Wednesday, October 4, 2023

ad

Homeസംവാദംഏക സിവിൽകോഡും സ്ത്രീ തുല്യതയും

ഏക സിവിൽകോഡും സ്ത്രീ തുല്യതയും

പി കെ ശ്രീമതി ടീച്ചർ

കസിവിൽ കോഡിനു വേണ്ടി സമരം ചെയ്യാൻ മഹിളാ അസോസിയേഷനോട് ഇ എം എസ് ആഹ്വാനം ചെയ്യുകയുണ്ടായി. ഇങ്ങനെ ഒരഭിപ്രായം പാർട്ടിക്കില്ലേ?
ഇപ്പോൾ മഹിളാ അസോസിയേഷൻസിന്റെ നിലപാട് എന്താണ്?
കെ വി ഉഷ
അഴീക്കോട്

ഷാബാനു ബീഗം കേസുമായി ബന്ധപ്പെട്ട്‌ എൺപതുകളുടെ മധ്യത്തിൽ ഉയർന്നുവന്ന ചർച്ചകളിൽ ഇടപെട്ടുകൊണ്ടാണ് സഖാവ് ഇ എം എസ് ഇത്തരമൊരഭിപ്രായം പ്രകടിപ്പിച്ചിരുന്നത്.

മത വ്യക്തിനിയമങ്ങളിലെ സ്ത്രീവിരുദ്ധ ഉള്ളടക്കങ്ങൾക്കെതിരെ വിവിധ സമുദായങ്ങൾക്കകത്ത് പൊതുജനാഭിപ്രായം വളർത്തിക്കൊണ്ടുവരാനുള്ള പ്രവർത്തനങ്ങളിൽ സ്ത്രീകൾക്കുവേണ്ടി പ്രവർത്തിക്കുന്ന മഹിളാ പ്രസ്ഥാനങ്ങൾക്ക് സവിശേഷവും ചരിത്രപരവുമായ ഉത്തരവാദിത്വമുണ്ട് എന്ന കാര്യത്തിൽ തർക്കമില്ല.
ഏക സിവിൽ നിയമം എന്ന ആവശ്യം അതാത് സാമുദായിക വിഭാഗങ്ങളിൽ നിന്നുതന്നെ ഉയർന്നു വരേണ്ടതുണ്ട് എന്നും ഇ എം എസ് അക്കാലത്ത് എഴുതിയിട്ടുണ്ട്.

അതിനായി സമൂഹത്തിൽ സ്ത്രീപക്ഷത്തു നിന്നുകൊണ്ട് ആശയസമരത്തിൽ ഏർപ്പെടേണ്ട ഉത്തരവാദിത്വം തീർച്ചയായും സ്ത്രീ സംഘടനകൾക്ക് ഇപ്പോഴുമുണ്ട് എന്നുതന്നെയാണ് ജനാധിപത്യ മഹിളാ അസോസിയേഷന്റെ അഭിപ്രായം.

ശരീഅത്ത് വ്യക്തിനിയമത്തോട് നിലവിൽ പാർട്ടിയുടെ കാഴ്ചപ്പാട് എന്താണ് ?
കെ ഒ പ്രസാദ്
മയ്യിൽ

ശരിഅത്ത് അടക്കമുള്ള എല്ലാ വ്യക്തിനിയമങ്ങളെയും സ്ഥലകാല ബദ്ധമായും ചരിത്രപരമായുമാണ് പാർട്ടി വിലയിരുത്തുന്നത് . എല്ലാ വ്യക്തിനിയമങ്ങളുമെന്നപോലെ മുസ്ലിം സാമൂഹ്യ നിയമങ്ങളുടെ ക്രോഡീകരണമായ ശരി അത്ത് നിയമങ്ങളും അതുണ്ടായ കാലത്തെ സ്ത്രീവിരുദ്ധ സാമൂഹ്യ സദാചാര വീക്ഷണങ്ങളെ കൂടി ഉൾക്കൊള്ളുന്ന ഒന്നുതന്നെയാണ് . ആധുനിക ലിംഗ നീതി ബോധത്തിന് നിരക്കാത്ത ധാരാളം അംശങ്ങൾ അതിൽ കണ്ടെത്താനും പ്രയാസമില്ല . ഇന്ത്യയിലെയും കേരളത്തിലെയും സാമൂഹ്യ പൊതുബോധവും നടപ്പ് സദാചാര സങ്കൽപ്പങ്ങളുമെടുത്ത് പരിശോധിച്ചാലും വലിയ അളവിൽ അതിലെല്ലാം സ്ത്രീവിരുദ്ധത ദർശിക്കാൻ കഴിയും . അതുകൊണ്ട് സി പി ഐ എമ്മിനെ സംബന്ധിച്ചിടത്തോളം എല്ലാത്തരം മത സാമൂഹ്യ നിയമങ്ങളെയും മാനവികമായ ലിംഗ നീതിക്കും ലിംഗ ബോധത്തിനും അനുസൃതമായി പരിഷ്കരിക്കണം എന്ന നിലപാട് തന്നെയാണുള്ളത്.

