Tuesday, June 18, 2024

ad

Homeപ്രതികരണംകേരളീയം 23
തുറക്കുന്ന അവസരങ്ങൾ

കേരളീയം 23
തുറക്കുന്ന അവസരങ്ങൾ

പിണറായി വിജയൻ

കേരളീയം 23′ എന്ന പേരിൽ വളരെ ബൃഹത്തായ സാംസ്‌കാരികോത്സവം സംഘടിപ്പിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. കേരളത്തെ, അതിന്റെ സമസ്ത നേട്ടങ്ങളോടെയും ലോകത്തിനു മുമ്പിൽ അവതരിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ‘കേരളീയം-23′ എന്ന പേരിൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കുന്നത്.

നവംബർ ഒന്ന് കേരളപ്പിറവി ദിനം മുതൽ ഒരാഴ്ച തിരുവനന്തപുരത്ത്, നമ്മുടെ തലസ്ഥാന നഗരിയിലാണ് കേരളീയം അരങ്ങേറുന്നത്. കേരളപ്പിറവി ദിനാഘോഷങ്ങൾ, അതു മുതൽക്കുള്ള ഭാഷാ വാരാചരണങ്ങൾ എന്നിവയൊക്കെ നമുക്കു പരിചിതമാണ്. എന്നാൽ അത്തരം പതിവു പരിപാടികളിലോ ചടങ്ങുകളിലോ ഒതുങ്ങിപ്പോവാത്തതും ലോകത്തിന്റെയാകെ ശ്രദ്ധ നമ്മുടെ ഈ കേരളത്തിലേക്കു കൊണ്ടു വരുന്നതുമാവും കേരളീയം. എല്ലാ വർഷവും അതതു വർഷത്തെ അടയാളപ്പെടുത്തുന്നവിധം കേരളീയം നടത്താനാണ് ആഗ്രഹിക്കുന്നത്.

കേരളം അതിന്റെ ചരിത്രപരമായ പ്രത്യേകതകൾ കൊണ്ടും സാംസ്‌കാരിക സവിശേഷതകൾ കൊണ്ടും ആർജിച്ച നേട്ടങ്ങൾ കൊണ്ടും ലോകത്തെ ഒറ്റപ്പെട്ട ഒരു കോണിലുള്ള അടഞ്ഞ മുറിയായിവർത്തിച്ചുകൂട. പ്രത്യേകിച്ചും ഈ പുതിയ സഹസ്രാബ്ദ ഘട്ടത്തിൽ. ലോകത്തുതന്നെ അത്യപൂർവം ഭാഗങ്ങളിലുള്ള ദേശങ്ങൾക്കു മാത്രം സ്വായത്തമാക്കാൻ കഴിഞ്ഞ നേട്ടങ്ങളുള്ള നാടാണിത്. ലോകം ഇത് അറിയേണ്ടതുണ്ട്. കേരളത്തെ ലോകത്തിനു മുമ്പിൽ അവതരിപ്പിക്കേണ്ടതുണ്ട്. ‘കേരളീയത’ ഒരു വികാരമാവണം. ആ വികാരത്തിൽ കേരളീയരാകെ ഒരുമിക്കണം. തീർച്ചയായും ഭാരതീയതയുടെ ഭാഗമായിത്തന്നെ നിൽക്കുന്ന കേരളീയതയാണിത്. ഇന്ത്യയ്ക്കാകെ അഭിമാനം നൽകുന്ന കേരളീയത. അതെന്താണെന്നു ലോകമറിയണം.

കേരളീയത്തിലേക്കു ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നായി നൊബേൽ ജേതാക്കളടക്കമുള്ള ദേശീയതലത്തിലും അന്തർദേശീയ തലത്തിലുമുള്ള അതിപ്രഗത്ഭർ എത്തും. കേരള സർക്കാരിന്റെ സങ്കൽപ്പത്തിലുള്ള കേരളീയത്തിന്റെ ഒരു രൂപരേഖ തയ്യാറാക്കി വരികയാണ്. തിരുവനന്തപുരത്തെ കിഴക്കേക്കോട്ട മുതൽ കവടിയാർ വരെയുള്ള മേഖലയിൽ 34 പ്രദർശന നഗരികൾ തയ്യാറാക്കും. കല, സാംസ്‌കാരികം, വ്യവസായം, കാർഷികം മുതലായ വ്യത്യസ്ത മേഖലകളിലെ മേളകളാവും ഈ വേദിയിൽ ഉണ്ടാവുക. ഇതുകൂടാതെ, കേരള വികസനത്തെ സംബന്ധിച്ചും സമകാലിക സംഭവങ്ങളെക്കുറിച്ചുമുള്ള സെമിനാറുകളും ഉണ്ടാകും. സാഹിത്യ, സാംസ്‌കാരിക, മാധ്യമ പരിപാടികൾ വേറെ.

