Saturday, May 18, 2024

ad

Homeഇവർ നയിച്ചവർഇ പത്മനാഭൻ: സർക്കാർ ജീവനക്കാരെ അവകാശബോധത്തിലേക്ക്‌ ഉയർത്തിയ നേതാവ്‌

ഇ പത്മനാഭൻ: സർക്കാർ ജീവനക്കാരെ അവകാശബോധത്തിലേക്ക്‌ ഉയർത്തിയ നേതാവ്‌

ഗിരീഷ്‌ ചേനപ്പാടി

കേരളത്തിലെ സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ഇതര തൊഴിലാളിവിഭാഗങ്ങൾക്കും ഒരിക്കലും മറക്കാനാവാത്ത നാമമാണ്‌ ഇ പത്മനാഭന്റേത്‌. സർക്കാർ ജീവനക്കാർക്ക്‌ നാമമാത്രമായ സംഘടനാപ്രവർത്തനം മാത്രമുള്ള കാലത്താണ്‌ ഇ പത്മനാഭൻ അവരുടെയിടയിലേക്ക്‌ കടന്നുവന്നത്‌. ഗവൺമെന്റ്‌ ജീവനക്കാരിൽ പ്രത്യേകിച്ച്‌ ഇടത്തരം ജീവനക്കാരിൽ അവകാശബോധമുണർത്തി അവരെ സംഘടനാരംഗത്ത്‌ അജയ്യ ശക്തിയാക്കി മാറ്റാൻ സ്വജീവിതം ഉഴിഞ്ഞുവെച്ച നേതാവാണദ്ദേഹം. സർക്കാർ ജീവനക്കാർക്ക്‌ ലക്ഷ്യബോധവും ചൈതന്യവും ശക്തമായ പ്രവർത്തനശൈലിയുമുള്ള പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ പത്മനാഭന്റെ സ്ഥാനം അദ്വിതീയമാണ്‌. എൻജിഒ യൂണിയന്റെ സ്ഥാപകനേതാക്കളിലൊരാളായ അദ്ദേഹം ഏതാണ്ട്‌ രണ്ട്‌ പതിറ്റാണ്ടോളം കാലം ആ സംഘടനയുടെ അമരക്കാരനായി പ്രവർത്തിച്ചു.

സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ദീർഘനാൾ നീണ്ടുനിന്ന സമരങ്ങൾക്ക്‌ അടിയുറച്ച നേതൃത്വം നൽകാൻ അദ്ദേഹത്തിന്‌ കഴിഞ്ഞു. ഭീഷണികൾക്കോ അധിക്ഷേപങ്ങൾക്ഷോ മുമ്പിൽ പതറാത്ത നേതാവായിരുന്ന അദ്ദേഹം സഹപ്രവർത്തകർക്കും ജീവനക്കാർക്കും കരുത്തായി നിലകൊള്ളുകയും ചെയ്‌തു. എൻജിഒ പത്മനാഭൻ എന്ന വിളിപ്പേർ അദ്ദേഹത്തിന്‌ ലഭിച്ചത്‌ പ്രതിബദ്ധതയ്‌ക്കും സമർപ്പണ മനോഭാവത്തിനുമുള്ള അംഗീകാരമാണ്‌.