ഏക സിവിൽകോഡിനെ എതിർക്കുന്നത് മുസ്ലീം ജനവിഭാഗത്തെ പ്രീണിപ്പിക്കാൻ ആണെന്ന് ഒരാക്ഷേപം നിലനിൽക്കുന്നുണ്ട്. എന്താണ് ഇതിലെ വാസ്തവം?
എം ദാമോദരൻ
കൊളച്ചേരി

അത് ഒരാക്ഷേപം മാത്രമാണ് . വസ്തുതയല്ല . എല്ലാ വ്യക്തി നിയമങ്ങളും / എല്ലാ നിയമങ്ങളും അത് രൂപംകൊണ്ട മൂർത്തമായ ചരിത്ര സന്ദർഭങ്ങളോട് സാംസ്കാരികമായും സാമൂഹ്യമായും ബന്ധപ്പെട്ടു കിടക്കുന്നുണ്ട് . നയം രൂപീകരിക്കപ്പെട്ട കാലത്തിന്റെ സാമൂഹ്യ ബോധത്തെയാണ് നിയമങ്ങൾ പ്രതിനിധീകരിക്കുന്നത്. അതുകൊണ്ടുതന്നെ മാറുന്ന കാലത്തിന്റെ അവബോധത്തിന് അനുസൃതമായി നിയമങ്ങൾ കാലോചിതമായി പരിഷ്കരിക്കുക തന്നെ വേണം. അത് മറ്റെല്ലാ നിയമങ്ങൾക്കും എന്നതുപോലെ ശരിഅത്തിനും ബാധകമാണ്.

എന്നാൽ അത്തരമൊരു പരിഷ്കരണം എങ്ങനെയാണ് സാധ്യമാക്കേണ്ടത് ? മുസ്ലിം വെറുപ്പിനെ രാഷ്ട്രീയ ആയുധമാക്കി മുസ്ലിം അപരത്വത്തെ നിർമിക്കുകയും സമൂഹത്തെ മതപരമായി ഭിന്നിപ്പിച്ച് അധികാരം നിലനിർത്താൻ ശ്രമിക്കുകയും ചെയ്യുന്ന ഹിന്ദുത്വ ഫാഷിസ്റ്റുകളുടെ ഏകീകൃത സിവിൽ നിയമം ലക്ഷ്യം വയ്ക്കുന്നത് എന്തിനെയാവും എന്നൂഹിക്കാൻ വിഷമമില്ല.
ലിംഗപരമായ നീതിയോ തുല്യതയോ ഒരിക്കലും അംഗീകരിക്കാത്ത “ന സ്ത്രീ സ്വാതന്ത്ര്യമർഹതി’ എന്ന മനു ചിന്തയെ ഉയർത്തിപ്പിടിക്കുന്ന, കുലസ്ത്രീകൾ വീടിനകത്തിരിക്കുകയാണ് വേണ്ടത് എന്നിപ്പോഴും പറയുന്ന സംഘപരിവാരം ഏക സിവിൽകോഡ് എന്ന ആവശ്യം മുന്നോട്ടുവയ്ക്കുന്നതിലൂടെ മുസ്ലിം സാംസ്‌കാരിക സ്വത്വത്തെയാണ് ലക്ഷ്യം വയ്ക്കുന്നത് എന്ന കൃത്യമായ തിരിച്ചറിവിൽ നിന്നുകൊണ്ടാണ് എതിർക്കുന്നത്. അത് പ്രീണനമല്ല, ഫാഷിസ്റ്റ് ദുഷ്ടലാക്കിനെ തിരിച്ചറിഞ്ഞുകൊണ്ടുള്ള മതനിരപേക്ഷ ബഹുസ്വര മൂല്യങ്ങളെ ഉയർത്തിപ്പിടിക്കുന്ന ശരിയായ രാഷ്ട്രീയ നിലപാടാണ്.

