Saturday, May 18, 2024

ad

Homeമുഖപ്രസംഗംരാജ്യത്തിന്റെ ഐക്യം തകർക്കാനുള്ള നീക്കം

രാജ്യത്തിന്റെ ഐക്യം തകർക്കാനുള്ള നീക്കം

പ്രത്യക്ഷത്തിൽ നിരർഥകമായ ഒരു ആവശ്യമാണ് ബിജെപിയും മോദി സർക്കാരും ഉന്നയിക്കുന്നത്, ഇന്ത്യ എന്നതിനുപകരം ഭാരത് എന്നാക്കണം രാജ്യത്തിന്റെ പേര് എന്ന നിർദ്ദേശത്തിലൂടെ. ഇന്ത്യയും ഭാരതവും ഒന്നാണെന്നു നമ്മുടെ ഭരണഘടനയുടെ ഒന്നാം അനുച്ഛേദം പറയുന്നു, ‘‘സ്റ്റേറ്റുകളുടെ യൂണിയനായ ഇന്ത്യ അതായത് ഭാരത് ആണ് നമ്മുടെ രാജ്യം’’ എന്ന വാചകത്തിലൂടെ. രാജ്യത്തിനകത്തും പുറത്തും നൂറ്റാണ്ടുകളായി അറിയപ്പെടുന്നത് ഇന്ത്യ എന്ന പേരിലാണ്. ഭാരതം എന്ന പേര് ഇതിഹാസങ്ങളിലും പുരാണങ്ങളിലും കെട്ടുകഥകളിലുമാണ് പ്രധാനമായി പ്രയോഗിക്കപ്പെട്ടു വന്നത്. രാഷ്ട്രീയവും ഭരണപരവുമായ മണ്ഡലങ്ങളിലല്ല. അപ്പോൾ രാജ്യത്തെ ഭാരതം എന്നുതന്നെ വിളിക്കണം എന്നു ബിജെപി വാശിപിടിക്കുന്നത് എന്തിനാണ്? രാജ്യത്തെ, അതിലെ ജനങ്ങളെ എല്ലാം വേറൊന്നാക്കി മാറ്റാൻ.

ഇന്നറിയപ്പെടുന്ന രൂപത്തിൽ രാജ്യം ഒരിക്കലും ഒരു ഭരണാധികാരിയുടെ കീഴിലായിരുന്നിട്ടില്ല, അതിലെ ജനങ്ങൾ ഒരേ മതക്കാരുമായിരുന്നിട്ടില്ല. ക്രിസ്തു, ഇസ്ലാം മതങ്ങൾ ഇന്ത്യയിലേക്ക് എത്തുന്നതിനുമുമ്പ് ഇവിടെ ചാർവാക, ബുദ്ധ, ജൈന മതങ്ങൾ ഏറെക്കാലം ഉണ്ടായിരുന്നു. അശോകൻ ഉൾപ്പെടെ പല ചക്രവർത്തിമാരും രാജാക്കന്മാരും അത്തരം മതാനുയായികളാവുകയും അവ പ്രചരിപ്പിക്കുകയും ചെയ്തവരാണ്. ആ മതങ്ങളൊക്കെ സഹവർത്തിച്ച രാജ്യമാണ് ഇന്ത്യ. ഡച്ചുകാരും പോർച്ചുഗീസുകാരും ഇംഗ്ലീഷുകാരും ഫ്രഞ്ചുകാരും മറ്റും ഇന്ത്യയുടെ പല ഭാഗങ്ങളിലും കച്ചവടത്തിനായി വരികയും ഇവിടെയുള്ള ഭരണാധികാരികളെ തമ്മിൽത്തല്ലിച്ച് അധികാരത്തിൽ എത്തുകയും ചെയ്തപ്പോഴും അവർക്ക് ക്രിസ്തുമതം ജനങ്ങളുടെയെല്ലാം മേൽ അടിച്ചേൽപ്പിക്കാൻ, ചില ആഫ്രിക്കൻ, ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ കഴിഞ്ഞതുപോലെ, ഇന്ത്യയിൽ കഴിഞ്ഞിരുന്നില്ല. അത്തരത്തിലുള്ള മതനിരപേക്ഷ പാരമ്പര്യം ഇവിടത്തെ സാമൂഹ്യ – രാഷ്ട്രീയ മണ്ഡലങ്ങളിൽ ശക്തമായി നിലനിന്നിരുന്നതാണ് കാരണം.

