Monday, April 22, 2024

ad

Homeസിനിമമമ്മൂട്ടി നടനവൈഭവത്തിന്റെ മഹാഗോപുരം

മമ്മൂട്ടി നടനവൈഭവത്തിന്റെ മഹാഗോപുരം

രാധാകൃഷ്‌ണൻ ചെറുവല്ലി

തലമുറയിലെ മലയാളിയുടെ ഉള്ളിലെ അപര വ്യക്തിത്വത്തിന്റെ അനുബന്ധമെന്നോണം മമ്മൂട്ടി നിലനിൽക്കുന്നു. സത്യൻ നസീർ കാലത്തുനിന്നും ജയൻ സോമൻ സുകുമാരൻ കാലത്തിലേക്ക് പിന്നെ മോഹൻലാൽ മമ്മൂട്ടി കാലത്തിലേക്ക് മലയാളി പുരുഷന്റെ ആണത്ത സങ്കല്പം രൂപീകരിക്കപ്പെടുന്നതിൽ ഈ താര രൂപങ്ങൾക്കും താര ശരീരങ്ങൾക്കും വലിയ പങ്കാണുള്ളത്. ബാല്യ കൗമാരങ്ങൾ തങ്ങളുടെ ആത്മഛായപോലെ താരസങ്കൽപ്പങ്ങളെ തങ്ങളുടെ അപരവ്യക്തിത്വങ്ങളിൽ ചേർത്തുവച്ചു. സത്യനായും നസീറായും സ്വയം മാറിക്കൊണ്ട് ദുർബലരായവരെ ഉമ്മർ, ജോസ് പ്രകാശ്, കൊട്ടാരക്കര, ബാലൻ കെ നായർ തുടങ്ങിയ വില്ലന്മാരായി നിശ്ചയിച്ച് ഇടിച്ചു തകർക്കുന്ന കാഴ്ച1950കളിലൈയും 60കളിലെയും സ്കൂളുകളിൽ സർവ്വസാധാരണമായിരുന്നു. ഇപ്പോഴത്തെതിനു തൊട്ടുമുമ്പുള്ള ബാല്യ കൗമാരങ്ങൾക്ക് അത് മോഹൻലാൽ മമ്മൂട്ടി ദ്വന്ദ്വമായിരുന്നു. അവർക്ക് ഇടിച്ചു തകർക്കാൻ പല വില്ലൻ രൂപങ്ങളും സൃഷ്ടിക്കപ്പെട്ടിരുന്നു. ഈ തലമുറകൾ വളർന്നു വലുതായി പിന്നെ കൊഴിഞ്ഞു വീഴുന്ന കാലം വരെയും തങ്ങളുടെ ആണത്ത സങ്കല്പങ്ങളിൽ ഈ താരങ്ങൾ പ്രഭ ചൊരിഞ്ഞു തന്നെ നിലകൊണ്ടു.

പ്രശസ്ത ചലച്ചിത്രകാരനായ ഫെല്ലിലിനി ഒരിക്കൽ എഴുതി: “സിനിമയിലെ താരങ്ങൾ തന്നെയാണ് കഥയും സംഭാഷണങ്ങളും തയ്യാറാക്കുന്നതെന്ന് ഞാൻ കുട്ടിക്കാലത്ത് കരുതിയിരുന്നു. സംവിധായകൻ എന്നൊരാളുടെ സാന്നിധ്യം ഞാൻ അറിഞ്ഞിരുന്നില്ല’.