ഏകീകൃത സിവിൽകോഡ് ഇപ്പോൾ നടപ്പിലാക്കാൻ സമയമായിട്ടില്ല എന്നാണ് പാർട്ടി നിലപാട്. എന്നാൽ ഈ നിയമം നടപ്പിലാക്കുന്നതിനുള്ള സമയം സ്വയം സംജാതമാകുമെന്നാണോ നിലപാട്? അല്ലെങ്കിൽ അതിനാവശ്യമായ സാഹചര്യം ഒരുക്കുന്നതിന് പാർട്ടി കാഴ്ചപ്പാട് എന്താണ്? എന്തെല്ലാം നടപടികൾ സ്വീകരിക്കും?
ജയപ്രകാശൻ കെ
കരിമ്പം

പാർട്ടി മാത്രമല്ല, ഇന്ത്യയിലെ ജനാധിപത്യവാദികളും മതനിരപേക്ഷവാദികളും ആയിട്ടുള്ള ബഹുഭൂരിപക്ഷവും ഈ നിലപാട് തന്നെയാണ് ഉയർത്തിപ്പിടിക്കുന്നത്.

21 –ാം നിയമ കമ്മിഷനും ഇതേ നിലപാടാണ് മുന്നോട്ടുവച്ചത്. ഇന്ത്യപോലൊരു ബഹുമത, ബഹു സംസ്കാര പശ്ചാത്തലത്തിൽ പുലരുന്ന രാജ്യത്ത് എല്ലാ സാമൂഹ്യ വിഭാഗങ്ങളെയും വിശ്വാസത്തിൽ എടുത്തുകൊണ്ടും അവരുടെ വിശ്വാസം ആർജ്ജിച്ചുകൊണ്ടും മാത്രമേ നിലവിലുള്ള നിയമങ്ങളെ മാറ്റിയെടുക്കാൻ കഴിയൂ.

ഇവിടെ നിലനിന്നിരുന്ന ജാതീയവും ലിംഗപരവും ആചാരപരവുമായ എത്രയോ സാമൂഹ്യ അനീതികൾ നവോത്ഥാന മുന്നേറ്റങ്ങളിലൂടെ ഉച്ചാടനം ചെയ്യപ്പെട്ടിട്ടുണ്ട്. സതിക്കെതിരെ രാജാറാം മോഹൻറായ് നയിച്ച സാമൂഹ്യ നവോത്ഥാന മുന്നേറ്റമാണ് അത് നിയമം മൂലം നിരോധിക്കുന്നതിലേക്ക് കാര്യങ്ങളെ എത്തിച്ചത്.

ഈ നിലയിൽ മത വ്യക്തിനിയമങ്ങളിലെ സ്ത്രീവിരുദ്ധ ഉള്ളടക്കങ്ങളെയും ലിംഗ നീതിക്കോ പൊതു സാമൂഹ്യ നീതിക്കോ നിരക്കാത്ത നിയമങ്ങളെയും പരിഷ്കരണത്തിന് വിധേയമാക്കാനുള്ള ആശയ സമരം നിരന്തരം ഉയർത്തിക്കൊണ്ടുവരേണ്ടതുണ്ട്. നമ്മുടേത് ഒരു ആണധികാര സമൂഹമാണ്. അതുകൊണ്ടുതന്നെ അത്രത്തോളം അത് സ്ത്രീവിരുദ്ധവുമാണ്. ഇതിനൊക്കെ എതിരായ സാംസ്കാരികവും ആശയപരവുമായ ഉണർവുകൾ എല്ലാ സമുദായങ്ങൾക്കകത്തും ഉയർന്നുവരിക തന്നെ ചെയ്യും. അത്തരം ഉണർവ്വുകളെ ആശയപരമായി പിന്തുണച്ചും സ്ത്രീപക്ഷത്ത് നിന്നുകൊണ്ടുള്ള ശക്തമായ രാഷ്ട്രീയ മുന്നേറ്റങ്ങൾ സാധ്യമാക്കിയും പൊതു സമൂഹത്തെ ലിംഗ നീതി ബോധത്തിൽ ഊന്നിയ ഒരു ആധുനിക സമൂഹമാക്കി പരിവർത്തിപ്പിക്കാനുള്ള രാഷ്ട്രീയ ഇടപെടലുകൾ നിരന്തരം ഉണ്ടാവുന്ന മുറയ്ക്ക് എല്ലാ സാമൂഹ്യ വിഭാഗങ്ങൾക്കകത്തും അതിന്റെ അനുരണങ്ങളും അതിനു തക്ക പരിഷ്കരണങ്ങളും ഉണ്ടാവുക തന്നെ ചെയ്യും.

