Saturday, May 18, 2024

ad

Homeഇവർ നയിച്ചവർഎൻ ശ്രീധരൻ: അതുല്യനായ സംഘാടകൻ

എൻ ശ്രീധരൻ: അതുല്യനായ സംഘാടകൻ

ഗിരീഷ്‌ ചേനപ്പാടി

എൻ എസ്‌ എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ടിരുന്ന എൻ ശ്രീധരൻ അനുപമമായ സംഘടനാപാടവത്തിന്‌ ഉടമയായിരുന്നു. പരിചയപ്പെടുന്ന എല്ലാവരെയും ഉള്ളുതുറന്ന്‌ സ്‌നേഹിച്ച അദ്ദേഹം ബജുഹനങ്ങളുടെയാകെ സ്‌നേഹാദരങ്ങളേറ്റുവാങ്ങിയ ജനകീയ നേതാവായിരുന്നു. കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിനും ബഹുജനസംഘടനകൾക്കും മധ്യതിരുവിതാംകൂറിലാകമാനം വേരോട്ടമുണ്ടാക്കുന്നതിൽ എൻ എസിന്റെ ത്യാഗപൂർണമായ പ്രവർത്തനങ്ങൾ നിർണായകമായ പങ്കുവഹിച്ചിട്ടുണ്ട്‌. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗമായിരിക്കെ കാറപകടത്തിൽ ആകസ്‌മികമായി അന്തരിച്ച അദ്ദേഹത്തിന്റെ ജീവിതം സാഹസികവും സമരോജ്വലവുമായിരുന്നു.

1928ൽ കൊല്ലം ജില്ലയിലെ വള്ളിക്കാവിൽ ഒരു വള്ളത്തൊഴിലാളിയുടെ മകനായിട്ടാണ്‌ ശ്രീധരന്റെ ജനനം. അച്ഛന്റെ തുച്ഛമായ വരുമാനത്തിൽ കഴിഞ്ഞിരുന്ന ആ കുടുംബത്തിന്‌ ശ്രീധരന്റെ വിദ്യാഭ്യാസത്തിനായി ചെലവഴിക്കാനുള്ള സാമ്പത്തികശേഷിയില്ലായിരുന്നു. അതിനാൽ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം അച്ഛനെ കെട്ടുവള്ളത്തിലെ ജോലിയിൽ സഹായിക്കാൻ ശ്രീധരൻ ഇറങ്ങി. രണ്ടാം ലോകയുദ്ധം ഏൽപിച്ച ഭീകരമായ പട്ടിണിയാലും രോഗദുരിതങ്ങളാലും നാടാകെ മുമ്പൊരിക്കലുമില്ലാത്തവിധം പൊറുതിമുട്ടുന്ന കാലത്താണ്‌ ശ്രീധരന്റെ ബാല്യകൗമാരങ്ങൾ പിന്നിട്ടത്‌. ഭക്ഷണസാധനങ്ങളുടെ ദൗലഭ്യം മൂലം പലരും പച്ചപ്പുല്ല്‌ പുഴുങ്ങിക്കഴിക്കുന്നതിന്‌ താൻ സാക്ഷിയായിരുന്നുവെന്ന്‌ എം കെ സാനുമാഷ്‌ തന്റെ ആത്മകഥയായ ‘കർമഗതി’യിൽ രേഖപ്പെടുത്തിയിട്ടുണ്ട്‌.

അയിത്തവും അനാചാരവും മറ്റു സാമൂഹികതിന്മകളും ഏൽപിക്കുന്ന പ്രശ്‌നങ്ങൾ മറുഭാഗത്ത്‌. ജന്മിമാരും സമ്പന്നരും ഇല്ലായ്‌മയിൽ കഴിയുന്ന തൊഴിലാളികളെ നിഷ്‌ഠുരമായി ചൂഷണം ചെയ്യുന്ന അനീതിയുടെ ആധിപത്യകാലം. ജന്മിമാരുടെ കായികമായ ആക്രമണങ്ങൾക്കും എല്ലാ കൊള്ളരുതായ്‌മകൾക്കും ഭരണത്തിന്റെ എല്ലാ പിന്തുണയും ലഭിക്കുന്ന കാലം.

