ഞങ്ങളുടെ തലമുറ വിദ്യാർത്ഥികളായിരിക്കുമ്പോഴാണ് ലോകത്തെ സ്തബ്ധമാക്കിയ സെെനിക അട്ടിമറിയിലൂടെ ചിലിയിൽ ഫാസിസ്റ്റ് ഭീകരവാഴ്ച സ്ഥാപിതമായത്. 1973 സെപ്തംബർ 11ന് എസ്എഫ്ഐ പ്രവർത്തകരായിരുന്ന ഞങ്ങൾ അന്ന് കോളേജുകളിൽ അതിശക്തമായ പ്രതിഷേധ പ്രകടനങ്ങൾ നടത്തി. അലന്ദേയ്ക്ക് രക്താഭിവാദ്യങ്ങൾ അർപ്പിച്ചും അമേരിക്കൻ ആഗോള അട്ടിമറി സ്ഥാപനമായ ‘സെൻട്രൽ ഇന്റലിജൻസ് ഏജൻസി’ (സിഐഎ) യുടെ നിയമവിരുദ്ധമായ ഇടപെടലിനെ അപലപിച്ചും കേരളത്തിലെ ഒട്ടുമിക്ക കാമ്പസുകളിലും അന്ന് വിപുലമായ പ്രതിഷേധ റാലികൾ സംഘടിപ്പിക്കപ്പെട്ടു.
ഇപ്പോൾ അമ്പതാണ്ടുകൾക്കുശേഷം തിരിഞ്ഞുനോക്കുമ്പോൾ പ്രതിലോമ രാഷ്ട്രീയത്തിന്റെ ആളിക്കത്തലിനുശേഷം ചിലിയിൽ ഫാസിസ്റ്റുകൾക്ക് തോൽവി സമ്മതിക്കേണ്ടിവന്നിരിക്കുന്നു. ഹിറ്റ്ലറുടെയും മുസ്സോളിനിയുടെയും ചിലിയൻ അവതാരമായിരുന്ന അഗസ്തോ ഹോസ് റമൺ പിനോഷെ ഉഗർതേയുടെ ഫാസിസ്റ്റ് വാഴ്ച 1990 വരെ തുടർന്നു – 17 വർഷക്കാലം!
ഇതിനിടെ 1980ൽ കാട്ടിക്കൂട്ടിയ ‘ഹിതപരിശോധന’യിലൂടെ സർവാധികാരങ്ങളും കേന്ദ്രീകരിച്ചിട്ടുള്ള പ്രസിഡന്റ് പദവിയിലേക്ക് പിനോഷെയെ ‘തെരഞ്ഞെടുക്കുന്ന’ രാഷ്ട്രീയ നാടകവും അരങ്ങേറി. അന്ന് ‘തിരഞ്ഞെടുപ്പു’ നടത്തിയ രീതി കൃത്രിമം അടിമുടി നടമാടും വിധമായിരുന്നു എന്ന വിമർശനം ഉന്നയിക്കപ്പെട്ടിരുന്നു. അത് ആര് പരിഗണിക്കാൻ എന്നാൽ അടിത്തട്ടിൽ ഉരുണ്ടു കൂടിയ പിനോഷെ വിരുദ്ധ ജനാധിപത്യ ചലനങ്ങൾ 1988ൽ നടന്ന വോട്ടെടുപ്പിൽ പ്രതിഫലിച്ചു. പിനോഷെ അധികാരത്തിൽ തുടരുന്നതിനെതിരെ 56% ജനങ്ങൾ വോട്ടു രേഖപ്പെടുത്തുന്ന സ്ഥിതി അങ്ങനെ ഉളവായി.
ഇതിനെത്തുടർന്ന് 1990ൽ പിനോഷെ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതിനുശേഷവും, 1998 മാർച്ച് 10 വരെ, 1980ലെ ‘പിനോഷെ ഭരണഘടന’ പ്രകാരം ചിലിയൻ പട്ടാളത്തിന്റെ സർവ്വ സെെന്യാധിപനായി അയാൾ തുടരുകയുണ്ടായി. മാത്രമല്ല, വിചിത്രമായ അതേ (1980ലെ) ഫാസിസ്റ്റനുകൂല (കാട്ടിക്കൂട്ടു) ഭരണഘടനാവ്യവസ്ഥകൾ പ്രകാരം ആജീവനാന്തകാല പാർലമെന്റംഗത്വവും പിനോഷെക്ക് അനുവദിച്ചു നൽകിയിരുന്നു.
എന്നാൽ സ്വയം ഒരുക്കിയ ഇത്തരം സംരക്ഷണ സംവിധാനങ്ങൾ എല്ലാക്കാലത്തേക്കും ഒരു ഫാസിസ്റ്റിനേയും സംരക്ഷിക്കുകയില്ല എന്ന ചരിത്രം നമ്മുടെ മുന്നിലുണ്ട്. 1998ൽ ലണ്ടനിൽവച്ച് പിനോഷേ അറസ്റ്റു ചെയ്യപ്പെട്ടു. ചിലിയിൽ അധികാരത്തിലിരുന്നപ്പോൾ ചെയ്തുകൂട്ടിയ മനുഷ്യാവകാശലംഘനങ്ങൾ കാരണം ലോകത്തെവിടെ നിന്നും അറസ്റ്റു ചെയ്യാൻ അധികാരപ്പെടുത്തുന്ന അറസ്റ്റുവാറന്റ് പിനോഷേയെ നിയമവ്യവസ്ഥക്കുകീഴിൽ വരാൻ നിർബന്ധിതനാക്കി. 2006 ഡിസംബർ 10ന് മരിക്കുമ്പോൾ ചിലിയിൽ 300 ക്രിമിനൽ കേസുകൾ പിനോഷേക്കെതിരെ നിലവിലുണ്ടായിരുന്നു. പണാപഹരണം, നികുതി വെട്ടിപ്പ് തുടങ്ങിയ കുറ്റങ്ങൾക്ക് വേറെയും കേസുകൾ ഉണ്ടായിരുന്നു. 28 ദശലക്ഷം അമേരിക്കൻ ഡോളർ തട്ടിപ്പു നടത്തിയതു സംബന്ധിച്ച് പിനോഷെക്കെതിരെ തെളിവുകൾ സഹിതം കുറ്റം ഉന്നയിക്കപ്പെട്ടിരുന്നു.
