“നീയൊരു സാധാരണ പെണ്ണല്ലേ ഹസ്നാബി? മറ്റു പെണ്ണുങ്ങള്‍ കാണുന്നത് പോലെയുള്ള സ്വപ്‌നങ്ങള്‍ കണ്ടാല്‍ പോരെ നിനക്ക്? കണ്ണില്‍ക്കണ്ട പുസ്തകമെല്ലാം വായിക്കുന്നത് കൊണ്ടാ വേണ്ടാത്ത സ്വപ്‌നങ്ങള്‍ കാണുന്നത്. നമ്മള്‍ സാധാരണക്കാരാ.. സാധാരണക്കാരുടെ സ്വപ്‌നങ്ങള്‍ കണ്ടാ മതി.”
ബി.എം.സുഹറയുടെ കഥയിലാണ് വിചിത്രസ്വപ്നങ്ങള്‍ കാണുന്നതിനു പെണ്ണിനെ ഭര്‍ത്താവ് വഴക്കുപറയുന്നത്.. എന്നും രാത്രി ‘ആയത്തുല്‍ഖുര്‍ഷി’ എന്ന ഖുര്‍ആന്‍ വചനം മൂന്നു പ്രാവശ്യം ചൊല്ലി നെഞ്ചിലും മുഖത്തും ഊതിയിട്ടാണ് ഉറങ്ങാന്‍ കിടക്കാറുള്ളത്. എന്നിട്ടും സ്വപ്‌നങ്ങള്‍. സ്വപനങ്ങൾക്കെന്താണിത്ര അപകടം? സ്വപ്നങ്ങളല്ലേ നമ്മെ ജീവിപ്പിക്കുന്നത്? സ്വപ്നം കാണാൻ അവകാശമില്ലാത്തവർക്കായുണ്ടായതല്ലേ ഗാനങ്ങൾ?
ഉറങ്ങുമ്പോൾ കാണുന്നതാണ് സ്വപ്നമെങ്കിൽ ഉണർന്നിരുന്നു കാണുന്ന സ്വപ്നമാണ് പാട്ടുകൾ. അസാധ്യമെന്നു കരുതിയ സങ്കൽപങ്ങളെല്ലാം ഗാനങ്ങൾ സാധ്യമാക്കിത്തരുന്നു. സ്വപ്നതുല്യമായ പ്രണയ മോഹങ്ങളും രതിമോഹങ്ങളും പെണ്ണ് യാഥാർഥ്യമാക്കിയത് സിനിമാപാട്ടുകളിലാണ്. അവളുടെ അടക്കിപ്പിടിച്ച സ്വപ്നങ്ങളായിരുന്നു ഓരോ ഗാനവും.
“സ്വപ്നത്തില്‍ നിന്നൊരാള്‍ ചോദിച്ചു
പ്രേമസ്വര്‍ഗ്ഗത്തില്‍ കൂട്ടിനു പോരാമോ..
രാഗത്തിന്‍ പൂമാല കോര്‍ക്കാമോ
നിന്റെ രാജകുമാരനു ചാര്‍ത്താമോ.. ….’
പി പി ശ്രീധരനുണ്ണി എഴുതി എം കെ അർജ്ജുനൻ ഈണമിട്ട് ജയചന്ദ്രൻ ശംഖുപുഷ്പമെന്ന ചിത്രത്തിനു വേണ്ടി പാടിയതാണ് ഈ ഗാനം. ഇത് കേൾക്കുമ്പോഴേക്കും ഞാൻ പ്രണയ സങ്കൽപങ്ങളുടെ മധുരോദാരസ്മൃതികളിലേക്ക് മുങ്ങി ഒരു മാദകമയക്കത്തിൽ നീന്തി നടക്കാറുണ്ട്. എന്റെ മംഗലശ്രീദലമാല ചാർത്തി നിൽക്കുന്ന ആ രാജകുമാരനെ സങ്കൽപിക്കാറുണ്ട്. കൗമാര-യൗവന കാലങ്ങളിലെ സ്വപ്നങ്ങളിൽ ഞാനെന്തെല്ലാം കണ്ടിട്ടുണ്ടോ അതെല്ലാം പാട്ടുകളിലാക്കി നമ്മുടെ പല കാലങ്ങളിലെ ഗാനരചയിതാക്കൾ.
