Monday, November 25, 2024

ad

Homeസംവാദംഏകീകൃത സിവിൽകോഡും സിപിഐ എം നിലപാടും

ഏകീകൃത സിവിൽകോഡും സിപിഐ എം നിലപാടും

എം എ ബേബി

കീകൃത സിവിൽകോഡ് വിഷയത്തിൽ വ്യത്യസ്ഥ അഭിപ്രായം വച്ചുപുലർത്തുന്ന “I.N.D.I.A’ എന്ന പ്രതിപക്ഷ കൂട്ടായ്മ ഈ വിഷയത്തെ എങ്ങനെ കൈകാര്യം ചെയ്യും? പാർട്ടി നിലപാടിനൊപ്പം സഖ്യത്തിൽ വരുന്ന കക്ഷികളെ കൊണ്ടുവരാൻ എന്തൊക്കെ നടപടികൾ സ്വീകരിക്കും?
ജയരാജൻ കരായി

അന്ധവിശ്വാസം, അനാചാരം എന്നിവയെ നഖശിഖാന്തം എതിർക്കുന്ന പാർട്ടി, വിവിധ മതവിഭാഗങ്ങൾക്കിടയിൽ ഇന്നും നിലനിൽക്കുന്ന ബഹു ഭാര്യാത്വം, സ്വത്തിന്റെ അവകാശം തുടങ്ങി അനഭിലഷണീയമായ പ്രവണതകൾ ഇല്ലാതാക്കി എല്ലാ വിഭാഗത്തിനും ബാധകമായ ഒരു നിയമം നടപ്പിലാക്കുന്നതിനെ എന്തിനാണ് എതിർക്കുന്നത്?
പ്രേമരാജൻ, മലപ്പട്ടം

2018ലെ നിയമകമ്മീഷൻ ഏകീകൃത സിവിൽ കോഡ് ഇന്ത്യൻ സാഹചര്യത്തിൽ അനിവാര്യമോ ആശാസ്യമോ അല്ലെന്ന് വ്യക്തമാക്കി. എന്നാൽ ബിജെപി 2019ലെ തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന് വാഗ്ദാനം നൽകി. നമ്മൾ ഏകീകൃത സിവിൽ കോഡിന് എതിരല്ലെന്ന് പറയുകയും ഇപ്പോൾ ബിജെപി നടപ്പാക്കുന്നതിനെ എതിർക്കുകയുമാണല്ലോ? ഇതിലൊരു പൊരുത്തക്കേടില്ലേ? പുതിയ നിയമകമ്മീഷനുമുന്നിൽ നമ്മൾ നയം വ്യക്തമാക്കി അഭിപ്രായം അറിയിച്ചിട്ടുണ്ടോ? എങ്ങനെ ഏകീകൃത സിവിൽകോഡ് നടപ്പാക്കാമെന്നാണ് നമ്മൾ കമ്മീഷനു മുന്നിൽ വാദിക്കാൻപോകുന്നത്?
ഗേപാലകൃഷ്ണൻ പി ടി, 
കൂത്തുപറമ്പ്

ഇന്ത്യയിൽ വർഗീയ ധ്രുവീകരണമുണ്ടാക്കി തിരഞ്ഞെടുപ്പു നേട്ടമുണ്ടാക്കാനാവുമോ എന്ന ദുഷ്ട ചിന്തയോടെയാണ് ബിജെപി ഈ വിഷയം എടുത്തിട്ടത്. വിദേശയാത്ര കഴിഞ്ഞെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി, അന്ന് ആളിക്കത്തിക്കൊണ്ടിരുന്ന മണിപ്പൂരിനെപ്പറ്റി ഒറ്റ അക്ഷരം മിണ്ടാതെ ഏകീകൃത സിവിൽ കോഡിനെപ്പറ്റി പറഞ്ഞു. അതാകട്ടെ ഭോപ്പാലിൽ നടന്ന മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് തയ്യാറെടുപ്പിനായി ബിജെപി വിളിച്ചുചേർത്ത പാർട്ടി പ്രവർത്തകരുടെ യോഗത്തിലായിരുന്നു.

മുസ്ലീം സ്ത്രീകളെ രക്ഷിക്കാനായി എന്ന് അവകാശപ്പെട്ടുകൊണ്ടാണ് മോദി ഇതു പറഞ്ഞത്. ബിൽക്കീസ് ബാനു കേസിൽ മുസ്ലീം സ്ത്രീ വിരുദ്ധ നിലപാട് പരസ്യമായി കെെക്കൊള്ളുന്ന ബിജെപി ഗവൺമെന്റിന്റെ നയം നാടിനെ അമർഷവും രോഷവും കൊണ്ട് പൊട്ടിത്തെറിക്കാൻ പ്രേരിപ്പിക്കുമ്പോഴാണ് മുസ്ലീം സ്ത്രീ സംരക്ഷണ അവകാശവാദം പ്രധാനമന്ത്രി മോദി നടത്തുന്നത്.