ഇന്ത്യയിലെ വിവാഹം, പിന്തുടർച്ചാവകാശം തുടങ്ങിയ കാര്യങ്ങൾ ഒരേ രൂപത്തിലുള്ളതാക്കുന്ന ഏക സിവിൽ കോഡിനെ എന്തുകൊണ്ടാണ് നമ്മൾ എതിർക്കുന്നത്?
ഷെഹറാസ്
കണ്ണൂർ സിറ്റി

നരേന്ദ്ര മോഡി സർക്കാർ തന്നെ നിയമിച്ച 21 –ാം നിയമ കമ്മിഷൻ ശരിയായി ചൂണ്ടിക്കാണിച്ചതുപോലെ അത്തരമൊരു ഏകീകൃത നിയമം രൂപപ്പെടുത്താനുള്ള സാമൂഹ്യ ആധുനികത വ്യത്യസ്ത സമുദായങ്ങൾക്കിടയിൽ ഇനിയും രൂപപ്പെട്ടിട്ടില്ല എന്നതുതന്നെയാണ് ഇപ്പോഴൊരു ഏകീകൃത നിയമം ആവശ്യമില്ല എന്ന നിലപാട് സിപിഐ എം വെച്ചുപുലർത്തുന്നതിന്റെ കാരണം.

മുത്തലാഖ്‌ നിയമത്തിന്റെയും പൗരത്വ നിയമത്തിന്റെയും ബാബ്‌റി പള്ളിയുടെയും കാശ്മീരിൽ 370 –ാം വകുപ്പ് റദ്ദ് ചെയ്തതിന്റെയുമെല്ലാം വെളിച്ചത്തിൽ മോഡി സർക്കാരിന്റെ നേതൃത്വത്തിൽ ബോധപൂർവ്വം ഉയർത്തിക്കൊണ്ടുവരുന്ന ഏകീകൃത വ്യക്തി നിയമചർച്ച ഒരു മുസ്ലിം വിരുദ്ധ ആയുധത്തിനുള്ള മൂർച്ചകൂട്ടൽ കൂടിയാണ് എന്നു കാണാൻ പ്രയാസമില്ല.

വ്യക്തിനിയമങ്ങൾക്കകത്തെ ലിംഗ നീതി നിഷേധം ഒരു സാമൂഹ്യ അസമത്വ പ്രശ്നം കൂടിയാണ്. മറ്റു പല അനാചാരങ്ങൾക്കുമെതിരെ നടത്തിയതുപോലുള്ള സാമൂഹ്യ നവോത്ഥാന മുന്നേറ്റങ്ങൾ അതാത് സമൂഹങ്ങൾക്കകത്ത് ഉയർന്നുവരികയും അതിന് അനുസൃതമായ ഉത്പതിഷ്ണുത്വം സമുദായങ്ങൾക്കകത്ത് ശക്തിപ്പെടുകയും ചെയ്യുന്ന സാഹചര്യം ഉരുത്തിരിയുന്ന ചരിത്ര ഘട്ടത്തിൽ സ്വാഭാവികമായും ജനാധിപത്യപരവും ലിംഗ നീതിയിൽ അധിഷ്ഠിതവുമായ ഏകീകൃത നിയമങ്ങളെക്കുറിച്ച് ആലോചിക്കുന്നതിൽ തെറ്റില്ല.

ഏകസിവിൽ കോഡ് എന്നു കേൾക്കുമ്പോൾ സ്വീകാര്യമെന്നു തോന്നാമെങ്കിലും ബഹുസ്വരതയുള്ള ഒരു രാജ്യത്ത് ഫാസിസ്റ്റ് സ്വഭാവമുള്ള ഒരു സർക്കാർ അതിനു തിടുക്കം കാണിക്കുന്നത് അപരവിഭാഗത്തെ ഇല്ലാതാക്കാനുള്ള കലാപ നീക്കമല്ലേ?
എം കെ മനോഹരൻ,
പെരളശ്ശേരി

വളരെ ശരിയായ അഭിപ്രായമാണ് ചോദ്യകർത്താവിന്റേത്.

മുസ്ലിം അപരത്വത്തെ മുൻനിർത്തി സാമൂഹ്യ വിഭജനവും വെറുപ്പും ഉൽപ്പാദിപ്പിച്ച് അധികാരവും ബ്രാഹ്മണിക് ഹിന്ദുത്വയുടെ അധീശത്വവും സ്ഥാപിച്ചെടുക്കാനും മുസ്ലിം സാംസ്‌കാരിക സ്വത്വത്തെ തകർക്കാനുമുള്ള ഗൂഢമായ താല്പര്യം തന്നെയാണ് സംഘപരിവാർ ശക്തികളുടെ ധൃതിപിടിച്ചുള്ള ഏക സിവിൽകോഡ് വാദത്തിന് പിന്നിലുള്ളത്.

