Saturday, November 23, 2024

ad

Homeരാജ്യങ്ങളിലൂടെഈജിപ്തിൽ പ്രസാധകനും പ്രക്ഷോഭകനുമായ ഹിഷാം അറസ്റ്റിൽ

ഈജിപ്തിൽ പ്രസാധകനും പ്രക്ഷോഭകനുമായ ഹിഷാം അറസ്റ്റിൽ

ആര്യ ജിനദേവൻ

ജിപ്തിലെ പ്രമുഖ പ്രസാധകനും പ്രക്ഷോഭകാരിയുമായ ഹിഷാം കസീമിനെ അപകീർത്തികരമായ പ്രവൃത്തിയുടെ പേരിലും വാക്കുകൾ കൊണ്ടുള്ള അധിക്ഷേപത്തിന്റെ പേരിലും ആഗസ്റ്റ് 23ന് പോലീസ് അറസ്റ്റ് ചെയ്തു. ഈ വർഷം ജൂൺ മാസം രൂപംകൊടുത്ത അൽ – തയാർ- അൽ- ഹുർ (al- Tayar-al – Hurr..ie, the free current) എന്ന രാഷ്ട്രീയ സംഘടനയുടെ നേതാവാണ് ഹിഷാം. അടുത്തവർഷം നടക്കാനിരിക്കുന്ന പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്റെ പ്രസിഡൻറ് സ്ഥാനാർഥിയെ പിന്തുണയ്ക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ് ഈ സംഘടനയ്ക്ക് രൂപം കൊടുത്തിട്ടുള്ളത്. സൈനിക അട്ടിമറിയിലൂടെ രാജ്യത്ത് അധികാരത്തിലേറിയ പ്രസിഡൻറ് അബ്ദൽ ഫത്ത എൽ- സിസിയുടെ അടിച്ചമർത്തൽ സ്വഭാവത്തിലുള്ള സമീപനത്തിനെതിരായി ജനങ്ങളെ ഒന്നിച്ചണിനിരത്തുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഹിഷാം ഈ രാഷ്ട്രീയ പാർട്ടിക്ക് രൂപം കൊടുത്തിട്ടുള്ളത്. വ്യക്തമായും അതിനോടുള്ള പ്രതികാര നടപടിയായാണ് രാജ്യത്തെ അപകീർത്തിപ്പെടുത്തി എന്നും രാജ്യത്തെ ഭരണാധികാരികൾക്കെതിരെ ദുരാരോപണം ഉന്നയിച്ചു എന്നിങ്ങനെയെല്ലാം ആരോപിച്ചുകൊണ്ട് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. മുൻ തൊഴിൽവകുപ്പ്‌ മന്ത്രിക്കെതിരായി ഫേസ്ബുക്കിൽ ദുരാരോപണം ഉന്നയിച്ചു എന്ന പേരിൽ ആയിരുന്നു ആദ്യത്തെ അറസ്റ്റ്. ഈ അറസ്റ്റിനെകുറിച്ചും മറ്റും ഹിഷാം ഫേസ്ബുക്കിൽ കൊടുത്തിരുന്നു. ഞായറാഴ്ച അറസ്റ്റ് ചെയ്തു ഹിഷാമിനെ തിങ്കളാഴ്ച 5000 ഈജിപ്ഷ്യൻ പൗണ്ട് പിഴ ഈടാക്കിക്കൊണ്ട് ജാമ്യത്തിൽ വിടാൻ പ്രോസിക്യൂഷൻ തയ്യാറായി. എന്നാൽ അദ്ദേഹം ആ പിഴുത്തുക അടയ്ക്കാൻ തയ്യാറായില്ല. തുടർന്ന് അടുത്ത ദിവസം തന്നെ അദ്ദേഹത്തെ വീണ്ടും അറസ്റ്റ് ചെയ്യുകയും പോലീസ് ഉദ്യോഗസ്ഥരോട് അപമര്യാദയായി പെരുമാറി എന്ന പുതിയൊരു കുറ്റംകൂടി എഴുതി ചേർക്കുകയും ചെയ്തു.