അധ്വാനിച്ചു തളരുന്ന ആത്മാക്കൾക്കു മേൽ ഗാനങ്ങൾ വലിയ സമാധാനമായി പെയ്തിറങ്ങുന്നു. ഗാനഭാഷ എല്ലായ്പോഴും കാല്പനികവും വൈകാരികവുമായ പ്രതീകങ്ങളിലും ധ്വനികളിലും കൂടിയാണ് സഞ്ചരിക്കുന്നത്. മനുഷ്യനെ സ്വപ്നസദൃശമായ ഒരു ജീവിതത്തിലൂടെ അത് സഞ്ചരിപ്പിക്കുന്നു. ഭ്രമകൽപനയുടെ സാങ്കൽപികതയും ജീവിതത്തിന്റെ യാഥാർഥ്യവും അവിടെ ഇടകലരുന്നു. ഗാനമെന്ന അത്ഭുതത്തിന്റെ ചിറകിലേറി സ്വപ്നം കാണാത്തവരായി നമ്മിൽ ആരുണ്ട്?
സ്വപ്നം കണ്ടിറങ്ങി വന്നോളേ…
ചെമ്മാനപ്പൂമുറ്റം നിറയേ – മണിമഞ്ചാടി വാരിയെറിഞ്ഞോളേ.. എന്ന് രാത്രിയിലെ നക്ഷത്ര നിർഭരമായ ആകാശത്തിലേക്ക് നോക്കി പാടിയിരിക്കുമ്പോൾ ആ രാത്രിയിൽ എനിക്കു വേണ്ടി പാടുന്ന കാമുകന്റെ ശബ്ദമാണ് യേശുദാസിന്. സ്വപ്നം കണ്ടിറങ്ങി വരുന്ന പെണ്ണ് ഞാൻ തന്നെയാകുന്നു. എത്ര സിനിമകളിൽ നാം അത് കണ്ടിട്ടുണ്ട്. മാനസമൈനേ കേട്ടിറങ്ങി വരുന്ന കറുത്തമ്മ മുതൽ എത്രയെത്ര കാമുകിമാർ . “ഓമലാളെക്കണ്ടു ഞാൻ പൂങ്കിനാവിൽ താരകങ്ങൾ പുഞ്ചിരിച്ച നീലരാവിൽ’ എന്ന് കേട്ട് കാമുകന്റെ കിനാവിലേക്ക് നിദ്ര തഴുകിയ കണ്ണുകളുമായി സ്വപ്നത്തിലെന്ന വണ്ണം നടന്നു വരുകയാണ് സിന്ദൂരച്ചെപ്പിലെ നായിക. പാട്ടു തീരുമ്പോൾ സ്വപ്നത്തിൽ നിന്നുണർന്ന് അവൾ ഓടിയകലുന്നു. തീക്ഷ്ണവും ഹ്രസ്വവുമായ ആ ഗാനരംഗങ്ങളിൽ കണ്ട രഹസ്യമായ അനർഘമുഹൂർത്തങ്ങളെ ഉള്ളിലൊളിപ്പിച്ച് ഒരു ജീവിതകാലം മുഴുവൻ കാമുകിയായി കഴിയുന്നവരെയും എനിക്കറിയാം. സ്വപ്നം ഞെട്ടിയ ആഘാതത്തിൽ കണ്ണുകൾ കൂട്ടിയടച്ച് നിദ്രാടനം ചെയ്യുന്ന പെണ്ണുങ്ങൾ.
സ്വപ്നവും കിനാവും ഗാനങ്ങളിൽ ഏറ്റവുമധികം നിറച്ച ഗാനരചയിതാവ് പി ഭാസ്കരനാണ്.
‘പുലര്‍കാലസുന്ദര സ്വപ്നത്തില്‍
ഞാനൊരു പൂമ്പാറ്റയായിന്നു മാറി
മണ്ണിലും വിണ്ണിലും പൂവിലും
പുല്ലിലും വര്‍ണ്ണച്ചിറകുമായ് പാറീ’.
എന്ന് നമ്മുടെ കവി കണ്ട സ്വപ്നം തന്നെ ചുവാംഗ്ത്സു എന്ന ചൈനീസ്‌ചിന്തകനും കണ്ടിട്ടുണ്ട്. സ്വപ്നത്തില്‍ പൂമ്പാറ്റയായി മാറിയ ആള്‍ക്ക് ഉണര്‍ന്നപ്പോള്‍ സുഖകരമായ അമ്പരപ്പ്. ഏതാണ് സത്യം? താന്‍ കണ്ട സ്വപ്നമാണോ പൂമ്പാറ്റ? അതോ പൂമ്പാറ്റ കാണുന്ന സ്വപ്നമാണോ താന്‍? ഓരോ ഉണര്‍ച്ചയും സ്വപ്നത്തില്‍ നിന്ന് സത്യത്തിലേക്കുള്ള ഇറങ്ങിനടത്തമാകുന്നു.
