‘‘പലപ്പോഴും നാം എഴുതുന്നത് വായിക്കാനറിയാത്ത, അക്ഷരാഭ്യാസം പോലുമില്ലാത്ത ജനസാമാന്യത്തിനുവേണ്ടിയാണ്. എഴുത്തും അച്ചടിയും വരുന്നതിനു മുൻപുതന്നെ, ലിപികളുണ്ടാകുന്നതിനും മുൻപുതന്നെ ഈ ഭൂമുഖത്ത് കവിത ഉണ്ടായിരുന്നു. അതുകൊണ്ടാണ് നാം പറയുന്നത് കവിത അന്നത്തെപ്പോലെയാണെന്ന്; അത് എല്ലാവർക്കും ആസ്വദിക്കാനാകണം; അക്ഷരാഭ്യാസമുള്ളവനും കർഷകനുമെല്ലാം, എല്ലാ മനുഷ്യർക്കും അവിശ്വസനീയവും അസാധാരണവുമായ മനുഷ്യവംശത്തിനാകെയും ആസ്വദിക്കാനാകുന്നതാകണം കവിത’’. 1953ൽ ലാറ്റിനമേരിക്കൻ മേഖലയുടെ സാംസ്കാരിക മഹാസമ്മേളനത്തിൽ വിശ്വ മഹാകവി പാബ്ലോ നെരൂദ വ്യക്തമാക്കിയതാണിത്. സാധാരണ മനുഷ്യന്റെ വികാര വിചാരങ്ങൾ മനസ്സിലാക്കിയിരുന്ന, തന്റെ കവിതകളിലൂടെ അത് പ്രകടിപ്പിച്ചിരുന്ന, അവർക്കുവേണ്ടി, അവർക്കിടയിൽ പ്രവർത്തിച്ചിരുന്ന മഹാകവിയുടെ മാനിഫെസ്റ്റോ ആയി ഈ വാക്കുകൾ വായിക്കപ്പെടാവുന്നതാണ്.
തന്റെ കുട്ടിക്കാലത്തുതന്നെ ജീവിതാനുഭവങ്ങൾ, കവിതയിലൂടെ പുനരാവിഷ്കരിക്കാൻ ശ്രമിച്ച റിക്കാർഡൊ നെഫ്ത്താലി റിയെസ് ആണ് കവിതയെഴുത്തും കലാപ്രവർത്തനങ്ങളുമൊന്നും ഇഷ്ടമില്ലാതിരുന്ന ട്രെയിൻ ഡ്രൈവറായിരുന്ന പിതാവിൽനിന്ന് സ്വന്തം കവിതകളെ ഒളിപ്പിക്കാൻ പാബ്ലൊ നെരൂദ എന്ന പേര് സ്വീകരിച്ചത്. പിതാവ് ആഗ്രഹിച്ചതുപോലെ തന്നെ ചിലിയൻ വിദേശകാര്യ വകുപ്പിൽ ഉദ്യോഗസ്ഥനായി ലോകം ചുറ്റിയ നെരൂദ അതിനുമുൻപു തന്നെ തന്റെ കവിതകളിലൂടെ ലോക സഞ്ചാരം നടത്തിക്കഴിഞ്ഞിരുന്നു. 1924ൽ തന്റെ ഇരുപതാമത്തെ വയസ്സിൽ പ്രസിദ്ധീകരിച്ച ‘‘ഇരുപത്തിഒന്ന് പ്രണയ കവിതകളും ഒരു വിഷാദ ഗാനവും (Twenty one love songs and a song of despair) എന്ന കവിതാ സമാഹാരത്തിലൂടെ തന്നെ പ്രശസ്തിയുടെ അത്യുന്നതങ്ങളിൽ എത്തി. അതിനും ഒരു വർഷം മുൻപാണ് (1923) തന്റെ അയുക്തിക ചിന്തകൾ പ്രതിഫലിപ്പിച്ച ആദ്യ കവിതാ സമാഹാരം പ്രസിദ്ധീകരിച്ചത്. അതുമുതൽ 1973 സെപ്തംബർ 23ന് ആ ശരീരത്തിൽ ജീവന്റെ തുടിപ്പുകൾ അസ്തമിക്കും വരെ ചെറുകവിതകൾ മുതൽ മഹാകാവ്യം വരെ (കാന്റോ ജനറൽ എന്ന ലാറ്റിനമേരിക്കയുടെ ഇതിഹാസകാവ്യമാണ് അദ്ദേഹത്തെ നോബൽ സമ്മാനവേദിയിൽ എത്തിച്ചത്. താനൊരു കമ്യൂണിസ്റ്റാണെന്ന് ഉറക്കെ പറയാൻ ഒരിക്കലും മടിക്കാതിരുന്ന, തന്റെ പ്രത്യയശാസ്ത്രപരവും രാഷ്ട്രീയവുമായ നിലപാടുകൾ കവിതകളിലൂടെ പ്രതിഫലിപ്പിച്ചിരുന്ന നെരൂദയെ അതിന്റെയൊന്നും പേരിൽ നൊബേൽ കമ്മിറ്റിക്ക് ഒഴിവാക്കാനാവാത്ത ഔന്നത്യത്തിലാണ് തന്റെ കാവ്യ സാമ്രാജ്യത്തിലൂടെ അദ്ദേഹം എത്തിയത്) എഴുതിയതിന് കണക്കില്ല. 2004ൽ ജന്മശതാബ്ദിയോടനുബന്ധിച്ച് അദ്ദേഹത്തിന്റെ കവിതകൾ 6000ത്തിലധികം പേജുകളോടെ 5 ബൃഹദ് വോള്യങ്ങളായി സമാഹരിച്ചിരുന്നു. അപ്പോഴും മുഴുവൻ കൃതികളും സമാഹരിക്കാൻ കൂടുതൽ വോള്യങ്ങൾ വേണ്ടിവരുമെന്ന് കണ്ട സ്പാനിഷ് പ്രസാധകർ ആ ഉദ്യമം പൂർത്തിയാക്കിയതായി കാണുന്നില്ല.
