Friday, May 17, 2024

ad

Homeനൃത്തംദഫ്‌മുട്ടും അറബനമുട്ടും

ദഫ്‌മുട്ടും അറബനമുട്ടും

ഹൈദ്രോസ്‌ പുവ്വക്കുർശി

ദഫ്‌മുട്ട്‌

തിപ്രാചീനകാലം മുതൽ വിവിധ രാജ്യങ്ങളിൽ ഭിന്നസമുദായങ്ങൾക്കിടയിൽ പ്രചാരത്തിലുണ്ടായിരുന്ന ഒരു വാദ്യകലയാണ്‌ ദഫ്‌മുട്ട്‌. പ്രവാചകൻ മുഹമ്മദ്‌ നബിയുടെ കാലത്തിന്‌ എത്രയോ മുന്പുതന്നെ അറേബ്യയിലും മറ്റനേകം രാജ്യങ്ങളിലും ദഫ്‌മുട്ട്‌ പ്രചാരത്തിൽ ഉണ്ടായിരുന്നതായി ചരിത്രരേഖകളിൽ കാണുന്നുണ്ട്‌. നബിയുടെ കാലത്തും ഈ കല പ്രാധാന്യത്തോടെ അവതരിപ്പിക്കപ്പെട്ടിരുന്നു. മാത്രമല്ല, നബി അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്‌തിരുന്നു. അറബി സംഗീതലോകത്തെ ആദ്യ സംഗീത ഉപകരണമാണ്‌ ദഫ്‌ എന്ന്‌ കരുതപ്പെടുന്നു.

ആഘോഷവേളകൾ ആനന്ദകരമാക്കാനും സന്തോഷം പകരാനും ദഫ്‌ മുട്ടാറുണ്ടായിരുന്നു. വിവാഹസദസ്സുകളിലും സ്വീകരണപരിപാടികളിലും ഗാർഹികാഘോഷ വേളകളിലും ഈ കല അരങ്ങേറിയിരുന്നു. മുൻകാലങ്ങളിൽ അറബി ഗോത്രങ്ങൾ തമ്മിൽ യുദ്ധങ്ങൾ പതിവായിരുന്നു. സൈന്യത്തിന്റെ പിന്നിൽ നടന്നും പോരാട്ടവേളകളിൽപോലും സൈന്യത്തിനു പിന്നിൽനിന്നും വനിതകൾ വീരഗാനങ്ങൾ ആലപിച്ച്‌ ഉച്ചത്തിൽ ദഫ്‌മുട്ടി വീര്യം പകർന്നിരുന്നതായി ചരിത്രത്തിൽ കാണാം. യുദ്ധത്തിൽ വിജയിക്കുന്നവർ ദഫ്‌മുട്ടി വിജയം ആഘോഷിച്ചിരുന്നു. അറേബ്യയിൽ മാത്രമല്ല യൂറോപ്യൻ രാജ്യങ്ങളിലും ദഫ്‌മുട്ട്‌ പ്രചാരത്തിലുണ്ടായിരുന്നു. ദഫിന്റെ രൂപത്തിലും വാദനത്തിലും അവതരണ സന്ദർഭങ്ങളിലും വ്യത്യാസമുണ്ടായിരുന്നു.

ദഫ്‌മുട്ടിന്റെ ഉത്ഭവത്തെപ്പറ്റി ഖണ്ഡിതമായ അഭിപ്രായം പറയുക അസാധ്യമാണ്‌. അതിപുരാതന കാലംമുതൽക്കേ ഇസ്‌റയേലുകാരും യൂറോപ്യന്മാരും അവരുടെ ആഘോഷാവസരങ്ങളിലും മറ്റും ദഫ്‌മുട്ടി പാടാറുണ്ടായിരുന്നു. ഇക്കാലത്ത്‌ ഇതൊരു സംഘകല മാത്രമായിട്ടാണ്‌ കാണുന്നതെങ്കിലും മുൻകാലങ്ങളിൽ സംഘത്തിൽ ഒന്നോ രണ്ടോ പേർ മാത്രം ദഫ്‌മുട്ടുകയും മറ്റുള്ളവർ കൈമുട്ടിയും അല്ലാതെയും ഗാനങ്ങൾ ആലപിക്കുകയും ചെയ്യുക പതിവായിരുന്നു.