‘സുന്ദര സ്വപ്നമേ നീയെനിക്കേകിയ വർണ്ണച്ചിറകുകൾ നീർത്തി
പ്രത്യൂഷ നിദ്രയിൽ ഇന്നലെ ഞാനൊരു ചിത്രപതംഗമായ് മാറീ’ എന്ന ഗാനത്തിലും പ്രണയത്തിൽ പറക്കുന്ന പൂമ്പാറ്റയായി കാമുകി മാറുകയാണ്. ജീവിതം നിഷേധിച്ചതെല്ലാം അവൾ സ്വപ്നത്തിൽ സാക്ഷാത്കരിക്കുകയാണ്.
“രാഗസങ്കല്പ വസന്തവനത്തിലെ മാകന്ദമഞ്ജരി തേടീ
എന്നെ മറന്നു ഞാൻ എല്ലാം മറന്നു ഞാൻ
എന്തിനോ ചുറ്റിപ്പറന്നൂ’
ഇത് സ്വപ്നത്തിലും പാട്ടിലും മാത്രം സാധ്യമാകുന്ന പറക്കലാണ്. തന്നെ മറന്നും എല്ലാം മറന്നും ഒരു പെണ്ണിന് പറക്കാൻ ഇടമൊരുക്കിയത് പാട്ടുകളാണ്. താരുണ്യസങ്കൽപ രാസവൃന്ദാവന താരാപഥങ്ങളിലൂടെ, പൗര്‍ണമിത്തിങ്കൾ തിടമ്പെഴുന്നള്ളിച്ച പൊന്നമ്പലങ്ങളിലൂടെ, പൂത്താലമേന്തിയ താരകൾ നിൽക്കുന്ന ക്ഷേത്രാങ്കണങ്ങളിലൂടെ, ഒക്കെ എല്ലാം മറന്നു പാറിപ്പറക്കാൻ പെണ്ണിന് സ്വപ്നവും പാട്ടും കൂട്ടുണ്ടായേ പറ്റൂ. പൊട്ടാത്ത പൊന്നിൻ കിനാവുകൊണ്ട് പട്ടുനൂലൂഞ്ഞാലു കെട്ടുന്ന കവിഭാവന.
പ്രണയകാലസ്വപ്നങ്ങൾ പലപ്പോഴും വിവാഹത്തെ കുറിച്ചായിരിക്കുമല്ലോ. വിവാഹനാളിൽ ആ സ്വപ്നത്തെ നോക്കി മധുരസ്മരണകളിലേക്ക് വീണ്ടും പോകുന്ന നായികയെ ഒട്ടേറെ ഗാനങ്ങളിൽ കാണാം. വികാരതരളിതമായ വിവാഹപൂർവ്വ രാത്രികൾ സാക്ഷാത്കൃതമായതിനു ശേഷമുള്ള. മധുവിധുരാത്രിയിൽ താൻ ദീർഘകാലം കണ്ടിരുന്ന തന്റെ ചിരകാല സ്വപ്നത്തെയാണ അവൾ വീണ്ടും വിളിക്കുകയാണ്, തന്റെ പുതിയ ആഹ്ലാദതുടിപ്പറിയിക്കാനായി.
ചിരകാല കാമിത സുന്ദരസ്വപ്നമേ
ചിരിക്കൂ ചിരിക്കൂ നീ
മധുവിധു മാധുരി നുകരും ഹൃദയമേ
തുടിക്കൂ തുടിക്കൂ നീ
എത്രയോ കാലത്തെ സ്വപ്നമാണ് സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നത് !! അപ്പോൾ സമയത്തിനെന്തിനാണിത്ര തിടുക്കം? എന്തിനാണിങ്ങനെ തിരക്കിട്ട് പറക്കുന്നത്? നിമിഷ ശലഭത്തോട് ഇങ്ങനെ വേഗത്തിൽ പറന്നു പോകാതെ, ഞാനീ രാത്രിയുടെ മധുരം ആസ്വദിക്കട്ടെ എന്ന് കെഞ്ചുന്ന കാമിനി.
“നിൽക്കാതെ പറക്കുന്ന നിമിഷശലഭമേ
നിൽക്കൂ നിൽക്കൂ നീ – ഇങ്ങു
നിൽക്കൂ നിൽക്കൂ നീ
ഒഴുകിയൊഴുകിപ്പോകും സമയ യമുനയിതിൽ
അണയൊന്നു കെട്ടൂ നീ’
ഇതേ ആശയം തന്നെയാണ് പഞ്ചവർണ്ണക്കിളിവാലൻ തളിർവെറ്റില തിന്നിട്ടോ എന്ന ഗാനത്തിലും പ്രണയിനിയുടെ സ്വപ്നത്തിൽ നിറയുന്നത്. അവളാഗ്രഹിക്കുന്നത്, “ഇന്നു രാത്രി പുലരാതെ ഇങ്ങനെ കഴിഞ്ഞെങ്കിൽ ഇന്ദുലേഖ പുലരാതെ ഇരുന്നെങ്കിൽ പുലർകാലപ്പൂങ്കോഴി പാതിരാക്കുയിലായെങ്കിൽ ഉലകാകെ ഉണരാതിരുന്നെങ്കിൽ’ എന്നാണ്.
