Sunday, September 8, 2024

ad

Homeലേഖനങ്ങൾഞങ്ങൾക്കെന്ത്‌ സംഭവിച്ചുവെന്ന്‌ ആർക്കാണറിയാത്തത്‌?

ഞങ്ങൾക്കെന്ത്‌ സംഭവിച്ചുവെന്ന്‌ ആർക്കാണറിയാത്തത്‌?

തോറാ അഗർവാല

ങ്ങൾക്കുനേരെ നടന്ന മൃഗീയമായ ആക്രമണത്തെക്കുറിച്ച്‌ അതിജീവിതകളായ നാല്‌ കുക്കി സ്‌ത്രീകളുടെ വെളിപ്പെടുത്തൽ.

അതിജീവിത ഒന്ന്‌.
പ്രായം: 19 വയസ്സ്‌
ഇപ്പോൾ കാങ്‌പോക്‌പി ജില്ലയിലെ അഭയാർഥി ക്യാന്പിൽ. സംഭവം നടന്നത്‌: മെയ്‌ 15ന്‌ ഇംഫാലിൽ.

ഇംഫാലിലെ ന്യൂചെക്കോൺ കോളനിയിലെ തന്റെ പാർപ്പിടത്തിൽനിന്ന്‌ മെയ്‌ 15ന്‌ വൈകുന്നേരം എടിഎമ്മിൽനിന്ന്‌ പണം പിൻവലിക്കാൻ പോയതിനെത്തുടർന്നുണ്ടായത്‌ തനിക്ക്‌ ‘‘ഒരിക്കലും സങ്കൽപിക്കാൻ പോലും കഴിയാത്ത’’ കാര്യങ്ങളാണ്‌ എന്നാണ്‌ 19കാരിയായ കുക്കി പെൺകുട്ടി ‘സ്‌ക്രോൾ’ ഇന്റർനെറ്റ്‌ മാഗസിൻ ലേഖിക കടോറ അഗർവാലയോട്‌ പറഞ്ഞത്‌. സംഭവം നടന്ന്‌ രണ്ടുമാസത്തിനുശേഷം പോലും ‘‘രാത്രിയിൽ ഉറങ്ങാൻ പറ്റുന്നില്ല’’ എന്നും ‘‘ചിലപ്പോഴെല്ലാം ഞാൻ ഞെട്ടിയുണർന്ന്‌ കരയാറുണ്ട്‌… അവർ എന്നോട്‌ എന്താണ്‌ ചെയ്‌തതെന്ന്‌ എനിക്ക്‌ മറക്കാനാവില്ല; ഞാനത്‌ ചിന്തിച്ചുകൊണ്ടേയിരിക്കുകയാണ്‌’’ എന്നുമാണ്‌ പതിഞ്ഞ ശബ്ദത്തിൽ അവൾ സ്‌ക്രോൾ ലേഖികയോട്‌ പറഞ്ഞു.

മണിപ്പൂരിൽ മെയ്‌ മൂന്നിന്‌ കലാപം പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന്‌ ആ 19കാരിയുടെ മാതാപിതാക്കളും മറ്റു ബന്ധുക്കളുമെല്ലാം മറ്റനേകർക്കൊപ്പം ഇംഫാലിൽനിന്ന്‌ ഓടിരക്ഷപ്പെട്ടിരുന്നു. എന്നാൽ അവൾക്കു മാത്രം അക്കൂട്ടത്തിൽ പോകാൻ പറ്റിയില്ല. കലാപം പൊട്ടിപ്പുറപ്പെട്ടപ്പോൾ മുസ്ലിമിനെ വിവാഹം കഴിച്ച ഒരു കുക്കി സുഹൃത്തിനൊപ്പമായിരുന്നു അവൾ. ‘‘സംഘർഷഭരിതമായ സാഹചര്യത്തിൽ എന്റെ കുടുംബത്തിനൊപ്പം ചേരാൻ കഴിഞ്ഞില്ല; പാംഗൽ വിഭാഗക്കാർ താമസിക്കുന്ന പ്രദേശത്ത്‌ അഭയം തേടി’’ അവൾ പറഞ്ഞു. ഇസ്ലാം മതവിശ്വാസികളായ മെയ്‌ത്തി പാംഗലുകൾ മണിപ്പൂർ കലാപത്തിൽ ഉൾപ്പെട്ടിരുന്നില്ല. അതുകൊണ്ടുതന്നെ അവർ താമസിക്കുന്ന പ്രദേശത്ത്‌ ആക്രമണസാധ്യത കുറവാണ്‌. ദിവസങ്ങളോളം ആ 19കാരി ഒരു മുസ്ലിം കുടുംബത്തിനൊപ്പം പുറത്തിറങ്ങാതെ ഒളിച്ച്‌ താമസിച്ചു.

മെയ്‌ 15ന്‌ വൈകുന്നേരം 4 മണിക്ക്‌ ആ 19കാരി താൻ അഭയം തേടിയിരുന്ന വീട്ടിലെ സുഹൃത്തിനൊപ്പം എടിഎമ്മിൽനിന്ന്‌ പണമെടുക്കാൻ പുറത്തിറങ്ങുകയായിരുന്നു. പെട്ടെന്നാണ്‌ രണ്ടു കാറുകൾ റോഡിൽ വന്നുനിന്നത്‌. അവയിൽനിന്ന്‌ ചില പുരുഷന്മാർ പുറത്തിറങ്ങി ഈ പെൺകുട്ടികളോട്‌ ആധാർ കാർഡ്‌ കാണിക്കാൻ ആവശ്യപ്പെട്ടു. അവരുടെ കൈവശം ഇപ്പോൾ അതില്ലെന്ന്‌ അവർ അറിയിച്ചു. പെട്ടെന്നാണ്‌ അവർ ആ 19കാരിയെ കാറുകളിൽ ഒന്നിലേക്ക്‌ വലിച്ചിഴച്ച്‌ കയറ്റിയത്‌. മെയ്‌ത്തികൾ പാർക്കുന്ന മേഖലയിലേക്കാണ്‌ അവർ കാറോടിച്ചുപോയത്‌. കാറിനുള്ളിൽവെച്ച്‌ അവളെ അവർ തുടർച്ചയായി മർദിച്ചുകൊണ്ടിരുന്നു. അവരുടെ കേന്ദ്രത്തിലെത്തിയപ്പോൾ ഒരുകൂട്ടം സ്‌ത്രീപുരുഷന്മാർ വളഞ്ഞു. അതിജീവിതയുടെ വാക്കുകൾ‐ ‘‘സ്‌ത്രീകളാണ്‌ ആദ്യം എന്നെ തല്ലാൻ തുടങ്ങിയത്‌. പ്രായമായവരും ചെറുപ്പക്കാരുമായ ആ മെയ്‌ത്തി സ്‌ത്രീകൾ തങ്ങളുടെ പരന്പരാഗത വേഷത്തിലായിരുന്നു. ചിലർ വടികൊണ്ടും മറ്റുള്ളർ കൈകൊണ്ടും അടി തുടർന്നു. കത്രിക കൊണ്ടുവന്ന്‌ അവരിൽ ചിലർ എന്റെ മുടി മുറിച്ചു. ഞാനവരോട്‌, എന്തിനാണ്‌ നിങ്ങളിങ്ങനെ എന്നെ തല്ലിച്ചതയ്‌ക്കുന്നത്‌ എന്ന്‌ ചോദിച്ചുകൊണ്ടിരുന്നു. തല്ലരുതേയെന്ന്‌ കേണപേക്ഷിച്ചു’’.