പ്രേക്ഷകർ സിനിമയിൽ കാണുന്ന പെരുപ്പിച്ചു കാട്ടുന്ന ഇമേജുകൾ താരങ്ങളുടേതാണല്ലോ. വലിയ സ്ക്രീനിൽ 25 അടി ഉയരത്തിൽ ഇരുട്ടത്തങ്ങനെ തെളിഞ്ഞുവരുന്നത് നമ്മളല്ല. നാം നമ്മുടെ അപര വ്യക്തിത്വങ്ങളിലേക്ക് ആവാഹിക്കുന്ന വീരനായക പരിവേഷം താരപ്രഭയിൽ നിന്നാണ് ഉരുവം കൊള്ളുന്നത്. സ്ക്രീനിലെ മനുഷ്യർ നാം സാധാരണ കാണുന്ന മനുഷ്യരേക്കാൾ വലുതല്ലെങ്കിൽ അതൊന്നും സിനിമയായി കണക്കാക്കപ്പെടില്ലെന്ന് ക്രിസ്‌ മാർക്കർ നിരീക്ഷിച്ചിട്ടുണ്ട്.

ആരാണ് ഈ താരങ്ങൾ? അവർക്ക് ചുറ്റും വളർന്നുവരുന്ന പ്രഭാവലയങ്ങൾ എങ്ങനെ രൂപംകൊള്ളുന്നു? ഈ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ പല പഠനങ്ങളും നടന്നിട്ടുണ്ട്. താരത്തിന് ചുറ്റുമല്ല പ്രേക്ഷകരുടെ മനസ്സിൽ ആണ് ,അവരുടെ അപര വ്യക്തിത്വങ്ങളിൽ ആണ് പ്രഭാപൂരമായ താരപരിവേഷങ്ങൾ പിറവിയെടുക്കുന്നത്. അതിന്റെ സഞ്ചിത രൂപമാണ് താരങ്ങളുടെ തലയ്ക്കു ചുറ്റും ദൈവ ചിത്രങ്ങളിൽ കാണപ്പെടുന്ന ദീപ്തി പ്രഭാവം.

ചലച്ചിത്രങ്ങളിൽ താരങ്ങൾ സംവിധായകരുടെ കൈകളിലെ കളിമണ്ണ് മാത്രമാണെന്ന് പല സംവിധായകരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. തങ്ങൾക്ക് എങ്ങനെ വേണമെങ്കിലും ആട്ടിത്തെളിയിക്കാവുന്ന കാലിക്കൂട്ടങ്ങളാണ് അഭിനേതാക്കൾ എന്ന് ആൽഫ്രഡ് ഹിച്കോക്ക് ഒരിക്കൽ പറയുകയുണ്ടായി. ലൂയി ബുനലുവൽ തന്റെ സൂസന്ന (1951) എന്ന സിനിമയിൽ ഏറ്റവും നല്ല താരം ആദ്യ ഷോട്ടിൽ ,ചുമരിൽ, പ്രത്യക്ഷപ്പെട്ട ചിലന്തി ആണെന്ന് പറഞ്ഞത് ശ്രദ്ധേയമാണ്.

