Wednesday, October 4, 2023

ad

Homeശാസ്‌ത്രംചന്ദ്രൻ ചാന്ദ്രയാനും അപ്പുറം

ചന്ദ്രൻ ചാന്ദ്രയാനും അപ്പുറം

ദിലീപ്‌ മലയാലപ്പുഴ

ശാസ്‌ത്ര സാങ്കേതിക രംഗത്ത്‌ അഭൂതപൂർവമായ മുന്നേറ്റത്തിനാണ്‌ ലോകം സാക്ഷ്യംവഹിക്കുന്നത്‌. ഇതുവഴി ഒരോ ദിവസവും ലഭ്യമാകുന്ന അറിവുകൾ, കണ്ടെത്തലുകൾ, സ്ഥിരീകരണങ്ങൾ തുടങ്ങിയവയെല്ലാം മാനവരാശിയുടെ പുരോഗതിക്കും വളർച്ചക്കും വലിയ സംഭാവന നൽകുന്നു. നിത്യജീവിതത്തിൽ ശാസ്‌ത്രത്തേയും സാങ്കേതികവിദ്യയേയും മാറ്റിനിർത്താനാവില്ല. ശാസ്‌ത്ര ഗവേഷണം ഭൂമിയും കടന്ന്‌ ഗോളാന്തരങ്ങളിലേക്ക്‌ മുന്നേറുകയാണ്‌.

പ്രപഞ്ച രഹസ്യങ്ങൾ തേടിയുള്ള ഗവേഷണങ്ങൾക്ക്‌ ശാസ്‌ത്ര–-സാങ്കേതിക മേഖലയിലുണ്ടായ പുരോഗതി ആക്കംകൂട്ടിയിട്ടുണ്ട്‌. ബഹിരാകാശ ഏജൻസികൾ ഗോളാന്തര പര്യവേക്ഷണങ്ങൾക്കും യാത്രകൾക്കും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്‌. ഐഎസ്‌ആർഒയുടെ ചാന്ദ്രയാൻ 3, ആദിത്യ ദൗത്യങ്ങൾ ഈ രംഗത്ത്‌ വഴിത്തിരിവാണ്‌. അരനൂറ്റാണ്ടിലേറെ നീണ്ട ഇന്ത്യൻ ബഹിരാകാശ ശാസ്‌ത്ര മേഖലയുടെ പടിപടിയായുള്ള വളർച്ചയുടെ ഫലമാണ്‌ ഈ ദൗത്യങ്ങൾ.

