Tuesday, February 27, 2024

ad

Homeകവര്‍സ്റ്റോറിഅലന്ദെ സർക്കാരിനെ അട്ടിമറിച്ചതിൽ സിഐഎയുടെ പങ്ക്

അലന്ദെ സർക്കാരിനെ അട്ടിമറിച്ചതിൽ സിഐഎയുടെ പങ്ക്

ഡോ. ടി എം തോമസ് ഐസക്

ചിലിയിലെ അലന്ദെ സർക്കാർ അട്ടിമറിക്കപ്പെട്ടതിന്റെ അൻപതാം വാർഷികം സമുചിതമായി ആചരിക്കുന്നതിനു ചിലിയിലെ ഇടതുപക്ഷ യുവ പ്രസിഡന്റ് ഗബ്രിയേൽ ബോറിക് തീരുമാനിച്ചിരിക്കുകയാണ്. അധികാരമേറ്റത് അലൻഡെയുടെ പ്രതിമയ്ക്കു മുന്നിൽ ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടാണ്. അൻപതാം വാർഷികത്തിന്റെ ഭാഗമായി നടപ്പാക്കുന്ന വിവിധ പരിപാടികളിൽ പ്രധാനപ്പെട്ട ഒന്ന് അക്കാലത്ത് അപ്രത്യക്ഷരായ മനുഷ്യർക്ക് എന്തുസംഭവിച്ചുവെന്നു കണ്ടുപിടിച്ചു വെളിപ്പെടുത്തുകയാണ്. പിനോഷെയുടെ പട്ടാളക്കാർ 2130 ആളുകളെ കൊന്നു. 30,000 പേരെ പീഡിപ്പിച്ചു. അവരിൽ 1,469 പേർക്ക് എന്തു സംഭവിച്ചൂവെന്ന് അറിയില്ല. അതു കണ്ടുപിടിക്കാനാണ് ബോറിക് ശ്രമിക്കുന്നത്.

ലാറ്റിനമേരിക്കയിലെ പല രാജ്യങ്ങളിലും പുതിയതായി അധികാരത്തിൽ വരുന്ന സർക്കാരുകൾ ഇത്തരം നടപടികൾ സ്വീകരിച്ചുവരുന്നുണ്ട്. അർജന്റീനയിലെ അന്വേഷണമാണ് ഏറ്റവും പ്രസിദ്ധം. ആയിരക്കണക്കിനാളുകളെ അവിടെ പട്ടാളക്കാർ കൊലപ്പെടുത്തിയെന്നു മാത്രമല്ല, ഇടതുപക്ഷക്കാരുടെ വീടുകളിൽ നിന്നു കുട്ടികളെ തട്ടിയെടുത്തുകൊണ്ടുപോയി വിദേശത്തും നാട്ടിലുമുള്ള വലതുപക്ഷക്കാരുടെ വീടുകളിൽ വളർത്തുന്ന ഒരു പരിപാടിയും നടപ്പാക്കി. അടുത്ത തലമുറയിൽ ഇടതുപക്ഷത്തെ പാടെ ഇല്ലാതാക്കുന്നതിന് അവർ കണ്ടുപിടിച്ച ഭ്രാന്തൻ മാർഗം ഇതായിരുന്നു. തങ്ങളുടെ മക്കൾ എവിടെയാണെന്നു പ്രായംചെന്ന ബന്ധുക്കൾക്കോ തങ്ങളുടെ കുടുംബം ഏതെന്നു കുട്ടികൾക്കോ അറിയില്ല. അർജന്റീനയിൽ ചെയ്തുകൊണ്ടിരിക്കുന്നത് ആർട്ടിഫിഷൽ ഇന്റലിജൻസ് ടൂളുകൾ ഉപയോഗിച്ച് ലഭ്യമായ വസ്തതകളിൽ നിന്നും പ്രായപൂർത്തിയായ അന്നത്തെ കുട്ടികൾ ഇപ്പോൾ എങ്ങനെയുണ്ടെന്നു ചിത്രങ്ങൾ സൃഷ്ടിച്ച് അന്വേഷിക്കലാണ്.