എന്നിട്ടും അതിജീവിതയ്‌ക്ക്‌ ഒരു രക്ഷയും ലഭിച്ചില്ല. അവളെ തല്ലുകയായിരുന്ന സ്‌ത്രീകളുടെ ആ കൂട്ടം അവളെ പുരുഷന്മാരുടെ മു്നനിലേക്ക്‌ തള്ളിവിട്ടിട്ട്‌, ‘‘ഇവളെ കൊണ്ടുപോയി കൊല്ലിനനൊ’’  എന്ന്‌ പറഞ്ഞു. അതിജീവിത തുടരുന്നു‐ ‘‘ആ ആളുകൾ എന്നോട്‌ എന്തിനെടീ ഇംഫാലിൽ തന്നെ തുടർന്നത്‌ എന്ന്‌ ചോദിച്ചു. നിന്റെ കൂട്ടരായ കുക്കി ചെറുപ്പക്കാർ ഞങ്ങളുടെ ആളുകളെ കൊന്നിട്ടുണ്ട്‌; അതുകൊണ്ട്‌ നിന്നെ ഞങ്ങൾ രക്ഷപ്പെടാൻ സമ്മതിക്കില്ല.

സംഘത്തിലെ ചിലർ ആർക്കെല്ലാമോ ഫോൺ ചെയ്‌തു. മെയ്‌ത്തി തീവ്രവാദിസംഘടനയായ ആരംബായി തെങ്കോലിൽപെട്ടവരെയാണ്‌ വിളിച്ചതെന്ന്‌ അതിജീവിത കരുതുന്നു. ഈ സംഘത്തിൽപെട്ടവരാണ്‌ മെയ്‌ മൂന്നിന്‌ വംശീയ സംഘട്ടനങ്ങൾ ആരംഭിച്ചശേഷം ഏറ്റവുമധികം ആക്രമണങ്ങൾ നടത്തിയത്‌. ഫോൺ ചെയ്‌തയാൾ ഇങ്ങനെ പറഞ്ഞു‐ ‘‘ഞങ്ങൾ ഒരു ഗോത്രവർഗക്കാരിയെ പിടികൂടി. കുറച്ചുനേരം കഴിഞ്ഞപ്പോൾ മറ്റൊരു കാർകൂടി വന്നു. അതിൽ വന്നവരെല്ലാം കറുത്ത ടീ ഷർട്ട്‌ ധരിച്ച തോക്കുധാരികളായിരുന്നു. അതിജീവിതയെ വലിച്ചിഴച്ച്‌ അവർ വന്ന കാറിനുള്ളിലേക്ക്‌ കയറ്റി, മറ്റൊരിടത്തേക്ക്‌ കൊണ്ടുപോയി. അവിടെവച്ച്‌ അവർ അവളുടെ കണ്ണും കൈകളും കെട്ടി.

‘‘ഈ നേരമെല്ലാം ഞാൻ കരയുകയായിരുന്നു; ഞാൻ മിണ്ടാതിരിക്കുന്നില്ലെങ്കിൽ വെടിവെക്കുമെന്ന്‌ അവർ എന്നെ ഭീഷണിപ്പെടുത്തി’’ അതിജീവിത പറഞ്ഞു. ആക്രമണകാരികൾ എന്നെ മറ്റെവിടെക്കോ കൊണ്ടുപോകാൻ തീരുമാനിച്ചു. ‘‘ഇംഫാലിൽ വെച്ചാണ്‌ ‘അത്‌’ ചെയ്യുന്നതെങ്കിൽ പൊലീസ്‌ അവരെ പിടിച്ചേക്കാം എന്നവർക്ക്‌ തോന്നിയിരിക്കാം’’, അവൾ പറഞ്ഞു.

അപ്പോഴേക്കും രാത്രിയായി. അതിജീവിതയെ ഒരു കുന്നിൻ മുകളിലേക്ക്‌ കൊണ്ടുപോയതായി അവൾ പറഞ്ഞു. ‘‘ജീവിക്കണമെന്നുണ്ടെങ്കിൽ തങ്ങൾ ‘പറയുന്നതുപോലെ’ അനുസരിക്കണമെന്ന്‌ അവർ പറഞ്ഞു. വൃത്തികെട്ട ഭാഷയാണ്‌ അവർ ഉപയോഗിച്ചത്‌. ബലാത്സംഗം ചെയ്യാൻ പോകുകയാണെന്നാണ്‌ അവർ സൂചിപ്പിച്ചത്‌. അവർ എന്നോട്‌ പറഞ്ഞു, ‘‘അത്‌ ചെയ്യാൻ’ അനുവദിച്ചാൽ രക്ഷപ്പെടുത്താമെന്ന്‌. ഞാൻ അത്തരത്തിലുള്ള ഒരുവളല്ലെന്ന്‌ അവരോട്‌ ഞാൻ പറഞ്ഞു’’. അവൾ ചെറുത്തപ്പോൾ അവർ ബലമായി അവളുടെ വസ്‌ത്രങ്ങൾ വലിച്ചഴിച്ചു; ബലമായി പിടിച്ചു തറയിൽ തള്ളിവീഴ്‌ത്തി. ഈ നേരമെല്ലാം തനിക്ക്‌ റൈഫിളുകൾ നിറയ്‌ക്കുന്ന ശബ്ദം കേൾക്കാമായിരുന്നുവെന്നും തന്റെ ദേഹത്ത്‌ തോക്കിൻകുഴൽ തട്ടിനിൽക്കുന്നതറിയാമായിരുന്നുവെന്നും അവൾ പറഞ്ഞു. പിന്നീടവൾക്ക്‌ ഓർമ വരുമ്പോൾ നേരം വെളുക്കാറായിരുന്നു; പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനുള്ള കലശലായ ശങ്ക. ‘‘അതിനനുവദിക്കണമെന്ന്‌ ഞാൻ അവരോട്‌ അപേക്ഷിച്ചപ്പോൾ അവർ പരിഹസിച്ചു ചിരിച്ചു; മരിക്കണേനു മുമ്പേ മൂത്രമൊഴിക്കണമെന്നുണ്ടെങ്കിൽ അതായിക്കോ എന്നും അവർ പറഞ്ഞു’’.

