Sunday, May 12, 2024

ad

Homeവിശകലനംരാജ്യം നേരിടുന്ന വിപത്തിനെതിരെ പ്രതിപക്ഷ കൂട്ടായ്മ

രാജ്യം നേരിടുന്ന വിപത്തിനെതിരെ പ്രതിപക്ഷ കൂട്ടായ്മ

സി പി നാരായണൻ

പ്രതിപക്ഷ പാർട്ടികൾ തമ്മിലടിച്ചു നിൽക്കുന്നതുകൊണ്ട് അടുത്ത വർഷം നടക്കേണ്ട ലോക്-സഭാ തിരഞ്ഞെടുപ്പിൽ തുടർവിജയം നേടാം എന്ന കണക്കുകൂട്ടലിലായിരുന്നു പ്രധാനമന്ത്രി മോദിയും ബിജെപി നേതൃത്വവും അടുത്തകാലംവരെ. കർണാടക നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ കനത്ത പരാജയം അവരെ ഞെട്ടിച്ചു. തുടർന്നു പ്രതിപക്ഷ പാർട്ടികൾ ലോക്-സഭാ തിരഞ്ഞെടുപ്പിൽ ഏകോപിച്ചു മത്സരിക്കണം എന്ന നിർദേശം ശക്തമായി. ബംഗളൂരുവിലും മുംബെെയിലും ചേർന്നപ്പോഴേക്ക് പ്രതിപക്ഷ കൂട്ടായ്മയിൽ 28 പാർട്ടികൾ പങ്കാളികളായി. മുന്നണിക്ക് ‘ഇന്ത്യ’ (Indian National Developmental Inclusive Alliance- -– INDIA) എന്ന പേര് അവ സ്വീകരിക്കുകയും ചെയ്തു. ദേശീയവും വികസനപരവും സാർവത്രികവുമായ ഇന്ത്യാ സഖ്യം എന്നതാണ് ‘ഇന്ത്യ’കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്. ഇത് വിവിധ മതക്കാരും ഭാഷക്കാരും ചിന്താഗതിക്കാരും അടങ്ങുന്ന വെെവിധ്യമാർന്ന ഇന്ത്യ എന്ന ആശയത്തെ ഉൾക്കൊള്ളാൻ കഴിയുന്ന പദമാണ്. അത്തരത്തിലുള്ള ആകർഷണം ആ പദത്തിനുണ്ട്.

ഇതേവരെ ഒന്നിച്ച് അണിനിരക്കാത്തവയും വ്യത്യസ്ത നിലപാടുകൾ പല കാര്യങ്ങളിലും കെെക്കൊള്ളുന്നവയുമാണ് ഈ പാർട്ടികൾ. കോൺഗ്രസ്, ഇടതുപക്ഷ പാർട്ടികൾ, എൻസിപി എന്നിങ്ങനെ ചില പാർട്ടികൾക്കു മാത്രമാണ് ഒന്നിലേറെ സംസ്ഥാനങ്ങളിൽ സ്വാധീനവും അഖിലേന്ത്യാ കാഴ്ചപ്പാടും പരിപാടിയുമുള്ളത്. മറ്റു മിക്ക പാർട്ടികളും പ്രാദേശിക പാർട്ടികളാണ്. എങ്കിലും, ആർഎസ്എസ്–ബിജെപി ഉയർത്തുന്ന ഭീഷണിയുടെ ഗൗരവം വ്യത്യസ്ത രീതികളിലും കാഴ്ചപ്പാടോടെയും ആണെങ്കിലും, അവയെല്ലാം ഉൾക്കൊള്ളുന്നു. കാരണം അവ ഇന്ത്യയിലെ പല ഭാഗങ്ങളിലുമായി സാമൂഹ്യമായും സാമ്പത്തികമായും സാംസ്കാരികമായും അടിച്ചമർത്തപ്പെടുന്നവരും വിവേചിക്കപ്പെടുന്നവരുമായ ജനവിഭാഗങ്ങളെ പ്രതിനിധാനം ചെയ്യുന്നവയാണ്. നൂറ്റാണ്ടുകളായുള്ള വെെവിധ്യമാർന്ന പെെതൃകമാണ് അവയുടെ അടിത്തറ.

