Tuesday, September 17, 2024

ad

Homeചിത്രകലരേഖാചിത്രരചനയിലെ ആത്മാർപ്പണം

രേഖാചിത്രരചനയിലെ ആത്മാർപ്പണം

കാരയ്‌ക്കാമണ്ഡപം വിജയകുമാർ

എ കെ ഗോപിദാസ്‌

ചിത്രകലയും അച്ചടിമാധ്യമ സംസ്‌കാരവും തമ്മിലുള്ള ഇഴയടുപ്പം ചർച്ചചെയ്യപ്പെടുമ്പോൾ ഏറെ സജീവമാകുന്നത്‌ രേഖാചിത്രരചനയുടെ പങ്കിനെക്കുറിച്ചാണ്‌. സർഗാത്മകമായ സാഹിത്യരചനകൾ വായിക്കുമ്പോൾ, അതിലേക്ക്‌ നിർവചനാത്മകമായ വഴിതുറക്കലാകുന്നു രേഖാചിത്രങ്ങൾ. മറ്റൊരർഥത്തിൽ സാഹിത്യരചനയോടൊപ്പമോ അതിനുമുകളിലോ എത്തിനിൽക്കുന്നു നമ്മുടെ രേഖാചിത്രങ്ങൾ. പ്രമുഖ ചിത്രകാരർ പലരും അവരുടെ പതിവ്‌ ശൈലിയിൽനിന്ന്‌ സാഹിത്യരചനയുടെ ശക്തിയും സൗന്ദര്യവും കൂടി ആവാഹിച്ചുകൊണ്ടാണ്‌ രേഖാചിത്രങ്ങളൊരുക്കുന്നത്‌. സാഹിത്യരചനയിലെ സത്യവും ജീവിതമുഹൂർത്തങ്ങളിലെ യാഥാർഥ്യവും കൂടിച്ചേർത്താണ്‌ എഎസും നമ്പൂതിരിയുമടങ്ങുന്ന ചിത്രകാരർ രേഖാചിത്രരംഗത്ത്‌ ശ്രദ്ധേയരായത്‌. രേഖാചിത്രരചനയിൽ പുതിയ അടയാളപ്പെടുത്തലുകളോടെ പുതുമ സൃഷ്ടിച്ച എം വി ദേവൻ, എം ഭാസ്‌കരൻ എന്നിവരെയും ഓർക്കേണ്ടതുണ്ട്‌. ആശയത്തിലും പ്രയോഗത്തിലുമുള്ള പുതുമ മേൽപ്പറഞ്ഞ ചിത്രകാരന്മാരൊക്കെ സ്വീകരിച്ചിട്ടുണ്ട്‌. സാഹിത്യരചനയിലെ വായനയുടെയും കാഴ്‌ചയുടെയും വിവിധതരം അഭിരുചികളിൽനിന്ന്‌ പുതിയൊരു കാഴ്‌ചയെയാണ്‌ രേഖാചിത്രങ്ങളിലൂടെ ആവിഷ്‌കരിക്കപ്പെടുന്നത്‌. സാഹിത്യരചനയുടെ ഉൾക്കരുത്തിൽ ഊന്നിനിന്നുകൊണ്ട്‌ എഴുത്തിന്റെയും വരയുടെയും പൊതുവായ ഒരു ഭാവതലം കൂടിയാണ്‌ ഈ ചിത്രകാരരുടെ രചനകളിൽ കാണാനാവുക. പുതിയ തലമുറയിലെ ഒരുപിടി രേഖാചിത്രകാരർ ഈ രംഗത്ത്‌ ശ്രദ്ധേയരായവരുണ്ട്‌. അവരിൽ തലമുതിർന്ന ചിത്രകാരൻകൂടിയാണ്‌ എ കെ ഗോപിദാസ്‌.

