Thursday, May 2, 2024

ad

Homeനൃത്തംമോഹിനിയാട്ടം ചരിത്രവഴികളിലൂടെ

മോഹിനിയാട്ടം ചരിത്രവഴികളിലൂടെ

ഡോ. എ വിനി

ഭാരതീയസങ്കൽപ്പത്തിൽ ഐന്ദ്രിയവും ആത്മീയവുമായ ദർശനങ്ങളെ സമന്വയിപ്പിക്കലാണ് കലാമർമ്മം. നിയതവും പരിമിതവുമായ മാധ്യമങ്ങളിലൂടെ അപരിമേയതയെ ആവിഷ്കരിക്കുന്നതാണ് കല. പുരാണങ്ങളുടെ ഉൾകാഴ്ച ഈ അർത്ഥത്തിൽ സംഗീതം,നൃത്തം,വാദ്യം, ചിത്രം, ശില്പം എല്ലാംതന്നെ അപരിമേയതയുടെ മുന്നിലുള്ള ഹൃദയനൈവേദ്യമാണ്. ഭാരതീയനൃത്ത രൂപങ്ങൾ പരമ്പരയാ പ്രത്യേക കാലഘട്ടങ്ങളുടെയും പ്രാദേശിക താല്പര്യങ്ങളുടെയും സ്വാധീനത്തിനു വിധേയമായി വിവിധ ദേശങ്ങളിൽ വളർന്നുവികസിച്ചിട്ടുണ്ട്. അവക്ക് ധാരാളം പ്രതിസന്ധികൾ തരണംചെയ്യേണ്ടിവന്നിട്ടുമുണ്ട്. കേരളകലയുടെ പരിണാമങ്ങൾക്കും പരിപോഷണത്തിനും വശപ്പെട്ടു കേരളീയതയുടെ കലാരൂപമായി മാറിയ ശാസ്ത്രീയനൃത്ത വിശേഷമാണ്‌ മോഹിനിയാട്ടം.

ചിലപ്പതികാര വിവർത്തനത്തിൽ (പി.വിശ്വനാഥൻനായർ, വ്യാഖ്യാനം ചിലപ്പതികാരം. കേരള സാഹിത്യ അക്കാദമി തൃശൂർ. 1989. പു.67.) വിവരിച്ചു കാണുന്ന നാടകവും മേൽകൂത്തും അഭിനയവും കേരളത്തിൽ പ്രത്യക്ഷമാകുന്നത് കൂടിയാട്ടവും കഥകളിയും മോഹിനിയാട്ടവുമായിട്ടാണ്. സൂക്ഷ്മമായ പൂർവാപരക്രമത്തോടുകൂടി ഇവയുടെ പ്രാചീനത ആ കാലഘട്ടത്തിലെ കൃതികളിൽനിന്നും നമുക്ക് മനസ്സിലാക്കാവുന്നതാണ്. നാടുവാഴികളുടെയും ജന്മികളുടെയും കാലത്തു നർത്തകവൃന്ദത്തിനു സമുദായത്തിലുണ്ടായിരുന്ന സ്വാധീനശക്തിയും മണിപ്രവാള കവികളുടെ വാസനാവൈഭവവും ഒത്തുചേർന്ന സമുദായത്തിലെ ഉയർന്ന വർഗ്ഗത്തിന്റെ അലസവിലസിതം പ്രതിഫലിക്കുന്ന ഒരു കാലഘട്ടത്തെയാണ് ഉണ്ണുനീലിയും കൗണോത്തരയും മാലലേഖമണർ ബാലകേളിയും ലീലാതിലകവും മുതൽക്കുള്ള കൃതികളിലെ ഒട്ടുമിക്ക പദ്യങ്ങളും പ്രതിനിധീകരിക്കുന്നത്. അത് എന്തിനാണെന്ന് ഇങ്ങനെ പറയുന്നു: “ഓരോതരുണർ പരിസരേവന്നുമാഴ്കേണമിന്റെ’ എന്ന്. ഇളയച്ചിക്ക് കവി ആശംസ നൽകുന്നത് ഇങ്ങനെയാണ്. ധാരാളം തരുണകാമുകന്മാർ ചുറ്റും തിങ്ങിക്കൂടുന്നത് അന്തസ്സായി കരുതുന്ന ഒരു സാമുദായക സ്ഥിതി ഉണ്ടായിരുന്നത്തിന്റെ ഫലമായിട്ടാണ് അത്‌. ചന്ദ്രോത്സവക്കാരന്റെ ശക്തിയേറിയ തൂലികക്ക് ഈ ദുഃസ്ഥിതിയെ അൽപ്പമൊന്നു മാറ്റാൻ കഴിഞ്ഞുവെന്ന് 16‐ാം ശതകം മുതലുള്ള സാഹിത്യചരിത്രത്തിൽനിന്ന് ഊഹിക്കാം. 1700 മുതൽ 1775 വരെ ജീവിച്ചിരുന്ന കുഞ്ചൻനമ്പ്യാരുടെ തുള്ളൽ കൃതിയിലാണ് ആദ്യമായി മോഹിനിയാട്ടം എന്ന പദം ഉപയോഗിച്ചുകാണുന്നത്.