താരനിർമ്മിതിക്ക് പല അടരുകൾ ഉണ്ട്. സിനിമകളിൽ തുടർച്ചയായി പ്രമുഖ റോളുകൾ കിട്ടുന്നവരെയാണ് താരങ്ങൾ എന്ന് വിളിക്കുന്നതെങ്കിൽ നമുക്ക് നിസ്സംശയം പറയാം മലയാളത്തിലെ ഏറ്റവും വലിയ താര രാജാവ് മമ്മൂട്ടി തന്നെയാണെന്ന്. മമ്മൂട്ടിയുടെ മുഖം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത് കെ എസ്‌ സേതുമാധവൻ സംവിധാനം ചെയ്ത അനുഭവങ്ങൾ പാളിച്ചകൾ എന്ന ചലച്ചിത്രത്തിലാണ്. മമ്മൂട്ടി എന്ന കലാകാരനെ വളർത്തിയെടുത്തതിൽ എം ടി വാസുദേവൻ നായർക്ക് വലിയ പങ്കുണ്ട്. ചെറുകാടിന്റെ പ്രശസ്ത കൃതിയായ ദേവലോകം 1979ൽ ജനശക്തി ഫിലിംസ് ചലച്ചിത്രമാക്കാൻ ശ്രമിച്ചപ്പോൾ അതിന്റെ സംവിധാന ചുമതല ചെന്നെത്തിയത് എംടിയിൽ ആയിരുന്നു. മമ്മൂട്ടിയായിരുന്നു പ്രധാന റോളിൽ. അന്ന് അദ്ദേഹം മഞ്ചേരിയിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുകയായിരുന്നു. സാമ്പത്തിക പ്രയാസങ്ങളിൽ പെട്ട് ആ ചിത്രം മുടങ്ങിയെങ്കിലും എംടി മമ്മൂട്ടിയെ കൈവിട്ടില്ല. വി വി കെ മേനോൻ നിർമ്മിച്ച്‌ എം ടിയുടെ തിരക്കഥയിൽ ആസാദ് സംവിധാനം ചെയ്ത വിൽക്കാനുണ്ട് സ്വപ്നങ്ങൾ എന്ന ചിത്രത്തിൽ (1980) മമ്മൂട്ടിക്ക് ശ്രദ്ധേയമായ സ്ക്രീൻ സ്പേസ് ലഭിക്കുകയുണ്ടായി. യഥാർത്ഥത്തിൽ മമ്മൂട്ടി എന്ന നടനവൈഭവത്തിന്റെ തുടക്കം ആ സിനിമയിലൂടെ ആയിരുന്നെന്നു പറയാം. അതേ വർഷം തന്നെ കെ ജി ജോർജിന്റെ മേള എന്ന ചിത്രത്തിൽ പ്രധാനപ്പെട്ട ഒരു വേഷം ചെയ്തു. ഗ്ലാമർ വേഷത്തിൽ ചടുലമായ അഭിനയം കാഴ്ചവയ്ക്കാൻ മേളയിൽ മമ്മൂട്ടിക്ക് കഴിഞ്ഞു. 1981ൽ ഇറങ്ങിയ തൃഷ്ണയുടെ തിരക്കഥ എംടിയുടെതായിരുന്നു. സമ്പന്നഗൃഹത്തിൽ പിറന്ന ഒരു പ്ലേബോയുടെ റോൾ ആയിരുന്നു മമ്മൂട്ടിക്ക് ആ ചിത്രത്തിൽ. മുഴുനീള നായക പദവിയിലേക്കായിരുന്നു ഉയർച്ച. 1982 എന്ന വർഷം മമ്മൂട്ടി എന്ന ചലച്ചിത്ര താരത്തിന്റെ ഉദയം കുറിച്ചു. കെ ജി ജോർജിന്റെ യവനികയും ജിജോ സംവിധാനം ചെയ്ത പടയോട്ടവും ആ വർഷം ആണ് ഇറങ്ങിയത്. യവനിക മമ്മൂട്ടിയിലെ സൂക്ഷ്മ നടനം എന്ന കഴിവ് രൂപപ്പെടുത്തിക്കൊണ്ടുവന്നു. തുടർന്നുള്ള വർഷങ്ങളിൽ വന്ന ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക് (1988) കൂടെവിടെ എന്നീ ചിത്രങ്ങൾ മമ്മൂട്ടിയെ സമാന്തര സിനിമ പ്രവർത്തകരുടെയും പ്രേക്ഷകരുടെയും പ്രിയപ്പെട്ടവനാക്കി.

അടുത്തഘട്ടത്തിൽ നാം കാണുന്നത് അതിമാനുഷ സിദ്ധികൾ ഉള്ള കഥാപാത്രങ്ങളായി മമ്മൂട്ടിയുടെ പകർന്നാട്ടമാണ്. ആൺകരുത്തിന്റെ (masculine) പ്രതീകമായി വാഴ്ത്തപ്പെട്ട പോലീസ് വേഷങ്ങൾ യുവതി യുവാക്കൾക്കിടയിൽ മമ്മൂട്ടിയെ പോപ്പുലർ ആക്കി. അതിരാത്രം, ബൽറാം vs താരാദാസ് (2006) തുടങ്ങിയ ചിത്രങ്ങൾ മമ്മൂട്ടിയുടെ സൂപ്പർതാര പദവിയിലേക്കുള്ള ചുവടുവെപ്പായി.