പി ഭാസ്കരന്റെ ഗാനങ്ങളിലാണ് കിനാവ് എന്ന പദം മലയാളത്തിൽ ഏറ്റവും കൂടുതൽ ആവർത്തിക്കുന്നത്.
ധനുമാസം പൂക്കൈത മലര്‍ചൂടി വരുമ്പോള്‍ ഞാന്‍ അങ്ങയെ കിനാവു കണ്ടു കൊതിച്ചിരിക്കും എന്നും
ഒരു കൊച്ചു പന്തലില്‍ ഒരു കൊച്ചുമണ്ഡപം
പുളിയിലക്കരമുണ്ടും കിനാവുകണ്ടേന്‍
എന്നും ഏതൊരു യുവതിയുടെയും സ്വപ്നത്തെ പി ഭാസ്കരൻ പാട്ടിലാക്കി. മനുഷ്യർ ജീവിതത്തിൽ നിർഭാഗ്യമുള്ളവരായേക്കാം. പക്ഷേ പാട്ടുകളിൽ അവർ നഷ്ട സ്വർഗ്ഗങ്ങളെ വീണ്ടെടുക്കുന്നു.
“കരളാലവളെൻ കണ്ണീരു കോരി, കണ്ണിലെൻ സ്വപ്നങ്ങളെഴുതി, ചുണ്ടിലെൻ സുന്ദര കവനങ്ങൾ തിരുകി’ എന്ന് വിരഹിയായ കാമുകൻ ഗതകാലമോഹത്തിൽ എരിയുകയാണ്. ശ്രീകുമാരൻ തമ്പിയുടെ വരികളാണിവ. ഇടക്കിടെ ഓർമ്മകൾ തന്നുടെ വിരലുകളാൽ ആ സ്വപ്നങ്ങളെ ഓമനിക്കാത്തവരുണ്ടോ ? അവൾ പോയ് മറഞ്ഞിട്ടെത്ര കാലമായി എന്നിട്ടും എന്റെ കണ്ണുനീരിൽ അവളുടെ ഓർമ്മ പുഞ്ചിരിക്കുന്നു. കാമുകന്റെ സ്വപ്നത്തിലൊഴുകുന്ന കണ്ണുനീരിൽ അവളുടെ ഓർമ്മൾ മഴവില്ലാകുന്നു. ഈറൻ മുകിൽ മാലകളിൽ ഇന്ദ്രധനുസ്സെന്ന പോലെ. പാപബോധമില്ലാത്ത സ്വപ്നങ്ങൾ ഗാനങ്ങളായി പുനർജ്ജനിക്കുന്നു.
“തിരുവേഗപ്പുറയുള്ള ഭഗവാനൊരുനാൾ ഗൗരിയെന്നൊരുത്തിയെ കിനാവു കണ്ടു’ എന്ന പാട്ട് മുഴുവൻ ഒരു സ്വപ്നത്തിന്റെ വർണ്ണനയാണ്. ഉണർന്നപ്പോൾ എല്ലാം തന്റെ കിനാവാണെന്നറിയുന്ന ശംഭുവിലാണ് ഗാനം തീരുന്നത്. ശിവപാർവ്വതീ പ്രണയമാണ് ഗാനത്തിലെ സ്വപ്നത്തിൽ നിറയെ.
“വാസന്തപഞ്ചമി നാളിൽ വരുമെന്നൊരു കിനാവു കണ്ടു’ ഒരു കാത്തിരിപ്പിന്റെ സ്വപ്നമാണ്. നിദ്രയുടെ നീരാഴി കടന്ന് ഒരു പെണ്ണ് സ്വപ്നത്തിന്റെ കളിയോടത്തിലേറുന്നു.മെല്ലെ തുഴഞ്ഞ് മറ്റാരും കാണാത്ത കടവിൽ ചെന്നെത്തുന്നു. ഈ ഗാനം എത്ര മനോഹരമായ ഒരു സ്വപ്നചിത്രമാണ് ആവിഷ്കരിക്കുന്നത്. ആ കടവത്ത് അവൾ വെള്ളാരങ്കല്ലു പെറുക്കിയുണ്ടാക്കിയ വെണ്ണക്കൽ കൊട്ടാരത്തിന്റെ കെട്ടിൽ രാജകുമാരനെ കാത്ത് വേഴാമ്പൽ പോലെയിരിക്കുന്ന ദൃശ്യം എത്ര ഹൃദ്യമാണ്!!