കൂട്ടക്കുരുതി നടന്ന ശ്മശാനങ്ങളിൽ ഡിഎൻഎ പരിശോധന നടത്തി ആളുകളെ കണ്ടുപിടിക്കാനാണു ബോറിക് ശ്രമിക്കുന്നത്. അപ്രത്യക്ഷരായ പലരും എവിടെവച്ചാണു കൊല്ലപ്പെട്ടതെന്നും എവിടെയാണ് അടക്കം ചെയ്തിരിക്കുന്നതെന്നും തിരിച്ചറിയാൻ കഴിഞ്ഞിട്ടുണ്ട്. ബോറിക് മറ്റൊരു കാര്യവുംകൂടി ചെയ്തു. ചിലിയിലെ അട്ടിമറി സംബന്ധിച്ചുള്ള സിഐഎയുടെയും അമേരിക്കൻ സർക്കാരിന്റെയും രേഖകളെല്ലാം വെളിപ്പെടുത്തണമെന്ന് അമേരിക്കയോട് ഔപചാരികമായി ആവശ്യപ്പെട്ടു. അങ്ങനെ ഇപ്പോൾ ചിലിയിലെ അട്ടിമറിയെക്കുറിച്ച് കൃത്യമായ ധാരണ നല്കാൻ പര്യാപ്തമായ ഒട്ടേറെ രേഖകൾ ലഭ്യമാണ്. എന്താണ് സിഐഎ രേഖകൾ പറയുന്ന കഥ?

ഇടതുപക്ഷം തിരഞ്ഞെടുപ്പു 
വിജയിക്കുന്നത് തടയാൻ
തിരഞ്ഞെടുപ്പിലൂടെ ഇടതുപക്ഷം അധികാരത്തിൽ വരുന്നത് ജനാധിപത്യത്തിന്റെ അപ്പോസ്തലനായ അമേരിക്കയ്ക്കു സഹിക്കാവുന്നതിലുമപ്പുറമായിരുന്നു. അതുകൊണ്ട് കമ്യൂണിസ്റ്റുകാരുടെ തിരഞ്ഞെടുപ്പു വിജയം തടയുന്നതിനുവേണ്ടി ഇക്കാലത്ത് ഒട്ടേറെ രാജ്യങ്ങളുടെ രാഷ്ട്രീയത്തിൽ സിഐഎ ഇടപെട്ടതിന്റെ അനുഭവങ്ങളുണ്ട്. അലന്ദെയും സിഐഎയും തമ്മിലുള്ള ഏറ്റുമുട്ടൽ അറുപതുകളുടെ ആദ്യം ആരംഭിച്ചതാണ്. ഇതാണ് അവസാനം 1973-ൽ ചിലിയിലെ അട്ടിമറിയിലും അലന്ദെയുടെ ദാരുണമായ കൊലപാതകത്തിലും അവസാനിച്ചത്.

1932 മുതൽ ചിട്ടയായ തിരഞ്ഞെടുപ്പും അധികാരക്കെെമാറ്റവും നടന്നുവന്ന ഒരു രാജ്യമായിരുന്നു ചിലി. അൻപതുകളുടെ അവസാനത്തോടെ ചിലിയൻ രാഷ്ട്രീയത്തിൽ സോഷ്യലിസ്റ്റ് പാർട്ടികളുടെയും കമ്യൂണിസ്റ്റ് പാർട്ടിയുടെയും സ്വാധീനം വർദ്ധിക്കാൻ തുടങ്ങി. ഇത് അമേരിക്കയെ ഭയപ്പെടുത്തി. 1964-ലെ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ വിജയം തടയുന്നതിനുവേണ്ടി സിഐഎ ശക്തമായി ഇടപെട്ടു. പ്രധാന വലതുപക്ഷ പാർട്ടിയായ ക്രിസ്ത്യൻ ഡെമോക്രാറ്റിക് പാർട്ടിയുടെ തിരഞ്ഞെടുപ്പ് ചെലവിന്റെ പകുതിയും വഹിച്ചത് സിഐഎ ആയിരുന്നു. അവരുടെ സ്ഥാനാർത്ഥി പോലും ഇതറിഞ്ഞില്ലെന്നു മാത്രം. മറ്റു പ്രതിപക്ഷ ഗ്രൂപ്പുകൾക്കും സിഐഎ പണം നൽകിയിരുന്നു.