ജനാധിപത്യതത്ത്വങ്ങളുടെ നഗ്നമായ ലംഘനങ്ങളും മറവുകൂടാത്ത അഴിമതികളും നടത്തിയ രണ്ടു പതിറ്റാണ്ടു നീണ്ടുനിന്ന പിനോഷേയുടെ നേതൃത്വത്തിലുള്ള ഫാസിസ്റ്റ് വാഴ്ചയ്ക്കു കീഴിലാണ് തീവ്രമുതലാളിത്ത സാമ്പത്തികനയങ്ങൾ ലോകത്ത് ആസൂത്രിതമായി ആദ്യം പരീക്ഷിക്കപ്പെട്ടത് എന്ന കാര്യവും അട്ടിമറിയുടെ ഈ 50–ാം വർഷത്തിൽ ഓർക്കേണ്ടതുണ്ട്.
എന്നുവച്ചാൽ ഒക്ടോബർ സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ കൂടി സ്വാധീനഫലമായും പ്രത്യാഘാതമെന്ന നിലയിലും വ്യത്യസ്ത രൂപത്തിൽ വികസിച്ചുവന്ന മുതലാളിത്തത്തിനുള്ളിലെ ‘ക്ഷേമരാഷ്ട്ര’ പദ്ധതികൾ പാടേ ഉപേക്ഷിച്ച് മൂലധനത്തിന് ലാഭം പരമാവധിയാക്കുവാൻ സർവ ദുഃസ്വാതന്ത്ര്യങ്ങളും നൽകുന്ന സാമ്പത്തികനയം–തുറന്ന കമ്പോളസമ്പ്രദായം–ആദ്യമായി പൂർണതോതിൽ പരീക്ഷിക്കുന്നത് പിനോഷേ ഫാസിസ്റ്റ് ഭരണത്തിനുകീഴിൽ ചിലിയിലായിരുന്നു. ട്രേഡ് യൂണിയനുകളെ നിരോധിക്കുക, പണിമുടക്കു സമരങ്ങൾ നിയമവിരുദ്ധമാക്കുക, തൊഴിൽ നിയമങ്ങൾ റദ്ദാക്കുക, അഭിപ്രായപ്രകടനത്തിനും സംഘടിക്കാനുമുള്ള പ്രാഥമിക ജനാധിപത്യ അവകാശങ്ങൾ നിഷേധിക്കുക; സർവതും സ്വകാര്യവൽക്കരിക്കുക എന്നിങ്ങനെയാണ് ‘ചിക്കാഗോ ബോയ്സി’ന്റെ ഉപദേശനിർദേശങ്ങൾ പ്രകാരം ചിലിയിൽ നവഉദാരവൽകരണ നയം’ എന്നു കൂടി തെറ്റിദ്ധാരണ പരത്താൻ കൗശലപൂർവം സാധ്യതയൊരുക്കുന്ന സാമ്പത്തിക പരിഷ്-ക്കാരങ്ങൾ നടപ്പാക്കപ്പെട്ടത്.
ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പുവേളയിൽ ചിലിയുടെ പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിച്ച കമ്യൂണിസ്റ്റ് ഇടതുപക്ഷ–വിശാലസഖ്യത്തിന്റെ സ്ഥാനാർഥി ഗബ്രിയേൽ ബോറിക്ക്–37 വയസ്സുകാരനായ യുവ പോരാളി– പറഞ്ഞത് ഇത്തരുണത്തിൽ സ്മരണീയമാണ്: ‘‘നവ ഉദാരവൽകരണമെന്നു പേരു വിളിക്കുന്ന ജനവിരുദ്ധ സാമ്പത്തികനയങ്ങൾ ലോകത്ത് ആദ്യം പരീക്ഷിക്കപ്പെട്ടത് ചിലിയിലാണ്. ഇവിടെത്തന്നെയാണ് അതിന്റെ ശവക്കുഴി തോണ്ടുന്നതും’’.
പിനോഷെയുടെ മാതൃകയിൽ ഫാസിസ്റ്റിക്കായ രാഷ്ട്രീയ മർദനനയങ്ങളും, സമ്പൂർണ കോർപറേറ്റ് അനുകൂലനയങ്ങളും പിന്തുടരുന്ന നരേന്ദ്ര മോദി സർക്കാരിനെതിരായ സമരപരമ്പരകളിൽ സർവശക്തിയും സമാഹരിച്ച് സജീവമാകാൻ നിർബന്ധിതരാകുന്ന സാഹചര്യത്തിൽ ചിലിയൻ അനുഭവങ്ങളിൽനിന്നും വളരെയേറെ ഇന്ത്യൻ ജനത പാഠങ്ങൾ പഠിക്കാനുണ്ട്. അതുകൊണ്ടുതന്നെ ചിലിയിൽ ഫാസിസ്റ്റ് അട്ടിമറി അരങ്ങേറിയതിന്റെ നാൾവഴി ഓർത്തെടുക്കുന്നത് വളരെ പ്രസക്തമാണ്.
ചിലിയിലെ അട്ടിമറിയുടെ
നാൾ വഴി 1970–73 1970
മാർച്ച് 25: നാഷണൽ സെക്യൂരിറ്റി കൗൺസിൽ ഡയറക്ടറും ചിലിയിൽ അലന്ദെ അധികാരത്തിലെത്തുന്നത് തടയാനുള്ള അമേരിക്കൻ പദ്ധതിയുടെ ചുമതലക്കാരനുമായ ഹെൻറി കിസിങ്ങറുടെ നേതൃത്വത്തിൽ ‘‘40 അംഗ വെെറ്റ് ഹൗസ് കമ്മിറ്റി’’ ചേർന്ന് ഒരു പദ്ധതി ആസൂത്രണം ചെയ്യുന്നു. അലന്ദെ പ്രസിഡന്റായി ചുമതലയേൽക്കുന്നത് തടയണം. അതിനു കഴിഞ്ഞില്ലെങ്കിൽ സെെനിക അട്ടിമറിയിലൂടെ അലന്ദെയെ അധികാരത്തിൽനിന്നും നിഷ്-കാസിതനാക്കുംവരെ ഭരണം അസ്ഥിരപ്പെടുത്തിക്കൊണ്ടിരിക്കണം; അലന്ദെയുടെ പോപ്പുലർ യൂണിറ്റി സംഖ്യത്തെ തകർക്കുന്നതിനുവേണ്ട ചെലവിലേക്കായി 1,25,000 ഡോളർ അനുവദിക്കാനും യോഗം തീരുമാനിച്ചു.