കമ്യൂണിസ്റ്റായ കവി
കവിതകൾ മാത്രമല്ല, ആ മാന്ത്രിക തൂലികയിൽനിന്ന് നമുക്ക് ലഭ്യമായിട്ടുള്ളത്; ഹംഗേറിയൻ പാചകത്തെ സംബന്ധിച്ചും ചിലിയിലെ പക്ഷികളെക്കുറിച്ചും ആ മഹാപ്രതിഭ ഗ്രന്ഥരചന നടത്തിയിട്ടുണ്ട്. ഷേക്സ്പിയറിന്റെ റോമിയോ ആന്റ് ജൂലിയറ്റ് സ്പാനിഷ് ഭാഷയിലേക്ക് പരിഭാഷപ്പെടുത്താനും നെരൂദ സമയം കണ്ടെത്തി. ചിലിയൻ വിദേശകാര്യ മന്ത്രാലയത്തിനുകീഴിൽ വിവിധ നയതന്ത്ര കാര്യാലയങ്ങളിൽ ദീർഘകാലം ജോലി ചെയ്തിരുന്ന അദ്ദേഹം കമ്യൂണിസ്റ്റു പാർട്ടി അംഗമാവുകയും അതിന്റെ നേതൃനിരയിൽ പ്രവർത്തിക്കുകയും ചെയ്തു. കമ്യൂണിസ്റ്റ് പാർട്ടി പ്രതിനിധിയായി സെനറ്റിലേക്ക് മത്സരിച്ച് ജയിക്കുകയും ചെയ്തിരുന്നു. ദൃഢചിത്തനായ സാമ്രാജ്യത്വവിരുദ്ധ പോരാളിയെന്നറിയപ്പെട്ടിരുന്ന നെരൂദ ലെനിൻ സമാധാന സമ്മാനത്തിനായുള്ള കമ്മിറ്റിയിൽ പ്രവർത്തിക്കുകയും സ്റ്റാലിൻ സമാധാന സമ്മാനം നേടുകയും ചെയ്തു. 1971ൽ നോബൽ പ്രൈസ് നെരൂദയ്ക്ക് നൽകിക്കൊണ്ട് സ-്വീഡിഷ് അക്കാദമി അദ്ദേഹത്തെക്കുറിച്ചു പറഞ്ഞത്, ‘‘നെരൂദയെ സംക്ഷിപ്തമായി അവതരിപ്പിക്കുന്നത്, പൂമ്പാറ്റയെ പിടിക്കുന്നതിനുള്ള വലയിൽ കഴുകനെ കുടുക്കാൻ നോക്കുന്നതുപോലെയാണ്. ‘‘അദ്ദേഹത്തെ അങ്ങനെ ചുരുക്കിക്കാണാനാവില്ലതന്നെ’’. വലതുപക്ഷ, സാമ്രാജ്യത്വപക്ഷ ആശയങ്ങളുടെ ഇരിപ്പിടമായ സ്വീഡിഷ് അക്കാദമി (അത്യപൂർവമായി പുരോഗമനപക്ഷത്തുനിൽക്കുന്ന എഴുത്തുകാരുടെ നേരെ തിരിയാൻ അക്കാദമി നിർബന്ധിതമായിട്ടുണ്ടെന്നു മാത്രം) ഇങ്ങനെ പറയാൻ നിർബന്ധിതമാകുന്നത് അദ്ദേഹത്തിലെ കവിത്വത്തിന്റെ മേന്മ മൂലമാണ‍്. നെരൂദയെ സുഹൃത്തും സഖാവുമായ പാബ്ലോ പിക്കാസൊ, ‘‘അദ്ദേഹം ചിലിയിലെ മഹാനായ കവി മാത്രമല്ല, സ്പാനിഷ് ഭാഷയിലെയും അതിനപ്പുറം ലോകത്തിലെ തന്നെയും മഹാനായ കവിയാണ്, മഹാകവിയാണ്’’ എന്നു വിശേഷിപ്പിച്ചപ്പോൾ, യാഥാസ്ഥിതികനായ അർജന്റൈൻ സാഹിത്യകാരൻ ഹോർഗെ ലൂയി ബോർഗസ് വിശേഷിപ്പിക്കുന്നത്, ‘‘മഹാനായ സാഹിത്യകാരൻ’’ എന്നാണ്. സർവാദരണീയനായ മഹാസാഹിത്യകാരനാണ് പാബ്ലൊ നെരൂദ.