റേഡിയോ ആയിരുന്നു മുഖ്യ പ്രചാരണായുധം, സിഐഎയുടെ മേൽനോട്ടത്തിൽ തയ്യാറാക്കിയ സ്പോട്ടുകളും വാർത്താ ബുള്ളറ്റിനുകളും എല്ലാ റോഡിയോ സ്റ്റേഷനുകളിൽ നിന്നും പ്രക്ഷേപണം ചെയ്യപ്പെട്ടു. ചിലിയിലെ ഏറ്റവും പ്രധാന പത്രമായ എൽ മെർക്കുറി (El Mercury) ക്ക് 15 ലക്ഷം ഡോളറാണ് തുടർന്നുള്ള വർഷങ്ങളിൽ സിഐഎ നൽകിയത്. പത്രങ്ങൾ, പോസ്റ്ററുകൾ തുടങ്ങിയവയെല്ലാം ചിലിയിൽ കമ്യൂണിസ്റ്റ് പേടിയുടെ അന്തരീക്ഷം സൃഷ്ടിച്ചു. തിരഞ്ഞെടുപ്പിൽ അലന്ദെ സഖ്യം തോറ്റു. എന്നാൽ അടുത്ത തിരഞ്ഞെടുപ്പിൽ സിഐഎ തന്ത്രം ഫലിച്ചില്ല. അലന്ദെ വിജയിച്ചു.

പാട്രിക് ലുമുംബ

വിജയം അട്ടിമറിക്കാൻ സിഐഎ
അലന്ദെ തിരഞ്ഞെടുപ്പിൽ വിജയിച്ചെങ്കിലും ഭൂരിപക്ഷം വോട്ട് ലഭിച്ചിരുന്നില്ല. ഇത്തരമൊരു സാഹചര്യത്തിൽ ചിലിയിലെ നിയമപ്രകാരം പാർലമെന്റിൽ ഭൂരിപക്ഷ പിന്തുണയുണ്ടെങ്കിലേ പ്രസിഡന്റായി അധികാരമേൽക്കാനാകൂ. ഇതു തടയുകയെന്നുള്ളതായിരുന്നു നിക്സന്റെ തന്ത്രം. ഇതു സംബന്ധിച്ച് ഒട്ടേറെ വിവരങ്ങൾ പുതിയ രേഖകൾ നല്കുന്നുണ്ട്. എൽ മെർക്കുറി പത്രാധിപരുമായി നിക്സൺ നേരിട്ട് വൈറ്റ് ഹൗസിൽ ചർച്ചകൾ നടത്തി. ചിലിയിലെ പട്ടാളക്കാരും മറ്റു പാർട്ടികളുമായിട്ട് ആശയവിനിമയം നടന്നു. അമേരിക്കയ്ക്കു വിധേയമല്ലാത്ത ഏറ്റവും പ്രമുഖ സൈനിക മേധാവി കൊലചെയ്യപ്പെട്ടു. പട്ടാളം അധികാരം പിടിച്ചെടുത്ത് പാർലമെന്റിനെ പിരിച്ചുവിടുകയായിരുന്നു ലക്ഷ്യം. അങ്ങനെ സംഭവിച്ചാൽ പിന്നെ നിയമപരമായി അധികാരമേൽക്കാനാവില്ലല്ലോ. ഇതിനായിരുന്നു ശ്രമം. പക്ഷേ, അലന്ദെ 1970 നവംബർ 3-ന് അധികാരമേറ്റു.

പ്രൊജക്ട് ഫ്യൂബെൽറ്റ്
പിന്നെ അമേരിക്കയുടെ ശ്രമം അലന്ദെ ഭരണത്തെ അട്ടിമറിക്കുകയായിരുന്നു. അതിനുവേണ്ടി രൂപം നൽകിയ പദ്ധതിയുടെ പേരാണ് “പ്രൊജക്ട് ഫ്യൂബെൽറ്റ് (Project FUBELT)”. സിഐഎയുടെ അട്ടിമറി മാതൃകയ്ക്കു വിജയപ്രഷാദ് വിശദീകരിച്ചിട്ടുള്ള ഘട്ടങ്ങൾ കൃത്യമായി പ്രൊജക്ട് ഫ്യൂബെൽറ്റിൽ കാണാം.

