സിപിഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം, കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ (സിഐടിയു) സംസ്ഥാന പ്രസിഡന്റ്, വിവിധ ട്രേഡ് യൂണിയനുകളുടെ ഭാരവാഹി എന്നീ നിലകളിൽ മികച്ച പ്രവർത്തനം നടത്തിവരവെയാണ് 2002 ജൂൺ 29ന് എം ദാസൻ അകാലത്തിൽ അന്തരിച്ചത്.
കോഴിക്കോട് ജില്ലയിലെ തെല്യങ്കരയിൽ കണാരന്റെയും ചീരുവിന്റെയും മകനായി 1953 ജനുവരി ഒന്നിനാണ് എം ദാസൻ ജനിച്ചത്. ചോറോട് കെഎംയുപി സ്‌കൂൾ, മടപ്പള്ളി ഗവൺമെന്റ് ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. തുടർവിദ്യാഭ്യാസത്തിനു വീട്ടിലെ സാന്പത്തികശേഷി അനുവദിക്കാത്തതിനാൽ എസ്‌എസ്‌എൽസിക്കു ശേഷം നെയ്‌ത്തുതൊഴിലിൽ ഏർപ്പെട്ടു. അതോടെ നെയ്‌ത്തുതൊഴിലാളി യൂണിന്റെ സജീവ പ്രവർത്തകനായി അദ്ദേഹം മാറി. ദാസനിലെ നേതൃപാടവം വളരെവേഗം പ്രകടമായി. യൂണിയന്റെ താലൂക്ക് സെക്രട്ടറിയായി ചെറുപ്രായത്തിൽ തന്നെ അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.
യൂണിയൻ പ്രവർത്തനത്തിനൊപ്പം യുവജനരംഗത്തും പാർട്ടി പ്രവർത്തനരംഗത്തും ദാസൻ സജീവമായി. 1972ൽ അദ്ദേഹം സിപിഐ എം ചേറോട് ബ്രാഞ്ച് അംഗമായി. കുറച്ചുകാലം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായും പ്രവർത്തിച്ചു. 1970കളുടെ ആരംഭത്തിൽ നടന്ന മിച്ചഭൂമി സമരത്തിൽ സജീവമായി പങ്കെടുത്ത് ജയിൽവാസം അനുഷ്‌ഠിച്ചു.
ദാസന്റെ നേതൃശേഷിയും സംഘടനാപാടവവും ഏറ്റവും കൂടുതൽ പ്രകടമായത് യുവജനരംഗത്താണ്. യുവജനനേതാവ് എന്ന നിലയിലാണ് അദ്ദേഹം കേരളമൊട്ടാകെ ശ്രദ്ധിക്കപ്പെട്ടത്. അടിയന്തരാവസ്ഥക്കാലത്ത് അദ്ദേഹം കെഎസ്‌വൈഎഫിന്റെ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറിയും വടകര താലൂക്ക് ജോയിന്റ് സെക്രട്ടറിയുമായിരുന്നു. അടിയന്തരാവസ്ഥയ്‌ക്കെതിരെ യുവജനങ്ങളെ ബോധവൽക്കരിക്കുന്നതിനും പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നതിനും അദ്ദേഹം മുന്നിട്ടു പ്രവർത്തിച്ചു.