ചിലിയുടെ നയതന്ത്ര കാര്യാലയത്തിലെ ഉദ്യോഗസ്ഥനെന്ന നിലയിൽ റംഗൂണിലും കൊളംബോയിലും ജോലി ചെയ്തിരുന്ന നെരൂദ 1928ൽ കൽക്കത്ത സന്ദർശിക്കുകയും അന്ന് അവിടെ നടക്കുകയായിരുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സമ്മേളനത്തിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. പിന്നീട് 1934ൽ സ്പെയിൻ സന്ദർശിച്ചത് അദ്ദേഹത്തിന്റെ ജീവിതത്തിലെ വലിയൊരു വഴിത്തിരിവായി മാറി. അക്കാലത്ത് അരാജകവാദത്തിന്റെ വക്താവും അരാജകവാദ ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിന്റെ മുഖമാസികയുടെ (ക്ലാരിഡാഡ്) പത്രാധിപരുമായിരുന്ന നെരൂദ ജനറൽ ഫ്രാങ്കോയുടെ ഫാസിസ്റ്റ് അട്ടിമറിക്കെതിരായി സ്പെയിനിൽ കമ്യൂണിസ്റ്റുകാരും സോഷ്യലിസ്റ്റുകളും നടത്തിയിരുന്ന ഉജ്വലമായ പോരാട്ടത്തിന് സാക്ഷ്യംവഹിക്കുകയും ഭാഗഭാക്കാവുകയും ചെയ്തു. ഫാസിസ്റ്റുകൾ കൊലപ്പെടുത്തിയ കവിയും നാടകകൃത്തുമായ ഫെഡറിക്കൊ ഗാർഷ്യാലോർക്ക അദ്ദേഹത്തിന്റെ ഉറ്റചങ്ങാതിമാരിൽ ഒരാളായിരുന്നു. സ്പെയിനിൽ ഫ്രാങ്കോയുടെ ഫാസിസ്റ്റുശക്തികൾ അധികാരമുറപ്പിച്ചശേഷം നെരൂദ ചിലിയിലേക്ക് മടങ്ങിയത് കമ്യൂണിസ്റ്റുകാരനായിട്ടായിരുന്നു. അദ്ദേഹത്തിന്റെ ആദ്യ രാഷ്ട്രീയ കവിതാ സമാഹാരമായ Spain in My Heart (എന്റെ ഹൃദയത്തിലെ സ്പെയിൻ) ഒരുപക്ഷേ സ്പാനിഷ് ആഭ്യന്തര കലാപവുമായി ബന്ധപ്പെട്ട് എഴുതപ്പെട്ട മികച്ച കാവ്യസമാഹാരങ്ങളിലൊന്നായിരുന്നു അത്. ‘‘കൊല്ലപ്പെട്ട പോരാളികളുടെ അമ്മമാർക്കൊരു ഗാനം’’ (Song for the Mothers of Slain Militiamen) എക്കാലത്തെയും മികച്ച രാഷ്ട്രീയ രചനകളിലൊന്നായി അത് അടയാളപ്പെടുത്തപ്പെടുന്നു.
ചിലിയിൽ മടങ്ങിയെത്തിയ നെരൂദ സാന്തിയാഗൊയിലെ പ്രധാന മാർക്കറ്റിലെ ചുമട്ടുതൊഴിലാളികളുടെ യൂണിയൻ ഓഫീസിനുമുന്നിൽനിന്ന് ഇതുൾപ്പെടെ ‘‘എന്റെ ഹൃദയത്തിലെ സ്പെയിൻ’’എന്ന സമാഹാരത്തിലെ ചില കവിതകൾ ആലപിച്ചപ്പോൾ ചുറ്റും കൂടിയ ചുമട്ടുതൊഴിലാളികൾ ഒരു നിമിഷത്തേക്ക് സ്തബ്ധരായി നിന്നു പോവുകയുണ്ടായി. കണ്ണീർ വാർത്തുകൊണ്ടിരുന്ന നെരൂദ കണ്ടത് നിരക്ഷരരും ദരിദ്രരുമായ ആ തൊഴിലാളികളും കണ്ണീർ വാർക്കുന്നതാണ‍്. അദ്ദേഹത്തിന്റെ കാവ്യജീവിതത്തിലെെ വലിയൊരു വഴിത്തിരിവായി അത്. ആർക്കുവേണ്ടിയാണ് താൻ എഴുതേണ്ടതെന്നതിന്റെ ഉത്തരമാണ് അന്നവിടെ നിന്ന് അദ്ദേഹത്തിനു ലഭിച്ചത്. വിപ്ലവ കവിതകളും പ്രണയ ഗീതങ്ങളും അദ്ദേഹത്തിന്റെ ഇതിഹാസമാനമുള്ള ഏറ്റവും ബൃഹത്തും