അക്രമികൾ അവളുടെ കൈയിലെ കെട്ടഴിച്ചു. 
‘അധികം ദൂരേക്ക്‌ പോകരുത്‌’’ എന്ന താക്കീതോടെ അവളെ പ്രാഥമികാവശ്യങ്ങൾക്കായി മാറാൻ അനുവദിച്ചു. അതിജീവിത കണ്ണുകെട്ടിയിരുന്ന തുണി വലിച്ചഴിച്ചു; ഒരൽപം ദൂരേക്ക്‌ മാറി. അവൾ തുടർന്നു ‘‘ഞാനൊന്ന്‌ തിരിഞ്ഞുനോക്കിയപ്പോൾ അവർ പുറംതിരിഞ്ഞ്‌ നിൽക്കുന്നതാണ്‌ കണ്ടത്‌. എങ്ങനെയോ ഞാൻ.. എങ്ങനെയെന്ന്‌ എനിക്കിപ്പോഴും അറിയില്ല… ആ കുന്നിൻ മുകളിൽനിന്ന്‌ താഴേക്ക്‌ ഉരുണ്ടുനീങ്ങി. താഴെ റോഡായിരുന്നു, ഞാനൊരു ഓട്ടോറിക്ഷ വരുന്നത്‌ കണ്ടു; അതൊരു മുസ്ലിമിന്റേതായിരുന്നു; ഡ്രൈവർ എന്നെ കണ്ടു; ഓട്ടോ നിർത്തി; ഓട്ടോയിൽ കയറാൻ അയാളെന്നെ സഹായിച്ചു. എനിക്ക്‌ അപ്പോൾ എണീറ്റ്‌ നിൽക്കാൻപോലും പറ്റാത്ത അവസ്ഥയിലായിരുന്നു… അപ്പോഴേക്കും ഞാൻ രക്ഷപ്പെടുകയാണെന്ന്‌ അക്രമികൾ മനസ്സിലാക്കി. അവർ താഴേക്ക്‌ തുരുതുരാ വെടിവെയ്‌ക്കാൻ തുടങ്ങി. അപ്പോഴേക്കും ഓട്ടോ വേഗത്തിൽ മുന്നോട്ടു നീങ്ങി.

ആദ്യം അവളെ എത്തിച്ചത്‌ പൊലീസ്‌ സ്‌റ്റേഷനിലായിരുന്നു; അവിടെ അപ്പോൾ ഉണ്ടായിരുന്ന പൊലീസുകാർ ചുമതലപ്പെട്ട ഓഫീസർ വരുന്നതുവരെ അവിടെ ഇരിക്കാൻ അവളോട്‌ പറഞ്ഞു. പൊലീസ്‌ സ്‌റ്റേഷനിൽ ഉണ്ടായിരുന്നവരെല്ലാം മെയ്‌ത്തികളാണെന്നത്‌ അവളെ അസ്വസ്ഥമാക്കി; ഓട്ടോ ഡ്രൈവർക്കൊപ്പം പോകാൻ അവൾ തീരുമാനിച്ചു; അയാൾ അവളെ ന്യൂചെക്കോണിൽ എത്തിച്ചു. ഓടിപ്പോകാതെ ഇംഫാലിൽ അപ്പോഴും ഉണ്ടായിരുന്ന ചില കുക്കി സമുദായാംഗങ്ങൾ അവളെ സ്വീകരിച്ചു.

അടുത്ത രണ്ടുദിവസം അവൾ കഴിഞ്ഞത്‌ കുക്കി വംശത്തിൽപെട്ട മുൻ ബിജെപി നിയമസഭാംഗമായ ടി ടി ഹവോകിപ്പിന്റെ വീട്ടിലായിരുന്നു. അത്‌ മുൻ നിയമസഭാംഗത്തിന്റെ വീടാണെന്നും മറ്റും അവളോട്‌ പറഞ്ഞത്‌ അദ്ദേഹത്തിന്റെ ഭാര്യയായ മേരി ഹവോകിപ്പായിരുന്നു.

തന്റെ ജീവനിൽ പേടിയുണ്ടായിരുന്നതിനാൽ 19 വയസ്സുള്ള ആ പെൺകുട്ടി തനിക്ക്‌ ആശുപത്രിയിൽ പോകണ്ടായെന്ന്‌ പറഞ്ഞു. പകരം ഹവോകിപ്പിന്റെ വീട്ടിൽ അവരെക്കൊണ്ടു കഴിയുന്ന ഫസ്റ്റ്‌ എയ്‌ഡ്‌ മതിയെന്നവൾ പറഞ്ഞു. അപ്പോഴും തന്റെ ചെവിയിൽനിന്നും രക്തം പുറത്തേക്കൊഴുകിയിരുന്നു എന്നവൾ ഓർമിക്കുന്നു; അവളുടെ കണ്ണുകൾ ചുവന്നു കലങ്ങിയിരുന്നു; ശരീരമാകെ മുറിവും ചതവുമായിരുന്നു; മുഖം നീരുവെച്ചു വീർത്തിരുന്നു. ‘‘എനിക്ക്‌ ഭക്ഷണം ചവയ്‌ക്കാനോ വിഴുങ്ങാനോപോലും കഴിഞ്ഞിരുന്നില്ല’’‐ അവൾ പറയുന്നു.

ഇപ്പോൾ ചുരാചന്ദ്‌പൂരിലുള്ള മേരി ഹവോകിപ്പ്‌ പറയുന്നു, ‘‘ഞാൻ അവൾക്ക്‌ ഭക്ഷണം കൊടുത്തു, അവളെ പരിപാലിച്ചു’’. ‘‘അവളുടെ അവസ്ഥയെന്താണെന്ന്‌ പറഞ്ഞറിയിക്കാൻ എനിക്ക്‌ വാക്കുകളില്ല’’, എന്നാണ്‌ ഹവോകിപ്പ്‌ പറഞ്ഞത്‌. അദ്ദേഹം തുടർന്നു, ‘‘അവൾക്ക്‌ കോണിപ്പടി നടന്നുകയറുവാൻ പോലും കഴിഞ്ഞിരുന്നില്ല, രണ്ടുദിവസത്തോളം ഭക്ഷണം കഴിക്കാൻപോലും കഴിഞ്ഞിരുന്നില്ല. അവളെ എങ്ങനെ മാതാപിതാക്കളുടെ അടുത്തെത്തിക്കും എന്നോർത്ത്‌ ഞങ്ങൾ ആശങ്കപ്പെട്ടു. ഒടുവിൽ ഞങ്ങളത്‌ കൈകാര്യം ചെയ്‌തു.

മെയ്‌ 20ന്‌, അതിജീവിതയെ അവളുടെ രക്ഷിതാക്കൾ അഭയംതേടിയ കാങ്‌പോക്‌പി ജില്ലയിലെ ദുരിതാശ്വാസ ക്യാന്പിൽ എത്തിക്കാൻ സാധിച്ചു.