മനുഷ്യരൂപങ്ങൾ, പ്രകൃതി, ജീവജാലങ്ങൾ, മറ്റ്‌ വസ്‌തുക്കൾ ഇവയിലൊക്കെ ഒളിഞ്ഞിരിക്കുന്ന പുതുമയും അർഥവ്യാപ്‌തിയും രേഖകളിലൂടെ പൂർണത നൽകി വായനക്കാർക്കിടയിൽ അവതരിപ്പിച്ച്‌ സ്വീകാര്യത നേടിയ ചിത്രകാരനാണ്‌ ഗോപിദാസ്‌. സ്വന്തം ചിത്രഭാഷയിലൂടെ, ശൈലിയിലുടെ ചലനാത്മകമായ ഭാവുകത്വം ആവിഷ്‌കരിച്ചുകൊണ്ടാണ്‌ തന്റെ രേഖാചിത്രങ്ങൾ അദ്ദേഹം സമ്പന്നമാക്കിയത്‌. നാലുപതിറ്റാണ്ടിലേറെയായി രേഖാചിത്രരംഗത്ത്‌ സജീവമാണ്‌ ഗോപിദാസ്‌. ആത്മാർപ്പണത്തിന്റെ തെളിമയോടെ സത്യസന്ധതയും ഗ്രാമീണതയും പാരമ്പര്യവും സംസ്‌കാരവുമൊക്കെ തന്റെ വരയിൽ ചേർത്തുപിടിക്കുമ്പോഴും ആധുനികതയുടെ ഭാവതലങ്ങൾ അറിഞ്ഞോ അറിയാതെയോ ചിത്രങ്ങളിലേക്ക്‌ കടന്നുവരുന്നതും കാണാനാവും, പ്രകൃതിയും മനുഷ്യരും ഇഴചേർന്ന നൂറുകണക്കിന്‌ ചിത്രങ്ങളിലൂടെ (മലയാളത്തിലെ പ്രധാനപ്പെട്ട ആനുകാലികങ്ങളിലൂടെയൊക്കെ). കുട്ടിക്കാലത്ത്‌ നോട്ടുബുക്കിന്റെ താളുകളിൽ വരച്ച രേഖാചിത്രങ്ങളിൽനിന്നാണ്‌ ഗോപിദാസിന്റെ വര തുടങ്ങുന്നത്‌. തൃപ്പൂണിത്തുറ ആർഎൽവിയിലെ കലാപഠനകാലത്തും രേഖാചിത്രങ്ങളിലായിരുന്നു പ്രിയം. അക്കാലത്തും പിന്നീടുമെല്ലാം എണ്ണച്ഛായ ‐ അക്രിലിക്‌ പെയിന്റിങ്ങുകൾ ചെയ്യുമെങ്കിലും രേഖാചിത്രങ്ങളിലായിരുന്നു എന്നും താൽപര്യം.

എഴുപതുകളിൽ ശ്രദ്ധേയനായ രേഖാചിത്രകാരനായിരുന്ന ഗോപാലന്റെ രേഖകളിലെ കൃത്യതയും എ എസിന്റെ ഭാവാത്മകതയും നമ്പൂതിരി ചിത്രങ്ങളുടെ ദർശന ലാവണ്യവും തന്റെ രേഖകൾക്ക്‌ ഉൾക്കരുത്ത്‌ പകർന്നുവെന്ന്‌ ഗോപിദാസ്‌ പറയുന്നു. ഇതു പറയുമ്പോഴും വരയ്‌ക്കാനുള്ള ആത്മധൈര്യം നൽകുന്നത്‌ കെ സി എസ്‌ പണിക്കരുടെ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്ന ചിത്രങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

കഥയുടെ സന്ദർഭ വിശദീകരണങ്ങളിലെ കഥാപാത്ര രൂപനിർമിതി ഗോപിദാസിന്റെ പ്രത്യേകതയാണ്‌. നിൽപ്പും നടപ്പും നോട്ടവും ആംഗ്യങ്ങളും ചേർന്നുള്ള ശരീരഭാഷയുടെ സൗന്ദര്യശാസ്‌ത്രം അദ്ദേഹത്തിന്റെ വരയുടെ കരുത്താകുന്നു. കഥാപാത്രങ്ങളുടെ സ്വഭാവമുൾക്കൊള്ളുന്ന മുഖരൂപങ്ങളെ സമൂഹമധ്യത്തിൽ, നമുക്കിടയിൽനിന്ന്‌ നുള്ളിയെടുത്ത്‌ അവതരിപ്പിക്കുമ്പോഴാണ്‌ കഥയും ചിത്രവും ചേർന്നുള്ള പൂർണത ആസ്വാദകമനസ്സിൽ ആഴ്‌ന്നിറങ്ങുക. പ്രമുഖരായ എഴുത്തുകാരുടെ എഴുത്തുഭാഷയിലെ സ്വാഭാവികതയിൽനിന്നും സ്വാംശീകരിച്ചെടുത്ത കഥാപാത്രങ്ങളും പശ്ചാത്തലവുമൊക്കെ ഗോപിദാസിന്റെ ചിത്രഭാഷയിൽ ഭദ്രമാണ്‌. പ്രധാനപ്പെട്ട ആനുകാലികങ്ങളിലൂടെ മലയാളത്തിലെ പ്രധാനപ്പെട്ട എഴുത്തുകാരുടെയെല്ലാം രചനകൾക്ക്‌ ഗോപിദാസ്‌ വരച്ചിട്ടുണ്ട്‌. ഓണപ്പതിപ്പുകളിലടക്കം ഇപ്പോഴും വരയ്‌ക്കുന്നു, സജീവമായി.

