കമ്യൂണിസ്റ്റുകാരും സോഷ്യലിസ്റ്റുകളും ഉൾപ്പെടെ ആയിരക്കണക്കിന് ഇടതുപക്ഷ പ്രവർത്തകരെയും നേതാക്കളെയുമാണ് ചിലിയിലെ സൈനിക തേർവാഴ്ചയിൽ കൊലപ്പെടുത്തിയത്. പ്രസിദ്ധമായ ചിലിയൻ നാഷണൽ സ്റ്റേഡിയത്തിൽ (ഇപ്പോൾ അതിന്റെ പേര് വിക്ടർ ഹാറ നാഷണൽ സ്റ്റേഡിയം എന്നാണ്) 1,30,000 ത്തിലധികം ആളുകളെയാണ് ഏതാനും മാസങ്ങൾക്കുള്ളിൽ പിടികൂടി സ്റ്റേഡിയത്തിൽ കൊണ്ടുവന്ന് കൊല്ലാക്കൊല ചെയ്തത്.
നാഷണൽ സ്റ്റേഡിയത്തിൽ അടയ്ക്കപ്പെട്ട് കൊല്ലപ്പെട്ടവരിൽ പ്രശസ്ത ചിലിയൻ കവിയും സംഗീതജ്ഞനും ഗായകനുമായ വിക്ടർ ഹാറയും ഉണ്ടായിരുന്നു. അട്ടിമറി നടന്ന് മണിക്കൂറുകൾക്കുള്ളിൽ വിക്ടർ ഹാറ ജോലി ചെയ്തിരുന്ന സാങ്കേതിക സർവ്വകലാശാലയിൽ നിന്നും പിടികൂടിയ അദ്ദേഹത്തെ 1973 സെപ്തംബർ 16ന് അതിഭീകരമായവിധമാണ് കൊലപ്പെടുത്തിയത്. കാരവൻ ഓഫ് ഡത്ത് എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഫാസിസ്റ്റ് കൊലയാളി സംഘമാണ് അദ്ദേഹത്തെയും മറ്റ് എഴുപതുപേരെയും അന്നു കൊലപ്പെടുത്തിയത്.
സാന്തിയാഗൊയ്ക്കടുത്ത് ഒരു ദരിദ്ര കർഷക കുടുംബത്തിൽ 1932 സെപ്തംബർ 28നാണ് വിക്ടർ ഹാറ പിറന്നത്. മുഴുക്കുടിയനായ പിതാവ്, വിക്ടറിനെ ആറാം വയസ്സിൽ തന്നെ പാടത്ത് പണിയെടുക്കാൻ പറഞ്ഞുവിടുകയായിരുന്നു. എന്നാൽ വിക്ടറിന്റെ അമ്മ ആ നാട്ടിൻപുറത്തെ അറിയപ്പെടുന്ന ഗായികയായിരുന്നു. തന്റെ മക്കൾക്ക് ശരിയായ വിദ്യാഭ്യാസം നൽകണമെന്നും അവരെ മാന്യമായ നിലയിൽ വളർത്തണമെന്നും ആ അമ്മ ആഗ്രഹിക്കുക മാത്രമല്ല, അതിനായി പണിയെടുക്കുകയും ചെയ്തു. പക്ഷേ 1947ൽ വിക്ടറിന് 15 വയസ്സു മാത്രമുള്ളപ്പോൾ സംസ്കാര സമ്പന്നയും സ്നേഹ നിധിയുമായ ആ അമ്മ ഈ ലോകത്തോട് വിടപറഞ്ഞു. ജീവിക്കാനായി പല പണികളും ചെയ്ത ആ ബാലൻ കുറച്ചുനാൾ സെമിനാരിയിൽ ചേർന്ന് പുരോഹിത വൃത്തി അഭ്യസിക്കുകയും ചെയ്തു. അത് മടുത്ത വിക്ടർ ഹാറ, സെമിനാരി ഉപേക്ഷിച്ച് പട്ടാളത്തിൽ ചേർന്നു . കുറച്ചുകാലത്തെ പട്ടാളജീവിതവും ഉപേക്ഷിച്ച് അദ്ദേഹം സ്വന്തം നാട്ടിലേക്ക് മടങ്ങി; അവിടെ ഒരു നാടക സംഘത്തിൽ ചേർന്നു. ലാറ്റിനമേരിക്കൻ സംഗീതത്തിലെ പുത്തൻ പ്രവണതയായ ന്യൂവ കാൻഷൻ അഥവാ നൂതനഗാനം എന്ന പ്രസ്ഥാനത്തിന്റെ സ്ഥാപകരിൽ ഒരാളായി ഹാറ മാറി. ലാറ്റിനമേരിക്കയിലെ നാടോടി ഗാനപാരമ്പര്യത്തിൽനിന്ന് ഉൗർജം ഉൾക്കൊണ്ട ഈ പുതിയ പ്രസ്ഥാനം സാമൂഹിക പ്രതിബദ്ധത ഉയർത്തിപ്പിടിച്ചു. സാമൂഹ്യനീതിയും സാഹോദര്യവും പ്രണയവുമെല്ലാം അദ്ദേഹത്തിന്റെ ഗാനങ്ങളിൽ തിളങ്ങിനിന്നു.
