Friday, November 22, 2024

ad

Homeപുസ്തകംസ്രാവിന്റെ ചിറകുള്ള പെണ്ണ്: ഒരു തിണവായന

സ്രാവിന്റെ ചിറകുള്ള പെണ്ണ്: ഒരു തിണവായന

ഐറിസ്

രുഭൂമിയിൽ വിളിച്ചുപറയുന്നവരുടെ കടല്‌ച്ചെത്തം
-സ്രാവിന്റെ ചിറകുള്ള പെണ്ണ്: ഒരു തിണവായന
കവിതയെഴുത്തിന് തനിമയുടെ കരുത്തുറ്റ രാഷ്ട്രീയം ഉണ്ട്. മനുഷ്യൻ എന്ന പദത്തിന്റെ അഴക്, വേർതിരിവുകൾ കൂടാതെ ഏതൊരുവനും/ഏതൊരുവൾക്കും തന്മയായി മാറുമ്പോൾ മാത്രം വെളിപ്പെടുന്ന ആ ഒന്നിലേക്കാണ് കവിത വിരൽചൂണ്ടുന്നത്.

കവിതയുടെ ഐഡന്റിറ്റി എന്താണ്?

കവിതയുടെ മേൽവിലാസത്തിന്റെ കാണാപ്പുറങ്ങളിൽ, എഴുതി വെളിപ്പെടാനുള്ള അടങ്ങാത്ത ആവേശങ്ങളോ എഴുത്തുപദവിക്കായുള്ള കിനാവുകളോ അല്ല, ആയിരിക്കുന്ന ജീവിതാവസ്ഥകളിൽ നിഷേധിക്കപ്പെടുന്ന മനുഷ്യാന്തസ്സിനായുള്ള ആവശ്യം തിരിച്ചറിയുന്ന കരുത്തുറ്റ പോരാട്ടമാണുള്ളത്. സമൂഹനിർമ്മിത വരേണ്യമിത്തുകളുടെ രാഷ്ട്രീയം തിരിച്ചറിഞ്ഞ്, നീക്കിനിർത്തപ്പെടുന്ന തന്മ (identity)കൾ ബോധപൂർവമായി നടത്തുന്ന അപനിർമ്മാണം ഇന്ന് കവിതയുടെ വായനയെ ഗൗരവമേറിയതാക്കുന്നു. കവിത മുറിവേല്ക്കുന്നതും മുറിവേല്പിക്കുന്നതും നീതിനിഷേധങ്ങൾക്കും ഇടമില്ലാതാകലുകൾക്കും വേണ്ടിയാണ്. കവിതയുടെ ജനിതകപാഠങ്ങളിൽ സ്വരമില്ലാത്തവരുടെ സാംസ്കാരികതകൾകൂടി ഉൾച്ചേർക്കപ്പെടേണ്ടതാണ്.

കവിതയുടെ സാംസ്കാരികപഠനങ്ങളിൽ വളരെ പ്ര‌ധാനമായ വായനയാണ് കീഴാള പരിപ്രേക്ഷ്യം (subaltern perspective) നല്കുന്നത്. സമൂഹത്തിന്റെ അരികുകളിലേക്കും അതുവഴി ജീവിതത്തിന്റെ വിളുമ്പുകളി (edge of life)ലേക്കും തള്ളിയകറ്റപ്പെടുന്നവരുടെ സാമൂഹികപദവിയും ജീവിതപരിതോവസ്ഥകളും കീഴാള സാംസ്‌കാരികപഠനങ്ങളുടെ പരിധിയിൽ വരുന്ന ആകാംക്ഷകളാണ്. ചരിത്രം മൗനം പാലിച്ച ഇടങ്ങളിൽ മായ്ക്കപ്പെട്ട കീഴാളതന്മകളുടെ മേൽവിലാസം തിരിച്ചുപിടിച്ച് സമകാലികതയിൽ പ്രത്യക്ഷമായി തുടരാനുള്ള രാഷ്ട്രീയ ഇടപെടലുകളാണ് കീഴാള സാംസ്കാരികപഠനങ്ങൾ മുന്നോട്ടുവയ്ക്കുന്നത്.

എഴുത്തിൽ, പ്രത്യേകിച്ചും കവിതയിൽ ഇത് പ്രകടമാണ്.

