സ്പെയിനിൽ ജൂലൈ 23ന് നടന്ന പൊതു തിരഞ്ഞെടുപ്പിൽ തീവ്ര വലതുപക്ഷ പാർട്ടിയായ വോക്സിന് (Vox) നിർണായക തിരിച്ചടി. തികച്ചും വാചകക്കസർത്തുകൊണ്ടും പാർശ്വവത്കൃത വിഭാഗങ്ങളെ കടന്നാക്രമിച്ചുകൊണ്ടും ക്യാമ്പയിൻ നടത്തി തിരഞ്ഞെടുപ്പിനെ നേരിട്ട വോക്സ് ഇത്തവണ പാർലമെന്റിൽ വിജയം കൊയ്യുമോ എന്ന ഭയം രാജ്യത്തെ പുരോഗമന വൃത്തങ്ങളിൽ നിലനിന്നിരുന്നു. എന്നാൽ ആകെ 350 സീറ്റുള്ള കോൺഗ്രസ് ഓഫ് ഡെപ്യൂട്ടീസിൽ 33 സീറ്റ് മാത്രമാണ് വോക്സിന് ലഭിച്ചത്. 2019 ലെ തിരഞ്ഞെടുപ്പിൽ വോക്സിനു ലഭിച്ച സീറ്റിനേക്കാൾ 33 സീറ്റ് കുറവായിരുന്നു ഈ തെരഞ്ഞെടുപ്പിൽ ലഭിച്ചത്. ഇത്തരത്തിൽ തീവ്ര വലതുപക്ഷ പാർട്ടിയെ പൂർണ്ണമായും കൈവിട്ടു കൊണ്ട് സ്പെയിനിലെ ജനങ്ങൾ നടത്തിയ ഈ സമ്മതിദാനാവകാശം അക്കാരണത്താൽതന്നെ നിർണായകവും ചരിത്രപ്രധാനവുമാണ്.
അതേസമയം സ്പെയിനിലെ മറ്റു രണ്ടു മുഖ്യധാര പാർട്ടികൾക്ക് ലഭിച്ചിട്ടുള്ള സീറ്റുകളും നിർണായക ഭൂരിപക്ഷം രേഖപ്പെടുത്തുന്നതല്ല എന്നതുകൊണ്ടുതന്നെ ഒരു തൂക്കുപാർലമെന്റിനുള്ള സാധ്യത ഈ തിരഞ്ഞെടുപ്പ് മുന്നോട്ടുവയ്ക്കുന്നുണ്ട്. സ്പെയിനിലെ മുഖ്യപ്രതിപക്ഷവും യാഥാസ്ഥിതിക ആശയങ്ങൾ പിന്തുടരുന്നതുമായ പീപ്പിൾസ് പാർട്ടിയാണ് (PP) ഈ തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയ ഒറ്റക്കക്ഷി. 136 സീറ്റും 33.1 ശതമാനം വോട്ടുമാണ് പീപ്പിൾസ് പാർട്ടിക്ക് ഈ തിരഞ്ഞെടുപ്പിൽ ലഭിച്ചിട്ടുള്ളത്. ഈ തിരഞ്ഞെടുപ്പിൽ തീവ്ര വലതുപക്ഷ വിഭാഗത്തെ ജനങ്ങൾ തള്ളിയപ്പോൾ അതിന്റെ ഗുണം ലഭിച്ചത് ശരിക്കും വലത് ലിബറലുകളായ പീപ്പിൾസ് പാർട്ടിക്കാണ്. അതുകൊണ്ടാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാൾ 47 സീറ്റുകൾ അധികം ഈ തിരഞ്ഞെടുപ്പിൽ പീപ്പിൾസ് പാർട്ടിക്ക് കരസ്ഥമാക്കാൻ സാധിച്ചത്. എന്നിരുന്നാൽപോലും കേവല ഭൂരിപക്ഷം 176 സീറ്റുകൾ ആയതിനാൽ പാർട്ടിയും അതിന്റെ നേതാവ് ആൽബർട്ടൊ നുനേസ് ഫെയ്ജുവും (Alberto Nunez Feijoo) മറ്റ് പ്രാദേശിക പാർട്ടികളുടെ സഹായം തേടേണ്ടി വരും എന്നുള്ളത് ഉറപ്പാണ്.
