Friday, October 18, 2024

ad

Homeലേഖനങ്ങൾബലാത്സംഗത്തെ ആധിപത്യതന്ത്രമാക്കുന്ന ഹിന്ദുത്വത്തിന്റെ വംശീയയുദ്ധങ്ങൾ

ബലാത്സംഗത്തെ ആധിപത്യതന്ത്രമാക്കുന്ന ഹിന്ദുത്വത്തിന്റെ വംശീയയുദ്ധങ്ങൾ

കെ ടി കുഞ്ഞിക്കണ്ണൻ

നാസികളിൽനിന്നും സയണിസ്റ്റുകളിൽനിന്നും ആധിപത്യത്തിന്റെ കടന്നാക്രമണതന്ത്രങ്ങൾ പഠിച്ച ഹിന്ദുത്വവാദികൾ മണിപ്പൂരിൽ തങ്ങളുടെ വംശീയയുദ്ധങ്ങളിൽ ബലാത്സംഗത്തെത്തയും ആയുധമാക്കുകയാണ്.

മണിപ്പൂരിൽ മൂന്ന് മാസത്തോളമായി തുടരുന്ന വംശീയ കലാപങ്ങളുടെ അരക്ഷിതപൂർണമായ അവസ്ഥയിൽ നിന്നും ഇപ്പോൾ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

തലസ്ഥാനമായ ഇംഫാലിൽ നിന്നും 35 കിലോമീറ്റർ അകലെയുള്ള കാംഗ്‌പോപ്പി ജില്ലയിൽ മെയ്ത്തി വംശീയവാദികൾ കുക്കി വിഭാഗത്തിൽപ്പെട്ട രണ്ട് സ്ത്രീകൾക്കുനേരെ ലൈംഗികാതിക്രമം നടത്തുകയും നഗ്നമായി നടത്തിക്കുകയും ചെയ്ത ഭയാനകമായ സംഭവങ്ങളാണ് ഉണ്ടായിരിക്കുന്നത്. ഈ രണ്ട് സ്ത്രീകളും തങ്ങളെ വെറുതെവിടണമെ, തങ്ങളെ രക്ഷിക്കണമെയെന്ന് കൈകൂപ്പി യാചിച്ചിട്ടും അവരെ പരസ്യമായി അപമാനിക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഐ.ടി.എൽ.എഫ് എന്ന ഗോത്രനേതാക്കളുടെ ഫോറമാണ് ഈ ക്രൂരകൃത്യത്തിന്റെ വീഡിയോ പുറത്തെത്തിച്ചിരിക്കുന്നത്.

ഫോറം നേതാക്കൾ കാംഗ്‌പോപ്പിൽ വംശീയഭീകരർ നടത്തിയ സ്ത്രീകൾക്കെതിരായ അതിക്രമത്തിനും ബലാത്സംഗത്തിനും തെളിവെന്ന നിലയ്ക്കാണ് ഈ വീഡിയോ ഇപ്പോൾ പുറത്തുവിട്ടത്. അവർ പറയുന്നത് പ്രതികളെ തിരിച്ചറിയുന്നതിനാണ് ദൃശ്യങ്ങൾ പുറത്തുവിട്ടത് എന്നാണ്. ദേശീയ വനിതാകമ്മീഷനോടും ദേശീയ പട്ടികവർഗ കമ്മീഷനോടും ഇക്കാര്യത്തിൽ ഇടപെട്ട് അടിയന്തരമായി നടപടിയെടുക്കണമെന്ന ആവശ്യം രാജ്യവ്യാപകമായി ഉയർന്നിരിക്കുകയാണ്. കാംഗ്‌പോപ്പിൽ സ്ത്രീകൾക്കുനേരെ നടന്ന ലൈംഗികാതിക്രമത്തിന്റെ വീഡിയോ മനുഷ്യത്വരാഹിത്യത്തിന്റെയും ക്രൂരതയുടെയും ആൾക്കൂട്ടഭീകരതയാണ് കാണിക്കുന്നത്. മെയ്ത്തികളുടെ ഹിന്ദുത്വവൽക്കരണവും ഹിന്ദുത്വത്തിന്റെ വംശീയയുദ്ധങ്ങളുമാണ് മണിപ്പൂരിലെ ഇപ്പോഴത്തെ ഭയജനകമായ സാഹചര്യം സൃഷ്ടിച്ചത്. തങ്ങളുടെ ആധിപത്യം സ്ഥാപിക്കാൻ ബലാത്സംഗത്തെ ആയുധമാക്കുന്ന വംശീയയുദ്ധമാണിപ്പോൾ മണിപ്പൂരിൽ നടന്നുകൊണ്ടിരിക്കുന്നത്. അരാംബെതെങ്കൽ, മെയ്ത്തിലിപൂൺ തുടങ്ങിയ മെയ്ത്തിഭീകരസംഘങ്ങളാണ് കുക്കികൾ ഉൾപ്പെടെയുള്ള ഗോത്രവിഭാഗങ്ങൾക്കെതിരായ വംശീയ ആക്രമണങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത്. ഹിന്ദുത്വവൽക്കരിക്കപ്പെട്ട മെയ്ത്തി ഭീകരതയ്ക്കാണ് മണിപ്പൂർ സാക്ഷ്യംവഹിച്ചുകൊണ്ടിരിക്കുന്നത്.

