സരോജിനി ഏറെ പ്രയാസപ്പെട്ടിട്ടുണ്ട്‌. സഖാക്കളുടെയും സുഹൃത്തുക്കളുടെയും സഹായമാണ്‌ ആ പ്രതിസന്ധിഘട്ടങ്ങളിൽ അവർക്ക്‌ ആശ്വാസമായത്‌. അടിയന്തരാവസ്ഥക്കാലത്ത്‌ കുറച്ച്‌ പശുക്കളെയും എരുമകളെയും വളർത്തി പാൽ വിറ്റാണ്‌ സരോജിനി വീട്ടാവശ്യങ്ങൾ നടത്തിയത്‌… കളമശ്ശേരിയിൽ കരപ്പാടത്ത്‌ 65 സെന്റിൽ 1964‐65 കാലം മുതൽക്കേ കൃഷിയുണ്ടായിരുന്നു. മൂന്നുപൂ കൃഷി ചെയ്‌തിരുന്ന അവിടെനിന്ന്‌ സുലഭമായി ലഭിച്ചിരുന്ന വൈക്കോൽ ഉപയോഗിക്കുന്നതു സംബന്ധിച്ചുണ്ടായ ആലോചനയിൽനിന്നാണ്‌ സരോജിനി കന്നുകാലി വളർത്തലിലെത്തിയത്‌’’.

1968ൽ ജോലി രാജിവെച്ച്‌ സരോജിനി സജീവ രാഷ്‌ട്രീയ പ്രവർത്തനത്തിൽ മുഴുകി. 1970കളിൽ ഗവൺമെന്റിന്റെ പിന്തുണയോടെ വ്യാപാരികൾ സാധനങ്ങൾ പൂഴ്‌ത്തിവെച്ച്‌ കൃത്രിമ ക്ഷാമം സൃഷ്ടിക്കുകയും വൻതോതിൽ കൊള്ളലാഭം അടിക്കുകയും ചെയ്‌തിരുന്നു. അതിനെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധങ്ങൾ നടന്നു. 1974ൽ എറണാകുളത്തെ ബ്രോഡ്‌വേയിൽ ജനാധിപത്യ മഹിളാ അസോസിയേഷന്റെ നേതൃത്വത്തിൽ പൂഴ്‌ത്തിവെപ്പിനെതിരെ ഉജ്വല പ്രക്ഷോഭം നടന്നു. സമരത്തിൽ പങ്കെടുത്തവരെ വ്യാപാരികളും അവരുടെ ഗുണ്ടകളും ചേർന്ന്‌ ക്രൂരമായി മർദിച്ചു. സമരത്തിന്റെ മുൻനിരയിലുണ്ടായിരുന്ന സരോജിനിയെയും മറ്റു നേതാക്കളെയും കടയിൽ അടച്ചിട്ട്‌ കിരാതമായി മർദിച്ചു. പൊലീസും ഗുണ്ടകൾക്ക്‌ കൂട്ടുനിന്നു. മർദനത്തിനെതിരെ പ്രതിഷേധിച്ച എസ്‌എഫ്‌ഐ പ്രവർത്തകരെ ക്രൂരമായാണ്‌ പൊലീസ്‌ വേട്ടയാടിയത്‌. തോമസ്‌ ഐസക്‌ ഉൾപ്പെടെയുള്ള എസ്‌എഫ്‌ഐ നേതാക്കൾക്ക്‌ അന്ന്‌ പൊലീസ്‌ മർദനത്തിൽ പരിക്കേറ്റു.

ജനകീയ പ്രശ്‌നങ്ങളുയർത്തി സമരംചെയ്‌തവരെ മർദിച്ചതിനെതിരെ ശക്തമായ പ്രതിഷേധമാണ്‌ ബഹുജനങ്ങളിൽനിന്നുണ്ടായത്‌. അതുകൊണ്ടുതന്നെ അവശ്യസാധനങ്ങളുടെ വിലകുറയ്‌ക്കാൻ വ്യാപാരികൾ നിർബന്ധിതരായി.
1978ൽ സരോജിനി സിപിഐ എം കളമശ്ശേരി ഏരിയകമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. ആ വർഷം തന്നെ അവർ ജനാധിപത്യ മഹിളാ അസോസിയേഷന്റെ ജില്ലാ ഭാരവാഹിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. നിരവധി ബഹുജന സമരങ്ങളിൽ അവർ സജീവ സാന്നിധ്യമായി വളരെ വേഗം മാറി.