‘കാണാമറയത്ത്‌’ പത്മരാജന്റെ തിരക്കഥയിൽ പിറന്ന ഐ വി ശശി ചിത്രമായിരുന്നു. ആ ചിത്രത്തിലെ ‘റോയി’ ഏറെ സ്വീകാര്യത നേടിയ കഥാപാത്രമാണ്‌. ഭരതന്റെ ‘ഇത്തിരിപ്പൂവേ ചവന്ന പൂവേ, അക്കരെ, അടിയൊഴുക്കുകൾ, ആൾക്കൂട്ടത്തിൽ തനിയെ എന്നീ കലാത്മക ചിത്രങ്ങളിൽ മമ്മൂട്ടി തിളങ്ങി. അടിയൊഴുക്കുകളിലെ അഭിനയത്തിന്‌ കേരള സംസ്ഥാന അവാർഡ്‌ ലഭിക്കുകയുണ്ടായി. സിനിമയെന്ന കലയെ, അതിന്റെ മാധ്യമ സവിഷേതകളെ അറിയുന്ന ഒരാൾ എന്ന പേര്‌ ഏതാനും നല്ല ചിത്രങ്ങളിലൂടെ മമ്മൂട്ടി നേടി. ക്യാമറയ്‌ക്കു മുന്നിൽ നിൽക്കുമ്പോൾ ആവശ്യമുള്ളതു മാത്രം നൽകുക എന്ന സൂക്ഷ്‌മത അദ്ദേഹത്തിനുണ്ട്‌. കഥകളിയിലും കൂടിയാട്ടത്തിലും നൃത്തനൃത്യങ്ങളിലും നാടകത്തിലും സിനിമയിലും അഭിനയം അതിന്റെ സങ്കീർണ്ണതകളോടെയാണ്‌ നിലനിൽക്കുന്നത്‌. എം ടി, കെ ജി ജോർജ്‌, പത്മരാജൻ, അടൂർ ഗോപാലകൃഷ്‌ണൻ തുടങ്ങിയ പ്രഗത്ഭർ വാർത്തെടുത്ത കലാശിൽപമായി മമ്മൂട്ടിയെ വേണമെങ്കിൽ വിശേഷിപ്പിക്കാം.

1987ൽ വന്ന ജോഷിയുടെ ‘ന്യൂഡൽഹി’, സിബി മലയിലിന്റെ തനിയാവർത്തനം, 1921, ഒരു സിബിഐ ഡയറിക്കുറിപ്പ്‌ എന്നീ ചിത്രങ്ങൾ മമ്മൂട്ടിയെന്ന താരത്തെ സൂപ്പർ താരമാക്കി. പ്രേക്ഷകർ മമ്മൂട്ടിയുടെ സവിശേഷ മാനറിസങ്ങളെ അംഗീകരിക്കാനും അനുകരിക്കാനും തുടങ്ങിയതോടെ താരപ്പകിട്ട്‌ വർധിക്കാൻ തുടങ്ങി. തൊണ്ണൂറുകളിൽ ദളപതി, അമരം, ആവനാഴി, ധ്രുവം, വാത്സല്യം, പൊന്തൻമാട, വിധേയൻ എന്നീ ചിത്രങ്ങൾ മമ്മൂട്ടിയെന്ന നടനവൈഭവത്തിന്റെ അടയാളങ്ങളായി. ഒന്നിനൊന്ന്‌ വ്യത്യസ്‌തങ്ങളായ കഥാപാത്രങ്ങളായിരുന്നു അത്‌. മേൽ സൂചിപ്പിച്ച ചിത്രങ്ങളിൽ അവസാന മൂന്ന്‌ ചിത്രങ്ങളിലെ അഭിനയത്തിന്‌ മമ്മൂട്ടിക്ക്‌ 1993ലെ സംസ്ഥാന അവാർഡ്‌ ലഭിച്ചു. 1993ൽ ദേശീയ അവാർഡിനും മമ്മൂട്ടി അർഹനായി. ഹിന്ദി, തമിഴ്‌, തെലുഗു, കന്നട ചിത്രങ്ങളിലും മമ്മൂട്ടി അഭിനയിച്ചു. 1997ൽ പുറത്തുവന്ന ഭൂതക്കണ്ണാടി മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ നാഴികക്കല്ലായി. ഒരു വടക്കൻ വീരഗാഥ, 1921 തുടങ്ങിയ ചിത്രങ്ങളിലെ മമ്മൂട്ടിയായിരുന്നില്ല ഭൂതക്കണ്ണാടിയിൽ.