കർണാടകത്തിൽ മെയ് ആദ്യം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിനു വൻവിജയം വരിക്കാൻ കഴിഞ്ഞത് ബിജെപിക്കും പ്രധാനമന്ത്രി മോദിക്കും ഏറ്റ കനത്ത തിരിച്ചടിയായിരുന്നു. ചെന്നു, കണ്ടു,കീഴടക്കി എന്ന പഴഞ്ചൊല്ലുപോലെയല്ല, ഇന്ത്യൻ രാഷ്ട്രീയത്തിൽ ബിജെപിയുടെ സ്ഥിതി ഇപ്പോൾ. മാധ്യമങ്ങളിലൂടെ പടുത്തുയർത്തിയ നരേന്ദ്രമോദിയുടെ വ്യക്തി പ്രഭാവത്തിനു കനത്ത പ്രഹരമായി കർണാടക ഫലം. അവിടെ മുൻ പ്രധാനമന്ത്രി ദേവഗൗഡ നയിക്കുന്ന ജെഡിഎസ് വേറിട്ടു മത്സരിച്ചിട്ടും ബിജെപി വോട്ടിലും സീറ്റിലും കോൺഗ്രസിനേക്കാൾ ബഹുദൂരം പിന്നിലായി. ‘ഇന്ത്യ’ എന്ന പുതിയ മുന്നണിയിലെ ഘടകകക്ഷി നേതാക്കൾ ഓരോ തവണ പട്നയിലും ബംഗളൂരുവിലും മുംബെെയിലും ഒക്കെ സമ്മേളിക്കുമ്പോൾ അവർ തമ്മിൽ ധാരണയും ഐക്യവും ശക്തിപ്പെടുന്നത് ബിജെപിക്കുണ്ടാക്കുന്ന ചങ്കിടിപ്പ് ചെറുതല്ല.

ഇങ്ങനെ തങ്ങൾക്കെതിരായ രാഷ്ട്രീയ ഐക്യം ശക്തിപ്പെടുന്ന സാഹചര്യത്തിലാണ് സെപ്തംബർ 18–22 തീയതികളിൽ പാർലമെന്റിന്റെ വിശേഷാൽ സമ്മേളനം ചേരുന്നതായി പ്രഖ്യാപനം ഉണ്ടായത്. മോദി തന്നെ അതു സംബന്ധിച്ച് ചില പ്രസ്താവനകൾ ഇറക്കി. ഒരൊറ്റ ഭാഷ, ഒരൊറ്റ മതം, ഒരൊറ്റ പാർട്ടി, ഒരൊറ്റ നേതാവ് എന്നിങ്ങനെ ആർഎസ്എസും ബിജെപിയും വിശ്വസിക്കുന്നതും പ്രചരിപ്പിക്കുന്നതും ഏകത്വമാണ്. സഹസ്രാബ്ദങ്ങളായുള്ള ഇന്ത്യയുടെ ചരിത്രം കാണിക്കുന്നത് അങ്ങനെ ഏകത്വം കൊണ്ടുവരാനും നടപ്പാക്കാനുമുള്ള ശ്രമങ്ങൾ ഇവിടെ പരാജയപ്പെട്ടിട്ടേയുള്ളൂ എന്നാണ്. പരസ്പരം പോരടിച്ച് പല കഷണങ്ങളായി ദാരിദ്ര്യത്തിലും അജ്ഞതയിലും ആണ്ടുകിടക്കുന്ന ഈ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളെ പടിപ്പടിയായി കീഴടക്കി ഒരൊറ്റ കോളനി രാജ്യമാക്കി മാറ്റിയത് ബ്രിട്ടീഷ് സാമ്രാജ്യമായിരുന്നു. അതിനെതിരായ സ്വാതന്ത്ര്യസമരത്തിലൂടെയാണ് ഇന്ത്യയെക്കുറിച്ചുള്ള ആധുനിക സങ്കൽപ്പം ഉരുത്തിരിഞ്ഞത്.