“സാംസ്കാരിക ആധിപത്യങ്ങളാൽ വഴിവിലക്കപ്പെടുന്നതും പരിമിതിയിലേക്ക് വകഞ്ഞൊതുക്കുന്നതുമായ എന്തും കീഴാളത ആണെന്നും അത് വേറിടലിന്റെ ഇട (a space of difference)മാണെന്നും’ അധിനിവേശാനന്തര സൈദ്ധാന്തികയായ ഗായത്രി ചക്രവർത്തി സ്പീവാക് കീഴാളതയെ നിർവചിക്കുന്നു. എഴുതപ്പെട്ട ചരിത്രങ്ങൾ അപനിർമ്മിക്കുന്നതിലേക്ക്, വിട്ടുനില്ക്കുന്ന വംശങ്ങളുടെയും ജനതകളുടെയും ചരിത്രം വീണ്ടെടുക്കുകയും ഇടങ്ങൾ പൂരിപ്പിക്കുകയും ചെയ്യുകയാണ് എഴുത്തിന്റെ ലക്ഷ്യം എന്നും നേരിന്റെ വേറിട്ട വായനകൂടി ചരിത്രമാക്കുകയാണ് കീഴാളപാഠമെന്നും ഈ അപനിർമിതി നയപരമായുള്ള അനിവാര്യതാവാദരാഷ്ട്രീയ (strategic essentialism)മാണെന്നും തുടർന്ന് ഗായത്രി വിവരിക്കുന്നു.

ആരാണ് കീഴാളർ എന്നതിന് കേവലം അടിച്ചമർത്തപ്പെട്ടവരോ തുല്യപങ്കാളിത്തം സാധ്യമാകാത്തവരോ അല്ലെന്നും തൊഴിലാളിവർഗ്ഗം എന്ന ഗ്രാംഷിയുടെ സൂചിതത്തിലെ ആരുടെ ശബ്ദമാണോ കേൾക്കാതെപോകുന്നത്, സാംസ്കാരിക മേൽക്കെയുള്ള മധ്യവർഗ്ഗത്തിന്റെ ആഖ്യാനങ്ങളിൽനിന്ന് ആരാണോ പുറത്താക്കപ്പെടുന്നത് അവരാണ് കീഴാളർ എന്നും അവരുടെ തിരിച്ചറിവുകളിൽനിന്നുള്ള മുന്നേറ്റവും അവരുടെ തന്മയിൽനിന്ന് ഉരുവപ്പെടുന്ന വായ്ത്താരിയുമാണ് കീഴാള എഴുത്തെന്നും ഗായത്രി ചക്രവർത്തി ഉറപ്പിക്കുന്നു. അവർക്ക് ഒരു മധ്യസ്ഥന്റെയും മുഖവുര വേണ്ടതില്ല; ചൂണ്ടിക്കാണിച്ച് നീക്കിനിർത്തേണ്ട കൊളോണിയൽ കൗതുകപ്രദർശനജന്മങ്ങളുമല്ല അവർ. അവരുടെ ഇടം ഒഴിഞ്ഞുകൊടുക്കുക മാത്രമേ നീതിയാവൂ.

ഈ സമാന്തര-സാംസ്‌കാരിക പഠനപശ്ചാത്തലത്തിൽ കേരളത്തിലെ അരികുവത്കരിക്കപ്പെട്ട സമൂഹങ്ങളിൽനിന്നുള്ള എഴുത്തുകാർ തങ്ങളുടെ മേൽവിലാസം വായ്ത്താരിയിലേക്ക് പകർത്തുകയും സാഹിത്യാധിപത്യങ്ങളുടെ ഞെരുക്കങ്ങളെ അതിജീവിക്കുകയും സ്വന്തം ഇടം തിരിച്ചുപിടിക്കുകയും ചെയ്യുന്നത് പ്രതീക്ഷ നല്കുന്നു.

ഐന്തിണകളുടെ അകമെഴുത്തുപൊരുളുകളെ അധികാരമാക്കി തിണമയക്കത്തെ മൊഴിയാലും സൂചകങ്ങളാലും പരിസ്ഥിതിചേരും നാൾവഴികളിൽ ഇണക്കി വീണ്ടും എഴുത്തിന്റെ കളങ്ങളിൽ കുടിവെയ്ക്കുകയാണ് കടലെഴുത്തിൽ. അത് നെയ്തൽ തിണക്കവിപാടലിന്റെ തുടർച്ചയാകുന്നു.