ആ പാരമ്പര്യത്തെ ഉയർത്തിപ്പിടിക്കുകയാണ് സ്വാതന്ത്ര്യസമര പ്രസ്ഥാനം ഇവിടെ ചെയ്തത്. ഒരുഭാഗത്ത് മഹാത്മാഗാന്ധിയുടെയും മറുഭാഗത്ത് കമ്യൂണിസ്റ്റ് പാർട്ടിയുടെയും നേതൃത്വത്തിൽ ഇവിടെ സ്വാതന്ത്ര്യ സമര പ്രസ്ഥാനം മതനിരപേക്ഷയുമായാണ് വളർന്നുവന്നത്. അതിനെ മതത്തിന്റെ തൊഴുത്തിൽ പിടിച്ചുകെട്ടാൻ ഒരു വശത്ത് ഹിന്ദുമഹാസഭയും ആർഎസ്എസും മറുഭാഗത്ത് മുസ്ലിം ലീഗും ശ്രമിച്ചിരുന്നു. അവയെ പരാജയപ്പെടുത്തിക്കൊണ്ടാണ് ഇവിടെ സ്വാതന്ത്ര്യസമര പ്രസ്ഥാനം മതനിരപേക്ഷമായി വളർന്നുവന്നത്. ബ്രിട്ടീഷ് സാമ്രാജ്യത്വം ഇന്ത്യയെ ദുർബലപ്പെടുത്താനാണ് പ്രത്യേക ഇസ്ലാമിക രാഷ്ട്രം എന്ന ലീഗിന്റെ ആവശ്യം അംഗീകരിച്ച് അവിഭക്ത ഇന്ത്യയെ ഇന്ത്യയും പാകിസ്ഥാനുമായി വിഭജിച്ചത്.

പാകിസ്ഥാൻ വേറിട്ടുപോയിട്ടും ഇന്ത്യയിൽ മുസ്ലീങ്ങളും ക്രിസ്ത്യാനികളും പാഴ്സികളും ബുദ്ധ – ജൈനമതക്കാരും മറ്റുമായി കോടിക്കണക്കിനു അഹിന്ദുക്കൾ പൗരരായുണ്ട്. ഏതാണ്ട് എട്ടു കോടിയോളം വരുന്ന ആദിവാസികൾ ഹിന്ദുക്കളാണ് തങ്ങൾ എന്നു അവകാശപ്പെടുന്നില്ല. അങ്ങനെ തങ്ങളെ വർഗീകരിക്കുന്നതിനോട് അവർ യോജിക്കുന്നുമില്ല. ഇപ്പോൾ വിവാദ വിഷയമായിട്ടുള്ള സനാതന മത കാഴ്ചപ്പാട് അനുസരിച്ച് അവരെ കാണുന്നതുപോലും ഉന്നതകുലജാതരായ ഹിന്ദുക്കൾക്ക് വർജ്യമാണ്. രാജ്യം മതനിരപേക്ഷമാണെന്നും അയിത്തം ഉൾപ്പെടെയുള്ള പഴയ ആചാരങ്ങൾ കാലഹരണപ്പെട്ടിരിക്കുന്നു എന്നും അവ ആചരിക്കുന്നത് ശിക്ഷാർഹമാണെന്നും സ്വാതന്ത്ര്യാനന്തര ഭരണഘടന വിളംബരം ചെയ്തു. അവരെയും ദളിതരെയും അയിത്തം ആചരിച്ച് അകറ്റി നിർത്തപ്പെട്ടിരുന്ന മറ്റൊരു വിഭാഗമായ മറ്റു പിന്നാക്ക വിഭാഗങ്ങളെയും മാറ്റിനിർത്തിയാൽ ഹിന്ദുക്കളിൽ അവശേഷിക്കുക ഏതാനും കോടികൾ മാത്രം വരുന്ന സവർണരായിരിക്കും.