ലോകത്തെല്ലായിടത്തും വംശീയ ഭീകരവാദികൾ മറ്റ് ജനസമൂഹങ്ങൾക്കുമേൽ തങ്ങളുടെ ആധിപത്യം ഉറപ്പിക്കാനായി ബലാത്സംഗത്തെ ആയുധമാക്കുന്നുണ്ട്. പലസ്തീൻ ജനതയുടെ ചെറുത്തുനിൽപ്പുകളെ തകർക്കാനും അവരുടെ ആത്മവിശ്വാസത്തെ ഇല്ലാതാക്കാനും ബലാത്സംഗത്തെ ആയുധമാക്കണമെന്നാണ് സയണിസ്റ്റ് ബുദ്ധിജീവികൾ ഉപദേശിച്ചുകൊണ്ടിരിക്കുന്നത്. ഡോ.മോർദേശായ് കേദർ എന്ന സയണിസ്റ്റ് ബുദ്ധിജീവി ഒരു റേഡിയോ അഭിമുഖത്തിൽ പറഞ്ഞത് ഇസ്രയേലിന് ഭീഷണിയാകുന്ന ഹമാസിനെയും പാലസ്തീൻപോരാളികളെയും തകർക്കുവാൻ അവരുടെ ഉമ്മ പെങ്ങൻമാരെ ബലാത്സംഗം ചെയ്ത് നശിപ്പിക്കുമെന്ന ബോധം അവരിൽ എത്തിക്കണമെന്നാണ്. ഇസ്രായേലിലെ സയണിസ്റ്റ്‌സ്വാധീനമുള്ള അക്കാദമിക് ബുദ്ധിജീവികൾ കേദറിന്റെ ബലാത്സംഗ സിദ്ധാന്തത്തിനെതിരെ ഉയർന്നുവന്ന സാർവദേശീയ സമൂഹത്തിന്റെ പ്രതിഷേധങ്ങളെ നേരിട്ടത് ഒരു യുദ്ധതന്ത്രമെന്ന നിലയ്ക്ക് ബലാത്സംഗത്തെ ഉപാധിയാക്കാമെന്നാണ് കേദർ ഉദ്ദേശിച്ചതെന്ന് വിശദീകരിച്ചുകൊണ്ടായിരുന്നു.

