കഴിഞ്ഞ 30 വർഷക്കാലത്തോളം കാർഷികരംഗത്ത് സജീവമായി ഇടപെടുകയും ഏതാണ്ട് ഒരേക്കറോളം സ്ഥലത്ത് കൃഷി ചെയ്യുകയും, ഒട്ടനവധി സന്നദ്ധ സംഘടനകളുമായി ചേർന്ന് പ്രവർത്തിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയാണ് ഞാൻ.
വീടിനോട് ചേർന്ന് ഒരു ഏക്കറോളം സ്ഥലത്ത് വ്യത്യസ്ത രീതിയിലുള്ള കൃഷികൾ ചെയ്യുന്നുണ്ട്. 2012ൽ കൃഷിവകുപ്പിന്റെ സഹായത്തോടെ 200 സ്ക്വയർ മീറ്റർ സംരക്ഷിത കൃഷി (പോളി ഹൗസ്) കഴിഞ്ഞ ഏഴു വർഷത്തോളം മുടങ്ങാതെ നല്ല രീതിയിൽ പച്ചക്കറി വിളവ് ഉല്പാദിപ്പിച്ച് വിപണനം ചെയ്യാനും കഴിഞ്ഞിട്ടുണ്ട്. 20 സെന്റോളം സ്ഥലത്ത് ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്താലുള്ള സൂക്ഷ്മത കൃഷി പ്രെസിഷൻ ഫാമിംഗ് ട്രിപ്പ് ഇറിഗേഷൻ, ഫെർട്ടിഗേഷൻ, മൾച്ചിങ്) യിൽ കുക്കുമ്പർ, തക്കാളി, മുളക്, വെണ്ട, തണ്ണിമത്തൻ, പൊട്ടു വെള്ളരി എന്നിവയെല്ലാം കാലത്തിനും കാലാവസ്ഥയ്ക്കും അനുസരിച്ച് കൃഷി ചെയ്ത് സ്ഥായിയായ വരുമാനം ലഭ്യമാകുന്നുണ്ട്. കൂടാതെ 50 മീറ്റർ ഉള്ള ചെറിയ സംരക്ഷിത കൃഷിയിൽ (പോളി ഹൗസിൽ) പച്ച കുക്കുമ്പർ, പാവൽ, പയർ, മാറിമാറി കൃഷി ചെയ്തുവരുന്നു. കൂടാതെ തെങ്ങ് അധിഷ്ഠിത, പഴവർഗ്ഗ കൃഷിയും ചെയ്യുന്നുണ്ട്. കൂടാതെ കോഴി, മത്സ്യം, പശു എന്നിവ ചേർന്ന് സംയോജിത കൃഷിയും ചെയ്യുന്നുണ്ട്. കൂടാതെ 60 സ്ക്വയർ മീറ്ററിൽ (15 സെന്റ്) സ്ഥലം ഇല്ലാത്തവർക്കും ചെയ്യാനായി പച്ചക്കറികൾക്ക് പ്രാധാന്യം കൊടുത്തിട്ടുള്ള കുടുംബകൃഷി അഥവാ ഫാമിലി ഡെമോൺസ്ട്രേഷൻ ഫാം വീട്ടിൽ ഉണ്ട്. കൂടാതെ അക്വാപോണിക്സ് സംവിധാനവുമുണ്ട്.
കൃഷി ഭവന്റെയും, ആത്മയുടെയും ഒരു ഡെമോൺസ്ട്രേഷൻ പ്ലോട്ട് കൂടിയാണ് എന്റെ കൃഷിയിടം. ഒട്ടനവധി കൃഷിഭവനുകളിൽ നിന്നും കർഷകർക്ക് നേർക്കാഴ്ചയാകാനും കൂടാതെ കാർഷിക അവബോധ പരിപാടികളും ഇവിടെ സംഘടിപ്പിക്കാറുണ്ട്. ഒരേക്കർ കൃഷിയിൽ പഴം, പച്ചക്കറി വിളയിൽ നിന്നും പ്രതിമാസം ഏകദേശം പതിനായിരം രൂപയുടെ വരുമാനം ലഭ്യമാണ്.
മുട്ടക്കോഴി, മത്സ്യം എന്നിവയിൽ നിന്നും ഏതാണ്ട് 5000 രൂപയുടെ വരുമാനം ലഭ്യമാകുന്നുണ്ട്. തെങ്ങിൽ നിന്നും ഏതാണ്ട് 7000 രൂപയുടെ പ്രതിമാസ വരുമാനം ലഭ്യമാകുന്നുണ്ട്. ചോളം മറ്റു ഇടവള കൃഷി സീസൺ കൃഷി എന്നിവയിൽ നിന്ന് ഏതാണ്ട് 3000 രൂപയോളം പ്രതിമാസ വരുമാനം ലഭ്യമാകുന്നുണ്ട്. കൂടാതെ എന്റെ വീട് ഒരു കൃഷി നാട്ടറിവ് പഠനകേന്ദ്രം കൂടിയാണ്. ഒട്ടനവധി “ഇന്നവേഷൻസ്’ അവിടെ കണ്ടെത്തിയിട്ടുണ്ട്.