ഹിന്ദുമതത്തിൽ പരിഷ്കരണം വരുത്താനും ഹിന്ദുക്കളെ ഉദ്ധരിക്കാനുമായി ദയാനന്ദ സരസ്വതിയുടെയും വിവേകാനന്ദന്റെയും മറ്റും കാലംമുതൽ ഒരു നൂറ്റാണ്ടിലേറെ കാലമായി കൊണ്ടുപിടിച്ച ശ്രമങ്ങൾ നടന്നിരുന്നു. എന്നിട്ടും അയിത്തം എന്ന ഏറ്റവും പ്രാകൃതമായ ആചാരം പോലും നിലനിന്നു. അതുകൊണ്ടാണ് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ അയിത്താചരണം ശിക്ഷാർഹമായ കുറ്റമാണെന്ന നിയമവ്യവസ്ഥ പാർലമെന്റിനു പാസാക്കേണ്ടി വന്നത്. ആർഎസ്എസും ബിജെപിയും ഇന്ത്യയെ ഭാരതം എന്ന പേരിൽ ഹിന്ദുരാഷ്ട്രമാക്കി മാറ്റുമെന്ന് പ്രഖ്യാപിക്കുന്നത് ഹിന്ദുക്കൾക്കിടയിൽ സമത്വവും സാഹോദര്യവും ഏർപ്പെടുത്താനല്ല. പിന്നെയോ അവർക്കിടയിൽ മനുസ്-മൃതിയും ചതുർവർണ്യവും പഴയ പടി നടപ്പാക്കുന്നതിനാണ്. അസമത്വം തുടരാനാണ്. അതുകൊണ്ട് സാമ്പ്രദായിക ഹിന്ദുക്കളിലെ മഹാഭൂരിപക്ഷം വരുന്നവരും ഇതേ വരെ അടിച്ചമർത്തപ്പെട്ടിരുന്നവരുമായ വിഭാഗങ്ങൾ വീണ്ടും ജാതി അടിമത്തത്തിനു വിധേയരാകുകയായിരിക്കും. കഴിഞ്ഞ എത്രയോ നൂറ്റാണ്ടുകളായി അടിച്ചമർത്തപ്പെട്ടിരുന്ന പിന്നാക്ക ഹിന്ദുക്കളെ ഉദ്ധരിക്കുന്നതിന് ആർഎസ്എസിനും ബിജെപിക്കും ഒരു പരിപാടിയും ഇല്ല എന്നാണല്ലൊ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ അനുഭവം. മാത്രമല്ല, അവരോടും അഹിന്ദുക്കളോടും വിവേചനപരമായി എല്ലാ കാര്യങ്ങളിലും പെരുമാറുന്നത് ആ സംസ്ഥാനങ്ങളിലെ ബിജെപി സർക്കാരുകളുടെ സ്ഥിരം പരിപാടിയായിട്ടുണ്ട്. യോഗി ആദിത്യനാഥിന്റെയും മറ്റും നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരുകൾ അതാണല്ലൊ തുടർച്ചയായി ചെയ്തുകൊണ്ടിരിക്കുന്നത്.

2047 ആകുമ്പോഴേക്ക് ഇന്ത്യയെ സാമ്പത്തികമായും മറ്റും ലോകരാജ്യങ്ങൾക്കിടയിൽ ഉയർത്തുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി മോദി ഇടയ്ക്കിടെ പറഞ്ഞുകൊണ്ടിരിക്കുന്നുണ്ട്. 1947ൽ ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോൾ ജനങ്ങൾ നേരിട്ടുകൊണ്ടിരുന്ന പ്രധാന പ്രശ്നം ദാരിദ്ര്യത്തിനും നിരക്ഷരതയ്ക്കും അനാരോഗ്യത്തിനും പുറമെ സാമൂഹ്യമായ ഉച്ചനീചത്വമായിരുന്നു. അതിന് ആസ്പദമായ വിവേചനങ്ങളുടെ ഒരു പ്രധാന ഉറവിടം ജനങ്ങൾക്കിടയിൽ സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവും വിവിധ ജനവിഭാഗങ്ങൾ തമ്മിൽ ഐക്യവും ഭദ്രതയും ഇല്ലാതിരുന്നതാണ്. ഇന്ത്യയിലെ മുപ്പതു കോടിയോളം വരുന്ന അഹിന്ദുക്കളെയും അതിന്റെ ഇരട്ടിയോളം വരുന്ന പിന്നാക്ക ഹിന്ദുക്കളെയും കൂടെ നിർത്തിക്കൊണ്ടും മറ്റുള്ളവർക്കൊപ്പം അവരുടെയും സമഗ്ര പുരോഗതി ഉറപ്പുവരുത്തിക്കൊണ്ടുമല്ലാതെ, രാജ്യത്തിനും സമഗ്രമായ പുരോഗതി കെെവരിക്കാനാവില്ല.