പാലക്കാട്‌ ജില്ലയിൽ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്‌ വേരോട്ടമുണ്ടാക്കാൻ മുൻനിരയിൽ പ്രവർത്തിച്ചവരിലൊരാളാണ്‌ ഇ പത്മനാഭൻ. സിവിൽ സർവീസ്‌ രംഗത്ത്‌ കടന്നുവന്നതോടുകൂടി ആ രംഗത്തെ സവിശേഷ സ്ഥിതിഗതികൾ അദ്ദേഹം വളരെവേഗം പഠിച്ചു. അന്നത്തെ സിവിൽ സർവീസ്‌ രംഗത്തെക്കുറിച്ച്‌ ജസ്റ്റിസ്‌ വി ആർ കൃഷ്‌ണയ്യരുടെയും നിരീക്ഷണം ഇങ്ങനെയായിരുന്നു: ‘‘ബ്രിട്ടീഷ്‌ ആധിപത്യകാലത്ത്‌ അടിമകളെ ഭരിക്കുവാൻ വേണ്ടി നിരവധി റൂളുകൾ ഉണ്ടാക്കുകയും കടലാസുകൾ പെരുപ്പിക്കുകയും ക്രിയാത്മകമായി ഒന്നും ചെയ്യുവാൻ സൗകര്യം നൽകാതിരിക്കുകയും ചെയ്യുന്ന നിഷേധപ്രക്രിയ നിറഞ്ഞ ഒരു ഭരണയന്ത്രമാണ്‌ സ്വതന്ത്ര ഇന്ത്യക്കാർക്ക്‌ ലഭിച്ചത്‌. ഭരണത്തിൽ പങ്കാളികളാകുവാൻ സർഗശക്തികളുപയോപിച്ച്‌ സേവനമനുഷ്‌ഠിക്കാൻ യാതൊരു സൗകര്യവും നൽകാത്ത ചട്ടക്കൂട്‌’’.

പെരുമാറ്റത്തിലും ശൈലിയിലുമെല്ലാം അടിമുടി ജനാധിപത്യവൽക്കരണം ആവശ്യമാണെന്ന്‌ അദ്ദേഹം തിരിച്ചറിഞ്ഞു. അതുപോലെ ജീവനക്കാരും അധ്യാപകരും അവകാശബോധമുള്ളവരാകേണ്ടത്‌ അനിവാര്യമാണെന്ന്‌ അദ്ദേഹം കണ്ടു. അവരുടെ പ്രവർത്തനങ്ങളെ സമൂഹത്തിലെ ഇതരവിഭാഗം ജനങ്ങളുട പോരാട്ടങ്ങളുമായി കണ്ണിചേർക്കേണ്ടതിന്റെ ആവശ്യകതയിലും അദ്ദേഹത്തിന്‌ തെല്ലും സംശയമുണ്ടായിരുന്നില്ല.

സർക്കാർ ജീവനക്കാരും അധ്യാപകരും ഇന്നനുഭവിക്കുന്ന നേട്ടങ്ങൾക്കു പിന്നിൽ ത്യാഗപൂർണമായ നിരവധി സമരങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും അടിത്തറയുണ്ട്‌. പലവിധത്തിലുള്ള ഭീഷണികളെയും അധിക്ഷേപങ്ങളെയും ധീരതയോടെ അതിജീവിച്ചതിന്റെ ചരിത്രമുണ്ട്‌. അതിൽ ഇ പത്മനാഭന്റെ സ്ഥാനം എന്നും ഉയർന്നുതന്നെ നിൽക്കും.

എൻജിഒ യൂണിയനിൽനിന്ന്‌ ഔദ്യോഗികമായി സ്ഥാനമൊഴിഞ്ഞതിനുശേഷം അദ്ദേഹം ട്രേഡ്‌ യൂണിയൻ രംഗത്താണ്‌ സജീവമായി പ്രവർത്തിച്ചത്‌. സിഐടിയുവിനെ കരുത്തുറ്റ പ്രസ്ഥാനമാക്കി മാറ്റുന്നതിന്‌ അദ്ദേഹം അക്ഷീണം പ്രവർത്തിച്ചു. എൻജിഒ യൂണിയനിൽ പ്രവർത്തിച്ചപ്പോഴും അതിനെ ട്രേഡ്‌ യൂണിയൻ പ്രസ്ഥാനത്തിന്റെ അഭേദ്യഭാഗമായാണ്‌ അദ്ദേഹം കണ്ടതെന്ന്‌ ഇ എം എസ്‌ നിരീക്ഷിച്ചിട്ടുണ്ട്‌.

