Saturday, November 23, 2024

ad

Homeകവര്‍സ്റ്റോറിമൂന്നാം ലോകത്തിനെതിരായ 
അട്ടിമറി: ചിലി, 1973

മൂന്നാം ലോകത്തിനെതിരായ 
അട്ടിമറി: ചിലി, 1973

വിജയ്‌ പ്രഷാദ്‌

1973 സെപ്തംബർ 11നാണ് ചിലിയിൽ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് അലന്ദെയുടെയും പോപ്പുലർ യൂണിറ്റി സഖ്യത്തിന്റെയും ഗവൺമെന്റ് അട്ടിമറിക്കപ്പെട്ടത്; ജനറൽ അഗസ്തൊ പിനോഷെയുടെ നേതൃത്വത്തിലുള്ള ചിലിയൻ സൈന്യത്തിലെ പിന്തിരിപ്പൻ വിഭാഗമാണ് ഈ അട്ടിമറി നടത്തിയത്; ലാ മോണേദ എന്നറിയപ്പെടുന്ന പ്രസിഡൻഷ്യൽ മന്ദിരത്തിനുനേരെ നടന്ന ആക്രമണത്തിൽ അലന്ദെ കൊല്ലപ്പെട്ടു. സൈന്യവും മറ്റു സുരക്ഷാസേനകളും സമൂഹത്തിലെ സംഘടിത ജനവിഭാഗങ്ങൾക്കുനേരെ ആക്രമണമഴിച്ചുവിട്ടു; അവ കൂട്ട അറസ്റ്റുകൾ നടത്തി; ആളുകളെ കൊലപ്പെടുത്താനും മൃതപ്രായരാക്കത്തക്കവിധം തല്ലിച്ചതയ്ക്കാനുമുള്ള സ്ഥിരം പീഡന കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതുൾപ്പെടെയുള്ള നടപടികളിലൂടെ ഭീകരമായ മർദ്ദനവാഴ്ച അഴിച്ചുവിട്ടു. കൊല്ലപ്പെടാതെ ജീവനോടെ അവശേഷിച്ച, ചിലിയിലെ വലിയൊരു വിഭാഗം ഇടതുപക്ഷക്കാർ മറ്റു രാജ്യങ്ങളിൽ സ്വാഗതം ചെയ്യപ്പെട്ടു; അങ്ങനെ പ്രവാസികളായി മാറിയ ചിലിയിലെ ഇടതുപക്ഷക്കാർ പുനഃസംഘടിക്കുകയും സേ-്വച്ഛാധിപത്യത്തിനെതിരെ പോരാട്ടം ആരംഭിക്കുകയും ചെയ്തു. തൊഴിലാളി പ്രസ്ഥാനങ്ങളാണ് അട്ടിമറിക്കാർ പുതുതായി നിയോഗിച്ച നവലിബറൽ ഭരണസംവിധാനത്തിന്റെ ആക്രമണങ്ങൾക്ക് ഇരയായത്; അവയുടെ നേതാക്കളെയാകെ കൊലപ്പെടുത്തുകയോ തുറുങ്കിലടയ്ക്കുകയോ ചെയ്തു. പിനോഷെയുടെ നേതൃത്വത്തിലാണ് പുതിയ സംവിധാനം നിലവിൽ വന്നത്; ‘രാഷ്ട്രത്തിന്റെ പരമാധികാരി’ എന്നാണ് അയാൾ സ്വയം വിശേഷിപ്പിച്ചത്; ആ പുതിയ ഗവൺമെന്റിലെ അംഗങ്ങളിൽ ഏറെപ്പേരും അമേരിക്കയിൽ പരിശീലനം നേടിയവരാണ്; മാത്രമല്ല അവരിലേറെപ്പേരും ചിക്കാഗൊ സർവകലാശാലയിൽ മിൽട്ടൺ ഫ്രീഡ്മാനൊപ്പം ജോലി ചെയ്തിരുന്നവരും ചിക്കാഗോ പിള്ളേർ (Chicago Boys) എന്നറിയപ്പെടുന്നവരുമാണ്. പോപ്പുലർ യൂണിറ്റി ഗവൺമെന്റിന്റെ സോഷ്യലിസ്റ്റ് നയങ്ങളും പരിപാടികളും പൊളിച്ചടുക്കപ്പെട്ടു. ചിലി അസ്തമയ കാലത്തിലേക്ക് കടന്നു ;നവലിബറലിസത്തിന്റെ പരീക്ഷണശാലയായി ചിലി മാറി.

1973 സെപ്തംബർ 11ന് രാവിലെ പട്ടാളക്കാർ താവളങ്ങൾ വിട്ട് പുറത്തുകടന്നത് എന്തുകൊണ്ട്? ജനറൽ പിനോഷെയും അയാൾക്ക് ചുറ്റുമുള്ളവരും ഉന്നയിക്കുന്ന ക്രമസമാധാനം സംബന്ധിച്ച വാദഗതികൾ വാസ്തവത്തിൽ അടിസ്ഥാനരഹിതമാണ്. അട്ടിമറി സംബന്ധിച്ച് പദ്ധതി ആസൂത്രണം ചെയ്തതും അതിനുള്ള പരിപാടികൾ തയ്യാറാക്കിയതും അത് നടപ്പാക്കിയതുമെല്ലാം അമേരിക്കയാണെന്നതാണ് സത്യം. രഹസ്യ പട്ടികയിൽനിന്നും നീക്കം ചെയ്യപ്പെട്ട അമേരിക്കയിലെ അസംഖ്യം ഔദ്യോഗിക രേഖകൾ ഇത് സ്ഥിരീകരിക്കുന്നുണ്ട്. 1973ലെ ആ ഒരു ദിവസം പെട്ടെന്ന് സംഭവിച്ചതുമല്ല. അമേരിക്ക ആസ്ഥാനമായുള്ള ബഹുരാഷ്ട്ര കുത്തക കോർപ്പറേഷനുകളുടെയും അവയുടെ ശിങ്കിടികളായ ചിലിയൻ ബൂർഷ്വാസിയുടെയും താൽപര്യാനുസൃതം ഭരണം നടത്തുന്ന അമേരിക്കൻ ഗവൺമെന്റ് അലന്ദെ ചിലിയുടെ പ്രസിഡന്റാകുന്നത് ഒരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ല; എന്നാൽ 1970 സെപ്തംബർ നാലിന് അലന്ദെ ചിലിയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു; അതിനാൽ അധികാരമേറ്റ 1970 നവംബർ മുതൽ തന്നെ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള പോപ്പുലർ യൂണിറ്റി ഗവൺമെന്റിനെ അസ്ഥിരീകരിക്കാനുള്ള നീക്കം അമേരിക്ക ആരംഭിച്ചു.

ചെമ്പ് ഖനികൾ ദേശസാൽക്കരിക്കാനുള്ള അലന്ദെ ഗവൺമെന്റിന്റെ നയങ്ങളായിരുന്നു ആ അട്ടിമറിക്ക് പെട്ടെന്നുള്ള പ്രചോദനമായത്. 1971 ജൂലൈയിൽ ചിലിയുടെ കോൺഗ്രസ് അംഗീകരിച്ചതാണ് ചെമ്പ് ഖനികൾ ദേശസാൽക്കരിക്കുന്ന നയം; എന്നാൽ അതാകട്ടെ പുതിയൊരു അന്താരാഷ്ട്ര സാമ്പത്തിക ക്രമം (നിയാവോ – NIEO -– New International Economic Order) കരുപ്പിടിപ്പിക്കാൻ മൂന്നാം ലോക രാജ്യങ്ങളിൽ നടത്തിയ വിപുലമായ ആശയവിനിമയത്തിന്റെ ഭാഗമായിരുന്നു; ജനാധിപത്യാടിസ്ഥാനത്തിലുള്ളതും മൂന്നാം ലോകരാജ്യങ്ങളിലെ ജനങ്ങൾക്കും അവരുടെ ആശയങ്ങൾക്കും പ്രാധാന്യം നൽകുന്നതുമായ തരത്തിൽ അക്കാലത്ത് നിലനിന്നിരുന്ന നവ കൊളോണിയൽ അന്താരാഷ്ട്ര സാമ്പത്തിക ക്രമത്തെ അഴിച്ചുപണിയലായിരുന്നു അത്. അർജന്റീനയിലെ സാമ്പത്തിക വിദഗ്ധനായിരുന്ന പോൾ പ്രെബിഷിന്റെ നേതൃത്വത്തിൽ അങ്ടാഡ് (UNCTAD – United Nations Conference on Trade and Development) ആയിരുന്നു നിയാവോയുടെ കരടിന് രൂപം നൽകിയത്; 1972 ഏപ്രിൽ – മെയ് മാസങ്ങളിലായി ചിലിയിലെ സാന്തിയാഗൊയിൽ ചേർന്ന അങ്ടാഡിന്റെ മൂന്നാമത് സെഷനിൽ (അങ്ടാഡ് III) ഇതിന് കൂടുതൽ മൂർച്ച വരുത്തി. പിന്നീട് 1973 സെപ്തംബർ അഞ്ചിനും 9നുമിടയിൽ അൾജിയേഴ്സിൽ (അൾജീരിയ) നടന്ന ചേരിചേരാ പ്രസ്ഥാനത്തിന്റെ നാലാമത് ഉച്ചകോടി ഈ കരട് രേഖ ചർച്ച ചെയ്തു. ഈ സമ്മേളനവേദിയിൽ വെച്ചാണ് ചിലിയിൽ അലന്ദെ വലിയൊരു വെല്ലുവിളി നേരിടുകയാണെന്ന് ഇന്ത്യയുടെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി മറ്റു നേതാക്കളെ അറിയിച്ചത്. ‘‘എത്രയും വേഗം ആ രാജ്യം സാധാരണ നിലയിലെത്തും എന്നു നമുക്ക് പ്രതീക്ഷിക്കാം’’ എന്നും അവർ പ്രത്യാശ പ്രകടിപ്പിച്ചു.

1974 മെയ് ഒന്നിന് പുതിയ അന്താരാഷ്ട്ര സാമ്പത്തിക ക്രമം സ്ഥാപിക്കുന്നത് സംബന്ധിച്ച പ്രഖ്യാപനം ഐക്യരാഷ്ട്ര പൊതുസഭ പാസാക്കി. എന്നാൽ ആ കാലമായപ്പോൾ അതിലെ ആശയങ്ങൾ നടപ്പാക്കുന്നതിന് അല്പവും അനുകൂലമായിരുന്നില്ല പൊതുവിലുള്ള മനോഭാവം. അലന്ദെ ഗവൺമെന്റിനെതിരായ അട്ടിമറി നടന്നത് ചെമ്പ് ഖനികൾ ദേശസാൽക്കരിക്കുന്നതുമായി ബന്ധപ്പെട്ട ആ ഗവൺമെന്റിന്റെ നയങ്ങൾക്കെതിരെ മാത്രമായിരുന്നില്ല, അതിലുപരി നിയൊ തത്വങ്ങൾ നടപ്പാക്കാൻ ശ്രമിച്ച മറ്റു വികസ്വര രാജ്യങ്ങൾക്കുള്ള ഉദാഹരണമായിരുന്നു അത് എന്നതിനാലും ആ രാജ്യങ്ങൾക്ക് അലന്ദെ നേതൃത്വം നൽകുമെന്നതിനാലുമാണ്. ആ അർത്ഥത്തിൽ, ചിലിക്കെതിരെ അമേരിക്കൻ പ്രേരണയിൽ നടന്ന അട്ടിമറി കൃത്യമായും മൂന്നാം ലോകത്തിനെതിരായ ഒരു അട്ടിമറിയായിരുന്നു.