1) പോർട്ടബിൾ മീറ്ററുകളുടെ സഹായത്താൽ പ്രാഥമിക മണ്ണ് പരിശോധന നടത്തി ചെടികൾക്ക് ഉണ്ടാകുന്ന ഏതാണ്ട് എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്താൻ കഴിയുന്ന പ്രാഥമിക സസ്യ ആരോഗ്യ പരിചരണ ആശുപത്രി. ഇത് പാണാവള്ളി അസിസ്റ്റന്റ് ഡയറക്ടറുടെ കീഴിലുള്ള മരതകം ഫാർമേഴ്സ് എക്സ്റ്റൻഷൻ ഓർഗനൈസേഷൻ (FEO) പ്രാവർത്തികമാക്കിയിട്ടുണ്ട്.
2) ചെലവ് കുറഞ്ഞ വെള്ളവും വളവും ഒരുമിച്ച് നൽകുന്ന ഫെർട്ടിഗേഷൻ സംവിധാനം.
3) കീടനാശിനി ഉപയോഗിക്കാതെ രോഗ കീടനിയന്ത്രണത്തിനുള്ള 10 മാർഗ്ഗങ്ങൾ (ടെൺ മെത്തേഡ്സ് ഓഫ് പ്ലാന്റ് പ്രൊട്ടക്ഷൻ).
4) സ്ഥലം ഇല്ലാത്തവർക്കും ഒന്നര സെന്റിൽ 24 ഇനം പച്ചക്കറികൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള കുടുംബ കൃഷി.
5) മണ്ണിന്റെ താപ ഈർപ്പ അനുപാതത്തിന് അനുസരിച്ചു കൊണ്ടുള്ള ഓട്ടോമാറ്റിക് തുള്ളി സംവിധാനം.
6) ഹൈടെക് ഫാർമേഴ്സിനുള്ള, Instrument Analysis in Agriculture (സാങ്കേതിക ഉപകരണങ്ങളുടെ സഹായത്താൽ ഉള്ള കൃഷി രീതി).
ജോലിയുടെ ഭാഗമായി ഒട്ടനവധി റിസർച്ച് സ്ഥാപനങ്ങളിൽ (റിഫൈനറി, പെട്രോകെമിക്കൽ, ഫെർട്ടിലൈസർ, ONGC, ISRO, BARC, DRDO, NPOL, KMML) ഇൻസ്ട്രുമെന്റ് ക്വാളിറ്റി അനാലിസിസിൽ ജോലി ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്. അങ്ങനെ മണ്ണിന്റെ രസതന്ത്രവുമായി ബന്ധം വരികയും അത് കാർഷികവൃത്തിക്ക് ഗുണകരമാക്കാൻ ശ്രമിച്ചിട്ടുണ്ട്. അങ്ങനെ ഏതാണ്ട് 2010 മുതൽ കൃഷി ഓഫീസർ മറ്റ് കൃഷിവകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥർ, ആത്മ, പല അവബോധ പരിപാടികൾ എനിക്ക് അവസരം ലഭിക്കുകയും അങ്ങനെ കാർഷിക വൃത്തിയെക്കുറിച്ച് കൂടുതൽ പഠനവിധേയമാക്കാൻ എനിക്ക് പ്രേരണയായിട്ടുണ്ട്. കാർഷികരംഗത്ത് നല്ല രീതിയിൽ പ്രവർത്തിക്കാൻ എനിക്ക് കൃഷിവകുപ്പും ആത്മയും ഒരു ഉൾപ്രേരകമായി പ്രവർത്തിച്ചിട്ടുണ്ട്.
സന്നദ്ധ സംഘടനയിലുള്ള പ്രവർത്തനം
1) കൃഷിക്കൊപ്പം കളമശ്ശേരിയുടെ ഏകോപന സമിതി അംഗം.
2) ഓർഗാനിക് കേരള ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി.
3) സോഷ്യൽ ഹെൽത്ത് വൺ ഹെൽത്ത് മൂവ്മെന്റ് സാങ്കേതിക ഉപദേശകൻ
4) അരൂക്കുറ്റി നാട്ടറിവ് പഠനകേന്ദ്രത്തിന്റെ സാങ്കേതിക ഉപദേശകൻ എന്നീ നിലകളിൽ പ്രവർത്തിക്കുന്നുണ്ട് ♦