സ്വപ്നം എന്ന വാക്ക് ഏറ്റവും മൃദുവായി ചൊല്ലിക്കേട്ടത് വാണി ജയറാമിന്റെ ശബ്ദത്തിലാണ്. ഒ എൻ വി എഴുതിയ സൗരയൂഥത്തിൽ വിടർന്നോരു കല്യാണ സൗഗന്ധികമാണീ ഭൂമി എന്ന ഗാനത്തിലാണത്. സ്വപ്നം… സ്വപ്നം എന്നവർ ആവർത്തിക്കുന്നത് ഒരു നിദ്രാടനത്തിലെന്നപോലെയാണ്. സ്വന്തം സ്വപ്നങ്ങളിൽ മുഴുകി ജീവിക്കുന്ന ഏതൊരുവളുടെയും ആത്മഗതമാണ് ആ ഗാനം.
സ്വപ്നങ്ങളേ നിങ്ങളില്ലായിരുന്നെങ്കിൽ നിശ്ചലം ശൂന്യമീ ലോകം എന്നെഴുതിയത് വയലാർ രാമവർമ്മയാണ്. സ്വപ്നത്തിന്റെ മാസ്മരികതകളെ കുറിച്ച് ഞാനോർമ്മിക്കുന്ന ആദ്യ ഗാനവും അതാണ്. പ്രണയസാധ്യതകൾ തീരെയില്ലാതിരുന്ന എന്റെ കൗമാരകാലത്ത്, ഭ്രാന്തുപിടിപ്പിക്കുന്ന പ്രണയലഹരി നിറച്ച ചഷകങ്ങളായാണ് ഞാൻ വയലാർഗാനങ്ങളെ അനുഭവിച്ചത്. ഓർമ്മയിലെ ആദ്യത്തെ വയലാർ ഗാനം മാനസ മൈനേ വരൂ തന്നെയായിരുന്നു. സ്വപ്നത്തിലെന്നവണ്ണമാണ് ആ പാട്ടുകേട്ട് കറുത്തമ്മ കടപ്പുറത്തേക്കിറങ്ങുന്നതും വികാരം തടഞ്ഞുനിർത്താനാകാതെ ചെവി പൊത്തിപ്പിടിക്കുന്നതും.
“കടലിലെ ഓളവും കരളിലെ മോഹവും അടങ്ങുകില്ലോമനേ അടങ്ങുകില്ല’ പ്രണയമെന്ന വികാരത്തിലടങ്ങിയ ചിരകാല സത്യം ഓതിത്തന്ന ആദ്യ ഗാനമതായിരുന്നു.
സ്വപ്നമാലിനീ തീരത്തുണ്ടൊരു കൊച്ചു കല്യാണ മണ്ഡപം എന്നു പാടി നടക്കുന്ന കാമുകനെ വിട്ട് ഒരു നാൾ വിവാഹിതയായി പിരിഞ്ഞു പോകുന്ന കാമുകി സ്വപ്നത്തിലെങ്കിലും തന്റെ ഗാനം ഓർക്കണമെന്നാഗ്രഹിക്കുന്ന കാമുകനാണ് വിവാഹിത എന്ന ചിത്രത്തിലെ സുമംഗലീ നീയോർമ്മിക്കുമോ എന്ന ഗാനത്തിൽ. മഴത്തുള്ളി പുതുമണ്ണിലെന്നതു പോലെ യുവമനസ്സുകളുടെ ചുട്ടുപൊള്ളുന്ന മനസ്സുകളിൽ സുരതാവേഗം ഉണർത്തിയ ഒരു കാലമുണ്ട്. സ്കൂൾ ഗ്രൗണ്ടിൽ സ്പോർട്സ് നടക്കുമ്പോൾ ഗ്രാമഫോണിൽ ഈ പാട്ടുകേൾപ്പിക്കുവാനായി മുതിർന്ന ക്ലാസിലെ ചേച്ചിമാർ ഞങ്ങളുടെ കയ്യിൽ കുറിപ്പെഴുതിത്തന്നു വിടുമായിരുന്നു അന്നൊക്കെ ഒൻപതിലും പത്തിലും ഒക്കെ പെൺകുട്ടികൾ വിവാഹ ജീവിതം സ്വപ്നം കാണുകയും കാമുകന്മാരെ നിരാശയിലാഴ്ത്തി കടന്നുപോവുകയും ചെയ്യുമായിരുന്നു. ഈ പാട്ടു കേട്ട് നെടുവീർപ്പിടുന്ന കാമുക ഹൃദയങ്ങൾ എത്രയേറെ ഉണ്ടായിരുന്നു.