2004ൽ പുറത്തുവന്ന കാഴ്‌ച, പാലേരി മാണിക്യം (2009), 2018ലെ തമിഴ്‌ ചിത്രം പേരൻപ്‌ എന്നീ ചിത്രങ്ങൾ പക്വതയുള്ള നടനെ അടയാളപ്പെടുത്തി. പ്രായം മമ്മൂട്ടിയെന്ന നടനെ പരിമിതപ്പെടുത്തുന്നതായി തോന്നുന്നില്ല. സിനിമകളുടെ സെലക്‌ഷനിൽ മമ്മൂട്ടി പുലർത്തിയ ബാലൻസിങ്ങാണ്‌ അദ്ദേഹത്തെ ജനഹൃദയങ്ങളിൽ ഉറപ്പിച്ചുനിർത്തുന്നത്‌. അഭിനയം സാധ്യമാകുന്നത്‌ സിനിമയ്‌ക്കുള്ളിലാണ്‌. സിനിമയുടെ പൊതുശരീരം പ്രേക്ഷകർ കാണുന്നത്‌ നടീനടന്മാരിലൂടെയാണ്‌. ഒരു ചലച്ചിത്രം ആവശ്യപ്പെടുന്നത്‌ കൊടുക്കുക എന്ന പ്രത്യുത്‌പന്നമതിത്വം മമ്മൂട്ടിയിൽ ഏറെയുണ്ട്‌.

കോട്ടയത്തെ വൈക്കത്താണു ജനനമെങ്കിലും പ്രാദേശിക മൊഴിവഴക്കങ്ങൾ ഏതും മമ്മൂട്ടിക്ക് വഴങ്ങും. ഏറനാടൻ മലയാളവും വള്ളുവനാടൻ മലയാളവും തൃശൂർ മലയാളവും മാത്രമല്ല തെക്കൻ തിരുവനന്തപുരത്ത്‌ പ്രചാരത്തിലുള്ള ഭാഷാരൂപവും എത്ര തന്മയത്തോടെയാണ്‌ രാജമാണിക്യം എന്ന സിനിമയിൽ അവതരിപ്പിച്ചത്‌. വിധേയനിലെ കന്നട കലർന്ന മലയാളം, പ്രാഞ്ചിയേട്ടൻ ആന്റ്‌ ദി സെയിന്റിലെ തൃശൂർ ഭാഷ സംസാരിക്കുന്ന പ്രാഞ്ചിയേട്ടൻ, ചട്ടമ്പിന്നാട്ടിലെ കന്നട സംസാരിക്കുന്ന പലിശക്കാരൻ, എം ടിയുടെ നിരവധി വള്ളുവനാടൻ കഥാപാത്രങ്ങൾ എന്നിങ്ങനെ എത്രയെത്ര ഭാഷാഭേദങ്ങൾ മമ്മൂട്ടി അനായാസം കൈകാര്യം ചെയ്‌തു. മികച്ച വായനക്കാരനായിരുന്നതിനാലാവാം ഇത്തരം അനായാസത കരസ്ഥമാക്കാൻ കഴിഞ്ഞത്‌.