സയണിസം പോലെ ഹിന്ദുത്വവും സങ്കുചിതവും ശത്രുതാപരവുമായ വംശീയ പുരുഷാധിപത്യ മൂല്യങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്. ശത്രുരാജ്യങ്ങളെയും ജനസമൂഹങ്ങളെയും കീഴടക്കാനുള്ള ഒരധിനിവേശതന്ത്രമെന്ന നിലയിൽ ബലാത്സംഗത്തെ ഒരു യുദ്ധതന്ത്രമായി സൈദ്ധാന്തീകരിച്ചത് പെന്റഗൺ വാർകോളേജായിരുന്നു. വിയറ്റ്‌നാം ജനതയുടെ വിമോചന പേരാട്ടങ്ങളെ തകർക്കാനായി അമേരിക്കൻ സൈനിക കമാൻഡ്‌ ഇതവിടെ പ്രയോഗത്തിൽവരുത്തുകയും ചെയ്തു. മുളങ്കുന്തങ്ങൾ ഉയർത്തി അമേരിക്കൻ ബോംബിംഗ് വിമാനങ്ങളെവരെ പ്രതിരോധിച്ച, മരണത്തെ കീഴ്‌പ്പെടുത്തിയ ആത്മബോധമുയർത്തിയ വിയറ്റ്‌നാമിലെ കമ്യൂണിസ്റ്റ് വിമോചനപോരാളികളെ നേരിടാനും കീഴ്‌പ്പെടുത്താനും അമേരിക്ക ബലാത്സംഗമെന്ന യുദ്ധതന്ത്രം പ്രയോഗിച്ചിരുന്നു. അമേരിക്കൻ പട്ടാള കമാൻഡർമാർ വിയറ്റ്‌നാം ജനതയുടെ ധീരോദാത്തമായ ചെറുത്തുനിൽപിനെ തോക്കുകൊണ്ട് മാത്രമല്ല പുരുഷലിംഗങ്ങൾക്കൊണ്ടുകൂടി നേരിടണമെന്നാണ് മിലിറ്ററി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം കൊടുത്തത്.

ഏതൊരു സമൂഹത്തിലെയും സ്ത്രീകളെ അപമാനിക്കുകയും മാനഭംഗപ്പെടുത്തുകയും ചെയ്താൽ ആ സമൂഹത്തിലെ പോരാളികളുടെ ആത്മവിശ്വാസം തകർക്കാമെന്നതാണ് ഫാസിസ്റ്റുകളുടെ യുദ്ധതന്ത്രം. ‘‘സ്ത്രീകളെ തെരഞ്ഞുപിടിക്കേണ്ടത് പട്ടാളക്കാരുടെ ലിംഗങ്ങൾകൊണ്ടായിരിക്കണ”മെന്നാണ് സാമ്രാജ്യത്വഅധിനിവേശശക്തികളും അവരുടെ സൈനികമേധാവികളും നൽകുന്ന നിർദ്ദേശം. സാമ്രാജ്യത്വം സൃഷ്ടിച്ച വംശീയ ഭീകരവാദപ്രസ്ഥാനങ്ങളെല്ലാം തങ്ങൾക്കനഭിമതമായ ജനസമൂഹങ്ങളെ കീഴ്‌പ്പെടുത്താനും നിസ്‌ജേതരാക്കാനും ആ സമൂഹത്തിലെ സ്ത്രീകളെ ആക്രമിക്കുന്നു, ബലാത്സംഗത്തിനിരയാക്കുന്നു. സയണിസ്റ്റുകളുടെയും താലിബാനികളുടെയും ഹിന്ദുത്വവാദികളുടെയും ചരിത്രം അതാണ് കാണിക്കുന്നത്. ഈ വംശീയവാദികളെല്ലാം അപരമത വംശവിരോധത്തിന്റെയും സ്ത്രീവിരുദ്ധമായ പുരുഷാധിപത്യ മൂല്യങ്ങളുടെയും ഉന്മാദത്തിനടിപ്പെട്ടവരാണ്. അതാണ് വംശീയ വർഗീയ കലാപങ്ങളിലെല്ലാം നാം കണ്ടുകൊണ്ടിരിക്കുന്നത്. 1930-കളിൽ ജർമ്മൻ തെരുവുകളിലൂടെ ജൂത പെൺകുട്ടികളെ നഗ്നരാക്കി നടത്തിച്ച് നാസികൾ അഴിഞ്ഞാടിയിരുന്നു. ആര്യശ്രേഷ്ഠതയുടെയും ആധിപത്യവാഞ്ഛയുടെയും വംശീയാഘോഷങ്ങളായിരുന്നു അതെല്ലാം.