മഹത്തുമായ കാവ്യമായ ‘‘കാന്റോ ജനറൽ’’ ഉൾപ്പെടെയുള്ള കൃതികളുമെല്ലാം എഴുതുമ്പോൾ അദ്ദേഹം മുന്നിൽ കണ്ടിരുന്നത് സാധാരണ മനുഷ്യരെയായിരുന്നു. അധ്വാനിക്കുന്നവരെയായിരുന്നു. ചിലിയിലെ മാത്രമല്ല സ്പാനിഷ് ലോകത്തിലെയാകെ പാവപ്പെട്ട മനുഷ്യർ അദ്ദേഹത്തെയും അദ്ദേഹത്തിന്റെ കാവ്യങ്ങളെയും നെഞ്ചോട് ചേർത്തുപിടിച്ചു. 1960ൽ പെറുവിലെ ലിമയിലെ ഒരു കോളേജിൽ വിദ്യാർഥികൾക്കുമുന്നിൽ ‘‘ഇരുപത്തൊന്ന് പ്രണയ കവിതകൾ….’’ എന്ന സമാഹാരത്തിലെ ചില കവിതകൾ ആലപിച്ചപ്പോൾ സദസ്സിൽനിന്നുയർന്ന ദീർഘ നിശ്വാസത്തിന് ഒരു സ്ത്രൈണ സ്വഭാവമുണ്ടായിരുന്നെങ്കിലും സ്ത്രീകൾക്കൊപ്പം പുരുഷന്മാരും ചെറുപ്പക്കാരും വൃദ്ധരുമെല്ലാം ഒരേപോലെ ആ വികാരം പങ്കുവെച്ചുവെന്നും അദ്ദേഹത്തിന്റെ സുഹൃത്തും ലിമയിലെ ചിലിയൻ എംബസി ഉദ്യോഗസ്ഥനുമായിരുന്ന ഹോർഗെ എഡേ-്വർഡ്സ് രേഖപ്പെടുത്തുന്നുണ്ട്. എല്ലാ മനുഷ്യർക്കും വേണ്ടിയെഴുതിയ എല്ലാവരുടെയും കവിയായിരുന്നു നെരൂദയെന്നും അദ്ദേഹം ഒരേ സമയം സർറിയലിസ്റ്റ് കവിയും പ്രണയകവിയും രാഷ്ട്രീയ കവിയും ഇതിഹാസകാരനായ കവിയുമാണെന്നും അദ്ദേഹത്തിന്റെ കാവ്യ സപര്യയെ മഹാസമുദ്രത്തോട് ഉപമിക്കാവുന്നതാണെന്നും പ്രമുഖരായ പല സാഹിത്യ നിരൂപകരും രേഖപ്പെടുത്തുന്നുണ്ട്.
ഉറച്ച വിപ്ലവകാരി
1950കളിൽ കമ്യൂണിസ്റ്റുപാർട്ടി സ്ഥാനാർഥിയായി മത്സരിച്ച് നെരൂദ ചിലിയിലെ സെനറ്റ് അംഗമായി. 1956ലെ സോവിയറ്റ് കമ്യൂണിസ്റ്റുപാർട്ടിയുടെ ഇരുപതാം കോൺഗ്രസിൽ ക്രൂഷ്ചേവ് അവതരിപ്പിച്ച രഹസ്യരേഖയും ഹംഗറിയിലും പിന്നീട് ചെക്കോസ്ലോവാക്യയിലും സോവിയറ്റ് യൂണിയൻ നടത്തിയ സെെനിക ഇടപെടലുകളും ചെെനയിലെ സാംസ്കാരിക വിപ്ലവവും അദ്ദേഹത്തിൽ അസ്വസ്ഥത സൃഷ്ടിച്ചിരുന്നെങ്കിലും കമ്യൂണിസ്റ്റുപാർട്ടിയിൽനിന്ന് അണുവിട മാറാതെ ഉറച്ചുനിന്നു ആ വിപ്ലവകാരി. ബോറിസ് പാസ്റ്റർ നാക്കിനെ പോലെയുള്ള ചില സാഹിത്യകാരർക്കെതിരെ സോവിയറ്റ് ഗവൺമെന്റ് സ്വീകരിച്ച നടപടികളെ എന്തുകൊണ്ട‍് അപലപിക്കുന്നില്ല എന്ന ചോദ്യത്തിന് നെരൂദയുടെ മറുപടി സോവിയറ്റ് യൂണിയനെതിരെ തന്നിൽനിന്നു വരുന്ന ഏതൊരു വാക്കും കമ്യൂണിസത്തിനെതിരായ പ്രചാരണായുധമാക്കി മാറ്റപ്പെടുമെന്നും അങ്ങനെയൊരു പ്രതികരണത്തിനും തന്നെ കിട്ടില്ലെന്നുമാണ്. ചിലിയിലെ കമ്യൂണിസ്റ്റു വിരുദ്ധ വലതുപക്ഷവും സാർവദേശീയതലത്തിൽ സാമ്രാജ്യത്വവുമാണ് ശത്രുക്കൾ എന്ന ഉറച്ച ബോധ്യത്തിൽനിന്നായിരുന്നു അദ്ദേഹത്തിന്റെ ഓരോ പ്രതികരണവും.