ചുറ്റുമുള്ള അനീതിയെയും അക്രമങ്ങളെയും കണ്ണില്ലാത്ത ക്രുരതകളെയും ചെറുക്കാൻ ഒരുകൂട്ടരേ അന്ന്‌ ധൈര്യം കാട്ടിയിരുന്നുള്ളൂ‐ കമ്യൂണിസ്റ്റുകാർ. വള്ളത്തൊഴിലാളിയായി ചുറുചുറുക്കോടെ ജോലിചെയ്‌തിരുന്ന കൊച്ചു ശ്രീധരൻ കമ്യൂണിസ്റ്റ്‌ പാർട്ടി നേതാക്കളുമായി പരിചയപ്പെട്ടു. താമസിയാതെ കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ അടിയുറച്ച അനുഭാവിയും പ്രവർത്തകനുമായി വളരെ വേഗം മാറി.

വള്ളത്തൊഴിലാളികളെയും ബീഡിതെറുപ്പുകാരെയും സംഘടിപ്പിക്കുകയെന്ന ഉദ്യമമാണ്‌ ശ്രീധരനെ പാർട്ടി ഏൽപിച്ചത്‌. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനുവേണ്ടി അദ്ദേഹം അധ്വാനിച്ചു.

വള്ളത്തൊഴിലാളി യൂണിയൻ രാഷ്‌ട്രീയമായി അന്ന്‌ കമ്യൂണിസ്റ്റ്‌ പാർട്ടിയോട്‌ ആഭിമുഖ്യം കാണിച്ചിരുന്നില്ല. എന്നാൽ തൊഴിലാളികളിൽ അവകാശബോധമുള്ളവരാക്കിക്കൊണ്ടുള്ള ശ്രീധരന്റെ ബോധവൽക്കരണ ക്ലാസുകളും തൊഴിലാളികളോടുള്ള അദ്ദേഹത്തിന്റെ അനിതരസാധാരണമായ ആത്മബന്ധവും യൂണിയനെ വളരെവേഗം കമ്യൂണിസ്റ്റ്‌ പാർട്ടിയോടടുപ്പിച്ചു.

ദിവാൻഭരണം കമ്യൂണിസ്റ്റുകാരെയും പാർട്ടിയുമായി ഏതെങ്കിലും തരത്തിൽ ബന്ധപ്പെടുന്നവരെയും വകവരുത്തിയിരുന്ന കാലമായിരുന്നല്ലോ പുന്നപ്ര‐വയലാർ സമര കാലഘട്ടം. അന്ന്‌ വള്ളിക്കാവിലെ ബീഡി കമ്പനിക്കു മുന്നിൽ ‘ദിവാൻ ഭരണം അറബിക്കടലിൽ’ എന്ന ബോർഡ്‌ എഴുതിവെക്കാൻ ചങ്കൂറ്റം കാണിച്ച ഒരേയൊരാളേ ആ പ്രദേശത്തുണ്ടായിരുന്നുള്ളൂ. അത്‌ എൻ ശ്രീധരനായിരുന്നു. അതോടെ പൊലീസിന്റെയും ദിവാൻ ഭരണത്തിന്റെയും നോട്ടപ്പുള്ളിയായി ശ്രീധരൻ മാറി. ഒളിവിൽ പോയ ശ്രീധരനെ പിടികൂടാൻ ദിവാൻ ഭരണം പടിച്ചപണി പതിനെട്ടും പയറ്റി. ഒളിവിൽ പ്രവർത്തിച്ചുകൊണ്ട്‌ പാർട്ടി പ്രവർത്തനങ്ങൾ സജീവമായി അദ്ദേഹം മുന്നോട്ടു കൊണ്ടുപോയി.

പൊലീസിന്റെ കണ്ണുവെട്ടിച്ച്‌ ഒളിവിൽ കഴിഞ്ഞിരുന്ന സമയത്ത്‌ നാട്ടിൻപുറത്തെ ഒരു വീടിന്റെ തട്ടിൻപുറത്ത്‌ കയറി ഒളിച്ച ശ്രീധരനും തനിക്കും മണിക്കൂറുകൾ പുകയേറ്റ്‌ കഴിയേണ്ടിവന്ന കാര്യം തോപ്പിൽ ഭാസി ‘ഒളിവിലെ ഓർമ’കളിൽ വിവരിക്കുന്നുണ്ട്‌.