ജൂൺ: കിസിങ്ങർ ‘‘40 അംഗ കമ്മിറ്റി’’യോടു പറയുന്നു: ചിലിയിലെ തിരഞ്ഞെടുപ്പിൽ അലന്ദെ വിജയിക്കുകയാണെങ്കിൽ, ‘‘ഒരു ജനതയുടെ നിരുത്തരവാദിത്തംമൂലം ആ രാജ്യം കമ്യൂണിസത്തിലേക്കു പോകുന്നത് കെെയുംകെട്ടി നോക്കി നിൽക്കാൻ നമുക്കാവില്ല.’’ ചിലിയിൽ അലന്ദെയുടെ വിജയസാധ്യത, ഇന്റർനാഷണൽ ടെലിഫോൺ ആന്റ് ടെലിഗ്രാഫ് (ITT) ഡയറക്ടർ ബോർഡിന്റെ യോഗത്തിൽ ഉയർന്നുവന്നു. സിഐഎയുടെ മുൻഡയറക്ടറും നിലവിൽ സിഐഎ കൺസൾട്ടന്റും ഐടിടിയുടെ ഡയറക്ടർ ബോർഡംഗവുമായിരുന്ന ജോൺ മക്കോണും സിഐഎ ഡയറക്ടർ റിച്ചാർഡ് ഹെൽമ്സും തമ്മിൽ ചിലിയിൽ ഇടപെടുന്നതു സബേന്ധിച്ച നടന്ന സംഭാഷണങ്ങൾ ഇതിനകം പുറത്തുവന്നു.
ചിലിയെ സാമ്പത്തികമായി ഞെരുക്കുന്നത് ആ രാജ്യത്തിന്റെ സമ്പദ്ഘടനയെ നിലവിളിപ്പിക്കും എന്ന് ഹെൽമ്സ് ഈ സംഭാഷണത്തിനിടയിൽ പറയുന്നുണ്ട്.
ജൂൺ 27: അലന്ദെ വിരുദ്ധ പ്രചരണത്തിനായി ‘‘40 അംഗ കമ്മിറ്റി’’ 3 ലക്ഷം ഡോളർ കൂടി അനുവദിക്കുന്നു.
ജൂലെെ 16: സിഐഎയിലെ വില്യം ബ്രോയോട് ഐടിടിയിലെ ഹരോൾഡ് ജെനീനെ ബന്ധപ്പെടാൻ ജോൺ മക്കോൺ നിർദേശിക്കുന്നു. സിഐഎയ്ക്കു ഫണ്ടു നൽകാൻ ഐടിടി തയ്യാറല്ല. എന്നാൽ പിന്നീട് അലന്ദെയുടെ എതിരാളിയായ അലസാന്ദ്രിയുടെ പ്രചരണത്തിന് 3.5 ലക്ഷം ഡോളർ ഒരു ഇടനിലക്കാരനിലൂടെ ഐടിടി നൽകുന്നു.
സെപ്തംബർ 4: പോപ്പുലർ യൂണിറ്റി സ്ഥാനാർഥിയായ അലന്ദെ 36.3% വോട്ടുനേടി വിജയിച്ചു. നാഷണൽ പാർട്ടി സ്ഥാനാർഥി ഹോർഗേ അലസാന്ദ്രിയ്ക്ക് 34.9% വോട്ടും ക്രിസ്ത്യൻ ഡെമോക്രാറ്റിക് സ്ഥാനാർഥി റെഡോമിറോ തോമിക്കിന് 27.8% വോട്ടുമാണ് ലഭിച്ചത്. അന്തിമഫലം നിർണയിക്കുന്നത് ചിലിയിലെ കോൺഗ്രസിൽ ഒക്ടോബർ 24ന് നടക്കുന്ന അലന്ദെയും തൊട്ടടുത്ത എതിരാളി അലസാന്ദ്രിയും തമ്മിലുള്ള മത്സരത്തിലാണ്. സാധാരണഗതിയിൽ ഏറ്റവും കൂടുതൽ ജനകീയ വോട്ടുനേടിയ ആളിനെയായിരിക്കും കോൺഗ്രസ് തിരഞ്ഞെടുക്കുന്നത്.
സെപ്തംബർ 8, 14: ‘‘40 അംഗ കമ്മിറ്റി’’, ഒക്ടോബർ 24ലെ കോൺഗ്രസിൽ നടക്കുന്ന തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്നതിന് അംബാസിഡർ കോറിക്ക് 2,50,000 ഡോളർ അനുവദിച്ചു.
സെപ്തംബർ 9: ഐടിടി സിഇഒ ഹരോൾഡ് ജെനീൻ ജോൺ മക്കോണിനോട് ചിലിയിൽ അലന്ദെയെ തടയാൻ 10 ലക്ഷം ഡോളർ വരെ നൽകാൻ തയ്യാറാണെന്നു പറഞ്ഞു. മക്കോൺ വിവരം വാഷിങ്ടണിൽ കിസിങ്ങറെയും കൂട്ടരെയും അറിയിക്കുന്നു.
സെപ്തംബർ 15: സിഐഎ ഡയറക്ടർ ഹെൽമ്സിന്, എന്തു ചെയ്തും അലന്ദെ അധികാരമേൽക്കുന്നത് തടയണമെന്ന് പ്രസിഡന്റ് നിക്സൻ നിർദേശം നൽകുന്നു.
