തെരഞ്ഞെടുക്കപ്പെടുന്ന മേഖലകൾക്കും നയങ്ങളുടെയും പരിപാടികളുടെയും നിർവഹണത്തിന് ബാധ്യസ്ഥമായ ഏജൻസികൾക്കും വേണ്ട നിയമപരമായ ചട്ടക്കൂടും സ്വീകരിക്കേണ്ട തന്ത്രങ്ങളും നിർവഹണത്തിലെ ഭരണപരമായ പ്രശ്നങ്ങളും ചുരുക്കം ചില വിജയഗാഥകളും പഠിക്കേണ്ടതാവശ്യമാണ്. ഭരണപരിഷ്കാര കമ്മിഷൻ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലും സെക്കൻഡറി ഡാറ്റകളിൽ നിന്നും ശേഖരിച്ച വിവരണങ്ങളുടെയും വിദഗ്ധരിൽ നിന്നുള്ള ഇൻപുട്ടുകളുടെയും അടിസ്ഥാനത്തിലുമാണ് ശുപാർശകൾ നൽകുന്നത്. പഠനത്തിനിടയിൽ തിരഞ്ഞെടുക്കപ്പെട്ട മിക്കവാറും എല്ലാ മേഖലകളിലും വെെരുധ്യങ്ങൾ ഉളളതായും വകുപ്പുകളുടെ ഭരണനിർവഹണത്തിനുവേണ്ട നിയമങ്ങളിലെയും ചട്ടങ്ങളിലെയും വ്യവസ്ഥകളിലെ സംയോജനമില്ലായ്മയും പരിപാടികളുടെയും പ്രൊജക്ടുകളുടെയും നിർവഹണത്തിലെ സംയോജനമില്ലായ്മയും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഉദാഹരണത്തിന് പൊതുഇടങ്ങളിൽ മാലിന്യങ്ങൾ കൂട്ടിയിടുന്നതിന് നൽകേണ്ട ശിക്ഷ സംബന്ധിച്ച വ്യവസ്ഥകൾ ഓരോ വകുപ്പിലും വ്യത്യസ്തമായിരിക്കുന്നു. ഓരോ ഏജൻസിയും വ്യത്യസ്തമായ ശിക്ഷയാണ് നൽകുന്നത്. വേസ്റ്റ് മാനേജ്മെന്റും മലിനീകരണം തടയലും പ്രാദേശിക സർക്കാരുകളുടെയും മലിനീകരണ നിയന്ത്രണബോർഡിന്റെയും ചുമതലയിലാണ്.
എന്നാൽ മാലിന്യസംസ്കരണം സംബന്ധിച്ച നിയമങ്ങളും ചട്ടങ്ങളും ലംഘിക്കപ്പെടുകയാണെങ്കിൽ പിഴ ചുമത്താനോ ശിക്ഷാ നടപടികൾ സ്വീകരിക്കാനോ അവയ്ക്കധികാരമില്ല. സമാനമായ അപാകതകൾ മറ്റു മേഖലകളിലും നിലനിൽക്കുന്നു. ഈ പ്രശ്നങ്ങൾ തരണം ചെയ്യുന്നതിന് ഭരണപരമായ ഉപകരണങ്ങളുടെ സംയോജനവും ക്രമീകരണവും നടപ്പാക്കുന്നതിനു വേണ്ട ഭരണപരമായ കാര്യങ്ങൾ നിർദേശിക്കുന്നുണ്ട്. വികസനത്തിന്റെ സുസ്ഥിര നിർവഹണത്തിന് അനുപേക്ഷണീയമാണ് ഈ റിപ്പോർട്ടിൽ പരാമർശിക്കുന്ന അഞ്ചു മേഖലകളിലെയും സംയോജിതമായ പ്രവർത്തനം. ഉദാഹരണത്തിന് കൃഷിയുടെ പ്രോത്സാഹനത്തെ ജെെവവെെവിധ്യവുമായി കൂട്ടിയോജിപ്പിക്കുന്നത് വായുവിന്റെയും വെള്ളത്തിന്റെയും ഭൂമിയുടെയും മലിനീകരണത്തിൽനിന്നും മുക്തമായിട്ടായിരിക്കണം. ഇതിന് വേസ്റ്റ് മാനേജ്മെന്റിന്റെയും കൃഷിയുടെയും മണ്ഡലത്തിലെ നിയമങ്ങളുടെ സംയോജനം ആവശ്യമാണ്. സുതാര്യതയും ജനപങ്കാളിത്തവുമാണ് മറ്റൊരു വിഷയം.
വികസനപദ്ധതികളിലെ ജനകീയ പങ്കാളിത്തം ഉറപ്പാക്കുന്നതിന‍് സാങ്കേതികതകളും പ്രവർത്തനതന്ത്രങ്ങളും R & D (Research and Developement) ഇനിഷേ-്യറ്റീവുകളുടെ കണ്ടെത്തലുകളും പ്രോജക്ടുകളുടെ ഫണ്ടിങ് വിശദാംശങ്ങളും ജനങ്ങൾക്ക് മനസ്സിലാകുന്ന ഭാഷയിൽ പരിഭാഷപ്പെടുത്തേണ്ടതാണ്. ഫീഡ് ബാക്കുകൾക്കും നിർദേശങ്ങൾക്കും ആവശ്യമായ പ്രാധാന്യം നൽകേണ്ടതുണ്ട്. അങ്ങനെ ചെയ്യുന്നതിന് നിയമപരമായ വ്യവസ്ഥകളും നടപടിക്രമങ്ങളും ആവശ്യമാണ്. നയരൂപീകരണത്തിൽ വികേന്ദ്രീകരണം എല്ലാ മേഖലകളിലും ഒരു വിട്ടുവീഴ്ചയും കൂടാതെ നടപ്പാക്കേണ്ടതും ശാസ്ത്രതത്വങ്ങൾ സ്വീകരിക്കുമെന്ന് ഉറപ്പാക്കേണ്ടതും ആവശ്യമാണ്. വിദഗ്ധരും ജനപ്രതിനിധികളും സന്നദ്ധ സംഘടനകളും ഇത്തരം കാര്യങ്ങളുമായി ബന്ധപ്പെട്ടു നിൽക്കുന്ന വ്യക്തികളും തമ്മിൽ കൃത്യമായ ഇടപെടലും ആശയവിനിമയവും ആവശ്യമാണ്.