സ്റ്റെപ്പ് 1: പൊതുജനാഭിപ്രായം സൃഷ്ടിക്കുക. എൽ മെർക്കുറി അടക്കമുള്ള മാധ്യമങ്ങളുമായി ഇതിനകം തന്നെ സിഐഎയ്ക്കു നല്ല ബന്ധമുണ്ടായിരുന്നു. അവയെ ഉപയോഗിച്ച് അലന്ദെ വിരുദ്ധ പ്രചാരണം കൊടുമ്പിരിക്കൊണ്ടു.

സ്റ്റെപ്പ് 2: താഴേത്തട്ടിൽ കൃത്യമായ ആളുകളെ നിയോഗിക്കുക. സാന്തിയാഗോയിലെ സിഐഎ സ്റ്റേഷനുമായിട്ടുള്ള കത്തിടപാടുകളെല്ലാം ഇന്നു വെളിച്ചത്തുണ്ട്.

സ്റ്റെപ്പ് 3: ജനറൽമാരെ തയ്യാറെടുപ്പിക്കുക. ചിലിയൻ സെെന്യത്തിലെ ജനറൽമാരെല്ലാവരും അമേരിക്കയിൽ പരിശീലനം നേടിയിട്ടുള്ളവരാണ്. അതുകൊണ്ട് അമേരിക്കയോട് കൂറുള്ളവരായിരുന്നു. പട്ടാള അട്ടിമറി അല്ലാതെ മറ്റുമാർഗമില്ലായിരുന്നു. അതിനുള്ള തയ്യാറെടുപ്പുകൾ മുഴുവൻ സിഐഎയ്ക്ക് അറിയാമായിരുന്നു.

സ്റ്റെപ്പ് 4: സാമ്പത്തികത്തകർച്ച സൃഷ്ടിക്കുക. ചെമ്പ് ഖനികൾ ദേശസാൽക്കരിച്ചതാണ് അമേരിക്കൻ ബഹുരാഷ്ട്ര കുത്തകകളെ കുപിതരാക്കിയത്. അവർ നാടൻ മുതലാളിമാരുമായി ചേർന്ന് വലിയ സാമ്പത്തിക അരാജകാവസ്ഥ രാജ്യത്തു സൃഷ്ടിച്ചു. പ്രസിഡന്റ് നിക്സൺ ഇതുമായി ബന്ധപ്പെട്ട് സിഐഎയ്ക്കു നൽകിയ നിർദ്ദേശം ഇപ്പോൾ വളരെ പ്രസിദ്ധമാണ്. “സമ്പദ്ഘടന നിലവിളിച്ചു കൂവുന്നത് എനിക്കു കേൾക്കണം” (make the economy scream).

സ്റ്റെപ്പ് 5: ഇരകളെ ഡിപ്ലോമാറ്റിക് ആയി ഒറ്റപ്പെടുത്തുക. അമേരിക്കൻ സമ്മർദ്ദംകൊണ്ടു മറ്റു ലാറ്റിനമേരിക്കൻ രാജ്യങ്ങൾ ചിലിയോട് ശത്രുതാപരമായ നിലപാട് സ്വീകരിച്ചു. അലന്ദെ ഇതു മറികടക്കാൻ ചേരിചേരാ സഖ്യത്തിൽ ചേർന്നു. അതുവരെ ക്യൂബ മാത്രമായിരുന്നു പൂർണമായി ചേരിചേരാ നയം ലാറ്റിനമേരിക്കയിൽ അംഗീകരിച്ചിരുന്നത്.

സ്റ്റെപ്പ് 6: തെരുവിൽ പ്രതിഷേധം വളർത്തുക. അക്രമം സൃഷ്ടിക്കുക. വലതുപക്ഷ സായുധ സംഘങ്ങൾ ബോധപൂർവ്വം ഭയപ്പാടും അരാജകത്വവും സൃഷ്ടിക്കാൻ ശ്രമിച്ചു. തെരുവുകളിലെല്ലാം ജക്കാർത്ത (JAKARTHA) എന്ന് എഴുതിവയ്ക്കാൻ തുടങ്ങി. 10 ലക്ഷം കമ്യൂണിസ്റ്റുകാരും അനുഭാവികളുമാണ് ഇന്തോനേഷ്യയിലെ പട്ടാള അട്ടിമറിയെത്തുടർന്ന് കൊലചെയ്യപ്പട്ടത്. ഇത് ഓർമിപ്പിക്കാനായിരുന്നു ഈ ചുവരെഴുത്തുകൾ.