കെഎസ്‌വൈഎഫിന്റെ വടകര താലൂക്ക് സെക്രട്ടറിയായി പ്രവർത്തിച്ച് നേതൃശേഷി തെളിയിച്ച അദ്ദേഹം 1980ൽ ഡിവൈഎഫ്‌ഐ രൂപീകരിക്കപ്പെട്ടപ്പോൾ ആ സംഘടനയുടെ കോഴിക്കോട് ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 1983ൽ സംസ്ഥാന പ്രസിഡന്റായും 1986ൽ സംസ്ഥാന സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. ഈ കാലയളവിലാണ് സംസ്ഥാന മന്ത്രിമാരെ വഴിയിൽ തടയൽ സമരം ഡിവൈഎഫ്‌ഐ നടത്തിയത്. മന്ത്രിമാരുടെ അഴിമതി അവസാനിപ്പിക്കണമെന്നും തൊഴിലില്ലായ്‌മ പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് യുവജനങ്ങൾ തെരുവിലിറങ്ങിയതിനെ അങ്ങേയറ്റം ആദരവോടെയാണ് കേരളജനത സ്വീകരിച്ചത്. കേരളത്തിലെ സമരങ്ങളുടെ ചരിത്രത്തിൽ എന്നെന്നും ശ്രദ്ധിക്കുന്ന അധ്യായമാണ് ആ സമരം എഴുതിച്ചേർത്തത്.
തൊഴിൽരഹിതരായ യുവജനങ്ങൾക്കെല്ലാവർക്കും തൊഴിൽ നൽകുമെന്ന് വാഗ്‌ദാനം ചെയ്‌ത് അധികാരത്തിൽ വന്ന യുഡിഎഫ് സർക്കാർ ശരിക്കും യുവജനങ്ങളെ വഞ്ചിക്കുകയായിരുന്നു. പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചില്ല എന്നു മാത്രമല്ല ഉള്ള തൊഴിൽ സാധ്യതകൾ കൂടി അടച്ചു. സർക്കാർ സർവീസിലെ തസ്‌തികകൾ വെട്ടിക്കുറച്ചു; ഉള്ള തസ്‌തികകളിൽ നിയമനവുമില്ലാതായി. കടുത്ത അഴിമതിയും സ്വജനപക്ഷപാതവും അരങ്ങുതകർത്ത കാലം. മന്ത്രിമാരുടെ പ്രതിച്ഛായ നഷ്ടപ്പെട്ടുവെന്ന് മന്ത്രിസഭയും കോൺഗ്രസും പരസ്യമായി സമ്മതിച്ച കാലം. പ്രതിച്ഛായ നന്നാക്കാനുള്ള ചർച്ചകളുമായി നടന്ന മന്ത്രിമാർ ജനങ്ങളെ പാടേ മറന്നു; തൊഴിലില്ലായ്‌മയും വിലക്കയറ്റവും കൊണ്ട് ജനങ്ങൾ പൊറുതിമുട്ടി.
ഈ പശ്ചാത്തലത്തിൽ മന്ത്രിമാരെ വഴിയിൽ തടയുകയല്ലാതെ ജനങ്ങൾക്ക് മറ്റു മാർഗമില്ലായിരുന്നു. കേരളമൊട്ടാകെ ഡിവൈഎഫ്‌ഐയുടെ നേതത്വത്തിൽ വഴിതടയൽ സമരം നടന്നു. വഴിതടഞ്ഞ യുവാക്കൾക്കുനേരെ അതിഭീകരമായ മർദന നടപടികളാണ് അന്നത്തെ യുഡിഎഫ് സർക്കാർ സ്വീകരിച്ചത്. ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് എം വിജയകുമാർ, സംസ്ഥാന സെക്രട്ടറി എം ദാസൻ, പ്രസിഡന്റ് എസ് ശർമ എന്നിവരുൾപ്പെടെയുള്ള നേതാക്കൾക്കും പ്രവർത്തകർക്കും അതിക്രൂരമായ മർദനങ്ങളാണ് ഏറ്റുവാങ്ങേണ്ടിവന്നത്. എന്നാൽ യുവജനങ്ങളുടെ ഇച്ഛാശക്തിയെയും സമരോത്സുകതയെയും മർദനമുറകൾക്കോ ഭീഷണികൾക്കോ കെടുത്താനായില്ല.