സെപ്തംബർ 16: വെെറ്റ് ഹൗസിൽ നടന്ന രഹസ്യ പത്രസമ്മേളനം. അലന്ദെ വിജയിക്കുന്നത് ഒഴിവാക്കിയില്ലെങ്കിൽ ലാറ്റിനമേരിക്കയിലെ മറ്റു രാജ്യങ്ങളിലേക്കും ഈ പ്രവണത പടർന്നു പിടിക്കുമെന്ന് കിസിങ്ങൾ താക്കീത് നൽകുന്നു. കിസിങ്ങറുടെ ഒരു സഹായി പിന്നീടുപറഞ്ഞത്, ലാറ്റിനമേരിക്കയിൽ അമേരിക്ക വിരുദ്ധനീക്കത്തിന് ഫലപ്രദമായി നേതൃത്വം നൽകാൻ ഫിദൽ കാസ്ട്രോയെക്കാൾ കൂടുതൽ കഴിയുന്നത് അലന്ദെയ്ക്കായിരിക്കുമെന്ന് കിസിങ്ങർ ചിന്തിച്ചിരുന്നു എന്നും അലന്ദെ ജനാധിപത്യമാർഗത്തിലൂടെയാണ് അധികാരത്തിലെത്തിയതാണ് ഇതിനു കാരണമെന്നുമാണ്.
ഒക്ടോബർ: വെെറ്റ് ഹൗസിൽ നടന്ന ഒരു യോഗത്തെത്തുടർന്ന് ചിലിയിലെ സെെനിക മേധാവികളുമായി സെെന്യത്തിലെ ഗൂഢാലോചനാ സംഘത്തിന് സിഐഎ കണ്ണീർ വാതക ഗ്രനേഡുകളും മൂന്ന് യന്ത്രത്തോക്കുകളും നൽകുന്നു. ചിലിയിൽ അലന്ദെ ഗവൺമെന്റിനെ ബുദ്ധിമുട്ടിലാക്കാൻ അടുത്ത ആറുമാസം ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചുള്ള നിർദേശം ഐടിടി വെെറ്റ് ഹൗസിനു നൽകുന്നു.
ഒക്ടോബർ 9: അലന്ദെയുടെ തിരഞ്ഞെടുപ്പിനെ അംഗീകരിക്കുന്നതിനുള്ള വ്യവസ്ഥകളടങ്ങുന്ന ഭരണഘടനാ ഭേദഗതി കോൺഗ്രസ് പാസാക്കുന്നു.
ഒക്ടോബർ 14 : ചിലിയിലെ അമേരിക്കൻ അംബാസിഡർ കോറിയ്ക്ക് റേഡിയോ സ്റ്റേഷൻ വാങ്ങുന്നതിന് 60,000 ഡോളർ അനുവദിക്കുന്നു. എന്നാൽ ആ പണം ഒരിക്കലും ചെലവഴിക്കുകയുണ്ടായില്ല.
ഒക്ടോബർ 16: സെെനിക അട്ടിമറിയിലൂടെ അലന്ദെയെ പുറത്താക്കണമെന്നതാണ് നയം എന്നു വ്യക്തമാക്കുന്ന രഹസ്യനിർദേശം സാന്തിയാഗോയിലെ സിഐഎ അധികാരിക്ക് വാഷിങ്ടണിലെ ഹെഡ്ക്വാർട്ടേഴ്സിൽ നിന്നും പോകുന്നു.
ഒക്ടോബർ 22: അലന്ദെയ്ക്കെതിരെ സെെനിക അട്ടിമറിക്ക് തയ്യാറാകാത്ത സെെനിക മേധാവി റെനെ ഷ് നെെഡറെ തട്ടിക്കൊണ്ടുപോകാൻ രണ്ടുവട്ടം വലത് തീവ്രവാദി സംഘങ്ങൾ വിഫലശ്രമം നടത്തി. മൂന്നാമത്തെ പരിശ്രമത്തിനിടയിൽ അവർ അദ്ദേഹത്തെ വെടിവച്ചുകൊന്നു.
ഒക്ടോബർ 24: ചിലിയൻ കോൺഗ്രസ് 35നെതിരെ 155 വോട്ടോടെ അലന്ദെയെ പ്രസിഡന്റായി തിരഞ്ഞെടുത്തു.
നവംബർ 3: അലന്ദെ ഔപചാരികമായി അധികാരമേറ്റു.
നവംബർ 12: ക്യൂബയുമായുള്ള നയതന്ത്ര–വാണിജ്യ സാംസ്കാരിക ബന്ധങ്ങൾ പുനഃസ്ഥാപിക്കുന്നതിന് അലന്ദെ തീരുമാനിക്കുന്നു.
നവംബർ 13: ‘‘40 അംഗ കമ്മിറ്റി’’ ക്രിസ്ത്യൻ ഡമോക്രാറ്റിക് സ്ഥാനാർഥികൾക്കായി 25,000 ഡോളർ അനുവദിക്കുന്നു.
നവംബർ 19: ചിലിയിലെ രഹസ്യപ്രവർത്തനത്തിനായി ‘‘40 അംഗ കമ്മിറ്റി’’ 7.25 ലക്ഷം ഡോളർ നീക്കിവയ്ക്കുന്നു.
1971
ജനുവരി 28: പത്രങ്ങളും റേഡിയോ സ്റ്റേഷനുകളും വാങ്ങുന്നതിനും മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് അലന്ദെ വിരുദ്ധ പാർട്ടികൾക്ക് നൽകുന്നതിനും 1,24,000 ഡോളർ ‘‘40 അംഗ കമ്മിറ്റി’’ അംഗീകരിക്കുന്നു.
മാർച്ച് 22: ക്രിസ്ത്യൻ ഡെമോക്രാറ്റിക് പാർട്ടിക്ക് ‘‘40 അംഗ കമ്മിറ്റി’’ 1.85 ലക്ഷം ഡോളർ കൂടി അനുവദിക്കുന്നു.
