2023 ജനുവരി ആദ്യം മുതൽ ഇസ്രായേൽ പ്രക്ഷുബ്ധവും കലുഷിതവുമാണ്. ജനുവരി 7ന് തുടങ്ങിയ ജനകീയ പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും നിരാഹാര സത്യാഗ്രഹങ്ങളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും തലസ്ഥാനമായ ടെൽ അവിവിലും തുടർന്നുകൊണ്ടേയിരിക്കുന്നു. അനുദിനം ശക്തിയാർജിച്ചുവരുന്ന ഈ ജനകീയ പ്രക്ഷോഭത്തിന്റെ കാരണം ഇസ്രായേലിലെ തീവ്ര യാഥാസ്ഥിതികവാദലയും തീവ്ര വലതുപക്ഷവാദിയുമായ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹും രാജ്യത്ത് നടപ്പാക്കുന്ന ജുഡീഷ്യൽ പരിഷ്കാരങ്ങളാണ്. ലെജിസ്ലേറ്റീവ്‐എക്സിക്യൂട്ടീവ്‐ജുഡീഷ്യറി എന്നിങ്ങനെ രാജ്യത്തെ അധികാരത്തെ വേർതിരിച്ചിരിക്കുന്നത് പാടെ മാറ്റി അധികാരം ആത്യന്തികമായി പ്രധാനമന്ത്രിയിൽ കേന്ദ്രീകരിക്കുവാനുള്ള നടപടിക്രമങ്ങളാണ് ബെഞ്ചമിൻ ഇസ്രായേലിൽ നടപ്പാക്കുന്നത്. ഇസ്രായേലിന്റെ നിലവിലെ ജുഡീഷ്യൻ സംവിധാനത്തെയാകെ മാറ്റിമറിക്കുകയും ജുഡീഷ്യറിയെ നിഷ്ക്രിയമാക്കുകയും ചെയ്യുന്ന ഈ പരിഷ്കാരം പിൻവലിച്ചേ മതിയാവൂ എന്ന ഉറച്ചു തീരുമാനത്തിലാണ് രാജ്യത്തെ ജനങ്ങൾ. ഒന്നാമതായി ഈ ജുഡീഷ്യൽ പരിഷ്കാരം ജഡ്ജിമാരെ നിയമിക്കുന്ന ജുഡീഷ്യൽ സെലക്ഷൻ കമ്മിറ്റിയിൽ വലിയ രീതിയിലുള്ള മാറ്റങ്ങളാണ് കൊണ്ടുവരുന്നത്. അതുപ്രകാരം ഫലത്തിൽ ജഡ്ജിമാരെ നിയമിക്കുവാനുള്ള അധികാരവും അവരുടെ നിയന്ത്രണവും ഗവൺമെന്റിനായിരിക്കും. രണ്ട്, ഒരു അടിസ്ഥാന നിയമത്തിന്റെ സാധുത പരിശോധിച്ചുകൊണ്ട് വിധിപ്രസ്താവിക്കുന്നതിൽനിന്നും രാജ്യത്തെ സുപ്രീംകോടതിയെ തടയുക, ഒരു അടിസ്ഥാന നിയമത്തിന്റെ സാധുത പരിശോധിക്കുന്നതിനോ റദ്ദാക്കലിനോ കഴിയാത്തവിധം ഇസ്രായേൽ പാർലമെന്റായ നെസ്റ്റിനെ (Knesset) സുപ്രീം കോടതിയുടെ തലയ്ക്കു മുകളിൽ സ്ഥാപിക്കുക, ഭരണപരമായ തീരുമാനങ്ങളുടെ പുനഃപരിശോധനയിൽ ഔചിത്യമില്ലായ്മ എന്ന പദം ഉപയോഗിച്ച് അവയെ തള്ളിക്കളയാനുള്ള അധികാരം റദ്ദാക്കൽ, ഏതു കാര്യത്തിലും അറ്റോണി ജനറലിന്റെ ഉപദേശത്തെ, നിർദ്ദേശത്തെ തള്ളിക്കളയാൻ മന്ത്രിമാർക്ക് അനുവാദം നൽകുക എന്നിങ്ങനെ പോകുന്നു ബെഞ്ചമിൻ നെതന്യാഹുവിന്റെ ജുഡീഷ്യൽ പരിഷ്കാരങ്ങൾ. ഇത് ഗവൺമെന്റിനെ എല്ലാ കെട്ടുകളും അഴിച്ച് തന്നിഷ്ടത്തിന് പ്രവർത്തിക്കുവാനും തീർത്തും ജനദ്രോഹപരമായ നടപടികൾ രാജ്യത്ത് നടപ്പാക്കുവാനും അനുവദിക്കുന്നതാണ് എന്ന ഉത്തമ ബോധ്യത്തിന് പുറത്താണ് രാജ്യത്തെ ജനങ്ങൾ രാജ്യദ്രോഹകരവും ജനദ്രോഹകരവുമായ ഈ പരിഷ്കാരത്തിനെതിരായി ഒന്നിച്ച് തെരുവിലിറങ്ങിയിരിക്കുന്നത്.