1970ൽ ചിലിയൻ കമ്യൂണിസ്റ്റു പാർട്ടി ജനറൽ സെക്രട്ടറി ലൂയി കോർവാലൻ ആ വർഷം നടക്കുന്ന തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനാർഥിയായി മത്സരിക്കണമെന്ന് നെരൂദയോട് ആവശ്യപ്പെട്ടു. അച്ചടക്കമുള്ള കമ്യൂണിസ്റ്റെന്ന നിലയിൽ ആ നിർദേശം അദ്ദേഹം ശിരസ്സാവഹിച്ചു. അദ്ദേഹം രാജ്യത്തിന്റെ മുക്കിലും മൂലയിലും വരെ ഒരു വട്ടം പ്രചരണം നടത്തി. എന്നാൽ പോപ്പുലർ യൂണിറ്റി സഖ്യത്തിന്റെ പ്രസിഡന്റ് സ്ഥാനാർഥിയായി സോഷ്യലിസ്റ്റ് പാർട്ടി നേതാവ് സാൽവദോർ അലന്ദെക്ക് പിന്തുണ നൽകാൻ കമ്യൂണിസ്റ്റു പാർട്ടി തീരുമാനിച്ചപ്പോഴും അദ്ദേഹം വെെമനസ്യമൊന്നും കൂടാതെ ആ തീരുമാനത്തെയും അംഗീകരിക്കുകയും അലന്ദെയുടെ വിജയത്തിനായി മുൻനിരയിൽനിന്ന് പ്രചാരണം നടത്തുകയും ചെയ്തു. അദ്ദേഹത്തിന് ചിലിയിലെ സാധാരണജനങ്ങൾക്കിടയിലെ സ്വാധീനത്തെയാണ് ഫാസിസ്റ്റുകൾ ഭയന്നത്. അദ്ദേഹത്തെ അറസ്റ്റുചെയ്യാനെത്തിയ പട്ടാളക്കാർക്കുപോലും അദ്ദേഹത്തിനു മുന്നിൽ ശിരസ്സുകുനിക്കാനാവുമായിരുന്നില്ല. അതുകൊണ്ടാണ് അദ്ദേഹത്തെയും വധിക്കണമെന്ന തീരുമാനത്തിൽ ഫാസിസ്റ്റുകൾ എത്തിയത്.
കൊലപാതകം
ഫാസിസ്റ്റ് അജൻഡയുടെ ഭാഗം
അട്ടിമറി കഴിഞ്ഞ് 12 ദിവസത്തിനുശേഷം 1973 സെപ്തംബർ 23നാണ് 68–ാം വയസ്സിൽ പാബ്ലോ നെരൂദ ഈ ലോകത്തോട് വിടപറഞ്ഞത്. സാന്തിയാഗോയിലെ സാന്താമറിയ ക്ലിനിക്കിൽ പ്രോസ്ട്രേറ്റ് കാൻസർ ചികിത്സയിലായിരുന്ന നെരൂദ ഹൃദയാഘാതംമൂലം 1973 സെപ്തംബർ 23 ന് വെെകുന്നേരം മരണപ്പെട്ടുവെന്നാണ് ഔദ്യോഗിക ഭാഷ്യം. ആശുപത്രി വിട്ടാലുടൻ മെക്സിക്കോയിൽ പോയി ചിലിയൻ പ്രവാസി ഗവൺമെന്റിന്റെ തലവനായി ചുമതലയെടുക്കാനുള്ള സാധ്യത നിലനിൽക്കെയാണ് അദ്ദേഹം കൊല്ലപ്പെട്ടത്. പിനോഷെയുടെ നിർദ്ദേശപ്രകാരം ആശുപത്രിയിലെ ഡോക്ടർ വിഷം കുത്തിവെച്ചോ മറ്റുവിധത്തിൽ വിഷം കഴിപ്പിച്ചോ കൊലപ്പെടുത്തിയെന്നതാണ് വാസ്തവം.