ഏപ്രിൽ 4: മുനിസിപ്പൽ തിരഞ്ഞെടുപ്പുകളിൽ അലന്ദെയുടെ പോപ്പുലർ യൂണിറ്റി സഖ്യം 49.7 ശതമാനം വോട്ടുനേടി. ചിലിയുടെ ചരിത്രത്തിൽ ഇതാദ്യമായാണ് 18–22 നും ഇടയ്ക്ക് പ്രായമുള്ളവർ വോട്ടുചെയ്യുന്നത്. സിഐഎയുടെ ഫണ്ടുകൊണ്ട് പ്രവർത്തിക്കുന്ന ഹോംലാൻഡ് ആന്റ് ലിബർട്ടി എന്ന ഫാസിസ്റ്റ് ഗ്രൂപ്പ് ചിലിയിലെ വ്യവസായസ്ഥാപനങ്ങൾ അട്ടിമറിക്കുന്ന പ്രവർത്തനം ശക്തിപ്പെടുത്തി.
മെയ് 10: ക്രിസ്ത്യൻ ഡെമോക്രാറ്റിക് പാർട്ടിയുടെ പത്രത്തിന് പ്രസ് വാങ്ങാൻ ‘‘40 അംഗ കമ്മിറ്റി’’ 77,000 ഡോളർ അനുവദിക്കുന്നു.
മെയ് 20: ക്രിസ്ത്യൻ ഡെമോക്രാറ്റിക് പാർട്ടിക്ക് കടം വീട്ടാനായി 1 ലക്ഷം ഡോളറിന്റെ അടിയന്തരസഹായം നൽകാൻ ‘‘40 അംഗ കമ്മറ്റി’’ തീരുമാനിച്ചു.
മെയ് 26: ക്രിസ്ത്യൻ ഡെമോക്രാറ്റിക് പാർട്ടിക്ക് 1.5 ലക്ഷം ഡോള കൂടി സഹായം നൽകുന്നു.
ജൂൺ 30: അമേരിക്കൻ വിദേശകാര്യ വകുപ്പ് ചിലിയൻ സെെന്യത്തിന് ഉപകരണങ്ങൾ വാങ്ങാൻ 50 ലക്ഷം ഡോളർ വായ്പ നൽകുന്നു.
ജൂലെെ 6: ചിലിയിൽ നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ മത്സരിച്ച പ്രതിപക്ഷ സ്ഥാനാർഥികൾക്ക് 1.5 ലക്ഷം ഡോളറിന്റെ സഹായം.
ജൂലെെ 11: ചെമ്പ് വ്യവസായം ദേശസാൽക്കരിക്കുന്നതിനുള്ള നിയമം ചിലിയൻ കോൺഗ്രസ് ഏകകണ്ഠമായി അംഗീകരിച്ചു. ഇരുമ്പയിരും ഉരുക്കും നെെട്രേറ്റുകളും ദേശസാൽക്കരിക്കാനും തീരുമാനിച്ചു.
സെപ്തംബർ: ചിലിയിലെ പ്രധാന വിദേശ കോർപറേഷനുകളായ അനാക്കൊണ്ട കോപ്പർ, ഫോർഡ് മോട്ടോർ കമ്പനി, ഫസ്റ്റ് നാഷണൽ സിറ്റി ബാങ്ക്, ബാങ്ക് ഓഫ് അമേരിക്ക, റാൾസ്റ്റൻ പുരീന, ഐടിടി എന്നിവയുടെ സിഇഒമാർ അമേരിക്കൻ വിദേശകാര്യ സെക്രട്ടറി വില്യം റോജേഴ്സിനെ സന്ദർശിക്കുന്നു. ചിലിയ്ക്കെതിരെ സാമ്പത്തിക ഉപരോധത്തിന് ധാരണ. സാന്തിയാഗോയിലെ അമേരിക്കൻ എംബസിയിൽ ഒരു അട്ടിമറി സംഘത്തെ സിഐഎ നിയോഗിക്കുന്നു. ചിലിയിലെ വലതുപക്ഷ രാഷ്ട്രീയക്കാർക്കും പത്രങ്ങൾക്കും റേഡിയോ സ്റ്റേഷനുകൾക്കും വ്യക്തികൾക്കും നൽകുന്നതിനായി ദശലക്ഷക്കണക്കിന് ഡോളർ നീക്കിവയ്ക്കുന്നു.
സെപ്തംബർ 9: സാന്തിയാഗോയിലെ പ്രധാന പത്രമായ ‘എൽ മെർക്കുറിയൊ’യെ സഹായിക്കാൻ 7 ലക്ഷം ഡോളർ അനുവദിക്കുന്നു.
സെപ്തംബർ 10: അമേരിക്കയുമായും മറ്റ് ലാറ്റിനമേരിക്കൻ രാജ്യങ്ങളുമായും സംയുക്തനാവികാഭ്യാസം നടത്താൻ പ്രസിഡന്റ് അലന്ദെ അംഗീകാരം നൽകുന്നു.
സെപ്തംബർ 29: ചിലിയിലെ അമേരിക്കൻ അംബാസിഡറായി നഥാനിയേൽ ഡേവിസിനെ നിയമിക്കുന്നു. നവംബർ 5: പ്രതിപക്ഷ പാർട്ടികളെ സഹായിക്കാനും പോപ്പുലർ യൂണിറ്റി സഖ്യത്തെ തകർക്കാനുമായി 8.15 ലക്ഷം ഡോളർ അനുവദിച്ചു.
നവംബർ 10 – ഡിസംബർ 4 : ഫിദൽ കാസ്ട്രോയുടെ ചിലി സന്ദർശനം. നവംബർ 30: ലാറ്റിനമേരിക്കൻ സന്ദർശനത്തിനുശേഷം വെെറ്റ് ഹൗസ് ഉദ്യോഗസ്ഥനായ ഹെർബർട്ട് ജിക്ലെയ്ൻ റിപ്പോർട്ടു ചെയ്തത്, തനിക്കു ലഭിച്ച വിവരമനുസരിച്ച് അലന്ദെ സർക്കാർ ഇനി അധികകാലം വാഴില്ല എന്നാണ്.
ഡിസംബർ 1: ക്രിസ്ത്യൻ ഡെമോക്രാറ്റിക് പാർട്ടിയും നാഷണൽ പാർട്ടിയും സംയുക്തമായി ഭക്ഷ്യക്ഷാമത്തിലും കാസ്ട്രോയുടെ സന്ദർശനത്തിലും പ്രതിഷേധിച്ച് സ്ത്രീകളുടെ ‘ഒഴിഞ്ഞ കല’ങ്ങളുമായുള്ള മാർച്ച്.