ചിലിയുടെ പരമാധികാരവും 
ആത്മാഭിമാനവും
1969 ഡിസംബർ 17ന് 6 പാർട്ടികൾ ചേർന്ന് രൂപീകരിച്ച പോപ്പുലർ യൂണിറ്റി സഖ്യത്തിന്റെ പരിപാടി പുറത്തിറക്കി. സോഷ്യലിസ്റ്റ് പാർട്ടി, കമ്യൂണിസ്റ്റ് പാർട്ടി, റാഡിക്കൽ പാർട്ടി, സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി, പോപ്പുലർ യൂണിറ്റി ആക്ഷൻ മൂവ്മെന്റ്, ഇൻഡിപെൻഡന്റ് പോപ്പുലർ ആക്ഷൻ എന്നീ 6 പാർട്ടികൾ ഈ പരിപാടി മുന്നോട്ടുവെച്ചാണ് 1970 സെപ്തംബർ നാലിന്റെ പ്രസിഡൻഷ്യൽ ക്യാമ്പയിൻ നടത്തിയത്; സാൽവദോർ അലന്ദെ ആയിരുന്നു സഖ്യത്തിന്റെ പ്രസിഡന്റ് സ്ഥാനാർത്ഥി. ഈ പരിപാടിയിൽ പ്രശ്നത്തെ സംബന്ധിച്ച് കൃത്യമായും വ്യക്തമായും ഇങ്ങനെ പറഞ്ഞു:

‘‘ചിലി അഗാധമായ ഒരു പ്രതിസന്ധി നേരിടുകയാണ്; ഇന്നു കാണുന്ന സാമ്പത്തിക – സാമൂഹിക സ്തംഭനാവസ്ഥയും കടുത്ത ദാരിദ്ര്യവും തൊഴിലാളികളും കർഷകരും മറ്റ് ചൂഷിത വിഭാഗങ്ങളും എല്ലാ മുന്നണികളിലും നേരിടുന്ന സമ്പൂർണമായ അവഗണനയുമെല്ലാം അതിന്റെ പ്രതിഫലനമാണ്; വെള്ളക്കോളർ തൊഴിലാളികളുടെയും പ്രൊഫഷണലുകളുടെയും ചെറുകിട – ഇടത്തരം ബിസിനസുകാരുടെയും പ്രയാസങ്ങൾ വർദ്ധിച്ചുവരുന്നതും ഈ പ്രതിസന്ധി മൂലമാണ്; സ്ത്രീകൾക്കും യുവജനങ്ങൾക്കും ലഭിക്കുന്ന അവസരങ്ങൾ പരിമിതമായിരിക്കുന്നതും ഇതിനെ തുടർന്നാണ്.

ആഫ്രിക്കയിലെയും ഏഷ്യയിലെയും മറ്റു ലാറ്റിനമേരിക്കൻ രാജ്യങ്ങളിലെയും ഏതെങ്കിലുമൊരു ജനവിഭാഗം ഇവിടെ പറഞ്ഞ കാര്യങ്ങളിൽ തെല്ലും അത്ഭുത പ്പെടില്ല. 1968ൽ ചേർന്ന രണ്ടാം അങ്ടാഡിൽ പങ്കെടുത്ത 121 രാജ്യങ്ങളും വികസ്വര രാജ്യങ്ങളുടെ സാമ്പത്തിക വളർച്ചയുടെ ശരാശരി വാർഷിക നിരക്കിൽ ആകെ ഭയന്നിരിക്കുകയാണ്; 1960കളുടെ മധ്യത്തോടെ ഈ രാജ്യങ്ങളുടെ വളർച്ചാനിരക്ക് പാടെ തകർന്നു തുടങ്ങിയതാണ്. രണ്ടാം അങ്ടാഡ് സമ്മേളനത്തിൽ അവതരിപ്പിച്ച സംക്ഷിപ്ത പ്രസ്താവനയിൽ ഇങ്ങനെ എഴുതി: ‘‘ദാരിദ്ര്യം, പോഷകാഹാരക്കുറവ്, തൊഴിലില്ലായ്മ, കുറഞ്ഞ കൂലി മാത്രം ലഭിക്കുന്നതും താൽക്കാലികവുമായ തൊഴിലുകൾ മാത്രമുള്ള അവസ്ഥ (under employment) എന്നീ അതീവ ഭീകരമായ പ്രശ്നങ്ങൾ ഈ ഭൂമുഖത്തെ ദശലക്ഷക്കണക്കിനാളുകളെ ബാധിച്ചുകൊണ്ടിരിക്കുകയാണ്. ഇത് നമ്മെ വിഷമിപ്പിക്കുന്നതാണ്; എന്നാൽ ഇതൊരു വെല്ലുവിളിയും കൂടിയാണ്; ആവശ്യങ്ങൾക്കനുസരിച്ചായിരിക്കണം പ്രവർത്തനം – അടിയന്തരവും ആസൂത്രിതവുമായ പ്രവർത്തനം’’. എന്നാൽ ഇത്തരം നടപടികൾക്കായി (പോപ്പുലർ യൂണിറ്റി സഖ്യത്തിന്റെ തിരഞ്ഞെടുപ്പ് ക്യാമ്പയിൻ വിഷയത്തെ പ്രതിധ്വനിപ്പിക്കുന്നതാണ് ഇത്) ആഹ്വാനം പുറപ്പെടുവിക്കുന്നവർക്ക് നവ കൊളോണിയൽ ലോകവ്യവസ്ഥ ഉയർത്തുന്ന പരിമിതികളെക്കുറിച്ച് ബോധ്യമുണ്ടായിരുന്നു. അങ്ടാഡ് സമ്മേളനത്തിൽ പങ്കാളികളായ രാജ്യങ്ങൾ ഇങ്ങനെ തുടരുന്നു – ‘‘ചില വൻശക്തികൾ തങ്ങളുടെ മാത്രം താൽപര്യങ്ങൾക്കനുസരിച്ച് സൃഷ്ടിച്ചിട്ടുള്ളതാണ് നിലവിലുള്ള സാഹചര്യം എന്ന കാര്യം നാം മറക്കരുത്; അന്താരാഷ്ട്രസമ്പദ്ഘടനയുടെ വലിയൊരു ഭാഗത്തെയും ഈ വൻശക്തികൾ തങ്ങളുടെ കൈപ്പിടിയിൽ ഒതുക്കിയിരിക്കുകയാണ്; പുതുതായി സ്വതന്ത്രരാകുന്ന രാജ്യങ്ങളുടെ വികസനത്തെ ഇവ തടസ്സപ്പെടുത്തുകയുമാണ്’’.

പ്രകൃതിവിഭവങ്ങളാൽ സമ്പന്നമായ ചിലിയിലെ ജനങ്ങൾക്ക് നിലനിൽപ്പിനായി പൊരുതേണ്ടി വരുന്നത് എന്തുകൊണ്ടെന്നാണ് പോപ്പുലർ യൂണിറ്റി സഖ്യത്തിന്റെ പരിപാടി വിശദീകരിക്കാൻ ശ്രമിക്കുന്നത്:

‘‘നമ്മുടെ കാലത്തെ ജനങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ചുള്ള ഒരു ഭരണക്രമം ഉണ്ടാക്കുന്നതിലാണ് ചിലി പരാജയപ്പെട്ടത്. ചിലി ഒരു മുതലാളിത്ത രാജ്യമാണ്; സാമ്രാജ്യത്വത്തെയാണ് അത് ആശ്രയിക്കുന്നത്; വിദേശ മൂലധനവുമായി ഘടനാപരമായി തന്നെ കെട്ടുപാടുകളുള്ള ബൂർഷ്വാ വിഭാഗമാണ് ചിലിയിൽ ആധിപത്യം വഹിക്കുന്നത്. ഈ രാജ്യം നേരിടുന്ന അടിസ്ഥാനപരമായ പ്രശ്നങ്ങൾക്കൊന്നിനും പരിഹാരം കാണാൻ കഴിയാത്തവയാണ് ഈ വിഭാഗം ബൂർഷ്വാസി; ഈ വിഭാഗം ഒരിക്കലും കൈവെടിയാൻ ഇടയില്ലാത്ത, അവർ കൈയാളുന്ന വർഗപരമായ വിശേഷാധികാരം നിമിത്തമാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾ ഉരുവംകൊണ്ടത്’’.

ആധുനികലോകത്തെ അതിപ്രധാനമായ ഇരുമ്പിതര വാണിജ്യലോഹങ്ങളിലൊന്നായ ചെമ്പിനാണ് അലന്ദെയുടെ പോപ്പുലർ യൂണിറ്റി സഖ്യം ഊന്നൽ നൽകിയത്. ആ കാലത്ത് ലോകത്താകെ കണ്ടെത്തിയിരുന്ന ചെമ്പ് നിക്ഷേപത്തിന്റെ 20% ത്തോളവും ചിലിയിലായിരുന്നു; അമേരിക്കയിലും സോവിയറ്റ് യൂണിയനിലും സാംബിയയിലും സയറിലും കാനഡയിലുമാണ് ഇതിനുപുറമെ ഗണ്യമായ ചെമ്പ് നിക്ഷേപമുണ്ടായിരുന്നത്. ലോകത്ത് ഏറ്റവുമധികം ചെമ്പ് ഇറക്കുമതി ചെയ്യുന്ന രാജ്യം അമേരിക്കയായിരുന്നു; പിന്നീട് ഈ ചെമ്പ് വ്യാവസായിക ആവശ്യത്തിനായി സംസ്കരിക്കുന്നു; അനാകോണ്ട, കെന്നെക്കോട്ട്, സെറോ എന്നീ മൂന്ന് അമേരിക്കൻ ബഹുരാഷ്ട്ര കുത്തക കമ്പനികൾ ചേർന്ന് രൂപീകരിച്ച ഗ്രാൻ മിനേറിയ ആയിരുന്നു ചിലിയിലെ മൊത്തം ചെമ്പുല്പാദനത്തിന്റെ 80 ശതമാനത്തിലധികവും കൈകാര്യം ചെയ്തിരുന്നത്.

ഗ്രാൻ മിനേറിയ ചെമ്പിന് ഈടാക്കിയിരുന്ന ഉയർന്ന വിലയും 1960കളിൽ അതിന് ലഭിച്ചിരുന്ന ലാഭവും ചെമ്പ് ഖനികൾ അതിവേഗം ദേശസാൽക്കരിക്കണമെന്ന സമ്മർദ്ദം ശക്തമാക്കി. 1966 ൽ ചിലിയുടെ പ്രസിഡന്റ് എഡ്വാർഡൊ ഫ്രെയ് വർദ്ധിച്ചുവരുന്ന ഈ സമ്മർദ്ദം കണക്കിലെടുത്ത് ചെമ്പിനെ ‘ചിലിവൽക്കരിക്കുക’ എന്ന നയത്തിന് തുടക്കംകുറിച്ചു; അമേരിക്കൻ കമ്പനികൾ ക്രമേണ ഉടമസ്ഥാവകാശം ഒഴിയണമെന്നതായിരുന്നു ഇതിന്റെ അർഥം; എന്നാൽ ഈ നയം വന്നിട്ടും ഗ്രാൻ മിനേറിയയുടെ ലാഭം 1965 നും 1971 നുമിടയ്ക്ക് കുതിച്ചുയരുകയാണുണ്ടായത്. ചിലിയിലെ ദേശീയ വിഭവങ്ങൾ അവിടത്തെ ജനങ്ങളുടെ നേട്ടത്തിനായി ഉപയോഗിക്കണമെന്ന ജനകീയ സമ്മർദ്ദം വർദ്ധിച്ചുകൊണ്ടിരുന്നതിനെ തുടർന്ന് 1970ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ രണ്ട് സ്ഥാനാർത്ഥികളും – പോപ്പുലർ യൂണിറ്റിയുടെ അലന്ദെയും ക്രിസ്ത്യൻ ഡെമോക്രാറ്റിന്റെ റഡോമിറോ തോമിക്കും –ദേശസാൽക്കരണത്തെ പിന്തുണച്ചു.

