Monday, November 25, 2024

ad

Homeരാജ്യങ്ങളിലൂടെടുണീഷ്യയിൽ ചെറുത്തുനിൽപ്പ് തുടരുന്നു

ടുണീഷ്യയിൽ ചെറുത്തുനിൽപ്പ് തുടരുന്നു

പത്മരാജൻ

പാർലമെന്റും പ്രധാനമന്ത്രി അടക്കമുള്ള മന്ത്രിസഭയും പിരിച്ചുവിട്ടുകൊണ്ട് ടുണീഷ്യൻ പ്രസിഡന്റ് കയസ് സൈദ് ആ രാജ്യത്തിന്റെ പരമാധികാരം ഏകപക്ഷീയമായി പിടിച്ചെടുത്തിട്ട് ജൂലൈ 25ന് രണ്ടുവർഷം പൂർത്തിയായിരിക്കുന്നു. 2021 ജൂലൈ 25 നായിരുന്നു രാജ്യത്തെ കൂടുതൽ ഗതികേടിലേക്ക് നയിച്ച പ്രസിഡൻഷ്യൽ അട്ടിമറി നടന്നതും ഏകാധിപതിയുടെ സ്ഥാനത്തേക്ക് ടുണീഷ്യൻ പ്രസിഡന്റ് കയസ് സൈദ് ഉയർന്നതും. പിന്നിട്ട രണ്ടു വർഷങ്ങളിൽ അദ്ദേഹം ആ രാജ്യത്തെ തന്റെ കാഴ്ചപ്പാടിനനുസരിച്ച് പുനഃരൂപാന്തരപ്പെടുത്തുകയായിരുന്നു. ആ പ്രക്രിയയിൽ അദ്ദേഹം വിട്ടുകളഞ്ഞ ഒന്ന് രാജ്യത്തെ ജനങ്ങളെയാണ്. രണ്ടു വർഷത്തിനുള്ളിൽ ടുണീഷ്യയിൽ പുതിയ ഭരണഘടനയും പുതിയ പാർലമെന്റും കൊണ്ടുവന്നുവെങ്കിലും രാജ്യത്തെ പ്രതിപക്ഷ പാർട്ടികളുടെയും പൗര സമൂഹത്തിന്റെയുമാകെ എതിർപ്പിനെ അവഗണിച്ചുകൊണ്ടും രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളുടെയും പങ്കാളിത്തം ഇല്ലാതെയുമാണ് സൈദ് അത് ചെയ്തിരിക്കുന്നത്. ഈ സാഹചര്യത്തിൽ പ്രസിഡൻഷ്യൽ അട്ടിമറിയുടെ രണ്ടാം വാർഷികമായ ജൂലൈ 25 ചൊവ്വാഴ്ച തലസ്ഥാന നഗരമായ ട്യൂണിസിൽ നൂറുകണക്കിന് ടുണീഷ്യൻ പൗരർ പ്രതിഷേധം അറിയിച്ചുകൊണ്ട് മാർച്ച് നടത്തി. പ്രസിഡൻഷ്യൽ അട്ടിമറി നടന്നതിനെത്തുടർന്നു അതിനെതിരായ പോരാട്ടത്തെ നയിക്കുന്നതിനുവേണ്ടി രൂപംകൊണ്ട നാഷണൽ സാൽവേഷൻ ഫ്രണ്ട് സംഘടിപ്പിച്ച പ്രകടനത്തിൽ 300 ഓളം പേർ പങ്കെടുത്തു. അടുത്തകാലത്ത് പ്രക്ഷോഭത്തിൽ പങ്കെടുത്തതിന്റെ പേരിൽ അറസ്റ്റുചെയ്യപ്പെട്ടവരെ അടിയന്തരമായി വിട്ടയക്കണമെന്നും അവർക്കുമേൽ ചുമത്തിയിട്ടുള്ള രാജ്യ സുരക്ഷയും തീവ്രവാദവും സംബന്ധിച്ച എല്ലാ കേസുകളും പിൻവലിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