ഓരോ മേഖലയിൽനിന്നും ഓരോ പ്രദേശത്തുനിന്നുമുള്ള ഇത്തരം വിജയഗാഥകൾ മാതൃകകളായും മറ്റുള്ളവർക്ക് അറിയാനായും സ്വീകരിക്കേണ്ടതാണ്; അതേപടി നടപ്പാക്കുന്നതിനുവേണ്ടി മാത്രമല്ല പുതുമയുള്ള പരിഹാര നടപടികൾക്ക് ആവേശം പകരുന്നതിനും കൂടിയാണിത്. കാലാവസ്ഥാ വ്യതിയാനവും ദുരന്തങ്ങളും മൂലമുണ്ടാകുന്ന മാറ്റങ്ങളെ അനുയോജ്യമാക്കുന്നതിനുള്ള ബദൽ വികസന മാതൃകകളായി ഉരുത്തിരിച്ചെടുക്കേണ്ടത് ആവശ്യമാണ്. പ്രാഥമിക മേഖലകളിലെയും ദ്വിതീയ മേഖലകളിലെയും ഉൽപാദനപരമായ പ്രവർത്തനങ്ങളുടെ അഭാവം ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലേക്കും മറ്റു രാജ്യങ്ങളിലേക്കുമുള്ള കുടിയേറ്റക്കാർ നൽകുന്ന പണത്തിന്റെ വ്യാപ്തികൊണ്ടും സേവനമേഖലയെ ആശ്രയിച്ചും നികത്താവുന്നതാണ്. അടിസ്ഥാനപരമായ ഏറ്റവും ചുരുങ്ങിയ നിലവാരം ഉറപ്പാക്കുന്നതിനും ജീവിതത്തിന്റെ ഗുണത ഉറപ്പാക്കുന്നതിനും ഇങ്ങനെ വരുന്ന പണം സഹായകമായിട്ടുണ്ട്. എന്നാൽ പ്രാദേശിക മനുഷ്യവിഭവ ശേഷിയിൽ ഇടപെടുന്നതിന് വർധിച്ചുവരുന്ന ആവശ്യംമൂലം ഇതിൽ അടുത്ത കാലത്തായി ഒരു മാറ്റം സംഭവിച്ചിട്ടുണ്ട്. കോവിഡ് 19 മഹാമാരിയും അതേത്തുടർന്ന് മിക്ക രാജ്യങ്ങളുടെയും സമ്പദ്ഘടനയിൽ ഉണ്ടായ മാറ്റങ്ങളും ഈ രാജ്യങ്ങളിലെ പ്രവാസികളുടെ സാധ്യതകൾ കുറച്ചിട്ടുണ്ട്. സാമൂഹികവും സാമ്പത്തികവുമായ പ്രതിസന്ധി സാർവത്രിക അനുപാതത്തിലെത്തിയതിനെത്തുടർന്ന് വേണ്ട തന്ത്രങ്ങൾ പുനഃപരിശോധിക്കേണ്ടതും പുനഃസംഘടിപ്പിക്കേണ്ടതും ആവശ്യമായിരിക്കുന്നു. അതിവേഗം ഉയർന്നുവരുന്ന വെല്ലുവിളികളെ നേരിടുന്നതിനും പുതിയ രീതിയിലും പുതിയ ദിശയിലും ഈ വെല്ലുവിളികൾ കെെകാര്യം ചെയ്യുന്നതിനും ആവശ്യമായ ഭരണനിർവഹണ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള ഭരണപരിഷ്കാരങ്ങളെ ഉത്തേജിപ്പിക്കുമെന്ന പ്രതീക്ഷയോടെ റിപ്പോർട്ട് കമ്മിഷന് സമർപ്പിക്കുന്നു.
പൊതുപശ്ചാത്തല
സൗകര്യവികസനവും
മാനേജ്മെന്റും (7–ാമത് റിപ്പോർട്ട്)
പശ്ചാത്തല സൗകര്യ വികസനം എന്നാൽ സാമ്പത്തികവും ഭൗതികവുമായ പശ്ചാത്തല സൗകര്യങ്ങളുടെയും സാമൂഹിക പശ്ചാത്തല സൗകര്യങ്ങളുടെയും വികസനം കൂടിയാണ്. ഏതൊരു രാഷ്ട്രത്തിന്റെയും മൊത്തത്തിലുള്ള വികസനം സാമ്പത്തിക, ഭൗതിക, സാമൂഹിക പശ്ചാത്തല സൗകര്യങ്ങളുടെ സമഗ്രമായ വികസനത്തിന്റെ ഫലമാണ്. പശ്ചാത്തല സൗകര്യ വികസനത്തിൽ അധികമായി ഒരു ശതമാനം നിക്ഷേപം നടത്തുന്നത് ആനുപാതികമായി ജിഡിപി വളർച്ചയും ഉണ്ടാക്കുന്നു എന്നത് പരക്കെ അംഗീകരിക്കപ്പെട്ട കാര്യമാണ്.
‘പശ്ചാത്തല സൗകര്യം’ എന്ന പദത്തിന് സാർവത്രികമായ നിർവചനം ഇല്ല. 1994ലെ ലോക വികസന റിപ്പോർട്ട് പശ്ചാത്തല സൗകര്യത്തെ ‘‘സാമ്പത്തികമോ’’ ‘‘ഭൗതികമോ’ ആയ പശ്ചാത്തല സൗകര്യമെന്നും സാമൂഹികമായ പശ്ചാത്തല സൗകര്യമെന്നും രണ്ടായി തിരിച്ചിരിക്കുന്നു. ഇതിലാദ്യം പറഞ്ഞതിൽ വെെദ്യുതി, ഗതാഗതം, റോഡുകൾ, ജലലഭ്യതാ സംവിധാനങ്ങൾ, ആശയവിനിമയം, ജലസേചനം എന്നിത്യാദി സേവനങ്ങൾ ഉൾപ്പെടുന്നതാണ്; സാമൂഹ്യ പശ്ചാത്തല സൗകര്യത്തിൽ വിദ്യാഭ്യാസ, ആരോഗ്യ സേവനങ്ങൾ ഉൾപ്പെടുന്നു.