വയലാറിന്റെ പാട്ടുകളിൽ ഞാനനുഭവിച്ച പ്രണയമാണോ അതോ യഥാർഥത്തിൽ അനുഭവിച്ച പ്രണയമാണോ സത്യമായ പ്രണയം എന്നു ചോദിച്ചാൽ വയലാറിന്റെ പാട്ടുകളിലനുഭവിച്ചത് എന്നു തന്നെ സമ്മതിക്കേണ്ടിവരും. കാരണം പ്രണയത്തിന്റെയും രതിയുടെയും നിഗൂഢാനുഭൂതികളൊന്നും അത്രക്ക് വന്യവും സുന്ദരവുമായി, എന്റെയുൾ പ്രണയങ്ങളെ തൃപ്തിപ്പെടുത്തുവാൻ മറ്റൊരനുഭവങ്ങൾക്കും കഴിഞ്ഞിട്ടില്ല. ഓർമ്മകളിലും ശരീരത്തിലും ഒരുപോലെ പെയ്തിറങ്ങിയ മഴയായിരുന്നു വയലാറിന്റെ പ്രണയഗാനങ്ങൾ. സ്വപ്നത്തിലും പാട്ടിലുമായി എന്റെ യൗവ്വനം ഊഞ്ഞാലാടി.എന്റെ മനസ്സ് ചിറകടിച്ചുയർന്നു. “ഒരു പുനർജ്ജന്മത്തിൽ ചിറകിലേറി സ്വയം മറന്നങ്ങനെ പറന്നുയർന്നൂ’
ആണായും പെണ്ണായും പ്രണയിച്ച കവിയാണ് വയലാർ . ആൺശരീരത്തിലെന്നപോലെ പെൺശരീരത്തിന്റെ ആസക്തികളെയും അത് തഴുകിയുണർത്തി. ഉജ്ജ്വലിപ്പിച്ചു നിർത്തി.
രാത്രിയിൽ കാമുകനെത്തേടിപ്പോകുന്ന ഒരുവളെ അഭിസാരികയെന്നാണ് ശബ്ദതാരാവലി പറയുന്നതെങ്കിൽ അഭിസാരികയുടെ മോഹങ്ങളെ ധൈര്യപൂർവ്വം വീടിനുള്ളിൽ പാടി നടക്കാൻ ഒരു പെണ്ണിന് അവസരം തന്നതിൽ ഞാൻ വയലാറിനോട് കടപ്പെട്ടിരിക്കും. ആണിന്റെ രതിസ്വപ്നങ്ങൾക്കൊപ്പം വയലാറിന്റെ ഗാനസാഗരം പെണ്ണിന്റെ രതിസ്വപ്നങ്ങളെയും പ്രണയ സങ്കൽപങ്ങളെയും ആദരിച്ചു. അവയ്ക്കും ആഘോഷിക്കാനുള്ള ഇടങ്ങൾ ഒരുക്കിത്തന്നു.
ഒരു താഴ്‌വരയിൽ ജനിച്ച്, ഒരു പൂന്തണലിൽ വളർന്നവർക്ക് ഒരേ സ്വപ്നങ്ങൾക്ക് അവകാശമുണ്ടായത് ചലച്ചിത്ര ഗാനങ്ങളിൽ മാത്രമാണ്. വയലാറിന്റെ ഗാനങ്ങളിൽ മാത്രമാണ്. എല്ലാം മറക്കുന്ന ഉന്മാദലഹരിയിൽ അവൾ തന്നെയാണ് മുത്തുവിളക്കിന്റെ മാണിക്യക്കണ്ണുകൾ പൊത്തുന്നതും .
പൂത്ത കിനാക്കൾ പൊതിഞ്ഞു കിടന്നു മയങ്ങുമ്പോൾ ആരോ പുറത്ത് പച്ചില മെതിയടിയിട്ട് നടക്കുന്ന ശബ്ദം അവളെ കല്യാണിയും കളവാണിയുമാക്കി. ആൺപൂവും പെൺപൂവും ഒരേ പോലെപൂക്കുന്ന വെള്ളിത്താഴ്‌വരകളായി എനിക്ക് വയലാർഗാനങ്ങൾ. ഈ മനോഹര ഭൂമിയിലല്ലാതെ സ്വപ്നങ്ങളും സ്വർണ്ണമരാളങ്ങളുമുണ്ടോ? ഇവിടെ ജീവിച്ച് കൊതി തീർന്നവരുണ്ടോ എന്ന് ചോദിച്ചു കൊണ്ടാണ് കവി ഈ ഭൂമി വിട്ടു പോയത്. ..
ഞങ്ങൾക്ക് മറ്റൊരു വൈകാരിക ജീവിതം സാധ്യമാക്കിത്തന്നതിന്, സ്വപ്ന സദൃശമായ ഒരു ഭാവനാ ജീവിതം കൂടി സാധ്യമാക്കിത്തന്നതിന് ഞാൻ പ്രിയ കവിയോട് കടപ്പെട്ടിരിക്കുന്നു. ഇനിയെത്ര വസന്തങ്ങൾ കൊഴിഞ്ഞാലും ഈ സൗരഭ്യം എനിക്കു മാത്രം എന്ന് സ്വാർഥപൂരിതയാകുന്നു.