അവിടെയെത്തിയശേഷം അവളെ കാങ്‌പോക്‌പി ജില്ലയിലെ ഒരു ആശുപത്രിയിൽ എത്തിച്ചു. എന്നാൽ പ്രാഥമിക ചികിത്സയ്‌ക്കുശേഷം അയൽസംസ്ഥാനമായ നാഗാലാൻഡിലെ ആശുപത്രിയിലേക്ക്‌ റെഫർ ചെയ്യുകയായിരുന്നു.

മെയ്‌ 24ന്‌ കൊഹിമയിലെ നാഗ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ ഒപ്പിട്ട അവളുടെ ഡയഗ്‌നോസിസ്‌ ഷീറ്റിൽ ‘‘ആക്രമണത്തിന്റെയും പീഡനത്തിന്റെയും കുറ്റകരമായ കേസ്‌’’ എന്നാണെഴുതിയിരിക്കുന്നത്‌. കേസ്‌ സമ്മറിയുടെ അവസാനഭാഗത്ത്‌, മണിപ്പൂർ ഗോത്രസംഘർഷത്തിൽ 15/05/2023ന്‌ ആക്രമിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്‌തു’’ എന്നാണെഴുതിയിരിക്കുന്നത്‌.

രണ്ടുമാസം പിന്നിട്ടിരിക്കുന്നു; അക്രമികളുടെ മുഖം ഇപ്പോഴും താനോർക്കുന്നുവെന്ന്‌ അതിജീവിത പറയുന്നു. അവളുടെ കുടുംബം പൊലീസിൽ പരാതി നൽകുന്നതുമായി മുന്നോട്ടുപോയിരുന്നു, എന്നാൽ അവിടെയെത്തിയ അവരെ പൊലീസുകാർ ഭയപ്പെടുത്തുകയും അവർ നിഷേധാത്മകമായി പെരുമാറുകയും ചെയ്‌തു. ആത്യന്തികമായി പരാതി ഫയൽ ചെയ്‌തിട്ടുണ്ടോയെന്ന്‌ തനിക്കുറപ്പില്ലായെന്നും അതിജീവിത കൂട്ടിച്ചേർത്തു.

സ്‌ക്രോളിന്റെ പ്രവർത്തകർ കാങ്‌പോക്‌പിയിലെയും സപ്പോർമെയ്‌നയിലെയും പൊലീസ്‌ സ്‌റ്റേഷനുകൾ സന്ദർശിച്ചു. എന്നാൽ, കേസിനെക്കുറിച്ച്‌ യാതൊരു റിക്കാർഡും അവിടെയുണ്ടായില്ല.

തന്റെ എല്ലാ മെയ്‌ത്തി സുഹൃത്തുക്കളുമായുമുള്ള ബന്ധം നഷ്ടപ്പെട്ടുവെന്ന്‌ അതിജീവിത പറയുന്നു. ‘‘അവരിൽ ചിലർ എന്റെ അമ്മയുടെ നന്പർ കണ്ടെത്തി വിളിക്കുകയും എന്നോട്‌ സംസാരിക്കണമെന്ന്‌ ആവശ്യപ്പെടുകയും ചെയ്‌തിരുന്നു; എന്നാൽ അവരുടെ കോളുകൾ എടുക്കുവാൻ എനിക്കു കഴിഞ്ഞില്ല‐ അവരെന്നോട്‌ (മെയ്‌ത്തികൾ) ചെയ്‌തതൊന്നും എനിക്കത്ര എളുപ്പത്തിൽ മറക്കുവാൻ സാധിക്കുന്നതല്ല. ഇംഫാലിലെ വീട്ടിലേക്ക്‌ എനിക്കിനിയൊരിക്കലും പോകാൻ സാധിക്കില്ല’’, അവൾ പറഞ്ഞു.

ഈ ദിവസങ്ങളിൽ മനസ്സിന്‌ ശക്തിയുള്ളവളായി മാറണമെന്ന്‌ അവളുടെ അമ്മ അവളോട്‌ പറഞ്ഞുകൊണ്ടേയിരുന്നു. ‘മറ്റു പെൺകുട്ടികൾക്കും സമാനമായ അനുഭവങ്ങളുണ്ടായെന്ന്‌ കേട്ടുവെന്നും അവർക്കെല്ലാം ഊർജമാകുന്നതിന്‌ ഞാൻ കൂടുതൽ കരുത്താർജ്ജിക്കണ’മെന്നും അമ്മ പറഞ്ഞുകൊണ്ടേയിരിക്കുന്നു; അവൾ പറഞ്ഞു.

സ്‌ക്രോൾ ഇത്‌ പ്രസിദ്ധീകരിച്ച്‌ ഒരുദിവസം കഴിഞ്ഞ്‌ അവൾ വീണ്ടും പീഡനമാരോപിച്ചുകൊണ്ട്‌ പൊലീസിൽ ഒരു പരാതി നൽകുകയുണ്ടായി. അതിൽ എഫ്‌ഐആർ ഫയൽ ചെയ്‌തിട്ടുണ്ട്‌.

അതിജീവിതമാർ: 19 വയസ്സും 20 വയസ്സുമുള്ള രണ്ട്‌ സ്‌ത്രീകൾ
നിലവിൽ തങ്ങളുടെ കുടുംബത്തോടൊപ്പം ചുരാചന്ദ്‌പൂർ ജില്ലയിൽ
സംഭവം നടന്ന ദിവസം: മെയ്‌ 4, ഇംഫാലിലെ നഴ്‌സിങ്ങ്‌ ഇൻസ്റ്റിറ്റ്യൂട്ടിൽ

മെയ്‌ 4ന്‌ ഉച്ചകഴിഞ്ഞുള്ള നേരത്ത്‌, ഇംഫാലിലെ പോറോംപറ്റിലെ നഴ്‌സിങ്ങ്‌ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഗേൾസ്‌ ഹോസ്റ്റലിലെ അന്തേവാസികൾ ഒരു ബഹളം കേട്ടു. അക്രമിസംസംഘം അവരുടെ ഹോസ്റ്റൽ ഗേറ്റിൽ തള്ളി ബഹളമുണ്ടാക്കുകയായിരുന്നു. വിദ്യാർഥികൾ ജനാലകളിലൂടെ നോക്കിനിൽക്കെ, പെട്ടെന്നുതന്നെ, സ്‌ത്രീകളും പുരുഷന്മാരുമടങ്ങുന്ന ആ അക്രമിസംഘം അകത്തേക്കിരച്ചുകയറി.

