Saturday, May 18, 2024

ad

Homeനാടൻകലമാപ്പിള കോൽക്കളി

മാപ്പിള കോൽക്കളി

പൊന്ന്യം ചന്ദ്രൻ

ലബാറിലെങ്ങും മുന്പ്‌ പ്രചാരത്തിലുണ്ടായിരുന്ന കലാരൂപമാണ്‌ കോൽക്കളി. കളരി ആയോധനമുറയുടെ ശീലങ്ങളും നാടൻപാട്ടിന്റെ ശീലുകളും സമന്വയിപ്പിച്ച കലാരൂപമായാണ്‌ ഇത്‌ അവതരിപ്പിക്കപ്പെട്ടുപോന്നത്‌. തോറ്റുകൊടുക്കാൻ മനസ്സില്ലാത്ത യോദ്ധാവിന്റെ മുഖഭാവത്തോടെയുള്ള പ്രകൃതം നിൽപ്പിലും ചുവടുവെപ്പിലും കളിക്കാർ പ്രകടമാക്കിക്കൊണ്ടിരുന്നു. പോർക്കളത്തിൽ പൊരുതാനെത്തിയ പോരാളിയുടെ പടയൊരുക്കംപോലെ ചടുലതയാർന്ന താളവിളംബത്തോടെ അഭ്യാസമികവിന്റെ കോൽ സകലമാന അടവുകളും വെട്ടി തടുത്ത്‌ ഓരോ ചുവടും മുന്നേറാനാവുന്ന കോൽക്കളിക്കാരനാവണം അരങ്ങിൽ.

കളരിമുറയും കോൽക്കളിയും തമ്മിൽ അനന്യമായ ബന്ധം അരങ്ങിലാകമാനം കാണാം. കളരി അഭ്യാസത്തിലെ രണ്ടാംവിഭാഗമായ കോൽത്താരിയുമായി കോൽക്കളിക്ക്‌ ഏറെ സാമ്യമുണ്ട്‌. വെട്ടി തടുത്ത്‌ ചടുലവേഗത്തിൽ മുന്നേറ്റം പ്രകടമാക്കാൻ കഴിയുന്ന കലാരൂപമായി തന്നെയാണ്‌ കോൽക്കളി അറിയപ്പെടുന്നത്‌.

പഴയകാല കലാരൂപങ്ങളുടെ ആവിർഭാവത്തിനു പിന്നിൽ വ്യത്യസ്‌തങ്ങളായ കഥകൾ പ്രചരിക്കുന്നതുപോലെ കോൽക്കളിയുടെ കാര്യത്തിലും (മാപ്പിള കോൽക്കളി അടക്കം) ഇങ്ങനെ പല കഥകളും പ്രചാരത്തിലുണ്ട്‌.

ഏകദേശം ആറായിരം വർഷംമുന്പ്‌ അറേബ്യൻ നാട്ടിലെ കാനാൻ ദേശത്തെ (ഇപ്പോൾ അതേപേരിൽ ഒരിടം ഉണ്ടാവാനിടയില്ല) പ്രവാചകനായിരുന്ന യാക്കൂബ്‌ നബിയുടെ അജപാലകരായി (ആടിനെ മേയ്‌ക്കുന്നവർ) അയാളുടെ മക്കൾതന്നെയാണ്‌ ജോലിചെയ്‌തിരുന്നത്‌. ആടുകളെ മേയ്‌ക്കാൻ കൊണ്ടുപോകുമ്പോൾ കൈയിൽ കരുതിയ ചെറിയ വടികൾ കൂട്ടിമുട്ടിച്ച്‌ ശബ്ദമുണ്ടാക്കുമായിരുന്നു. വിശ്രമവേളകളിൽ പ്രത്യേക താളത്തിലും സൗകുമാര്യത്തോടെയും ഈ ചെറുവടികൾ മുട്ടിയുള്ള കളി പരുവപ്പെടുകയായിരുന്നു. ഇതാണ്‌ കാലാന്തരത്തിൽ കോൽക്കളിയായി മാറിയത്‌ എന്ന പുരാവൃത്തമുണ്ട്‌.

അറക്കൽ രാജവംശത്തിലെ ആലിരാജയുടെ സ്ഥാനാരോഹണ സമയത്ത്‌ മോയിൻകുട്ടി വൈദ്യർ എഴുതിയ
മണ്ണിൽ മികൈന്ത
ബഹുമാനമാം കണ്ണൂർ
അറക്കൽ മഹിമാ
സുഖത്തിൽ വാഴും
ആലിരാജ ഹബീബ്‌ സുൽത്താൻ
എന്ന പാട്ടുപാടി പൈതൽ മരക്കാന്റെ നേതൃത്വത്തിൽ അവതരിപ്പിച്ച വൈമല കൂത്താണ്‌ മാപ്പിള കോൽക്കളിയുടെ പിറവിക്ക്‌ കാരണമെന്ന്‌ അനുമാനിക്കപ്പെടുന്നുമുണ്ട്‌.