1970 ഡിസംബറിൽ പോപ്പുലർ യൂണിറ്റി ഗവൺമെന്റ് നഷ്ടപരിഹാരമൊന്നും നൽകാതെ ഗ്രാൻ മിനേറിയയുടെ ഉടമസ്ഥതയിലുള്ള ചെമ്പ് ഖനികൾ ദേശസാൽക്കരിക്കുന്നതിന് കോൺഗ്രസിൽ ഭരണഘടനാ ഭേദഗതി അവതരിപ്പിച്ചു. നഷ്ടപരിഹാരം നൽകാതിരിക്കുന്നതിന് പോപ്പുലർ യൂണിറ്റി ഗവൺമെന്റ് മുന്നോട്ടുവെച്ച വാദം, ഗ്രാൻ മിനേറിയയ്ക്ക് ദശകങ്ങളായി ലഭിക്കുന്ന അമിത ലാഭം കൊണ്ട് അവർ ഇതിനകം തന്നെ വലിയ നേട്ടമുണ്ടാക്കിയെന്നും അതാകെ ചിലിയിൽ നിന്ന് പുറത്തുകൊണ്ടുപോയിയെന്നും ചെമ്പ് ഖനികളിൽ നിന്ന് ഗണ്യമായത്ര ഖനനം ചെയ്തു തീർത്തുവെന്നുമാണ് ഗ്രാൻ മിനേറിയയ്ക്ക് അധിക നഷ്ടപരിഹാരം നൽകാൻ പോപ്പുലർ യൂണിറ്റി ഗവൺമെന്റ് വിസമ്മതിച്ചത്, ഖനികൾക്ക് നഷ്ടപരിഹാരം നൽകുമെന്ന മറ്റു രാഷ്ട്രീയ പാർട്ടികളുടെ നിലപാടിൽ നിന്നും തീർത്തും വേറിട്ട നിലപാടാണ്.

ഡിസംബർ 21ന് അലന്ദെ പ്ലാസ ദെടില കോൺസ്റ്റിറ്റ്യൂഷനിൽ സംസാരിച്ചു. ചില കണക്കുകൾ അവതരിപ്പിച്ചുകൊണ്ട് ചിലിയുടെ ചോരയൂറ്റിക്കുടിക്കപ്പെട്ടതെങ്ങനെ എന്ന് വിശദീകരിച്ചശേഷം അദ്ദേഹം തുടർന്നു –‘‘ചെമ്പ് നിക്ഷേപത്തിന് ഒരു നഷ്ടപരിഹാരവും നൽകുന്നതല്ല ….. നിയമവും നീതിയും അനുസരിച്ചാണ് നമ്മൾ പ്രവർത്തിക്കുന്നത്. സർവോപരി, വിദേശ മൂലധനം കൈവശംവെച്ചിട്ടുള്ള നിർണായകമായ സ്വത്ത് ദേശസാൽക്കരിക്കാൻ ജനങ്ങൾക്കുള്ള അവകാശം ഐക്യരാഷ്ട്രസഭ അംഗീകരിച്ചതാണെന്നതും പ്രസക്തമാണ്. (‘പ്രകൃതി വിഭവങ്ങൾക്കുമേൽ ശാശ്വത പരമാധികാരം’ എന്ന ഐക്യരാഷ്ട്ര പൊതുസഭാ പ്രമേയത്തെ പരാമർശിക്കുന്നു). ദേശീയ ആത്മാഭിമാന ദിനമായി ഇന്ന് ആചരിക്കുന്ന 1971 ജൂലൈ 11ന് ചിലിയുടെ നാഷണൽ കോൺഗ്രസ് 17450–ാം നമ്പർ നിയമം അംഗീകരിച്ചു; അതിലൂടെ ചെമ്പ് ഖനികളുടെ ദേശസാൽക്കരണത്തിന് നിയമപരമായ അംഗീകാരം ലഭിച്ചിരിക്കുന്നു.

ചെമ്പ് കയറ്റുമതിയിൽനിന്ന് അധികമായി ലഭിക്കുന്ന വരുമാനമുപയോഗിച്ച് ചിലിയിലെ ജീവിതത്തിൽ പരിവർത്തനം വരുത്താനുള്ള പരിപാടിക്കുവേണ്ട ഫണ്ട് ലഭിക്കുമെന്ന് പോപ്പുലർ യൂണിറ്റി ഗവൺമെന്റ് പ്രതീക്ഷിച്ചു. അതുതന്നെ സംഭവിച്ചു; ആരോഗ്യ പരിരക്ഷയും വിദ്യാഭ്യാസ സൗകര്യങ്ങളും സാർവത്രികമാക്കി; കാർഷിക പരിഷ്കരണം നടപ്പിലാക്കി; തൊഴിലാളി വർഗത്തിനും കർഷക ജനസാമാന്യത്തിനും വീടുകൾ നിർമിച്ചു നൽകി; ഓരോ കുട്ടിക്കും പ്രതിദിനം സൗജന്യമായി അരലിറ്റർ പാൽ നൽകുന്ന പരിപാടി നടപ്പിലാക്കി. 1973 ആയപ്പോൾ ഈ പദ്ധതി പ്രകാരം 36 ലക്ഷം കുട്ടികൾക്ക് പാൽ ലഭിച്ചു. ഇതിലൂടെ കുട്ടികൾക്കിടയിലെ പോഷകാഹാര ദാരിദ്ര്യനിരക്ക് ഗണ്യമായി കുറച്ചു; പോപ്പുലർ യൂണിറ്റി ഗവൺമെന്റ് അധികാരമേൽക്കുന്നതിനു മുൻപ് ഇത് 20%ത്തിൽ താഴെയായിരുന്നു.

1971 ജനുവരി 13ന് വാൽപറായ്സൊയിലെ യൂണിവേഴ്സിറ്റി ഓഫ് ചിലിയിലെ പുതിയ ട്രേഡ് യൂണിയൻ സ്കൂൾ ഉദ്ഘാടനം ചെയ്തുകൊണ്ട് അലന്ദെ പ്രഖ്യാപിച്ചത് തന്റെ രാജ്യം ഒരു ‘‘സാമൂഹ്യ പരീക്ഷണശാല’’ യായിരുന്നുവെന്നും ‘‘ഇപ്പോൾ അത് ഗഹനവും അഗാധവുമായ ഒരു വിപ്ലവ പ്രക്രിയയുടെ’’ നടുവിലാണെന്നുമാണ്. ‘‘ഇത് ചിലിയിലെ ജീവിതത്തിന്റെ സമസ്ത വശങ്ങളിലും നടപ്പിലാക്കേണ്ട അവശ്യഘടകമായിരിക്കുന്നു’’. ചിലിയുടെ സമ്പദ്ഘടനയ്ക്കുമേൽ അതിനുള്ള പരമാധികാരം ഉറപ്പാക്കിക്കൊണ്ട് സോഷ്യലിസത്തിലേക്കുള്ള ചിലിയൻ പാത (la via chilena) തുറന്നിരിക്കുകയാണ്. ഭൂരഹിത കർഷകർ മുതൽ നഴ്സുമാർ വരെയുള്ളവർക്ക് അലന്ദെ ഗവൺമെന്റ് ഒരു പുതിയ യാഥാർത്ഥ്യം, ഒരു സോഷ്യലിസ്റ്റ് ഭാവി, വാഗ്ദാനം നൽകി.

ചിലിയും പുതിയ അന്താരാഷ്ട്ര 
സാമ്പത്തിക ക്രമവും
1971 ൽ ചേരിചേരാ പ്രസ്ഥാനത്തിന്റെ (NAM) 55–ാ മത് പൂർണ അംഗമായി ചിലി മാറി; 1961ൽ ഈ ചേരി രൂപം കൊണ്ട് പത്തുവർഷത്തിനുശേഷമാണ് ചിലി അതിൽ പൂർണ അംഗമായത്. ചേരിചേരാ പ്രസ്ഥാനത്തിന്റെ മൂന്നാമത് ഉച്ചകോടി 1970ൽ സാംബിയയിലെ ലുസാക്കയിൽ ചേരുമ്പോഴും ക്യൂബ മാത്രമായിരുന്നു പൂർണ അംഗമായിട്ടുള്ള ഏക ലാറ്റിനമേരിക്കൻ രാജ്യം; 12 നിരീക്ഷക രാജ്യങ്ങളിൽ ഒന്നായിരുന്നു ചിലി. ചേരിചേരാ പ്രസ്ഥാനവും അങ്ടാഡും പുതിയ അന്താരാഷ്ട്ര സാമ്പത്തിക ക്രമത്തെ സംബന്ധിച്ച സംവാദങ്ങൾക്ക് ഊർജം പകർന്നു; പ്രകൃതിവിഭവങ്ങൾ സ്വന്തം നിയന്ത്രണത്തിൽ കൊണ്ടുവന്നുകൊണ്ടും സ്വന്തം വ്യാവസായിക ശേഷി ശക്തിപ്പെടുത്തിക്കൊണ്ടും നവ കൊളോണിയൽ ലോകക്രമത്തെ മാറ്റിമറിക്കാൻ മൂന്നാം ലോകരാജ്യങ്ങളെ പ്രാപ്തമാക്കുന്നതിനുള്ള ഒരു നിർദ്ദേശമാണത്. ഈ പുതിയ ആവേശം രാഷ്ട്രീയമായി മാറ്റപ്പെട്ടതിന്റെ ഭാഗമായി അങ്ടാഡിന്റെ മൂന്നാമത് സമ്മേളനം ജനീവയിൽ ചേരേണ്ടതില്ലെന്നും ഏതെങ്കിലുമൊരു വികസ്വര രാജ്യത്തിൽ വച്ച് ചേരണമെന്നും ഏഷ്യൻ – ആഫ്രിക്കൻ രാജ്യങ്ങൾ നിർബന്ധം പിടിച്ചു. ആ സമ്മേളനം സാന്തിയാഗൊയിൽ നടത്താമെന്ന് അലന്ദെ ആവശ്യമുന്നയിച്ചു; കുറെ ചർച്ചകൾക്കുശേഷം അത് അംഗീകരിക്കപ്പെട്ടു. ആ സമ്മേളനം നടക്കേണ്ട കെട്ടിടത്തിന്റെ ഉദ്ഘാടനത്തിൽ പങ്കെടുത്തുകൊണ്ട് അലന്ദെ പറഞ്ഞത് ഈ അന്താരാഷ്ട്ര വേദി അവികസിത രാജ്യങ്ങളുടെ അവസ്ഥയെക്കുറിച്ചറിയാൻ വികസ്വര രാജ്യങ്ങൾക്ക് സഹായകമാകും എന്നാണ്.