ചാന്ദ്രയാൻ മൂന്ന്‌
ചന്ദ്രന്റെ അറിയാത്ത രഹസ്യങ്ങളിലേക്ക്‌ ഊളിയിട്ട്‌ വിവരങ്ങൾ ശേഖരിക്കാൻ ചാന്ദ്രയാൻ 3 ദൗത്യത്തിന്‌ കഴിഞ്ഞു. രണ്ടാഴ്‌ച മാത്രമായിരുന്നു കാലാവധി. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ വിജയകരമായി സോഫ്‌റ്റ്‌ ലാൻഡ്‌ ചെയ്‌ത ആദ്യ കൃത്രിമ പേടകമായി ഇത്‌. ചന്ദ്രന്റെ ഇരുണ്ട മേഖലകളിലെ ജലസാന്നിധ്യത്തെപ്പറ്റി നിർണായക വിവരങ്ങളാണ്‌ പേടകം ലഭ്യമാക്കിയിരിക്കുന്നത്‌. ചാന്ദ്രപ്രതലത്തിൽ എട്ടു സെന്റീമീറ്റർ ആഴത്തിൽ താപനില മൈനസ്‌ 10 ഡിഗ്രി സെൽഷ്യസ്‌ ആണെന്നാണ്‌ കണ്ടെത്തൽ. ജലം ഘനീഭവിച്ച അവസ്ഥയിൽ ഉണ്ടാകുമെന്ന സൂചനയാണിത്‌. ലാൻഡറും റോവറുമടങ്ങുന്ന പേടകം കൈമാറിയ വിവരങ്ങൾ ശാസ്‌ത്രലോകം വിശകലനം ചെയ്യുകയാണ്‌. ഇവ പുറത്തുവരുന്നതോടെ ജലസാന്നിധ്യം, അതിന്റെ അളവ്‌ എന്നിവയെപ്പറ്റിയെല്ലാം കൂടുതൽ വൃക്തത കൈവരും. ജൂലൈ 14ന്‌ ശ്രീഹരിക്കോട്ട സതീഷ്‌ ധവാൻ സ്‌പേയ്‌സ്‌ സെന്ററിൽ നിന്നായിരുന്നു വിക്ഷേപണം. ലാൻഡർ, റോവർ, പ്രപ്പൽഷൻ മോഡ്യൂൾ എന്നിവടയടങ്ങിയ പേടകത്തെ ഭൂഭ്രമണപഥത്തിൽ നിന്ന്‌ ഘട്ടംഘട്ടമായി പഥം ഉയർത്തി ചന്ദ്രനിലേക്ക്‌ തൊടുത്തു വിടുകയായിരുന്നു. (ശക്തിയേറിയ റോക്കറ്റുകളും ജ്വലന സാങ്കേതിക വിദ്യയുമുള്ള രാജ്യങ്ങൾ ചന്ദ്രനിലേക്ക്‌ നേരിട്ട്‌ പേടകങ്ങളെ തൊടുക്കുകയാണ്‌ ചെയ്യുന്നത്‌) 25 വരെ ഭൂമിയെ ഭ്രമണം ചെയ്‌ത പേടകം ആഗസ്‌റ്റ്‌ ഒന്നിന്‌ ചന്ദ്രനിലേക്ക്‌ നേരിട്ട്‌ യാത്ര തുടങ്ങി. ആഗസ്‌റ്റ്‌ 5ന്‌ ചന്ദ്രന്റെ ആകർഷണ വലയത്തിലേക്ക്‌ കൃത്യതയോടെ എത്തി. തുടർന്ന്‌ ത്രസ്‌റ്ററുകൾ ജ്വലിപ്പിച്ച്‌ ചന്ദ്രന്റെ പ്രതലത്തിലേക്ക്‌ ഘട്ടം ഘട്ടമായി താഴ്‌ത്തുന്ന പ്രക്രിയ തുടങ്ങി. ആഗസ്‌റ്റ്‌ 23 ന്‌ വൈകിട്ട്‌ 5.45 ന്‌ നൂറുകിലോമീറ്റർ അടുത്തു നിന്ന്‌ താഴേക്കുള്ള സോഫ്‌റ്റ്‌ ലാൻഡിങ്‌ പ്രക്രിയ ആരംഭിച്ചു. അതിവേഗത്തിലെത്തിയ പേടകത്തെ ത്രസ്‌റ്റർ ജ്വലിപ്പിച്ച്‌ വേഗത നിയന്ത്രിച്ചു. 6.04ന്‌ ചരിത്രം സൃഷ്ടിച്ച്‌ ചന്ദ്രനിൽ സുരക്ഷിതമായി ഇറങ്ങി. ദക്ഷിണ ധ്രുവത്തിലെ മാൻസിനസ്‌ സി, സിംപേലിസസ്‌ ഗർത്തങ്ങൾക്കരികിലുള്ള സമതലത്തിൽ. നേരത്തെ നിശ്‌ചയിച്ചിരുന്ന സ്ഥലത്തു നിന്ന്‌ മുന്നൂറു മീറ്റർ മാറി അപകടരഹിതമായ മേഖലയിൽ. ആറ്‌ മണിക്കൂറിന്‌ ശേഷം ലാൻഡറിൽ നിന്ന്‌ റോവർ ഇറങ്ങി ചാന്ദ്ര പ്രതലത്തിൽ സഞ്ചാരം തുടങ്ങി. പന്ത്രണ്ട്‌ ദിവസത്തിനിടെ നൂറുമീറ്റർ സഞ്ചരിച്ച റോവർ നിരവധി വിവരങ്ങൾ ശേഖരിച്ചു. ലാൻഡറിലും റോവറിലുമായി ആറ്‌ പരീക്ഷണ ഉപകരണങ്ങളാണുള്ളത്‌. ഇവയെല്ലാം ഇന്ത്യയിലെ ശാസ്‌ത്ര സാങ്കേതിക സ്ഥാപനങ്ങൾ വികസിപ്പിച്ചതാണ്‌.
സൾഫറടക്കം നിരവധി മൂലകങ്ങൾ, ലോഹങ്ങൾ തുടങ്ങിയവയുടെ സാന്നിധ്യം ഇവ തിരിച്ചറിഞ്ഞു. ചന്ദ്രന്റെ നേർത്ത അന്തരീക്ഷം, പ്ലാസ്‌മയുടെ സാന്നിധ്യം, മണ്ണിന്റെ രാസഘടന എന്നിവയെപ്പറ്റിയുമുള്ള വിശദമായ വിവരങ്ങൾ ശേഖരിച്ച്‌ ഭൂമിയിലേക്ക്‌ അയച്ചു.