രേഖകളുടെ കൃത്യതയും രൂപങ്ങളിലെ ഭാവപ്രകടനവും ചലനാത്മകതയുമാണ്‌ ഗോപിദാസിന്റെ രേഖാചിത്രങ്ങളുടെ പ്രത്യേകത. പുരാണകഥാപാത്രങ്ങളുടെ രേഖാചിത്രണരീതിയിലെ സവിശേഷതയും എടുത്തുപറയേണ്ടതാണ്‌. ഇതിഹാസ കഥാപാത്രങ്ങൾ, ബൈബിൾ കഥാപാത്രങ്ങൾ ഇവയൊക്കെ തന്മയത്വമായി ക്ലാസിക്‌ സ്വഭാവത്തോടെ ദ്രവീഡിയൻ ശിൽപചാരുതയോടെയാണ്‌ ഗോപിദാസ്‌ വരച്ചിടുന്നത്‌. യഥാതഥമായ ശൈലീസങ്കേതങ്ങളിലൂടെ തുടങ്ങുന്ന രേഖകൾ ഒഴികിയൊഴുകി ചിത്രതലമാകെ പടർന്നുകയറുമ്പോൾ പുതിയ കാലത്തിന്റെ ചിത്രമായി അതു മാറുന്നു. കലയും സംസ്‌കാരവും ചേർന്ന വർത്തമാനകാലത്തെ മനുഷ്യജീവിതത്തിന്റെ സങ്കീർണതകളും മാനവികതയെക്കുറിച്ചുള്ള ആകുലതകളുമെല്ലാം ഗോപിദാസ്‌ വരച്ചിടുന്നുണ്ട്‌. എക്‌സ്‌പ്രഷനിസത്തിന്റെ പരുക്കൻ സൂചനകൾ ലളിതവൽക്കരിച്ച ഇദ്ദേഹത്തിന്റെ ഈ രേഖകളിൽ കാണാം. ഒരു രേഖാചിത്രത്തിന്റെ സാക്ഷാത്‌കാരത്തിനാവശ്യമായ രചനാവൈദഗ്‌ധ്യം ഗോപിദാസ്‌ പ്രകടമാക്കുന്നു‐ ചെറിയൊരു ചിത്രത്തിൽപോലും.

 

 

 

 

 

 

 

ദീർഘകാലം പൊതുവിദ്യാഭ്യാസവകുപ്പിന്റെ പ്രസിദ്ധീകരണമായ വിദ്യാരംഗം മാസികയുടെ ആർട്ട്‌ എഡിറ്ററായി സേവനമനുഷ്‌ഠിച്ച്‌ ഈയടുത്തകാലത്താണ്‌ ഗോപിദാസ്‌ വിരമിച്ചത്‌. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള കലാപ്രദർശനങ്ങളിലും ചിത്രകലാ ക്യാമ്പുകളിലും പങ്കെടുത്തിട്ടുള്ള ഇദ്ദേഹത്തിന്റെ രേഖാചിത്രങ്ങൾക്ക്‌ സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റേതടക്കമുള്ള നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്‌. കോട്ടയം ജില്ലയിൽ വെച്ചൂർ എന്ന ഗ്രാമാന്തരീക്ഷത്തിന്റെ വിശുദ്ധിയിൽ കലാകാരരായ (വേണുഗോപാൽ, ശിവദാസ്‌ (ശിൽപി) സഹോദരങ്ങളോടൊപ്പമുള്ള ബാല്യത്തിൽ തുടങ്ങിയ വരകൾ ഇപ്പോഴും സമ്പന്നമായി തുടരുന്നു‐ ധന്യാത്മകമായ രചനാവൈഭവത്തോടെ. നവീനമായ ചിന്തയെയും കാഴ്‌ചയെയും സവീകരിച്ചുകൊണ്ട്‌.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

6 + one =

Most Popular