പുതിയ അങ്ടാഡ് കെട്ടിടത്തിന് യുഎൻ എക്കണോമിക് കമ്മിഷൻ ഓഫ് ലാറ്റിൻ അമേരിക്ക (ECLAC) യുടെ ഓഫീസിൽ നിന്ന് 10 കിലോമീറ്ററോളം ദൂരമേ ഉണ്ടായിരുന്നുള്ളൂ. 1948ൽ ഇസിഎൽഎസി സ്ഥാപിച്ചതുമുതൽ അവിടെയാണ് ലാറ്റിനമേരിക്കയിലുടനീളമുള്ള സാമ്പത്തിക വിദഗ്ധർ ഒത്തുകൂടിയിരുന്നത്; അവർ അവിടെ കൂടിയിരുന്ന് ആശ്രിത രാജ്യ സിദ്ധാന്തം വികസിപ്പിച്ചു. ഈ സിദ്ധാന്തപ്രകാരം ലോകത്ത് ഇന്ന് ഒരു നവ കൊളോണിയൽ ക്രമമാണ് നിലനിൽക്കുന്നത്. അതിൽ കൊളോണിയൽ കാലത്തെ നേട്ടങ്ങളുടെ പുനരുൽപാദനത്തിലൂടെ മുൻനിര രാജ്യങ്ങൾ (സാമ്രാജ്യത്വശക്തികൾ) പ്രാന്ത പ്രദേശ രാജ്യങ്ങൾക്കുമേൽ (വികസ്വരരാജ്യങ്ങൾ) ആധിപത്യം സ്ഥാപിക്കുന്നു; പ്രാന്തപ്രദേശ രാജ്യങ്ങളെ അസംസ്കൃത പദാർഥങ്ങളുടെ വിഭവകേന്ദ്രമായും അന്തിമ ഉൽപ്പന്നങ്ങളുടെ കമ്പോളമായും ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ രൂപപ്പെടുത്തുന്ന അസമമായ വ്യാപാര വ്യവസ്ഥകളിലൂടെയും പ്രാന്ത പ്രദേശ രാജ്യങ്ങളെ കെണിയിൽ പെടുത്തുന്ന, കടബാധ്യത – ചെലവ് ചുരുക്കൽ വിഷമവൃത്തത്തിനകത്ത് പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമായ വികസന സഹായത്തെ ഉപയോഗിക്കുന്നതിലൂടെയുമാണത്. സെപ്പാലിസ്റ്റാകളിലൊരാളായ പെദ്രോ വുസ്കോവിച്ച് അലന്ദെയുടെ സാമ്പത്തിക കാര്യ മന്ത്രിയായി; പോപ്പുലർ യൂണിറ്റിയുടെ പരിപാടിയിലും ഗവൺമെന്റ് നയത്തിലും അദ്ദേഹം ഈ സിദ്ധാന്തം കൊണ്ടുവന്നു. അതോടെ, നവ കൊളോണിയൽ ലോകക്രമത്തെ തകർക്കാനും നിയാവൊ (NIEO) രാജ്യത്ത് സ്ഥാപിക്കാനുമുള്ള പ്രോജക്ടിന്റെ കേന്ദ്രബിന്ദുവായി ചിലി മാറി. അമേരിക്കൻ ഗവൺമെന്റും ബഹുരാഷ്ട്ര കുത്തക കോർപ്പറേഷനുകളും ചിലിയിൽ നടന്ന സിവിൽ – മിലിട്ടറി അട്ടിമറിയുടെ കാരണങ്ങളെ നിസ്സാരവൽക്കരിച്ചതിനുപിന്നിലെ മുഖ്യഘടകങ്ങളിൽ ചിലത് ഇവയാണ്.

1972ൽ മൂന്നാം അങ്ടാഡ് ഉച്ചകോടിയുടെ ഉദ്ഘാടന വേളയിൽ അലന്ദെ അവിസ്മരണീയമായ ഒരു പ്രസംഗം നടത്തി. ഈ സമ്മേളനത്തിന്റെ അടിസ്ഥാനപരമായ ദൗത്യം പഴഞ്ചനും പൂർണമായും അന്യായവുമായ സാമ്പത്തിക – വ്യാപാര ക്രമത്തെ മാറ്റി തൽസ്ഥാനത്ത് നീതിയുക്തമായ, മനുഷ്യനെയും മനുഷ്യ അന്തസ്സിനെയും അടിസ്ഥാനമാക്കിയ പുതിയൊരു സങ്കൽപ്പനം കൊണ്ടുവരികയാണെന്ന് അദ്ദേഹം പറഞ്ഞു. അല്പ വികസിതമായ രാജ്യങ്ങൾക്ക് ഇനിയും സഹിക്കാനാകാത്ത അന്താരാഷ്ട്ര തൊഴിൽ വിഭജനത്തെ പുനഃക്രമീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി; അല്പ വികസിത രാജ്യങ്ങളുടെ പുരോഗതിയെ തടസ്സപ്പെടുത്തുന്നതും അതിസമ്പന്ന രാജ്യങ്ങൾക്കുമാത്രം അനുകൂലവുമായ ഈ നയത്തെ അവയ്ക്ക് ഇനിയും സഹിക്കാനാവില്ല. അതിസമ്പന്ന രാഷ്ട്രങ്ങൾ ‘മർക്കട മുഷ്ടിയോടെ’, ഒരു വിട്ടുവീഴ്ചയും കൂടാതെ തങ്ങളുടെ നേട്ടങ്ങളെ സംരക്ഷിക്കുകയാണ്; അലന്ദെയുടെ വാക്കുകളിൽ ദരിദ്രരാഷ്ട്രങ്ങൾ ഒന്നിച്ചു നീങ്ങേണ്ടതും തങ്ങളുടെ ലക്ഷ്യങ്ങളെക്കുറിച്ച് വ്യക്തത വരുത്തേണ്ടതും അതുകൊണ്ടാണ് – ആ ഉച്ചകോടിയിൽ പങ്കെടുത്തിട്ടുള്ള രാജ്യങ്ങൾക്കൊന്നും മുന്നിൽ മറ്റൊരു പോംവഴിയുമില്ല; അദ്ദേഹം തുടർന്നു, ‘‘ഇപ്പോഴത്തെ അവസ്ഥ തുടരുകയാണെങ്കിൽ ലോക ജനസംഖ്യയിലെ 15 ശതമാനം പേരും പട്ടിണി കിടന്ന് മരിക്കും’’. നവ കൊളോണിയൽ മുതലാളിത്ത ലോക ക്രമത്തിൽ നിന്ന് മാനവികത ഉയർത്തിപ്പിടിക്കുന്ന ഒരു ലോകക്രമത്തിലേക്കുള്ള പരിവർത്തനത്തിൽ നാം അഭിമുഖീകരിക്കേണ്ടി വരുന്ന 5 മുഖ്യ വിഷയങ്ങൾ അലന്ദെ മുന്നോട്ടുവെച്ചു.

(1) പണപരവും വ്യാപാരപരവുമായ 
പരിഷ്കാരം
അമേരിക്കയിൽ 1944ൽ നടന്ന ബ്രെട്ടൺവുഡ്സ് സമ്മേളനത്തിൽ മൂന്നാം ലോക രാഷ്ട്രങ്ങൾക്ക് നാമമാത്രമായ പ്രാതിനിധ്യമാണുണ്ടായിരുന്നത്; അത്തരമൊരു സമ്മേളനത്തിൽ വെച്ചാണ് അന്താരാഷ്ട്ര നാണയനിധിയും (ഐഎംഎഫ്) ലോകബാങ്കും രൂപീകരിച്ചത്. അതുപോലെതന്നെ 1947ൽ പാശ്ചാത്യ രാജ്യങ്ങൾ ജനറൽ എഗ്രിമെന്റ് ഓൺ ട്രേഡ് ആൻഡ് താരിഫ്സ് (ഗാട്ട്) രൂപീകരിച്ചപ്പോൾ മൂന്നാം ലോക രാജ്യങ്ങൾ (ചില കോളനികൾ ഒഴികെ) പൂർണമായും ഒഴിവാക്കപ്പെട്ടിരുന്നു. പണപരവും വ്യാപാരപരവുമായ ഈ സംവിധാനങ്ങളെല്ലാം രൂപപ്പെടുത്തിയിട്ടുള്ളത് അതിസമ്പന്ന രാഷ്ട്രങ്ങൾക്ക് നേട്ടമുണ്ടാക്കാൻവേണ്ടിയാണ്. ഈ സംവിധാനങ്ങളെക്കുറിച്ച് പുനരാലോചന നടത്താനുള്ള വേദിയായാണ് മൂന്നാം ലോക രാജ്യങ്ങൾ അങ്ടാഡ‍് സൃഷ്ടിച്ചത്; എന്നാൽ 1964ൽ സ്ഥാപിക്കപ്പെട്ടതുമുതൽ പാശ്ചാത്യ രാജ്യങ്ങൾ അങ്ടാഡിനെ അരികുവത്കരിക്കാനാണ് ശ്രമിച്ചത്; ഒപ്പം പണപരവും വ്യാപാരപരവുമായ നയം സംബന്ധിച്ച സംവാദത്തിൽ കോളനിയനന്തര രാഷ്ട്രങ്ങളുടെ ഇൻപുട്ടുകളെ അരികുവൽക്കരിക്കാൻ പാശ്ചാത്യ രാഷ്ട്രങ്ങൾ ശ്രമിച്ചു.

1971 ൽ അമേരിക്ക ഏകപക്ഷീയമായി സ്വർണമാനക സമ്പ്രദായം കൈവെടിഞ്ഞു; ആഗോള കൈമാറ്റ നാണയമായി ഡോളറിനെ ഇതുവഴി അടിച്ചേൽപ്പിക്കുകയായിരുന്നു. 1973 ആയപ്പോൾ ഗാട്ടിന്റെ ടോക്കിയോ വട്ട കൂടിയാലോചനയിൽ അമേരിക്കയും യൂറോപ്യൻ സാമ്പത്തിക സമൂഹവും (ഇന്നത്തെ യൂറോപ്യൻ യൂണിയന്റെ മുൻഗാമി) ജപ്പാനും മൂന്നാം ലോകത്തുനിന്നുള്ള ഇൻപുട്ടുകളൊന്നും കൂടാതെ പണപരവും വ്യാപാരപരവുമായ സംവിധാനം വീണ്ടും പരിഗണിക്കാൻ തുടങ്ങി. ഈ തിരക്കഥയെ അഭിമുഖീകരിച്ച അലന്ദെ പറഞ്ഞത്, അങ്ടാഡ് സ്വന്തമായി ഒരു വ്യാപാര വ്യവസ്ഥ കെട്ടിപ്പടുക്കേണ്ടതുണ്ടെന്നാണ്; ജനങ്ങളുടെ ഉപഭോഗം വർധിപ്പിക്കുന്നതിനും പട്ടിണിയും നിരക്ഷരതയും നിർമാർജനം ചെയ്യുന്നതിനും ബഹുരാഷ്ട്ര കുത്തക കോർപ്പറേഷനുകളുടെ അധികാരത്തിന് നിയന്ത്രണമേർപ്പെടുത്തുന്നതിനുമായിരിക്കണം മുൻഗണന നൽകേണ്ടത്.

2. കട ബാധ്യതകൾ റദ്ദാക്കൽ
1973ൽ കെനിയയിലെ നയ്-റോബിയിൽ ചേർന്ന ലോകബാങ്കിന്റെ യോഗത്തിൽ, മൂന്നാം അങ്ടാഡ് സമ്മേളനത്തിൽ അലന്ദെ നടത്തിയ പ്രസംഗം കഴിഞ്ഞ് ഒരു വർഷത്തോളം പിന്നിട്ടപ്പോൾ ബാങ്കിന്റെ പ്രസിഡന്റ് റോബർട്ട് മക്-നമാറ വ്യക്തമാക്കിയത്, ‘‘കട ബാധ്യതാ പ്രശ്നത്തിന്റെ സത്ത എത്രത്തോളം കടമുണ്ടെന്നതല്ല, മറിച്ച് കടം തിരിച്ചടയ്ക്കാൻ വേണ്ട വരുമാനത്തെക്കാൾ വേഗം കടവും കടത്തിന്റെ തിരിച്ചടവും വർധിക്കുന്നുവെന്നതാണ്.’’ വികസ്വര ലോകത്തെ രാജ്യങ്ങൾ ഫിനാൻസിനെ ആകർഷിക്കാൻ ശ്രമിക്കുന്നത് മൂലധന നിക്ഷേപം എന്ന ലക്ഷ്യത്തോടെയല്ല; മറിച്ച് തങ്ങളുടെ കടം തിരിച്ചടയ്ക്കുന്നതിനുവേണ്ടിയാണ്.