കേരളത്തിൽ ഒരു അറബി കലാരൂപം എന്ന നിലയിൽ ലക്ഷദ്വീപ്‌ വഴിയാണ്‌ ദഫ്‌മുട്ട്‌ എത്തുന്നത്‌. ഒരു വിനോദകല എന്നതിൽ കവിഞ്ഞ്‌ നേർച്ചകളിലും റാത്തീബുകളിലും ഒരു അനുഷ്‌ഠാനകലയായിത്തന്നെ ദഫ്‌മുട്ട്‌ അവതരിപ്പിക്കാറുണ്ടായിരുന്നു. പിന്നീട്‌ അടുത്തകാലത്താണ്‌ ഘോഷയാത്രകളിലും ജാഥകളിലുമൊക്ക ദഫ്‌മുട്ട്‌ കാണാൻ ആരംഭിച്ചത്‌. ഇത്തരം സന്ദർഭങ്ങളിൽ കാണുന്ന അവതരണം തനിമയിൽനിന്ന്‌ ഏറെ അകന്ന നിലയിലാണെന്നത്‌ ഒരു യാഥാർഥ്യമാണ്‌. ദഫ്‌മുട്ടിന്‌ ലിഖിതമായ നിയമങ്ങൾ ഇല്ലെങ്കിലും കാലങ്ങളായി നിലനിന്നുപോന്നതും പൂർവികരായ കലാകാരർ പകർന്നുതന്നതുമായ രീതികൾ നിയമങ്ങളായി അംഗീകരിക്കുക മാത്രമേ നിർവാഹമുള്ളൂ.

ദഫ്‌ എന്ന ഉപകരണം പല കാലങ്ങളിൽ വിവിധ രാജ്യങ്ങളിൽ വ്യത്യസ്‌ത രൂപങ്ങളിലായിരുന്നു കാണപ്പെട്ടിരുന്നത്‌. ഇപ്പോൾ പ്രചാരത്തിലുള്ള ദഫ്‌ വൃത്താകൃതിയിലാണ്‌. ഒരു ചാൺ വ്യത്യാസത്തിൽ മരത്തിന്റെ കുറ്റികൾ കുഴിച്ച്‌ ഒരുവശത്ത്‌ തോൽ വലിച്ചുകെട്ടി ഉണ്ടാക്കുന്നതാണ്‌ ഇന്ന്‌ പ്രചാരത്തിലുള്ളത്‌. വശങ്ങൾ നാലോ അഞ്ചോ അംഗുലം ഉയരമുണ്ടാകും.

മാപ്പിള കലകളിൽപെട്ട ദഫ്‌മുട്ട്‌ സ്‌കൂൾ‐കോളേജ്‌ കലോത്സവങ്ങളിൽ ഒരു മത്സരയിനമാണ്‌. മറ്റു പൊതുവേദികളിൽ വളരെ അപൂർവമായി മാത്രമേ അവതരിപ്പിക്കപ്പെട്ടു കാണാറുള്ളൂ. അറബി ബൈത്തുകൾ പാടിക്കൊണ്ട്‌ മാത്രമേ മത്സരവേദികളിൽ ദഫ്‌മുട്ട്‌ അവതരിപ്പിക്കുവാൻ പാടുള്ളൂ. സ്‌കൂൾ‐കോളേജ്‌ കലോത്സവങ്ങളിലെ നിബന്ധനയാണിത്‌. ലക്ഷണമൊത്ത അറബി സ്‌തുതിഗീതങ്ങൾ ആലപിക്കണം. ആലാപനത്തിന്റെ ഗതിവേഗതയ്‌ക്കനുസരിച്ച്‌ താളാത്മകമാകണം വാദനം. ഭിന്നതാളങ്ങളിൽ മുട്ടാം. ഒറ്റമുട്ട്‌, മൂന്നുമുട്ട്‌, അഞ്ചുമുട്ട്‌ എന്നിങ്ങനെ വിവിധ മുട്ടുകളുണ്ട്‌. ഓരോ മുട്ടും അവസാനിക്കുന്നത്‌ ദ്രുതതാളത്തിലാകുന്നത്‌ കൂടുതൽ ആകർഷകമാണ്‌. നിന്നും ഇരുന്നും മാത്രം മുട്ടുന്നതാണ്‌ പഴയ രീതിയെങ്കിലും ചെറു ചലനങ്ങളും സ്ഥാനം മാറലും ആകാം. ഓടിയും ചാടിയും മുട്ടുന്നത്‌ ശരിയല്ല. പഴയകാല മുസ്ലിം വസ്‌ത്രങ്ങളും ധാരണരീതിയുമാണ്‌ അനുയോജ്യം.