ഇതിനകം ചിലിയൻ കമ്യൂണിസ്റ്റു പാർട്ടിയിൽ അംഗമായ ഹാറ പാർട്ടിയുടെ സജീവപ്രവർത്തകനുമായി. അനീതിക്കെതിരെ, സാമൂഹ്യമാറ്റത്തിനായും വിക്ടർ ഹാറ നിരന്തരം എഴുതി. നിരന്തരം പാടി. തൊഴിലാളികളുടെ സമരരംഗങ്ങളിൽ ആ ഗാനങ്ങൾ ഇടിമുഴക്കം സൃഷ്ടിച്ചു.
1973ൽ 41–ാം വയസ്സിൽ കൊല്ലപ്പെടുമ്പോൾ വിക്ടർ ഹാറ ചിലിയിൽ മാത്രമല്ല ലാറ്റിനമേരിക്കയിലാകെ അറിയപ്പെടുന്ന കവിയും സംഗീതജ്ഞനും ഗായകനുമായി. സാമൂഹ്യ അനീതികൾക്കെതിരെ മുഴങ്ങിയിരുന്ന ആ ശബ്ദത്തെ പിന്തിരിപ്പൻ ശക്തികൾ വല്ലാതെ ഭയപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ അട്ടിമറി വാഴ്ചക്കാർ ആദ്യംതന്നെ ലക്ഷ്യമിട്ടവരിൽ ഒരാൾ ആ വിപ്ലവഗായകനായിരുന്നു, വിപ്ലവകവിയായിരുന്നു. ജനങ്ങളിൽ ആവേശമുണർത്തുന്ന അദ്ദേഹത്തിന്റെ വാക്കുകളെ ഭയന്നിരുന്ന പിന്തിരിപ്പന്മാർ അദ്ദേഹത്തെ എന്നെന്നേയ്ക്കുമായി നിശ്ശബ്ദനും നിശ്ചലനുമാക്കാൻ തീരുമാനിച്ചു. എന്നാൽ അവരുടെ ചെയ്തി അദ്ദേഹത്തെ അനശ്വരനാക്കി മാറ്റുകയായിരുന്നു.
അട്ടിമറിക്കാർ റോഡുകൾ ഉപരോധിക്കാൻ തുടങ്ങുകയും പട്ടാളക്കാർ റോന്തുചുറ്റാൻ ആരംഭിക്കുകയും ചെയ്തുകൊണ്ടിരിക്കെയാണ് വിക്ടർ ഹാറ തന്റെ ജീവിതപങ്കാളിയോട് വേഗം മടങ്ങിവരാമെന്ന് പറഞ്ഞ് ജോലിസ്ഥലത്തേക്ക് പോയത്. അദ്ദേഹം അന്നും പിറ്റേന്നും മടങ്ങി വരാതായതിനെത്തുടർന്ന് അന്വേഷിച്ചപ്പോഴാണ് അറിയുന്നത് അദ്ദേഹത്തെ അറസ്റ്റുചെയ്തെന്ന് ! അദ്ദേഹത്തെ മോചിപ്പിക്കാനായി ഹാറയുടെ ജീവിതപങ്കാളിയും ബ്രിട്ടീഷ് പൗരയുമായ ജോ ആൻ ഹാറയുടെ ചില സുഹൃത്തുക്കൾ ചിലിയിലെ കത്തോലിക്കാ സഭയിലെ പ്രമുഖനായ ഒരു ബിഷപ്പിന്റെ സഹായം തേടി. അതിലും ഫലം ഉണ്ടാകാതെ വന്നപ്പോൾ ജോ ആൻ നേരിട്ട് ബ്രിട്ടീഷ് എംബസിയുടെ സഹായം തേടി. അവിടെയും ഒരു ഫലവുമുണ്ടായില്ല.