അങ്ടാഡ് മൂന്നിൽ അലന്ദെ ചൂണ്ടിക്കാണിച്ചത് വികസ്വര രാജ്യങ്ങളുടെ കടബാധ്യത ഇതിനകം തന്നെ 7,000 കോടി ഡോളറിൽ എത്തിയിരിക്കുന്നുവെന്നാണ്. അദ്ദേഹം പറഞ്ഞു, ‘‘ഈ കടങ്ങൾ പ്രധാനമായും വാങ്ങേണ്ടതായി വന്നത്, അന്യായമായ വ്യാപാര സംവിധാനം സൃഷ്ടിച്ച നാശനഷ്ടങ്ങൾക്ക് പരിഹാരമുണ്ടാക്കാനും നമ്മുടെ ഭൂപ്രദേശത്ത് വിദേശസംരംഭങ്ങൾ സ്ഥാപിക്കാൻ വേണ്ടി വരുന്ന ചെലവുകൾ കുറയ്ക്കുന്നതിനും വേണ്ടിയാണ്; നമ്മുടെ കരുതൽ ധനം ഊഹാടിസ്ഥാനത്തിൽ ചൂഷണം ചെയ്യപ്പെടുന്നതുമൂലമുള്ള നഷ്ടം നികത്താനുമാണ്. ജി 77ന്റെ ലിമ പ്രഖ്യാപനത്തെയും ‘വർധിച്ചുവരുന്ന കടം തിരിച്ചടവ് ബാധ്യത’ എന്ന ഐക്യരാഷ്ട്ര സഭാ പ്രമേയത്തെയും (രണ്ടും 1971ലാണ് പ്രസിദ്ധീകരിച്ചത്) പോലെയുള്ള സുപ്രധാന രേഖകൾ ഇതിനകംതന്നെ ഈ വികാരം ഉയർത്തിയിട്ടുണ്ട്; ഐക്യരാഷ്ട്ര സഭ ഉന്നയിക്കുന്നതുപോലെ, ‘കട പ്രതിസന്ധി ദീർഘകാലത്തേക്ക് ഒഴിവാക്കുന്നതിന്’ അവയുടെ നടപടികൾ പുനഃപരിശോധിക്കണമെന്ന് കടം കൊടുത്തവരോട് ആവശ്യപ്പെടുന്നു.

3. പ്രകൃതിവിഭവങ്ങൾക്കുമേലുള്ള 
നിയന്ത്രണം സുദൃഢമാക്കൽ
1969ലെ മെയ് മാസത്തിൽ ചിലിയിലെ വിനഡെൽമാറിൽ ചേർന്ന സമ്മേളനം ലാറ്റിനമേരിക്കൻ ഗവൺമെന്റുകൾ തങ്ങളുടെ പ്രകൃതിവിഭവങ്ങൾക്കുമേൽ നിയന്ത്രണം ഉറപ്പിച്ചുനിർത്തേണ്ടത് ആവശ്യമാണെന്ന് അടിവരയിട്ട് പറഞ്ഞു. ഈ യോഗത്തിൽ ഉരുവംകൊണ്ട ‘വിനഡെൽമാറിലെ ലാറ്റിനമേരിക്കൻ സമവായം’ എന്ന രേഖ ലിമ പ്രഖ്യാപനത്തെ (1971) സ്വാധീനിച്ചു; മൂന്നാം അങ്ടാഡ് സമ്മേളനത്തിൽ അതിൽനിന്ന് അലന്ദെ ഉദ്ധരിക്കുന്നത് നോക്കുക: ‘‘സ്വന്തം ജനതയുടെ സാമ്പത്തിക വികാസത്തിന്റെയും ക്ഷേമത്തിന്റെയും താൽപ്പര്യങ്ങൾക്കനുസരിച്ച് സ്വന്തം പ്രകൃതിവിഭവങ്ങൾ സ്വതന്ത്രമായി കെെമാറ്റം ചെയ്യാനുള്ള പരമാധികാരം ഓരോ രാജ്യത്തിനുമുണ്ടെന്നത് അംഗീകരിക്കുന്നു; ഈ അവകാശം നടപ്പിലാക്കുന്നതിന് ചെലുത്തേണ്ടതായി വരുന്ന പുറമേ നിന്നുള്ള രാഷ്ട്രീയമോ സാമ്പത്തികമോ ആയ നടപടികളും സമ്മർദങ്ങളുമെല്ലാം ജനങ്ങളുടെ സ്വയംനിർണയാവകാശത്തിന്റെ നഗ്നമായ ലംഘനമാണ്; ഇത് അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും വലിയൊരു ഭീഷണിയുമാകും.’’

അലന്ദെ തുടർന്നു – ‘‘ചിലി ചെമ്പ് ദേശസാൽക്കരിച്ചിരിക്കുകയാണ്. ചെമ്പ് വ്യവസായ കുത്തകകൾ ഊറ്റിയെടുത്ത അമിതലാഭത്തിൽ വകയിരുത്തിയിരിക്കുകയാണ് ഈ ദേശസാൽക്കരണത്തിനുള്ള നഷ്ടപരിഹാരം.’’ പോപ്പുലർ യൂണിറ്റി ഗവൺമെന്റ് വെറുതെ ആശയങ്ങൾ ഉരുവിട്ടുകൊണ്ടിരിക്കുക മാത്രമല്ല, അലന്ദെ തെളിയിച്ചതുപോലെ, ‘‘ദൃഢമായ ബോധ്യത്തോടെ’’ ഈ ആശയങ്ങൾ പ്രയോഗത്തിൽ വരുത്തുകയും കൂടിയാണ്.

4. സാങ്കേതികവിദ്യയിലും 
സയൻസിലും രാഷ്ട്രങ്ങൾക്കുള്ള അവകാശം ഉറപ്പാക്കുക
അലന്ദെ വിശദീകരിച്ചു, ‘‘മൂന്നാം ലോകരാജ്യങ്ങൾ, സയൻസിന്റെ മുന്നേറ്റത്തെ തങ്ങൾക്കന്യമായതെന്ന നിലയിൽ നിരീക്ഷിക്കുകയും സാങ്കേതികവിദ്യ ഇറക്കുമതി ചെയ്യുകയുമാണ്; പലപ്പോഴും അത് സാംസ്കാരികമായ അന്യവത്കരണത്തിനുള്ള ഉപകരണമായും വർധിച്ചുവരുന്ന ആശ്രിതത്വമായും മാറുന്നു.’’ ചിലിയെ പോലെയുള്ള രാജ്യങ്ങൾ ശാസ്ത്ര–സാങ്കേതിക വിദ്യയിൽ സ്വന്തം ശേഷി വികസിപ്പിക്കേണ്ടതാവശ്യമാണ്; ‘‘സ്വന്തം ആവശ്യങ്ങൾക്കും സ്വന്തം വികസനപദ്ധതികൾക്കും അനുയോജ്യമായ’’ സാങ്കേതികവിദ്യയ്ക്ക് രൂപം നൽകുന്നതിന് മറ്റു രാജ്യങ്ങളുമായി കൂട്ടുകെട്ടുണ്ടാക്കേണ്ടതുമാണ്.

5. സമാധാനാധിഷ്ഠിത 
സമ്പദ്ഘടന കെട്ടിപ്പടുക്കുക
അലന്ദെ ഇങ്ങനെ വാദിച്ചു, ‘‘യുദ്ധാധിഷ്ഠിത സമ്പദ്ഘടനയെ സമാധാനാധിഷ്ഠിത സമ്പദ്ഘടനയാക്കി മാറ്റുകയാണ് ഈ കാലഘട്ടത്തിന്റെ ആവശ്യം; യുദ്ധത്തിനായി ചെലവഴിച്ച് പാഴാക്കുന്നതിനുപകരം അതിനെ പ്രയോജനപ്പെടുത്തുകയും ആഗോളാടിസ്ഥാനത്തിൽ സൗഹൃദ സമ്പദ്ഘടന ഉറപ്പിക്കുന്നതിനുള്ള ഉപകരണമാക്കി മാറ്റുകയുമാണ് വേണ്ടത്.’’ 1970ൽ സ്റ്റോക് ഹോമിലെ അന്താരാഷ്ട്ര സമാധാന ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് ചൂണ്ടിക്കാണിച്ചത് ആഗോള മൊത്ത ആഭ്യന്തര ഉത്പ്പാദനത്തിന്റെ (ജിഡിപിയുടെ) ഏഴ് ശതമാനവും സെെനികച്ചെലവിനായി പോവുകയാണ് എന്നാണ്. ‘‘ലോക ജനസംഖ്യയിലെ അതിദരിദ്രരായ പകുതി പേരുടെ മൊത്തം വരുമാനത്തിന് തുല്യമാണിത്.’’ അലന്ദെ ചൂണ്ടിക്കാണിച്ചത്, ആയുധങ്ങൾക്കായുള്ള ചെലവിൽ വെട്ടിക്കുറവ് വരുത്തുന്നതിലൂടെ ‘‘മൂന്നാം ലോകരാജ്യങ്ങൾക്ക് വൻകിട പ്രോജക്ടുകൾക്കും പ്രോഗ്രാമുകൾക്കും വേണ്ട ധനം കണ്ടെത്താ’’മെന്നാണ്.

1972 ഏപ്രിൽ മാസത്തിൽ അമേരിക്കയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഹെൻറി കിസിങ്ങറുടെ ലാറ്റിനമേരിക്കൻ കാര്യങ്ങൾക്കായുള്ള അസിസ്റ്റന്റ് വില്യം ജോർഡൻ ഇങ്ങനെ എഴുതി, ‘‘അലന്ദെ മൂന്നാം ലോകത്തിന്റെ നേതാവായി സ്വയം സ്ഥാനം പിടിക്കുകയാണ്.’’ സോഷ്യലിസത്തിലേക്കുള്ള ചിലിയൻ പാത തന്നെ ഉദാഹരണം; ചിലിയുടെ ലോഹ നിക്ഷേപത്തെ അക്രമാത്മകമായി ദേശസാൽക്കരിച്ചതിലൂടെ അത് പ്രയോഗത്തിൽ വരുത്തുകയുമാണ്; പുതിയ അന്താരാഷ്ട്ര സാമ്പത്തികക്രമം (നിയാവോ –NIEO) മുന്നോട്ടുവയ്ക്കുന്ന മൂന്നാം ലോകത്തിന്റെ വ്യക്തമായ ശബ്ദമായി ഉയർന്നുവരാൻ വേണ്ട പ്രശസ്തി ഈ നടപടിയിലൂടെ അലന്ദെ നേടിയെടുത്തിരിക്കുകയാണ്. തൽഫലമായി, ചിലിയുടെ നേതൃത്വവും മെക്സിക്കൊ ഉൾപ്പെടെയുള്ള മറ്റു മൂന്നാം ലോക രാജ്യങ്ങളുടെ നിരന്തരമായ നയതന്ത്രപരമായ ഇടപെടലുകളുമാണ് മൂന്നാം അങ്ടാഡ് ഉച്ചകോടിയിൽ ‘‘സാമ്പത്തികാവകാശ പത്രികയും രാഷ്ട്രങ്ങളുടെ കടമകളും’’ പാസാക്കുന്നതിന് ഇടയാക്കിയത്. ഈ പ്രാമാണിക രേഖയാണ് പിന്നീട് 1974 ഡിസംബറിൽ ഐക്യരാഷ്ട്ര പൊതുസഭ ഒരു പ്രമേയമായി അംഗീകരിച്ചത്.

മൂന്നാം അങ്ടാഡിന്റെ മുന്നോട്ടുള്ള ചുവടുവയ്പിന്റെ ഇത്തരം ഉദാഹരണങ്ങൾ വളരെ ചെറുതാണെങ്കിലും മൂന്നാം ലോകരാജ്യങ്ങളിലെ പൊതുവികാരം, മാറ്റം അനിവാര്യമാണെന്ന് വ്യക്തമാക്കുന്നതാണ്. നിയാവോയെ അവസാനിപ്പിക്കാൻ ത്രിമൂർത്തികൾ (അമേരിക്കയും യൂറോപ്പും ജപ്പാനും) വലിയൊരളവുവരെ മുന്നോട്ടുപോയി; ആ ലക്ഷ്യത്തോടെയാണ് 1973ൽ ജി 7ന് രൂപം നൽകിയത്. ജി –7ന്റെ ഒന്നാമത്തെ യോഗത്തിൽ പശ്ചിമ ജർമനിയുടെ ഹെൽമുട്ട് ഷ്മിഡ‍്ത്ത് പറഞ്ഞത്, ‘‘ആഫ്രിക്കയിലോ ഏഷ്യയിലോ ഉള്ള ഏതെങ്കിലുമൊരു രാജ്യ തലസ്ഥാനത്തുനിന്ന് ഏതെങ്കിലുമൊരു ഭരണാധികാരി’’ ലോക സമ്പദ്ഘടനയെ സംബന്ധിച്ച് തീരുമാനങ്ങൾ എടുക്കുന്നതിനെ പാശ്ചാത്യ നേതാക്കൾക്ക് അംഗീകരിക്കാനോ അതനുവദിച്ചു കൊടുക്കാനോ ആവില്ലെന്നാണ്. ബ്രിട്ടീഷ് പ്രധാനമന്ത്രി ഹരോൾഡ് വിത്സൻ ആ വാദം അംഗീകരിച്ചുകൊണ്ട് ‘‘ഈ മേശയ്ക്കു ചുറ്റുമിരിക്കുന്നവരെപ്പോലെയുള്ള ആളുകളായിരിക്കണം’’ അത്തരം തീരുമാനങ്ങൾ കെെക്കൊള്ളേണ്ടത് എന്ന് കൂട്ടിച്ചേർക്കുകയുമുണ്ടായി.