ഗുജറാത്ത് വംശഹത്യയുടെ നാളുകളിൽ സ്ത്രീകളാണ് ഏറ്റവും കൂടുതൽ അക്രമങ്ങൾക്കിരയായത്. അവർ കൂട്ടത്തോടെ ബലാത്സംഗങ്ങൾക്കിരയായി. മനുഷ്യമനസ്സാക്ഷിയെ പിടിച്ചുകുലുക്കുന്ന ഗർഭപാത്രം കുത്തിക്കീറി ഭ്രൂണത്തെ ശൂലത്തിൽകുത്തിയെടുത്ത് പെട്രോൾ ഒഴിച്ച് തീവെക്കുന്ന സംഭവങ്ങൾവരെ ഉണ്ടായി. ഇന്ത്യാ പാക്ക് വിഭജനകാലം മുതൽ സ്വാതന്ത്ര്യാനന്തരം ഇന്ത്യയിൽ നടന്നിട്ടുള്ള വർഗീയകലാപങ്ങളിലെല്ലാം ന്യൂനപക്ഷ സമൂഹത്തോടൊപ്പം സ്ത്രീകളാണ് ഏറ്റവും ക്രൂരമായി വേട്ടയാടപ്പെട്ടത്. ലൈംഗിക അതിക്രമങ്ങൾക്കിരയായത്. ഗുജറാത്തിലെ ബിൽക്കീസ്ബാനു കോടതിക്ക് നൽകിയ വിശദമായ സ്റ്റേറ്റ്‌മെന്റ് രാജ്യത്തിന്റെ മുമ്പിലുണ്ട്. തന്റെ കൺമുമ്പിൽവെച്ച് വീട്ടിലുള്ള പുരുഷന്മാരെയെല്ലാം കൊന്നുതള്ളിയശേഷം തന്റെ കുഞ്ഞിനെ നിലത്തടിച്ച് കൊന്നതും തുടർന്ന് എത്രയോ പുരുഷഭീകരന്മാരുടെ കാമാന്ധതയ്ക്ക് ഇരയാകേണ്ടിവന്നതും ബിൽക്കീസ്ബാനു മൊഴിയായി നൽകിയിട്ടുണ്ട്. ഇന്ത്യാ പാക്ക് വിഭജനത്തിന്റെ നാളുകളിൽ നടന്ന വർഗീയകലാപങ്ങളിൽ സ്ത്രീകൾക്കുനേരെ നടന്ന കൂട്ടബലാത്സംഗങ്ങളുടെ ക്രൂരകഥകൾ നമ്മുടെ ചരിത്രവും സാഹിത്യവും രേഖപ്പെടുത്തിവെച്ചിട്ടുണ്ട്. ഭീഷ്മാസാഹ്നിയുടെ തമസ്സ് ഉൾപ്പെടെയുള്ള നോവലുകൾ നമ്മുടെ മുമ്പിലുണ്ട്.

