Sunday, May 19, 2024

ad

Homeപുസ്തകംവെറുപ്പിന്റെ രാഷ്‌ട്രീയം

വെറുപ്പിന്റെ രാഷ്‌ട്രീയം

ആർ എൽ ജീവൻലാൽ

ന്നഡ സാഹിത്യകാരനായ ദേവനുരു മഹാദേവ രചിച്ച “RSS ഒളിഞ്ഞും തെളിഞ്ഞും’ എന്ന പുസ്തകം ആർഎസ്എസ് എന്ന സംഘടനയുടെ മതഭ്രാന്തിന്റെ ദംഷ്ട്രകളെ വ്യക്തമായി കാണിച്ചുതരുന്ന വഴിവിളക്കാണ്. ആ പ്രകാശത്തെ കണ്ടെന്നും കണ്ടില്ലെന്നും ധരിക്കാം. കണ്ടവർക്കത് തിരിച്ചറിവിന്റെ പ്രകാശിതവലയമാണ്. കാണാത്തവർക്കോ, അസഹിഷ്ണുതയുടെയും മൗഢ്യത്തിന്റെയും നെടുവീർപ്പിൽ ഉൾച്ചേർന്ന ജനതയുടെ അന്ധകാരത്തിന്റെ വലയവും. കന്നഡയിൽ അരലക്ഷത്തോളം കോപ്പികൾ വിറ്റഴിഞ്ഞ ഈ പുസ്തകം വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റപ്പെട്ടിട്ടുണ്ട്. മലയാളത്തിലേക്ക് പരിഭാഷ ചെയ്തിരിക്കുന്നത് അനാമികയാണ്. ലളിതമായ ഭാഷയിൽ ആർഎസ്എസിന്റെ വിദ്വേഷരാഷ്ട്രീയത്തെ വിശദമാക്കാൻ ഈ കൃതിക്കായിട്ടുണ്ട്.

ദേവനുരു മഹാദേവ ആർഎസ്എസിന്റെ ജാതീയ മുൻവിധികളെ മനസ്സിലാക്കാതെ സംഘടനയിൽ ചേർന്ന വ്യക്തിയായിരുന്നു. പിന്നീട് അസമത്വത്തിന്റെ രാഷ്ട്രീയ അജൻഡകൾ മനസ്സിലാക്കിയ അദ്ദേഹം ആർഎസ്എസിനോട് വിടപറഞ്ഞു. ഈ സംഘടനയെക്കുറിച്ചുള്ള വ്യക്തമായ ബോധമാണ് “RSS ഒളിഞ്ഞും തെളിഞ്ഞും’ എന്ന പുസ്തകം. അദ്ദേഹത്തിന്റെ നിരീക്ഷണത്തിൽ ആർഎസ്എസിന്റെ പ്രാണൻ ഒളിഞ്ഞിരിക്കുന്നത് ഗോൾവാൾക്കറു ടെയും സവർക്കറുടെയും രചനകളിലാണ്. ഗോൾവാൾക്കറുടെ “ബഞ്ച് ഓഫ് തോട്ട്സി’നോളം വിഷം പുരട്ടിയ രചനകൾ കണ്ടെടുക്കുക അസാധ്യമാണ്. പുരുഷസൂക്തത്തിൽ വിഭാവനം ചെയ്യുന്ന സാമൂഹിക വ്യവസ്ഥയാണ് ആർഎസ്എസിന് ദൈവം. അതുകൊണ്ടാണ് ശൂദ്രന്റെ തലയിൽ അവർ മൂത്രമൊഴിക്കുന്നത്. പൊതുനിരത്തുകളിൽ ശൂദ്രർക്ക് സഞ്ചാരസ്വാതന്ത്ര്യം അനുവദിക്കാത്തത്. അവർ മൂർത്തദൈവത്തിന്റെ പാദമാണല്ലോ. ബ്രാഹ്മണൻ തലയും ക്ഷത്രിയൻ ഭുജങ്ങളും വൈശ്യൻ തുടകളുമാണല്ലോ. ശിരസ്സിന്റെ ആജ്ഞയനുസരിച്ചുമാത്രം മറ്റു അവയവങ്ങൾ പ്രവർത്തിക്കണമെന്നതാണ് ആർഎസ്എസിന്റെ സാമൂഹികനീതി. അവരുടെ നിയമസംഹിത മനുസ്മൃതിയാണ്. ഇന്ത്യൻ ഭരണഘടനയല്ല. ഗോൾവാൾക്കറെ സംബന്ധിച്ചിടത്തോളം ഇന്ത്യൻ ഭരണഘടന എന്നത് ഐക്യരാഷ്ട്രസഭയുടെ ചാർട്ടർ അല്ലെങ്കിൽ മുടന്തൻ തത്വങ്ങളും, അമേരിക്കൻ, ബ്രിട്ടീഷ് ഭരണഘടനകളിൽ നിന്നും കടമെടുത്ത ഭാഗങ്ങളുംകൊണ്ട് തട്ടിക്കൂട്ടിയത് മാത്രമാണ്. അവർ ഗോൾവാൾക്കറുടെ വാക്കുകളെ ഏറ്റവും മഹത്തരമായി ഏറ്റെടുക്കുന്നതുകൊണ്ടാണ് ഓർഗനൈസറും ഭരണഘടനയിൽ ഭാരതീയമായത് ഒന്നുമില്ലെന്ന് ഏറ്റുപറയുന്നത്. ആർഎസ്എസിന്റെ ചാതുർവർണ്യത്തിന്റെ വിശ്വാസ്യതയെ ദേവനുരു രണ്ടാമദ്ധ്യായത്തിൽ വിശദമായി ചോദ്യംചെയ്യുന്നുണ്ട്. ആര്യവരേണ്യതയുടെ വക്താവായ ഹിറ്റ്ലറുടെയും വർത്തമാനകാല ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഏകാധിപതിയായ നരേന്ദ്രമോദിയുടെയും അധികാരഭ്രാന്തിന്റെ തിരുശേഷിപ്പുകളെ സമാനതയിലൂന്നി സമർത്ഥിക്കുന്ന ദേവനുരുവിന്റെ രചനാശൈലി സാർവ്വജനീന ബുദ്ധിജീവിയുടെ അടയാളമാണ്.