ഏകീകൃത സിവിൽകോഡ് ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നടപ്പാക്കാൻ സാധ്യമല്ല എന്ന് ബിജെപി മുന്നണിയിൽപ്പെട്ട വടക്കു കിഴക്കേ ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികളും മുഖ്യമന്ത്രിമാരും ആഭ്യന്തരമന്ത്രിയോട് പട്ടാങ്ങായി പറഞ്ഞപ്പോൾ, അമിത് ഷാ നൽകിയ മറുപടി പുറത്തുവന്നിട്ടുണ്ട്. വടക്കുകിഴക്കൻ സൺസ്ഥാനങ്ങളിൽ ഇതു ബാധകമാക്കില്ല എന്നായിരുന്നു. ഷായുടെ പ്രതികരണം അപ്പോൾപിന്നെ പദ്ധതി വ്യക്തമാണ്, മുസ്ലീം ന്യൂനപക്ഷങ്ങളെ മാത്രം ഉദ്ദേശിച്ചാണ് ഏകീകൃത സിവിൽ കോഡ്.

ആവശ്യമായ ചർച്ചകൾക്കും ബോധവൽക്കരണങ്ങൾക്കും ശേഷം മാത്രം പരിഗണിക്കാവുന്ന ഒരു വിഷയമായി ദേശീയ സ്വാതന്ത്ര്യസമരത്തെത്തുടർന്ന് ഭരണഘടന നിർമാണസഭ കൂടിയപ്പോൾത്തന്നെ ബന്ധപ്പെട്ടവർക്ക് ബോധ്യപ്പെട്ടതുകൊണ്ടാണ് ഇക്കാര്യം നിർദേശകതത്വങ്ങളിൽ മാത്രം പരാമർശിച്ചത്. എന്താണതിന്റെ അർഥം? നിയമം മൂലം നടപ്പാക്കിക്കിട്ടുവാൻ പൗരർക്ക് കോടതികളെ സമീപിക്കുവാൻ അനുവാദമില്ലാത്ത വിഷയങ്ങളാണ് നിർദേശക തത്വങ്ങളിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഉചിതമായ സമയത്ത് ആവശ്യമായ തയ്യാറെടുപ്പുകൾക്കുശേഷം അവ നടപ്പാക്കുന്നത് പരിഗണിക്കാമെന്നാണ് ആ ഭരണഘടനാ പരാമർശത്തിന്റെ അർഥം.

21–ാം നിയമകമ്മിഷൻ സുപ്രീംകോടതി റിട്ടയേർഡ് ജസ്റ്റിസ് ബി എസ് ചൗഹാന്റെ നേതൃത്വത്തിൽ ഈ വിഷയം പരിശോധിക്കുകയുണ്ടായി. അവരുടെ നിഗമനങ്ങൾ, എഴുപതിനായിരത്തിലധികം അഭിപ്രായപ്രകടനങ്ങൾ പരിഗണിച്ചതിനുശേഷം 2018 ആഗസ്ത് 31ന് എഴുതി തയ്യാറാക്കി സമർപ്പിക്കുകയുണ്ടായി. ഇന്നത്തെ സാഹചര്യത്തിൽ ഏകീകൃത സിവിൽ കോഡ് ആവശ്യമോ അഭികാമ്യമോ അല്ല എന്നാണ് 21–ാം ലോ കമ്മിഷന്റെ മുഖ്യനിഗമനം. സ്ത്രീ തുല്യതകയ്ക്കും നീതിക്കും സഹായകമായ വിധത്തിൽ വ്യത്യസ്ത വ്യക്തി നിയമങ്ങളെപ്പറ്റി അതതു സമുദായ–മത–ഗോത്ര വിഭാഗങ്ങൾക്കുള്ളിൽ ചർച്ച നടത്തി അഭിപ്രായ സമന്വയം ഉണ്ടാക്കുകയും തദനുസൃതമായ നിയമഭേദഗതികൾ കൊണ്ടുവരികയുമാണ് ഉചിതം എന്നും 21–ാം നിയമകമ്മിഷൻ അഭിപ്രായപ്പെട്ടു. സിപിഐ എം ഈ നിലപാടിനോട് യോജിക്കുകയാണ്.