ചന്ദ്രനിലെ കമ്പനങ്ങളും രേഖപ്പെടുത്തി. ഭാവിയിലെ മനുഷ്യ ദൗത്യങ്ങൾക്കായി ഉപയോഗപ്പെടുത്താനാവുന്ന വിവരങ്ങളാകുമിത്‌. നൂറുകണക്കിന്‌ ചിത്രങ്ങളും ഗർത്തങ്ങളുടെ വിശദാംശങ്ങളും ലഭ്യമായിട്ടുണ്ട്‌. ഒരു ചാന്ദ്ര പകൽ (ഭൂമിയിലെ 14 ദിവസം)ആയിരുന്നു പേടകങ്ങളുടെ പ്രവർത്തന കാലാവധി. ദക്ഷിണ ധ്രുവത്തിൽ പന്ത്രണ്ടാം ദിവസത്തോടെ സൂര്യപ്രകാശം മങ്ങിത്തുടങ്ങിയതിനാൽ ലാന്ററിനേയും റോവറിനേയും സ്ലിപ്പ്‌ മോഡിലാക്കിയിരിക്കുകയാണ്‌. ശരിക്കും ശീതനിദ്രയിൽ! രാത്രികാലത്ത്‌ ഇവിടെ താപനില മൈനസ്‌ 180 ഡിഗ്രി സെൽഷ്യസിലേക്ക്‌ താഴുന്നതിനാൽ പേടകങ്ങൾ അതിശൈത്യത്തെ അതിജീവിക്കുമോ എന്ന്‌ സംശയമുണ്ട്‌. എന്തായാലും സെപ്‌തംബർ 22ന്‌ സൂര്യപ്രകാശം പരക്കുന്നതോടെ ഇവ വീണ്ടും പ്രവർത്തിപ്പിക്കാൻ ഐഎസ്‌ആർഒ ശ്രമിക്കും.

ചാന്ദ്രദൗത്യ തുടർച്ച
ചാന്ദ്രയാൻ 3 ലാൻഡറും റോവറും ഒന്ന്‌, രണ്ട്‌ ചാന്ദ്രയാൻ ദൗത്യങ്ങളുടെ തുടർച്ചയാണ്‌. രണ്ടു ദൗത്യങ്ങളുടെ പരിഷ്‌കരിച്ച പതിപ്പ്‌.