പൊതു പശ്ചാത്തല സേവനത്തെ, ചരക്കുകളും സേവനങ്ങളും പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനുള്ള സൗകര്യങ്ങൾക്കായുള്ള ഭൗതിക ചട്ടക്കൂട് എന്ന് പൊതുവെ നിർവചിക്കുന്നു. ഭരണപരിഷ്കാര കമ്മിഷൻ ഈ റിപ്പോർട്ടിനായി കേരളത്തിലെ പശ്ചാത്തല സൗകര്യമേഖലയിലെ ഭൗതിക പശ്ചാത്തല സൗകര്യങ്ങൾക്ക് ഊന്നൽ നൽകിക്കൊണ്ടാണ് പഠനം നടത്തിയിട്ടുള്ളത്.
ഭൗതിക പശ്ചാത്തല സൗകര്യങ്ങളുടെ ഗുണനിലവാരത്തിന് സാമൂഹ്യ പശ്ചാത്തല സൗകര്യത്തിലൂടെ പ്രദാനം ചെയ്യുന്ന സേവനങ്ങളുടെ ഗുണനിലവാരവുമായി നേരിട്ട് ബന്ധമുണ്ട്. വർഷങ്ങൾകൊണ്ട് കെട്ടിപ്പടുക്കുന്ന ഭൗതിക പശ്ചാത്തല സൗകര്യം സംസ്ഥാനത്തിന്റെ ജീവിത സൂചികയുടെ ഭൗതികമായ ഗുണനിലവാരം സംബന്ധിച്ച നേട്ടങ്ങളിൽ ശ്രദ്ധേയമായ പങ്കു വഹിച്ചിട്ടുണ്ട്. എന്നാൽ വർഷങ്ങൾകൊണ്ട് കാര്യക്ഷമതാ രാഹിത്യവും കാലഹരണപ്പെടലും ഈ മേഖലകളിലേക്ക് പടർന്നുകയറിയതും സ്ഥിരമായ മെയിന്റനൻസിന്റെ അഭാവവും പല ആസ്തികളുടെയും തകർച്ചയ്ക്ക് കാരണമായിട്ടുണ്ട്. ഏറ്റവും പുതിയ സാങ്കേതികവിദ്യയിൽ ഉദ്യോഗസ്ഥരുടെ ശേഷി വികസിപ്പിക്കുന്നത് നിർമാണ മേഖലയിൽ നൂതന നടപടികൾ സ്വീകരിക്കുന്നതിലുള്ള വെെമനസ്യവും പശ്ചാത്തല സൗകര്യങ്ങളുടെ ഗുണനിലവാരത്തെ പ്രതികൂലമായി ബാധിക്കുന്നുണതും ഇല്ലാതാക്കും. നിർമാണ പ്രക്രിയയുടെ ഉൽപ്പത്തി മുതൽ പൂർത്തിയാക്കൽ വരെയുള്ള ആസൂത്രണ പ്രക്രിയയിലെ അപാകതകൾ കാലതാമസത്തിനും ചെലവുകൂട്ടുന്നതിനും പ്രതീക്ഷിക്കുന്ന അനന്തരഫലം ശരിയായ വിധം ലഭ്യമാകുന്നതിലെ പോരായ്മകൾക്കും മറ്റുമെല്ലാം ഇടയാക്കുന്നു.
കേരളത്തിലെ പൊതു ആസ്തികൾ സൃഷ്ടിക്കുന്നതിലെ അധികച്ചെലവിന്റെയും കാലതാമസത്തിന്റെയും കാരണങ്ങളെക്കുറിച്ചുള്ള പഠനവും ഈ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഭരണനിർവഹണത്തിലെയും പ്രക്രിയകളിലെയും സാങ്കേതികവിദ്യ സ്വീകരിക്കുന്നതിലെയും റിസോഴ്സ് മാനേജ്മെന്റിലെയും സമയപരിധിയിലെയും ബജറ്റുകളിലെയും മാറ്റങ്ങളെക്കുറിച്ച് പഠനം നിർദേശിക്കുന്നു; അവ നടപ്പാക്കപ്പെടുകയാണെങ്കിൽ ആസ്തികൾ സൃഷ്ടിക്കപ്പെടുമെന്നുറപ്പാണ്. അതിനുപുറമെ ഈ റിപ്പോർട്ടിൽ പശ്ചാത്തലസൗകര്യ വികസനത്തിന്റെയും മാനേജ‍്മെന്റിന്റെയും ചില വശങ്ങളെക്കുറിച്ച് മൂന്ന് ഭാഗങ്ങളിലായി ചർച്ച ചെയ്യുന്നുണ്ട്. ഭാഗം–1 പൊതുപശ്ചാത്തല സൗകര്യം. ഭാഗം–2 ജീവിതചക്ര സമീപനം. ഭാഗം 3–പശ്ചാത്തല സൗകര്യം –വികസനവും മാനേജ്മെന്റും. പഠനത്തിനും റിപ്പോർട്ട് തയ്യാറാക്കുന്നതിനും സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ്, കമ്മിഷനുമായി സഹകരിച്ചിട്ടുണ്ട്.
ക്ഷേമം മുതൽ
അവകാശങ്ങൾ വരെ
ഭാഗം 2 (6–ാമത് റിപ്പോർട്ട്)
മത്സ്യബന്ധനത്തിലേർപ്പെടുന്നവർ, പട്ടികജാതിക്കാർ, പട്ടികവർഗങ്ങൾ, ചേരിനിവാസികളും കോളനി നിവാസികളും, തെരുവിൽ കഴിയുന്നവർ എന്നീ വിഭാഗങ്ങളുടെ ക്ഷേമത്തിനായുള്ള നിയമനിർമാണങ്ങൾ സംബന്ധിച്ച പഠനം.