ഒടുവിൽ ദിവസങ്ങൾക്കുശേഷം ഒക്ടോബർ ആദ്യവാരമാണ് അദ്ദേഹം കൊല്ലപ്പെട്ടുവെന്നും മൃതദേഹം തിരിച്ചറിയാൻ കഴിഞ്ഞാൽ വിട്ടുകൊടുക്കുമെന്നുമുള്ള ഒരു വിവരം ജോ ആനിന് ലഭിക്കുന്നത്. ഇതറിയിച്ച സുഹൃത്തിനൊപ്പം സ്ഥലത്തെത്തിയ ജോ ആൻ ഹാറ അവിടെ കണ്ട കാര്യങ്ങൾ ഇങ്ങനെ എഴുതുന്നു:
‘‘ഞങ്ങൾ ഇരുണ്ട ഇടനാഴിയിലൂടെ നടന്ന് വലിയൊരു ഹാളിലെത്തുന്നു… നിലത്തു നിരയായി കിടക്കുന്നവയും മൂലകളിൽ കൂനകൂട്ടി വച്ചിരിക്കുന്നവയുമായ നഗ്നമൃതദേഹങ്ങളെ ഞാൻ നോക്കുന്നു. മിക്കവർക്കും പിളർന്ന മുറിവുകളുണ്ട്. ചിലതിൽ കൈകളിപ്പോഴും പിന്നിൽ കെട്ടിയിട്ടിരിക്കുന്നു. യുവാക്കളും വൃദ്ധന്മാരും….. നൂറുകണക്കിനു മൃതദേഹങ്ങൾ…. ഇവയെ തരംതിരിച്ച ശേഷം കാലിൽ വലിച്ച് ഏതെങ്കിലും കൂനയിലിടുന്ന ജോലിക്കാർ….. നിലത്തു നീളെ മൃതദേഹങ്ങൾ.. ഇവയ്ക്ക് വസ്ത്രമുണ്ട്. ചിലർ വിദ്യാർത്ഥികളാണെന്ന് തോന്നുന്നു…. അവിടെ ആ നിരയുടെ മധ്യത്തിൽ ഞാൻ വിക്ടറിനെ കണ്ടെത്തുന്നു. അത് വിക്ടറായിരുന്നു. അവൻ മെലിഞ്ഞുണങ്ങിയിരുന്നു; ഒരാഴ്ചകൊണ്ട് നീയിങ്ങനെ വറ്റിപ്പോകാൻ അവർ നിന്നെ എന്തു ചെയ്തു? അവന്റെ തുറന്ന കണ്ണുകൾ അപ്പോഴും തീക്ഷ്ണതയോടും ധിക്കാരത്തോടുംകൂടി മുന്നോട്ടു നോക്കുന്നതായി തോന്നി. തലയിലൊരു മുറിവും കവിളുകളിൽ ഭയങ്കരമായ ചതവുകളും ഉണ്ടായിരുന്നു. വസ്ത്രങ്ങൾ കീറിയിരുന്നു…. നെഞ്ചുനിറയെ മുറിവുകൾ. അടിവയർ പിളർന്നിരിക്കുന്നു. കണങ്കെെ ഒടിഞ്ഞതുപോലെ കൈപ്പത്തികൾ വല്ലാതെ തൂങ്ങിക്കിടക്കുന്നു….. എങ്കിലും അത് വിക്ടറായിരുന്നു. എന്റെ ഭർത്താവ്, എന്റെ കാമുകൻ’’.
ഭീകരമായ ആ തടവറയിലും ആ ഫാസിസ്റ്റുകൾക്ക് അദ്ദേഹത്തെ നിശബ്ദനാക്കാനായില്ല. കൊടിയ മർദ്ദനമേൽക്കുമ്പോഴും ആ വിപ്ലവകാരി ഉറക്കെ, ഉറക്കെ പാടിക്കൊണ്ടിരുന്നു. അദ്ദേഹം എഴുതുന്നത് തടയാനും ഭീകരർക്ക് കഴിഞ്ഞില്ല; ഒടുവിൽ അവർ അദ്ദേഹത്തിന്റെ കൈകൾ തല്ലിയൊടിച്ചു; വാരിയെല്ലുകൾ അടിച്ചു തകർത്തു. ഇഞ്ചിഞ്ചായി മരണത്തിലേക്ക് നീങ്ങിക്കൊണ്ടിരുന്ന ആ ശരീരത്തിലേക്ക് പിനോഷെയുടെ കിങ്കരന്മാർ 40 വെടിയുണ്ടകൾ കൂടി പായിച്ചു. അതിനുതൊട്ടുമുമ്പുവരെ അദ്ദേഹം എഴുതിക്കൊണ്ടിരുന്നു. അവസാനശ്വാസംവരെ അദ്ദേഹം പാടി; ആ വിപ്ലവകാരി, ആ കമ്യൂണിസ്റ്റുകാരൻ തടവറയിൽ കിടന്ന്, ഭീകര മർദ്ദനങ്ങൾ സഹിച്ച് എഴുതിയ, അപൂർണമായ ഗാനം ഞങ്ങൾ പ്രസിദ്ധീകരിക്കുന്നു. മൊഴിമാറ്റം നടത്തിയത് മലയാളത്തിന്റെ പ്രിയകവി പ്രഭാവർമയാണ്. ♦