ഇക്കുറി ഓർബിറ്റർ ഇല്ലെന്ന പ്രത്യേകതയുമുണ്ട്‌. 2008 ൽ വിക്ഷേപിച്ച ചാന്ദ്രയാൻ 1 ചന്ദ്രനിൽ ആദ്യമായി ജലസാന്നിധ്യം സ്ഥിരീകരിച്ചു. ഇത്‌ ഓർബിറ്റർ ദൗത്യമായിരുന്നുവെങ്കിലും മൂൺ ഇംപാക്ട്‌ പ്രോബ്‌ എന്ന പരീക്ഷണ ഉപകരണം ദക്ഷിണ ധ്രുവത്തിൽ ഇടിച്ചിറക്കി പരീക്ഷിച്ചു. ചന്ദ്രന്റെ വിശദമായ മാപ്പ്‌ തയ്യാറാക്കാനുമായി. ഒന്നിൽനിന്ന്‌ കുറെക്കൂടി മാറ്റംവരുത്തിയാണ്‌ ചാന്ദ്രയാൻ 2 രൂപകൽപന ചെയ്‌തത്‌. ഓർബിറ്ററിനൊപ്പം ചന്ദ്രനിൽ ഇറങ്ങാനുള്ള ലാൻഡറും റോവറും ഉൾപ്പെടുത്തി. 2019 ജൂലൈ 22ന്‌ വിക്ഷേപിച്ചു. എന്നാൽ ദക്ഷിണ ധ്രുവത്തിൽ ലാൻഡർ ഇറക്കുന്നതിനുള്ള ശ്രമം അവസാനനിമിഷം പരാജയപ്പെട്ടു. സോഫ്റ്റ് ലാൻഡിംഗിന്‌ ശ്രമിക്കവെ പേടകം നിയന്ത്രണം വിട്ട്‌ ഇടിച്ചിറങ്ങി തകർന്നു. സ്ഥല നിർണയം, വേഗത നിയന്ത്രണം എന്നിവയിൽ പേടകത്തിന്റെ സ്വയം നിയന്ത്രിത സംവിധാനത്തിനുണ്ടായ പാളിച്ചയാണ്‌ കാരണം. എന്നാൽ ദൗത്യത്തിലെ ഓർബിറ്റർ ഇപ്പോഴും ചന്ദ്രനെ ഭ്രമണം ചെയ്യുന്നുണ്ട്‌. മൂന്നാം ചാന്ദ്ര ദൗത്യത്തിലെ ലാൻഡറിന്‌ ഭൂമിയുമായി ആശയവിനിമയത്തിനും ഈ ഓർബിറ്ററായിരുന്നു സഹായി. രണ്ട്‌ ദൗത്യങ്ങളിൽ നിന്ന്‌ പാഠങ്ങൾ പഠിച്ച്‌ വേണ്ട മാറ്റങ്ങൾ വരുത്തിയായിരുന്നു ചാന്ദ്രയാൻ 3ന്റെ രൂപകൽപന. നാല്‌ കാലുകളടക്കം ശക്തിപ്പെടുത്തി. പ്രത്യേക സെൻസറുകൾ, കാമറകൾ എന്നിവ ഉൾപ്പെടുത്തി. ഇവയെല്ലാം ദൗത്യം സമ്പൂർണ വിജയമാകാൻ കാരണമായി.