നമ്പ്യാർക്കുശേഷം കാർത്തികതിരുനാളിന്റെ ബാലരാമ ഭാരതമെന്ന ലക്ഷണഗ്രന്ഥത്തിൽ മോഹിനിനടനം എന്നും രണ്ടിടത്തുമോഹിനിനിലയമെന്നുംപ്രയോഗിച്ചിട്ടുണ്ട്. കോട്ടയത്ത് നട്ടാശ്ശേരി മണ്ഡപത്തിൽ ഗോവർദ്ധനൻ ഉണ്ണിയാതിരിയുടെ പക്കൽനിന്ന് കണ്ടുകിട്ടിയ വ്യവഹാരമാല എന്ന ധർമ്മശാസ്ത്രത്തിന്റെ തർജ്ജമയിൽ (1809) മോഹിനിയാട്ടം പരാമർശം ഉണ്ട്. 1890 പ്രസിദ്ധീകൃതമായ ചെറുവാലത്ത് ചാത്തുനായരുടെ മീനാക്ഷി എന്ന നോവലിന്റെ ഏഴാം അധ്യായത്തിൽ മോഹിനിയാട്ടാവതരണത്തെക്കുറിച്ച്‌ പരാമർശമുണ്ട്‌. ആ നൃത്തരൂപം സമൂഹത്തിനുമുന്നിൽ അകറ്റിനിർത്തപ്പെടുന്ന ഒന്നായിട്ടാണ് മീനാക്ഷിയിലെ വിവരണം. അതിനു കാരണങ്ങൾ വെളിപ്പെടുത്തുന്നില്ലെങ്കിലും 19‐ാം നൂറ്റാണ്ടിന്റെ അവസാനപാദം ആയപ്പോഴേക്കും മോഹിനിയാട്ടം അധഃപതിച്ചു എന്ന് മീനാക്ഷി രേഖപ്പെടുത്തുന്നു. കേരള സാഹിത്യചരിത്രം മൂന്നാംവാള്യത്തിൽ ഉള്ളൂരിന്റെ പ്രസ്താവന ഇപ്രകാരമാണ്: പ്രദേശത്തുനിന്നും വന്ന ദാസിയാട്ടം കണ്ടു പ്രീതനായ മഹാരാജാവ് അത് കറുത്തേടത്തു ചോമാതിരിയെന്ന ഒരു സദസ്സ്യനെ കൊണ്ട് മോഹിനിയാട്ടമെന്ന പേരിൽ കേരളത്തിൽ ഇദംപ്രഥമമായി പ്രചരിപ്പിച്ചു.