രണ്ട്‌ കുക്കി സ്‌ത്രീകളെ‐ 19 വയസ്സുള്ള ഒരു ഒന്നാംവർഷ വിദ്യാർഥിനിയെയും 20 വയസ്സുള്ള ഒരു രണ്ടാംവർഷ വിദ്യാർഥിനിയെയും അക്രമിസംഘം പിടികൂടി; അവരെ ക്രൂരമായി തല്ലിച്ചതച്ച്‌ ‘‘മൃതപ്രായരാക്കി’’ ഹോസ്റ്റലിനു പുറത്ത്‌ റോഡിന്റെ സൈഡിൽ ഉപേക്ഷിച്ചു. പൊലീസിന്റെ വണ്ടി വന്ന്‌ അവരെ എടുത്ത്‌ ആശുപത്രിയിലേക്ക്‌ കൊണ്ടുപോകുംവരെ അവർ അവിടെ കിടന്നു.

അവർ രണ്ടുപേരും പ്രത്യേകം പൊലീസിൽ പരാതി നൽകുകയുണ്ടായി:‐ 19 വയസ്സുകാരി ഡൽഹിയിലെ ഉത്തംനഗർ പൊലീസ്‌ സ്‌റ്റേഷനിലും 20 വയസ്സുകാരി മണിപ്പൂരിലെ ചുരാചന്ദ്‌പൂർ പൊലീസ്‌ സ്‌റ്റേഷനിലുമാണ്‌ പരാതി നൽകിയത്‌. ഇതിൽ ഇരുപതുകാരിയുടെ പരാതിയിൽ കൊലപാതകശ്രമത്തിനും സ്‌ത്രീയുടെ പാതിവ്രത്യത്തിന്മേലുള്ള കടന്നാക്രമണത്തിനും എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തശേഷം അത്‌ ഇംഫാലിലെ പൊറോംപറ്റ്‌ പൊലീസ്‌ സ്‌റ്റേഷനിലേക്കയച്ചു. പത്തൊന്പതുകാരിയുടെ പരാതി സംബന്ധിച്ച്‌ ഉത്തംനഗർ പൊലീസ്‌ സ്‌റ്റേഷൻ അധികാരികൾ പറയുന്നത്‌, അവർ മെയ്‌ 30ന്‌ മണിപ്പൂർ ഡിജിപി ഓഫീസിലേക്ക്‌ ആ പരാതി അയച്ചിരുന്നു എന്നാണ്‌. പക്ഷേ ഇംഫാലിലെ പൊറോംപറ്റ്‌ പൊലീസ്‌ സ്‌റ്റേഷൻ പറയുന്നത്‌ അവർക്ക്‌ പരാതി ലഭിച്ചിട്ടില്ല എന്നാണ്‌.

‘‘ആധുനിക ആയുധങ്ങളേന്തിയ മെയ്‌ത്തി സമുദായത്തിൽപെട്ട ചില അക്രമിക്കൂട്ടങ്ങൾ ഗോത്രവിരുദ്ധ മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ട്‌ എന്റെ ഹോസ്റ്റൽ മുറിക്കുള്ളിലേക്കിരച്ചുകയറി… അവരെന്നെ റോഡിലേക്ക്‌ വലിച്ചിഴച്ചു. എന്നെ അധിക്ഷേപിച്ചു, പീഡിപ്പിച്ചു, തല്ലിച്ചതച്ചു’’‐ ഇരുപതുകാരിയുടെ പരാതിയിൽ പറഞ്ഞു.

‘‘മറ്റൊരു രാജ്യത്തുനിന്ന്‌ നിയമവിരുദ്ധമായി കുടിയേറിയവൾ’’ എന്നാരോപിച്ചുകൊണ്ട്‌ അക്രമിസംഘം തന്നെ ‘‘അതിക്രൂരമായി’’ തല്ലിച്ചതയ്‌ക്കാൻ തുടങ്ങിയെന്ന്‌ പത്തൊന്പതുകാരി പറയുന്നു. ‘‘അവർ എന്നെ മൃതപ്രായരാക്കി ചാകാൻവേണ്ടി റോഡിൽ ഉപേക്ഷിച്ചു’’. അവളുടെ പരാതിയിൽ പറയുന്നു.

ഇപ്പോൾ രണ്ടുമാസത്തിലേറെ ആയിരിക്കുന്നു. ചുരാചന്ദ്‌പൂരിലെ തങ്ങളുടെ വീടുകളിൽ ഇരു പെൺകുട്ടികളും ഇപ്പോഴും തങ്ങളനുഭവിച്ച കൊടും പീഡനം മറക്കാനാവാതെ കഴിയുന്നു. രണ്ടുപേരും ചിലപ്പോഴൊക്കെ സംസാരിക്കും, പക്ഷേ ആ സംഭവത്തെക്കുറിച്ച്‌ അവരിരുവരും ഒന്നും മിണ്ടുകയില്ല.

അക്രമിസംഘത്തിലെ രണ്ടു സ്‌ത്രീകൾ ഹോസ്റ്റലിനകത്ത്‌ കടന്ന്‌ വിദ്യാർഥികളുടെ തിരിച്ചറിയൽ കാർഡുകൾ പരിശോധിച്ചു. ഹോസ്റ്റലിൽ മെയ്‌ത്തി, നാഗ, കുക്കി സമുദായങ്ങളിലെ പെൺകുട്ടികളാണ്‌ ഉണ്ടായിരുന്നത്‌. ‘‘കുക്കി സമുദായത്തിൽപെട്ട എട്ടുപേർ ഹോസ്റ്റലിലുണ്ടായിരുന്നു; അവരിൽ ആറുപേരെയും ഹോസ്റ്റലിന്റെ ഒരുഭാഗത്ത്‌ ഒളിപ്പിക്കാൻ കഴിഞ്ഞു. പക്ഷേ എന്നെയും എന്റെ സീനിയറിനെയും മാത്രം ഒളിപ്പിക്കാനായില്ല’’‐ പത്തൊന്പതുകാരി പറഞ്ഞു.

താൻ നാഗവിഭാഗത്തിൽപെട്ടയാളാണെന്ന്‌ കാർഡ്‌ പരിശോധനയ്‌ക്കു വന്ന സ്‌ത്രീകളോട്‌ പറഞ്ഞപ്പോൾ, ‘‘അതു കുഴപ്പമില്ല, ഞങ്ങൾ കുക്കി സ്‌ത്രീകളെ മാത്രം തിരഞ്ഞാണ്‌ വന്നതെ’’ന്നാണ്‌ ആ സ്‌ത്രീകൾ പറഞ്ഞതെന്ന്‌ ഇരുപതുകാരി പറഞ്ഞു. എന്തുതന്നെയായാലും കാർഡുകൾ കാണിക്കാൻ നിർബന്ധിതരായപ്പോൾ ഇരുവരും കുക്കികളാണെന്ന്‌ അവർക്ക്‌ ബോധ്യപ്പെട്ടു. തങ്ങളെ ഒന്നും ചെയ്യരുതെന്ന്‌ ഇൻസ്റ്റിറ്റ്യൂട്ടിലെ സ്റ്റാഫായ ഒരു മെയ്‌ത്തി സ്‌ത്രീ അവരോട്‌ പറഞ്ഞുനോക്കിയെങ്കിലും ഫലമുണ്ടായില്ലെന്ന്‌ പത്തൊന്പതുകാരി ഓർത്തെടുക്കുന്നു. അവരെ രണ്ടുപേരെയും താഴേക്കെത്തിക്കുവാൻ പറഞ്ഞ്‌ താഴെനിന്ന അക്രമിസംഘം മുറവിളി കൂട്ടുന്നുണ്ടായിരുന്നു. ‘‘എന്ത്‌ നോക്കിനിൽക്കുകയാണവിടെ? അവറ്റകളെ ഇങ്ങോട്ടു കൊണ്ടുവരൂ, വേഗം കൊണ്ടുവരൂ’’, ആൾക്കൂട്ടം അലറിവിളിച്ചു. തുടർന്ന്‌ ഞങ്ങളെ രണ്ടുപേരെയും ബലമായി വലിച്ചിഴച്ചു, മൃഗീയമായി തല്ലിച്ചതച്ചു. ഇൻസ്റ്റിറ്റ്യൂട്ടിലെ സീനിയർ സ്റ്റാഫ്‌ ഇതെല്ലാം നിസ്സഹായയായി നോക്കിനിന്നു. ‘‘ഞാനവരോട്‌ ശരിക്കും കേണപേക്ഷിച്ചു. പക്ഷേ, കാര്യമുണ്ടായിരുന്നില്ല, ഞാൻ അത്രയ്‌ക്ക്‌ നിസ്സഹായയായി’’ അവർ പറയുന്നു.
ആണുങ്ങളുടെ അടിയും ചവിട്ടുമേറ്റ്‌ അവർ നിലവിളിക്കുമ്പോൾ ‘‘നിങ്ങളെന്തിനാണവരെ ജീവനോട്‌ വെച്ചിരിക്കുന്നത്‌? അവരെ ബലാത്സംഗം ചെയ്യൂ, എന്നിട്ട്‌ അവറ്റകളുടെ ശരീരം കഷ്‌ണംകഷ്‌ണമായി മുറിച്ചിട്ട്‌ കത്തിക്കൂ’’ എന്ന്‌ അവിടെ കൂടിനിന്ന സ്‌ത്രീകൾ അലറിവിളിച്ചു.

ഇരുപതുകാരിയെ അക്രമികൾ അധികവും ഇടിക്കുകയായിരുന്നു. അവളുടെ മുൻവശത്തെ 3 പല്ലുകൾ അവർ ഇടിച്ചുതെറിപ്പിച്ചു. സംഭവം നടന്ന്‌ രണ്ടുമാസം പിന്നിട്ടിട്ടും ഇപ്പോഴുമവളുടെ ചുണ്ടുകൾ നീരുവെച്ചു വീർത്തിരിക്കുന്നു. മാരകമായി തല്ലിച്ചതച്ചശേഷം അക്രമിസംഘം അവരെ റോഡിലൂടെ കുറച്ചുദൂരം നടത്തിച്ചു. ‘‘നടക്കുമ്പോൾ എന്റെ ഷർട്ടിലൂടെ ചെരിപ്പിലേക്ക്‌ രക്തം ഒലിക്കുകയായിരുന്നു… നടക്കുമ്പോൾ ഒരുത്തൻ ഞങ്ങളുടെ നേരെ തോക്കുചൂണ്ടി. അപ്പോൾ വേറൊരാൾ അവനെ തടഞ്ഞു, വേണ്ട ഇത്‌ പറ്റിയ സമയമല്ലായെന്നു പറഞ്ഞു. അയാൾ തോക്കുമാറ്റി’’, പത്തൊന്പതുകാരി പറഞ്ഞു. അവരുടെ ബോധം പോകുന്നതുവരെ അക്രമിസംഘം അവരെ വീണ്ടും മർദിച്ചു. ബോധംവരുമ്പോൾ അവർ ആശുപത്രിയിലായിരുന്നു.

അതിജീവിതകൾ: 44 വയസ്സുകാരിയും 21 വയസ്സുകാരിയും
നിലവിൽ: യഥാക്രമം ചുരാചുന്ദ്‌പൂർ ജില്ലയിലെയും തെങ്നൗപാൽ ജില്ലയിലെയും ദുരിതാശ്വാസ ക്യാന്പുകളിൽ
സംഭവം നടന്ന ദിവസം: മെയ്‌ 4ന്‌, കാങ്‌പോക്‌പി ജില്ലയിലെ ബി ഫൈനത്തിനടുത്ത്‌

മെയ്‌ 4ന്‌, അടുത്ത ഗ്രാമത്തിലെ വീടുകൾ മെയ്‌ത്തി അക്രമിക്കൂട്ടം കത്തിക്കുന്നു എന്നു കേട്ടപ്പോൾതന്നെ ബി ഫൈനം ഗ്രാമത്തിലെ താമസക്കാർ അവരുടെ സാധനങ്ങൾ വാരിപ്പെറുക്കാൻ തുടങ്ങി, എങ്ങനെയും അവിടെനിന്നും രക്ഷപ്പെടുകയെന്നതായിരുന്നു ഉദ്ദേശ്യം. അക്കൂട്ടത്തിലൊരാളായിരുന്നു ഗ്രാമമുഖ്യന്റെ ഭാര്യയായ 44 വയസ്സുകാരി. ഒട്ടേറെ കുടുംബങ്ങൾ അവിടെനിന്നും രക്ഷപ്പെട്ടു. പക്ഷേ അവളും അവളുടെ അയൽവാസികളിൽ ചിലരും തെല്ലൊന്നു വൈകിപ്പോയി. എന്നിട്ടും അവർ രക്ഷപ്പെടാൻ ശ്രമിച്ചു. കൃത്യസമയത്ത്‌ ഇരുകുടുംബങ്ങളും അവരുടെ വീടിനടുത്ത്‌ കാടുപിടിച്ചുകിടന്ന ഒരു സ്ഥലത്ത്‌ ഒളിച്ചു. ഗ്രാമത്തിലെ പള്ളിമണികൾ അക്രമികൾ തകർക്കുന്ന ശബ്ദം അവർക്കു കേൾക്കാമായിരുന്നു. തങ്ങളുടെ വീടുകൾ കത്തുന്നതും അവർ കണ്ടു. ‘‘ആ കുറ്റിക്കാടുകൾ ഞങ്ങളെ ഒളിക്കാൻ സഹായിച്ചു’’, നാൽപത്തിനാലുകാരിയായ സ്‌ത്രീ പറഞ്ഞു.