2018 മുതൽ ഇസ്രായേലിൽ ആരംഭിച്ച രാഷ്ട്രീയ പ്രതിസന്ധിക്ക് ഇപ്പോഴും ഫലം കണ്ടിട്ടില്ല എന്നു വേണം കരുതാൻ. തുടരെത്തുടരെയായി നടന്ന തിരഞ്ഞെടുപ്പുകളിൽ ഒന്നുംതന്നെ വിജയകരമായ ഗവൺമെൻറ് രൂപീകരിക്കുന്നതിനുള്ള ഭൂരിപക്ഷം ആർക്കും കിട്ടാതാവുകയും ഒടുവിൽ 2021ൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ ഒരു സീറ്റിന്റെ ഭൂരിപക്ഷത്തിൽ ഒരു ഗവൺമെന്റ് അധികാരത്തിൽ വരികയും ചെയ്തു. എന്നാൽ പിന്നീട് അതിൽ ഒരാൾ കൂറുമാറിയതിനെത്തുടർന്ന് രാജ്യം വീണ്ടുമൊരു തിരഞ്ഞെടുപ്പിലേക്ക് പോകുകയും ആ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി യെയർ ലാപ്പിടിന്റെ ഗവൺമെൻറ് പരാജയപ്പെടുകയും തികഞ്ഞ യാഥാസ്ഥിതികവും തീവ്ര വലതുപക്ഷ ആശയങ്ങളുമുള്ള വലതുപക്ഷ പാർട്ടികളുടെ ഒരു കൂട്ടായ്മ അധികാരത്തിൽ വരികയും ബെഞ്ചമിൻ നെതന്യാഹു 2022 ഡിസംബർ 9ന് പ്രധാനമന്ത്രിയായി ചുമതല ഏൽക്കുകയും ചെയ്തു. ഇത്തരത്തിൽ ഒരു ഭരണ രാഷ്ട്രീയ പ്രതിസന്ധി നിലനിൽക്കുന്ന ഘട്ടത്തിലാണ് ബെഞ്ചമിൻ നെതന്യാഹു അധികാരത്തിൽവരികയും തുടർന്ന് ഇപ്പോഴത്തെ ജുഡീഷ്യൽ പരിഷ്കാരങ്ങൾ പോലെയുള്ള തീവ്ര വലതുപക്ഷ നയങ്ങൾ മുന്നോട്ടുവയ്ക്കുകയും ചെയ്യുന്നത്.
2023 ജനുവരി നാലിന് പുതിയ ജസ്റ്റിസ് മന്ത്രി യാരിവ് ലെവിനാണ് സുപ്രീംകോടതിയുടെ അധികാരം പരിമിതപ്പെടുത്തുകയും ഗവൺമെന്റിന്റെ ലീഗൽ കൗൺസിലർമാരുടെ അധികാരത്തെ പരിമിതപ്പെടുത്തുകയും ജഡ്ജിമാരെ നിയമിക്കുന്ന കമ്മിറ്റിയിൽ ഭരണകക്ഷിക്ക് ഭൂരിപക്ഷം അനുവദിക്കുകയും ചെയ്യുന്ന കുപ്രസിദ്ധമായ ജുഡീഷ്യൽ പരിഷ്കാരം നടപ്പാക്കാനുള്ള തീരുമാനം പ്രഖ്യാപിക്കുന്നത്. ഈ തീരുമാനത്തെ തുടർന്ന് ക്രൈം മിനിസ്റ്റർ ഓംദിം ബയാചാദ് തുടങ്ങിയ നിരവധി സംഘടനകൾ ഈ പരിഷ്കാരങ്ങൾക്കെതിരായ സമരങ്ങൾ നടത്തുമെന്ന് പ്രഖ്യാപിച്ചു. ജനുവരി 7ന് നടന്ന പ്രതിഷേധ പ്രകടനത്തിൽ 20000 പേരോളം പങ്കെടുത്തു. ജനുവരി 14ന് ഹബിമയിൽ സംഘടിപ്പിക്കപ്പെട്ട രണ്ടാമത് പ്രതിഷേധ പ്രക്ഷോഭത്തിൽ 80,000 പേരോളം പങ്കെടുത്തു. പിന്നീട് ഫെബ്രുവരിയിൽ പ്രതിഷേധത്തിനണിനിരക്കുന്ന ജനങ്ങളുടെ എണ്ണം ഒരു ലക്ഷമായി ഉയർന്നു. മാർച്ചിലും ഏപ്രിലിലും മെയിലും ജൂണിലും നിരന്തരമായി ഈ ജുഡീഷ്യൽ പരിഷ്കാരത്തിനെതിരായി ജനങ്ങൾ ഒന്നിച്ച് സമരത്തിലാണ്. ഇപ്പോൾ രണ്ടര ലക്ഷത്തിലേറെ ജനങ്ങൾ തെരുവിൽ അണിനിരക്കുന്നു. കൂടാതെ ദ മൂവ്മെൻറ് ഫോർ ക്വാളിറ്റി ഗവൺമെൻറ് ഇൻ ഇസ്രായേൽ അസോസിയേഷൻ ഫോർ സിവിൽ റൈറ്റ് ഇൻ ഇസ്രായേൽ, ഇസ്രായേൽ ബാർ അസോസിയേഷൻ, സിവിൽ ഡെമോക്രാറ്റിക് മൂവ്മെൻറ് ഡാർനുക്കെനു അഡ്വക്കസി ഗ്രൂപ്പ് തുടങ്ങി വിവിധ സംഘടനകളും വിഭാഗങ്ങളും ഈ നിയമനിർമ്മാണത്തിനെതിരായി ഹൈക്കോടതിയിൽ പരാതികൾ ഫയൽ ചെയ്തിട്ടുണ്ട്. ഇതിനിടയിൽ ഇതിനിടയിൽ ഈ നിയമത്തിനെതിരായി നിലപാട് ഉയർത്തിയ ജനങ്ങളുടെ കൂട്ടായ എതിർപ്പുയരുന്ന പശ്ചാത്തലത്തിൽ ജുഡീഷ്യൽ പരിഷ്കാരം നിർത്തിവയ്ക്കണമെന്ന് പറഞ്ഞ ഇസ്രായേലിന്റെ പ്രതിരോധമന്ത്രി യോവ്‌ഗല്ലാന്തിനെ തൊട്ടടുത്ത ദിവസംതന്നെ ബെഞ്ചമിൻ നെതന്യാഹു മന്ത്രിസ്ഥാനത്തുനിന്നും നീക്കംചെയ്തു. എന്തുതന്നെയായാലും ജുഡീഷ്യൽ പരിഷ്കാരം നിർത്തിവയ്ക്കാതെ പിന്നോട്ടില്ല എന്ന ഉറച്ച മനസ്സോടെയാണ് ഇസ്രായേലിലെ ഭൂരിപക്ഷം ജനങ്ങളും. ഈ ജനകീയ പ്രക്ഷോഭത്തെ തടയുന്നതിന് ഈ ജനവിരുദ്ധ ജുഡീഷ്യൽ പരിഷ്കാരത്തിനെ അനുകൂലിച്ചുകൊണ്ട്, ഒരു വിഭാഗം ആളുകൾ തെരുവിലിറങ്ങിയെങ്കിലും അതൊന്നും തന്നെ വിലപ്പോയില്ല.
ഇസ്രായേലിന്റെ ചരിത്രം കണ്ട ഏറ്റവും വലിയ ജനകീയ പ്രതിഷേധമാണ് നിലവിൽ രാജ്യത്ത് അരങ്ങേറുന്നത്. സർവ അധികാരങ്ങളും തന്റെ കൈപ്പിടിയിൽ ഒതുക്കാനുള്ള ബെഞ്ചമിൻ നെതന്യാഹവിന്റെ നീക്കമാകെ പാളിയിരിക്കുകയാണ്, തൽക്കാലത്തേക്കെങ്കിലും. യഥാർഥത്തിൽ ജനാധിപത്യവിശ്വാസികളായ ജനതയുടെ പോരാട്ടമാണ് ഇസ്രയേലിൽ ഇന്ന് നടക്കുന്നത്‐ ജനാധിപത്യത്തിനായുള്ള പോരാട്ടം.ഈ ജനകീയ പ്രക്ഷോഭം ഇസ്രയേലിനെ രാഷ്‌ട്രീയ പ്രതിസന്ധിയിലേക്ക് തള്ളിനീക്കിയിരിക്കുകയാണ്. ട്രേഡ് യൂണിയനുകളും ഇടതുപക്ഷ പുരോഗമന രാഷ്‌ട്രീയ പ്രസ്ഥാനങ്ങളും ഈ പ്രക്ഷോഭത്തിന്റെ മുൻനിരയിലുണ്ട് എന്നത് പ്രതീക്ഷയ്‌ക്ക് വകനൽകുന്നു. ♦