എന്താണ് അട്ടിമറികൾ ചെയ്തത്?
പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ അലന്ദെ വിജയിക്കുന്നതിന് ഒരു മാസം മുൻപ്, 1970 ആഗസ്ത് 5നു തന്നെ അമേരിക്കൻ ഗവൺമെന്റ് ‘‘അലന്ദെയെ അട്ടിമറിക്കാനുള്ള നടപടികൾ’’ സംബന്ധിച്ച് ആലോചിച്ചു തുടങ്ങിക്കഴിഞ്ഞിരുന്നു; അമേരിക്കയുടെ വിദേശകാര്യ അസിസ്റ്റന്റ് സെക്രട്ടറി ജോൺ ക്രിമിൻസ് ചിലിയിലെ അമേരിക്കൻ അംബാസിഡർ എഡേ-്വർഡ് കോറിക്ക് ഇതു സംബന്ധിച്ച് എഴുതിയിരുന്നു. ഇരുന്നൂറ് വർഷം മുൻപ്, 1823ൽ അമേരിക്ക മൺറോ സിദ്ധാന്തം മുന്നോട്ടുവെച്ചു; പശ്ചിമാർധഗോളം അമേരിക്കയുടെ ‘‘അടുക്കളമുറ്റ’’മായതിനാൽ ലാറ്റിനമേരിക്കയിൽ യൂറോപ്പ് ഇടപെടരുതെന്ന് ആ സിദ്ധാന്തം വ്യക്തമാക്കി. ലാറ്റിനമേരിക്കയിലെ അമേരിക്കൻ ഇടപെടലുകൾ – 1848ൽ മെക്സിക്കോയുടെ പകുതിയിലേറെ ഭൂപ്രദേശങ്ങൾ പിടിച്ചടക്കിയതും 1898ൽ ക്യുബയെയും പ്യൂർട്ടൊറിക്കൊയെയും അമേരിക്കയുടെ ഭാഗമായി കൂട്ടിച്ചേർത്തതും മുതൽ പശ്ചിമാർധഗോളത്തിലുടനീളം ഗവൺമെന്റുകളെ അട്ടിമറിക്കുന്നതിൽ വരെയുള്ള ഇടപെടലുകൾ – സർവ സാധാരണമായി മാറി. 1964ൽ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഴാവൊ ഗൗലാർത്തിന്റെ ഗവൺമെന്റിനെ അട്ടിമറിക്കാൻ ബ്രസീലിയൻ സെെന്യത്തിന് അമേരിക്ക പരസ്യമായി പിന്തുണ നൽകി; തുടർന്ന് ഇരുപത്തിയൊന്ന് വർഷം നീണ്ട പട്ടാള സേ-്വച്ഛാധിപത്യമായിരുന്നു അമേരിക്കയിൽ നിലനിന്നത്. ഓപ്പറേഷൻ കോണ്ടൂർ എന്നറിയപ്പെടുന്ന നടപടിയിലൂടെ ദക്ഷിണ അമേരിക്കയിലുടനീളം പട്ടാള സേ-്വച്ഛാധിപതികളെ അമേരിക്ക അധികാരത്തിലെത്തിക്കുകയായിരുന്നു (ബൊളീവിയ –1971, ഉറുഗേ-്വയ് -–1973, ചിലി – 1973, പെറു – 1975, അർജന്റീന –1976).

1960കളിൽ ക്രിസ്ത്യൻ ഡെമോക്രാറ്റുകൾക്കുവേണ്ടി ദശലക്ഷക്കണക്കിന് ഡോളറുകൾ ചെലവഴിച്ചിട്ടും, അമേരിക്കയ്ക്ക് അലന്ദെയുടെ വിജയം തടയാൻ കഴിഞ്ഞില്ല. തിരഞ്ഞെടുപ്പ് നടന്ന് പതിമൂന്ന് ദിവസത്തിനുശേഷം അലന്ദെ അധികാരമേൽക്കുന്നത് തടയാൻ അമേരിക്കൻ ഗവൺമെന്റ് ഫ്യൂബെൽറ്റ് (FUBELTU) എന്ന പ്രോജക്ടിലൂടെ ശ്രമിച്ചു; അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുകയാണെങ്കിൽ, ചിലിയെ തകർക്കാനും അദ്ദേഹത്തെ അധികാരത്തിൽനിന്നു പുറത്താക്കാനും അമേരിക്ക അതിലൂടെ ശ്രമം നടത്തി. സിഐഎയുടെ ചിലി ടാസ്ക് ഫോഴ്സ് സിറ്റേ-്വഷൻ റിപ്പോർട്ട് # 2ൽ എഴുതിയതുപോലെ ‘‘അന്തരീക്ഷത്തിൽ ഇപ്പോൾ അട്ടിമറി സാധ്യത മണക്കുന്നുണ്ട്’’.

അലന്ദെയെ അട്ടിമറിക്കാൻ അമേരിക്കൻ ഗവൺമെന്റ് സാധ്യമായ സർവമാർഗങ്ങളും തേടി. ചിലിയിലെ സെെനിക മേധാവിയായ ജനറൽ റെനെ ഷ്നെയ്സെറുടെ കൊലപാതകത്തിൽ കലാശിച്ച സെെനിക ഗൂഢാലോചനയ്ക്കു പുറമെ അലന്ദെയുടെ മുൻഗാമിയായ, മുൻ പ്രസിഡന്റ് ഫ്രെയ്ക്കുമേൽ സമ്മർദം ചെലുത്തി തിരഞ്ഞെടുപ്പ് റദ്ദാക്കുകയും അധികാരം പിടിച്ചെടുക്കുകയും ചെയ്യിക്കൽ ഉൾപ്പെടെയുള്ള നീക്കങ്ങളാണ് അമേരിക്കൻ നേതൃത്വത്തിൽ നടന്നത്. അമേരിക്കൻ അംബാസിഡർ എഡേ-്വർഡ് കോറി ചിലിയിലെ ബിസിനസ് പ്രമാണിമാരെ എംബസിയിലേക്ക് വിളിപ്പിക്കുകയും‘‘ചിലിയിൽ അലന്ദെ അധികാരത്തിൽ തുടരുവോളം ഒരു മൊട്ടു സൂചിപോലും ഈ രാജ്യത്ത് കൊണ്ടുവരാൻ അനുവദിക്കരുത്’’ എന്നവരോട് പറയുകയും ചെയ്തു. കോറിയും അയാളുടെ പിൻഗാമി നഥാനിയേൽ ഡേവിസും തിങ്കളാഴ്ച ക്ലബ്ബിലെ അംഗങ്ങളുമായി ചേർന്നുനിന്ന് ഒരുമയോടെയാണ് പ്രവർത്തിച്ചത്; എല്ലാ തിങ്കളാഴ്ചകളിലും സാന്തിയാഗൊയിലെ ലോർഡ് കൊച്ച്റേൻ സ്ട്രീറ്റിൽ ഹെർണാൻ കുബിലോസിന്റെ (1978–80 കാലത്ത് പിനോഷെയ്ക്കു കീഴിൽ ഇയാളായിരുന്നു ചിലിയുടെ വിദേശകാര്യ മന്ത്രി) ഓഫീസിൽ ഒരു സംഘം ബിസിനസ് പ്രമാണിമാരും മാധ്യമ ഉടമകളും (പ്രത്യേകിച്ചും എൽമെർക്കുരിയൊയുടെ ഉടമ) വലതുപക്ഷ രാഷ്ട്രീയക്കാരും യോഗം ചേർന്നിരുന്നു; ഈ കൂട്ടരെയാണ് തിങ്കളാഴ്ച ക്ലബ്ബ് എന്ന് വിളിച്ചിരുന്നത്. ഈ ക്ലബ്ബിന് മാർഗദർശനം നൽകിയിരുന്നത് കോറിയായിരുന്നു; സമ്പദ്ഘടനയെ തകർക്കുക എന്ന അമേരിക്കൻ പ്രസിഡന്റ് റിച്ചാർഡ് നിക്സൺന്റെ 1970 സെപ്തംബർ 15ലെ നിർദ്ദേശം നടപ്പിലാക്കാനുള്ള പ്രവർത്തനങ്ങൾ അൽപവും വെെകാതെ അയാൾ ആരംഭിച്ചു.

വാണിജ്യ മാർഗത്തിലൂടെ ഡോളർ ലഭ്യമാക്കുന്നതിൽ നിന്ന് ചിലിയെ തടഞ്ഞ അമേരിക്കൻ ഗവൺമെന്റ് സഹായങ്ങളെല്ലാം നിർത്തലാക്കി; ചിലിയിൽ നിന്ന് ഉയർന്ന കടത്തു കൂലി ഈടാക്കാൻ ഷിപ്പിംഗ് കമ്പനികൾക്കുമേൽ സമ്മർദ്ദം ചെലുത്തി; വിദേശത്തുള്ള ചിലിയൻ ആസ്തികൾ പിടിച്ചെടുക്കാൻ ചിലിയിൽ നിന്ന് പുറത്താക്കിയ ബഹുരാഷ്ട്ര കുത്തക സ്ഥാപനങ്ങൾക്ക് അമേരിക്ക ഒത്താശ ചെയ്തു. 1971ൽ ചെമ്പിന്റെ വില ഇടിഞ്ഞപ്പോൾ അലന്ദെ ഗവൺമെന്റിനെ അമേരിക്ക സഹായിച്ചതുമില്ല.