കൊല്ലവർഷം ആരംഭത്തിനു മുമ്പ്തന്നെ കേരളത്തിൽ ആവിർഭവിച്ച പല ക്ഷേത്രങ്ങളിലും നിത്യനിദാന നിർവ്വഹിക്കുന്നതിനായി നിയമിക്കപ്പെട്ടിരുന്നത് ചപൈയാരട്ടൻമാരായിരുന്നു. അവരുടെ കീഴിൽ മേൽശാന്തി, കീഴ്‌ശാന്തി, തേവരച്ചി, ശാന്തികൂത്തി, ഉച്ചവൻ, തിരുമേനിക്കാവൽ എന്ന് തുടങ്ങിയ പല ഉദ്യോഗസ്ഥന്മാരും ഉണ്ടായിരുന്നതായി കാണാം. 1930 വരെ തമിഴ്പാദം, പാദമംഗലം, ദേവദാസികൾ എന്നീ പല പേരുകളിൽ തെക്കൻ തിരുവിതാംകൂർ ക്ഷേത്രങ്ങളിൽ ദേവദാസികൾ ഉണ്ടായിരുന്നതായി കെ കെ പിള്ള ശുചീന്ദ്രം ക്ഷേത്രത്തെപ്പറ്റി എഴുതിയ ഒരു ഗ്രന്ഥത്തിൽ പറയുന്നു. പാണ്ഡ്യ രാജധാനിയുടെ സമ്പർക്കത്തിന്റെ ഫലമായിട്ടായിരിക്കണം കേരളത്തിൽ മോഹിനിയാട്ടം നടപ്പിലായത്. കേരളീയ കലകളുടെ പരിഷ്കാരത്തിൽ തിരുവിതാംകൂർ രാജകുടുംബത്തിന് ഉണ്ടായിരുന്ന സ്വാധീനം എടുത്തുപറയേണ്ട ഒരു വസ്തുതയാണ്. ദക്ഷിണേന്ത്യയിലെ മറ്റ് പ്രദേശങ്ങളുമായി ചരിത്രപരവും സാംസ്കാരികവുമായ ബന്ധം പുലർത്തിരുന്ന കേരളത്തിലെ പ്രധാന നാട്ടുരാജ്യം അന്ന് തിരുവിതാംകൂർ ആയിരുന്നു. നൃത്തസംഗീത പാരമ്പര്യത്തെ അകമഴിഞ്ഞു പ്രോത്സാഹിപ്പിച്ചിരുന്ന രാജകുടുംബം, അതു പഠിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും വേണ്ടി കാർത്തിക തിരുനാൾ മഹാരാജാവിന്റെ കാലത്തു തന്നെ മറ്റ് പല ഭാഗങ്ങളിൽനിന്നും ഗുരുക്കന്മാരെയും നർത്തകികളെയും കൊട്ടാരത്തിൽ വരുത്തിയിരുന്നു എന്നതിന്‌ തെളിവുകളുണ്ട്. തിരുവിതാംകൂറിലെ രാജകീയ തീട്ടൂരങ്ങൾ പരിശോധിച്ചാൽ അവയിൽ കലാപ്രകടനങ്ങളെകുറിച്ച് രേഖപ്പെടുത്തിയിരിക്കുന്നവ ഭൂരിപക്ഷവും അന്യദേശങ്ങളിലെ കലാകാരരുടെ പ്രകടനവും അതിനുവന്ന ചെലവുകളും ആണ്. കേരളത്തിലെ കലാകാരരും നർത്തകികളും അവയിലില്ല എന്നുള്ളതും വളരെ ശ്രദ്ധേയമായ കാര്യമാണ്. കാർത്തികതിരുനാൾ തുടങ്ങിയവച്ച നൃത്തസംഗീത സപര്യ സ്വാതിതിരുനാളും അദ്ദേഹത്തിന്റെ സദസ്യരായ ഇരയിമ്മൻതമ്പി, മേരുസ്വാമി, ഷഡ്കാലഗോവിന്ദമാരാർ, പരമേശ്വരഭാഗവതർ, കുഞ്ചുക്കുട്ടിതങ്കച്ചി, തഞ്ചാവൂർ സഹോദരർ തുടങ്ങിയ പ്രതിഭാശാലികൾ ചേർന്ന് പരമോന്നതിയിൽ എത്തിച്ചു. സ്വാതിതിരുനാൾ മഹാരാജാവ് തനിക്ക് പരിചിതമായിരുന്ന ദാസിയാട്ടത്തെ മോഹിനിയാട്ടമാക്കി ഭംഗിയായി വളർത്തുകയും ഭാരതനാട്യവുമായി ബന്ധിപ്പിച്ചു കൂടുതൽ പുതുമയും പ്രസിദ്ധിയും നേടിക്കൊടുക്കുകയുംചെയ്തു.

ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭകാലത്ത് ഭാരതീയ നൃത്തകലക്ക് ജനങ്ങളിൽനിന്നും ഭരണകർത്താക്കളിൽനിന്നും വലിയ പ്രോത്സാഹനം ഒന്നും ലഭിച്ചിട്ടുണ്ടായിരുന്നില്ല. ഒരു സമുദായത്തിന്റെ തന്നെ കുത്തകയായി അത് അധഃപതിച്ചിരുന്നു. ശുദ്ധ നൃത്തരൂപമായ കൈകൊട്ടിക്കളിയൊഴികെയുള്ള നൃത്തനാട്യ രൂപങ്ങളുടെ അവസ്ഥശോചനീയമായിരുന്നു. മധ്യകാല ഫ്യൂഡൽ വ്യവസ്ഥിതിയിൽ മരുമക്കത്തായ സമ്പ്രദായം, ഐഹിക വ്യവസ്ഥ, സമ്പന്നരുടെ കുത്തഴിഞ്ഞ ജീവിതം, ജന്മിസമ്പ്രദായം എന്നിങ്ങനെയുള്ള സാമൂഹികഘടകങ്ങൾ ഈ ദേവദാസീ കാഴ്ചപ്പാടിനെ സ്വീകരിച്ചതിനെത്തുടർന്ന്‌ റാണി റീജന്റ്‌ ലക്ഷ്മിഭായി ദാസിയാട്ടത്തെ നിയമപരമായി നിരോധിക്കുകയും മോഹിനിയാട്ടം കാലയവനികക്കുള്ളിൽ മായുകയും ഉണ്ടായി.