ഫാ. പോൾ സണ്ണി തിരുവനന്തപുരത്ത് തുമ്പ എന്ന തീരഗ്രാമത്തിൽനിന്നുള്ള കവിയാണ്. 2008 മാർച്ചിൽ പുരോഹിതനായി കർമമേല്ക്കുന്ന നാളിൽത്തന്നെ അദ്ദേഹത്തിന്റെ ആദ്യകവിതകൾ കടലെഴുത്ത് എന്ന പേരിൽ പ്രകാശിതമായി. ഇടയനായ കവിയുടെ ആദ്യരചനയിൽ അദ്ദേഹം തന്റെ എഴുത്തുനിലപാട് വ്യക്തമാക്കി. പതിനാല് വർഷത്തിനിപ്പുറം, പാകപ്പെടലുകളുടെയും തിരിച്ചറിവുകളുടെയും അനുഭവങ്ങളാൽ ആഴപ്പെട്ട രണ്ടാമത്തെ കവിതക്കൂട്ടം സ്രാവിന്റെ ചിറകുള്ള പെണ്ണ് ഇപ്പോഴിതാ വെളിച്ചം കണ്ടിരിക്കുന്നു. മുപ്പത്തിയെട്ട് കവിതകളുടെ ഈ പുസ്തകം മാതൃഭൂമിയുടെ ഗ്രാസ് റൂട്സ് ആണ് പ്രസാധനം ചെയ്തിരിക്കുന്നത്. കവി കുരീപ്പുഴ ശ്രീകുമാറിന്റെ ആമുഖവും ഡോ എൻ രേണുകയുടെ പഠനവും ഈ കവിതകൾക്ക് അഴകും അർത്ഥവും പകരുന്നു.

കടലിടത്തിന്റെ തന്മയെ മൊഴിയാക്കുന്ന കടപ്പെറപാസയിൽത്തന്നെ കുറിച്ചിരിക്കുന്ന പന്ത്രണ്ട് കവിതകൾ (കുമ്പാരി, പത്രാക്ക്, കട്ടമരം, പുറങ്കടൽ, വേളാ കെമ്പ്ണ്, തെരണ്ടി, വാങ്ക് വരണ്, ഒപ്പാരി, ആമച്ചോര, മുതലപ്പൊഴി, തൊറക്കാര്, ഒതക്കളി) കടൽജീവിതങ്ങളുടെ നേരവസ്ഥകളുടേതാണ്; മറ്റ് കവിതകൾ പൊതു എഴുത്തിന്റെ വഴികളിൽ ചിട്ടപ്പെടുത്തിയതും.

തീരത്തെ എഴുത്തിൽ സാമാന്യമായി കടന്നുവരുന്ന പ്രമേയം കടൽ്ജീവിതത്തിന്റ തിരസ്കാരചിത്രങ്ങളും സാമാന്യനാൾവഴികൾ സമ്മാനിക്കുന്ന ജീവിതനിഷേധങ്ങളും ആയിരിക്കെ തന്മയെ വെളിപ്പെടുത്തുന്നതിലേക്ക് സാമൂഹികസാംസ്കാരിക സൂചകങ്ങളെ കരുത്തോടെ കവിതയിൽ അവതരിപ്പിക്കുകയും കടലറിവിന്റെ മികവുകളെ മഹിതമായി പാടുകയുമാണ് ഈ കവിതകൾ. തീരമൊഴി അടക്കംപറച്ചിലുകളായി വീടകങ്ങൾക്കും തൊഴിലിടങ്ങൾക്കും വേണ്ടി പിന്നിലേക്ക് നീക്കിനിർത്തേണ്ടിവരുന്നതിന്റെ ദൈന്യമുണ്ട് ഈ കവിതകളിൽ … എന്നാൽ പുറംലോകത്തിനൊപ്പം നിലവാരപ്പെട്ട മൊഴിയും തങ്ങൾക്ക് വഴങ്ങുമെന്നും തെളിവേകാൻ പ്രമേയം കൊണ്ടും ആഖ്യാനം കൊണ്ടും മെച്ചമായ കവിതകൾ മെനയുമ്പോൾ പിളർക്കപ്പെട്ട സ്വത്വത്തിന്റെ നിഴലുകൾ മിന്നിമറയുന്നു.