അട്ടിമറിക്കാർ സെപ്തംബർ 11നു തന്നെ അദ്ദേഹത്തിന്റെ വീട്ടിലെത്തിയിരുന്നു. അറസ്റ്റു ചെയ്യുകയോ കൊലപ്പെടുത്തുകയോ ചെയ്താൽ രാജ്യത്തിനുള്ളിൽ മാത്രമല്ല, അന്താരാഷ്ട്രതലത്തിൽതന്നെ ഉയർന്നുവരാനിടയുള്ള പ്രതിഷേധാഗ്നിയിൽനിന്ന് തങ്ങൾക്ക് രക്ഷപ്പെടാനാവില്ല, അമേരിക്കയ്ക്കുപോലും രക്ഷപ്പെടുത്താനാവില്ല എന്നറിയാവുന്നതുകൊണ്ട് പിനോഷെ സംഘം ഉടൻ അത്തരമൊരു സാഹസത്തിനൊന്നും തുനിഞ്ഞില്ല. എന്നാൽ ആ വീടാകെ അവർ അരിച്ചുപെറുക്കി. അവരോട് നെരൂദയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു – ‘‘ചുറ്റും എല്ലായിടത്തും നന്നായിട്ട് നോക്കിക്കോ, ഒരിടവും വിടരുത്. ഇവിടെ എവിടെ നോക്കിയാലും അപകടകരമായ ഒരു കാര്യമേ നിങ്ങൾക്ക് കിട്ടൂ – കവിത’. അതെ, അദ്ദേഹത്തിന്റെ ആയുധം കവിതയായിരുന്നു. ആ വാക്കുകളെയാണ് ഫാസിസ്റ്റുകൾ ഏതു മാരകായുധത്തെയുംകാൾ ഭയപ്പെട്ടിരുന്നത്. അതുകൊണ്ടാണ് ഏതുവിധേനയും ആ ജീവനെടുക്കണമെന്ന് അവർ തീരുമാനിച്ചത്. പട്ടാളക്കാർ നടത്തിയ ആ റെയ്ഡിൽ വീടാകെ തകർത്ത് താറുമാറാക്കിയിരുന്നു. അദ്ദേഹത്തിന്റെ നിരവധി ഗ്രന്ഥങ്ങളും കുറിപ്പുകളും പലപേപ്പറുകളും അവർകൊണ്ടു പോവുകയോ നശിപ്പിക്കുകയോ ചെയ്തു.
ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിക്കപ്പെട്ടതിന്റെ അഞ്ചാം ദിവസമാണ് അദ്ദേഹത്തെ അവർ കൊലപ്പെടുത്തിയത്. അന്നദ്ദേഹം ഒറ്റയ്ക്കായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ മെറ്റിൽഡ ഉറൂത്തിയയെ അദ്ദേഹം തന്റെ ആരോഗ്യസ്ഥിതി മോശമാകുന്നുവെന്ന് കണ്ട് വിളിച്ചു വരുത്തിയപ്പോൾ അവർ കണ്ടത് അദ്ദേഹത്തിന് ആശുപത്രിക്കാർ എന്തോ നൽകുന്നതായാണ്; അദ്ദേഹം വല്ലാതെ അസ്വസ്ഥനുമായിരുന്നു. പിനോഷെപക്ഷ പത്രമായ എൽമെർക്കൂരിയൊയിൽ അന്നു വന്ന റിപ്പോർട്ടിൽ മരിക്കുന്നതിനു തൊട്ടുമുൻപ് അദ്ദേഹത്തിന് ഏതോ ഒരു ഇഞ്ചക്ഷൻ നലകിയതായി സൂചിപ്പിക്കുന്നുണ്ട്. 2011 മെയ് 12ന് മെക്സിക്കൽ പ്രസിദ്ധീകരണമായ പ്രോസെസോ (Processo) നെരൂദയുടെ ഡ്രൈവറായിരുന്ന മാന്വൽ അരായ ഒസൊറിയൊയുമായുള്ള ഒരഭിമുഖ സംഭാഷണം പ്രസിദ്ധീകരിച്ചു. അതിൽ മാന്വൽ അരായ വെളിപ്പെടുത്തുന്നത്, നെരൂദ ഭാര്യയെ വിളിക്കുന്ന സമയത്ത് താൻ അവിടെ ഉണ്ടായിരുന്നുവെന്നും അദ്ദേഹത്തെ കൊലപ്പെടുത്താൻ പിനോഷെ ആ ആശുപത്രിയിലെ ഡോക്ടർക്ക് ഉത്തരവ് നൽകിയിട്ടുണ്ട് എന്ന് അദ്ദേഹത്തിന് മുന്നറിയിപ്പ് നൽകിയിരുന്നുവെന്നുമാണ്. വയറ്റിൽ ഒരിഞ്ചക്ഷൻ നൽകപ്പെട്ടതിനെത്തുടർന്നാണ് അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതെന്നും മാന്വൽ അരായ പറഞ്ഞു. ആ ഇഞ്ചക്ഷൻ നൽകി ആറര മണിക്കൂറിനുശേഷമാണ് ആ മഹാപ്രതിഭ ലോകത്തോട് വിട പറഞ്ഞത്. 2015 മാർച്ചിൽ ചിലിയൻ ആഭ്യന്തര മന്ത്രാലയം നെരൂദയുടെ മരണത്തെക്കുറിച്ച് അനേ–്വഷിക്കുന്ന കോടതിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നതിങ്ങനെ: ‘‘അദ്ദേഹത്തിനു നൽകിയ ഇഞ്ചക്ഷൻ മൂലമോ എന്തോ സാധനം കഴിപ്പിച്ചതുമൂലമോ ആണ് ആറര മണിക്കൂറിനുശേഷം അദ്ദേഹം മരണപ്പെടാൻ ഇടയായത്. നെരൂദയ്ക്ക് വിഷം നൽകിയ നരാധമനെ കണ്ടെത്തുന്നതിനുള്ള അനേ–്വഷണത്തിന് 2013 ജൂണിൽ കോടതി ഉത്തരവിട്ടു. മഹാകവിയുടെ മരണത്തിന് ഉത്തരവാദിയായി മൂന്നാമതൊരാൾ ഉണ്ടെന്ന നിഗമനത്തിലാണ് 2015ൽ ചിലിയൻ ഗവൺമെന്റ് എത്തിയത്. ലാബിൽ തയ്യാറാക്കിയ ഒരു ബാക്ടീരിയം ഉള്ളിൽച്ചെന്നാണ് അദ്ദേഹം മരിച്ചതെന്ന നിഗമനത്തിലാണ് ഒടുവിൽ ഗവേഷകരും അനേ–്വഷണ സംഘവും എത്തിച്ചേർന്നത്.
