അമേരിക്കയുടെ അധ്വാനരംഗത്ത് എന്താണ് സാധ്യമായത് എന്നതിനെ സംബന്ധിച്ച് പുനർനിർവചനം നൽകുവാനുള്ള തയ്യാറെടുപ്പിലാണ് ഒരു ലക്ഷത്തോളം വരുന്ന മെക്കാനിക്ക് തൊഴിലാളികൾ. അമേരിക്കയുടെ 3 വമ്പൻ കാർ നിർമ്മാണ കമ്പനികളായ ഫോർഡ്, ജനറൽ മോട്ടോഴ്സ്, സ്റ്റലാന്റിസ് എന്നിവിടങ്ങളിൽ തൊഴിലെടുക്കുന്ന ഒരു ലക്ഷത്തിലധികം തൊഴിലാളികളാണ് തങ്ങളുടെ തൊഴിൽ രംഗത്ത് പുതിയ കരാറിൽ തൊഴിലാളികൾക്ക് അനുകൂലമായി എന്തൊക്കെ കൊണ്ടുവരാൻ കഴിയും എന്നതിനെ സംബന്ധിച്ച് പുനർനിർവചനം നടത്തുവാൻവേണ്ടി തയ്യാറെടുക്കുന്നത്. വോട്ടിങ്ങും നടത്തുകയുണ്ടായി. കൂടുതൽ ശക്തമായ സംഘടിതശേഷിയും സമരോസുകതയും നിറഞ്ഞ പുതുക്കിപണിയപ്പെട്ട യുണൈറ്റഡ് ആട്ടോ വർക്കേഴ്സ് (യുഎഡബ്ല്യു) എന്ന യൂണിയൻറെ നേതൃത്വത്തിലാണ് പുതിയ തൊഴിലാളി മുന്നേറ്റം നടക്കുന്നത്. ഇതുവരെ നിലനിന്നിരുന്ന കരാറിന്റെ കാലാവധി അവസാനിക്കുമ്പോൾ ഈ മൂന്ന് വമ്പൻ വാഹന നിർമ്മാണ ഫാക്ടറികളിൽ പണിയെടുക്കുന്ന ഒരു ലക്ഷത്തി നാല്പത്തിനാലായിരത്തോളം വരുന്ന തൊഴിലാളികളെയാകെ ഉൾക്കൊള്ളുന്ന കരാർ പ്രാബല്യത്തിൽ വരുത്തുവാനുള്ള ശ്രമത്തിലാണ് യുണൈറ്റഡ് ഓട്ടോ വർക്കേഴ്സ് യൂണിയന്റെ നേതൃത്വം.
ഈ വർഷം മാർച്ചിൽ യുണൈറ്റഡ് ഓട്ടോ വർക്കേഴ്സിന്‍റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഷോൺ ഫെയ്ൻ ആണ് ചുരുങ്ങിയ കാലയളവുകൊണ്ട് അഭൂതപൂർവ്വമായ സമരോത്സുകതയോടു കൂടി പ്രസ്ഥാനത്തെ അവകാശങ്ങൾക്ക് വേണ്ടി പോരാടാൻ പ്രാപ്തമാക്കിയത്. ആഴ്ചയിൽ 32 മണിക്കൂർ തൊഴിൽ, നാണയപ്പരുപ്പത്തിന് ഒത്തുനിൽക്കുന്ന രീതിയിൽ ശമ്പള വർദ്ധനവ് തുടങ്ങിയ ന്യായമായ ഡിമാൻഡുകൾ മുന്നോട്ടുവച്ചുകൊണ്ട് തൊഴിലാളികളെയാകെ ഉൾക്കൊള്ളുന്ന ഒരു പുതിയ കരാറിനുവേണ്ടി പോരാടുവാൻ അദ്ദേഹം ആട്ടോ വർക്കേഴ്സ് യൂണിയൻ അംഗങ്ങളെ ഒന്നിച്ചണിനിരത്തി. സമീപകാലങ്ങളിൽ തുടർച്ചയായി കണ്ടുവന്ന ഒത്തുതീർപ്പ് കരാറുകളിൽനിന്നും അവസാന നിമിഷത്തിൽ പിന്നോട്ടുവലിയുന്ന സ്വഭാവത്തിൽനിന്നും യൂണിയനെ മാറ്റി നിർത്തുവാൻ ആണ് അദ്ദേഹം ശ്രമിക്കുന്നത്. ഉദാഹരണത്തിന്, 2008ലെ മാന്ദ്യത്തിന്റെ കാലത്ത് യു എ ഡബ്ലൂ നേതൃത്വം നാണയപ്പെരുപ്പത്തിനനുസൃതമായി ശമ്പള വർദ്ധനവ് നിശ്ചയിച്ചിരുന്ന കോള (Cost of living adjustment) ഉപേക്ഷിക്കുവാൻ തയ്യാറായി. 1946 ലെ വമ്പിച്ച ജനറൽ മോട്ടോഴ്സ് തൊഴിലാളികളുടെ കുത്തിയിരിപ്പ് സമരത്തെ തുടർന്ന് നേടിയെടുത്ത ചരിത്രപരമായ ഒരു ഡിമാൻഡ് ആയിരുന്നു കോള. ഇത്തരത്തിലുള്ള വിട്ടുവീഴ്ചകളോ ഒത്തുതീർപ്പുകളോ ഇല്ലാതെ തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങൾ നിർബന്ധമായും പരിഗണിക്കുന്ന രീതിയിൽ കരാറുകൾ രൂപപ്പെടുത്തുവാനാണ് യുണൈറ്റഡ് ഓട്ടോ വർക്കേഴ്സും അതിന്റെ നേതൃനിരയിലുള്ള ഷോൺ ഫെയ്നും നിശ്ചയിച്ചിരിക്കുന്നത്. കുത്തക മുതലാളിത്ത രാജ്യമായ അമേരിക്കയിൽ ഈ പുതിയ തൊഴിലാളി മുന്നേറ്റം പുതിയ രീതിയിൽ കോളിളക്കങ്ങൾ സൃഷ്ടിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു. ♦