കയസ് എന്ന സ്വേച്ഛാധിപതി രാജ്യത്ത് ഭരണം പിടിച്ചടക്കിയതിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ടുണീഷ്യയിലെ വർക്കേഴ്സ് പാർട്ടി പുറത്തുവിട്ട പ്രസ്താവനയിൽ ആ രാജ്യത്തിന്റെ നിലവിലെ അവസ്ഥ കൃത്യമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ആ പ്രസ്താവന ഇങ്ങനെയാണ്, “രാജ്യം പാപ്പരത്തത്തിന്റെ വക്കിലാണ്; ഉയർന്ന കടക്കെണി വീണ്ടും വർദ്ധിച്ചുകൊണ്ടിരിക്കുന്നു; മുൻപെങ്ങുമുണ്ടായിട്ടില്ലാത്ത വിധത്തിൽ വ്യാപാര കമ്മി നേരിട്ടുകൊണ്ടിരിക്കുകയാണ്; മുൻപുണ്ടായിരുന്നതിനേക്കാൾ ഇരട്ടിയാണ് നാണയപെരുപ്പം; അതിപ്പോൾ രണ്ടക്കസംഖ്യയിൽ എത്തിയിരിക്കുന്നു; ഉല്പാദന സംവിധാനത്തിന് തുടർച്ചയായ ശിഥിലീകരണം നേരിടുന്നു; ഇതെല്ലാം തന്നെ രാജ്യത്തെ ജനങ്ങളെ രൂക്ഷമായ തൊഴിലില്ലായ്മയിലേക്കും ദാരിദ്ര്യത്തിലേക്കും ബ്രെഡ് അടക്കമുള്ള അവശ്യസാധനങ്ങളുടെ ദൗർലഭ്യതയിലേക്കും അനിയന്ത്രിതമായ കുടിയേറ്റത്തിലേക്കും നയിച്ചിരിക്കുന്നു”. പതിനായിരക്കണക്കിന് പേരാണ് ഒരു രക്ഷയും ഇല്ലാതെ രാജ്യം വിട്ടു പോകുന്നത്”. രാജ്യം പിടിച്ചെടുത്ത സൈദിന്റെ രണ്ടുവർഷക്കാലത്തെ ദുർഭരണത്തിന്റെ അനന്തരഫലങ്ങളെയാണ് വർക്കേഴ്സ് പാർട്ടി ചൂണ്ടിക്കാണിക്കുന്നത്. തുടർന്ന് പ്രസ്താവനയിൽ വർക്കേഴ്സ് പാർട്ടി പറയുന്നത്, മുൻകാലങ്ങളിലെ ഗവൺമെന്റുകളെപോലെതന്നെ കയസ് സൈദിന്റെ വാഴ്ചകാലവും രാജ്യത്ത് വിപ്ലവവുമായി ബന്ധപ്പെട്ടോ ജനങ്ങളുടെ താൽപര്യാർത്ഥമോ ഒന്നുംതന്നെ ചെയ്തിട്ടില്ലയെന്നും ഇനിയും വലതുപക്ഷ കാഴ്ചപ്പാടുള്ള ആരൊക്കെ അധികാരത്തിൽ വന്നാലും ഈ കെടുകാര്യസ്ഥതക്കും ദുർഭരണത്തിനും മാറ്റമുണ്ടാവില്ല എന്നുമാണ്. രാജ്യത്തെ ജനങ്ങളുടെ ചോരയും വിയർപ്പുമൂറ്റികുടിക്കുന്ന ഈ വലതുപക്ഷ ശക്തികൾക്കും പോപ്പുലിസത്തിനും എതിരായി ബോധപൂർവ്വവും സംഘടിതവുമായ സമരങ്ങൾ സംഘടിപ്പിക്കുകയല്ലാതെ മറ്റു മാർഗ്ഗം ഇല്ലായെന്നും പാർട്ടി ചൂണ്ടിക്കാണിക്കുന്നു. ടുണീഷ്യക്കും അവിടുത്തെ ജനങ്ങൾക്കും മുന്നിലുള്ള സമൂലമായ പരിഹാരം മറ്റൊന്നുമല്ല, അത് ആശ്രിതത്തത്തെയും സ്വേച്ഛാധിപത്യത്തെയും അഴിമതിയേയും പൂർണ്ണമായി തകർക്കുകയും ജനങ്ങൾക്കും ജന്മഭൂമിയ്ക്കും പരമാധികാരം ഉറപ്പാക്കുകയും ചെയ്യുന്ന ജനകീയ ജനാധിപത്യം സ്ഥാപിക്കുകയും ചെയ്യുക എന്നതാണ് എന്നും പ്രസ്താവനയിൽ കൂട്ടിച്ചേർക്കുന്നു.