ആ കൊലപാതകത്തിലൂടെ മെക്സിക്കോയിൽ രൂപീകരിക്കാൻ ആലോചിച്ചിരുന്ന ചിലിയുടെ പ്രവാസി ഗവൺമെന്റിനെയും പിനോഷെ ഫാസിസ്റ്റുകൾ കൊലപ്പെടുത്തുകയാണുണ്ടായത്. കടുത്ത പൊലീസ് ബന്തവസ്സിലായിരുന്നു പ്രതിഭാശാലിയായ ആ മഹാകവിയുടെ ശവസംസ്കാരം നടന്നത്; കഷ്ടിച്ച് രണ്ടാഴ്ച മുൻപ് അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്ത പിനോഷെ വാഴ്ചയ്ക്കെതിരായ ആദ്യത്തെ പരസ്യമായ ജനകീയ പ്രതിഷേധമായി ആ ശവസംസ്കാരച്ചടങ്ങ് മാറുകയുണ്ടായി. ഫലത്തിൽ അതൊരു പ്രതിഷേധവേദിയായി മാറി. ചിലിയൻ സമൂഹ മനസ്സിൽനിന്ന് നെരൂദയുടെ ഓർമകളെയും സ്വാധീനത്തെയും തുടച്ചുനീക്കുകയായിരുന്നു പിനോഷെയുടെ ഫാസിസ്റ്റ് സംഘത്തിന്റെ ലക്ഷ്യം. അത്രയേറെ ഭയമായിരുന്നു അവർക്ക് ആ വിപ്ലവ കവിയുടെ വാക്കുകളെ.
പാബ്ലൊ നെരൂദ കൊല്ലപ്പെട്ട ദിവസത്തെക്കുറിച്ച് അദ്ദേഹത്തിന്റെ ഭാര്യ മെറ്റിൽഡ ഉറൂതിയ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു: ‘‘പാബ്ലൊ രാത്രി 10.30ന് മരിച്ചു. കർ-ഫ്യൂ കാരണം ആർക്കും ക്ലിനിക്കിലേക്ക് പോകാൻ കഴിഞ്ഞില്ല. അദ്ദേഹത്തെ ഞാൻ സാന്തിയാഗോവിലെ വീട്ടിലെത്തിച്ചു. അതെല്ലാം അവർ നശിപ്പിച്ചിരിക്കുകയായിരുന്നു….അവിടെ ഞങ്ങൾ കാവലിരുന്നു. സാന്തിയാഗൊ അത്തരമൊരവസ്ഥയിലായിരുന്നിട്ടുപോലും നിരവധിപേർ വന്നു.
‘‘ഞങ്ങൾ സെമിത്തേരിയിലെത്തിയപ്പോൾ എല്ലായിടത്തുനിന്നും ആളുകൾ വന്നു–തൊഴിലാളികൾ. ഗൗരവമാർന്ന പരുക്കൻ മുഖങ്ങളുള്ള തൊഴിലാളികൾ. പകുതിപ്പേർ ‘‘പാബ്ലോ നെരൂദ’’ എന്ന് ആർത്തു വിളിച്ചുകൊണ്ടിരുന്നു. മറ്റേ പകുതി ‘‘ഇവിടെയുണ്ട്’’ എന്നു മറുപടി പറഞ്ഞു. നിയന്ത്രണങ്ങൾ വകവയ്ക്കാതെ ഇന്റർനാഷണൽ പാടിക്കൊണ്ടാണ് ആൾക്കൂട്ടം സെമിത്തേരിയിലേക്ക് പ്രവേശിച്ചത്’’.
വിക്ടർ ഹാറയുടെ ജീവിതപങ്കാളി ജോ ആൻ ഹാറ രേഖപ്പെടുത്തിയിരിക്കുന്നതിങ്ങനെ: ‘‘വഴി നീളെ പട്ടാളക്കാർ ഉണ്ടായിരുന്നെങ്കിലും, യന്ത്രത്തോക്കുകൾ ഉന്നംനോക്കി തയ്യാറായി നിൽക്കുകയായിരുന്നെങ്കിലും രഹസ്യപൊലീസ് പിടികിട്ടാപ്പുള്ളികളുടെ മുഖങ്ങൾക്കായി ആൾക്കൂട്ടത്തെ ചൂഴ്-ന്നുനോക്കുന്നുണ്ടായിരുന്നെങ്കിലും നൂറുകണക്കിനാളുകൾ നെരൂദയെ ആദരിക്കാൻ എത്തിയിരുന്നു…. പുറം തെരുവുകൾ വഴി സെമിത്തേരിയിലേക്ക് നടക്കുമ്പോൾ ആൾക്കൂട്ടത്തിലോരോരുത്തരായി നെരൂദയുടെ കവിതകൾ ചൊല്ലുന്നതു കേട്ടു. ചുറ്റുമുള്ള, യൂണിഫോമുകളെന്ന ഭീഷണിയെ ധിക്കരിച്ചുകൊണ്ട് ഒരു കെട്ടിട നിർമാണസ്ഥലത്ത് തൊഴിലാളികൾ മഞ്ഞ ഹെൽമറ്റുകൾ കെെയിലെടുത്തു പിടിച്ചു നിൽക്കുന്നതുകണ്ടു, അങ്ങുയരെ പലകത്തട്ടിൽ…..