യുവജനങ്ങളുടെ ആഗസ്‌ത് മാസത്തിലെ ‘അപ്‌റൈസിംഗ്’ എന്നാണ് ഒരു മാധ്യമമം ഈ സമരത്തെ വിശേഷിപ്പിച്ചത്. രാജ്യത്തിന്റെ ഒട്ടാകെ ശ്രദ്ധ നേടിയെടുക്കാൻ കഴിഞ്ഞ ഈ സമരം ഡിവൈഎഫ്‌ഐയെ വീറുറ്റ സംഘടനയായി മാറ്റുന്നതിൽ ഗണ്യമായ പങ്കുവഹിച്ചു.
1987ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ അധികാരത്തിലേറ്റിക്കൊണ്ടാണ് ജനങ്ങൾ യുഡിഎഫിനോട് പകവീട്ടിയത്. മന്ത്രി എം കമലത്തിന്റെ കാർ തടഞ്ഞതിന് മർദനമേൽക്കേണ്ടിവന്ന എം ദാസൻ, കമലത്തെ കോഴിക്കോട് ഒന്നിൽ പരാജയപ്പെടുത്തിയത് കാലം കാത്തുവെച്ച മറ്റൊരു പ്രതികാരമായിരുന്നു.
ഉജ്വല സംഘാടകനായിരുന്ന എം ദാസൻ പാർലമെന്ററി പ്രർത്തനരംഗത്തും സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ചു. 27‐ാം വയസ്സിൽ ചേറോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. 1987ൽ കോഴിക്കോട് ഒന്നിൽനിന്ന് ബഹുഭൂരിപക്ഷത്തോടെയാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. മികച്ച പാർലമെന്റേറിയൻ എന്ന നിലയിലും ദാസൻ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നിയമസഭയിൽ കൈകാര്യം ചെയ്യുന്ന വിഷയങ്ങൾ പഠിക്കുന്നതിൽ പ്രത്യേക പ്രാവീണ്യം തന്നെ അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. ചോദ്യോത്തരവേളകളെ സജീവമാക്കുന്നതിൽ ദാസന്റെ ഇടപെടലുകൾ വലിയ പങ്കുവഹിച്ചു. ജനകീയപ്രശ്‌നങ്ങളെ അതർഹിക്കുന്ന ഗൗരവത്തിൽ കണ്ടുകൊണ്ടാണ് നിയമസഭയിൽ അദ്ദേഹം ആ പ്രശ്‌നങ്ങളെ അവതരിപ്പിച്ചതും അഭിസംബോധന ചെയ്‌തിരുന്നതും.
1995ലാണല്ലോ ത്രിതല പഞ്ചായത്തിലേക്ക് ആദ്യമായി തിരഞ്ഞെടുപ്പ് നടന്നത്. അതുവരെ ഗ്രാമപഞ്ചായത്തുകൾ എന്ന് ഇപ്പോൾ വിളിക്കപ്പെടുന്ന പഞ്ചായത്തുകളിലേക്ക് മാത്രമേ തിരഞ്ഞെടുപ്പുകൾ നടന്നിരുന്നുള്ളൂ. പുതിയതായി രൂപീകരിക്കപ്പെട്ട ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്ക് തിരഞ്ഞെടുപ്പ് ആദ്യമായി ആ വർഷമാണ് നടന്നത്. ജില്ലാ പഞ്ചായത്ത് അംഗമായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത് നല്ല ഭൂരിപക്ഷത്തോടെയാണ്. ധനകാര്യസമിതി ചെയർമാനായും അദ്ദേഹം നിയോഗിക്കപ്പെട്ടു.
1996ൽ അദ്ദേഹം വീണ്ടും കോഴിക്കോട് ഒന്നിൽനിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. മണ്ഡലത്തിന്റെ വികസനപ്രവർത്തനങ്ങളിൽ മുമ്പൊരുക്കലുമില്ലാത്ത കുതിച്ചുചാട്ടം തന്നെ ഈ കാലയളവിലുണ്ടായി. നല്ലതുപോലെ ഗൃഹപാഠം ചെയ്‌ത് ജനങ്ങളുടെ പ്രശ്‌നങ്ങൾ സഭയിൽ മിതമായ വാക്കുകളിൽ അവതരിപ്പിക്കുന്നതിൽ അസാധാരണമായ പാടവം തന്നെ അദ്ദേഹം കാഴ്‌ചവെച്ചു. അതുകൊണ്ടുതന്നെ കക്ഷിരാഷ്‌ട്രീയത്തിനപ്പുറം എല്ലാവരുടെയും ബഹുമാനം നേടിയെടുക്കാൻ അദ്ദേഹത്തിനു സാധിച്ചു.