നൂറ്റാണ്ടുകളുടെ ഇരുളിൽനിന്നും മോഹിനിയാട്ടമെന്ന നൃത്തരൂപത്തെയും നർത്തകീനർത്തകന്മാരെയും കണ്ടെത്താനുള്ള മഹാകവി വള്ളത്തോളിന്റെയും മണക്കുളം മുകുന്ദരാജാവിന്റെയും ശ്രമം ആ കലാരൂപത്തിന്‌ പുനർജ്ജന്മം നേടിക്കൊടുക്കുകയായിരുന്നു. കലാമണ്ഡലത്തിൽ മോഹിനിയാട്ടക്കളരി തുടങ്ങിയത് 1932 ൽ ആയിരുന്നു. മോഹിനിയാട്ടത്തെ മൃതപ്രായാവസ്ഥയിൽനിന്നും പുറത്തെടുത്തു സംസ്കാരസമ്പന്നമായ ജനതയുടെ മുമ്പിൽ ഉത്തമകലാരൂപമെന്ന നിലയ്‌ക്ക് പ്രദർശിപ്പിച്ചത്‌ വള്ളത്തോളിന്റെ വിദഗ്ധ ഹസ്തങ്ങളാണ്. കലാമണ്ഡലത്തിൽ 1932ൽ അധ്യാപികയായി ചേർന്ന കല്യാണിയമ്മ മോഹിനിയാട്ടത്തിലുണ്ടായിരുന്ന സഭ്യേതരമായ ഭാഗമെല്ലാം എടുത്തുകളഞ്ഞു അതിന്റെ കലാമൂല്യമുയർത്തി അഭ്യസിപ്പിച്ചു. മാധവിയമ്മ, കൊരട്ടിക്കര കൃഷ്ണപ്പണിക്കരാശാൻ (1937), എന്നിവരുടെ നേതൃത്വത്തിൽ മോഹിനിയാട്ടക്കളരി സജീവമായി. ഇതിനുശേഷവും ധാരാളം പ്രതിഭാശാലികളായ നർത്തകികൾ പരിശീലനം നടത്തി. പിന്നീട് (1950) കളമൊഴി കൃഷ്ണമേനോൻ എന്ന പ്രസിദ്ധ നട്ടുവന്റെയും കൊരട്ടിക്കര കൃഷ്ണപ്പണിക്കരാശാന്റെയും ശിഷ്യയായിരുന്ന തോട്ടശ്ശേരി ചിന്നമ്മുവമ്മ കലാമണ്ഡലത്തിലെ അധ്യാപികയായതോടെ മോഹിനിയാട്ടം വളർച്ചയുടെ പടവുകൾകയറി. പൊതുജനപ്രീതിക്കുവേണ്ടി കലാമൂല്യങ്ങളെ ബലികഴിക്കുന്ന നാട്യക്കാരികളോട് കലാമണ്ഡലത്തിലെ ആദ്യകാല അധ്യാപികമാരായ ചിന്നമ്മു അമ്മ ഉൾപ്പെടെയുള്ള അധ്യാപികമാർക്ക് ആർക്കും തീരെമതിപ്പുണ്ടായിരുന്നില്ല. പൊതുജനാഭിരുചിക്കൊപ്പം താളംചവിട്ടാതെ ഈ കല അതിന്റെ സാമ്പ്രദായിക വിശുദ്ധിയോടെ വളർത്തിക്കൊണ്ടുവരുവാൻ വളരെയധികം പ്രവർത്തിച്ച അധ്യാപികമാരാണ് ചിന്നമ്മുഅമ്മയും അവരുടെ ശിഷ്യകളിൽ പ്രധാനിയും കലാമണ്ഡലം പദ്മനാഭൻനായർ ആശാന്റെ ഭാര്യയുമായ കലാമണ്ഡലം സത്യഭാമയും. ഇവർ മോഹിനിയാട്ടത്തിന്റെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലുകളാണ്. കലാമണ്ഡലം സത്യഭാമ ആധുനിക മോഹിനിയാട്ടവേദിക്കു നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണ്. കലാമണ്ഡലത്തിൽ മോഹിനിയാട്ടത്തിന്റെ പുതിയ ഇനങ്ങളുടെ സംവിധാനത്തിന് സത്യഭാമയെ സഹായിച്ചത് എൻ .കെ .വാസുദേവപ്പണിക്കർ, കിള്ളിമംഗലം വാസുദേവൻനമ്പൂതിരി, വി കെ രാമസ്വാമി, ഉണ്ണികൃഷ്ണൻ ഇളയത്. പൈങ്കുളം രാമചാക്യാർ, കഥകളി ആചാര്യൻ പദ്മനാഭൻനായർ, രാമകൃഷ്ണൻ മാസ്റ്റർ, സുകുമാരി നരേന്ദ്രമേനോൻ എന്നിവരാണ്. കലാമണ്ഡലം സത്യഭാമ ആവിഷ്കരിച്ച ഈ ശൈലീഭേദമാണ് കലാമണ്ഡലം ശൈലി എന്ന പേരിൽ പ്രചാരം നേടിയത്.