ആ ഗണത്തിലാണ് മണിപ്പൂരിലെ കാംഗ്‌പോപ്പിലെ സംഭവങ്ങൾ ഉൾപ്പെടുന്നത്. എല്ലാ വർഗീയവംശീയവാദികളും ക്രൂരതയെ ജീവിതമൂല്യമാക്കുന്നവരാണ്. മെയ്ത്തികളുടെ ഹിന്ദുത്വവൽക്കരണവും ഗോത്രപ്പക സൃഷ്ടിച്ച ഭീകരതയും ചേർന്നാണ് മനുഷ്യത്വത്തെ വെല്ലുവിളിക്കുന്ന ഭയജനകമായ ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നത്. നഗ്നകളാക്കപ്പെട്ട സ്ത്രീകളുടെ സ്വകാര്യഇടങ്ങളിൽ പിടിച്ചും നഗ്നരാക്കി തെരുവിലൂടെ ഓടിച്ചും ഒരാൾക്കൂട്ടം വംശീയഭീകരത ആഘോഷമാക്കുന്നതാണ് ആ വീഡിയോയിലൂടെ ലോകം കണ്ടത്. എന്നിട്ടും രാജ്യത്തിന്റെ പ്രധാനമന്ത്രി നിശ്ശബ്ദനായിരുന്നു. ഇപ്പോൾ ഇടതുപക്ഷവും സുപ്രീംകോടതി ചീഫ്ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഢും പ്രധാനമന്ത്രിയുടെ മൗനം അവസാനിപ്പിച്ച് ഇടപെടണമെന്ന് ആവശ്യപ്പെട്ടതിനെതുടർന്നാണ് മണിപ്പൂർ രാജ്യത്തിന് അപമാനമാണെന്ന് നരേന്ദ്രമോഡി പ്രതികരിച്ചിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ സ്വന്തക്കാരനായ മണിപ്പൂർ മുഖ്യമന്ത്രി ബീരേൻസിങ്ങാണ് മണിപ്പൂർ സംഭവങ്ങൾക്ക് മുഖ്യഉത്തരവാദി. മെയ്ത്തി വംശജനായ ബീരേൻസിങ്ങ്‌ മെയ്ത്തികളെ ഹിന്ദുത്വവൽക്കരിക്കുകയും കുക്കികൾക്കും ക്രിസ്ത്യാനികൾക്കുമെതിരായ വംശീയപ്രചരണം തീവ്രമാക്കുകയും ചെയ്തു. കുക്കികളെ അവരുടെ ആവാസമേഖലകളിൽ നിന്ന് ആട്ടിയിറക്കുന്ന റിസർവ് ഫോറസ്റ്റ് പ്രഖ്യാപനമുൾപ്പെടെ അങ്ങേയറ്റം വംശീയ ഉന്മൂലനം ലക്ഷ്യംവെച്ചുകൊണ്ടുള്ള ബീരേൻസിങ്ങിന്റെ നടപടികളാണ് മണിപ്പൂരിനെ ഇപ്പോഴത്തെ ദാരുണമായ അവസ്ഥയിലേക്കെത്തിച്ചത്.

മണിപ്പൂർ ഉൾപ്പെടെയുള്ള വടക്കുകിഴക്കൻ മേഖലകളിൽ ദശകങ്ങളായി നിലനിൽക്കുന്ന ഗോത്രവംശീയ സംഘർഷങ്ങളെ ഉപയോഗപ്പെടുത്തിക്കൊണ്ടാണ് സംഘപരിവാർ ഈ മേഖലയിൽ സ്വാധീനമുറപ്പിക്കാനുള്ള നീക്കങ്ങളാരംഭിച്ചത്. താഴ്‌വരയിലെ ഭൂരിപക്ഷ ഹൈന്ദവവിഭാഗം ഉൾക്കൊള്ളുന്ന മെയ്ത്തി വിഭാഗത്തെ അടിസ്ഥാനപ്പെടുത്തി ബിജെപി നടത്തിയ സോഷ്യൽഎഞ്ചിനീയറിംഗ് തന്ത്രങ്ങളാണ് ഇപ്പോഴത്തെ സംഭവഗതികൾക്ക് തിരികൊളുത്തിയത്. മുഖ്യമന്ത്രി ബീരേൻസിംഗ് മെയ്ത്തി വംശജനാണ്. മെയ്ത്തികൾ ഒഴികെയുള്ള ഗോത്രവർഗവിഭാഗങ്ങൾ താമസിക്കുന്ന പ്രദേശങ്ങൾ റിസർവ്വ് മേഖലകളായി പ്രഖ്യാപിക്കുകയും അവരെ കുടിയൊഴിപ്പിക്കാൻ ശ്രമങ്ങളാരംഭിക്കുകയും ചെയ്തു. ഈ മേഖലകളിലാണ് ക്രിസ്തുമതവിശ്വാസികളായ ഗോത്രവിഭാഗങ്ങളധികവും താമസിക്കുന്നത്. അവരെ കുടിയൊഴിപ്പിക്കാനുള്ള നീക്കങ്ങളാണ് ക്രൈസ്തവ ദേവാലയങ്ങളുടെ തകർക്കൽ ഉൾപ്പെടെയുള്ള വിധ്വംസകപ്രവർത്തനങ്ങളിലേക്ക് എത്തിയത്.