മികച്ച സഹകാരികൂടിയായിരുന്ന എം ദാസൻ നിരവധി സഹകരണസ്ഥാപനങ്ങളുടെ സാരഥിയായും പ്രവർത്തിച്ചു. വടകര സഹകരണ ആശുപത്രി സ്ഥാപിക്കുന്നതിൽ നിർണായകമായ പങ്കുവഹിച്ച അദ്ദേഹം ആശുപത്രിയുടെ സ്ഥാപക പ്രസിഡന്റാണ്. അളവക്കൻ സ്‌മാരക ഇൻഡസ്‌ട്രിയൽ വീവേഴ്‌സ് സൊസൈറ്റിയുടെയും സ്ഥാപക പ്രസിഡന്റ് അദ്ദേഹമാണ്. ജില്ലയിലെ തന്നെ പല സഹകരണസ്ഥാപനങ്ങളുടെയും ഭരണസമിതി അംഗമായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. സഹകരണമേഖലയിൽ പ്രവർത്തിക്കുന്നവ ർക്ക് മാർഗദർശിയും മാതൃകയുമായിരുന്നു അദ്ദേഹം.
നല്ലൊരു വായനക്കാരനും സാംസ്‌കാരിക പ്രവർത്തകനുമായിരുന്ന അദ്ദേഹം സ്വയം പഠിക്കുന്നതിലും സ്വയം നവീകരിക്കുന്നതിലും എന്നും ശ്രദ്ധിച്ചു. പഠിക്കുന്ന കാര്യങ്ങൾ സഖാക്കളെയും നാട്ടുകാരെയും അതിന്റെ തീവ്രതയോടെ പഠിപ്പിക്കുന്നതിലും അദ്ദേഹം മികവ് പ്രദർശിപ്പിച്ചു. ദേശാഭിമാനി പ്രിന്റിംഗ് ആൻഡ് പബ്ലിഷിംഗ് കന്പനിയുടെ ഡയറക്ടറായും അദ്ദേഹം പ്രവർത്തിച്ചു. ദേശാഭിമാനിയുടെയും ചിന്തയുടെയും സർക്കുലേഷൻ വർധിപ്പിക്കുന്നതിലും ദാസൻ മുൻനിന്നു പ്രവർത്തിച്ചു.
കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ സംസ്ഥാന പ്രസിഡന്റായിരുന്ന അദ്ദേഹം ശുദ്ധജലവിതരണ മേഖലയുടെ വന്പിച്ച പ്രാധാന്യവും ജനസേവനരംഗത്തെ അതിന്റെ പ്രാധാന്യവും ശരിക്കും തിരിച്ചറിഞ്ഞു. ജീവനക്കാരുടെ അവകാശപോരാട്ടങ്ങൾക്ക് ആശയവ്യക്തത നൽകുന്നതിന് അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. അതോടൊപ്പം അവരെ കടമകൾ ഓർമപ്പെടുത്തുകയും ചെയ്‌തിരുന്നു. കേരളത്തിലെ ജലസന്പത്ത് അന്യാധീനപ്പെടുമെന്ന ഘട്ടം വന്നപ്പോൾ അതിനെതിരെ അദ്ദേഹം വിട്ടുവീഴ്‌ചയില്ലാത്ത നിലപാട് സ്വീകരിച്ചു. സ്വകാര്യവൽക്കരിക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ നയങ്ങളെ ചെറുത്തു തോൽപിക്കുന്നതിന് അദ്ദേഹം ധീരമായ നേതൃത്വം നൽകി. ജീവനക്കാരുടെ പ്രക്ഷോഭങ്ങൾക്കൊപ്പം ജനങ്ങളെ അണിനിരത്തണമെന്ന് അദ്ദേഹം നിരന്തരം ജീവനക്കാരെ ഓർമിപ്പിച്ചിരുന്നു.