‘കേരളീയം-23′ ന്റെ ഘട്ടത്തിൽ വൈകുന്നേരങ്ങളിൽ കിഴക്കേകോട്ട മുതൽ കവടിയാർ വരെ വാഹനസഞ്ചാരമുണ്ടാകില്ല. പ്രധാന നിരത്തുകളിൽ ജനങ്ങളാവുമുണ്ടാവുക. ഇരു വശങ്ങളിലും കലാപരിപാടികളും പ്രദർശനങ്ങളും. ട്രാഫിക് അതിനുതക്ക വിധത്തിൽ തിരിച്ചുവിടും. പ്രദർശന നഗരികളാകാൻ യോഗ്യമായ 60 സ്ഥലങ്ങളെ ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്. ഇതുകൂടാതെ ട്രേഡ് ഫെയറുകൾ സംഘടിപ്പിക്കും. അതിൽത്തന്നെ ഓരോ വിഭാഗത്തിനും പ്രത്യേക ഫെയറുകളാണ് സംഘടിപ്പിക്കുക. സൂക്ഷ്മ – ചെറുകിട – – ഇടത്തരം സംരംഭങ്ങൾക്കുള്ള ട്രേഡ് ഫെയർ, ട്രൈബൽ മേഖലയിൽ നിന്നുള്ള ഉത്പന്നങ്ങളും സേവനങ്ങളും പരിചയപ്പെടുത്തുന്ന ട്രൈബൽ ട്രേഡ് ഫെയർ, വനിതാസംരംഭകരെ പ്രോത്സാഹിപ്പിക്കാൻ ഉദ്ദേശിച്ചുള്ള വനിതാ ട്രേഡ് ഫെയർ, പരമ്പരാഗത, സഹകരണ മേഖലകൾക്കായുള്ള പ്രത്യേക ട്രേഡ് ഫെയറുകൾ എന്നിവ ഈ ഉത്സവത്തിന്റെ ഭാഗമായിരിക്കും.

കേരളത്തിന്റെ സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ നേട്ടങ്ങളെ ഇകഴ-്ത്തിക്കാട്ടാനുള്ള പ്രചാരണങ്ങൾ ഉണ്ടാകുന്ന കാലമാണിത്. ഇത് ഓരോ കേരളീയനും അപമാനകരമാണ്. ഈ പ്രചാരണത്തിലേതു പോലെയല്ല കേരളം എന്നു വിശദീകരിച്ചുകൊണ്ട് യഥാർത്ഥ കേരളത്തെ ലോകസമക്ഷം കേരളീയം ഉയർത്തിക്കാട്ടും. മതനിരപേക്ഷമായി നിലനിൽക്കുന്ന നമ്മുടെ സമൂഹം കൈവരിച്ച നേട്ടങ്ങളെ ഇകഴ-്ത്തിക്കാട്ടി അവിടേക്ക് വർഗീയതയുടെ വിഷം കുത്തിവയ്ക്കാനാണ് ചില ശക്തികൾ ശ്രമിക്കുന്നത്. ഈ പ്രചാരണങ്ങളെ തടയാനുള്ള ഏറ്റവും നല്ല മാർഗം യഥാർത്ഥ കേരളത്തെ അവതരിപ്പിക്കലാണ്.

സാമൂഹിക വികാസത്തിലും വ്യാവസായിക മുന്നേറ്റത്തിലും നൂതനവിദ്യാ രംഗത്തുമെല്ലാം നാം കൈവരിച്ച നേട്ടങ്ങളെ ലോകത്തിനു മുന്നിൽ അവതരിപ്പിക്കും. കേരളത്തിന്റെ തനതു കലകളുടെയും ആധുനിക കലാരൂപങ്ങളുടെയും പ്രദർശനവേദി കൂടിയായി ഈ കേരളീയം മാറും. അങ്ങനെ കേരളസമൂഹത്തിന്റെ സൂക്ഷ്മ ഘടകങ്ങളെപ്പോലും ലോകത്തിനു മുന്നിൽ അവതരിപ്പിക്കാൻ നമുക്കതിലൂടെ സാധിക്കും.

