ഞങ്ങളയ്യായിരം പേരു
ണ്ടിവിടെയീ നഗരത്തിന്‍
ചെറുതാമിടത്തില്‍ ഞങ്ങള്‍
അയ്യായിരം പേര്‍!
നമ്മുടെയീ രാജ്യത്തിന്റെ
വിവിധ നഗരങ്ങളി
ലുള്ളവരെല്ലാരും ചേര്‍ന്നാ
ലെത്രയേറെപ്പേര്‍!
ഞങ്ങള്‍ വിത്തുവിതയ്ക്കുന്നോര്‍,
വ്യവസായശാല നിത്യം
പ്രവര്‍ത്തിപ്പിക്കുവോര്‍ പതി
നായിരം കൈയാല്‍!
മനുഷ്യത്വം നിറഞ്ഞവര്‍,
വിശപ്പിലും തണുപ്പിലും
ഭയത്തിലും മനസ്സിന്റെ
വിഭ്രമത്തിലും!
ഞങ്ങളിലാറുപേരിതു
വരെയായി സ്വയം നഷ്ട
പ്പെട്ടു വാനിടത്തില്‍ ദൂര
താരകങ്ങളായ്!
ഒരുവന്‍ മരിച്ചു, പിന്നെ
യൊരുവന്‍ ചിന്തിക്കുവാനേതു
മരുതാത്തവിധമടി
യേറ്റു തകര്‍ന്നു!
പിന്നെയുള്ള നാല്‍വര്‍ സ്വയം
ഭീതിയില്‍ നിന്നു മുക്തരാ
യിടുവാന്‍ വേണ്ടതു ചെയ്തെ
ന്നറിക നിങ്ങള്‍!
ശൂന്യതയിലേക്കൊരുവന്‍
ചാടിയമര്‍ന്നുപോല്‍; പിന്നെ
യൊരുവന്‍ ഭിത്തിയില്‍ തന്റെ
തലയിടിച്ചു.
എങ്കിലെന്തവരിലൊക്കെ
യൊരുപോലെ തറഞ്ഞുള്ള
മൃതിതന്‍തുറുകണ്ണുകള്‍
തെളിഞ്ഞുനിന്നു.
ഫാസിസത്തിൻ മുഖമെത്ര
ഭയം പ്രകോപിപ്പിച്ചിടുന്നു;
എത്ര സൂക്ഷ്മതയോടെല്ലാം
നടത്തിടുന്നു!
രക്തമാണവര്‍ക്കു മെഡല്‍,
കൊല്ലുന്നതേ വീരകൃത്യം;
ദൈവമേ, നീതാനോ ലോക
മിതുപോല്‍ തീര്‍ത്തൂ…
ഇതുതാനോ, നിന്റെയേഴു
മഹാത്ഭുതദിനസൃഷ്ടി?
ഇതുതാനോ, നിന്റെ ശ്രമ
ഫലമാം സൃഷ്ടി?
ഇവിടെ,യീ നാലു ഭിത്തി
ക്കിടയിലുള്ളവര്‍ വെറു
മംഗസംഖ്യ; ഒട്ടും മുന്നോ
ട്ടനങ്ങിക്കൂട!
പതിയെ,പ്പതിയെയിവര്‍
വളരും മരണത്തിന്റെ
മരവിപ്പിലേക്കതെന്ന
തറിഞ്ഞിടേണം!
എങ്കിലു,മെന്‍ മനഃസാക്ഷി
പൊടുന്നനെയുണര്‍ന്നിതാ
കാണ്മതുണ്ട് വേലിയേറ്റ
മടിയ്ക്കടിയായ്!
യന്ത്രങ്ങള്‍ തന്‍ മിടിപ്പിതാ
കേള്‍ക്കാവുന്നു; സൈനികരില്‍
സ്ത്രൈണമുഖം; അതിലൊക്കെ
കനിവും കാണ്മൂ.
പതിനായിരം കൈയുകള്‍; ഒന്നും
ഉല്പാദിപ്പിക്കാനാവാതെ…
ഇങ്ങനെത്ര ലക്ഷം പേരീ
മാതൃഭൂമിയില്‍.
മെക്സിക്കോയും ക്യൂബയുമീ
ലോകമാകെത്തന്നെയുമീ
മണ്ണിലെയീക്കാഴ്ചയെ
ങ്ങുമറിയിക്കട്ടെ
ഞങ്ങളുടെ സഖാവിന്റെ രക്തമിതാ
കുതിക്കുന്നു കിരാതനായകന്‍ തന്റെ,
ഗതിവേഗത്തില്‍.
ബോംബിനെക്കാളതിശക്ത
ദൃഢവേഗത്തില്‍.
യന്ത്രത്തോക്കിനേക്കാളതി
ദ്രുതവേഗത്തില്‍.
ഞങ്ങളുടെ മുഷ്ടി വീണ്ടു
മിടിക്കുന്നു പഴയതെ
ക്കാളുമതിശക്തമായിദ്രുതവേഗത്തില്‍.
ഗാനം; അതികഠിനമാം
ഭയത്തിലിങ്ങനെ പാട്ടു
പാടലെത്ര കഠിനമെ
ന്നറിയണം നീ!
ഭയം; അതില്‍ ജീവിക്കുന്നു;
ഭയത്താലെ മരിക്കുന്നു
അന്ത്യമില്ലാനിമിഷങ്ങള്‍
തുടരെ പശ്ചാത്തലത്തില്‍
വന്നുനില്‍ക്കെ ഭയം; എന്നെ
അതില്‍ കാണുമ്പോള്‍!
അറിയാമാനിമിഷത്തിന്‍
അതിനിശ്ശബ്ദത, ഒപ്പം
നിലവിളി രണ്ടുമെന്റെ
പാട്ടിന്റെ ലക്ഷ്യം!
ഇന്നുവരെക്കണ്ടതില്ലാ
ത്തതാം കാഴ്ച അറിയാത്ത
തെന്തൊക്കെയോ
അതൊക്കെയിങ്ങീ നിമിഷത്തില്‍. ♦
പരിഭാഷ: പ്രഭാവർമ