രാജ്യം നേരിടുന്ന സാമ്പത്തിക തകർച്ചയ്ക്ക് കാരണം അതുവരെ നിലവിലുണ്ടായിരുന്ന പാർലമെന്റിന്റെയും പ്രധാനമന്ത്രിയുടെയും ക്യാബിനറ്റിന്റെയും ദുർഭരണവും കഴിവില്ലായ്മയുമാണ് എന്ന് പറഞ്ഞുകൊണ്ടാണ് 2021 ജൂലൈ 25ന് പ്രസിഡൻറ് അവയെ ആകെ പിരിച്ചുവിട്ടു അധികാരം തന്നിലേക്ക് മാത്രമായി കേന്ദ്രീകരിച്ചത്. തുടർന്നുള്ള രണ്ടു വർഷത്തിനുള്ളിൽ രാജ്യത്തെ എല്ലാവിധ അധികാരങ്ങളും തന്നിലേക്ക് ഉറപ്പിക്കുവാനുള്ള നടപടികൾ മാത്രമാണ് സൈദ് നടപ്പാക്കിയത്. 2021 സെപ്റ്റംബറിൽ 2011ലെ വിപ്ലവത്തിനു ശേഷം രാജ്യം 2014ൽ അംഗീകരിച്ച ടുണീഷ്യൻ ഭരണഘടന ഭേദഗതി ചെയ്യുന്നതിനെക്കുറിച്ച് അദ്ദേഹം പ്രഖ്യാപിക്കുകയുണ്ടായി. പുതിയ ഭരണഘടന അടിസ്ഥാനപ്പെടുത്തിക്കൊണ്ട് പൊതു തിരഞ്ഞെടുപ്പുകൾ നടത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഈ പ്രഖ്യാപനങ്ങൾക്കെതിരായി അന്നുതന്നെ രാജ്യത്ത് വലിയ രീതിയിലുള്ള വിമർശനവും രാജ്യവ്യാപക എതിർപ്പും ഉയർന്നുവന്നിരുന്നു. എന്നാൽ, അതൊന്നുംതന്നെ പ്രശ്നമായിരുന്നില്ല. 2022 ഫെബ്രുവരിയിൽ പ്രസിഡന്റിന്റെ അധികാരത്തെ ചോദ്യംചെയ്യുവാൻ രാജ്യത്ത് ആകെ അവശേഷിച്ചിരുന്ന ചുരുക്കം സ്ഥാപനങ്ങളിലോന്നായ സുപ്രീം ജുഡീഷ്യൽ കൗൺസിലിനെ അദ്ദേഹം പിരിച്ചുവിട്ടു. പകരം സൈദ് സ്ഥാപിച്ച പുതിയ കൗൺസിലിൽ ജഡ്ജിമാരെ നിയമിക്കുവാനുള്ള അധികാരം പ്രസിഡണ്ടിന് മാത്രമാണ്. ഏതെങ്കിലും കൂട്ടായ പ്രവർത്തനത്തിലോ സമരങ്ങളിലോ പ്രതിഷേധങ്ങളിലോ ഭാഗമാകുന്ന ജഡ്ജിമാരെ അദ്ദേഹം നിരോധിക്കുകയും ചെയ്തു. 2022 ജൂലൈയിൽ 30% ജനങ്ങളുടെ പങ്കാളിത്തംമാത്രംകൊണ്ട് കരട് ഭരണഘടനക്കായി സൈദ് ഒരു ഹിത പരിശോധന നടത്തി. വോട്ടു ചെയ്തവരിൽ 94 ശതമാനം പേരും പുതിയ ഭരണഘടനയെ അംഗീകരിക്കുന്നു എന്നാണ് ഗവൺമെൻറ് അവകാശപ്പെടുന്നത്. എന്നാൽ പുതിയ ഭരണഘടനയെ ആസ്പദമാക്കി ഡിസംബറിൽ നടന്ന പൊതു തിരഞ്ഞെടുപ്പിൽ ആകെയുണ്ടായ വോട്ടിംഗ് ശതമാനം 8.8% മാത്രമായിരുന്നു. പ്രതിപക്ഷ പാർട്ടികളും പൗര സമൂഹ സംഘടനകളും ആഹ്വാനം ചെയ്ത ബഹിഷ്കരണ ക്യാമ്പയിൻ വലിയ രീതിയിൽ ജനങ്ങൾ ഏറ്റെടുത്തതിന്റെ ഭാഗവും കൂടിയാണ് വോട്ടിങ് ശതമാനത്തിലെ ഈ ഇടിവ്. തിരഞ്ഞെടുപ്പിനു ശേഷം രാജ്യത്ത് സാമ്പത്തിക രാഷ്ട്രീയ പ്രതിസന്ധി കൂടുതൽ രൂക്ഷമാവുകയും ജനങ്ങളുടെ ദുരിതം കൂടുതൽ കഠിനമാവുകയും ചെയ്തു.