‘‘ഫാസിസത്തിന്റെ കൂർത്ത മുഖത്തെ നേരിട്ടുകൊണ്ട് ഓരോ സ്വരവും നെരൂദയുടെ വരികളെ ഏറ്റെടുത്തപ്പോൾ അവയ്ക്ക് കൂടുതൽ അർഥവ്യാപ്തി കെെവന്നു. അങ്ങനെ നടക്കുമ്പോൾ ഞാൻ ഒറ്റയ്ക്കല്ലെന്നറിഞ്ഞു. നെരൂദയുടെ മാത്രമല്ല, ഇതു വിക്ടറിന്റെ ശവസംസ്കാരം കൂടിയാണെന്നും സെെന്യം കൂട്ടക്കൊല ചെയ്ത് അജ്ഞാത ജഡങ്ങളായി പൊതുശവക്കുഴിയിലേക്കെറിഞ്ഞ എല്ലാ സഖാക്കളുടേതുമാണെന്നും ഞാനറിഞ്ഞു. ഡസൻ കണക്കിനു വിദേശ പത്രപ്രവർത്തകരും ചലച്ചിത്ര സംഘങ്ങളും ടെലിവിഷൻ ക്യാമറകളും അവിടെ ഉണ്ടായിരുന്നതുകൊണ്ട‍് ഞങ്ങളുടെ മേൽ ആക്രമണമോ ഇടപെടലോ ഉണ്ടായില്ല. എന്നാൽ സെമിത്തേരിയുടെ പ്രധാന കവാടത്തിനുമുന്നിലെത്തിയപ്പോൾ കവചിത സെെനിക ട്രക്കുകളുടെ ഒരു നിര മറുവശത്തുകൂടി ചുറ്റിവന്ന് ഞങ്ങൾക്കുമേൽ എഴുന്നുനിന്നു. ‘‘സഖാവ് പാബ്ലൊ നെരൂദ ഇവിടെയുണ്ട്.’’ ഇപ്പോഴുമെപ്പോഴും ഇവിടെയുണ്ട്’’ എന്നീ മുദ്രാവാക്യങ്ങൾ കൊണ്ടാണ് ആൾക്കൂട്ടം പ്രതികരിച്ചത്. പിന്നെ ‘ദ ഇന്റർനാഷണൽ’ ഗാനം ഉറക്കെ കേട്ടുതുടങ്ങി. ആദ്യം ഇടറിയിടറി. ഭയപ്പാടോടെ, പിന്നെ എല്ലാവരും പാടിത്തുടങ്ങിയപ്പോൾ അത് ഇടിമുഴക്കംപോലെയായി. ചിലിയിലെ പോപ്പുലർ യൂണിറ്റിയുടെ അവസാനത്തെ പൊതുപ്രകടനമായിരുന്നു അത്. ഫാസിസ്റ്റ് ഭരണത്തെ ചെറുത്തുതോൽപ്പിക്കാനുള്ള ആദ്യത്തെ പൊതുപ്രകടനവും.’’
അതെ, ആ ശവഘോഷയാത്രയോടെ ചിലിയൻ ജനത പിനോഷെയുടെ ഫാസിസ്റ്റ് സേ-്വച്ഛാധിപത്യവാഴ്ചയ്ക്കെതിരായ ചെറുത്തുനിൽപ്പു പോരാട്ടം ആരംഭിക്കുകയായിരുന്നു. തുടർന്നുള്ള 17 വർഷം സേ-്വച്ഛാധിപത്യ വാഴ്ചയുടെ കീഴിൽ നടമാടിയിരുന്ന കൊടിയ കൊള്ളകൾക്കും ചൂഷണത്തിനുമെതിരായ പോരാട്ടത്തിന്റെ നാളുകളായിരുന്നു. പതിനായിരക്കണക്കിനാളുകളെ കൊന്നൊടുക്കിയിട്ടും ലക്ഷക്കണക്കിനാളുകളെ വർഷങ്ങളോളം തടങ്കൽപ്പാളയങ്ങളിൽ അടച്ച് കൊല്ലാക്കൊല ചെയ്തിട്ടും, ഫാസിസ്റ്റുകൾക്ക് ചിലിയുടെ മണ്ണിൽ നിന്നും കമ്യൂണിസത്തിന്റെ ചെങ്കൊടിയെ പറിച്ചു നീക്കാനായില്ലയെന്ന് കാലം തെളിയിക്കുന്നു. ♦