ആ സങ്കൽപ്പത്തെ സങ്കൽപ്പനമായിത്തന്നെ നിലനിർത്തുകയാണ് സ്വാതന്ത്ര്യം നേടിയപ്പോൾ പുതുതായി രൂപപ്പെട്ട ജനാധിപത്യ സംവിധാനവും സർക്കാരും ചെയ്തത്. നമ്മുടെ ഭരണഘടനയും അതിലെ വിവിധ വകുപ്പുകൾ ഉൾക്കൊള്ളുന്ന ആശയങ്ങളും പുതുതായി സ്വാതന്ത്ര്യം നേടിയെടുത്ത ഒരു ജനതയുടെ ആശയാഭിലാഷങ്ങളാണ്. സഹസ്രാബ്ദങ്ങളായി നിലനിന്നുവരുന്ന വ്യത്യസ്ത കാഴ്ചപ്പാടുകളും വിശ്വാസങ്ങളും ജീവിതരീതികളും ഒരു ഊനവും തട്ടാതെ നിലനിർത്താനുള്ള മൊത്തം ജനങ്ങളുടെ അഭിലാഷത്തിന്റെയും തീരുമാനത്തിന്റെയും മൂർത്ത രൂപമാണ് നമ്മുടെ ഭരണഘടനയിലുള്ളത്. അങ്ങനെയാണ് ഭാഷാ സംസ്ഥാനങ്ങൾ രൂപപ്പെട്ടത്. അവിടങ്ങളിലെ ഭാഷകൾ ഭരണത്തിനും വിദ്യാഭ്യാസത്തിനും ദെെനംദിന വ്യവഹാരങ്ങൾക്കുമുള്ള മാധ്യമങ്ങളായത്; വിവിധ പാർട്ടികൾ വിവിധ സംസ്ഥാനങ്ങളിൽ ശക്തിയാർജിച്ച് ഭരണത്തിൽ എത്തിയത്. ഇന്ത്യ എന്ന ഈ രാജ്യം കഴിഞ്ഞ 75 വർഷമായി വളർന്നതും ശക്തിയാർജിച്ചതും ഈ വെെവിധ്യങ്ങളെയെല്ലാം സ്വന്തം ഇഷ്ടപ്രകാരം വളർത്താൻ ജനങ്ങളെ അനുവദിച്ചതുകൊണ്ടാണ്. സ്വാതന്ത്ര്യലബ്ധിക്കുമുമ്പ് ദാരിദ്ര്യം, നിരക്ഷരത, രോഗാതുരത മുതലായ സാമൂഹ്യ പിന്നാക്കാവസ്ഥയിൽ നിന്നു ജനങ്ങളെ ഒരളവോളമെങ്കിലും ഉയർത്തിക്കൊണ്ടുവന്നത് ഈ ജനാധിപത്യമാണ്, സ്വാതന്ത്ര്യമാണ്, വെെവിധ്യമാണ്. ഇന്ത്യ എന്ന സ്വത്വത്തെ നിലനിർത്തുന്നതും അതുതന്നെ.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഭരണകക്ഷിയായ ബിജെപി സെപ്തംബർ 18–22 തീയതികളിൽ പാർലമെന്റ് വിളിച്ചു ചേർത്തിരിക്കുന്നത് രാജ്യത്തിന്റെ സമൂഹത്തിന്റെ വെെവിധ്യമാർന്ന ഈ സാമൂഹ്യ–രാഷ്ട്രീയ–സാമ്പത്തിക–സാംസ്കാരിക അടിത്തറ തകർക്കാനാണ്; ഈ രാജ്യത്തെ ഏകാധിപത്യ ഭരണസംവിധാനത്തിൻ കീഴിലാക്കുക എന്ന ലക്ഷ്യത്തോടെയാണ്. മഹാത്മാഗാന്ധിക്കായാലും ജവഹർലാൽ നെഹ്റുവിനായാലും മറ്റു സ്വാതന്ത്ര്യസമര സേനാനികൾക്കും സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത വിവിധ രാഷ്ട്രീയ പാർട്ടികൾക്കും പ്രസ്ഥാനങ്ങൾക്കും ആയാലും, ഉണ്ടായിരുന്ന ലക്ഷ്യം ഇന്ത്യയെ ജനാധിപത്യത്തിലും മതനിരപേക്ഷതയിലും സമത്വത്തിലും വെെവിധ്യത്തിലും ഊന്നിനിൽക്കുന്ന ഒരു സമൂഹമാക്കി മാറ്റുക എന്നതായിരുന്നു.