ഡിസംബർ 15: 1972 ജനുവരിയിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ പ്രതിപക്ഷ സ്ഥാനാർഥികളെ സഹായിക്കാൻ 1,60000 ഡോളർ ‘‘40 അംഗ കമ്മിറ്റി’’ അനുവദിക്കുന്നു.
1972
ജനുവരി 19: പ്രസിഡന്റ് നിക്സൺ ഇറക്കിയ പ്രസ്താവനയിൽ ഇങ്ങനെ മുന്നറിയിപ്പു നൽകി. അമേരിക്കൻ കമ്പനികളുടെ സ്വത്ത് കണ്ടുകെട്ടുന്ന സാഹചര്യമുണ്ടായാൽ മതിയായ നഷ്ടപരിഹാരം ലഭിച്ചില്ലെങ്കിൽ ആ രാജ്യത്തിനുള്ള ഉഭയകക്ഷി ധാരണ പ്രകാരമുള്ള സാമ്പത്തികസഹായം നൽകുന്നതല്ല; ബഹുരാഷ്ട വികസന ബാങ്കുകളുടെ വായ്പാ പിന്തുണ അമേരിക്ക തടഞ്ഞുവയ്ക്കുമെന്നും പ്രസിഡന്റ് നിക്സന്റെ മുന്നറിയിപ്പ്.
ഫെബ്രുവരി 19: ന്യൂയോർക്ക് സുപ്രീംകോടതി ചിലിയൻ ഗവൺമെന്റ് ഏജൻസികളുടെ ന്യൂയോർക്ക് ബാങ്ക് അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യുന്നു.
മാർച്ച് 21–22: 1970ൽ, അലന്ദെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്നത് തടയുകയോ അതിൽ പരാജയപ്പെട്ടാൽ പിന്നീട് അദ്ദേഹത്തെ താഴെയിറക്കുകയോ ചെയ്യുന്നതു സംബന്ധിച്ച് ഐടിടി, സിഐഎയുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായി സിൻഡിക്കേറ്റഡ് കോളമിസ്റ്റായ ജാക്ക് ആൻഡേഴ്സ്ൺ ആരോപണമുന്നയിക്കുന്നു. അലന്ദെയെ താഴെയിറക്കുന്നതിനുള്ള നിക്സൻ ഭരണകൂടത്തിന്റെ സഹായത്തിനുപകരമായി 1972 ൽ നടക്കുന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിക്സന് അനുകൂലമായ പ്രചരണത്തിനായി ആയിരക്കണക്കിനു ഡോളർ നൽകാമെന്ന് ഐടിടി വാഗ്ദാനം നൽകിയതായും ആൻഡേഴ്സൻ വെളിപ്പെടുത്തി.
ഏപ്രിൽ 11: എൽ മെർക്കുറിയോയെ പിന്തുണയ്ക്കുന്നതിനായി 9,65,000 ഡോളർ കൂടി നൽകുന്നതിന് ‘‘40 അംഗ കമ്മിറ്റി’’ അംഗീകാരം നൽകി.
ഏപ്രിൽ 24: പോപ്പുലർ യൂണിറ്റി സഖ്യത്തെ പിളർക്കുന്നതിനായി 50,000 ഡോളർ അനുവദിച്ചു.
മെയ് 12: ചിലിയൻ ടെലിഫോൺ കമ്പനിയിലെ ഐടിടിയുടെ ഓഹരികൾ കണ്ടുകെട്ടണമെന്നാവശ്യപ്പെട്ടുകൊണ്ട് പ്രസിഡന്റ് അലന്ദെ ചിലിയൻ കോൺഗ്രസിൽ ഭരണഘടനാ ഭേദഗതി കൊണ്ടുവന്നു.
ജൂൺ 16: ചിലിയിലെ ഉപതിരഞ്ഞെടുപ്പിൽ പ്രതിപക്ഷ സ്ഥാനാർഥിയെ പിന്തുണയ്ക്കുന്നതിലേക്കായി ‘‘40 അംഗ കമ്മിറ്റി’’ 46,500 ഡോളർ അനുവദിച്ചു.
ജൂലെെ 24: 1970–72 കാലത്ത് അമേരിക്ക, ചിലിയുടെ കടമെടുക്കൽ പരിമിതപ്പെടുത്തുകയും ചിലിയിൽ അക്ഷരാർഥത്തിൽ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുകയും ചെയ്തു. 1973ന്റെ തുടക്കത്തിൽ ചെമ്പുവില കുതിച്ചുയരാൻ തുടങ്ങി. ആ സമയം അമേരിക്കൻ ചെമ്പ് സ്റ്റോക്കുകൾ പുറത്തിറക്കാൻ നിയമനിർമാണം നടത്താൻ പ്രസിഡന്റ് നിക്സൺ അമേരിക്കൻ കോൺഗ്രസിൽ സമ്മർദം ചെലുത്തി.
ആഗസ്ത് 21: തലസ്ഥാനത്ത് കടയുടമകളുടെ ഏകദിന പണിമടുക്കിനെത്തുടർന്ന് അക്രമങ്ങൾ രൂക്ഷമായതുമൂലം അലന്ദെ സാന്തിയാഗോ പ്രവിശ്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
സെപ്തംബർ 21: അലന്ദെ വിരുദ്ധ ബിസിനസുകാരുടെ സംഘടനയ്ക്ക് ‘‘40 അംഗ കമ്മിറ്റി’’ 24,000 ഡോളർ അനുവദിച്ചു.
ഒക്ടോബർ 26: 1973 മാർച്ചിൽ വരാനിരിക്കുന്ന കോൺഗ്രസ് തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടികളെയും സ്വകാര്യമേഖലയിലെ സംഘടനകളെയും പിന്തുണയ്ക്കുന്നതിനായി ‘‘40 അംഗ കമ്മിറ്റി’’ 14,27,666 ഡോളർ അനുവദിച്ചു.