കലാമണ്ഡലത്തിൽ പഠിച്ചിരുന്ന കാലത്തുതന്നെ സത്യഭാമ പ്രമുഖ ഭരതനാട്യം അധ്യാപകരായ അച്യുതവാര്യർ, കൃഷ്ണൻകുട്ടിവാര്യർ എന്നിവരിൽനിന്നു ഭരതനാട്യവും കഥകളി ആചാര്യൻ പദ്മനാഭൻനായർ ആശാനിൽനിന്നു കഥകളിയും അഭ്യസിച്ചിരുന്നു. മോഹിനിയാട്ടത്തിന്റെ വളർച്ചയിൽ ഓരോ കാലഘട്ടത്തിലും ശൈലീപരമായ മാറ്റങ്ങൾ ഉണ്ടായിക്കൊണ്ടേയിരിക്കുന്നു. ഓരോവ്യക്തിയും തന്റെ ശൈലിയാണ് ഏറ്റവും മികച്ചതെന്ന് സ്ഥാപിക്കാൻ ശ്രമിക്കുമ്പോൾ പലപ്പോഴും വിവാദങ്ങളും വിമർശനങ്ങളും ഉയർന്നുവരുന്നു. മഹാകവി വള്ളത്തോളും മറ്റു ഗുരുക്കന്മാരും ആത്മാർത്ഥമായി ശ്രമിച്ചിട്ടും നാട്യസിദ്ധാന്തത്തിന്റെയും സംഗീതശില്പങ്ങളുടെയും ചില ധൂളീമാത്രകളേ കണ്ടെടുക്കാൻ ആയിട്ടുള്ളൂ . ഇപ്പോൾ ധാരാളം പുതിയ രചനകൾവരുന്നു. അതോടുകൂടി സ്വാതിതിരുനാളിന്റെയും മറ്റും പദങ്ങളും വർണങ്ങളും എല്ലാം പുതിയ രൂപഭാവങ്ങൾ കൈക്കൊണ്ടു. പുതിയ നൃത്തസിദ്ധാന്തങ്ങളും സംഗീതശൈലിയും ആവിഷ്കരിച്ചു ആൺപെൺ വ്യത്യാസമില്ലാതെ പ്രചരിപ്പിക്കേണ്ടതും ആസ്വാദ്യത നിലനിർത്തുകയും ചെയ്യേണ്ടത് പുതിയ തലമുറയുടെ കടമയാണ്. നൂറ്റാണ്ടുകളുടെ ഇരുളിൽനിന്ന് മോഹിനിയാട്ടമെന്ന സ്ത്രീ നൃത്തരൂപത്തെയും കലാകാരന്മാരെയും കണ്ടെത്താൻ ഉള്ള മഹാകവി വള്ളത്തോളിന്റെയും മണക്കുളം മുകുന്ദരാജാവിന്റെയും പരിശ്രമത്തിന്റെ ലക്ഷ്യം ഈ കലാരൂപത്തിന് പുനർജൻമം നേടിക്കൊടുക്കുകയായിരുന്നു എങ്കിൽ അത് പൂർണ്ണമാവുന്നതും നൃത്തകലയുടെ നവോത്ഥാന കാലമാകുന്നതും കലയെ സൂക്ഷ്മമായി അപഗ്രഥിച്ച് ഉപാസിക്കുന്ന കലാകാരരും കലാകാരികളും നിലനിൽക്കുമ്പോഴാണ്.

(കലാ-ചരിത്രനിരൂപകയും കേരള കലാമണ്ഡലത്തിലെ ആദ്യത്തെ ഗവേഷണ ബിരുദവിദ്യാർത്ഥിനിയുമാണ്‌ ലേഖിക)

 

 

 

 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

four × three =

Most Popular