സ്റ്റെപ്പ് 7: അട്ടിമറിക്കു പച്ചവെളിച്ചം. അട്ടിമറി നടക്കുന്നതിനു മൂന്നു ദിവസം മുമ്പ് അമേരിക്കൻ പ്രസിഡന്റ് നിക്സന് ഇതുസംബന്ധിച്ചുള്ള പൊതുവിവരവും അട്ടിമറി ദിവസം കൃത്യമായ വിവരവും സിഐഎ നൽകിയെന്നതിനു രേഖകൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.

സ്റ്റെപ്പ് 8: കൊലപാതകം. സിഐഎയ്ക്ക് കൊല നടത്തുന്നതിന് ഒരു മാന്വൽ തന്നെ ഉണ്ട്. ഗ്വാട്ടിമാലയിൽ കൊലചെയ്യേണ്ടവരുടെ ലിസ്റ്റ് സിഐഎയാണു തയ്യാറാക്കിയത്. അലന്ദെയെ വധിച്ചതിൽ സിഐഎയ്ക്കു നേരിട്ടു പങ്കുണ്ടോയെന്ന് അറിയാൻ കഴിയില്ല. പക്ഷേ, പിനോഷെയുടെ സ്വഭാവം കണക്കിലെടുക്കുമ്പോൾ ഇത്തരം കൊലപാതകങ്ങൾക്ക് സിഐഎയുടെ ഉപദേശം ആവശ്യമുണ്ടെന്നു തോന്നുന്നില്ല. ലാറ്റിനമേരിക്കയിലെ മാർക്സിസ്റ്റ് സ്വാധീനം ഇല്ലാതാക്കുന്നതിനുവേണ്ടിയുള്ള കൊലപാതകങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ വിശദീകരിക്കുന്ന ഓപ്പറേഷൻ കോണ്ടോർ (operation condor) സിഐഎ തയ്യാറക്കിയിരുന്നു. ചിലിയായിരുന്നു ഈ പദ്ധതിയുടെ കേന്ദ്രം. വാഷിങ്ടണിലെ ചിലിയുടെ അംബാസിഡറെ ബോംബുവച്ച് കൊന്നതിനെക്കുറിച്ചും ജനറൽ കാർലോസ് പ്രാറ്റിനെ അർജന്റീനയിൽവച്ച് കൊന്നതിനെക്കുറിച്ചുമെല്ലാം അമേരിക്കയ്ക്ക് മുൻകൂട്ടി അറിയാമായിരുന്നു.

സ്റ്റെപ്പ് 9: മേൽപ്പറഞ്ഞ നടപടികൾ രഹസ്യമായി സൂക്ഷിക്കുക. പട്ടാള അട്ടിമറിയുമായുള്ള ബന്ധങ്ങളെല്ലാം അമേരിക്ക ഏറെനാൾ നിഷേധിച്ചു. എന്നാൽ പതുക്കെപ്പതുക്കെ ഓരോ രേഖകൾ പുറത്തുവന്നു. ബോറിക്കിന്റെ ഇടപെടലിന്റെ ഭാഗമായി പുറത്തുവന്നിരിക്കുന്ന രേഖകൾ പ്രകാരം അമേരിക്കൻ പ്രസിഡന്റിന്റെ നേരിട്ടുള്ള അറിവോടെയാണ് അട്ടിമറി നടന്നത്. ചിലിയിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചുള്ള പൂർണവിവരങ്ങൾ അമേരിക്കയ്ക്ക് ഉണ്ടായിരുന്നു.

ചിലി സിഐഎ അട്ടിമറികളിൽ 
ഒന്നുമാത്രം
അമേരിക്ക ഒരു കൊളോണിയൽ ശക്തി ആയിരുന്നില്ലെങ്കിലും ലാറ്റിനമേരിക്കൻ രാജ്യങ്ങൾ ഏതാണ്ട് അർദ്ധ അമേരിക്കൻ കോളനികളായിരുന്നു. അവിടെ ആര് ഭരിക്കണമെന്നതെല്ലാം അമേരിക്ക ഇടപെട്ടാണ് തീരുമാനിച്ചിരുന്നത്. 1898-നും 1934-നും ഇടയ്ക്ക് അമേരിക്ക ക്യൂബയിൽ നാലുതവണ നാവികസേനയെ അയച്ചു. ഹോണ്ടുറാസിലേക്ക് 7 തവണ. നിക്കരാഗ്വേ 5 തവണ. ഡൊമിനിക്കൻ റിപ്പബ്ലിക്ക്, കൊളംബിയ എന്നിവിടങ്ങളിൽ 4 തവണ വീതം. മൊക്സിക്കോയിൽ 3 തവണ. ഹൈത്തി, പനാമ എന്നിവിടങ്ങളിൽ 2 തവണ വീതം. ഗ്വാട്ടിമാലയിൽ 1 തവണ.