നിയമകമ്മിഷൻ ചൂണ്ടിക്കാട്ടുന്ന വളരെ പ്രധാനപ്പെട്ട മറ്റൊരു കാര്യമുണ്ട്. വ്യത്യസ്ത മത–സാമുദായിക–പ്രാദേശിക–ഗോത്ര വിഭാഗങ്ങൾക്കിടയിൽ ആചാരരീതികളിലും, വിവാഹം, സ്വത്തവകാശം, ദത്തവകാശം, വിവാഹമോചനം തുടങ്ങിയ കാര്യങ്ങളിലും വ്യത്യസ്തതകൾ പല രാജ്യങ്ങളിലുമുണ്ട്. ആ വ്യത്യസ്തതകളെ ആദരിക്കുകയും അതിൽ അനീതികളോ സ്ത്രീവിരുദ്ധതയോ ഉണ്ടെങ്കിൽ അത് ദൂരികരിക്കാൻ വ്യക്തി നിയമഭേദഗതികൾ ചർച്ചകളിലൂടെയും ബോധവൽക്കരണത്തിലൂടെയും കൊണ്ടുവരികയുമാണ് പൊതുവേ സ്വീകരിച്ചുവരുന്ന നയം. ഏകീകരിക്കുന്നതിലൂടെ സമത്വം സ്ഥാപിക്കപ്പെടണമെന്നില്ല എന്നതും വ്യക്തമാണ്.

ഇപ്പോൾ ഇന്ത്യയിൽ ഗോവാ സംസ്ഥാനത്ത് ഏകീകൃത സിവിൽ കോഡ് പ്രാബല്യത്തിലുണ്ട്. അതിന്റെപ്രവർത്തനം പരിശോധിക്കുമ്പോൾ വ്യക്തമാകുന്ന കാര്യങ്ങളുണ്ട്. പോർച്ചുഗീസ് ആധിപത്യത്തിൻ കീഴിലായിരുന്ന ഗോവ 1961ൽ മാത്രമാണ് സ്വാതന്ത്ര്യം നേടി ഇന്ത്യയുടെ ഭാഗമായത്. പോർച്ചുഗലിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കപ്പെട്ടതിന്റെ ചുവടുപിടിച്ചാണ് ഗോവയിലും അത് നടപ്പായത്. അതുപ്രകാരം തദ്ദേശീയ ഹിന്ദുക്കളുടെ വിവാഹം സംബന്ധിച്ച നിയമം സ്ത്രീ വിരുദ്ധമാണ്. വിവാഹിത 25 വയസ്സുള്ളിൽ കുഞ്ഞിനെ പ്രസവിച്ചില്ലെങ്കിൽ ഭർത്താവിന് രണ്ടാം വിവാഹത്തിന് അവകാശമുണ്ട്! 30 വയസ്സിനുള്ളിൽ ഭാര്യ ആൺകുഞ്ഞിനെ പ്രസവിച്ചില്ലെങ്കിലും ഭർത്താവിന് രണ്ടാമതും വിവാഹം കഴിക്കാം. ഭാര്യക്കും ഭർത്താവിനും കുഞ്ഞുണ്ടാകാതിരിക്കുന്തതു സംബന്ധിച്ച പ്രശ്നങ്ങൾ ഉണ്ടാവാമെന്നത് ഈ വിചിത്ര നിയമം പരിഗണിക്കുന്നില്ല എന്നത് മാത്രമല്ല; തീർത്തും സ്ത്രീവിരുദ്ധവും പുരുഷാധിപത്യപരവുമാണ് ഗോവയിൽ പ്രാബല്യത്തിലുള്ള ഏകീകൃത സിവിൽ കോഡ് എന്നകാര്യവും നാം തിരിച്ചറിയേണ്ടതുണ്ട്.

ഇന്ത്യൻ ഭരണഘടനയിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക് ചില സവിശേഷ നിയമ പരിരക്ഷ നൽകുന്ന കാര്യം വ്യക്തമാണ്. അനുച്ഛേദം 371 പ്രകാരം നാഗാലാന്റ് സംസ്ഥാനത്ത് ഇന്ത്യൻ പാർലമെന്റ് പാസ്സാക്കുന്ന സിവിലും ക്രിമിനലുമായ നിയമങ്ങൾ നേരിട്ട് പ്രാബല്യത്തിൽ വരികയില്ല. നാഗാലാന്റ് നിയമസഭ ഒരു പ്രമേയം പാസാക്കുക വഴി തീരുമാനിക്കുന്ന ഭാഗങ്ങൾ മാത്രമേ നടപ്പാക്കപ്പെടുകയുള്ളൂ. ഇന്ത്യക്കു മുഴുവനുമായാണ് എന്ന നിലയിൽ ഇന്ത്യൻ പാർലമെന്റ് പാസ്സാക്കുന്ന നിയമത്തിന്റെ നാഗാലാന്റിലെ ഗതി ഇതാണ്!