നവംബർ 4: പോപ്പുലർ യൂണിറ്റി ഗവൺമെന്റിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ചു നടത്തിയ പ്രസംഗത്തിൽ, ‘ഫാസിസ്റ്റ് ഭീഷണിയുടെ നിർണായക പരാജയത്തിന്റെ തുടക്കമായി’ എന്ന് അലന്ദെ ധീരതയോടെ പ്രഖ്യാപിക്കുന്നു.
ഡിസംബർ 8: ചിലിയൻ സായുധസേനയ്ക്ക് C-–130 എയർഫോഴ്സ് വാഹനവും മറ്റ് ഉപകരണങ്ങൾ, സാധ്യമെങ്കിൽ ടാങ്കുകൾ, കവചിത വാഹനങ്ങൾ, ട്രക്കുകൾ എന്നിവ വാങ്ങുന്നതിനായി ഒരു കോടി ഡോളർ കടമായി നൽകാൻ 1972 മെയ് മാസത്തിൽ അംഗീകാരം നൽകിയതായി അമേരിക്ക പ്രഖ്യാപിക്കുന്നു.
1973
ജനുവരി: നാണയപ്പെരുപ്പം 100 ശതമാനമായി.
ഫെബ്രുവരി 12: പ്രതിനിധി സഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടികളെ പിന്തുണയ്ക്കുന്നതിനായി ‘‘40 അംഗ കമ്മിറ്റി’’ 2 ലക്ഷം ഡോളർ അനുവദിച്ചു.
മാർച്ച് 4: പ്രതിനിധി സഭാ തിരഞ്ഞെടുപ്പിൽ അലന്ദെയുടെ പോപ്പുലർ യൂണിറ്റി സഖ്യം 43.4 ശതമാനം വോട്ടുനേടി. 1970ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നേടിയതിനെക്കാൾ 7 ശതമാനത്തിന്റെ വർധന.
മെയ് 10: എൽ ടെനിയന്റേ ചെമ്പ് ഖനിയിൽ മൂന്നാഴ്ച നീണ്ട സമരത്തെത്തുടർന്ന് ആ പ്രദേശത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നു. മുൻകൂട്ടി തീരുമാനിച്ചുറച്ച സമരത്തിൽ എക്സിക്യൂട്ടീവുകളും മാനേജ‍്മെന്റ് സ്റ്റാഫുകളുമാണ് പങ്കെടുത്തത്.
ജൂൺ 5: ഖനികളിൽ പണിമുടക്ക് തുടരുന്നതിനാൽ ചെമ്പ് കയറ്റുമതി ചിലി താൽക്കാലികമായി നിർത്തിവച്ചു.
ജൂൺ 15: ചെമ്പുഖനികളിലെ പണിമുടക്കുകാരെ അലന്ദെ കാണുന്നു. അവിദഗ്ധതൊഴിലാളികളിൽ ഭൂരിപക്ഷവും അദ്ദേഹത്തിന്റെ നിർദേശം സ്വീകരിച്ച് പണിമുടക്ക് അവസാനിപ്പിക്കുന്നു.
ജൂൺ 20: ഖനി സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് അലന്ദെ കെെകാര്യം ചെയ്ത രീതിയിൽ പ്രതിഷേധിച്ച് ആയിരക്കണക്കിന് ഡോക്ടർമാരും അധ്യാപകരും വിദ്യാർഥികളും സമരമാരംഭിച്ചു. തൊഴിലാളികളുടെ കോൺഫെഡറേഷൻ (CUT) ഗവൺമെന്റിനെ പിന്തുണച്ചുകൊണ്ട് തൊട്ടടുത്ത ദിവസം പൊതുപണിമുടക്കിന് ആഹ്വാനം നൽകി.
ജൂൺ 21: സിയുടിയുടെ നേതൃത്വത്തിൽനടന്ന വമ്പിച്ച, ഗവൺമെന്റനുകൂല പണിമുടക്കിനിടെ ഗവൺമെന്റിനു കൂലികളും സർക്കാർ വിരുദ്ധരും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടൽ നടക്കുന്നു. വെടിവെപ്പും ബോംബിങ്ങും ആക്രമണവും ഗവൺമെന്റു വിരുദ്ധരുടെ ഭാഗത്തുനിന്നുമുണ്ടായി.
ജൂൺ 28: സർക്കാരിനും കമാൻഡിങ് ഓഫീസർമാർക്കുമെതിരെ ‘‘ബാരക്കുകൾക്കുള്ളിൽ നടന്ന കലാപ’’ത്തെ സെെന്യം അടിച്ചമർത്തുന്നു.
ജൂൺ 29: കലാപകാരികളായ പീരങ്കിപ്പടയാളികളും മറ്റ് കുറേ സെെനികരും സാന്തിയാഗോവിലെ പ്രാന്തപ്രദേശത്തിന്റെ നിയന്ത്രണം പിടച്ചടക്കി. അവർ പ്രതിരോധ മന്ത്രാലയവും പ്രസിഡന്റിന്റെ മന്ദിരവും ആക്രമിച്ചു. എന്നാൽ പെട്ടെന്നു തന്നെ ഗവൺമെന്റുനുകൂല സെെന്യം എത്തി അവരെ കീഴടക്കി. 42 വർഷത്തിനിടയിൽ ചിലിയിൽ തിരഞ്ഞെടുക്കപ്പെട്ട ഒരു ഗവൺമെന്റിനെ അട്ടിമറിക്കാനുളള ആദ്യത്തെ സെെനികനീക്കമായിരുന്നു ഇത്.
ജൂലെെ 2: ചെമ്പ് ഖനിത്തൊഴിലാളികൾ 76 ദിവസം നീണ്ട പണിമുടക്ക് അവസാനിപ്പിക്കുന്നു. ഈ പണിമുടക്കു മൂലം ഗവൺമെന്റിന് 6 കോടിയോളം ഡോളറാണ് നഷ്ടമായത്. രാജ്യത്തിന്റെ സമ്പദ്ഘടനയെയും ഇത് ബാധിച്ചു.