ഈ സാമ്പത്തിക ശ്വാസംമുട്ടിക്കലിനെതിരെ അലന്ദെ ഗവൺമെന്റ് പൊരുതി നിന്നു. വാസ്തവത്തിൽ ആ ഗവൺമെന്റിന്റെ രാഷ്ട്രീയമായ ഉൽപതിഷ്ണുത്വത്തിന്റെ സൂചകമായിരുന്നു 1973 മാർച്ചിലെ പാർലമെന്ററി തിരഞ്ഞെടുപ്പിൽ പോപ്പുലർ യൂണിറ്റി സഖ്യത്തിന് 43.39% വോട്ടുനേടി വിജയിക്കാൻ കഴിഞ്ഞത്; ഇത് 1970ൽ അലന്ദെ നേടിയതിനേക്കാൾ അധികമായിരുന്നു. മാത്രമല്ല അമേരിക്കൻ ഗവൺമെന്റോ പോപ്പുലർ യൂണിറ്റ് സഖ്യമോ പോലും പ്രതീക്ഷിച്ചതിനേക്കാൾ വളരെ അധികവുമായിരുന്നു.അമേരിക്കൻ അംബാസിഡർ നഥാനിയേൽ ഡേവിസ് തന്റെ ഗവൺമെന്റിനോട് പറഞ്ഞതുപോലെ പോപ്പുലർ യൂണിറ്റി ഗവൺമെന്റിന്റെ നയങ്ങൾ പൊതുജനങ്ങളുടെ ജീവിതം കുറച്ചധികം മെച്ചപ്പെടുത്തുകയും ‘ഉയർന്ന വർഗക്കാരെ താഴ്ത്തിക്കൊണ്ടുവരുന്നതിലെ സംതൃപ്തിയും ആത്മാഭിമാന ബോധവും ജനങ്ങളിൽ വർധിപ്പിക്കുകയും ചെയ്തു. അതിന് സാമ്പത്തികമായി കുറച്ചധികം വില കൊടുക്കേണ്ടി വരുമെന്നറിഞ്ഞ ജനത അതിനായി തയ്യാറെടുക്കുകയും ചെയ്തിട്ടുണ്ട്’. ഒരു മാസത്തിനുശേഷം ഫ്രെയും മറ്റു മുതലാളിത്ത അനുകൂല രാഷ്ട്രീയ ശക്തികളും എത്തിച്ചേർന്ന നിഗമനം മൂന്നാംലോക രാജ്യങ്ങൾ എന്നു വിളിക്കപ്പെടുന്നവയിലുടനീളമുള്ള പരമ്പരാഗത മുതലാളിത്ത സംവിധാനത്തിന് വികസന ലക്ഷ്യങ്ങളും ജനങ്ങളുടെ ആഗ്രഹാഭിലാഷങ്ങളും സാക്ഷാത്കരിക്കാനുള്ള ശേഷിയില്ല എന്നതാണ്. ഫ്രെയ് തന്നെ അലന്ദെ ഗവൺമെന്റ് കൈവരിച്ച വിജയത്തിലും അതിന്റെ പ്രവർത്തന വേഗതയിലും ആകൃഷ്ടനായിരുന്നു. അതിവേഗമായിരുന്നു…. സാമ്പത്തികാധികാരത്തിന്റെ നിലവിലുള്ള അടിത്തറയെ അലന്ദെ ഗവൺമെന്റ് പൊളിച്ചടുക്കിയത്… പോപ്പുലർ യൂണിറ്റി ഗവൺമെന്റ് ചെയ്ത കാര്യങ്ങളെയാകെ തകിടം മറിക്കാൻ തനിക്കാവില്ല എന്നും ഫ്രെയ് അംഗീകരിക്കുന്നു’. മറ്റു വാക്കുകളിൽ പറഞ്ഞാൽ, ചിലിയിലെ ക്ലാസിക്കൽ വലതുപക്ഷ പാർട്ടികൾ പരാജയം സമ്മതിച്ച് കീഴടങ്ങിക്കഴിഞ്ഞു. അതുകൊണ്ട് സോഷ്യലിസത്തിലേക്കുള്ള ചിലിയൻ പാതയേയും മൂന്നാം ലോക പ്രോജക്ടിനേയും തകർക്കുന്നതിന് കൂടുതൽ കർക്കശക്കാരായ, തീവ്ര ചിന്താഗതിക്കാരായ വലതുപക്ഷ ശക്തികളെ അമേരിക്കയ്ക്ക് ആശ്രയിക്കേണ്ടതായി വന്നു. ആ ശക്തികൾ പിനോഷെയ്ക്കു ചുറ്റും ഒത്തുകൂടി; അയാൾ പോപ്പുലർ യൂണിറ്റി ഗവൺമെന്റിനെ അട്ടിമറിക്കാൻ തന്റെ ടാങ്കുകളെ (പീരങ്കി) ബാരക്കുകൾക്ക് പുറത്തേക്ക് പറഞ്ഞയച്ചു. ഈ അട്ടിമറി സംഘടിപ്പിക്കുന്നതിൽ അമേരിക്കയുടെ പങ്ക് എന്തെന്ന് രണ്ട് വർഷത്തിനു ശേഷം എല്ലാവർക്കും ബോധ്യമായി. അമേരിക്കൻ കോൺഗ്രസിലെ ചർച്ച് കമ്മിറ്റി റിപ്പോർട്ടിലെ വെളിപ്പെടുത്തലുകളിലൂടെയാണ് ഈ വിവരങ്ങൾ എല്ലാവർക്കും ലഭ്യമായത്. (ഈ റിപ്പോർട്ടിന്റെ അനന്തര ഫലങ്ങൾ എന്തെന്ന് പൂർണമായും ലോകത്തുടനീളമുള്ള എല്ലാവർക്കും മനസ്സിലായിട്ടുമില്ല).

അട്ടിമറിക്ക് മുൻപായി തീവ്രവലതുപക്ഷ സംഘങ്ങൾ സാന്തിയാഗോയിലെ മതിലുകളിലുടനീളം ‘ജക്കാർത്ത വരുകയാണ്’ എന്ന് ഭീഷണിപ്പെടുത്തുന്ന മുദ്രാവാക്യം എഴുതിവച്ചു. 1965ൽ ഇൻഡോനേഷ്യയിലെ പ്രസിഡന്റ് സുക്കാർണോയുടെ ഇടതുപക്ഷ സ്വഭാവമുള്ള ഗവൺമെന്റിനെ പുറത്താക്കിയിട്ട് അധികാരത്തിൽ കൊണ്ടുവന്ന ജനറൽ സുക്കാർത്തോയുടെ സെെനിക സേ-്വച്ഛാധിപതിയുടെ വാഴ്ചയുടെ കെെകളാൽ കമ്യൂണിസ്റ്റുകാരും ട്രേഡ് യൂണിയൻ പ്രവർത്തകരും കർഷകസംഘടനാ നേതാക്കളും കലാകാരും ഇടതുപക്ഷ അനുഭാവികളുമായ പത്ത് ലക്ഷത്തിലധികം ആളുകളെ കൊന്നൊടുക്കിയതിനെയാണ് ആ ഭീഷണിപ്പെടുത്തുന്ന മുദ്രാവാക്യം ഓർമിപ്പിച്ചത്. സാന്തിയാഗോയിലെ മതിലുകളിൽ കണ്ട ആ വാക്കുകൾ പിന്നീട് ചിലിയിൽ ആവർത്തിക്കപ്പെട്ട അക്രമങ്ങളുടെ മുൻകൂട്ടിയുള്ള സൂചന നൽകുന്നതായിരുന്നു; പിനോഷെയുടെ സെെനിക സേ-്വച്ഛാധിപത്യ വാഴ്ചയിൽ ആയിരക്കണക്കിനാളുകളാണ് കൊല്ലപ്പെട്ടത്. ഇതുകൂടാതെ പതിനായിരക്കണക്കിനാളുകൾ തടവിലാക്കപ്പെട്ടു. ലക്ഷക്കണക്കിനാളുകൾ നാടുകടത്തപ്പെട്ടു. ഇടതുപക്ഷത്തെ ചിലിയിൽനിന്ന് പാടേ തുടച്ചുനീക്കുന്നതിനും സ്വന്തം പരമാധികാരവും സ്വയം നിർണയാവകാശവും സ്ഥാപിക്കാൻ ശ്രമിക്കുന്ന മൂന്നാം ലോക പ്രോജക്ടുകളെയാകെ ഒരു പാഠം പഠിപ്പിക്കാനുമുള്ള സിഐഎയുടെ പദ്ധതിക്ക് ഒത്തുചേർന്ന് പ്രവർത്തിക്കുകയായിരുന്നു പിനോഷെ ഗവൺമെന്റ്. അട്ടിമറി ഭരണത്തിനെതിരെ നടന്ന അക്രമമായിരുന്നു ചിലിയിലെ പിൽക്കാലത്തെ ഭരണകൂട സ്ഥാപനങ്ങൾക്ക് രൂപംനൽകിയത്. കറാബിനേറോസ് എന്ന സുരക്ഷാ പൊലീസിന് തുടർന്നുള്ള ദശകങ്ങളിൽ ശിക്ഷാ ഭയം കൂടാതെ എന്തും ചെയ്യാമായിരുന്നു. പാബ്ലോ നെരൂദയെയും വിക്ടർ ഹാറയെയും പോലെയുള്ള ലോക പ്രശസ്ത കലാകാരന്മാരെ അതിനീചമായി കൊലപ്പെടുത്തിയത് ഇടതുപക്ഷത്തോട് അട്ടിമറിവാഴ്ചക്കാർക്ക് എത്രത്തോളം വെറുപ്പും വിദേ-്വഷവും ഉണ്ടെന്ന് വ്യക്തമാക്കുന്നതാണ്. അട്ടിമറി ഭരണക്കാരുടെ അക്രമത്തെ അന്താരാഷ്ട്ര സമൂഹം അപലപിച്ചതൊന്നും കണക്കിലെടുക്കാതെയാണ് അവർ ഇത്തരത്തിൽ അക്രമങ്ങൾ തുടർന്നത്. 1980ൽ പിനോഷെ രൂപം കൊടുത്ത ഭരണഘടന പൗരാവകാശങ്ങൾ സസ്പെൻഡ് ചെയ്യാനുള്ള അടിയന്തര അധികാരം എക്സിക്യൂട്ടീവ് ബ്രാഞ്ചിന് നൽകിയിരുന്നു. ഈ അധികാരത്തെയാണ് 2011–2013ലെയും 2019ലെയും പ്രതിഷേധങ്ങളെ അടിച്ചമർത്താൻ അന്നത്തെ സർക്കാർ ഉപയോഗിച്ചത്; 1980ലെ ഭരണഘടന 1990ൽ ജനാധിപത്യം മടങ്ങിവന്നിട്ടും അതിനെ മാറ്റാൻ തുടർന്ന് ശ്രമങ്ങളുണ്ടായിട്ടും ഇപ്പോഴും നിലനിൽക്കുകയാണ്.

1969ൽ ചിലിയിലെ ഒരു സംഘം സാമ്പത്തിക വിദഗ്ധർ യെൽ ലാഡ്രിലോ (വിശ്വസ്ത മിത്രം) എന്ന റിപ്പോർട്ട് തയ്യാറാക്കി. അതിന് ആമുഖമെഴുതിയത് ചിക്കാഗോ സർവകലാശാലയിൽ പരിശീലനം നേടിയ സെർജിയോ ഡി കാസ്ട്രോയാണ്. ഇയാളാണ് പിനോഷെയുടെ സാമ്പത്തികകാര്യ മന്ത്രിയായത്. ഡീ കാസ്ട്രോയും കാർലോസ് മസാദും (1967 മുതൽ 1970 വരെയും 1996 മുതൽ 2003 വരെയും ചിലിയുടെ കേന്ദ്ര ബാങ്കിന്റെ ഗവർണറായിരുന്നു ഇയാൾ) ചേർന്നാണ് ഫോർഡ് ഫൗണ്ടേഷനും റോക്ക് ഫെല്ലർ ഫൗണ്ടേഷനും ചേർന്ന് സ്ഥാപിച്ച ഒരു പ്രോഗ്രാമിന്റെ ഭാഗമായി ചിക്കാഗോയിൽ പോയത്. ഡി കാസ്ട്രോയും മസാദും ചിക്കാഗോ ബോയ്സ് എന്നറിയപ്പെടുന്ന സംഘത്തിലെ മറ്റുള്ളവരും ചേർന്നാണ് ‘ഞെട്ടിപ്പിക്കൽ ചികിത്സ’ എന്ന അജൻഡ നടപ്പിലാക്കിയത്; ഗവൺമെന്റ് ചെലവഴിക്കൽ പാടെ വെട്ടിക്കുറക്കൽ, ഇറക്കുമതി ഉദാരവത്കരിക്കൽ, വൻകിട ബിസിനസ്സ് കുത്തക കോർപറേറ്റുകൾക്ക് നേട്ടമുണ്ടാക്കത്തക്ക വിധം സർക്കാർ സ്ഥാപനങ്ങളെ ഉപയോഗിക്കൽ എന്നിവയെല്ലാം ഉൾപ്പെടുന്നതാണ് ഈ ഞെട്ടിപ്പിക്കൽ ചികിത്സ. ബഹുരാഷ്ട്ര കോർപ്പറേഷനുകളും പിനോഷെയുടെ ശിങ്കിടികളായ ബാങ്കോ, ഫിപ്പോത്തെക്കാരിയോ ഇ ഡി ഫൊമന്റൊ ടീച്ചിലിയെയും പിരാനാസ് എന്ന് പൊതുവെ അറിയപ്പെടുന്ന ക്രുസാറ്റ് ലറൈൻ സാമ്രാജ്യത്തെയും പോലെയുള്ള ശിങ്കിടികളുടെ ഉടമസ്ഥതയിലുള്ള ബിസിനസ് സ്ഥാപനങ്ങളും ഉൾപ്പെടുന്നതാണ് ഈ കോർപറേറ്റ് കൂട്ടായ്മ. 1978 ആയപ്പോൾ ക്രുസാറ്റ് മറൈൻ ചിലിയിലെ 250 പ്രമുഖ കോർപറേഷനുകളുടെയും നിയന്ത്രണം കെെക്കലാക്കി. അതേസമയം വയൽ (vial) 25 പ്രമുഖ കോർപറേഷനുകളുടെയും നിയന്ത്രണം നേടി. ചിക്കാഗോ ബോയ്സിൽ ഒരാളും സെബാസ്റ്റ്യൻ പിനേറ (ഇയാൾ 2010 മുതൽ 2014 വരെയും 2018 മുതൽ 2022വരെയും ചിലിയുടെ പ്രസിഡന്റായിരുന്നു) യുടെ മൂത്ത സഹോദരനുമായ ഹോസേ പിനേറ തൊഴിൽ നിയമങ്ങൾ തകർക്കുന്നതിനും ട്രേഡ് യൂണിയനുകളെ അസ്ഥിരീകരിക്കുന്നതിനും നേതൃത്വം നൽകി. തൊഴിൽ മന്ത്രാലയത്തിന്റെ തലവനെന്ന സ്ഥാനം ഉപയോഗിച്ചാണ് ഇയാളിത് ചെയ്തത്. ചിക്കാഗോ ബോയ്സ് തങ്ങളുടെ നവലിബറൽ മതത്തിന്റെ പരീക്ഷണശാലയായാണ് ചിലിയെ ഉപയോഗിച്ചത്.