സ്‌കൂളുകളുടെയും കോളേജുകളുടെയും കലോത്സവങ്ങളിൽ ദഫ്‌മുട്ട്‌ അവതരിപ്പിക്കുമ്പോൾ അറബി സ്‌തുതിഗീതങ്ങൾ ആലപിക്കൽ നിർബന്ധമാണെങ്കിലും മറ്റു സന്ദർഭങ്ങളിൽ മലയാളത്തിലുള്ള ഭക്തിഗാനങ്ങൾ പാടാം. മുൻകാലങ്ങളിൽ മലയാളം പാട്ടുകളും മാപ്പിളഗാനങ്ങളും പാടിക്കൊണ്ട്‌ ദഫ്‌മുട്ടുക പതിവായിരുന്നു.

ദഫ്‌ ഒരു ചർമവാദ്യ ഉപകരണമാണ്‌. ഈ കാലത്ത്‌ പല വേദികളിലും ആഘോഷങ്ങളിലും ദഫ്‌മുട്ട്‌ എന്ന പേരിൽ ചില കളികൾ കാണാം. ഗഞ്ചിറ ഉപയോഗിച്ച്‌ ഓടിയും ചാടിയും പലതരം പാട്ടുകൾ പാടിക്കൊണ്ടുമാണ്‌ അവതരിപ്പിച്ചുകാണുന്നത്‌. ഇതിന്‌ ദഫ്‌മുട്ട്‌ എന്നു പറഞ്ഞുകൂടാ. ദഫ്‌കളി എന്നു പറയുന്നതാണ്‌ അനുയോജ്യം. കാരണം ദഫ്‌ എന്ന ഉപകരണവും ലക്ഷണമൊത്ത സ്‌തുതിഗീതങ്ങളുടെ ആലാപനവും ഈ കലയുടെ ജീവനാണ്‌. ഭക്തിഭാവത്തോടെ തനിമയും പഴമയും നിലനിർത്തിക്കൊണ്ടാണ്‌ ദഫ്‌മുട്ട്‌ അവതരിപ്പിക്കേണ്ടത്‌.

അറബ‌നമുട്ട്‌

സഹസ്രാബ്ദങ്ങൾക്ക്‌ മുമ്പെ അറബികൾ അവരുടെ നാടൻ പാട്ടുകൾക്കും കലകൾക്കും ഉപയോഗിച്ചിരുന്ന താളവാദ്യമാണ്‌ അറബന. യുദ്ധംപോലെയുള്ള കാര്യങ്ങളുടെ വിവരവിളംബരങ്ങൾക്കും അറബനമുട്ടുക പതിവായിരുന്നു. മരുഭൂമിയിൽ ഒറ്റപ്പെട്ടുപോയവരെ ഒരുമിച്ചുകൂട്ടുവാനും അറബനമുട്ടാറുണ്ടായിരുന്നു. ഒരു വിനോദകല മാത്രമല്ല അറബനമുട്ട്‌. ഭക്തിപ്രസ്ഥാനങ്ങളോട്‌ ബന്ധപ്പെട്ടാണ്‌ ഈ കലാരൂപം കേരളത്തിൽ പ്രചാരത്തിൽ വന്നത്‌. റാത്തീബുകൾക്ക്‌ താളവാദ്യമായി അറബന ഉപയോഗിച്ചുവരുന്നു.

ഒന്നരചാൺ വാവട്ടത്തിൽ അഞ്ച്‌ അംഗുലം വീതിയുള്ള മരച്ചട്ടകൾ ഉപയോഗിച്ചാണ്‌ അറബന ഉണ്ടാക്കുന്നത്‌. അഞ്ച്‌ തടിക്കഷ്‌ണങ്ങൾ വൃത്തമായി ചേർത്ത്‌ പിത്തളവാർകൊണ്ട്‌ ചുറ്റിക്കെട്ടി ബലപ്പെടുത്തി ഒരുവശത്ത്‌ തോൽ പൊതിഞ്ഞ അറബനയുടെ മരച്ചട്ടയിൽ കിലുക്കങ്ങളും ഘടിപ്പിച്ചിരിക്കും.