ഈ പശ്ചാത്തലത്തിൽ ഇന്ത്യയിൽ വലിയ ആഭ്യന്തരക്കുഴപ്പം സൃഷ്ടിച്ച് വർഗീയ ഹിന്ദുത്വവികാരം ആളിക്കത്തിക്കാനുള്ള ക്രിമിനൽ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് ഫാസിസ്റ്റ് സ്വഭാവമുള്ള ആർഎസ്എസ് ഏകീകൃത സിവിൽ കോഡ് ഉയർത്തിക്കൊണ്ടുവരുന്നത് എന്ന് വ്യക്തമാണ്. മലപ്പട്ടം പ്രേമരാജന്റെ ചോദ്യത്തിന് മേൽക്കൊടുത്ത കാര്യങ്ങൾ വ്യക്തത വരുത്തുന്നുണ്ടല്ലോ. പി ടി ഗോപാലകൃഷ്ണന്റെ ചോദ്യത്തിന്റെ അവസാനഭാഗത്ത് പരാമർശിക്കുന്നത് പുതിയ നിയമകമ്മീഷനുമുന്നിൽ സിപിഐ (എം) നിലപാട് വിശദീകരിച്ചുവോ എന്നാണ്. പാർട്ടി പരസ്യമായിത്തന്നെ ഇക്കാര്യം വ്യക്തമായിട്ടുള്ളതിനാൽ പ്രത്യേകമായി വീണ്ടും അത് വിശദീകരിക്കേണ്ട ആവശ്യമില്ല. 21–ാം നിയമ കമ്മീഷനു മുന്നിൽ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ വിശദമായിത്തന്നെ ഇക്കാര്യങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.

വിവിധ സമുദായ മതവിഭാഗങ്ങൾക്കിടയിൽ ചർച്ച നടത്തി അഭിപ്രായ യോജിപ്പുണ്ടാക്കാതെ ഏകീകൃത സിവിൽ കോഡ് അടിച്ചേൽപ്പിക്കണമെന്ന് സിപിഐ എം ഒരിക്കലും പറഞ്ഞിട്ടില്ല. മറിച്ചുള്ള പ്രചാരണം ദുരുദ്ദേശ്യ പ്രേരിതമാണ്.

ജയരാജൻ കാരായി ചൂണ്ടിക്കാണിക്കുന്നതുപോലെ, I. N. D. I. A അന്ന് പ്രതിപക്ഷ വേദിയിലെ പാർട്ടികൾക്കിടയിൽ ഇതിനെ സംബന്ധിച്ച് വ്യത്യസ്ത സമീപനങ്ങളും ഊന്നലുകളുമുണ്ട്. കോൺഗ്രസ് ചർച്ചചെയ്തു പറയുന്ന അഭിപ്രായം; ബിജെപി സർക്കാരിന്റെ കരട് നിയമം വരട്ടെ എന്നാണ്. കേരളത്തിലെ നേതാക്കളിൽ ചിലർ പരസ്യമായി എതിർക്കുകയും ചെയ്യുന്നു. കോൺഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനം മൂലമാണ് ആശയക്കുഴപ്പം എന്നും ചിലർ ചൂണ്ടിക്കാട്ടുന്നു. ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നതിൽ രക്തപങ്കിലമായ ചരിത്രമുള്ള ആർഎസ്എസ്സും ബിജെപിയും രക്തദാഹത്തോടെയാണ് ഇതുപോലൊരു വിഷയം കൊണ്ടുവരുന്നത് എന്ന് മനസ്സിലാക്കി അതിനെ തുറന്നടിച്ച് എതിർക്കാതിരിക്കുന്നത് എന്തു ന്യായത്തിലാണെങ്കിലും ശരിയല്ല. പിന്നെ INDIA ഒരു സഖ്യമാണെന്ന കാരായി ജയരാജന്റെ പരാമർശവും ശരിയല്ല. ചുരുക്കപ്പേരിന്റെ വിപുലീകരണം വരുമ്പോൾ Alliance (സഖ്യം) എന്ന് ഉണ്ടെങ്കിലും ബിജെപിക്കും കൂട്ടാളികൾക്കും എതിരായ പ്രതിപക്ഷ സമരത്തിന്റെ വിശാല യോജിപ്പിന്റെ ഭാഗമായ ധാരണയുടെ ഭാഗമാണ് INDIA എന്നതാണ് ശരി. ഓരോ സംസ്ഥാനത്തെയും വസ്തുനിഷ്ഠ സാഹചര്യം നോക്കിയാണ്, കേന്ദ്രഭരണത്തിൽ നിന്ന് ബിജെപിയെയും നരേന്ദ്രമോദിയെയും എത്രയും വേഗം മാറ്റാനുള്ള തിരഞ്ഞെടുപ്പ് സമര സംവിധാനങ്ങൾ രൂപപ്പെടുത്തുക എന്ന് വ്യക്തമാണ്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

five × 2 =

Most Popular