ആദ്യകാല കളരി ഗുരുക്കന്മാർ അവരുടെ സാംസ്‌കാരിക സ്വത്വം ഉൾക്കൊള്ളുന്ന കലാരൂപം കളരിമുറകളിൽനിന്നും രൂപപ്പെടുത്തിയെടുത്ത്‌ മാപ്പിള കോൽക്കളി പറയുന്നുണ്ട്‌. നാടോടി പാരന്പര്യത്തിന്‌ മുസ്ലിം സമുദായത്തിൽനിന്നും ലഭിച്ച വിനോദ കലാരൂപമായിട്ടാണ്‌ നാടൻ കലാചരിത്രകാരർ മാപ്പിള കോൽക്കളിയെ വിലയിരുത്തുന്നത്‌. വടക്കെ മലബാറിലെ കടലോരമേഖലയിലായിരുന്നു ഈ കലാരൂപത്തിന്റെ ആദ്യകാല പ്രചാരണം ശക്തിപ്പെട്ടതെന്ന്‌ മനസ്സിലാക്കാനാവും. കടലിൽനിന്നും തിരികെയെത്തുന്ന മത്സ്യത്തൊഴിലാളികൾക്ക്‌ ലഭിക്കുന്ന ദീർഘമായ ഇടവേളകളായിരുന്നു ഈ മേഖലയിൽ ഇതിന്‌ നല്ല പ്രചാരം ലഭിക്കാൻ കാരണമായതെന്ന്‌ കണ്ടെത്താനാവും.

കടലിരന്പത്തെ സാക്ഷിയാക്കി അതിന്റെ തിരമാലകളുടെ രൗദ്രതയാർന്ന ഉറഞ്ഞുതുള്ളലിനിടയിൽ മനുഷ്യപ്പറ്റിന്റെ ഉണർത്തുപാട്ടുപോലെ കടൽക്കരയിൽ കോൽക്കളി മുറുകിത്തുടങ്ങുകയായിരുന്നു. വടക്കൻ, മധ്യമലബാർ, തെക്കൻ വിഭാഗങ്ങളിലായി പറയത്തക്ക ഭേദങ്ങളില്ലാതെതന്നെയാണ്‌ കോൽക്കളി അവതരിപ്പിച്ചുപോന്നത്‌. തലശ്ശേരി പൈതൽ മരക്കാറും അന്പാടി മരക്കാറും ഗോപാലൻ ഗുരുക്കളും വടകരയിൽ ഹുസ്സൻകുട്ടി കുരിക്കളും ചക്കരക്കി അബ്ദുറഹ്‌മാൻകുട്ടി കുരിക്കളും തിക്കോടി ഹാജി കുരിക്കളും പയ്യോളി മൊയ്‌തു കുരിക്കളും വടക്കൻ കോൽക്കളിയിലെ കൃതഹസ്‌തരായ പരിശീലകരായിരുന്നു. ചാലിയം, പൊന്നാനി കേന്ദ്രങ്ങളിലെ തെക്കൻ ശൈലിയെ കെ സി അബൂബക്കർ മാസ്റ്റർ, മൂസ കുരിക്കൾ, ചാലിയാർ കുഞ്ഞഹമ്മദ്‌ കുരിക്കൾ, മൊയ്‌തീൻകോയ കുരിക്കൾ തുടങ്ങിയവരാണ്‌ പരിശീലിപ്പിച്ചുപോന്നത്‌. മുസ്ലിം കല്യാണവീടുകളിലും പൊതു ആഘോഷ പരിപാടികളിലും അപൂർവമായി മാത്രം പ്രത്യക്ഷപ്പെടുന്ന കലാരൂപമായി ഇന്ന്‌ മാപ്പിള കോൽക്കളി ചുരുങ്ങിപ്പോയിട്ടുണ്ട്‌.

പന്ത്രണ്ടുമുതൽ പതിനാറുവരെ അംഗങ്ങളാണ്‌ സാധാരണ മാപ്പിള കോൽക്കളിയിൽ അണിനിരക്കാറുള്ളത്‌. മാപ്പിളമാരായ മത്സ്യത്തൊഴിലാളികളുടെ വേഷത്തിലാണ്‌ കോൽക്കളിക്കാർ അവതരണത്തിനിറങ്ങുന്നത്‌. കൈയുള്ള ബനിയൻ, പാദത്തിനു മുകളിൽ കയറ്റിയുടുത്ത കള്ളിമുണ്ട്‌, വീതികൂടിയ പച്ച ബൽട്ട്‌ (അരപ്പട്ട), ഉറുമാലുകൊണ്ട്‌ (ടവ്വൽ) തലയിൽകെട്ട്‌ തുടങ്ങിയ വേഷം മാപ്പിള കോൽക്കളിക്കാരുടെ പരന്പരാഗത വസ്‌ത്രരീതിയായി ഗണിച്ചുപോരുന്നു. തെങ്ങിന്റെയോ കമുങ്ങിന്റെയോ മൂപ്പെത്തിയ അലക്‌ വടി ഒന്നരയടി നീളത്തിൽ ചെത്തിയെടുത്ത്‌ ഉപയോഗിക്കുന്നു. കളിക്കിടയിൽ പ്രത്യേക താളത്തിൽ ഒച്ചയുണ്ടാക്കാനായി ഈ കോലിന്റെ കൈപ്പിടിക്ക്‌ താഴെ ചിലന്പ്‌ കെട്ടിവെക്കാറുണ്ട്‌. പിച്ചളയോ ഓടോകൊണ്ടുള്ള ഈ ചിലന്പിനകത്തെ മണി, കൈയുടെ ചലനത്തിനൊത്ത്‌ ഒച്ചവെക്കുന്നതിന്റെ ശബ്ദസൗകുമാര്യം ആരാലും ശ്രദ്ധിക്കപ്പെടുന്നതാണ്‌. വട്ടപ്പാട്ടോടുകൂടി തുടങ്ങുന്ന കളി ഒട്ടേറെ അടക്കങ്ങളിലൂടെ കുതിച്ചുകയറുകയാണ്‌.