ഈ ലേഖനം അവസാനിപ്പിക്കുന്നതിനു മുന്പ്‌ മമ്മൂട്ടിക്ക്‌ 2022ലെ മികച്ച നടനുള്ള കേരള സംസ്ഥാന അവാർഡ്‌ ലഭിച്ച നൻപകൽ നേരത്തെ മയക്കത്തെക്കൂടി പരാമർശിക്കേണ്ടതുണ്ട്‌. സ്ഥലകാലങ്ങൾക്കനുസരിച്ച്‌ ഭാവഭേദങ്ങൾ അവതരിപ്പിക്കാനുള്ള സിദ്ധി കൈവരിക്കാൻ മമ്മൂട്ടിക്ക്‌ കഴിഞ്ഞത്‌ അദ്ദേഹം തന്റെ പ്രവർത്തനമണ്ഡലത്തിൽ സ്വീകരിച്ച സാധനമൂലമായിരിക്കും. വേളാങ്കണ്ണിക്ക്‌ പോയശേഷം തമിഴ്‌നാട്ടിലൂടെ സഞ്ചരിക്കുന്ന നാടകസംഘത്തിലെ ജയിംസ്‌ തമിഴ്‌ ഗ്രാമത്തിലെ സുന്ദരമായി പരിണമിക്കുന്നത്‌ എത്ര അനായാസേന മമ്മൂട്ടി അവതരിപ്പിച്ചു! തികച്ചും വിഭിന്നരാണ്‌ ജയിംസും സുന്ദരവും. ജയിംസിന്റെ ഛായ സുന്ദരത്തിൽ കലരാതിരിക്കാനുള്ള അഭിനയചാതുരി അത്ഭുതാവഹം തന്നെ.

വ്യക്തിത്വത്തിനും അഭിനയമികവിനും അപ്പുറം വിവിധ ഘടകങ്ങളുടെ കൂടിച്ചേരലാണ്‌ ഒരു താരവ്യക്തിത്വത്തെ സൃഷ്ടിക്കുന്നതെന്ന്‌ മമ്മൂട്ടിയെക്കുറിച്ച്‌ എഴുതുമ്പോൾ പ്രശസ്‌ത ഫിലിം ക്രിട്ടിക്കായ സി എസ്‌ വെങ്കിടേശ്വരൻ ചൂണ്ടിക്കാട്ടുന്നു. അത്തരം ഘടകങ്ങളിൽ യാദൃച്ഛികത പ്രധാന പങ്കുവഹിക്കുന്നു. ചലച്ചിത്ര വ്യവസായത്തിന്റെ ആന്തരിക ബലതന്ത്രം, സർഗാത്മകതയും നിർമാണരീതികളും കലാകാരരും ടെക്‌നീഷ്യരും തമ്മിലുള്ള ബലാബലങ്ങൾ, വിതരണം, പരസ്യം, മാ‌ധ്യമങ്ങൾ തുടങ്ങിയ ഘടകങ്ങൾ എന്നിവ ഒരു താരസൃഷ്ടിയിൽ പ്രധാനപ്പെട്ടതാണ്‌.

ആണത്ത സങ്കൽപനങ്ങളുമായി ബന്ധപ്പെടുത്തിയാണ്‌ മമ്മൂട്ടിയുടെ താരവ്യക്തിത്വം നിലനിൽക്കുന്നത്‌. മമ്മൂട്ടിയെന്ന നടൻ രൂപപ്പെടുന്ന കാലത്ത്‌ ഈ ‘ആണധികാര’ കഥാപാത്രങ്ങൾ മമ്മൂട്ടിക്ക്‌ വെല്ലുവിളി ഉയർത്തിയിട്ടുണ്ട്‌. കുടുംബനാഥൻ, ഏട്ടൻ, ഗ്യാങ്ങ്‌ ലീഡർ, പ്രത്യേക മൂല്യങ്ങൾക്കായി പോരാടുന്നവൻ, സ്‌ത്രീകളെ നിയന്ത്രിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നവൻ എന്നീ നിലകളിൽ മമ്മൂട്ടിയെന്ന താര പരിവേഷത്തെ പരിശോധിക്കാം. പോപ്പുലറാവുക എന്നു പറഞ്ഞാൽ പൊതുബോധത്തിന്‌ സ്വീകാര്യനാവുക എന്നർഥം. പൊതുബോധത്തിൽ അധീശത്ത ആശയങ്ങൾക്കാണ്‌ സ്വാധീനം. അതിനാൽ അധീശത്ത കാമനകളുശട ഉടലെടുപ്പായും മമ്മൂട്ടിയെന്ന താരശരീരത്തെ വിലയിരുത്താം.