ഈ റിപ്പോർട്ടിലെ ശുപാർശകൾ ഈ പഠനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള സമൂഹങ്ങളുടെ സമഗ്ര വികസനം ലക്ഷ്യം വച്ചുള്ളവയാണ് . ഇതിൽ കൈകാര്യം ചെയ്തിട്ടുള്ള വിഷയങ്ങൾ പുതിയതൊന്നുമല്ല. അവയിൽ പലതും പരിഹരിക്കുന്നതിന് ഗവൺമെന്റുതന്നെ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
ഈ റിപ്പോർട്ട് തയ്യാറാക്കുമ്പോഴുള്ള ഭരണപരിഷ്കാര കമ്മിഷന്റെ ലക്ഷ്യം നിശ്ചിത സമയപരിധിക്കുള്ളിൽ പ്രധാനപ്പെട്ട പ്രശ്നങ്ങളിൽ ചിലതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഗവൺമെന്റിനെ സഹായിക്കുക എന്നതാണ്; അതിവേഗം ഉണ്ടാകുന്ന സാമൂഹ്യവികാസത്തിൽ നിന്നും ഉയർന്നുവരുന്ന നേട്ടങ്ങൾ സ്വീകരിക്കാൻ ഈ വിഭാഗങ്ങളെ പ്രാപ്തമാക്കുക എന്ന ലക്ഷ്യവുമുണ്ട്. ഈ വിഭാഗങ്ങളുടെ ബലഹീനതകളെയും അരികുവൽക്കരണത്തെയും അതിജീവിക്കുന്നതിൽ നിന്നും അവരെ തടയുന്ന പ്രധാനപ്പെട്ട ചില പ്രശ്നങ്ങൾക്ക് ഈ റിപ്പോർട്ട് ഊന്നൽ നൽകുന്നു. ഒരു സമൂഹത്തിന്റെ സാമൂഹ്യ സാമ്പത്തിക വികസനത്തിൽ നിർണായക ഘടകം ആ അംഗങ്ങളുടെ വിദ്യാഭ്യാസമാണ്. ഏത് സമൂഹത്തിന്റെയും അരികുവൽക്കരണവുമായി ബന്ധപ്പെട്ട പ്രധാന കാരണങ്ങളിലൊന്ന് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം കുറവായിരിക്കുന്നതാണ്. ഈ സമൂഹങ്ങളിൽ നിന്ന് ഉന്നതവിദ്യാഭ്യാസത്തിന് വളരെ കുറച്ചുപേർ മാത്രമേ എത്തുന്നുള്ളു എന്ന് റിപ്പോർട്ട് വെളിപ്പെടുത്തുന്നു. ഇത് തലമുറകളായുള്ള പിന്നാക്കാവസ്ഥ നിലനിർത്തുന്നു. ഗവൺമെന്റിന്റെ മുൻഗണനയോടുകൂടിയുള്ള ഇടപെടൽ ഇത് അനിവാര്യമാക്കുന്നു. സംസ്ഥാനത്തെ അരികുവൽകൃത സമുദായങ്ങളിലെ കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസം നടത്തുന്നതിന് ന്യായമായ അവസരങ്ങൾ ലഭ്യമാക്കേണ്ടതുണ്ട്.
നേട്ടങ്ങൾ ലഭ്യമാക്കുന്നതിൽ അരികുവൽകൃത സമുദായങ്ങളിലെ കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങളുള്ള വ്യക്തികൾക്ക് മേൽക്കെെ ലഭിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതാണ് മറ്റൊരു ഘടകം. ഇത് അതാത് സമുദായങ്ങൾക്കുള്ളിലെ അസമത്വം വർദ്ധിപ്പിക്കുന്നു; ദരിദ്രരായവർ കൂടുതൽ അരികുവൽക്കരിക്കപ്പെടുന്നതിനിടയാകുന്നു. അവരെ സഹായിക്കേണ്ടതും കൈപിടിച്ചുയർത്തേണ്ടതുമുണ്ട്.
5. ജനപക്ഷസേവന വിതരണം
ലാൻഡ് റവന്യൂ, സർവ്വേ ലാൻഡ് റിക്കോർഡ്സ്, രജിസ്ട്രേഷൻ, ഫുഡ് ആൻഡ് സിവിൽ സപ്ലൈസ്, പൊലീസ് എന്നീ വകുപ്പുകളിൽ
ഗവൺമെന്റ് ജനങ്ങൾക്ക് സേവനം പ്രദാനം ചെയ്യുന്നത് ഗവൺമെന്റ് വകുപ്പുകളിലൂടെയും പൊതുമേഖലാ സ്ഥാപനങ്ങളിലൂടെയും സ്വയംഭരണ സംഘടനകളിലൂടെയും ഗവൺമെന്റിന്റെ മറ്റ് ഏജൻസികളുടെയും തദ്ദേശ സ്വയംഭരണഗവൺമെന്റുകളിലൂടെയുമാണ്. ഇവ നൽകുന്ന സേവനങ്ങൾ നിയമങ്ങളും ചട്ടങ്ങളുമായി ബന്ധപ്പെട്ടവയും വികസനപരവും ഭരണപരവും സാമൂഹ്യവും സാമ്പത്തികവുമായവയുമാണ്. ജനങ്ങളുടെ അവകാശങ്ങളും ക്ഷേമവും സംരക്ഷിക്കുന്നതിന് സംസ്ഥാനത്തിന്റെ സാമൂഹിക, സാമ്പത്തിക വികസനത്തിലും പ്രതിബദ്ധതയുള്ള ഗവൺമെന്റ് സ്വന്തം ജനതയ്ക്ക് തുല്യനിലയിലും ന്യായമായും ഗുണനിലവാരമുള്ള സേവനങ്ങൾ പ്രദാനം ചെയ്യാൻ നടപടി സ്വീകരിക്കണം. വിശദമായ പഠനത്തിനും ഗുണഭോക്താക്കളുമായുള്ള ചർച്ചകൾക്കും ശേഷം ജനങ്ങൾക്കു വേണ്ടതെന്താണോ അത് നൽകുന്നതിനുവേണ്ടി ഗവൺമെന്റ് സംവിധാനങ്ങളെയും പ്രവർത്തനങ്ങളെയും ക്രമീകരിക്കേണ്ടത് ആവശ്യമായ സമയം എത്തിയിരിക്കുകയാണെന്ന് ഭരണ പരിഷ്കാര കമ്മിഷൻ ശുപാർശ ചെയ്യുന്നു; പ്രദാനം ചെയ്യാൻ കഴിയുന്നതെന്താണോ അതാണ് പരിഗണിക്കപ്പെടേണ്ടത്. സേവന വിതരണ രംഗത്തെ പ്രശ്നങ്ങളിൽ ചിലവയ്ക്ക് പരിഹാരം കാണുന്നതിനുള്ള സാങ്കേതികവിദ്യയും പ്രദാനം ചെയ്യാൻ ഗവൺമെന്റിന് കഴിയുമ്പോൾ തന്നെ ഈ പരിഹാരങ്ങൾ ലഭ്യമാകുന്നതിൽ പരിമിതിയുണ്ട്. ഈ സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നതിനുള്ള സാധ്യത വളരെ വലുതാണ്. ദരിദ്രരും അരികുവൽകൃതരുമായ സമുദായങ്ങൾക്ക് സാങ്കേതികവിദ്യയുടെയും ഡിജിറ്റൽ സൊല്യൂഷനുകളുടേയും ലഭ്യത തീരെ കുറവായതുമൂലം ജനവിഭാഗങ്ങൾക്ക് ബദൽ സേവന ലഭ്യത ഗവൺമെന്റ് ഉറപ്പാക്കേണ്ടതാണ്. സേവന വിതരണം നിരീക്ഷിക്കുന്നതിനുള്ള സംയോജിതവും ഫലപ്രദവുമായ സംവിധാനം കൊണ്ടുവരേണ്ടത് അതിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കാൻ അനിവാര്യമാണ്.