മർമചികിത്സകരായവർ കോൽക്കളിയിലെ അഗ്രഗണ്യരാണെന്ന്‌ പൊതുവെ അഭിപ്രായമുണ്ട്‌. കേരളത്തോട്‌ ചേർന്നുകിടക്കുന്ന കർണാടകയുടെ ഭാഗങ്ങളിൽ മർമചികിത്സകരായി ഒട്ടേറെപ്പേർ ഉണ്ടായതായി പറയുന്നുണ്ട്‌. ഇവരുടെ മർമചികിത്സാ പ്രചാരണത്തിന്റെ ഭാഗമായ സഞ്ചാരത്തിലൂടെയാണ്‌ വടക്കെ മലബാറിൽ, മാപ്പിള കോൽക്കളിക്ക്‌ പ്രചാരം കിട്ടിയതെന്ന്‌ കരുതുന്നവരുണ്ട്‌. നദിപോലെ തുടങ്ങി കടൽപോലെ പ്രക്ഷുബ്ധമായി ഒടുവിൽ ശാന്തത കൈവരിക്കുന്ന അവതരണരീതി പൊതുവെ കോൽക്കളിയുടെ പ്രയോഗതലത്തിലെ പ്രത്യേകതയായി കാണാനാവും. മലബാറിലെ മുസ്ലിം കല്യാണവീടുകളിലും ഇസ്ലാമിക ആഘോഷങ്ങളിലും ദഫ്‌മുട്ട്‌, അറവനമുട്ട്‌, ഒപ്പന, കുത്തിറാത്തീബ്‌ എന്നിവയ്‌ക്കൊപ്പം മാപ്പിള കോൽക്കളിയും അവതരിപ്പിച്ചുപോരുന്നുണ്ട്‌.

കഴിഞ്ഞ മുന്നൂറ്‌ കൊല്ലത്തിനിടയിലാണ്‌ മാപ്പിള കോൽക്കളി പ്രചരിച്ചതും തലമുറകളായി ഏറ്റെടുത്ത്‌ കൂടുതൽ പേരിലേക്ക്‌ എത്തിക്കുന്ന നിലയുമുണ്ടായത്‌. മനുഷ്യകുലത്തിന്റെ ചരിത്രത്തിൽ അതിന്റെ പ്രയാണം വിവിധങ്ങളായ സംസ്‌കാരം സ്വീകരിച്ചും പലതും നിരാകരിച്ചും ചിലതൊക്കെ നവീകരിച്ചുംകൊണ്ടുള്ളത്‌ തന്നെയാണ്‌. ഓരോ ദേശത്തിന്റെയും സാംസ്‌കാരിക അവബോധവും അവഗാഹവും കാലോചിതമായി തിരിച്ചറിയാൻ വിവിധങ്ങളായ കലാരൂപങ്ങളും കലാ അവതരണങ്ങളും തന്നെയാണ്‌ ഏറെ സഹായിച്ചിട്ടുള്ളത്‌. ഈ നിലയിൽ മാപ്പിള കോൽക്കളിക്ക്‌ കേരളമാകെ പ്രചാരണത്തിന്റെ പാരന്പര്യം അവകാശപ്പെടാൻ കഴിയില്ലെങ്കിലും ഒരു ദേശത്തിന്റെ സാംസ്‌കാരികപ്പെരുമ അടയാളപ്പെടുത്തും മട്ടിൽ തന്നെ അതിന്റെ ദൗത്യം നിർവഹിക്കാൻ സാധിച്ചിട്ടുണ്ട്‌. വരുംനാളിൽ പൂർണമായും വിസ്‌മൃതിപൂണ്ടാലും ചരിത്രപഥത്തിൽ കലാമികവോടെ ഓർത്തെടുക്കാൻ മാപ്പിള കോൽക്കളി എന്ന കലാരൂപം ഉണ്ടാകും.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

seventeen + 15 =

Most Popular