ചന്ദ്രൻ ഇടത്താവളം?
ബഹിരാകാശ ഗവേഷണങ്ങൾക്കും ഗോളാന്തരയാത്രകൾക്കുമുള്ള ഇടത്താവളമായി ചന്ദ്രൻ ഭാവിയിൽ മാറുമോ? മാറുമെന്നു തന്നെയാണ്‌ വിലയിരുത്തൽ. മനുഷ്യന്‌ ഏറെക്കാലം സുരക്ഷിതമായി ജീവിക്കുന്നതിനുള്ള സാഹചര്യം അവിടെ സൃഷ്ടിക്കണം. ദക്ഷിണ ധ്രുവം ഇതിനായി ഉപയോഗപ്പെടുത്താൻ കഴിയുമെന്ന ഉറച്ച വിശ്വാസത്തിലാണ്‌ ശാസ്‌ത്രലോകം. അതുകൊണ്ടു തന്നെയാണ്‌ ദക്ഷിണധ്രുവത്തെ എല്ലാ ബഹിരാകാശ ഏജൻസികളും ലക്ഷ്യമിടുന്നത്‌. വെല്ലുവിളികളും പ്രതിസന്ധികളും ശാസ്‌ത്ര സാങ്കേതികവിദ്യയുടെ പിൻബലത്തിൽ മറികടക്കാനാവുമെന്ന്‌ അവർ പറയുന്നു. മുൻ ചാന്ദ്ര ദൗത്യങ്ങളെല്ലാം ചന്ദ്രന്റെ മധ്യമേഖലയിലായിരുന്നു. വിവിധ അപ്പോളോ ദൗത്യങ്ങളിലായി 12 പേർ ഇറങ്ങിയതും മധ്യമേഖലയിലാണ്‌. സൂര്യപ്രകാശം വർഷങ്ങളായി എത്തിനോക്കാത്ത നിഴൽ പ്രദേശമായ ദക്ഷിണധ്രുവത്തിലെ സാഹചര്യങ്ങളെ ഉപയോഗപ്പെടുത്താൻ സമീപഭാവിയിൽ തന്നെ കഴിയുമെന്ന പ്രതീക്ഷയാണുള്ളത്‌. നാസയുടെ ആർട്ടിമസ്‌ ദൗത്യങ്ങളും ദക്ഷിണധ്രുവമാണ്‌ ലക്ഷ്യമിടുന്നത്‌. വരും വർഷങ്ങളിൽ ഒരു വനിതയടങ്ങുന്ന സംഘത്തെ ഇവിടെ ഇറക്കാൻ അവർ ലക്ഷ്യമിടുന്നു. ജപ്പാന്റെ ഒരു ലാൻഡർ ദൗത്യം ചന്ദ്രനെ ലക്ഷ്യമാക്കി യാത്ര തുടങ്ങിയിട്ടുണ്ട്‌. ചൈനയുടെ ലാൻഡർ ചന്ദ്രന്റെ മറുപുറത്ത്‌ പര്യവേക്ഷണം തുടരുന്നു. 2030 ൽ ചന്ദ്രനിൽ ആളെ ഇറക്കുമെന്ന്‌ അവർ പ്രഖ്യാപിച്ചിട്ടുണ്ട്‌. റഷ്യയുടെ ലൂണ 25 പരാജയപ്പെട്ടെങ്കിലും അടുത്ത ദൗത്യത്തിന്‌ ഒരുങ്ങുകയാണ്‌. യുഎഇ, ആസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളും തയ്യാറെടുക്കുന്നു. അവസാനത്തെ മനുഷ്യചാന്ദ്രദൗത്യം 1972ലായിരുന്നു. അപ്പോളോ 17 ദൗത്യം. ജീൻ സെർണർ, ഹരിസൺ ഷിമിട്ട്‌ എന്നിവരാണ്‌ അവസാനമായി ചന്ദ്രനിലിറങ്ങിയവർ. തുടർന്ന്‌ മനുഷ്യചാന്ദ്ര ദൗത്യങ്ങളിൽ രാജ്യങ്ങൾക്ക്‌ താത്‌പര്യം കുറഞ്ഞു. 2000നു ശേഷമാണ്‌ ചാന്ദ്ര പര്യവേക്ഷണങ്ങൾക്ക്‌ കൂടുതൽ താത്‌പര്യം വന്നത്‌.