അതേസമയം നിലവിലെ പ്രധാനമന്ത്രി പെദ്രോ സാഞ്ചസിന്റെ പാർട്ടിയായ സ്പാനിഷ് സോഷ്യലിസ്റ്റ് വർക്കേഴ്സ് പാർട്ടിക്ക് (PSOE) ഈ തിരഞ്ഞെടുപ്പിൽ ലഭിച്ചത് 122 സീറ്റും 31.7 ശതമാനം വോട്ടുമാണ്. 2019ലെ തിരഞ്ഞെടുപ്പിനേക്കാൾ രണ്ട് സീറ്റ് മാത്രമാണ് ഈ പാർട്ടിക്ക് അധികം കരസ്ഥമാക്കാൻ കഴിഞ്ഞത് എന്നുപറയാമെങ്കിലും ഈ സങ്കീർണമായ രാഷ്ട്രീയ സാഹചര്യത്തിൽ നിലവിലുണ്ടായിരുന്ന സീറ്റുകൾ നിലനിർത്താൻ സാഞ്ചസിന്റെ പാർട്ടിക്ക് കഴിഞ്ഞു. പൊഡെമോസും യുണൈറ്റഡ് ലെഫ്റ്റും (IU) അടങ്ങുന്ന സംയുക്ത വേദിയായ സുമാർ പ്ലാറ്റ്ഫോമിന് (കൂട്ടുമുന്നണി) ലഭിച്ചിട്ടുള്ള 31 സീറ്റുകളും കൂടി ചേർന്നാലും ഭൂരിപക്ഷം ആവില്ല എന്നിരിക്കെ പ്രാദേശിക പാർട്ടികളുമായും ചെറുകക്ഷികളുമായും സഖ്യത്തിൽ ഏർപ്പെടുവാൻ സോഷ്യലിസ്റ്റ് വർക്കേഴ്സ് പാർട്ടിയും സാഞ്ചസും നിർബന്ധിതമാകും. 2023 മെയ് മാസത്തിൽ നടന്ന പ്രാദേശിക-തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിൽ തന്റെ പാർട്ടി പരാജയം ഏറ്റുവാങ്ങിയതിനെ തുടർന്ന് പ്രധാനമന്ത്രി സാഞ്ചസ് ഉടൻതന്നെ അടുത്ത പൊതു തിരഞ്ഞെടുപ്പിന് ആഹ്വാനം നൽകുകയായിരുന്നു. രാജ്യത്ത് കാറ്റലോണിയൻ, ബാസ്ക് (Catalonian, Basque) തുടങ്ങിയ പ്രാദേശിക ഗ്രൂപ്പുകൾ അവരുടെ ഇടങ്ങളിലേക്ക് ചുരുങ്ങിപ്പോയി എങ്കിലും ഈ ഗവൺമെൻറിന്റെ രൂപീകരണത്തിൽ പ്രാദേശിക ഗ്രൂപ്പുകൾക്ക് നിർണായക പങ്കുവഹിക്കാൻ സാധിക്കും എന്നതുറപ്പാണ്. അതിൽ റിപ്പബ്ലിക്കൻ ലെഫ്റ്റ് ഓഫ് കാറ്റലോണിയ (ERC)ക്കു ലഭിച്ചത് ആകെ ഏഴു സീറ്റാണ്. കാറ്റലോണിയ ജെൻസിന് (Catalonia Junts) മൊത്തം ലഭിച്ചിട്ടുള്ളത് 7 സീറ്റാണ്. ബാസ്ക് കൺട്രി ഗ്യാദർ (EH Bildu) എന്ന പാർട്ടിക്ക് 6 സീറ്റുകൾ ആണുള്ളത്. ബാസ്‌ക്ക് നാഷണലിസ്റ്റ് പാർട്ടിക്ക് (EAJ/PNV) അഞ്ച് സീറ്റും ഗലീഷ്യൻ നാഷണലിസ്റ്റ് ബ്ലോക്കിന് (BNG) ഒരു സീറ്റുമാണ് ലഭിച്ചിട്ടുള്ളത്. ഇത്തരത്തിൽ പ്രാദേശിക പാർട്ടികൾ ചെറിയ ശതമാനത്തിൽ വോട്ടുകൾ കരസ്ഥമാക്കിയ സാഹചര്യത്തിൽ അവരുടെ തീരുമാനം പുതിയ സർക്കാരിന്റെ രൂപീകരണത്തിൽ തീർച്ചയായും നിർണായകമാണ്.