അതേപോലെ മ്യാൻമറിൽ നിന്നുള്ള കുക്കിവിഭാഗക്കാരുടെ അനധികൃത കുടിയേറ്റത്തിന് മണിപ്പൂരികുക്കികൾ സഹായം നൽകുന്നു എന്ന പ്രചരണവും ഹിന്ദുത്വവാദികൾ വ്യാപകമായി നടത്തി. ചുരചന്ത്പുരിലെ കുക്കി ആവാസപ്രദേശങ്ങൾ സർക്കാർ വനമേഖലയിലുള്ള സംരക്ഷിത പ്രദേശങ്ങളാണെന്ന കണ്ടെത്തലും കുക്കികളെ കുടിയൊഴിപ്പിക്കാനുള്ള നീക്കങ്ങളും ഈ മേഖലയിൽ സംഘർഷങ്ങൾ വളർത്തി. പ്രത്യേകിച്ച് ഭരണഘടനയുടെ 371 സി വകുപ്പുപ്രകാരമുള്ള ഗോത്രജനതയ്ക്കുള്ള സ്വയംഭരണാധികാരത്തെ ലംഘിച്ചുകൊണ്ടാണ് ആർഎസ്എസ് നിർബന്ധത്തിനുവഴങ്ങി കുക്കികളെ കുടിയൊഴിപ്പിക്കാനുള്ള നീക്കങ്ങൾ സർക്കാർ ആരംഭിച്ചത്. മെയ്ത്തി വിഭാഗത്തെ ഇളക്കിവിട്ട് ബിജെപി സർക്കാർ നടത്തുന്ന കുക്കി ഗോത്രങ്ങൾക്കെതിരായ നീക്കങ്ങൾ വലിയ പ്രതിഷേധങ്ങൾക്ക് കാരണമായി.

ഭൂരിപക്ഷസ്വത്വത്തിന്റെ ആധിപത്യം അടിച്ചേൽപ്പിക്കാനുള്ള സംഘപരിവാറിന്റെ രാഷ്ട്രീയതന്ത്രങ്ങളാണ് ഗോത്രസംഘർഷങ്ങളുടേതായ സാഹചര്യം മണിപ്പൂരിന്റെ മലമ്പ്രദേശങ്ങളിലും താഴ്‌വരകളിലും സൃഷ്ടിച്ചത്. ഭരണഘടനയുടെ ഫെഡറൽ തത്വങ്ങളും ഗോത്രപരിരക്ഷാ വ്യവസ്ഥകളുമനുസരിച്ച് ജനാധിപത്യപരമായ പരിഹാരം കാണേണ്ട വംശീയപ്രശ്‌നങ്ങളെ ഭൂരിപക്ഷ വംശീയസ്വത്വത്തെ ഉപയോഗിച്ച് അക്രമാസക്തമായി കൈകാര്യം ചെയ്ത സംഘപരിവാറിന്റെയും ബീരേൻസിംഗ് സർക്കാരിന്റെയും നടപടികളാണ് മണിപ്പൂരിലെ സ്ഥിതിഗതികൾ വഷളാക്കിയത്.