അറബനമുട്ടിന്‌ റാത്തീബ്‌ മുട്ട്‌, കളിമുട്ട്‌ എന്നിങ്ങനെ രണ്ടുതരം മുട്ടുകളുണ്ട്‌. റാത്തീബ്‌മുട്ട്‌ അനുഷ്‌ഠാനപരവും കളിമുട്ട്‌ കലാപരവുമാണെന്ന്‌ പറയാം. കൈവിരലുകൾകൊണ്ട്‌ അറബനയുടെ പുറഭാഗത്ത്‌ വിവിധ താളങ്ങളിൽ മുട്ടുന്നതാണ്‌ റാത്തീബ്‌ മുട്ട്‌. കൂടുതൽ മുഴക്കമുണ്ടാക്കുന്ന തരത്തിലാണ്‌ ഈ മുട്ട്‌. ഒന്നോ രണ്ടോ വിരൽകൊണ്ട്‌ അറബനയ്‌ക്കുള്ളിൽ മണിക്കൽ കളിമുട്ടിൽപെട്ടതാണ്‌. കൈയിന്റെ മുട്ട്‌, കൈപടത്തിന്റെ പുറം, നെറ്റിത്തടം, രണ്ട്‌ ചെന്നിത്തടം, കീഴ്‌ത്താടി, ഇരുചുമൽ എന്നിവിടങ്ങളിൽ അറബനകൊണ്ട്‌ മുട്ടുന്നതെല്ലാം കളിമുട്ടുകളിൽ കാണാം. എതിരെയുള്ള ജോഡിക്കാരന്റെ അറബനയിലും മുട്ടാം. ഒരുമുട്ട്‌, ഇരുമുട്ട്‌, അഞ്ചുമുട്ട്‌, ആച്ചൽമുട്ട്‌, കോരിമുട്ട്‌ എന്നിങ്ങനെ വിവിധ മുട്ടുകളുണ്ട്‌. വാദനസ്വരം ഏകമാകണം. അറബന ചൂടാക്കി സ്വര ഏകീകരണം വരുത്തണം. ഗാനാലാപനത്തിന്റെ സ്വരമാത്രകൾക്കനുസരിച്ച്‌ താളാത്മകമായി മുട്ടണം.

പുണ്യാത്മാക്കളെ പുകഴ്‌ത്തുന്ന അറബീത്വരീഖത്ത്‌ ബൈത്തുകളും സമാന രചനകളും ആലപിച്ച്‌ അറബന മുട്ടുന്നതാണ്‌ കൂടുതൽ അനുയോജ്യം. സ്‌കൂൾ‐കോളേജ്‌ കലോത്സവങ്ങളിലെ മത്സരയിനങ്ങളിൽപെട്ട ഒരു മാപ്പിള കലയാണല്ലോ അറബനമുട്ട്‌. മത്സരവേദികളിൽ അറബി സ്‌തുതിഗീതങ്ങൾമാത്രം പാടണമെന്നത്‌ നിർബന്ധമാണ്‌. എന്നാൽ പൂർവികരായ കലാകാരർ മലയാളത്തിലുള്ള സ്‌തുതിഗീതങ്ങൾ, പടപ്പാട്ടുകൾ, കെസ്സ്‌ പാട്ടുകൾ മുതലായവ പാടിക്കൊണ്ട്‌ അറബനമുട്ടുക പതിവായിരുന്നു. ഇക്കാലത്തും പൊതുവേദികളിൽ അത്‌ തുടർന്നുവരുന്നു. അവതരിപ്പിക്കുന്നവർ തന്നെ മുൻപാട്ടുകാരും പിൻപാട്ടുകാരുമായി ആലപിക്കുന്നതാണ്‌ ഉചിതം. വാദനത്തിൽ താളഭംഗം സംഭവിക്കാതിരിക്കാൻ പിന്നണി ഒഴിവാക്കുന്നതാണ്‌ ഉത്തമം. അറബിവേഷമോ പരന്പരാഗത മുസ്ലിം വേഷമോ ധരിക്കുന്നതാണ്‌ നല്ലത്‌.

മുൻകാലങ്ങളിൽ അറബന മുട്ടിയിരുന്നത്‌ ഇരുന്നുകൊണ്ട്‌ മാത്രമായിരുന്നു. ഇടക്കാലത്ത്‌ നിന്നുകൊണ്ടും മുട്ടുവാൻ ആരംഭിച്ചു. ഇരുന്ന്‌ മട്ടുമ്പോൾ അറബന മുകളിലേക്കെറിഞ്ഞ്‌ പിടിക്കലും ജോഡിക്കാരനുമായി പരസ്‌പരം അറബന എറിഞ്ഞുപിടിക്കലും കൂടുതൽ ആകർഷകമായ കളിമുട്ടുകളാണ്‌. കലോത്സവ മത്സരവേദികളിൽ ഏറെ ആസ്വാദകരുള്ള ഒരു മാപ്പിളകലയാണ്‌ അറബനമുട്ട്‌.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

four + four =

Most Popular