പക്ഷേ, അക്രമികൾ അവരെ കണ്ടെത്തി. തന്റെ കൺമുന്നിലിട്ട്‌ അയൽവാസിയായ 56 വയസ്സുള്ള ആ മനുഷ്യനെയും അദ്ദേഹത്തിന്റെ പത്തൊന്പതുകാരനായ മകനെയും അവർ തല്ലിച്ചതച്ചു. പിന്നീട്‌ അക്രമിക്കൂട്ടം അദ്ദേഹത്തിന്റെ ഇരുപത്തൊന്നു വയസ്സുള്ള മകൾക്കും എനിക്കും നേരെ തിരിഞ്ഞു, ആ സ്‌ത്രീ പറഞ്ഞു. തുടർന്നവരെ നഗ്നരാക്കി അക്രമിക്കൂട്ടം തെരുവിലൂടെ നടത്തി; നടക്കുമ്പോൾ അക്രമികൾ ലൈംഗികച്ചുവയോടെ അവരുടെ ശരീരത്ത്‌ സ്‌പർശിച്ചുകൊണ്ടിരുന്നു‐ ഈ സംഭവത്തിന്റെ വീഡിയോയാണ്‌ ഇപ്പോൾ ഇന്റർനെറ്റിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത്‌.

ഈ ഭീകരമായ സംഭവം കഴിഞ്ഞ്‌ അധികം വൈകാതെതന്നെ ആ ഇരുപത്തൊന്നുകാരി വിവാഹിതയായി, ഇപ്പോൾ തെങ്നൗപാലിൽ താമസിക്കുന്നു. നാൽപത്തിനാലുകാരി ചുരാചന്ദ്‌പൂരിലെ നിറയെ ആളുകളുള്ള ദുരിതാശ്വാസ ക്യാമ്പിലാണ്‌.

അവരെ പൊന്തക്കാട്ടിൽ കണ്ടെത്തിയ അക്രമിസംഘം ഉപദ്രവിക്കാൻ തുടങ്ങിയപ്പോൾ അക്രമിക്കൂട്ടത്തിൽ തന്നെയുള്ള ചില മെയ്‌ത്തി പുരുഷന്മാർ സ്‌ത്രീകളെ തല്ലുന്നതിൽ അസ്വസ്ഥത പ്രകടിപ്പിച്ചു. എന്നാൽ മറ്റു ചിലർ പറഞ്ഞു, ‘‘ഇവരെ തല്ലാനാണ്‌ ഏറ്റവും സുഖം, നല്ല മൃദുലമല്ലേ…’’. ‘‘എന്നാലും നമ്മൾ സ്‌ത്രീകളെ തല്ലണ്ടാ’യെന്ന്‌ എതിർവിഭാഗം പറഞ്ഞുവെങ്കിലും മറ്റുള്ളവർ അതു കേട്ടില്ല. അവർ ഞങ്ങളെ ഇടിച്ചു, ഞങ്ങളുടെ മുടിപിടിച്ചു വലിച്ചു, ഞങ്ങളെ മൃഗീയമായി തല്ലി’’, നാൽപത്തിനാലുകാരി പറയുന്നു.

‘‘സമീപത്തുതന്നെ ഒരു പൊലീസ്‌ വാഹനമുണ്ടായിരുന്നു. ഞങ്ങളെ മൂന്നുപേരെയും (എന്നെയും ആ 21 കാരിയെയും അവളുടെ 19 വയസ്സുള്ള സഹോദരനെയും) അവർ ആ വണ്ടിക്കകത്തേക്ക്‌ കയറ്റി. ആ കുട്ടികളുടെ അച്ഛനെ ദൂരേക്കു വലിച്ചിട്ട്‌ തല്ലിക്കൊന്നു’’, അവൾ തുടർന്നു. ‘‘അദ്ദേഹത്തെ അവരെങ്ങനെയാണ്‌ കൊന്നതെന്ന്‌ ഞങ്ങൾ കണ്ടില്ല, പക്ഷേ അദ്ദേഹത്തെ കൊന്നൂവെന്ന്‌ ഞങ്ങൾക്കറിയാമായിരുന്നു’’. ഇതിനിടയിൽ വണ്ടിയെടുത്ത്‌ തങ്ങളെ അവിടുന്ന്‌ രക്ഷപ്പെടുത്താൻ വണ്ടിയിലിരുന്ന പൊലീസുകാരനോട്‌ യാചിച്ചുവെന്നും അവൾ പറയുന്നു.

അവൾ തുടരുന്നു, ‘‘ആദ്യമൊന്നും പൊലീസുകാരൻ വണ്ടിയെടുത്തില്ല. പക്ഷേ പിന്നീടദ്ദേഹം വണ്ടി സ്റ്റാർട്ടാക്കിയതും അക്രമിക്കൂട്ടം ചുറ്റും കൂടി’’. ആ ചെറുപ്പക്കാരനെ അവർ വണ്ടിയിൽനിന്ന്‌ വലിച്ചിറക്കി അവന്റെ അച്ഛനെ കൊണ്ടുപോയ അതേ പാടത്തേക്കു കൊണ്ടുപോയി; അവിടെയിട്ടു വലിയ വടികൊണ്ട്‌ അവനെ തല്ലിച്ചതച്ചു. ഒടുവിലവൻ മരിച്ചുകിടക്കുന്ന അച്ഛന്റെ മേലേക്ക്‌ വീണു. അപ്പോഴേക്കും അക്രമിസംഘം ആ സ്‌ത്രീകൾക്കുനേരെ തിരിഞ്ഞു. അവരോട്‌ തുണിയഴിച്ചുമാറ്റാൻ ആവശ്യപ്പെട്ടു. ‘‘ഞങ്ങൾ തടഞ്ഞപ്പോൾ അവർ ഞങ്ങളെ ഇടിക്കുകയും വസ്‌ത്രങ്ങൾ ബലമായി വലിച്ചുകീറാൻ ശ്രമിക്കുകയും ചെയ്‌തു’’, നാൽപൊന്നുകാരി പറഞ്ഞു: ‘‘വസ്‌ത്രങ്ങൾ അഴിച്ചില്ലെങ്കിൽ കൊല്ലുമെന്നവർ ഭീഷണിപ്പെടുത്തി. ‘സ്വയം രക്ഷിക്കാൻ’ എല്ലാ വസ്‌ത്രങ്ങളും അഴിച്ചുമാറ്റുക എന്നുള്ളതല്ലാതെ എനിക്ക്‌ വേറെ മാർഗമില്ലായിരുന്നു’’, അവൾ പറഞ്ഞു.

അപ്പോഴെല്ലാം ആ പുരുഷാരം അവരെ തല്ലുകയും ഇടിക്കുകയും ചെയ്‌തുകൊണ്ടേയിരുന്നു. ആ ഇരുപത്തൊന്നുകാരി തന്റെ അടുത്തുണ്ടെന്ന്‌ തനിക്കറിയാൻ പറ്റുന്നുണ്ടായിരുന്നെങ്കിലും അവൾക്കെന്താണ്‌ സംഭവിക്കുന്നതെന്ന്‌ തനിക്കറിയില്ലായിരുന്നു എന്നും നാൽപത്തിനാലുകാരി പറയുന്നു.