ജനങ്ങളുടെ അവകാശങ്ങളും അവരുടെ സാമ്പത്തിക സാമൂഹ്യ വികസനവും ഉറപ്പുവരുത്തുന്നതിന്, ഏറ്റവും മികച്ച പൊതുനയങ്ങൾക്ക് അതിന്റെ ലക്ഷ്യം നേടാൻ കഴിയണമെങ്കില്‍ സേവന വിതരണത്തിന്റെ കേന്ദ്ര ബിന്ദുവായി ജനങ്ങളെ മുൻനിർത്തി നടപ്പാക്കേണ്ടതാണ് എന്ന നിരീക്ഷണത്തോടുകൂടിയാണ് ഭരണപരിഷ്കാര കമ്മിഷൻ റിപ്പോർട്ട് അവസാനിപ്പിക്കുന്നത്. സർക്കാരുദ്യോഗസ്ഥരിലൂടെയാണ്, അവരാണ് സേവന വിതരണം നടത്തേണ്ടത് എന്നതിനാൽ സേവന വിതരണത്തിന്റെ കേന്ദ്രബിന്ദുവായി ജനങ്ങളെ പ്രതിഷ്ഠിക്കുന്നതിൽ സർക്കാർ ഉദ്യോഗസ്ഥർക്ക് നിർണായക പങ്കുവഹിക്കാനുണ്ട്. ഈ പശ്ചാത്തലത്തിലാണ് ശേഷി വികസിപ്പിക്കുന്നതിനുള്ള നിരന്തര പരിശ്രമങ്ങളിലൂടെ ഉദ്യോഗസ്ഥരുടെ മനോഭാവത്തിൽ മാറ്റം വരുത്തുക എന്നത് ജനപക്ഷ സേവന വിതരണത്തിന്റെ മൂലക്കല്ലായി മാറുന്നത്.
പേഴ്സണൽ റിഫോംസ്
(നാലാമത് റിപ്പോർട്ട്)
സിവിൽ സർവന്റുകൾ ഇന്ത്യയുടെ ഭരണഘടനയ്ക്ക് വിധേയരാണ്; അതിലൂടെ അവർ ഇന്ത്യയിലെ ജനങ്ങളോടും ജനങ്ങളുടെ പ്രതിനിധിയായ രാഷ്ട്രീയ എക്സിക്യൂട്ടീവിനോടും ഉത്തരവാദപ്പെട്ടിരിക്കുന്നു.
നയങ്ങളും പരിപാടികളും രൂപീകരിക്കുന്നതിന് രാഷ്ട്രീയ എക്സിക്യൂട്ടീവിനെ ഉപദേശിക്കുന്നതും സഹായിക്കുന്നതും സിവിൽ സർവന്റുകളാണ്. ഈ നയങ്ങളുടെയും പരിപാടികളുടെയും നിർവഹണത്തിന്റെ ഉത്തരവാദിത്വവും അവർക്കാണ്. ലക്ഷ്യബോധമുള്ളതും സംതൃപ്തവുമായ സിവിൽ സർവീസ് ഗവൺമെന്റ് സംവിധാനങ്ങളുടെ ഫലപ്രദവും കാര്യക്ഷമവുമായ പ്രവർത്തനത്തിന് അനുപേക്ഷണീയമാണ്.
പൊതുമേഖലാ സംവിധാനവും പ്രശ്നങ്ങളെ സങ്കീർണമാക്കുന്ന പഴകി ജീർണിച്ചതും സങ്കീർണവുമായ നിയമങ്ങളും ചട്ടങ്ങളും ഒഴിവാക്കുന്ന പേഴ്സണൽ മാനേജ്മെന്റ് സംവിധാനവും ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്.
ഈ റിപ്പോർട്ടിൽ ജീവനക്കാരുടെ റിക്രൂട്ട്മെന്റ് മുതൽ റിട്ടയർമെന്റ് വരെയുള്ളതും അതിനുശേഷമുള്ളതുമായ വിവിധ കാര്യങ്ങളെക്കുറിച്ച് ഭരണ പരിഷ്കാര കമ്മിഷൻ യോഗ്യതയുടെ അടിസ്ഥാനത്തിലുള്ളതും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ റിക്രൂട്ട്മെന്റ് ഉറപ്പാക്കേണ്ടതും ജനങ്ങൾക്ക് മികച്ച രീതിയിലുള്ള സേവന ലഭ്യതയ്ക്കുവേണ്ട മാറ്റങ്ങൾ ഉൾക്കൊള്ളുന്നതിന് പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ ഏറ്റവും മികച്ചവരെ സിവിൽ സർവീസിലേക്ക് കൊണ്ടുവരാൻ കഴിയുന്ന അന്തരീക്ഷം സൃഷ്ടിക്കുന്നതിനും ആവശ്യമായ കാര്യങ്ങളെ ആധാരമാക്കിയാണ് ഈ റിപ്പോർട്ടിലെ ശുപാർശകൾ.