ഇന്ത്യക്ക്‌ സ്വാതന്ത്ര്യം ലഭിച്ചെങ്കിലും കമ്യൂണിസ്റ്റുകാർക്കെതിരായ ഭരണകൂടത്തിന്റെ വേട്ടയാടലിന്‌ കുറവുവന്നില്ല. എന്നുമാത്രമല്ല 1948ൽ കൽക്കത്തയിൽ ചേർന്ന രണ്ടാം പാർട്ടി കോൺഗ്രസ്‌ അംഗീകരിച്ച തീസിസിന്റെ പേരിൽ കമ്യൂണിസ്റ്റ്‌ വേട്ട പൊലീസ്‌ ശക്തിപ്പെടുത്തുകയും ചെയ്‌തു.

ജന്മിമാടമ്പിത്തരം ഏറ്റവും പ്രബലമായ സ്ഥലങ്ങളിലൊന്നായിരുന്നു ശൂരനാട്‌. പൊലീസിന്റെ അകമഴിഞ്ഞ പിന്തുണയോടെയും സഹായത്തോടെയും പാവപ്പെട്ട കർഷകത്തൊഴിലാളികളെ ക്രൂരമായി അവർ വേട്ടയാടി. വളരെ കുറഞ്ഞ കൂലി നൽകി തൊഴിലാളികളെ അവർ ചൂഷണം ചെയ്‌തു. സ്‌ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചു. അങ്ങനെ അങ്ങേയറ്റം ജനങ്ങൾ ദുരിതമനുഭവിക്കുന്ന സമയം. പുറമ്പോക്കിൽ സ്ഥിതിചെയ്‌തിരുന്ന ഉള്ളന്നൂർ കുളത്തിൽനിന്നും മീൻപിടിച്ചു എന്നാരോപിച്ച്‌ കിഴക്കിട ഏലായിൽ ജന്മിമാരും അവരുടെ ഗുണ്ടകളും ചേർന്ന്‌ കമ്യൂണിസ്റ്റ്‌ അനുഭാവികളായ തൊഴിലാളികളെ ആക്രമിച്ചു. 1949 ഡിസംബർ 31 നായിരുന്നു ഈ സംഭവം. ജന്മിമാർക്കും ജനങ്ങൾക്കുമൊപ്പം പൊലീസുമെത്തി. അവർ വീടുവീടാന്തം കയറി ആബാലവൃദ്ധം ജനങ്ങളെയും ക്രൂരമായി മർദിച്ചു. സ്‌ത്രീകളെ മാനഭംഗപ്പെടുത്തി. അതോടെ കമ്യൂണിസ്റ്റുകാർ ആ വേട്ടയെ ചെറുത്തു. കിട്ടിയ ആയുധങ്ങൾകൊണ്ട്‌ അവർ തിരിച്ചടിച്ചു. ഒരു സബ്‌ ഇൻസ്‌പെക്ടറും നാലു പൊലീസുകാരും ഉൾപ്പെടെ അഞ്ച്‌ പൊലീസ്‌ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. മുഖ്യമന്ത്രി പറവൂർ ടി കെ നാരായണപിള്ള ‘‘ശൂരനാട്‌ എന്നൊരു നാടിനി വേണ്ട’’ എന്ന്‌ പ്രഖ്യാപിച്ചു. കമ്യൂണിസ്റ്റ്‌ വേട്ട ശക്തിപ്പെടുത്തി. ശൂരനാട്ട്‌ നൂറുകണക്കിന്‌ പൊലീസെത്തി അതിക്രൂരമായ മർദനമുറകൾ നടത്തി. ആർ ശങ്കരനാരായണൻ തമ്പി, തണ്ടാശ്ശേരി രാഘവൻ, തോപ്പിൽ ഭാസി എന്നിവരുൾപ്പെടെയുള്ളവരെ പ്രതികളാക്കി കേസെടുത്തു. ശൂരനാട്‌ സംഭവത്തിന്റെ പേരിൽ സമീപ പ്രദേശങ്ങളിലാകെ പൊലീസ്‌ കിരാതമായ നരനായാട്ട്‌ ശക്തിപ്പെടുത്തി. ഒളിവിലിരുന്നുകൊണ്ട്‌ പാർട്ടി പ്രവർത്തകരെ സമാധാനിപ്പിക്കുന്നതിനും അവർക്ക്‌ കൃത്യമായ നിർദേശങ്ങൾ നൽകുന്നതിനും എൻ എസ്‌ സജീവമായി ഇടപെട്ടു.