ഇൗ പാരമ്പര്യത്തെ നിഷേധിക്കാനും ഇല്ലായ്മ ചെയ്യാനുമാണ് ആർഎസ്എസ്–ബിജെപി –മോദി സർക്കാരിലൂടെ ശ്രമിക്കുന്നത്. വരുന്ന ലോക്-സഭാ തിരഞ്ഞെടുപ്പിനെ യോജിച്ചു നേരിടാൻ മിക്ക പ്രതിപക്ഷപാർട്ടികളുടെയും കൂട്ടായ്മയായ ‘ഇന്ത്യ’ തീരുമാനിച്ചു കഴിഞ്ഞു. ബിജെപിക്ക് 2019ലെ ലോക്-സഭാ തിരഞ്ഞെടുപ്പിൽ മൊത്തം 543ൽ 303 സീറ്റും 37.36 ശതമാനം വോട്ടും ലഭിച്ചു. അതിനർഥം 62.64 ശതമാനം വോട്ട് ബിജെപി ഇതരപാർട്ടികൾക്കായിരുന്നു എന്നാണ്. അവ യോജിച്ചു മത്സരിച്ചാൽ ബിജെപിക്ക് 100 സീറ്റ് പോലും നോടാനാവില്ല എന്നതാണ് വസ്തുത. ‘ഇന്ത്യ’ മുന്നണിയായി മത്സരിക്കാൻ പ്രതിപക്ഷ പാർട്ടികൾ തീരുമാനിച്ചതോടെയാണ് മോദി സർക്കാർ സെപ്തംബർ 18–22 തീയതികളിൽ പാർലമെന്റ് വിളിച്ചു കൂട്ടി ഭരണഘടനാ ഭേദഗതി ഉൾപ്പെടെയുള്ള നിയമനിർമാണങ്ങൾക്ക് ഒരുമ്പെട്ടിരിക്കുന്നത്.

ബിജെപിയും മോദിസർക്കാരും പ്രകടിപ്പിക്കുന്നത് ജനാധിപത്യ വിരുദ്ധ ചിന്തയും നിലപാടുമാണ്. ജനാധിപത്യ പ്രക്രിയയിൽ ഏത് പാർട്ടിയും തിരഞ്ഞെടുപ്പിൽ ജയിക്കുകയോ തോൽക്കുകയോ ചെയ്യാം. ജനങ്ങളാണ് അത് തീരുമാനിക്കുക. മോദിയും ബിജെപിയും അതിനു തയ്യാറല്ല. അവർ ഏതുവിധേനയും അധികാരം നിലനിർത്താൻ ആഗ്രഹിക്കുന്നു. ഇനി ഇവിടെ തിരഞ്ഞെടുപ്പ് നടത്തേണ്ടതില്ല, തങ്ങൾ തന്നെ ഭരണത്തിൽ എന്നും തുടരാൻ ആഗ്രഹിക്കുന്നു എന്നതാണ് നിർദ്ദേശിക്കപ്പെടുന്ന ഭരണഘടനാ ഭേദഗതികൾ നൽകുന്ന സൂചന. അതിനർഥം പ്രധാനപ്പെട്ട ഭേദഗതി(കൾ) അധികാരഘടനയെ തന്നെ മാറ്റാൻ ഉദ്ദേശിച്ചുള്ളതാണ് എന്നതാണ്.