വളഞ്ഞവഴിയിലൂടെ കടന്നുവരുന്ന ആഗ്രഹങ്ങളാണ് സ്വപ്‌നങ്ങള്‍. ‘ഞങ്ങളെ മറന്നു പോയോ’ എന്നു ചോദിച്ചുകൊണ്ട് അവ മുന്നില്‍വന്നു നില്‍ക്കുകയാണ്..ഓരോ രാത്രിയിലും പുതിയ സ്വപ്നങ്ങള്‍. എന്റെ വിഷാദങ്ങളെയും ഉന്മാദങ്ങളെയും സ്വപ്നങ്ങളെയും ഗാനങ്ങൾ വിശകലനം ചെയ്യുന്നു. എല്ലാവരിലും ഒരു കലാകാരനോ കലാകാരിയോ ഉണ്ടെന്നു സ്വപ്നങ്ങളെ വ്യാഖ്യാനിച്ചുകൊണ്ട് പഴയ തത്ത്വചിന്തകന്‍ പറഞ്ഞതു വെറുതെയല്ല.
സ്വപ്നങ്ങളിൽ എന്തെല്ലാം കൗതുകങ്ങളും അതിശയങ്ങളുമാണ്! ആകാശത്തിന്റെ ശൂന്യതയില്‍നിന്ന് കെട്ടിയിട്ട ഊഞ്ഞാലില്‍ ഉയരത്തിലേക്ക് പറക്കുകയാണ് ചില രാത്രികളില്‍.. പൊട്ടാത്ത പൊന്നിൽ കിനാവ് കെട്ടിത്തന്ന പട്ടുനൂലൂഞ്ഞാൽ അതു തന്നെയാകാം!
ഭൂമിയില്‍ നിന്ന് കാലുകള്‍ തെല്ലൊന്നുയര്‍ത്തിയാല്‍ വായുവില്‍ ഒഴുകിനടക്കാനും മേഘപാളികളില്‍ തലവെച്ചുറങ്ങാനും കഴിയുന്നു. പാറക്കെട്ടുകള്‍ക്കിടയില്‍ തനിച്ചായിപ്പോയ രാത്രിയില്‍ ഒരുറവയില്‍ കാല്‍പാദം തൊട്ടതും അവിടെ തീയാളുകയാണ്. മുന്നില്‍ അഗാധമായി പിളരുന്ന വഴികള്‍… നിര്‍ത്താതെ പോകുന്ന ആദിയും അന്തവുമില്ലാത്ത തീവണ്ടികള്‍… ഇങ്ങനെ സ്വപ്നങ്ങള്‍ക്ക് ഒരന്തവും അറുതിയും ഇല്ല. അരഞ്ഞാണത്തില്‍ നിന്ന് ഇഴഞ്ഞിറങ്ങിയ സ്വര്‍ണസര്‍പ്പം അച്ഛനെ കൊത്തുന്നതായി സ്വപ്നം കണ്ട പെണ്‍കുട്ടി അതു പറഞ്ഞപ്പോള്‍ ഞാന്‍ അമ്പരന്നു. ‘നിങ്ങള്‍ കാണുന്ന സ്വപ്‌നങ്ങള്‍ നിങ്ങളുടേത് മാത്രമല്ല’ എന്നത് ഒരു ബാങ്കിന്റെ വെറുമൊരു പരസ്യവാചകം മാത്രമല്ലല്ലോ എന്ന് അതിശയിച്ചു.
രാത്രികളില്‍ കോട്ടയത്തെ തെരുവുകളില്‍ ഇന്നും ഞാൻ ഒറ്റപ്പെട്ടു പോകാറുണ്ട്. എത്ര ഓടിയാലും വീട്ടില്‍ എത്താറില്ല. വീടിനു മുന്നില്‍ അടഞ്ഞുകിടക്കുകയാണ് കൂറ്റന്‍ ഇരുമ്പ്ഗേറ്റ്. ആ വീടിന്റെ ഭീതികള്‍ പോലും എത്ര ആശ്വസിപ്പിച്ചിരുന്നുവെന്ന് ഉണരുമ്പോള്‍ വേദനയോടെ അറിയുന്നു. കഥകള്‍ കൊണ്ട് തൊങ്ങല്‍ പിടിപ്പിച്ച, നിഗൂഢമായ കൗമാരരഹസ്യങ്ങള്‍ ഒളിച്ചിരിക്കുന്ന ആ സാധാരണവീടിനു സ്വപ്നത്തില്‍ എത്രയെത്ര വര്‍ണ്ണങ്ങള്‍!!! സ്വപ്നങ്ങൾ അലങ്കരിക്കും നമ്മുടെ വീട് കണ്ട് സ്വർഗ്ഗം നാണിക്കുന്നു … !!