അതിന്റെ ഭാഗമായി അവർ നവലിബറലിസത്തിന്റെ രണ്ട് മഹാപുരോഹിതന്മാരെ പിനോഷെയെ സന്ദർശിക്കുന്നതിനായി ചിലിയിലേക്ക് ക്ഷണിച്ചു. 1975ൽ ബ്രസീലിയൻ അട്ടിമറി വാഴ്ചയുടെ സാമ്പത്തിക വിദഗ്ധരായ കാർലോസ് ലാംഗോണിയ്ക്കൊപ്പം മിൽട്ടൺ ഫ്രീഡ്മാനും 1977ൽ ഫ്രെഡറിക് ഹായെക്കും പിനോഷെയെ സന്ദർശിച്ചു. പിനോഷെയുടെ നയങ്ങൾ സമ്പന്ന വിഭാഗത്തിന് സമൃദ്ധി നൽകിയതിനൊപ്പം ജനസംഖ്യയിൽ മഹാഭൂരിപക്ഷം വരുന്ന വിഭാഗത്തിന് വലിയ ദുരിതങ്ങളും നൽകി.

അട്ടിമറിവാഴ്ചയുടെ രൂക്ഷമായ അടിച്ചമർത്തലുകൾ ഉണ്ടായിരുന്നിട്ടും പോപ്പുലർ യൂണിറ്റി ഗവൺമെന്റിന്റെ ഗുണഫലം അനുഭവിച്ച ജനാവലി സ്വയം പുനഃസംഘടിക്കുകയും ചെറുത്തുനിൽപ്പ് സമരങ്ങൾ ആരംഭിക്കുകയും ചെയ്തു. അത് ക്രമേണ അട്ടിമറിക്കാരെ പരാജയപ്പെടുത്തുന്നതിൽ കലാശിച്ചു. കമ്യൂണിസ്റ്റ് പാർട്ടി (നാല് തവണയാണ് പാർട്ടിയുടെ നേതാക്കളെ അട്ടിമറി ഭരണകാലത്ത് കൊന്നൊടുക്കിയത് ) ഫ്രന്റെ പാട്രിയോട്ടിക്കൊ, മാന-്വൽ റോഡ്രിഗ-്വസ്, മൂവ്മെന്റോ ഡി ഇസ്ക-്വർദാ റവല്യൂഷണാറിയ (എംഐആർ) എന്നിവയും മറ്റു ചില ഇടതുപക്ഷ സംഘങ്ങളും ധീരോദാത്തമായി ഒത്തുകൂടുകയും സംഘടിതശക്തി സമാഹരണത്തിന്റെയും അട്ടിമറികളുടേതുമായ ഒരു പ്രക്രിയയ്ക്ക് തുടക്കം കുറിക്കുകയും ചെയ്തു. ഒപ്പം പേടിച്ചരണ്ട, നിരാശരായ ജനസാമാന്യത്തിന് ആശ്വാസം പകരുകയും ചെയ്തു. ദീർഘകാലം ചിലിയിലെ ഇടതുപക്ഷത്തിന്റെ നട്ടെല്ലായിരുന്ന, തകർക്കപ്പെട്ട ട്രേഡ് യൂണിയൻ പ്രസ്ഥാനം സാന്തിയാഗോയിലെ ഗുഡ് ഇയർ ഫാക്ടറിയിലെ ഓസ്കാർ ഫിനോയെപോലെയുള്ള പുതിയ നേതാക്കൾക്കുകീഴിൽ ആവേശത്തോടെ വീണ്ടും ഉയർന്നുവന്നു. ഈ നേതാക്കളിൽ ചിലർ പിന്നീട് കൊല്ലപ്പെട്ടത് എന്തുകൊണ്ടെന്ന് കൃത്യമായും വ്യക്തമാക്കുന്നതാണ് ഈ മുന്നേറ്റങ്ങൾ; തുക്കാപ്പെൽ ജിമെനസ് അവരിൽ ഒരാളായിരുന്നു; 1982ൽ അദ്ദേഹം കൊല്ലപ്പെട്ടപ്പോൾ 5 ലക്ഷം തൊഴിലാളികളെ പ്രതിനിധാനം ചെയ്തിരുന്ന ഗ്രൂപ്പ് ഓഫ് ടെൻ ലേബർ ഫെഡറേഷന്റെ സ്ഥാപകനായിരുന്നു. ജനകീയ സംഘടനകളിലൂടെ പൗര സമൂഹത്തിന് ശക്തമായ സാമൂഹിക ബന്ധങ്ങളും ഐക്യദാർഢ്യവും വീണ്ടും കെട്ടിപ്പടുക്കാൻ കഴിഞ്ഞു. സമൂഹ അടുക്കളകൾ (Otlas Comunes), തൊഴിൽരഹിത തൊഴിലാളി കേന്ദ്രങ്ങൾ (bolsas de cesantes), കുട്ടികളുടെ കാന്റീനുകൾ (Comedores infantiles) എന്നിവയ്ക്ക് പുറമേ അടിച്ചമർത്തലിന്റെ ഇരകളുടെ ബന്ധുക്കളുടെ സംഘങ്ങളുടെ നേതൃത്വത്തിൽ ഉയർന്നു വന്ന മാർഗദർശകരായ സാമൂഹ്യ പ്രസ്ഥാനങ്ങൾ, പ്രത്യേകിച്ചും തൊഴിലവകാശങ്ങളുടെയും മനുഷ്യാവകാശങ്ങളുടെയും രംഗങ്ങളിലെ പ്രസ്ഥാനങ്ങൾ എന്നിങ്ങനെ നിരവധി ജനകീയ സംഘടനകളാണ് അട്ടിമറിയെ തുടർന്നുള്ള നാളുകളിൽ അതിവേഗം രൂപീകരിക്കപ്പെട്ടത്. അതിവേഗം തന്നെ സ്ത്രീകളുടെയും ചേരി നിവാസികളുടെയും പ്രസ്ഥാനങ്ങളും രൂപപ്പെട്ടു തുടങ്ങി. ദുരിതാശ്വാസവും ചെറുത്തുനിൽപ്പും തോളോടുതോളുരുമ്മി മുന്നോട്ടുപോയി; തങ്ങൾക്കുമേൽ അടിച്ചേൽപ്പിക്കപ്പെട്ട അട്ടിമറിവാഴ്ചയ്ക്കെതിരെ ധീരരായ ജനത അതിവേഗം അവയ്ക്കൊപ്പം അണിനിരന്നു.അട്ടിമറി കഴിഞ്ഞു ഒരു ദശകത്തിനകം തങ്ങളുടെ രാഷ്ട്രീയപാർട്ടികളുടെ കൊടികളുമേന്തി 1980ലെ ഭരണഘടനയ്ക്കെതിരെ ജനങ്ങൾ തെരുവുകളിലേക്ക് മടങ്ങിയെത്തി; അവർ സേ-്വച്ഛാധിപത്യവാഴ്ചയ്ക്കെതിരെ കൂടുതൽ വിശാലമായ പോരാട്ടങ്ങളിൽ ഏർപ്പെട്ടു. 1983ല്‍ നടന്ന ചെമ്പു ഖനി തൊഴിലാളികളുടെ പണിമുടക്കിൽ നിന്ന് ആവേശമുൾക്കൊണ്ടാണ് 1983 മെയ് 11ന് ആദ്യത്തെ ദേശീയ പ്രതിഷേധ ദിനം നടന്നത്; ഉയിർത്തെഴുന്നേൽക്കപ്പെട്ട ട്രേഡ് യൂണിയൻ പ്രസ്ഥാനമാണ് ആ പ്രതിഷേധ ദിനത്തിന് നേതൃത്വം നൽകിയത് എന്ന കാര്യം അവിസ്മരണീയമാണ്.

ചിലിയൻ തൊഴിലാളികളോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന അസംഖ്യം നടപടികൾ ലോകത്തുടനീളം വ്യാപകമായി ഉയർന്നുവന്നു. സമാധാനത്തിനു വേണ്ടിയും വിയറ്റ്നാമിനുനേരെ അമേരിക്ക നടത്തിയ യുദ്ധത്തിനെതിരായും നടന്ന പ്രക്ഷോഭത്തോടുമാത്രമേ നിരവധി യൂണിയനുകളും സംഘടനകളും പങ്കെടുത്ത ഈ ഐക്യദാർഢ്യ പ്രക്ഷോഭത്തെ ഉപമിക്കാനാകൂ. ചേരിചേരാ രാജ്യങ്ങളിലെ ഗവൺമെന്റുകളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും ചിലിയിലും ലോകത്താകെയുമുള്ള ജനാധിപത്യവാദികളോട് സഹാനുഭൂതിയും സഹകരണവും പുലർത്തി. മൂന്നാം ലോക രാജ്യങ്ങളിൽ ഉൾപ്പെടെയുള്ള ഈ അന്താരാഷ്ട്ര ഐക്യദാർഢ്യ പ്രസ്ഥാനം പിനോഷെയ്ക്ക് ആദരണീയത നേടാൻ സമ്മതിച്ചില്ല.

അട്ടിമറിയുടെ മുന്നറിയിപ്പ് നൽകിക്കൊണ്ട് സാമ്രാജ്യത്വ ചേരി ഉയർത്തിയ മുദ്രാവാക്യം ‘‘ജക്കാർത്ത വരുന്നു’’ വെന്നതായിരുന്നെങ്കിൽ, മൂന്നാം ലോകത്തിന്റെ പരമാധികാരവും ജനങ്ങളുടെ ആത്മാഭിമാനവും സംരക്ഷിക്കാനും ഉയർത്തിപ്പിടിക്കാനും ആഗ്രഹിക്കുന്ന ഏതൊരു പ്രോജക്ടിന്റെയും മുദ്രാവാക്യം ‘‘ചിലി വരുന്നു’’ എന്നതായിരിക്കും. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

3 × two =

Most Popular