അതിനുശേഷം അവർ ആ സ്‌ത്രീയെ റോഡിനടുത്തുള്ള നെൽപാടത്തിലേക്ക്‌ വലിച്ചിഴച്ചു. അക്രമിക്കൂട്ടം പുറകെ പോയി. അവളോട്‌ അവിടെ കിടക്കാൻ പറഞ്ഞു. ‘‘മൂന്ന്‌ പുരുഷന്മാർ എന്നെ ചുറ്റിനിന്നു… രണ്ടുപേർ ഒരുവശത്തും ഒരാൾ എന്റെ മുമ്പിലായും. അവരിലൊരാൾ മറ്റുള്ളവരോട്‌ പറഞ്ഞു, ‘നമുക്കിവളെ പീഡിപ്പിക്കാം’; പക്ഷേ എന്തുകൊണ്ടോ അവർ അതു ചെയ്‌തില്ല. പക്ഷേ രണ്ടുതവണ എന്റെ സ്‌തനങ്ങളിൽ പിടിച്ചുവലിച്ചു’’, അവൾ വിതുമ്പലോടെ പറഞ്ഞു.

ചുരാചന്ദ്‌പൂരിൽ മെയ്‌ത്തി സ്‌ത്രീയെ കുക്കികൾ പീഡിപ്പിക്കുകയും ഒരു മെയ്‌ത്തി കുട്ടിയെ കൊല്ലുകയും ചെയ്‌തുവെന്നും അതിന്റെ പ്രതികാരമാണ്‌ തങ്ങളോട്‌ തീർക്കുന്നതെന്നും അക്രമികൾ പറഞ്ഞതായി അവൾ ഓർമിക്കുന്നു. തുടർന്ന്‌ ആ പുരുഷാരം അവളെ ആ പാടത്തിട്ടിട്ട്‌ പോയി.അപ്പോൾ മെയ്‌ത്തികളിലെ മറ്റൊരു വിഭാഗം വന്ന്‌ അവളുടെ വസ്‌ത്രങ്ങൾ അവൾക്കു കൊടുത്തു. അവരെ പൊലീസ്‌ വാഹനം കിടന്നിടത്തേക്ക്‌ കൊണ്ടുപോയി. അവിടെയവൾ മറ്റൊരു അക്രമിക്കൂട്ടത്തിനാൽ വീണ്ടും ആക്രമിക്കപ്പെട്ടു. അവർ വീണ്ടും അവളുടെ തുണികൾ ഉരിഞ്ഞുമാറ്റി. അപ്പോഴേക്കും മറ്റൊരു അക്രമിക്കൂട്ടം അവിടേക്ക്‌ വരികയും സ്‌ത്രീകളെ ആക്രമിക്കുന്നതിൽ അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്‌തു. അവർ അവളുടെ വസ്‌ത്രങ്ങൾ മടക്കി നൽകി.

അവൾ അയൽവാസിയായ ആ പെൺകുട്ടിയെ ഒരുവശത്തു കണ്ടെത്തി. അവരിരുവരും വസ്‌ത്രങ്ങൾ തിരികെ ധരിച്ച്‌ ഒരുവിധത്തിൽ അടുത്തുള്ളൊരു ഗ്രാമത്തിലേക്ക്‌ രക്ഷപ്പെട്ടു. താൻ സ്വയം പരാതി നൽകിയില്ലെന്ന്‌ അവൾ പറയുന്നു; ഒരു ബന്ധുവാണത്‌ ചെയ്‌തത്‌. മെയ്‌ 18ന്‌ കാങ്‌പോക്‌പി ജില്ലയിലെ സായ്‌കുൾ സ്‌റ്റേഷനിൽ സംഭവത്തിൽ ഒരു സീറോ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തെന്ന്‌ പൊലീസ്‌ പറഞ്ഞു. എഫ്‌ഐആറിൽ അവളുടെ വയസ്സ്‌ 42 എന്നാണ്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌. അതിൽ ഇരുപത്തൊന്നുകാരി ‘‘പട്ടാപ്പകൽ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്യപ്പെട്ടു’’ എന്നും പറയുന്നുണ്ട്‌. ഈ രണ്ടുപേർക്കൊപ്പമുണ്ടായിരുന്ന മറ്റൊരു സ്‌ത്രീക്കും തന്റെ വസ്‌ത്രങ്ങൾ അഴിക്കേണ്ടിവന്നു.

സംഭവം നടന്നിട്ട്‌ രണ്ടുമാസത്തിലേറെ ആയിരിക്കുന്നു. അവർ പറഞ്ഞതെല്ലാം താൻ ചെയ്‌തത്‌ ജീവൻ നിലനിർത്താൻ വേണ്ടി മാത്രമാണെന്ന്‌ നാൽപത്തിനാലുകാരി പറയുന്നു, ‘‘എന്തൊക്കെയായാലും ഞാൻ വിവാഹം കഴിഞ്ഞൊരു സ്‌ത്രീയാണ്‌…. ആ അക്രമിസംഘത്തിന്റെ മുന്നിൽ ഞാൻ നിസ്സഹായയായിരുന്നു’’, ഇടറിയ ശബ്ദത്തോടെ അവൾ പറഞ്ഞുനിർത്തി. ഇരുപത്തൊന്നുകാരിയുടെ അമ്മ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പിലാണ്‌. തേങ്ങലോടെയാണവർ മകൾക്കു നേരിടേണ്ടിവന്ന ദുരന്തത്തെ ഓർക്കുന്നത്‌. സംഭവത്തിനുശേഷം, ‘‘മകളുടെ ഒരു ആൺസുഹൃത്ത്‌ അവളെ വിവാഹം കഴിക്കാൻ തയ്യാറായി. അവളിപ്പോൾ അവനോടൊത്ത്‌ മറ്റൊരു ജില്ലയിലാണ്‌. ഇതിൽനിന്നെല്ലാമകലെയാണ്‌ അവളിപ്പോൾ’’, അവർ പറയുന്നു.

താൻ അനുഭവിച്ച നരകയാതന മാധ്യമങ്ങൾക്കു മുന്നിൽ എണ്ണിയെണ്ണി പറയേണ്ടത്‌ തീർച്ചയായും പരമപ്രധാനമാണെന്ന്‌ ആ നാൽപത്തിനാലുകാരി പറയുന്നു. ‘‘എന്താണ്‌ ഞങ്ങൾക്കു സംഭവിച്ചതെന്ന്‌ എല്ലാവരും അറിയണം. പക്ഷേ അത്‌ പറയുമ്പോഴും എല്ലാ മെയ്‌ത്തികളും മോശക്കാരല്ലെന്നും ഞാൻ എടുത്തുപറയും.. യഥാർഥത്തിൽ അവരിൽ എന്നെ സഹായിക്കാൻ ശ്രമിച്ച ചില ആണുങ്ങളുമുണ്ട്‌.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

20 − six =

Most Popular