അടൂർ പൊലീസിന്റെ പിടിയിലായ തണ്ടാശ്ശേരി രാഘവൻ 1950 ജനുവരി 18ന്‌ പൊലീസ്‌ ക്യാമ്പിൽ രക്തസാക്ഷിയായി. തുടർന്ന്‌ കളക്കാട്ടുതറ പരമേശ്വരൻനായർ, പായിക്കാലിൽ ഗോപാലപിള്ള, മഠത്തിൽ ഭാസ്‌കരൻനായർ, കാഞ്ഞിരപ്പള്ളി വടക്ക്‌ പുരുഷോത്തമക്കുറുപ്പ്‌ എന്നീ സമരനേതാക്കളും രക്തസാക്ഷികളായി. ശൂരനാട്‌ സമരത്തിലെ പ്രതികൾക്ക്‌ കൊല്ലം സെഷൻസ്‌ കോടതി 75 വർഷത്തെ തടവാണ്‌ ഏർപ്പെടുത്തിയത്‌.

എന്നാൽ ശൂരനാട്‌ സംഭവത്തോടെ ജന്മിമാരുടെ ധിക്കാരം അസ്‌മതിച്ചു. പിന്നീട്‌ തൊഴിലാളികളെ ആക്രമിക്കാൻ അവർ ധൈര്യം കാട്ടിയില്ല.

കേരളം രൂപീകരിക്കപ്പെട്ടതിനുശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ ശൂരനാട്‌ കേസിലെ പ്രതിയായ ശങ്കരനാരായണൻ തമ്പി ഒളിവിലിരുന്നുകൊണ്ട്‌ ഉജ്വല വിജയം നേടി. എന്നുമാത്രമല്ല കേരളത്തിലെ ആദ്യത്തെ സ്‌പീക്കറായി അദ്ദേഹം തിരഞ്ഞെടുക്കപ്പെടുകയും ചെയ്‌തു. കേസിലെ മറ്റൊരു പ്രതിയായിരുന്ന തോപ്പിൽ ഭാസി പത്തനംതിട്ട നിയോജകമണ്ഡലത്തിൽനിന്ന്‌ നല്ല ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ടു.

ഇ എം എസ്‌ സർക്കാർ ജന്മിത്തം അവസാനിപ്പിച്ചുവെന്നു മാത്രമല്ല, ശൂരനാട്‌ കേസിൽ ശിക്ഷിക്കപ്പെട്ട്‌ ജയിലിൽ കിടന്നവരെ മോചിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്‌തു. 1957 ഏപ്രിൽ ഒമ്പതിന്‌ ശൂരനാട്‌ കേസിലെ എല്ലാവരെയും സർക്കാർ മോചിപ്പിച്ചു.

കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ സെൽ സെക്രട്ടറി, കായംകുളം ഡിവിഷൻ കമ്മിറ്റി സെക്രട്ടറി, കാർത്തികപ്പള്ളി താലൂക്ക്‌ സെക്രട്ടറി, ജില്ലാ അസിസ്റ്റന്റ്‌ സെക്രട്ടറി എന്നീ നിലകളിൽ അവിഭക്ത കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ കരുത്തനായ നേതാവായി അദ്ദേഹം പ്രവർത്തനങ്ങൾക്ക്‌ ചുക്കാൻപിടിച്ചു. 1958ൽ പാർട്ടിയുടെ ആലപ്പുഴ ജില്ലാ ആക്ടിംഗ്‌ സെക്രട്ടറിയായി പ്രവർത്തിച്ചത്‌ എൻ എസ്‌ ആണ്‌.

പൂർണ ഗർഭിണിയായിരുന്ന ജീവിതപങ്കാളിയുടെ കൺമുന്നിലാണ്‌ എൻ എസിനെ ‘ചൈനാ ചാരൻ’ എന്നാരോപിച്ച്‌ പൊലീസ്‌ അർധരാത്രി അറസ്റ്റ്‌ ചെയ്‌തത്‌. പിന്നീട്‌ ഒന്നേകാൽ വർഷത്തിനുശേഷമാണ്‌ അദ്ദേഹത്തെയും പാർട്ടിയുടെ മറ്റു നേതാക്കളെയും സർക്കാർ മോചിപ്പിച്ചത്‌.