യൂറോപ്യൻ രാജ്യമായ സ്പെയിൻ വർഷങ്ങളോളം ഫാസിസ്റ്റ് സ്വേച്ഛാധിപത്യത്തിന് കീഴിൽ നിലനിന്നിരുന്ന രാജ്യമാണ്. 1936 കാലത്ത് അവിടെ ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വരുമെന്ന സ്ഥിതി സംജാതമായപ്പോൾ അതിനെതിരെ സൈനിക മേധാവിയും ഫാസിസ്റ്റ് ആശയങ്ങളെ പിന്തുടരുകയും രാജവാഴ്ചയെ വാഴ്ത്തുകയും ചെയ്ത ജനറൽ ഫ്രാൻസിസ്കൊ ഫ്രാങ്കോയുടെ നേതൃത്വത്തിൽ ഈ പുതിയ ജനാധിപത്യ സർക്കാരുമായി നടത്തിയ ആഭ്യന്തര യുദ്ധത്തിന്റെ ഒടുവിൽ ഫാസിസ്റ്റ് സഖ്യം വിജയിക്കുകയും ഫ്രാൻസിസ്കോ ഫ്രാങ്കോ അധികാരത്തിൽ വരികയും ചെയ്തു. തുടർന്നിങ്ങോട്ട് വർഷങ്ങളോളം ഫ്രാങ്കോയുടെ സ്വേച്ഛാധിപത്യത്തിന് കീഴിൽ സ്‌പെയിൻ നേരിട്ട ദുരിതങ്ങൾ അത്രമേൽ ഭീകരമാണ്. അത്തരമൊരു രാജ്യത്ത് അടുത്തകാലത്തായി തീവ്ര വലതുപക്ഷ പാർട്ടിയായ വോക്‌സ് ശക്തിയാർജ്ജിക്കുന്നു എന്നത് ജനാധിപത്യ സ്നേഹികൾ വളരെ ആശങ്കയോടുകൂടിയാണ് കണ്ടിരുന്നത്. കോവിഡ് 19 വലിയ രീതിയിൽ സാമ്പത്തിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയ രാജ്യമാണ് സ്പെയിൻ. ഒപ്പം മറ്റു യൂറോപ്യൻ രാജ്യങ്ങളെപോലെതന്നെ സാമ്രാജ്യത്വവും റഷ്യയും തമ്മിൽ ഉക്രൈനിൽ നടക്കുന്ന യുദ്ധത്തിന്റെ അനന്തരഫലം നാണയപെരുപ്പത്തിന്റെ രൂപത്തിൽ ഏറ്റവുമധികം ആഘാതമുണ്ടാക്കിയ ഒരു രാജ്യവും കൂടിയാണ് സ്പെയിൻ. ഇതുമൂലം രാജ്യത്തുണ്ടായ സാമ്പത്തിക പ്രതിസന്ധി തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ സോഷ്യലിസ്റ്റ് വർക്കേഴ്സ് പാർട്ടിയുടെ വോട്ടിംഗ് ശതമാനത്തെ ബാധിച്ചു എന്ന് കണക്കാക്കപ്പെടുന്നു എങ്കിലും പുതിയൊരു സർക്കാർ രൂപീകരിക്കുന്നതിന് മറ്റു പ്രാദേശിക പാർട്ടികളുമായി സാഞ്ചസ് നടത്തുന്ന കൂടിയാലോചനകൾ ഫലം കണ്ടില്ല എന്നുണ്ടെങ്കിൽ ഇനിയുമൊരു പൊതു തിരഞ്ഞെടുപ്പിലേക്ക് രാജ്യം പോകുവാനുള്ള എല്ലാ സാധ്യതകളുമുണ്ട്. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് സ്‌പെയിനിന്റെ നേതാവായ എൻറിക്കോ സാന്റിയാഗോ കമ്യൂണിസ്റ്റ് പാർട്ടി ഈ തിരഞ്ഞെടുപ്പിൽ യുണൈറ്റഡ് ലെഫ്റ്റിന്റെയും സുമാറിന്റെയും ഭാഗമായിരുന്നു) പ്രതിലോമ ശക്തികളെ തടഞ്ഞുനിർത്തിയതിന് വോട്ടർമാർക്ക് നന്ദി അറിയിക്കുകയുണ്ടായി. “ഭൂരിപക്ഷത്തിനുവേണ്ടി പ്രവർത്തനം നടത്തുന്നത് തുടരുന്ന ഒരു ജനാധിപത്യ പുരോഗമന ഗവൺമെന്റിലേക്ക് സ്പെയിൻ പോകുകയാണ്. അവിടെ ഒരു വലതുപക്ഷ ഗവൺമെന്റോ ഒരു തീവ്രവാദ ഗവൺമെന്റോ ഉണ്ടായിരിക്കില്ല” എന്ന സാന്റിയാഗോയുടെ വാക്കുകൾ ഒട്ടേറെ സൂചനകൾ മുന്നോട്ടുവയ്ക്കുന്നുണ്ട്. ♦