1979ൽ സരോജിനി കളമശ്ശേരി പഞ്ചായത്ത്‌ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. വനിതാ സംവരണമില്ലാതിരുന്ന അക്കാലത്ത്‌ ഒരു വനിത പഞ്ചായത്ത്‌ പ്രസിഡന്റാകുക എന്നത്‌ അത്യപൂർവമായിരുന്നു. പഞ്ചായത്തിന്റെ വികസനത്തിൽ നിർണായകമായ സംഭാവന ചെയ്യാൻ അഞ്ചുവർഷക്കാലത്തിനുള്ളിൽ അവർക്ക്‌ സാധിച്ചു. പ്രാദേശികതലത്തിൽ പലതരത്തിലുള്ള എതിർപ്പുകളും അന്നത്തെ സർക്കാരിന്റെ അനുഭാവമല്ലാത്ത നിലപാടുകളും ലക്ഷംവീട്‌ കോളനിക്ക്‌ ഭൂമി ഏറ്റെടുത്ത്‌ വീടുകൾ വെച്ചുകൊടുത്തതും കങ്ങരപ്പടിയിൽ ആയുർവേദ ആശുപത്രി പ്രാവർത്തികമാക്കിയതും കളമശ്ശേരിയിൽ പൊതുശ്‌മശാനം ആരംഭിച്ചതും അന്നത്തെ വികസനപ്രവർത്തനങ്ങളിൽ ചിലത്‌ മാത്രമാണ്‌.

1983ൽ മഹിളാ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സരോജിനി ആ വർഷംതന്നെ സംഘടനയുടെ അഖിലേന്ത്യാ വൈസ്‌ പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു. 1997 വരെ അവർ മഹിളാ അഗസാസിയേഷൻ സംസ്ഥാന പ്രസിഡന്റായി പ്രവർത്തിച്ചു.

1996‐2001ലെ എൽഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ സരോജിനി സാമൂഹ്യക്ഷേമ ബോർഡിന്റെ ചെയർപേഴ്‌സണായി നിയോഗിക്കപ്പെട്ടു. സ്‌ത്രീകളുടെ സവിശേഷ പ്രശ്‌നങ്ങൾ മനസ്സിരുത്തി പഠിക്കാനും അവയ്‌ക്ക്‌ പരിഹാരാം കാണാനും അവർ ആത്മാർഥമായും പ്രവർത്തിച്ചു.

1985ൽ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ട സരോജിനി 2012 വരെ ആ സ്ഥാനത്ത്‌ തുടർന്നു.

1986ൽ നടന്ന അഖിലേന്ത്യാ പൊതുപണിമുടക്കിന്‌ അഭിവാദ്യമർപ്പിച്ചുകൊണ്ട്‌ കളമശ്ശേരിയിൽ വന്പിച്ച ജനകീയ മുന്നേറ്റമുണ്ടായി. ജാഥയുടെ മുൻനിരയിലുണ്ടായിരുന്ന സരോജിനി ഉൾപ്പെടെ യുള്ള നേതാക്കൾക്ക്‌ മർദനമേറ്റു. മർദനത്തിൽ സരോജിനിയുടെ കൈയുടെ എല്ലുപൊട്ടിയതിനെത്തുടർന്ന്‌ അവരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവന്നു. സരോജിനി ഉൾപ്പെടെ അറസ്റ്റ്‌ ചെയ്യപ്പെട്ട നേതാക്കളെ ആലുവ സബ്‌ ജയിലിൽ അടച്ചു.
മക്കളുടെ പരിചരണം, പഠിത്തം, മറ്റു വീട്ടുകാര്യങ്ങൾ എന്നിവയുടെയെല്ലാം ചുമതലകൾ സരോജിനി സന്തോഷത്തോടെ ഏറ്റെടുത്തിരുന്നെന്നും അത്‌ തന്റെ പൊതുപ്രവർത്തനത്തിന്‌ ഏറെ ആശ്വാസകരമായിരുന്നുവെന്നും ഇ ബാലാനന്ദൻ തുറന്ന്‌ എഴുതിയിട്ടുണ്ട്‌. പൊതുപ്രവർത്തനത്തിന്റെ തിരക്കുകളിൽ സരോജിനി മുഴുകിയപ്പോഴും വീട്ടുകാര്യങ്ങൾ അവർ തന്നെ നോക്കിയിരുന്നുവെന്നും അദ്ദേഹം അഭിമാനത്തോടെ സ്‌മരിക്കുന്നുണ്ട്‌.

കഴിഞ്ഞ അഞ്ചുവർഷമായി അനാരോഗ്യംമൂലം പൊതുപ്രവർത്തനത്തിൽനിന്ന്‌ വിട്ടുനിന്ന്‌ പറവൂരിൽ മകൾ സുലേഖയുടെ വീട്ടിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു സരോജിനി ബാലാനന്ദൻ.

ഇ ബാലാനന്ദൻ‐സരോജിനി ദന്പതികൾക്ക്‌ നാലുമക്കൾ. ഡോ. പി ബി സുലേഖ, പി ബി സുനിൽ, പി ബി സരള, പരേതയായ പി ബി സുശീല എന്നിവർ.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

three × 1 =

Most Popular