ഉറക്കത്തിലേക്ക് വീഴുന്ന ആദ്യനിമിഷങ്ങള്‍ മരണത്തിലേക്കെന്ന പോലെ എങ്ങോട്ടോ വലിച്ചുകൊണ്ട് പോവുകയാണ്. അതൊരു രണ്ടാം ജീവിതമാണ്.. സ്വപ്നത്തെക്കുറിച്ച് എഴുതപ്പെട്ട ഏറ്റവും മനോഹരമായ പുസ്തകമാണ് ഫ്രഞ്ച്കവി നെര്‍വാലിന്റെ ഒറേലിയ. അതില്‍ ഇങ്ങനെ പറയുന്നു. സ്വപ്നത്തിന്റെ ദന്തകവാടങ്ങളിലൂടെ വിറയലോടെയല്ലാതെ കടന്നുപോകാന്‍ കഴിയില്ല.. അവിടെ നമ്മുടെ വ്യക്തിത്വം മറ്റൊരു രീതിയില്‍ അതിന്റെ നിലനില്‍പ്പ് തുടരാന്‍ ഒരുങ്ങുകയാണ്. വേര്‍തിരിവിന്റെ കൃത്യമായ നിമിഷം എവിടെയാണെന്ന് നിര്‍ണയിക്കുക അസാദ്ധ്യമാണ്. ആ ഇരുണ്ട ഗുഹയില്‍ പ്രകാശം പരക്കുന്നു. നരകത്തിന്റെ അരികില്‍നിന്ന് നിശ്ചലരൂപങ്ങള്‍ ഉയരുന്നു. പുതിയൊരു വെളിച്ചം വിചിത്രരൂപങ്ങളെ പ്രകാശമാനമാക്കുന്നു. പതുക്കെപ്പതുക്കെ ആത്മാവിന്റെ ലോകം നമുക്ക് തുറന്നുകിട്ടുന്നു… എന്തൊക്കെ കാഴ്ചകൾ!! എന്തൊക്കെ കേൾവികൾ! എന്തൊക്കെ അനുഭൂതികൾ!
സ്വപ്നം ഒരു തീയേറ്റര്‍ ആണെങ്കില്‍ അവിടെ അഭിനേതാവും കാണിയും വിമര്‍ശകനും താന്‍ തന്നെ എന്ന് യുങ് പറഞ്ഞിട്ടുണ്ട്. എഴുതുന്നതും പറയുന്നതും പ്രാര്‍ഥിക്കുന്നതും അധ്വാനിക്കുന്നതും മറ്റുള്ളവര്‍ക്ക് വേണ്ടിയാണെന്ന് മേനിനടിക്കാം.. പക്ഷേ സ്വപ്നങ്ങളില്‍ അവരവരാണ് കേന്ദ്രം. സ്വന്തം ഭയങ്ങള്‍, ഉത്കണ്ഠകള്‍, അപൂര്‍ണ്ണമോഹങ്ങള്‍ അല്ലാതെ അവിടെ മറ്റൊന്നിനും സ്ഥാനമില്ല.
ലോകവും ഞാനും അഗാധനിദ്രയിലാഴുമ്പോള്‍ എന്നിലെ ഞാന്‍ പൊയ്മുഖങ്ങളെല്ലാം അഴിച്ചുവെച്ച് ഉണരുകയായി. അവിടെ ഞാൻ അപമാനങ്ങള്‍ക്ക് പ്രതികാരം ചെയ്യുന്നു. അധീരയായി നിന്ന് കരയുന്നു..പ്രണയത്തെ ചേര്‍ത്തുപിടിച്ചു കിടക്കുന്നു. തടസ്സപ്പെടുത്താന്‍ ധൈര്യമില്ലാതെ നീതിയും നിയമവും ഭയന്ന് മാറിനില്‍ക്കുകയാണ്. കുലനീതിക്ക് വിരുദ്ധമായ സ്വപ്നങ്ങളില്‍ നിന്ന് കെട്ടഴിഞ്ഞ് ഉണര്‍ന്നുവരുന്ന എന്നെക്കണ്ട് ആഭിജാത്യവും കുലീനതയും തറവാടിത്തവും സ്തംഭിച്ചുനില്‍ക്കുന്നു ലോകത്തിലെ ഉന്മാദികൾക്കെല്ലാമായി ഈ പാട്ടുകൾ ജീവിക്കുകയാണ്. ജീവിതനൃത്തം തുടരാനുള്ള പ്രേരണയാണത്. അമരത്വത്തിലേക്കുള്ള പ്രേരണയാണത്. ♦