മണിപ്പൂരിലെ 42%ത്തോളം വരുന്ന ഗോത്രവിഭാഗങ്ങൾ ക്രൈസ്തവ മതവിശ്വാസികളാണ്. ഭൂരിപക്ഷ മെയ്ത്തി ഹൈന്ദവവിഭാഗത്തെ ന്യൂനപക്ഷങ്ങൾക്കെതിരായി തിരിച്ചുവിടാനുള്ള ആസൂത്രിത നീക്കങ്ങളാണ് ബിജെപിയുടെ സോഷ്യൽ എഞ്ചിനീയറിംഗിന്റെ ഭാഗമായി മണിപ്പൂരിൽ കഴിഞ്ഞ കുറേക്കാലമായി നടന്നുകൊണ്ടിരിക്കുന്നത്. ക്രൈസ്തവവിശ്വാസികളായ ഗോത്രജനത കുടിയേറ്റക്കാരും പുറമെനിന്നുവന്നവരും കുഴപ്പക്കാരുമാണെന്ന വിദ്വേഷപ്രചരണമാണ് ബീരേൻസിങ്ങും ഹിന്ദുത്വസംഘടനകളും കാലാകാലമായി നടത്തിക്കൊണ്ടിരിക്കുന്നത്. ബീരേൻസിങ്ങിന്റെ നീക്കങ്ങൾക്ക് പിറകിൽ മണിപ്പൂരിന്റെ മണ്ണും വിഭവങ്ങളും കയ്യടക്കാൻ കാത്തിരിക്കുന്ന വൻകിട കോർപ്പറേറ്റുകളാണ്. 371-‐ാം വകുപ്പിന്റെ പരിരക്ഷയുള്ള ഗോത്രമേഖലയിൽ കടന്നുകയറാനുള്ള ആസൂത്രിതമായ നീക്കങ്ങളാണ് കോർപ്പറേറ്റ് വർഗീയകൂട്ടുകെട്ടിന്റെ പ്രതിനിധിയായ ബീരേൻസിങ്ങ്‌ നടത്തിക്കൊണ്ടിരിക്കുന്നത്.

മെയ്ത്തികളെ പട്ടികവർഗമായി പരിഗണിക്കണമെന്ന മണിപ്പൂർ ഹൈക്കോടതിയുടെ വിധിയെത്തുടർന്നാണ് ഇപ്പോഴത്തെ സംഘർഷങ്ങൾ ആരംഭിച്ചത്. മെയ്ത്തികളെ പട്ടികവർഗലിസ്റ്റിൽ ഉൾപ്പെടുത്താനുള്ള ബീരേൻസിങ്ങ്‌ സർക്കാരിന്റെ കുടിലനീക്കങ്ങൾക്കെതിരെ ഉയർന്നുവന്ന കുക്കി, നാഗാ, സോമ വിഭാഗങ്ങളുടെ സമാധാനപരമായ പ്രതിഷേധങ്ങളെ മെയ്ത്തി ഭീകരവാദികൾ തുടർച്ചയായി കടന്നാക്രമിക്കുന്നത്. മണിപ്പൂരിൽ പോലീസ് മെയ്ത്തി ഭീകരർക്കൊപ്പം ആയിരുന്നു. മൂന്ന് മാസത്തിലേറെയായി നിലനിൽക്കുന്ന മണിപ്പൂർ കലാപം മരണപ്പെടുന്ന മനുഷ്യരുടെ കരച്ചിലായി, അനാഥരും അഭയാർത്ഥികളുമാക്കപ്പെടുന്ന ജനതയുടെ ദീനരോദനങ്ങളായി രാജ്യം കേട്ടുകൊണ്ടിരിക്കുമ്പോഴും മോഡിയും അമിത്ഷായും കുറ്റകരമായ മൗനവും നിഷ്‌ക്രിയത്വവും പാലിക്കുകയായിരുന്നു. തങ്ങളിലർപ്പിതമായ ഭരണഘടനാപരമായ ഉത്തരവാദിത്വം നിർവ്വഹിച്ച് വംശീയ ചേരിതിരിവുകളെയും കലാപങ്ങളെയും ഇല്ലാതാക്കുന്നതിന് പകരം മെയ്ത്തികളെ ഇളക്കിവിട്ട് ഗോത്രജനതയ്‌ക്കെതിരായി വംശീയയുദ്ധം വളർത്തുകയായിരുന്നു കേന്ദ്രസർക്കാരും മണിപ്പൂരിലെ ബീരേൻസിങ്ങ്‌ സർക്കാരും.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

18 − 12 =

Most Popular