ഇന്ത്യാരാജ്യത്തിലെ മറ്റു മതങ്ങളെ മതങ്ങളായിതന്നെ അംഗീകരിക്കാൻ കഴിയാത്ത ആർഎസ്എസിന്റെ നിലപാടിനെ എന്ത് പേരിട്ടാണ് വിളിക്കേണ്ടത്? ചാതുർവർണ്യത്തിന് വഴങ്ങാത്ത ന്യൂനപക്ഷസമുദായങ്ങളെ അവർ വേട്ടയാടുന്നു… ആക്രമിക്കുന്നു. ‘തുടരുന്നത്’ എന്ന മൂന്നാമദ്ധ്യായത്തിൽ ആർഎസ്എസിന്റെ വെറുപ്പിന്റെ രാഷ്ട്രീയത്തെ എഴുത്തുകാരൻ വ്യക്തമായി വരച്ചുകാട്ടുന്നുണ്ട്. ആറ് പ്രബല വംശീയവിഭാഗങ്ങളാലും 55 മുഖ്യഗോത്രങ്ങളാലും ആറ് പ്രമുഖ മതങ്ങളാലും 6400 ജാതികൾ/ഉപജാതിക ളാലും 18 ഭാഷകളാലും 1600 ഉപഭാഷകളാലും വൈവിധ്യവത്കരി ക്കപ്പെട്ട രാജ്യത്തിന്റെ ജീവിതചോദനകളെയാണ് മനുധർമ്മശാസ്ത്രം കൈമുതലാക്കി സംഘപരിവാർ ഇല്ലായ്മചെയ്യാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ദേവനുരു മഹാദേവ എഴുത്തിനാൽ കൊളുത്തിവിട്ട പന്തം നാമെല്ലാവരും കണ്ണിചേർന്ന് ജ്വലിപ്പിക്കേണ്ടതുണ്ട്. ആർഎസ്എസ് എന്ന അന്ധകാരത്തെ ഇല്ലായ്മ ചെയ്യാനായി മഹാജ്വാലയായി നാം ആളിപ്പടരേണ്ടതുണ്ട്. ഇന്ത്യ നമ്മുടേതാണ്.

 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

six + twelve =

Most Popular