അവസരതുല്യത, ഉറപ്പുവരുത്തുന്ന ഏറ്റവും മികച്ച മനുഷ്യവിഭവം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടുകൂടി സമയബന്ധിതമായി റിക്രൂട്ട്മെന്റ് നടപടികൾ ഉറപ്പാക്കുക. പേഴ്സണൻ മാനേജ്മെന്റുമായി ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും നടപടിക്രമങ്ങളും അവലോകനം ചെയ്യേണ്ടതിന്റെ ആവശ്യകത, കേരള പബ്ലിക് സർവീസ് ആക്ട് (1968), കേരള സർവീസ് റൂൾസ്, കേരള സ്റ്റേറ്റ് ആൻഡ് സബോർഡിനേറ്റ് സർവീസ് റൂൾസ് (1958), കേരള ഗവൺമെന്റ് സർവന്റ്സ് കോണ്ടക്ട് റൂൾസ് (1960), കേരള സിവിൽ സർവീസ് (ക്ലാസിഫിക്കേഷൻ, കൺട്രോൾ ആൻഡ് അപ്പീൽ), റൂൾസ് (1960), സ്പെഷ്യൽ റൂൾസ് എന്നിങ്ങനെയുളള നിയമങ്ങളിലെ കാലഹരണപ്പെട്ട വകുപ്പുകൾ ഭേദഗതി വരുത്തുകയോ റദ്ദാക്കുകയോ ചെയ്യേണ്ടതിന്റെ ആവശ്യകത എന്നിവ ഉൾപ്പെടുന്നതാണ് ഈ ശുപാർശകൾ. സ്ഥലംമാറ്റത്തിനും ഡെപ്യൂട്ടേഷനും ഉദ്യോഗക്കയറ്റത്തിനും ഉള്ള ഇപ്പോഴത്തെ സംവിധാനവും ഇപ്പോഴത്തെ കാലപരിധിയും പുനഃപരിശോധിക്കേണ്ടതാണ്. അതിന് അനുയോജ്യമായ ശുപാർശകൾ നൽകിയിട്ടുണ്ട്.
ക്ഷേമത്തിൽ നിന്ന്
അവകാശത്തിലേക്ക്
(3–ാമത് റിപ്പോർട്ട് –
കുട്ടികൾ, സ്ത്രീകൾ, മുതിർന്ന പൗരർ, ഭിന്നശേഷിക്കാർ, മാനസിക പരിചരണം ആവശ്യമുള്ളവർ, അതിഥിത്തൊഴിലാളികൾ എന്നിവയുമായെല്ലാം ബന്ധപ്പെട്ട ചില പ്രത്യേക നിയമങ്ങളുടെ പുനഃപരിശോധന.
മുതിർന്ന പൗരരെയും മാനസിക, ശാരീരിക പ്രശ്നങ്ങളുള്ളവരെയും സംബന്ധിച്ച ചില നിയമങ്ങളും കുട്ടികളുടെയും സ്ത്രീകളുടെയും അവകാശങ്ങൾ സംബന്ധിച്ച നിയമങ്ങളും മാനസികാരോഗ്യവുമായി ബന്ധപ്പെട്ട നിയമങ്ങളും അവയുടെ നിർവഹണത്തിലെ പ്രശ്നങ്ങളും ഭരണപരിഷ്കാര കമ്മിഷൻ അവലോകനം നടത്തുകയും വിശകലനം ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇൗ നിയമങ്ങൾ ആർക്കുവേണ്ടിയാണോ ഉണ്ടാക്കിയിട്ടുള്ളത് ആ വ്യക്തികൾക്ക് മികച്ച ഭരണനിർവഹണം ലഭ്യമാക്കുന്നതിന് സംസ്ഥാന സർക്കാരിനെ പ്രാപ്തമാക്കാൻ കമ്മിഷൻ ശുപാർശ ചെയ്തിട്ടുണ്ട്.
സർക്കാർ സേവനങ്ങൾ, പ്രത്യേകിച്ച് ജനസംഖ്യയിലെ ദുർബല വിഭാഗങ്ങൾക്ക് വിതരണം ചെയ്യുന്നത് അതിന്റെ കാര്യക്ഷമതയിലും ഫലപ്രാപ്തിയിലും അപര്യാപ്തമായി കാണുന്നു. ഉൾച്ചേർക്കലിന്റേതായ വികസനം ഉറപ്പാക്കുന്നതിനായുള്ള നീക്കത്തിൽ ക്ഷേമപരമായ നിയമനിർമാണങ്ങളിൽനിന്നും അവകാശാധിഷ്ഠിത നിയമനിർമാണങ്ങളിലേക്ക് രാഷ്ട്രം നീങ്ങിക്കൊണ്ടിരിക്കെ ഈ പോരായ്മയ്ക്ക് പ്രാധാന്യമേറുന്നു.
കേരളത്തിലെ കുട്ടികൾ, സ്ത്രീകൾ, മുതിർന്ന പൗരർ, ഭിന്നശേഷിക്കാർ, മാനസിക രോഗമുളളവർ, അതിഥിത്തൊഴിലാളികൾ എന്നീ വിഭാഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായുള്ള നിയമങ്ങളുടെ കൂടുതൽ ഫലപ്രദമായ നടപ്പാക്കലിനായി, വിശദമായ അവലോകനത്തിന്റെ അടിസ്ഥാനത്തിൽ ഈ റിപ്പോർട്ട് പ്രത്യേക നിർദേശങ്ങൾ നൽകി. എആർസിയുടെ അഭിപ്രായത്തിൽ, കേരളത്തിലെ ജനങ്ങളുടെ, പ്രത്യേകിച്ച് ദുർബല വിഭാഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി ഭരണത്തിൽ കൂടുതൽ കാര്യക്ഷമമായ ഒരു സംവിധാനം വികസിപ്പിക്കുന്നതിന് ഈ നിർദേശങ്ങൾ സഹായകരമാകും.