മുന്നോട്ടു കുതിക്കാൻ നമുക്ക് പ്രയാസങ്ങളില്ല. ലോകത്തിന്റെ എല്ലാ കോണുകളിലേക്കും വളർന്നു പന്തലിച്ച ഒരു വലിയ ജനവിഭാഗത്തിനല്ലാതെ മറ്റാർക്കാണ് ലോകത്തുണ്ടാകുന്ന മാറ്റങ്ങളെ വേഗത്തിൽ സ്വാംശീകരിക്കാൻ കഴിയുക, അതിന്റെ അടിസ്ഥാനത്തിൽ മുന്നേറാൻ കഴിയുക? കേരളത്തെയും കേരളത്തിന്റെ പ്രത്യേകതകളെയും ലോകത്തിനു മുന്നിൽ അവതരിപ്പിക്കുക എന്നതോടൊപ്പം നൂതന ലോകത്തെക്കുറിച്ച് നമുക്കുണ്ടാകേണ്ട അറിവുകൾ എന്തൊക്കെ, അവ നമ്മുടെ സമൂഹത്തിൽ എങ്ങനെയൊക്കെ പ്രാവർത്തികമാക്കാം എന്നിവയെല്ലാം വിശദമായി ചർച്ച ചെയ്തുകൊണ്ടാണ് ഈ കേരളീയം അരങ്ങേറുന്നത്. അത് വലിയ വിജയമാകണമെങ്കിൽ മലയാളികളുടെ കൂട്ടായ പ്രവർത്തനം അനിവാര്യമാണ്.

എന്തെല്ലാം കാര്യങ്ങളിൽ നമ്മൾ ലോകത്തിനു മാതൃകയാണ്! സാക്ഷരത, പൊതു ആരോഗ്യം, ആയുർദൈർഘ്യം, മാതൃ-–ശിശു മരണനിരക്കിലെ കുറവ്, ക്ഷേമ പെൻഷനുകൾ, കലാ-സാഹിത്യ സാംസ്‌കാരിക മികവ്, സാർവത്രിക വിദ്യാഭ്യാസം, വിദ്യാഭ്യാസ,- ആരോഗ്യ രംഗങ്ങളിലെ ആധുനിക സംവിധാനങ്ങൾ, സ്ത്രീ – പുരുഷ സമഭാവന, ട്രാൻസ്ജൻഡറുകളെയടക്കം ഉൾച്ചേർക്കുന്ന പുരോഗതി, അധികാര വികേന്ദ്രീകരണം, ജനപങ്കാളിത്തത്തോടെയുള്ള ആസൂത്രണവും നിർവഹണവും, പൊതു ജീവിതനിലവാരം, ശാസ്ത്രബോധം, എന്നിങ്ങനെ എന്തെല്ലാമെന്തെല്ലാം കാര്യങ്ങൾ. ഇതിനൊപ്പമോ, ഇതിനേക്കാൾ പ്രധാനമോ ആണ് ഭേദചിന്തകൾക്കതീതമായ സാമൂഹികാവബോധം, സമഭാവന, മതനിരപേക്ഷത, പാരസ്പര്യത്തിലൂന്നിയ സാമൂഹികാന്തരീക്ഷം, സമാധാനാന്തരീക്ഷം എന്നിവ. ഇങ്ങനെ ഭൗതികവും മാനസികവുമായ പുരോഗതി ഒരുപോലെ ആർജിച്ച സമൂഹമാണ് നമ്മുടേത്. അതിൽ നമുക്ക് അഭിമാനമുണ്ടാവണം. ലോകം ഈ പ്രത്യേകതകൾ അറിയുകയും വേണം.

ഇരുട്ടിലായിപ്പോയ ഒരു ഭൂതകാലമുണ്ടായിരുന്നു നമുക്ക്. അവിടെനിന്നും നവോത്ഥാന – പുരോഗമന – രാഷ്ട്രീയ പ്രസ്ഥാനങ്ങൾ നമ്മളെ വെളിച്ചത്തിലേക്ക് കൈപിടിച്ചു നടത്തി. മനുഷ്യനെ മനുഷ്യനായി കാണാനും മനുഷ്യാന്തസ്സിന്റെ മഹത്വം മനസ്സിലാക്കാനും ആ സാമൂഹിക മുന്നേറ്റങ്ങൾ നമ്മളെ സഹായിച്ചു. ഐക്യകേരളം രൂപപ്പെടുമ്പോൾ തന്നെ, സമൃദ്ധമായ ഈ ചരിത്രം ഭാവികേരളം എങ്ങനെയായിരിക്കണമെന്ന കാഴ്ചപ്പാടിന് വലിയ സംഭാവന നൽകിയിരുന്നു. അതിനെ കൂടുതൽ ശക്തിപ്പെടുത്താനുള്ള ശ്രമമാകണം കേരളീയം.