രണ്ടാം ലോകമഹായുദ്ധത്തിനുശേഷമാണ് സിഐഎ എന്ന അമേരിക്കൻ ആഗോള ചാരസംഘടന രൂപംകൊള്ളുന്നത്. വിവരങ്ങൾ ശേഖരിക്കുക മാത്രമല്ല, അമേരിക്കൻ താല്പര്യങ്ങൾ സംരക്ഷിക്കാൻ രഹസ്യ സൈനിക ഇടപെടലുകൾ നടത്തുന്നതിനുപോലും അമേരിക്കൻ നിയമപ്രകാരം സിഐഎയ്ക്ക് അധികാരമുണ്ട്. സിഐഎ നടത്തിയിട്ടുള്ള അട്ടിമറികളെല്ലാം പരാമർശിക്കുകയെന്നത് ഈയൊരു ലേഖനത്തിന്റെ പരിധിയിൽ ഉൾപ്പെടില്ല. അതുകൊണ്ട് പ്രധാനപ്പെട്ട ചിലവ മാത്രം സൂചിപ്പിക്കട്ടെ.

• ബ്രട്ടീഷ് ഗയാന (1951-–65): ഇന്ത്യൻ വംശജനായ ചെഡ്ഡി ജഗനെ 1953-ലും 1957-ലും 1961-ലും അട്ടിമറിച്ചു. കേരളത്തിൽ 1957-ൽ ഉണ്ടായതുപോലുള്ള കമ്യൂണിസ്റ്റ് വിരുദ്ധ സമരത്തിലൂടെയാണ് ഇതു സാധിച്ചത്. ഇന്ത്യയുടെ പിന്തുണ അഭ്യർത്ഥിച്ച് ജഗൻ ഇന്ത്യയിലും വന്നിരുന്നു. അന്ന് നവയുഗത്തിൽ പല ലേഖനങ്ങൾ വന്നിട്ടുണ്ട്. സി. ഉണ്ണിരാജ ഒരു ലഘുലേഖയും എഴുതി. “തിരു-കൊച്ചി തിരഞ്ഞെടുപ്പും ബ്രട്ടീഷ് ഗയാന അട്ടിമറിയും”. അവസാനം 1992-ൽ ചെഡ്ഡി ജഗന്റെ പാർട്ടി ബ്രട്ടീഷ് ഗയാനയിൽ വീണ്ടും അധികാരത്തിൽവന്നു.

• ഗ്വാട്ടിമാല (1953-–54): ഗ്വാട്ടിമാലയിലെ പുരോഗമന സർക്കാരിനെ പട്ടാള അട്ടിമറിയിലൂടെയാണ് അധികാരദ്രഷ്ടമാക്കിയത്. വലിയ ജനകീയപ്രക്ഷോഭവും സിഐഎ സംഘടിപ്പിച്ചു. ദീപിക പത്രം “ഗ്വാട്ടിമാലയും കേരളവും” എന്ന ഒരു ലേഖന പരമ്പര തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1.50 ലക്ഷം മുതൽ 2.50 ലക്ഷം വരെ ആളുകൾ പട്ടാളഭരണത്തിൽ അന്ന് കൊല്ലപ്പട്ടു.

• ഇറാൻ (1953): പാശ്ചാത്യ എണ്ണക്കമ്പനികൾക്കു വിരുദ്ധമായ നിലപാടുസ്വീകരിച്ചപ്പോഴാണ് തിരഞ്ഞെടുപ്പിലൂടെ അധികാരത്തിൽവന്ന മൗസേദക്കിനെ അധികാരദ്രഷ്ടനാക്കി. ഷാ ചക്രവർത്തിയെ വാഴിച്ചത്.