ലോക്കപ്പിൽ മർദകവീരനെന്ന്‌ കുപ്രസിദ്ധിയാർജിച്ച കായംകുളം സബ്‌ ഇൻസ്‌പെക്ടർ അതിക്രൂരമായാണ്‌ എൻ എസിനെ മർദിച്ചത്‌. ചുവന്ന തുണിയിൽ പൊതിഞ്ഞ വലിയ പാറക്കല്ലുകൊണ്ടാണ്‌ അദ്ദേഹത്തിന്റെ മുതുകിടിച്ച്‌ തകർത്തത്‌. ശങ്കരൻ കല്ല്‌ എന്നു പേരിട്ടിരുന്ന ആ കല്ലുകൊണ്ടുള്ള മർദനമുറകൾ എൻ എസിന്റെ ബോധംകെടുത്തുന്നതുവരെ പൊലീസ്‌ തുടർന്നു. വിവരമറിഞ്ഞ എ കെ ജി പാർലമെന്റിൽ ശക്തിയായി പ്രതിഷേധിച്ചു. എൻ എസിനുനേരെ നടന്ന ക്രൂരമായ ആക്രമണം നാട്ടിൽ കോളിളക്കമുണ്ടാക്കി. ജനങ്ങൾ രണ്ടുംകൽപിച്ച്‌ പുളിവടിയും വെട്ടി പൊലീസ്‌ സ്‌റ്റേഷൻ വളഞ്ഞു. ഗത്യന്തരമില്ലാതെ പൊലീസിന്‌ അദ്ദേഹത്തെ മോചിപ്പിക്കേണ്ടിവന്നു. ധീരതയും കരുണ്യവും ഒത്തിണങ്ങിയ വ്യക്തിത്വത്തിന്‌ ഉടമായിരുന്നു എൻ എസ്‌ എന്ന കമ്യൂണിസ്റ്റ്‌ നേതാവ്‌. ലളിതജീവിതവും സമർപ്പണ മനോഭാവവും ഉള്ളുതുറന്നുള്ള സ്‌നേഹവും അദ്ദേഹത്തെ ജനങ്ങളുടെ പ്രിയങ്കരനായ എൻ എസ്‌ ആക്കി മാറ്റി. എൻ എസിനെ അനുസ്‌മരിച്ചുകൊണ്ട്‌ കോടിയേരി ബാലകൃഷ്‌ണൻ 2022 ഫെബ്രുവരി 17ന്റെ ദേശാഭിമാനിയിൽ ഇങ്ങനെ എഴുതി:

‘‘പാർട്ടി സംഘടന കെട്ടിപ്പടുക്കുന്നതിനും കേഡർമാരെ വളർത്തുന്നതിനും അനിതരസാധാരണമായ സാമർത്ഥ്യം എൻ എസിനുണ്ടായിരുന്നു. ഏന്ത്‌ കാര്യവും ആരു പറഞ്ഞാലും കേ
ൾക്കും. പക്ഷേ അങ്ങനെയൊരാൾ പറഞ്ഞു എന്നുമാത്രം കരുതി അത്‌ പാർട്ടി നിലപാടാക്കില്ലായിരുന്നു. ഒരു നേതാവിനെയോ പ്രവർത്തകനെയോപറ്റി പരദൂഷണം പറയുന്നതിനെ അദ്ദേഹം നിരുത്സാഹപ്പെടുത്തും. എന്നാൽ ഒരു കേഡറിന്റെ വഴിതെറ്റലിനെപ്പറ്റി വിവരം ലഭിച്ചാൽ സമയബന്ധിതമായി അദ്ദേഹം ഇടപെടും. ഇങ്ങനെയെല്ലാമുള്ള എൻ എസിനെ വിദ്യാർഥിസംഘടനയുടെ സംസ്ഥാന നേതാവായിരുന്ന ഘട്ടത്തിലാണ്‌ ഈ ലേഖകൻ പരിചയപ്പെടുന്നതും അടുത്തിടപഴകുന്നതും. വിദ്യാർഥി സംഘടനാ നേതാക്കളോട്‌ ഒരു പ്രത്യേക വാത്സല്യം അദ്ദേഹത്തിനുണ്ടായിരുന്നു. ഞങ്ങളെല്ലാം കൊല്ലത്തെത്തുമ്പോൾ അന്ന്‌ പാർട്ടി ജില്ലാ സെക്രട്ടറിയായിരുന്ന അദ്ദേഹത്തിൽനിന്ന്‌ ലഭിച്ച സ്‌നേഹവും കരുതലും പറഞ്ഞറിയിക്കാനാകാത്തതായിരുന്നു.