മതത്തിന്റെ അടിസ്ഥാനത്തിലുള്ള വ്യക്തി നിയമങ്ങളിലെ അശാസ്ത്രീതയും, ജനാധിപത്യ വിരുദ്ധതയും ചോദ്യംചെയ്യപ്പെടേണ്ടതല്ലേ? അത്തരം വ്യക്തിനിയമങ്ങളിലെ സ്ത്രീ വിരുദ്ധതയെ എതിർക്കേണ്ടതല്ലേ?
ഒ സുഭാഗ്യം
തളിപ്പറമ്പ്

അക്കാര്യത്തിൽ മറിച്ചൊരഭിപ്രായം ആർക്കെങ്കിലും ഉണ്ടാകും എന്ന് തോന്നുന്നില്ല.

പുരുഷാധികാര യുക്തികൊണ്ട് കെട്ടിപ്പൊക്കിയ മൂല്യ സദാചാര ബോധത്തിനകത്താണ് നാം ജീവിക്കുന്നത്. മതങ്ങളും അതിന്റെ സാമൂഹ്യ സദാചാര നിയമങ്ങളുമെല്ലാം ഉണ്ടായ ദേശകാലങ്ങളിലെ സമൂർത്തമായ ചരിത്ര സാഹചര്യങ്ങൾ സ്വാഭാവികമായും അതിലെല്ലാം പ്രതിഫലിക്കും. മതങ്ങൾക്കെതിരായ സമരം മതങ്ങളെ സൃഷ്ടിച്ച സാമൂഹ്യ സാഹചര്യങ്ങൾക്ക് എതിരായ സമരമാണ് എന്ന് മാർക്സ് നിരീക്ഷിക്കുന്നതിന്റെ കാരണം അതാണ്.

അപ്പോൾ മത നിയമങ്ങൾ രൂപീകരിക്കപ്പെട്ട കാലത്തിന്റെ യുക്തിയും മൂല്യങ്ങളും ഇന്നത്തെ ലിംഗ നീതി ബോധത്തിന് എതിരായി വരുമ്പോൾ സ്വാഭാവികമായും അതിനകത്ത് പരിഷ്കരണങ്ങൾ ആവശ്യമായി വരും. ഇസ്ലാമിക രാജ്യങ്ങളായ തുർക്കി, ടുണീഷ്യ എന്നിവ പോലുള്ള രാജ്യങ്ങൾ ശരി അത്ത് നിയമങ്ങളെ പുനർവ്യാഖ്യാനിച്ച് ആധുനിക ലിംഗനീതിക്ക് യോജിച്ച വിധത്തിൽ മാറ്റങ്ങൾ വരുത്തിയതായി കാണാൻ കഴിയും.

ആ നിലയിൽ ഇത്തരം കാര്യങ്ങളിൽ ഉത്പതിഷ്ണുക്കളായ മത പണ്ഡിതന്മാരുടെ ഇടപെടലുകൾ അനിവാര്യമാണ്. ഒപ്പം പുരോഗമന ജനാധിപത്യവാദികളിൽ നിന്ന് ഇത്തരം വിഷയങ്ങളിലുള്ള ആശയപരമായ ഇടപെടലുകൾ നിരന്തരം ഉണ്ടാവുകയും വേണം.

ഏകീകൃത സിവിൽകോഡിനെ സോഷ്യലിസത്തിലേക്കുള്ള ചുവടുവെപ്പായി കണ്ടുകൂടേ? ഒരു നിയമം എല്ലാവർക്കും ഒരുപോലെയാവുന്നത് നല്ലതല്ലേ?
സവിത എം, മുണ്ടേരി

സാംസ്കാരികമോ സാമൂഹ്യമോ സാമ്പത്തികമോ ആയി എല്ലാവരും ഒരുപോലെയല്ലാത്ത ഒരു ബഹുസ്വര സമൂഹത്തിൽ എല്ലാവർക്കും പൊതുവായ ഒരു നിയമം എന്നത് എങ്ങനെയാണ് സോഷ്യലിസത്തിലേക്കുള്ള ചവിട്ടുപടി ആവുക?
ഏക മതവും ഏക സംസ്കാരവും ഒരൊറ്റ വംശീയ സവിശേഷതകളുള്ള ഒരു സമൂഹത്തിലെന്നതുപോലെ എളുപ്പമല്ല ഇന്ത്യയിൽ ഇത്തരമൊരു നിയമം നടപ്പാക്കുക എന്നത്. ഓരോ മത വിഭാഗത്തിനും വ്യത്യസ്തമായ വിവാഹ കുടുംബ ഘടനയാണുള്ളത്.