• ഇന്തോനേഷ്യ (1958–-65): സിഐഎയും പട്ടാളവും ചേർന്ന് പത്ത് ലക്ഷത്തിലധികം കമ്യൂണിസ്റ്റുകാരെ കശാപ്പ് ചെയ്തു. സുക്കാർണോയെ അധികാരഭ്രഷ്ടനാക്കി. പട്ടാളം അധികാരമേറ്റു.

• ഈസ്റ്റ് ടിമോർ (1975-–78): ഫ്രെട്ടിലിൻ വിമോചന മുന്നണിക്കെതിരെ സുഹാർത്തോയുമായി ചേർന്നുകൊണ്ട് സിഐഎ നടത്തിയ കുരിശുയുദ്ധത്തിൽ 2-3 ലക്ഷം പേർ കൊല്ലപ്പെട്ടു.

ഗൗ ലാർട്ട്‌

• കോംഗോ (1961–-64): തിരഞ്ഞെടുപ്പിലൂടെ അധികാരത്തിൽവന്ന പാട്രിക് ലുമുംബയെ കൊലചെയ്ത് പട്ടാളത്തെ അധികാരത്തിലേറ്റിയതു സിഐഎ ആണ്.

• ബ്രസീൽ (1960-–64): ബ്രസീലിലെ പുരോഗമന വാദിയായ പ്രസിഡന്റ് ഗൗലാർറ്റിനെ അമേരിക്കയുടെ സ്പെഷ്യൽ ഗ്രൂപ്പും ജനകീയലഹളയും ചേർന്ന് അധികാരത്തിൽനിന്ന് നിഷ്കാസിതനാക്കി പട്ടാളഭരണം ഏർപ്പെടുത്തി.

സിഐഎ നടത്തിയിട്ടുള്ള എല്ലാ അന്തർദ്ദേശീയ ഇടപെടലുകളും ഇവിടെ പരാമർശിക്കുന്നില്ല. വില്യം ബ്ലം എഴുതിയിട്ടുള്ള പ്രതീക്ഷകളെ കൊലചെയ്യുമ്പോൾ (Killing Hope U.S. Military and CIA Interventions Since World War II) എന്ന പുസ്തകത്തിൽ 55 രാജ്യങ്ങളിലെ ഇടപെടലുകൾ വിവരിക്കുന്നുണ്ട്. ഇവിടെ പരാമർശിക്കപ്പെട്ട രാജ്യങ്ങൾക്കെല്ലാം ഒരു പ്രത്യേകതയുണ്ട്. ചിലിയിലെയെന്ന പോലെ ജനാധിപത്യപരമായ തിരഞ്ഞെടുപ്പിലൂടെ ഭൂരിപക്ഷംകിട്ടി അധികാരത്തിൽ വന്ന സർക്കാരുകളായിരുന്നു ഇവയെല്ലാം. അവയെല്ലാം തല്ലിക്കെടുത്തിയത് ജനാധിപത്യത്തിന്റെ അപ്പോസ്തലന്മാരായി അഹങ്കരിക്കുന്ന അമേരിക്കയാണെന്നത് ഒരു വിരോധാഭാസമാണ്. ഇന്ന് ഈ രാജ്യങ്ങളുടെയെല്ലാം അട്ടിമറിക്കു പിന്നിൽ സിഐഎ ആണെന്ന് അമേരിക്കൻ സർക്കാരുകൾ പുറത്തുവിട്ട രേഖകളുടെ അടിസ്ഥാനത്തിൽ സ്ഥാപിക്കാൻ കഴിയും.

കേരളം (1959)
ഈ നിരയിൽപ്പെടും 1959-ൽ കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് സർക്കാരിനെ അട്ടിമറിച്ചതും. എന്നാൽ ദൗർഭാഗ്യവശാൽ ഈയൊരു കാഴ്ചപ്പാടിൽ കുപ്രസിദ്ധമായ വിമോചനസമരം വേണ്ടത്ര വിലയിരുത്തപ്പെട്ടിട്ടില്ല. അമേരിക്കൻ അംബാസിഡർമാർ പണം കൈമാറിയത് സംബന്ധിച്ച പ്രസ്താവന പരക്കെ ഉദ്ധരിക്കപ്പെടാറുണ്ട്. എന്നാൽ അതിനപ്പുറം വിമോചനസമരത്തെ വളർത്തിയെടുക്കുന്നതിലും ഇന്ത്യാ സർക്കാരിനെക്കൊണ്ട് നെഹ്റുവിനു പൂർണസമ്മതം ഉണ്ടായിരുന്നില്ലെങ്കിലും ഇ എം എസ് സർക്കാരിനെ പിരിച്ചുവിടുന്ന നടപടി സ്വീകരിപ്പിക്കുന്നതിനും സിഐഎയുടെ സ്വാധീനമുണ്ട്.