2013 ൽ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട് അധികാരത്തിൽ വന്ന പ്രസിഡൻറ് മുഹമ്മദ് മോർസിയുടെ ഗവൺമെന്റിനെ (മോർസി അധികാരത്തിൽ വന്നത്‌ മുസ്ലിം ബ്രദർഹുഡ്‌ എന്ന ഇസ്ലാമിക സംഘടനയുെടെ പിന്തുണയോടെയാണ്‌. ആ സംഘടനയുടെ തീവ്ര വർഗീയനയങ്ങൾ നടപ്പാക്കുന്നതിനെതിരെ ഉയർന്നുവന്ന പ്രതിഷേധസമരത്തെ മോർസി ഗവൺമെന്റ്‌ അടിച്ചമർത്തിയിരുന്നു. ഇതിനെതിരായ ജനവികാരം മുതലെടുത്തും മതനിരപേക്ഷ ജനാധിപത്യഭരണം വരുന്നത്‌ തടയാനാണ്‌ എൽ സിസി ഭരണം പിടിച്ചെടുത്തത്‌) അട്ടിമറിച്ചുകൊണ്ട് സൈനിക അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്ത നിലവിലെ പ്രസിഡൻറ് അബ്ദൽ ഫത്ത എൽ- സിസി രാജ്യത്ത് നടപ്പാക്കുന്നത് ജനവിരുദ്ധവും മനുഷ്യത്വരഹിതവുമായി നയമാണ്; അതിക്രൂരമായ അടിച്ചമർത്തൽ ആണ്. അഭിപ്രായപ്രകടന സ്വാതന്ത്ര്യം, പത്ര സ്വാതന്ത്ര്യം എന്നിവ അടക്കമുള്ള അടിസ്ഥാന മനുഷ്യാവകാശങ്ങളെയും പൗരാവകാശങ്ങളെയും എല്ലാം നിഷേധിച്ചുകൊണ്ട് എതിർക്കുന്നവരെയോ വിമർശിക്കുന്നവരെയോ ക്രൂരമായി പീഡിപ്പിക്കുന്ന നയമാണ് അട്ടിമറി ഗവൺമെന്റ് രാജ്യത്ത് നടപ്പാക്കുന്നത്.

ഇക്കഴിഞ്ഞ ദിവസമാണ് പത്രപ്രവർത്തകനായ അഹമ്മദ് ഗമാൽ സൈദയുടെ പിതാവ് ഗമാൽ സൈദയെഅറസ്റ്റ് ചെയ്തത്. ഈജിപ്തിലെ സർക്കാരിന്റെ ജനവിരുദ്ധവും മനുഷ്യത്വരഹിതവുമായി നടപടികളെ വിമർശിച്ചു എന്നതിന്റെ പേരിൽ അഹ്മദ് സൈദയ്ക്കെതിരെ നടപടിയെടുക്കാൻ അദ്ദേഹം ബെൽജിയത്തിൽ ആയതുകൊണ്ട് സാധിക്കാത്ത ഈജിപ്ഷ്യൻ ഗവൺമെൻറ് പ്രതികാര നടപടി എന്നോണം അദ്ദേഹത്തിൻറെ പിതാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇത്തരത്തിൽ സർക്കാരിനെ വിമർശിക്കുന്നവർക്കെതിരെ കർക്കശമായ പ്രതികാര നടപടിയാണ് എൽ സിസി വാഴ്ച നടപ്പാക്കുന്നത്. വിമർശിക്കുന്നവർ ഈജിപ്തിനകത്ത് താമസിക്കുന്നവരല്ല എങ്കിൽ രാജ്യത്തുള്ള അവരുടെ ബന്ധുക്കളെ ക്രൂരമായി കടന്നാക്രമിക്കുന്ന, പീഡിപ്പിക്കുന്ന നടപടിയാണ് ഗവണ്മെന്റ് കൈക്കൊള്ളുന്നത്. രാഷ്ട്രീയ പ്രവർത്തകരും അഭിഭാഷകരും എഴുത്തുകാരും ബ്ലോഗർമാരും പത്രപ്രവർത്തകരും എതിർ പാർട്ടിക്കാരും അടക്കം അറുപതിനായിരത്തിലേറെ പേർ ഇപ്പോൾ തന്നെ ജയിലഴികൾക്കുള്ളിൽ ആയിക്കഴിഞ്ഞു. അവകാശങ്ങൾക്കുവേണ്ടി പോരാടുന്നവരെയും ഇത്തരത്തിൽ ഗവൺമെൻറ് അതിക്രൂരമായി അറസ്റ്റ് ചെയ്തു തടവിലാക്കുകയും ജയിലിനുള്ളിൽ അധികാരികളെ എതിർക്കുന്നവരെ കൊലപ്പെടുത്തുകയും ചെയ്യുന്നുണ്ട്. കസ്റ്റഡി കൊലപാതകങ്ങൾ അനുദിനം ഈജിപ്തിൽ വർദ്ധിച്ചു വരികയാണ്. ശക്തമായ ഭരണവിരുദ്ധ വികാരം ജനങ്ങളിലും ഉദയംകൊണ്ടുകഴിഞ്ഞിരിക്കുന്നു.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

17 − eleven =

Most Popular