അതുമായി അവരവരുടെ മതവിശ്വാസം ആഴത്തിൽ ബന്ധപ്പെട്ടുകിടക്കുകയും അതവരുടെ മത സ്വത്വത്തിൽ അലിഞ്ഞു ചേർന്നിരിക്കുകയും ചെയ്യുന്നുണ്ട്.
എന്നാൽ, ഇവിടെ മറ്റു ചില ചോദ്യങ്ങളിൽ സൂചിപ്പിച്ചതുപോലെ അതിന്റെ പേരിൽ സ്ത്രീകൾ വിവേചനം നേരിടുന്നുണ്ട് എങ്കിൽ അത് ചോദ്യം ചെയ്യപ്പെടുകയും അതവസാനിപ്പിക്കാനുള്ള ആശയപരവും രാഷ്ട്രീയവുമായ ഇടപെടലുകൾ ശക്തമാക്കുകയും ചെയ്യേണ്ടതുണ്ട്.

ആറോളം നരവംശവിഭാഗങ്ങളും, 55 ഗോത്ര വിഭാഗങ്ങളും, 6 മതങ്ങളും, ആയിരക്കണക്കിന് ജാതികളും, ഉപജാതികളും നിലനിൽക്കുന്ന സമൂഹമാണ് ഇന്ത്യയുടേത്. അങ്ങനെയുള്ള ഒരു സമൂഹത്തിൽ ഉണ്ടാവുന്നതിനേക്കാൾ വേഗത്തിൽ വർഗസമര പാത എളുപ്പമാക്കുന്നത് ഏക സിവിൽ കോഡ് നിലവിൽ വന്ന സമൂഹത്തിൽ ആയിരിക്കില്ലേ?
കെ സി ശ്രീനിവാസൻ
കടൂർ

ജാതികളെയും മതങ്ങളെയും ഗോത്രീയതയെയും വംശീയതയെയുമെല്ലാം ഇല്ലാതാക്കാൻ പോന്ന ഒന്നും തന്നെ ഏകീകൃത സിവിൽ നിയമത്തിൽ ഉണ്ടെന്ന് കരുതാൻ ന്യായം കാണുന്നില്ല . ഇന്ന് പലയിടങ്ങളിലായി നടന്നുകൊണ്ടിരിക്കുന്ന പല വംശീയ സംഘർഷങ്ങളും ഒരേ മതത്തിനും നിയമങ്ങൾക്കും കീഴിൽ ജീവിച്ചുകൊണ്ടിരിക്കുന്ന മനുഷ്യരുള്ള രാജ്യങ്ങളിലാണ് എന്നുകാണാം.

മനുഷ്യരുടെ സാമൂഹ്യവും സാംസ്‌കാരികവുമായ ബഹുസ്വര സ്വത്വത്തെ തകർത്തില്ലാതാക്കാതെ തന്നെ അവരുടെ അടിസ്ഥാന ജീവിത പ്രശ്നങ്ങളെ മുൻനിർത്തിയുള്ള ബഹുജന പ്രക്ഷോഭങ്ങൾ വളർത്തിക്കൊണ്ടു വരിക എന്നതാണ് ആത്യന്തികമായ വർഗസമരത്തിലേക്കുള്ള ശരിയായ പാത.

ജാതിയും മതവും ആണധികാരവുമെല്ലാം നിർമിക്കുന്ന സാമൂഹ്യ അധികാര ബന്ധങ്ങളെ ജനാധിപത്യവൽക്കരിച്ചുകൊണ്ട് മനുഷ്യ ബന്ധങ്ങളിൽ അധികാരപരമായ തുല്യത കൈവരുത്തേണ്ടതുണ്ട് എന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ അതൊരിക്കലും മത സാംസ്കാരിക വൈവിധ്യങ്ങളെ തകർത്തുകൊണ്ടാവരുതുതാനും.

ഏകീകൃത സിവിൽകോഡിനെതിരെ കേരള നിയമസഭ ഇന്ത്യയിൽ ആദ്യമായി പ്രമേയം പാസ്സാക്കിയിരിക്കയാണല്ലോ?
എന്തുകൊണ്ട് ഏകീകൃത സിവിൽകോഡിനെ എതിർക്കണം? മതനിരപേക്ഷ സമൂഹത്തിന് ഏകീകൃത സിവിൽ കോഡ് എന്തു ഭീഷണിയാണുണ്ടാക്കുന്നത്?
ആന്റണി, ചിറ്റൂർ