ബിജെപിയുടെ – അതായത് ആർഎസ്എസിന്റെ ഒരു നൂറ്റാണ്ടായുള്ള – കാഴ്ചപ്പാട് ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി മാറ്റുക എന്നതാണ്. അതിൽ ജനാധിപത്യമില്ല, ബഹുസ്വരതയില്ല, സമത്വമില്ല, സാഹോദര്യവുമില്ല. നിലവിലുള്ള ഇന്ത്യൻ ഭരണഘടനയുടെ പൂർണ നിഷേധമാണ് ഇത്. അത് ആയിരക്കണക്കിനു വർഷങ്ങളായി ഇന്ത്യയിൽ നിലനിന്ന വ്യത്യസ്ത മതങ്ങളെ, വിശ്വാസങ്ങളെ, ജീവിതരീതികളെ, ഭാഷകളെ, ആചാരാനുഷ്ഠാനങ്ങളെ, ബഹുസ്വരതയെ എല്ലാം നിഷേധിക്കുന്നു. ഇത്രത്തോളമൊന്നും പൗരബോധം വളർന്നിട്ടില്ലാത്ത കാലങ്ങളിലും ഒരേ ഭാഷയും വിശ്വാസവും ഭാഷയും ഒക്കെ അടിച്ചേൽപ്പിക്കാനുള്ള നീക്കങ്ങളെ, ആശയ പ്രചരണത്തെ, കയ്യേറ്റങ്ങളെ എല്ലാം അതതു കാലത്ത് ഇവിടെ ജീവിച്ചിരുന്ന ജനങ്ങൾ ചെറുത്തു പരാജയപ്പെടുത്തുകയാണ് ഉണ്ടായിട്ടുള്ളത്.

കാരണം, ബഹുസ്വരത എല്ലാ ജീവിത മണ്ഡലങ്ങളിലും ആയിരക്കണക്കിനു വർഷങ്ങളായി ഇവിടെ നിലനിൽക്കുകയാണ്. അതിനുനേരെ ഉയർന്നുവന്ന വെല്ലുവിളികളും ആക്രമണങ്ങളും എല്ലാം ചെറുത്തുതോൽപ്പിക്കപ്പെട്ടു. സ്വാതന്ത്ര്യസമരകാലത്ത് ആർഎസ്എസ് സമരത്തിനെതിരായിരുന്നു, ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ സ്തുതിപാഠകരായിരുന്നു. അക്കാലത്തും ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കി മാറ്റുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. വീണ്ടും തിരഞ്ഞെടുപ്പിൽ അത് വിജയിച്ചാൽ ആ ലക്ഷ്യം നടപ്പാക്കാൻ ആർഎസ്എസ് – ബിജെപി യത്നിച്ചേക്കും എന്നതുകൊണ്ടാണ് ആ നീക്കത്തെ പരാജയപ്പെടുത്തുന്നതിന് 28 പാർട്ടികൾ ചേർന്നുള്ള ‘ഇന്ത്യ’ എന്ന സഖ്യം രൂപപ്പെട്ടതും ശക്തിപ്പെട്ടുകൊണ്ടിരിക്കുന്നതും.

ഈ പരിതഃസ്ഥിതിയിൽ തിരഞ്ഞെടുപ്പു വിജയം അസാധ്യമായേക്കാം എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാകാം അതിനുമുമ്പെ ഭരണഘടന വരെ ഭേദഗതി ചെയ്ത് അധികാരം തങ്ങളിൽ തന്നെ ഏത് സാഹചര്യത്തിലും നിലനിർത്തുന്നതിനും ഭരണഘടനയുടെ മതനിരപേക്ഷ ജനാധിപത്യ സ്വഭാവം അപ്പാടെ ഇല്ലാതാക്കാനും തങ്ങളെ അധികാരപ്പെടുത്തുന്ന ഭേദഗതികൾ പാർലമെന്റിൽ അവതരിപ്പിച്ച് തിടുക്കത്തിൽ പാസാക്കുന്നതിനു മോദി സർക്കാർ ശ്രമിക്കുന്നത്. മോദിക്കു മാത്രമല്ല, ബിജെപിക്കും അധികാരം നഷ്ടപ്പെട്ടേക്കാം എന്നത് ഒഴിവാക്കാനാണ് ഭരണഘടന വരെ ഭേദഗതി ചെയ്ത് അധികാരം കെെപ്പിടിയിൽ ഒതുക്കുന്നതിനു മോദിയും സംഘപരിവാറും ശ്രമിക്കുന്നത്; അതോടൊപ്പം ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാനും അതിനെതിരെ ശക്തമായ ചെറുത്തുനിൽപ്പാണ് ഉയർന്നുവരേണ്ടത്. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

1 × five =

Most Popular