എം ദാസന്റെ പ്രവർത്തനങ്ങളെ വിലയിരുത്തിക്കൊണ്ട് പിണറായി വിജയൻ ഇങ്ങനെ രേഖപ്പെടുത്തുന്നു: ‘‘പ്രവർത്തനങ്ങൾ പ്ലാൻ ചെയ്യുന്നതിൽ പ്രത്യേകമായ വൈദഗ്‌ധ്യം ദാസനുണ്ടായിരുന്നു. സമരമായാലും പ്രചരണപരിപാടികളായാലും അവയുടെ വിശദാംശങ്ങൾ തയ്യാറാക്കി പറ്റിയ സഖാക്കളെ ചുമതലപ്പെടുത്തുന്ന രീതിയായിരുന്നു നേതാവെന്ന നിലയ്‌ക്ക് ദാസൻ സ്വീകരിച്ചത്. നിശദാംശങ്ങൾ ഈ രീതിയിൽ പ്ലാൻ ചെയ്യുന്നതുകൊണ്ടുതന്നെ നിർദ്ദിഷ്ട പരിപാടി വിജയമാക്കി മാറ്റാൻ ദാസന് കഴിഞ്ഞിരുന്നു’’.
‘‘സംസ്ഥാന കമ്മിറ്റി അംഗമെന്ന നിലയ്‌ക്ക് കമ്മിറ്റി യോഗങ്ങളിൽ വളരെ കുറച്ചുമാത്രം സംസാരിക്കുന്ന പ്രകൃതമായിരുന്നു സഖാവിന്റേത്. പാർട്ടിക്കകത്തും സംസാരിക്കുന്ന വിഷയങ്ങളിൽ നല്ല വ്യക്തതയും ധാരണയും വെച്ചുപുലർത്തുന്ന സ്വഭാവമാണ് ദാസനുണ്ടായിരുന്നത്. കോഴിക്കോട് ജില്ലയിൽ നേതൃതലത്തിൽ നിറഞ്ഞുനിന്ന് പ്രവർത്തിച്ച ദാസൻ ജില്ലയുടെ എല്ലാ ഭാഗങ്ങളിലുമുള്ള പ്രശ്‌നങ്ങളെക്കുറിച്ചും വ്യക്തമായ ധാരണ പുലർത്തിയിരുന്നു. പല പ്രശ്‌നങ്ങളും ചർച്ചചെയ്യുമ്പോൾ സഖാവിന്റെ അഭിപ്രായം പൊതുവേ പ്രശ്‌നങ്ങളെക്കുറിച്ച് മനസ്സിലാക്കാ ൻ ഉതകുന്നതായിരുന്നു. സിപിഐ എമ്മിന്റെ നേതൃനിരയിലേക്ക് വളർന്നുവരാൻ സാധ്യതയുണ്ടായിരുന്ന ദാസൻ ഇടക്കാലത്ത് പൊലിഞ്ഞുപോവുകയാണുണ്ടായത്. ഏതൊരു പൊതുപ്രവർത്തകനും മാതൃകയാക്കാവുന്ന സ്വയം പഠനം ദാസന്റെ സ്വഭാവവൈശിഷ്ട്യങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്’’.
2002 ജൂൺ 29ന് എം ദാസൻ അന്ത്യശ്വാസം വലിച്ചു.
സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവും മുൻ എംപിയും ഇപ്പോൾ വനിതാ കമീഷൻ ചെയർപേഴ്‌സണുമായ അഡ്വ. പി സതീദേവിയാണ് എം ദാസന്റെ ജീവിതപങ്കാളി. ഈ ദന്പതികൾക്ക് ഒരു മകൾ. ♦