ഹിന്ദുക്കൾക്ക് വേണ്ടി ഏകീകൃത സിവിൽ നിയമം എന്ന ആശയം മുന്നോട്ടുവയ്ക്കപ്പെട്ടപ്പോൾ അതിനെ നഖശിഖാന്തം എതിർത്തവരാണ് സംഘപരിവാരവും അവരുമായി ബന്ധപ്പെട്ട പുരോഹിതവർഗവും. സ്ത്രീ ഒരു പേറ്റു യന്ത്രവും വീടിനകത്ത് മാത്രം കഴിയേണ്ടവളും ഭർത്താവിനു പൂർണമായും കീഴ്പ്പെട്ട്‌ കഴിയേണ്ടവളുമാണ് എന്നാണവർ ഇപ്പോഴും പറഞ്ഞുകൊണ്ടേയിരിക്കുന്നത്. പ്രാകൃതവും മനുഷ്യവിരുദ്ധവുമായ സ്ത്രീവിരുദ്ധ ഉള്ളടക്കം പേറുന്ന മനുസ്മൃതി അവർക്കിപ്പോഴും വിശുദ്ധമാണ്. ഡോ അംബേദ്‌കർ ഒരൊറ്റ പുസ്തകമേ കത്തിച്ചിട്ടുള്ളൂ: അത് മനുസ്മൃതിയാണ്. അതിന്റെ ചാരത്തിൽ നിന്നാണ് ഇന്ത്യക്കൊരു ആധുനിക ഭരണഘടന താനുണ്ടാക്കും എന്നദ്ദേഹം പ്രഖ്യാപിക്കുന്നത്.

ഇത്രയും പറഞ്ഞത്, സംഘപരിവാർ ഏകീകൃത സിവിൽ നിയമം കൊണ്ടുവരുന്നത് മതനിരപേക്ഷമോ ആധുനികമോ ആയ നീതിബോധത്തിൽ നിന്നുകൊണ്ടാണ് എന്ന തെറ്റിദ്ധാരണ ചോദ്യകർത്താവിനുണ്ടെങ്കിൽ അത് തിരുത്തണം എന്നതുകൊണ്ടാണ്.

വിവാഹ, വിവാഹമോചന കുടുംബ നിയമങ്ങളും മതവിശ്വാസവുമായി അതിനുള്ള ബന്ധവും ന്യൂനപക്ഷങ്ങളുടെ സാംസ്‌കാരിക സ്വത്വത്തിന്റെ കൂടി ഭാഗമാണ്. അത് ഏകപക്ഷീയമായ തീരുമാനങ്ങളിലൂടെ കൈകാര്യം ചെയ്യപ്പെടേണ്ട ഒന്നല്ല. എല്ലാ മത ന്യൂനപക്ഷ ഗോത്ര വിഭാഗങ്ങളുമായി കൂടിയാലോചിച്ചും സാമൂഹ്യ പരിഷ്കരണത്തിൽ ഊന്നിയ ആശയ പ്രചാരണങ്ങളിലൂടെ ഓരോ വിഭാഗങ്ങൾക്കകത്തും അവബോധപരമായ മുന്നേറ്റം സാധിച്ചെടുത്തും അല്ലാതെ ഏകപക്ഷീയമായി ഹിന്ദുത്വ ശക്തികളുടെ നിക്ഷിപ്ത താല്പര്യങ്ങൾ നിയമമായി അടിച്ചേൽപ്പിച്ചാൽ അത് വ്യത്യസ്ത സാമൂഹ്യ വിഭാഗങ്ങൾക്കിടയിൽ അവിശ്വാസം ജനിപ്പിക്കാനും അകൽച്ചകളുണ്ടാക്കാനും അതുവഴി നമ്മുടെ മതനിരപേക്ഷ ചട്ടക്കൂടിന് കോട്ടമുണ്ടാക്കാനും ഇടവരുത്തും.

ആത്യന്തികമായി രാജ്യം അരക്ഷിതമാവും.

ഏക സിവിൽ കോഡിനെ അനുകൂലിക്കുന്നവർ പറയുന്നത്, ഇ എം എസ് ഏക സിവിൽകോഡിനെ അനുകൂലിച്ചിരുന്നു എന്നാണ്. എന്താണ് ഇ എം എസിന്റെ കാഴ്ചപ്പാടിലുള്ള ഏക സിവിൽ കോഡും ഇപ്പോൾ ബിജെപി മുന്നോട്ടുവയ്ക്കുന്ന സിവിൽ കോഡും തമ്മിലുള്ള വ്യത്യാസം?
ഇസഹാക്, പട്ടാമ്പി