ജൂലെെ 26: ചിലിയിലുടനീളമുള്ള ട്രക്കുടമകൾ പണിമുടക്കുന്നു. സിഐഎയുടെ സാമ്പത്തിക സഹായത്തോടെയാണിത് നടന്നത്.
ആഗസ്ത്: തങ്ങൾ പട്ടാള അട്ടിമറിയെ അനുകൂലിക്കുന്നതായി ക്രിസ്ത്യൻ ഡെമോക്രാറ്റുകൾ സൂചിപ്പിക്കുന്നു.
ആഗസ്ത് 2: ഒരു ലക്ഷത്തിലേറെ ബസുകളുടെയും ടാക്സികളുടെയും ഉടമകൾ പണിമുടക്കുന്നു.
ആഗസ്ത് 7: വാൽപറൈവ്സോവിൽ സെെനികരുടെ കലാപത്തെ നാവികസേന അടിച്ചമർത്തുന്നു. ആഗസ്ത് 8: മൂന്ന് സായുധസേനാ വിഭാഗങ്ങളുടെ മേധാവിമാരെയും സുരക്ഷാസേനാ മേധാവിയെയും ഉൾപ്പെടുത്തി അലന്ദെ കാബിനറ്റ് പുനഃസംഘടിപ്പിക്കുന്നു.
ആഗസ്ത് 20: പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളെയും സ്വകാര്യ സംഘടനകളെയും സഹായിക്കാൻ ‘‘40 അംഗ കമ്മിറ്റി’’ 1 ലക്ഷം കോടി ഡോളർ അനുവദിക്കുന്നു.
ആഗസ്ത് 23: ജനറൽ കാർലോസ് പ്രാറ്റ്സ് പ്രതിരോധ മന്ത്രി സ്ഥാനവും സെെനിക കമാൻഡർ സ്ഥാനവും രാജിവയ്ക്കുന്നു. ജനറൽ അഗസ്തോ പിനോഷെ സെെനിക മേധാവിയായി സ്ഥാനമേൽക്കുന്നു.
ആഗസ്ത് 27: ചിലിയിലെ കടയുടമകൾ വീണ്ടും സർക്കാർ വിശുദ്ധ പണിമുടക്കിലേക്ക്.
സെപ്തംബർ 4: 7.5 ലക്ഷത്തിലധികം സർക്കാരനുകൂലികൾ അലന്ദെ സർക്കാരിന്റെ 3–ാം വാർഷികം ആഘോഷിക്കാൻ സാന്തിയാഗോയിൽ മാർച്ച് നടത്തി. സർക്കാരിനെ തങ്ങൾ സംരക്ഷിക്കുമെന്ന് അവർ ഉറക്കെ പ്രഖ്യാപിച്ചു. ജാഗ്രത പാലിക്കാൻ ജനങ്ങളോട് അലന്ദെ ഒരു റേഡിയോ പ്രഭാഷണത്തിൽ ആവശ്യപ്പെടുന്നു.
സെപ്തംബർ 8: വേ-്യാമസേനയും ഇടതുപക്ഷക്കാരായ ഫാക്ടറി തൊഴിലാളികളും തമ്മിൽ നടന്ന ഏറ്റുമുട്ടലിനെക്കുറിച്ച് ഗതാഗത വകുപ്പിന്റെ മുൻ അണ്ടർ സെക്രട്ടറിയുടെ പ്രതികരണം സെെന്യം തൊഴിലാളികളെ പ്രകോപിപ്പിക്കുകയാണ് എന്നായിരുന്നു.
സെപ്തംബർ 11: ചിലിയൻ സെെന്യം ഗവൺമെന്റിനെ അട്ടിമറിക്കുന്നു. പ്രസിഡന്റിന്റെ മന്ദിരത്തെ പീരങ്കികളും കവചിത വാഹനങ്ങളും കാലാൾപ്പടയും വളയുകയും ബോംബർ വിമാനങ്ങൾ മന്ദിരത്തിനു മുകളിൽ വട്ടമിട്ടുപറന്നുകൊണ്ട് അലന്ദെയോട് രാജിവയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നു. അലന്ദെ വിസമ്മതിച്ചു. അലന്ദെയെ അവർ വെടിവച്ചുകൊന്നു. അടുത്ത ദിവസം ആയിരക്കണക്കിന് ചിലിയൻ ജനത കൊല്ലപ്പെടുകയോ ‘‘അപ്രത്യക്ഷ’’ രാവുകയോ ചെയ്തു. രാജ്യത്തിന്റെ നിയന്ത്രണം പൂർണമായും സെെന്യത്തിന്റെ കയ്യിൽ.
സെപ്തംബർ 13: സെെനിക മേധാവി അഗ്സ്തോ പിനോഷെ പ്രസിഡന്റായി നിലവിൽവന്ന പുതിയ സെെനിക ഗവൺമെന്റ് കോൺഗ്രസ്സും മറ്റെല്ലാ ജനാധിപത്യസ്ഥാപനങ്ങളും പിരിച്ചുവിട്ടു. അലന്ദെ നടപ്പാക്കിയ ജനക്ഷേമ പരിപാടികൾ പിനോഷെ ഉപേക്ഷിക്കുന്നു. തിരഞ്ഞെടുപ്പുകൾ റദ്ദു ചെയ്യുന്നു. പണിമുടക്കുകളെയും തൊഴിലാളി സംഘടനകളെയും നിയമവിരുദ്ധമായി പ്രഖ്യാപിക്കുന്നു; സെൻസർഷിപ്പ് നടപ്പാക്കുന്നു; സർവകലാശാലാ ഡിപ്പാർട്ട്മെന്റുകൾ അടച്ചുപൂട്ടുന്നു; രാഷ്ട്രീയപാർട്ടികളെ നിരോധിക്കുന്നു.
ഒക്ടോബർ 15 : അലന്ദെ വിരുദ്ധ റേഡിയോ സ്റ്റേഷനും സെെനിക ഭരണത്തിന്റെ വക്താവിനുള്ള യാത്രാച്ചെലവിനുമായി ‘‘40 അംഗ കമ്മിറ്റി’’ 34,000 ഡോളർ അനുവദിക്കുന്നു. ♦