സഹസ്രാബ്ദങ്ങൾക്കു മുമ്പുതന്നെ അന്യനാടുകളുമായി വാണിജ്യബന്ധം നമ്മൾ കാത്തുസൂക്ഷിച്ചിരുന്നു. ആ ബന്ധത്തിലൂടെ വന്നിറങ്ങിയത് വാണിജ്യ വസ്തുക്കൾ മാത്രമല്ല, ലോകത്തിന്റെ പല കോണുകളിലുണ്ടായ സംസ്‌കാരങ്ങൾ കൂടിയാണ്. അവയിലെ നല്ല അംശങ്ങളെ സ്വാംശീകരിക്കാനും നമ്മുടെ നാടിന്റെ സവിശേഷതകൾ മറ്റുള്ളവർക്ക് പകർന്നുനൽകാനും കഴിഞ്ഞിട്ടുണ്ട്. കുരുമുളകിനും കയറിനുമെല്ലാം ഒപ്പം നമ്മുടെ കലാരൂപങ്ങളും വിദേശരാജ്യങ്ങളിൽ എത്തിച്ചേർന്നു. സമ്പന്നമായ ഈ സാമൂഹിക, – സാംസ്‌കാരിക പൈതൃകവും സവിശേഷമായ പ്രകൃതിസൗന്ദര്യവും ലോകത്തിനു മുന്നിൽ കൂടിയ തോതിൽ അവതരിപ്പിക്കേണ്ടതുണ്ട്.

ലോകം ശ്രദ്ധിച്ച കേരളവികസന മാതൃകയുടെ നേട്ടങ്ങളിൽ ഊന്നിനിന്നുകൊണ്ട് പുതിയ കാലത്തിന്റെ വെല്ലുവിളികളെ നമ്മൾ ഏറ്റെടുക്കുകയാണ്. നാലാം വ്യാവസായിക വിപ്ലവും നിർമ്മിതബുദ്ധിയും മെഷീൻ ലേണിംഗുമെല്ലാം ലോകത്തിന്റെ ചിന്താഘടനയെ തന്നെ മാറ്റിമറിക്കുന്ന ഈ ഘട്ടത്തിലാണ് കേരളം ഒരു വൈജ്ഞാനിക നൂതനത്വ സമൂഹമായി പരിണമിക്കാൻ ഒരുങ്ങുന്നത്. ഇതിന്റെ സവിശേഷതകൾ കേരളീയത്തിൽ പ്രതിഫലിക്കും.

കേരളീയം എല്ലാ വിഭാഗങ്ങൾക്കും പുത്തൻ അറിവിന്റെയും അവസരങ്ങളുടെയും ലോകം തുറന്നുകൊടുക്കുന്ന ഒന്നാകും. കേരളത്തിൽ നിന്നുള്ളവർക്ക് നമ്മുടെ വികസന മാതൃകകൾ ലോകത്തിനു മുമ്പാകെ അവതരിപ്പിക്കാനാവും. ലോക വൈജ്ഞാനിക രംഗത്തു നിന്ന് നമുക്കു പലതും ഉൾക്കൊള്ളാനുമാകും. കേരളത്തിലെ പുതിയ തലമുറകൾക്ക് പുതിയ ലോകം എന്താണെന്ന് അറിയാനുള്ള ഒരു വാതിൽ അത് തുറക്കും. നമ്മുടെ പുതിയ തലമുറയുടെ മികവ് എന്താണെന്ന് ലോകത്തിന് അറിയാനുള്ള അവസരം അത് സൃഷ്ടിക്കുകയും ചെയ്യും.
കേരളത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകവും അതിലടങ്ങിയിരിക്കുന്ന ക്ലാസിക്കൽ കലാരൂപങ്ങളെയും പ്രാക്തന കലാരൂപങ്ങളെയും ലോകം മനസ്സിലാക്കും. കേരളത്തിന്റെ സമഗ്രമായ വികസന കാഴ്ചപ്പാടിനെ കേരളീയം ഉത്തേജിപ്പിക്കുകതന്നെ ചെയ്യും. അങ്ങനെ അടുത്ത 25 വർഷത്തിനുള്ളിൽ വികസിത മധ്യവരുമാന രാജ്യങ്ങളുടെ ജീവിതനിലവാരത്തിലേക്ക് എത്തുക എന്ന കേരളത്തിന്റെ ലക്ഷ്യത്തിന് അത് ഊർജ്ജം പകരും. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

2 × five =

Most Popular