സമർഥനായ സംഘാടകനും മികച്ച പ്രസംഗകനുമായിരുന്ന അദ്ദേഹം പ്രവർത്തിച്ച മേഖലകളിലെല്ലാം തികഞ്ഞ ആത്മാർഥത പ്രകടിപ്പിച്ചിരുന്നതായി സഹപ്രവർത്തകരും സമകാലികരും വിലയിരുത്തിയിട്ടുണ്ട്‌.

സിവിൽ സർവീസിൽ വിവിധ വിഭാഗം ജീവനക്കാർക്ക്‌ ആദ്യകാലങ്ങളിൽ വെവ്വേറെ സംഘടനകളായിരുന്നു ഉണ്ടായിരുന്നത്‌. പ്യൂണിനും ടൈപ്പിസ്റ്റിനും ക്ലർക്കിനും വേറെ വേറെ സംഘടനകൾ. സാങ്കേതികവിഭാഗങ്ങൾ ഒരു സംഘടനയ്‌ക്കു കീഴിൽ അണിനിരക്കുമ്പോൾ സാങ്കേതിക ഇതര മേഖലകളിലുള്ളവർക്ക്‌ വേറെ സംഘടന. ഒരേ വകുപ്പിൽതന്നെ ഒട്ടേറെ സംഘടനകൾ. ഇത്‌ ജീവനക്കാരെ അനാവശ്യമായി ചേരിതിരിക്കുകയും അവർക്കിടയിൽ സ്‌പർദ്ധ വളരാൻ ഇടയാക്കുകയും ചെയ്‌തു. എന്നു മാത്രമല്ല ജീവനക്കാരുടെ പൊതുവായ താൽപര്യങ്ങളും കൂട്ടായി വിലപേശാനുള്ള ശക്തിയും അവകാശസംരക്ഷണത്തിനു വേണ്ടി പോരാടാനുള്ള ഊർജവും അടിയറവെക്കപ്പെടുകയാണ്‌.

ഈ പശ്ചാത്തലത്തിലാണ്‌ താരതമ്യേന അപ്രസക്തമായ വിരുദ്ധ താൽപര്യങ്ങളെ അവഗണിക്കാനും സർക്കാർ ജീവനക്കാരെ ഒരു കൊടിക്കീഴിൽ കൊണ്ടുവരാനും വേണ്ടി 1962ൽ എൻജിഒ യൂണിയൻ രൂപീകരിക്കപ്പെട്ടത്‌.

1934 മാർച്ച്‌ 31ന്‌ മലപ്പുറം ജില്ലയിലെ എടപ്പാളിൽ രാമനുണ്ണിനായരുടെ മകനായി ജനിച്ച ഇ പത്മനാഭൻ 1955ൽ ആണ്‌ മദ്രാസ്‌ സംസ്ഥാനത്തിന്റെ വിദ്യാഭ്യാസവകുപ്പിൽ ജീവനക്കാരനായി പ്രവേശിച്ചത്‌. എൻജിഒ യൂണിയൻ രൂപീകരണത്തിൽ നിർണായക പങ്കുവഹിച്ച അദ്ദേഹം തുടക്കംമുതൽ അതിന്റെ നേതൃത്വത്തിലെ സജീവ സാന്നിധ്യമായിരുന്നു. ജനറൽ സെക്രട്ടറിയായും പ്രസിഡന്റായും അദ്ദേഹം 1982 വരെ എൻജിഒ യൂണിയന്റെ അമരക്കാരനായി പ്രവർത്തിച്ചു. 1967 ജനുവരിയിലാണ്‌ സർക്കാർ ജീവനക്കാരുടെ ഐതിഹാസികമായ സമരം നടന്നത്‌. അതുവരെ പ്രകടമാക്കാത്ത സമരവീര്യത്തോടെയും കെട്ടുറപ്പോടെയുമുള്ള പണിമുടക്ക്‌ വൻ വിജയമായിത്തീർന്നു. ജീവനക്കാരുടെ പല ആവശ്യങ്ങളും നേടിയെടുക്കാൻ കഴിഞ്ഞ ആ സമരത്തിന്റെ നേതൃനിരയിൽ പ്രവർത്തിച്ചത്‌ ഇ പത്മനാഭനാണ്‌. അദ്ദേഹത്തെ മൊത്തം ജീവനക്കാരുടെ അനിഷേധ്യ നേതാവാക്കി മാറ്റിയ സമരമായിരുന്നു അത്‌.

പൊതുജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങളിൽ ജീവനക്കാരെ അണിനിരത്തുന്നതിലും അദ്ദേഹം അസാധാരണമായ സാമർഥ്യം പുലർത്തി. അതുപോലെ സിവിൽ സർവീസ്‌ ജനോപകാരപ്രദമാക്കുന്നതിന്‌ അദ്ദേഹത്തിന്റെ സംഭാവന വലുതാണ്‌. ജീവനക്കാരുടെ അവകാശങ്ങൾ നേടുന്നതിനൊപ്പം കടമകളെക്കുറിച്ചും ബോധവാന്മാരാകണമമെന്ന പക്ഷക്കാരനായിരുന്നു അദ്ദേഹം.

ജീവനക്കാരും അധ്യാപകരും നടത്തിയ സമാനതകളില്ലാത്ത പോരാട്ടമായിരുന്നല്ലോ 1973ൽ നടന്നത്‌. മാസങ്ങൾ നീണ്ടുനിന്ന ആ സമരത്തിന്റെ അമരക്കാരനും ഇ പത്മനാഭനായിരുന്നു. ജീവനക്കാരുടെ ഐക്യവും കെട്ടുറപ്പും പ്രതിഫലിച്ച ഈ സമരം അഖിലേന്ത്യാതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടു. അന്നത്തെ സമരത്തിൽ ഉന്നയിച്ച ആവശ്യങ്ങൾ തുടർന്നുള്ള ഗവൺമെന്റുകൾക്ക്‌ അംഗീകരിക്കേണ്ടിവന്നു. സമരം പിൻവലിച്ചുകൊണ്ട്‌ പത്മനാഭൻ പറഞ്ഞ വാക്കുകൾ പ്രശസ്‌തമാണ്‌; അതോടൊപ്പം പ്രവചനസ്വഭാവമുള്ളതും: ‘‘ആളിക്കത്തുന്നതും അമർന്നു കത്തുന്നതും തീയാണ്‌. അമർന്നു കത്തുന്ന തീയിന് ആളിക്കത്തുന്ന തീയിനേക്കാൾ ചൂടുണ്ട്‌…’’.
എത്രവലിയ സമ്മർദമുണ്ടായാലും ഉന്നയിക്കുന്ന ആവശ്യങ്ങൾ അടിയറവെക്കാനോ അടിസ്ഥാന കാര്യങ്ങളിൽ വിട്ടുവീഴ്‌ച ചെയ്യുന്നതിനോ ഒരിക്കലും തയ്യാറാകാത്ത നേതാവിന്റെ ഉറച്ച ശബ്ദമായിരുന്നു അത്‌.