ഈ കവിതകളിലെ നെയ്തൽ തിണക്കവിതയാണ് കുമ്പാരീ. മാമോദീസ വഴിയായി കിട്ടുന്ന തലതൊട്ടപ്പനാണ് കുമ്പാരി. ഏത് ചടങ്ങിനും മുന്നിട്ടുനില്ക്കുന്ന കാർന്നോര് . കുമ്പാരി താങ്ങേണ്ടവൻ കൂടിയാകുമ്പോൾ ഏത് നോവും നേരായിപ്പറയാം .കടൽവറുതിയും ഇല്ലായ്മകളും തിരയ്‌ക്കൊപ്പം ഉയർന്നെത്തുമ്പോൾ, “റേഷനരിയുടെ മണമാക്കും ദൈവം’ എന്ന് മാറത്തലയ്ക്കുന്ന മീനവർ പറയാതെപറയുന്ന നേരുകൾ കനപ്പെട്ടതാണ്.

മതവും രാഷ്ട്രീയവും അണികളായി കൊണ്ടുനടക്കുമ്പോഴും അംഗീകാരമില്ലാത്ത അടിമകളായി തുടരുന്നവരുടെ വിഷാദം “എങ്കളുടെ കവരുകൊ മാത്രം പൂക്കിണില്ല’ എന്ന വരികളിൽ തിളയ്ക്കുകയാണ്.

“നാങ്കോ പാലാളി കടഞ്ച് കുടിച്ചിട്ടില്ല
ചങ്ക് കടഞ്ച് എടുത്തതാക്കും എന്ന കടൽ’ എന്ന് കടലിനെ ഉള്ളിലേക്ക് എടുക്കുന്ന കരുത്തിൽ പൊതു മിത്തുകളുടെ അപനിർമിതി ശക്തമാണ്. കടലേറ്റവും കടൽ കൈയേറ്റവും മാറിമാറി നേരിട്ട് പരവശമാകുന്നവർക്ക് നാങ്കോ x നീങ്കോ എന്ന വേറിടലിന്റെ രാഷ്ട്രീയം നിശ്ചയമുണ്ട്.

ക്രൈസ്തവവിശ്വാസമേറ്റ കടൽജീവിതങ്ങൾ നൂറ്റാണ്ടുകളായി തൊഴിലിടത്തിനും ആചാരവഴക്കങ്ങൾക്കുമിടയിൽ തുരുത്തുകളായി അടുത്തുമകന്നും നോവറിഞ്ഞവരാണ്. അവരുടെ തനിമയുള്ള സ്വരം ഇടർച്ച വീണ പത്രാക്ക് എന്ന കടൽച്ചെണ്ടയാണ് എന്ന് പ്രതീകാത്മകമായി പറഞ്ഞുവയ്ക്കുന്ന പത്രാക്ക് എന്ന കവിത കടൽജീവിതത്തിന്റെ മെറ്റഫർ ആയിത്തീരുന്നു . മരമണിയും ചിന്ത് പാട്ടും തൂമ്പാവും നാഗരികാണലും നിറയുന്ന പെസഹാക്കാലം വേറിട്ട മാനങ്ങളുടേതാണ്.

“ഒള്ളതെല്ലാം നാൻ നേരേ മൊകത്ത് പാത്ത് ചൊല്ല്’ എന്ന് അധികാരികളെ നേരിടാൻ കഴിഞ്ഞാലും പത്രാക്ക് എന്ന കടൽച്ചെണ്ടയ്ക്ക് ആരവങ്ങളിൽ മാഞ്ഞുപോകാനാണ് വിധി. നിരാകരിക്കപ്പെടുന്നവന്റെ ഉൾത്താപം പൊള്ളലേല്പിക്കുന്നതാണ് .