2009-ൽ വിമോചനസമരത്തിന്റെ കാണാപ്പുറങ്ങൾ എന്നൊരു പുസ്തകം ഞാൻ എഴുതുകയുണ്ടായി. അതിൽ അക്കാലത്തു ലഭ്യമായിരുന്ന സിഐഎ രേഖകൾ ഉപയോഗപ്പെടുത്തിയിരുന്നു. അമേരിക്ക എല്ലാ വിവരങ്ങളും ശേഖരിച്ചുകൊണ്ടിരുന്നുവെന്നല്ലാതെ കേരളത്തിൽ ഇടപെട്ടൂവെന്നു ഖണ്ഡിതമായി പറയുന്നതിന് ആവശ്യമായത്ര സാമഗ്രികൾ അന്ന് ലഭിച്ചിരുന്നില്ല. എന്നാൽ അവ ശേഖരിക്കുന്നതിനുവേണ്ടി അക്കാലത്ത് അമേരിക്ക സന്ദർശിച്ചവേളയിൽ ഒട്ടേറെ രേഖകൾ പുതിയതായി വിട്ടുതരുന്നതിനുവേണ്ടി അപേക്ഷകൾ സമർപ്പിച്ചിരുന്നു. ഏതാണ്ട് ഒരു ദശാബ്ദം കഴിഞ്ഞപ്പോൾ അവയിൽ ചിലവ വായിക്കാനായി ലഭ്യമായി. ഇതിൽ ഏറ്റവും നിർണായകമായ രേഖ 1957 ആഗസ്റ്റ് 1-ന് പുറപ്പെടുവിച്ച “അമേരിക്കൻ ഐക്യനാടുകളുടെ കേരളം സംബന്ധിച്ചനയം” എന്ന രേഖയാണ്.

2009-ൽ എനിക്ക് ഈ രേഖയുടെ പല ഭാഗങ്ങളും മറച്ചുവച്ചാണ് ലഭ്യമാക്കിയത്. ഇപ്പോൾ മറച്ചുവച്ചതിൽ വലിയൊരുഭാഗം തുറന്നു തന്നിട്ടുണ്ട്. അതിന്റെ ആദ്യത്തെ പേജ് ചിത്രമായി ഇവിടെ കൊടുത്തിട്ടുണ്ട്. അതിൽ ആദ്യത്തെ ഖണ്ഡിക വായിച്ചുനോക്കൂ. അതിൽ കൃത്യമായി പറഞ്ഞിരിക്കുന്നു: “അമേരിക്കയുടെ ഇന്ത്യയിലെ നയലക്ഷ്യങ്ങളുടെ താല്പര്യസംരക്ഷണാർത്ഥം കേരളത്തിലെ ഇന്നത്തെ കമ്യൂണിസ്റ്റ് സർക്കാർ കൂടുതൽ വിജയങ്ങൾ കൈവരിക്കാൻ പാടില്ലയെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. ഈ സർക്കാരിനെ ഏറ്റവും അടുത്ത അവസരത്തിൽ കാലതാമസമില്ലാതെ അധികാരത്തിൽനിന്നു പുറത്താക്കുകയും വേണം.” അമേരിക്കയുടെ ലക്ഷ്യം വളരെ കൃത്യമായിരുന്നു. ഇതിനുവേണ്ടി സ്വീകരിക്കേണ്ട നടപടികളുടെ നീണ്ട ലിസ്റ്റ് ഈ രേഖയിലുണ്ട്. അവ ഉപയോഗപ്പെടുത്തി ഞാനും റിച്ചാർഡ് ഫ്രാങ്കിയും ചേർന്ന് എഴുതിയിട്ടുള്ള CIA and Toppling of the First Communist Ministry in Kerala ഈ വർഷം അവസാനം ന്യുയോർക്കിലെ മന്തിലി റിവ്യൂ പ്രസ് പ്രസിദ്ധീകരിക്കുമെന്നാണു കരുതുന്നത്. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

twelve − six =

Most Popular