സർക്കാർ, ഭരണവ്യവസ്ഥ മതനിരപേക്ഷമാകേണ്ടത് എല്ലാ വിഭാഗം ജനങ്ങളെയും തുല്യരായി കണ്ടുകൊണ്ടും അവരുടെയെല്ലാം പുരോഗതി ഒരുപോലെ ഉറപ്പുവരുത്തിക്കൊണ്ടുമാണ്. ഇത് ചെയ്യണമെങ്കിൽ ഭരണാധികാരികളും ഭരണവ്യവസ്ഥയും ഒരു പ്രത്യേക മതത്തിന്റെ പക്ഷം പിടിക്കുന്നവർ ആകാതിരിക്കണം. ആധുനിക ഭരണസങ്കൽപ്പത്തിൽ മതനിരപേക്ഷത ഒഴിവാക്കാനാത്തത് അതുകൊണ്ടാണ്. ഭരണകൂടത്തിനു മതപരമായ പക്ഷപാതം ഉണ്ടായിക്കൂട എന്നതുകൊണ്ടാണ്, സാമ്രാജ്യത്വാനന്തര കാലത്ത് ഭരണകൂടം മതനിരപേക്ഷമായിരിക്കുന്നതാണ് അഭിലഷണീയം എന്ന കാഴ്ചപ്പാട് പൊതുവിൽ ഉയർന്നുവന്നത്. അതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് സ്വാതന്ത്ര്യം നേടിയപ്പോൾ ഇന്ത്യ മതനിരപേക്ഷത മുറുകെ പിടിച്ചത്.

ആർഎസ്എസും അതിന്റെ രാഷ്ട്രീയ മുഖമായ ബിജെപിയും നമ്മുടെ സമൂഹത്തെ മതനിരപേക്ഷമായി മുന്നോട്ടുകൊണ്ടു പോകാനല്ല ശ്രമിക്കുന്നത്. ഇന്ത്യയെ മതരാഷ്ട്രമാക്കണമെന്ന് 1947ൽ തന്നെ ആർഎസ്എസ് ആവശ്യപ്പെട്ടിരുന്നു. അത് അംഗീകരിക്കപ്പെട്ടില്ല. അതുകൊണ്ടാണ് സ്വാതന്ത്ര്യലബ്ധിയെത്തുടർന്ന് ഭരണഘടന അംഗീകരിക്കുന്ന വേളയിൽ രാജ്യത്തിന്റെ പേരായി പല തലങ്ങളിലും ഉപയോഗിക്കപ്പെട്ടിരുന്ന ഇന്ത്യയും ഭാരതവും നിലനിർത്തപ്പെട്ടത്. ആ സ്ഥിതി വിശേഷത്തെ വെല്ലുവിളിച്ചുകൊണ്ടാണ് രാജ്യത്തിന്റെ പേരുമാറ്റാൻ മോദി സർക്കാരിന്റെ നീക്കം. ഭരണഘടനയുടെ കാതൽ തന്നെ തകർക്കാൻ മോദിസർക്കാർ ശ്രമിക്കുകയാണ് എന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. അത് രാജ്യത്തിന്റെ ഐക്യവും ഭദ്രതയും ഇല്ലാതാക്കുന്ന സമീപനമാണ്. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

5 × 3 =

Most Popular