വ്യത്യസ്തമായ നിയമനിർമാണങ്ങളെപ്പറ്റിയുള്ള ചില പൊതുവായ ഘടകങ്ങൾ വെളിപ്പെടുത്തുന്നു. നിയമങ്ങൾ/ചട്ടങ്ങൾ എന്നിവയുടെ വിവിധ വ്യവസ്ഥകളെക്കുറിച്ചുള്ള അവബോധം മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകത, ഒരു പുതിയ ഇൻഫർമേഷൻ മാനേജ്മെന്റ് സംവിധാനം വികസിപ്പിക്കുക, പ്രകടനപരമായ പുതിയ സൂചകങ്ങൾ കെട്ടിപ്പടുക്കൽ, മോണിറ്ററിങ് സംവിധാനത്തിന്റെ ഫലപ്രാപ‍്തി മെച്ചപ്പെടുത്തൽ എന്നിവ ഇവയിൽ ഉൾപ്പെടുന്നു. ഏജൻസികൾ/വകുപ്പുകൾ ഇവ തമ്മിലുള്ള മികച്ച ഏകോപനവും അത്യാവശ്യമാണ്. വ്യത്യസ്ത ഏജൻസികൾ/വകുപ്പുകളുടെയും ഉദ്യോഗസ്ഥരുടെയും ജോലിയുടെ ആവർത്തനം ഒഴിവാക്കേണ്ടതും ആവശ്യമാണ്. കേന്ദ്ര നിയമങ്ങളുമായി ബന്ധപ്പെട്ട സംസ്ഥാന ചട്ടങ്ങൾ രൂപപ്പെടുത്തുന്നതിൽ കാലതാമസം ഉണ്ടാകുന്നുണ്ടെന്ന് എആർസി ചൂണ്ടിക്കാട്ടി. കാലതാമസമില്ലാതെ ചട്ടങ്ങൾക്ക് രൂപം നൽകുകയെന്നത് പ്രധാനമാണ്. പല കാര്യങ്ങളിലും ഇന്ത്യയുടെ മറ്റു ഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേരളം വ്യത്യസ്തമായ ഒരു ചിത്രമാണ് കാഴ്ചവയ്ക്കുന്നത്. വിവിധ ഏജൻസികൾക്കും ഉദ്യോഗസ്ഥർക്കും വേണ്ടിയുള്ള സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജേഴ്സിന്റെ (എസ്ഒപി) അഭാവം, റിപ്പോർട്ട് അവലോകനം ചെയ്ത ചില നിയമങ്ങൾ നടപ്പാക്കുന്നതിനെ ബാധിക്കുന്ന മറ്റൊരു പ്രശ്നമാണ്. ഇത് ഒഴിവാക്കുന്നതിനായി ചില പ്രത്യേക നിർദേശങ്ങൾ റിപ്പോർട്ട് മുന്നോട്ടു വച്ചിട്ടുണ്ട്. എന്തായാലും ബന്ധപ്പെട്ട വകുപ്പുകളുടെ അവലോകനം കൂടുതൽ എസ്ഒപികളുടെ ആവശ്യകത വെളിവാക്കും. മനുഷ്യവിഭവം, ട്രെയിനിങ്ങുമായി ബന്ധപ്പെട്ടുള്ള ആവശ്യങ്ങൾ, ഫണ്ടിങ്, ലോജിസ്റ്റിക്സ് എന്നിവയുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങളും തിരിച്ചറിഞ്ഞു.
സാമൂഹ്യമേഖലയിലെ സേവനങ്ങൾ എല്ലാ വിഭാഗങ്ങൾക്കും ലഭിക്കുകയെന്നത് പ്രധാനമാണെങ്കിലും ദുർബലരും പിന്നാക്കം നിൽക്കുന്നതുമായ വിഭാഗങ്ങളെ സംബന്ധിച്ച് പ്രത്യേകം പ്രാധാന്യമുണ്ട്. ഇവയെല്ലാം നീതിപൂർവകവും ന്യായയുക്തവുമായ ഒരു സമൂഹം കെെവരിക്കുന്നതിൽ കാതലായതാണ്. ശക്തമായ ഒരു സാമൂഹികബോധം കേരളത്തിൽ നിലനിൽക്കുന്നുണ്ട് എന്നിരുന്നാലും, കൂടുതൽ സമത്വപൂർണമായ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിന് ജനങ്ങൾക്ക് മികച്ച ഫലം ലഭ്യമാക്കേണ്ടതുണ്ട്. ഈ ദിശയിലുള്ള ഒരു ശ്രമമാണ് ഈ റിപ്പോർട്ട്.
കേരളത്തിലെ
സർക്കാർ ജീവനക്കാരുടെ
ശേഷി വികസനം
(രണ്ടാമത് റിപ്പോർട്ട്)
‘‘ഇത് ചെയ്യാൻ കഴിയുമെന്ന വിശ്വാസം എനിക്കുണ്ടെങ്കിൽ നിശ്ചയമായും അത് ചെയ്തു തീർക്കാനുള്ള ശേഷി ഞാൻ ആർജിച്ചിരിക്കും, തുടക്കത്തിൽ എനിക്കാശേഷി ഇല്ലെങ്കിൽ പോലും’’ (മഹാത്മാഗാന്ധി).
സർക്കാർ നയങ്ങളുടെയും പരിപാടികളുടെയും ഉള്ളടക്കവും അന്തഃസത്തയും ജനങ്ങൾ അനുഭവിക്കുകയും ആസ്വദിക്കുകയും ചെയ്യണമെന്നുണ്ടെങ്കിൽ അവ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കൃത്യമായ കാഴ്ചപ്പാടോടെ നടപ്പാക്കുന്നു എന്നുറപ്പാക്കണം.
നിശ്ചിത സമയപരിധിക്കുള്ളിൽത്തന്നെ ഇത് കെെവരിക്കപ്പെടുകയും വേണം. ഇതിനായി വെെദഗ്ധ്യവും പ്രതിബദ്ധതയുമുള്ള സേവനം സർക്കാർ ജീവനക്കാരിൽനിന്നും ഉണ്ടാകേണ്ടത് അനിവാര്യമാണ്.