ഇ എം എസ് ഏകീകൃത സിവിൽ നിയമം എന്ന ആശയത്തെ പൂർണമായും അനുകൂലിക്കുകയല്ല ചെയ്തിരുന്നത്. മാത്രവുമല്ല ഷാബാനു ബീഗം കേസുമായി ബന്ധപ്പെട്ട സവിശേഷ പശ്ചാത്തലത്തിലും, പൊതുവെ രാജ്യത്തിന്റെ മതനിരപേക്ഷ ചട്ടക്കൂട് ഘടന ശക്തിപ്പെട്ടു നിൽക്കുന്ന എൺപതുകളിലെ മധ്യത്തിലുമാണ് അങ്ങിനെയൊരു ചർച്ച ഇവിടെ ഉണ്ടാകുന്നത്. ചർച്ചയ്ക്കാധാരമായ വിഷയവും കാലവും പ്രധാനമാണ് എന്ന് സാരം . എന്നാൽ പോലും ഏകീകൃത സിവിൽ നിയമത്തിലേക്ക് രാജ്യം പോകേണ്ടതിനുള്ള മുന്നുപാധിയായി അദ്ദേഹം പറയുന്നത് അതാത് സാമുദായിക വിഭാഗങ്ങൾ അതിന് പാകപ്പെടേണ്ടതുണ്ട് എന്നാണ്.

ഇന്നും അതേ നിലപാടാണ് പാർട്ടിക്കുള്ളത്. ഏകീകൃത സിവിൽ നിയമം എന്ന ഭരണഘടനാ നിർദ്ദേശം നടപ്പിലാക്കുന്നതിനുള്ള ആവശ്യം അതാത് വിഭാഗങ്ങളിൽ നിന്നുവേണം ഉയർന്നുവരാൻ.

മറ്റൊരു കാര്യം ശ്രദ്ധിക്കേണ്ടത്, ഇപ്പോൾ ഏകീകൃത നിയമം എന്ന ഈ ആവശ്യം ഉയർത്തുന്നത് സംഘപരിവാർ ആണെന്നതാണ്. അവരുടെ ലിംഗനീതി ബോധം എന്താണ്? ജനാധിപത്യത്തെയും ബഹുസ്വരതയെയും സംബന്ധിക്കുന്ന കാഴ്ചപ്പാട് എന്താണ്? ഇന്ത്യാ ചരിത്രത്തിൽ ഇന്നോളം അവർ മുന്നോട്ടു വച്ചിട്ടുള്ള ന്യൂനപക്ഷങ്ങളോടുള്ള സമീപനം എന്താണ്? ഈ പശ്ചാത്തലത്തിൽ ഹിന്ദുത്വ ഭരണകൂടം കൊണ്ടുവരുന്ന ഏക സിവിൽ നിയമം എന്ന ആശയം തങ്ങളെ ലക്ഷ്യം വയ്ക്കുന്ന ഒന്നാണ് എന്ന് ന്യായമായും ന്യൂനപക്ഷങ്ങൾ ഭയക്കുന്നു.

അതിൽ കാമ്പുണ്ട് എന്ന് ചരിത്രാനുഭവങ്ങളെ മുൻനിർത്തി ഇടത് പാർട്ടികളും മറ്റു മതനിരപേക്ഷ പാർട്ടികളും കരുതുന്നു. ഏത് നിയമവും അത് ബാധകമാവുന്ന ജനതയുടെ കൂടി ആവശ്യത്തെ മുൻ നിർത്തിയാവണം. അതാണ് അന്ന് ഇ എം എസ് പറഞ്ഞത്. മാത്രവുമല്ല എന്തുതന്നെ പരിമിതി ഉണ്ടായിരുന്നെങ്കിലും ഇന്ത്യ അന്ന് ഭരിക്കുന്നത് താരതമ്യേന മതേതരമായ കോൺഗ്രസ് പാർട്ടിയാണ്. നിയമം അത് ബാധിക്കുന്നവരുടെ കൂടി ആവശ്യത്തെ മുന്നിർത്തിയാവണം എന്നും അതിനായി ആശയപരമായ ഇടപെടൽ വേണം എന്നും കൂടി ഇ എം എസ്- പറഞ്ഞു.

മുസ്ലിം വെറുപ്പുകൊണ്ട് കെട്ടിപ്പൊക്കുന്ന ഹിന്ദുത്വ എന്ന ഫാഷിസ്റ്റ് ആശയം ഭരണകൂടത്തെ സമ്പൂർണ്ണമായി കീഴടക്കുന്ന കാലത്ത് ഏക സിവിൽ നിയമം ഇപ്പോൾ പ്രായോഗികമല്ല എന്ന സിപിഐ എം നിലപാട് ഇ എം എസിന്റെ അന്നത്തെ നിലപാടിന്റെ കാലികമായ തുടർച്ചമാത്രമാണ്. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

9 + 13 =

Most Popular