നാലുലക്ഷത്തോളം വരുന്ന സർക്കാർ ജീവനക്കാരും അധ്യാപകരുമാണ്‌ അന്ന്‌ ഒറ്റക്കെട്ടായി പണിമുടക്കിലേർപ്പെട്ടത്‌. അന്നത്തെ സർക്കാരാകട്ടെ ആവശ്യങ്ങളോട്‌ മുഖംതിരിക്കുന്ന നിഷേധാത്മക നിലപാടിലും. സമരക്കാർക്ക്‌ പിടിച്ചുനിൽക്കാൻ വയ്യാത്ത അവസ്ഥ. ജീവിതപ്രാരാബ്‌ധങ്ങൾക്കൊപ്പം തുറിച്ചുനോക്കുന്ന അനിശ്ചിതത്വവും. ഒത്തുതീർപ്പിന്‌ സാധ്യതകൾ ഒന്നുമില്ല. ഒത്തുതീർപ്പ്‌ വ്യവസ്ഥകളൊന്നുമില്ലാതെ തന്നെ സമരം പിൻവലിക്കുക എന്നത്‌ വളരെ ക്ലേശകരവും. സാന്പത്തിക നേട്ടമൊന്നുമില്ലാതെയാണ്‌ സമരം പിൻവലിച്ചത്‌. സംഘാടനാപരമായി അതു വലിയ നഷ്ടമുണ്ടാക്കുമെന്ന്‌ പലരും ഭയന്നു. എന്നാൽ സാന്പത്തികനേട്ടമൊന്നും ഇല്ലാതെ സമരം പിൻവലിച്ചപ്പോൾ സംഘടനാപരമായി നഷ്ടമൊന്നും സംഭവിച്ചില്ല. സംയുക്ത സമര മുന്നണി കൺവീനറായിരുന്ന ഇ പത്മനാഭൻ പത്രസമ്മേളനത്തിൽ വിശദീകരിച്ചത്‌, ‘‘ആവശ്യങ്ങൾ ഇന്നല്ലെങ്കിൽ നാളെ ഞങ്ങൾ നേടിയെടുക്കും. സമരത്തിലൂടെ ഐക്യം. ഐക്യം കെട്ടിപ്പടുത്ത്‌ വീണ്ടും സമരം. വീണ്ടും വിപുലമായ ഐക്യവും ശക്തിയും നേടുക’’.
ഈ കാഴ്‌ചപ്പാട്‌ പത്രസമ്മേളനത്തിൽ പറയുക മാത്രമല്ല പത്മനാഭൻ ചെയ്‌തത്‌. സംസ്ഥാനമൊട്ടാകെ സംഘടിപ്പിക്കപ്പെട്ട ജീവനക്കാരുടെ ജനറൽ ബോഡി മീറ്റിങ്ങുകളിലും പൊതുയോഗങ്ങളിലും അദ്ദേഹം ഈ കാഴ്‌ചപ്പാട്‌ അവതരിപ്പിച്ചു. സംഘടനാശേഷിയും ഐക്യബോധവും ഉണ്ടെങ്കിൽ താൽക്കാലികമായുണ്ടാകുന്ന തിരിച്ചടികളെ അനായാസം മറികടക്കാമെന്നദ്ദേഹം ഉൽബോധിപ്പിച്ചു. അക്ഷരംപ്രതി അതു ശരിയായിരുന്നു എന്ന്‌ കാലം തെളിയിച്ചു.

1975 സെപ്‌തംബർ 29ന്‌ പത്മനാഭൻ അറസ്റ്റ്‌ ചെയ്യപ്പെട്ടു. അടിയന്തരാവസ്ഥയുടെ കിരാതമായ ആ നാളുകളിൽ 1977 മാർച്ച്‌ 15 വരെയുള്ള ഒന്നരവർഷക്കാലം അദ്ദേഹം കണ്ണൂർ ജയിലിലടയ്‌ക്കപ്പെട്ടു. ഈ കാലയളവിൽ സസ്‌പെൻഷനിലായ പത്മനാഭൻ ജയിലിനുള്ളിലും തികഞ്ഞ ആത്മവിശ്വാസത്തോടെയാണ്‌ പ്രവർത്തിച്ചതെന്ന്‌ സഹതടവുകാരനായിരുന്ന മുൻ വിദ്യാഭ്യാസമന്ത്രി കെ ചന്ദ്രശേഖരൻ അനുസ്‌മരിച്ചിട്ടുണ്ട്‌.