‘‘ദേശാഭിമാനിയുടെ പ്രചാരം വർധിപ്പിക്കുന്ന പ്രത്യേക ചുമതല ഏറ്റെടുത്ത്‌ പാർട്ടി സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗമായിരിക്കെ എൻ എസ്‌ കണ്ണൂരിൽ എത്തിയപ്പോഴുള്ള അനുഭവവും മറക്കാനാവാത്തമാണ്‌. അന്ന്‌ എസ്‌എഫ്‌ഐ പ്രവർത്തനകാലത്തിനുശേഷം കണ്ണൂർ ജില്ലയിൽ പാർട്ടിയുടെ മുഴുവൻസമയ പ്രവർത്തകനായി ഏരിയതലത്തിൽ പ്രവർത്തിക്കുകയായിരുന്നു ഞാൻ. പാർട്ടി മുഖപത്രത്തിന്റെ പ്രചാരം വർധിപ്പിക്കേണ്ടതിന്റെ രാഷ്‌ട്രീയ ആവശ്യകതയും അതിനു കൈക്കൊള്ളേണ്ട സംഘടനാരീതികളും പ്രവർത്തകരെ ബോധ്യപ്പെടുത്തുന്നതിൽ മനസ്സിൽതട്ടുന്ന ഒരു മാസ്‌മരികത സൃഷ്ടിക്കാൻ എൻ എസിനു കഴിഞ്ഞിരുന്നു. അന്ന്‌ സംസ്ഥാനത്താകെ ദേശാഭിമാനിയുടെ സർക്കുലേഷനിൽ വൻ കുതിപ്പുണ്ടായി. പാർട്ടി പത്രത്തിന്റെ പ്രചാരം വലിയതോതിൽ വർധിപ്പിക്കാൻ ആദ്യമായി കഴിഞ്ഞത്‌ അന്നാണ്‌…

പാർട്ടി സംഘടനയെയും നേതാക്കളെയും സംരക്ഷിക്കുക എന്നത്‌ പരമപ്രധാനമാണെന്നും അത്‌ വ്യക്തിപരമായ ബന്ധങ്ങൾക്ക്‌ അപ്പുറമാണെന്നും പ്രവൃത്തികൊണ്ട്‌ തെളിയിച്ച നേതാവായിരുന്നു എൻ എസ്‌’’.

1964ൽ കമ്യൂണിസ്റ്റ്‌ പാർട്ടി ഭിന്നിച്ചതോടെ സിപിഐ എമ്മിനൊപ്പം അടിയുറച്ചുനിന്ന്‌ എൻ എസ്‌ പ്രവർത്തിച്ചു. സിപിഐ എമ്മിന്റെ ആലപ്പുഴ ജില്ലാ സെക്രട്ടറിയായും പിന്നീട്‌ കൊല്ലം ജില്ല രൂപീകരിക്കപ്പെട്ടതിനുശേഷം കൊല്ലം ജില്ലാ സെക്രട്ടറിയായും അദ്ദേഹം പ്രവർത്തിച്ചു. പിന്നീട്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗമായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. അതോടെ സംസ്ഥാനമൊട്ടാകെയായി എൻ എസിന്റെ പ്രവർത്തനമേലഖ.

1985 ഫെബ്രുവരി 17ന്‌ വാഹനാപകടത്തിൽ അദ്ദേഹം അകാലചരമം പ്രാപിച്ചു. ടി വി പത്മാവതിയാണ്‌ അദ്ദേഹത്തിന്റെ ജീവിതപങ്കാളി. മുതിർന്ന മാധ്യമപ്രവർത്തകൻ ആർ എസ്‌ ബാബു ജാമാതാവാണ്‌.

എൻ എസിന്റെ മരണശേഷം അദ്ദേഹത്തിന്റെ സ്‌മരണയ്‌ക്കായി കൊല്ലം ജില്ലയിലെ പാലത്തറയിൽ സഹകരണമേഖലയിൽ ആരംഭിച്ച ആശുപത്രി ഇന്ന്‌ ആതുരർക്ക്‌ കുറഞ്ഞ ചെലവിൽ ചികിത്സ ലഭിക്കുന്ന ആശ്വാസകേന്ദ്രമാണ്‌. എൻ എസ്‌ മെമ്മോറിയൽ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ മെഡിക്കൽ സയൻസസ്‌ ഇന്ന്‌ അത്യാധുനിക സൗകര്യങ്ങളുള്ള മാതൃകാ ആശുപത്രിയാണ്‌.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

17 + seventeen =

Most Popular