ആദിത്യ എൽ 1 യാത്ര തുടരുന്നു
ചന്ദ്രനും ചൊവ്വയും കടന്ന്‌ സൂര്യനിലേക്കുള്ള യാത്രയിലാണ്‌ ഐഎസ്‌ആർഒ. സെപ്‌തംബർ 2ന്‌ വിക്ഷേപിച്ച ആദിത്യ എൽ1 പേടകം ഭൂഭ്രമണപഥത്തിൽ നിന്ന്‌ 18ന്‌ ലക്ഷ്യത്തിലേക്ക്‌ വഴിതിരിയും. സൗരയൂഥത്തിന്റെ കേന്ദ്രമായ സൂര്യനെ സൂക്ഷ്‌മമായി പഠിച്ച്‌ വിവരങ്ങൾ ശേഖരിക്കുകയാണ്‌ ലക്ഷ്യം. ഇതിനായി ഏഴ്‌ എരീക്ഷണ ഉപകരണങ്ങളാണുള്ളത്‌. ഭൂമിയിൽ നിന്ന്‌ 15 ലക്ഷം കിലോമീറ്റർ അകലെയുളള ലഗ്രാഞ്ച്‌ പോയിന്റ്‌ 1 ലാണ്‌ പേടകം ഉറപ്പിക്കുക. പ്രത്യേക ഭ്രമണപഥത്തിൽ സൂര്യനെ ചുറ്റുന്ന പേടകം ഇരുപത്തിനാല്‌ മണിക്കൂറും പര്യവേക്ഷണം തുടരും. ചിത്രങ്ങളടക്കം ഭൂമിയിലേക്ക്‌ അയക്കും. . സൂര്യന്റെ ഘടന, കാലാവസ്ഥ, സൗരവാതങ്ങൾ, സൗരകൊടുങ്കാറ്റുകളുടെ രൂപീകരണം, സൂര്യനിലെ സ്‌ഫോടനങ്ങൾ, അവ ഭൂമിയുടെ അന്തരീക്ഷത്തിലുണ്ടാക്കുന്ന മാറ്റങ്ങൾ തുടങ്ങിയവയെല്ലാം നിരീക്ഷിക്കും. ദീർഘയാത്രക്കൊടുവിൽ ജനുവരിയിലാണ്‌ ആദിത്യ ലക്ഷ്യത്തിലെത്തുക. അഞ്ചുവർഷമാണ്‌ പ്രവർത്തനകാലാവധി. ചൊവ്വാ ദൗത്യമായ മംഗൾയാന്റെ വിജയവും ഐഎസ്‌ആർഒയുടെ ശാസ്‌ത്രനേട്ടമായി. നാലാം ചാന്ദ്ര ദൗത്യവും തുടർന്നുണ്ടാകുമെന്ന്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌. മനുഷ്യനെ ബഹിരാകാശത്തേക്ക്‌ അയക്കുന്ന ദൗത്യവും തയ്യാറാകുന്നു.

തിരുവനന്തപുരത്ത്‌ തുമ്പയെന്ന തീരദേശ ഗ്രാമത്തിൽ പരിമിത സാഹചര്യങ്ങളിൽ തുടക്കമിട്ട ഇന്ത്യൻ ബഹിരാകാശ ഗവേഷണ പദ്ധതിയുടെ വളർച്ച അഞ്ച്‌ ദശാബ്‌ദത്തിലേറെ നീണ്ട ശാസ്‌ത്രലോകത്തിന്റെ കഠിനാധ്വാനത്തിന്റേതാണ്‌. വിക്രംസാരാഭായിയെ പോലെയുള്ളവരുടെ ദീർഘവീക്ഷണവും സ്‌മരിക്കേണ്ടതുണ്ട്‌, പ്രത്യേകിച്ച്‌ ശാസ്‌ത്രനേട്ടങ്ങളെ ശാസ്‌ത്രവിരുദ്ധതകൊണ്ട്‌ നിറം കെടുത്താൻ ചിലർ ശ്രമിക്കുന്ന സന്ദർഭങ്ങളിൽ.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

2 × 2 =

Most Popular