ഈ പരിസരത്തിൽനിന്നുകൊണ്ടാണ് ഈ റിപ്പോർട്ടിലെ ശുപാർശകൾക്ക് രൂപംനൽകിയിട്ടുള്ളത്. സർക്കാർ ജീവനക്കാർ വെെദഗ്ധ്യമുള്ളവരായാൽ മാത്രം പോരാ, മറിച്ച് സാമൂഹ്യപ്രതിബദ്ധതയോടെയും അനുതാപത്തോടെയും നീതിപൂർവകമായും ജനങ്ങളെ സേവിക്കുന്നവരുമായിരിക്കണം.
നിശ്ചിത സമയ പരിധിക്കുള്ളിൽ സംഘടനാപരമായ കടമകളും പ്രവർത്തനങ്ങളും ചെയ്തുതീർക്കുന്നതിനാവശ്യമായ അറിവിന്റെയും വെെദഗ്ധ്യത്തിന്റെയും മനോഭാവത്തിന്റെയും അടിസ്ഥാനത്തിൽ സംഘടനാപരമായ ആവശ്യങ്ങൾ നിറവേറ്റുന്നതിന് വ്യക്തികളുടെ കഴിവ് വകിസിപ്പിക്കുന്ന പ്രക്രിയയാണ് ശേഷി വികസനം. നിലവിലുള്ള പ്രവർത്തനപരമായ ഉത്തരവാദിത്വങ്ങളുമായി ബന്ധപ്പെട്ട് ജീവനക്കാർ ശരിയായ പെരുമാറ്റം കെെക്കൊള്ളുന്നതിലൂടെയും അവരുടെ കാഴ്ചപ്പാട് വിപുലമാക്കുന്നതിലൂടെയും തൊഴിൽപരമായ അറിവ് മെച്ചപ്പെടുത്തുന്നതിലൂടെയും പൊതുസേവനരംഗത്തിന്റെ കാര്യക്ഷമത വർധിപ്പിക്കുന്നതായിരിക്കണം ശേഷി വികസനം. മനുഷ്യവിഭവങ്ങളുടെ തൊഴിൽപരമായ ഘടനയിലെ ശേഷി വികസനമാണ് ഗവൺമെന്റ് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരവും കാര്യക്ഷമതയും ഉറപ്പാക്കുന്നതിനുവേണ്ടത്. കാലാകാലങ്ങളിൽ ഭരണ നിർവഹണത്തെ സംബന്ധിച്ച് വിലയിരുത്തൽ നടത്തുകയും കാര്യക്ഷമതയില്ലായ്മയും കാര്യക്ഷമതയും തമ്മിലുള്ള അന്തരം കണ്ടെത്തുകയും ചെയ്യേണ്ടത് സർക്കാർ ഉദ്യോഗസ്ഥരിലും മറ്റ് ഗുണഭോക്താക്കളിലും അനുകൂല ചിന്താഗതി ഉത്തേജിപ്പിക്കുന്നതിന് ആവശ്യമായ ഒരഭ-്യാസമാണ്.
സംവിധാനത്തിനുള്ളിലെ കാര്യങ്ങൾ പരിശോധിക്കുമെന്ന് ഉറപ്പുവരുത്തുന്നതിനും മികച്ച പ്രവർത്തനങ്ങളും ഒപ്പം എല്ലാ തലങ്ങളിലും നിലനിൽക്കുന്ന പ്രയാസങ്ങളും പ്രശ്നങ്ങളും മറ്റുള്ളവരെ അറിയിക്കുന്നതിനുമുള്ള ഒരു പ്രധാന ഉപകരണമെന്ന നിലയിൽ ഭരണ പരിഷ്കാരത്തെ പരിഗണിക്കേണ്ടതാണ്.
വിജിലൻസ് മെക്കാനിസം–
പരിഷ്കാരങ്ങൾ
(ഒന്നാമത്തെ റിപ്പോർട്ട്)
വിജിലൻസ് കമ്മിഷൻ രൂപീകരിക്കണമെന്ന ശുപാർശ ഭരണപരിഷ്കാരക്കമ്മിഷൻ നൽകുന്നു.
അഴിമതി തടയുന്ന കാര്യത്തിൽ നിലവിലുള്ള ഭരണ സംവിധാനങ്ങൾക്ക് ചൂണ്ടിക്കാണിക്കപ്പെട്ട നിരവധി പൊരുത്തക്കേടുകളുണ്ട്. വിജിലൻസ് സംവിധാനത്തിന് പരിമിതിയുണ്ട് എന്നതിനർത്ഥം അഴിമതിക്ക് പഴുതുകളുണ്ട് എന്നുതന്നെയാണ്. അതുകൊണ്ടാണ് കമ്മിഷൻ ആദ്യ ശുപാർശ എന്ന നിലയിൽ സംസ്ഥാന വിജിലൻസ് കമ്മീഷനും വിജിലൻസ് ഡയറക്ടറേറ്റും രൂപീകരിക്കുന്നതിന് പ്രഥമ പരിഗണന നൽകിയത്.
ഉപസംഹാരം
ഭരണ പരിഷ്കാര കമ്മിഷൻ ശുപാർശകൾ പഠിച്ച് വിലയിരുത്തി, പ്രായോഗിക വശങ്ങൾ പരിഗണിച്ച് നടപ്പിലാക്കേണ്ടത് സർക്കാരിന്റെ ചുമതലയാണ്. ശുപാർശകൾ സമയബന്ധിതമായി നടപ്പിലാക്കുന്നതിലൂടെ മാത്രമേ, ഭരണപരിഷ്കാര കമ്മിഷൻ രൂപീകരിച്ചതിന് ഉപോത്ബലകമായ ലക്ഷ്യങ്ങൾ സാർത്ഥകമാകുകയുള്ളൂ. പരിഷ്കരണ നിർദേശങ്ങൾ അനൽപമായ ഭാവികാലത്ത് ജനോൻമുഖമായും, ജനക്ഷേമപരമായും ഭരണസംവിധാനത്തിന്റെ വിവിധഘടകങ്ങളെ പരിഷ്കരിക്കുന്നതിൽ മാർഗരേഖയായി വർത്തിക്കും എന്ന് പ്രത്യാശിക്കുന്നു. ♦
(അവസാനിച്ചു)