“നെയ്തൽത്തിണയുടെ
നീരായത്തിലുണ്ടെന്റെ
ചരിത്രം !
മൊഴിമാറ്റം ചെയ്യാനാവില്ല
ഞങ്ങടെ കടപ്പൊറപ്പാസ!!’ (തിണ )
എന്ന് തിണയോടിണങ്ങുന്ന കവിതകൾകൊണ്ട് ചരിത്രം തീർക്കുന്നു കവി.

“ഒരു ദളിതനോ മുക്കുവനോ
എന്നാണ് ഞങ്ങളുടെ
നാട്ടിൽ വാഴ്ത്തപ്പെട്ടവനായി
വാഴിക്കപ്പെടുക ?’ (പാമരദൈവം ) എന്ന മുറിവേൽക്കൽ;

“കടൽ വന്നെന്റെ തീരം
മുറിച്ചെടുത്തു
എന്റെ കുടിലിനെ,
കിടാങ്ങളെ
കടൽക്കലി കൊണ്ടുപോയി’ (പുറങ്കടൽ) എന്ന നിസ്സഹായതയുടെ പേരും നോവ്;

“ഒരുക്കാകൂടിയെൻ
ചെല്ലമൊവന്
പെറ്റതായ കന്നത്തില്
മുത്തമിടട്ടേ !’ (ഒപ്പാരി ) എന്ന അമ്മമാരുടെ ചിന്തുകൾ;

“ഊതിവീർപ്പിച്ച നുണകൾ
വിക്കുകൂടാതെ പറയുന്ന-
താണല്ലോ നമ്മുടെ ചരിത്രം.
എങ്കിലും നേരിന്റെയൊരു
കുറിമാനമെങ്കിലും ചരിത്രത്തിൽ
പതിയാതിരിക്കില്ല. (തിരപ്പൂട്ട് ) എന്ന മാറ്റത്തിനായുള്ള വിങ്ങൽ;

ഇങ്ങനെ എത്രയെത്ര മൊഴിപ്പൊരുളുകളുടെ വേലിയേറ്റമാണ് ഈ കവിതകൾ പാടുന്നത്!

കടൽത്തീരത്തിൽ നിന്നൊരു ആക്വാനോട്ടിനെയാണ് സ്രാവിന്റെ ചിറകുള്ള പെണ്ണ് എന്ന കവിതയിൽ കവി അഭിമാനത്തോടെ പരിചയപ്പെടുത്തുന്നത്. അവശതകൾക്കിടയിലും കനവ് നെയ്യുന്ന ചരിത്രത്തിളക്കങ്ങൾ പ്രതീക്ഷയുടേതാണ്. അനീഷയെപ്പോലെ കടലറിയാൻ ഇറങ്ങുന്ന ഗവേഷകർ ഇനിയും ഇവിടെയുണ്ട് … കേരളതീരത്തിന്റെ റെയ്‌ച്ചൽ കാഴ്‌സൺമാരും സിൽവിയ ഏൾമാരും… അവരുടെ കനൽവഴികളിലാണ് തീരവും കവിയും നാളെയെ പ്രതീക്ഷയോടെ അടയാളപ്പെടുത്തുന്നത്.

കടലറിവുകളിൽനിന്ന് ഇണങ്ങിയ രൂപകങ്ങൾ(metaphor ) കണ്ടെത്തി കവിതയ്ക്ക് തിണമാനം പകരുകയാണ് കവി. അധിനിവേശമൊഴിപ്പകിട്ടുകളെ റദ്ദുചെയ്തുകൊണ്ട് തനിമയുള്ള മേൽവിലാസം അപനിർമ്മിച്ചെടുക്കുന്ന ചരിത്രമെഴുത്താണ് കവിയുടെ കടലെഴുത്തിൽ വായിക്കുന്നത്.

കടലെഴുത്തുകാർക്ക് കുമ്പാരികളില്ല; പുറമെഴുത്തിന്റെ തമ്പുരാക്കൻമാരെ വണങ്ങാതെ, കയങ്ങളിലും നിലവെള്ളം ചവുട്ടി ഈ കടൽ കടന്നെത്തുമെന്ന അഭിമാനം ഒരു കീഴാളരാഷ്ട്രീയമായിത്തന്നെ ഫാ. പോൾ സണ്ണി പുലർത്തുന്നു.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

seventeen − 7 =

Most Popular