‘‘ഞാൻ കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരനായി കഴിയുമ്പോൾ ഇ പത്മനാഭൻ മറ്റു ചില സുഹൃത്തുക്കളോടുകൂടി ജയിലിലേക്കു വന്നു. ഞാൻ താമസിച്ച 8‐ാം നന്പർ ബ്ലോക്കിൽ തന്നെയാണ്‌ പത്മനാഭനും വന്നു താമസിച്ചത്‌. പുറമെ മനക്കരുത്തുള്ളവരും ദൃഢനിശ്ചയക്കാരും എന്നൊക്കെ കരുതപ്പെടുന്ന പലരും ജയിലിൽ രണ്ടുദിവസം കഴിയുമ്പോഴേക്കും ആത്മവിശ്വാസം കുറേയേറെ നഷ്ടപ്പെട്ടവരായി കാണാറുള്ള അനുഭവം പലപ്പോഴും ഉണ്ടായിട്ടുണ്ട്‌. പക്ഷേ ഇ പത്മനാഭന്‌ ഒരു വ്യത്യാസവും കണ്ടില്ല. ജയിലിന്റെ ഉള്ളിലത്തെ പ്രവർത്തനങ്ങളിൽ അദ്ദേഹം നല്ല പങ്കുവഹിച്ചു. ജയിലിൽനിന്ന്‌ എല്ലാവരെയും എപ്പോൾ വിടുമെന്ന കാര്യത്തെപ്പറ്റി അദ്ദേഹം ഒരിക്കലും അന്വേഷിച്ചില്ല. കണ്ണൂർ സെൻട്രൽ ജയിലിൽ വെറ്ററൻസ്‌ അസോസിയേഷന്റെ പ്രസിഡന്റ്‌ ഞാനായിരുന്നു. ഇന്പിച്ചിബാവ അതിന്റെ സെക്രട്ടറിയും. അതുകൊണ്ട്‌ ഞങ്ങൾക്ക്‌ കൂടെയുള്ള ഓരോരുത്തരെയും വിലയിരുത്താൻ സാധിച്ചു. പത്മനാഭനെപ്പറ്റി ഞങ്ങൾക്കെല്ലാം വലുതായ അഭിപ്രായമാണുള്ളത്‌’’.

പിണറായി വിജയൻ, വി വി ദക്ഷിണാമൂർത്തി, ടി കെ ബാലൻ കെ പത്മനാഭൻ, പി കെ ശങ്കരൻകുട്ടി, എം പി വീരേന്ദ്രകുമാർ, സെയ്‌ദ്‌ ഉമ്മർ ബാഫക്കി തങ്ങൾ, പി എം അബൂബക്കർ, കേയി സാഹിബ്‌ തുടങ്ങിയവരായിരുന്നു അന്ന്‌ പത്താം ബ്ലോക്കിലെ ഇ പത്മനാഭന്റെ സഹതടവുകാർ.

1982ൽ ശ്രീകഷ്‌ണപുരത്തുനിന്ന്‌ വിജയിച്ച ഇ പത്മനാഭൻ മികച്ച പാർലമെന്റേറിയൻ എന്ന നിലയിലും കഴിവു തെളിയിച്ചു. സാധാരണക്കാരുടെയും തൊഴിലാളികളുടെയും പ്രശ്‌നങ്ങൾ സമഗ്രമായി പഠിച്ചവതരിപ്പിക്കുന്നതിൽ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. നാടിന്റെ പല വികസനപ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്നതിനും എംഎൽഎയായിരുന്ന കാലയളവിൽ അദ്ദേഹത്തിന്‌ സാധിച്ചു.

സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന അദ്ദേഹം ട്രേഡ്‌ യൂണിയൻ രംഗത്തും വിശ്രമമില്ലാതെ പ്രവർത്തിച്ചു. വിശ്രമമില്ലാത്ത പ്രവർത്തനങ്ങൾ അദ്ദേഹത്തെ രോഗിയാക്കി. സംഘടനാ പ്രവർത്തനവുമായി ബന്ധപ്പെട്ടുള്ള യാത്രയിലാണ്‌ അദ്ദേഹം അകാലചരമം പ്രാപിച്ചതും. 1990 സെപ്‌തംബർ 18ന്‌ ഇ പത്മനാഭൻ അന്തരിച്ചു.

രാജമ്മ പത്മനാഭനാണ്‌ ജീവിതപങ്കാളി. നാലു മക്കൾ.

കടപ്പാട്‌: എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റി പ്രസിദ്ധീകരിച്ച ഇ പത്മനാഭൻ സ്‌മരണിക

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

2 × 4 =

Most Popular