എതിരൻ കതിരവൻ ‘മമ്മൂട്ടി നടനത്തിന്റെ ഉടൽരാഷ്‌ട്രീയം’ എന്ന ലേഖനത്തിൽ ഇങ്ങനെ നിരീക്ഷിക്കുന്നു:

‘‘വിദഗ്‌ധമായ സംഭാഷണചാരുത പാത്രസൃഷ്ടിയിൽ ചേർക്കപ്പെട്ടത്‌ വൈവിധ്യമാകുന്ന കഥാപാത്രങ്ങളിലേക്ക്‌ പരകായപ്രവേശം സാദ്ധ്യമാക്കി എന്നതു മാത്രമല്ല പ്രേക്ഷകരിലേക്ക്‌ പകർത്താനും നിസ്സന്ദേഹമായി അവരെ ബോധ്യപ്പെടുത്താനും വഴിതെളിച്ചിട്ടുണ്ട്‌. അതിനാടകീയത ആവശ്യപ്പെടുന്നതാണ്‌ ഇന്ത്യൻ സിനിമാ സന്ദർഭങ്ങൾ എന്നിരിക്കെ അതിന്‌ അയവുവരുത്തിക്കൊണ്ടാണ്‌ മമ്മൂട്ടിയുടെ പ്രവേശനം’’.

മമ്മൂട്ടിയെന്ന മഹാനടൻ കേരളമെന്ന ഇത്തിരിമണ്ണിൽ ഒതുങ്ങുന്നില്ല. ജബ്ബാർ പട്ടേലിന്റെ ഡോ. ബി ആർ അംബേദ്‌കർ, തെലുങ്കു ചിത്രമായ യാത്ര എന്നീ ചിത്രങ്ങൾ മമ്മൂട്ടിയുടെ അഖിലേന്ത്യാ പേഴ്‌സണാലിറ്റിയെ ഉറപ്പിക്കുന്നു. അത്രത്തോളം വളരാനും സ്വീകാര്യനാവാനും കഴിഞ്ഞ ഈ നടൻ പുരസ്‌കാരങ്ങൾ നേടിയ ചിത്രങ്ങളിലൂടെ വിസ്‌തരഭയത്താൽ കടന്നുപോകുന്നില്ല. അഹിംസ (1981), അടിയൊഴുക്കുകൾ (1984), യാത്ര (1986), ഒരു വടക്കൻ വീരഗാഥ, മൃഗയ, മഹായാനം (1986), വിധേയൻ, പൊന്തൻമാട, വാത്സല്യം (1994), കാഴ്‌ച (2005), പാലേരി മാണിക്യം (2010), നൻപകൽ നേരത്ത്‌ മയക്കം (2022). 1989, 1994, 1999 എന്നീ വർഷങ്ങളിലെ ദേശീയ പുരസ്‌കാരങ്ങൾ ഫിലിം ഫെയർ അവാർഡുകൾ തുടങ്ങി എത്രയോ അവാർഡുകൾ മമ്മൂട്ടിയെ തേടിയെത്തി. രണ്ടു തലമുറകൾ നീണ്ട മമ്മൂട്ടിയുടെ സിനിമായാത്ര മലയാളിയുടെ നായകസങ്കൽപത്തിന്റെ രൂപപരിണാമങ്ങൾ കൂടിയാണ്‌. നടനവൈഭവത്തിന്റെ ഈ മഹാഗോപുരത്തിനു മുന്നിൽ അത്ഭുതത്തോടെ മാത്രമേ നമുക്ക്‌ നിൽക്കാനാവൂ.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

2 + fifteen =

Most Popular