ഗവൺമെന്റിന്റെ മുന്നിൽ ഉണ്ടായിരുന്ന ഒരേയൊരു പരിഹാരം വിദേശ ഗവൺമെന്റുകളിൽ നിന്നും ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വായ്പകൾ എടുക്കുക എന്നതായിരുന്നു. അതിന് അവർ ആവശ്യപ്പെട്ട രീതിയിലുള്ള എല്ലാ ചെലവുചുരുക്കൽ നടപടികളും, ബജറ്റ് വെട്ടിചുരുക്കൽ, അടക്കം രാജ്യത്ത് നടപ്പാക്കി വരികയാണ് ഇതിന്റെയെല്ലാം ഫലമായി കൂടുതൽ രൂക്ഷമായിവരുന്ന രാജ്യത്തെ സാമ്പത്തിക സാമൂഹിക രാഷ്ട്രീയ പ്രതിസന്ധിക്ക് സൈദ് ബലിയാടാക്കിയത് സഹാറ രാജ്യങ്ങളിൽനിന്ന് ടുണീഷ്യയിലേക്ക് കടന്നുവന്ന കുടിയേറ്റ ജനതയെയാണ്; കുടിയേറ്റം നിയന്ത്രിക്കുന്നതിന് യൂറോപ്യൻ യൂണിയന്റെ കയ്യിൽനിന്നും ഫണ്ടുകൾ സ്വീകരിക്കുകയടക്കം ചെയ്ത സൈദ്‌ രാജ്യത്ത് വംശീയമായ ആശയങ്ങൾ പ്രചരിപ്പിക്കുകയും അത്തരം നടപടികൾ കൈക്കൊള്ളുകയുമാണ് നിലവിൽ ചെയ്യുന്നത്. കുടിയേറ്റ ജനതയ്‌ക്കെതിരായി പ്രസിഡന്റ് കൈക്കൊള്ളുന്ന ഈ നയത്തിനെ ശക്തമായി എതിർത്തുകൊണ്ട് വർക്കേഴ്സ് പാർട്ടി അടക്കമുള്ള രാജ്യത്തെ പ്രതിപക്ഷം ശക്തമായി മുന്നോട്ടുവന്നിരുന്നു.

ജൂലൈ 25ന് തലസ്ഥാനമായ ടുണീസിൽ നടന്ന പ്രതിഷേധ പ്രകടനവും വർക്കേഴ്സ് പാർട്ടിയുടെ ശക്തമായ പ്രസ്താവനയുമെല്ലാം കാണിക്കുന്നത് ജനാധിപത്യവിരുദ്ധവും ഭരണഘടനാവിരുദ്ധവുമായി രാജ്യത്തെ പ്രസിഡൻറ് കയസ്‌ സൈദ്‌ നടപ്പാക്കിയ പ്രസിഡൻഷ്യൽ അട്ടിമറിക്കെതിരെ സ്വേച്ഛാധിപത്യപരമായ ഭരണ നടപടികൾക്കെതിരെ ടുണീഷ്യൻ ജനതയുടെ ചെറുത്തുനിൽപ്പ് വരുംനാളുകളിൽ കൂടുതൽ ശക്തമാകുമെന്ന് തന്നെയാണ്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

4 + 20 =

Most Popular