Tuesday, May 28, 2024

ad

Homeചിത്രകലസ്വാതന്ത്ര്യത്തിന്റെ സൗന്ദര്യശാസ്‌ത്രം രൂപവർണങ്ങളിൽ

സ്വാതന്ത്ര്യത്തിന്റെ സൗന്ദര്യശാസ്‌ത്രം രൂപവർണങ്ങളിൽ

കാരയ്‌ക്കാമണ്ഡപം വിജയകുമാർ

പ്രകൃതിയും സമൂഹവും മനുഷ്യരൂപങ്ങളുമൊക്കെ സൗന്ദര്യശാസ്‌ത്ര ചർച്ചകൾക്ക്‌ എക്കാലവും വഴിയൊരുക്കാറുണ്ട്‌. പ്രകൃതിയുടെ, രൂപങ്ങളുടെ, ശരീരത്തിന്റെ സവിശേഷതകളെ അതിന്റെ തന്മയത്വത്തോടെ കലാകാരൻ സമീപിക്കുന്നതിന്റെ മികച്ച ഉദാഹരണങ്ങളാണ്‌ സാഹിത്യാദി കലകളിലൊക്കെ ആവിഷ്‌കരിക്കപ്പെടുന്നത്‌. പ്രത്യേകിച്ച്‌ ചിത്ര‐ശിൽപകലകളിൽ. കലാപരമായ ബോധ്യത്തെക്കാൾ രൂപഘടനയുടെ സവിശേഷതകളെ പ്രകൃതിയും സമൂഹവും പശ്ചാത്തലമാകുന്ന ജൈവികതാനുഭവമായി/കലാപ്രതിനിധാനമായി ആസ്വാദകരിലേക്കിറങ്ങിച്ചെല്ലുന്ന രചനകളുണ്ടാകുന്നു. ആധുനിക ചിത്രകലയുടെ വികാസഘട്ടങ്ങൾക്ക്‌ പിൻബലമാകുന്ന പാശ്ചാത്യപ്രവണതകളോടൊപ്പം സഞ്ചരിക്കുന്ന കലാകാരരിൽനിന്ന്‌ മാറി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവർ നിരവധിയാണ്‌. നമ്മുടെ സംസ്‌കാരത്തെയും പൈതൃകത്തെയും ചേർത്തുപിടിക്കുന്ന ശൈലീസങ്കേതങ്ങളുമായി ചിത്ര‐ശിൽപകാരർ സംസ്ഥാന‐ദേശീയതലത്തിൽ ശ്രദ്ധേയരാകുന്നതും നമുക്കഭിമാനിക്കാൻ വക നൽകുന്നു. ഇവരിൽ പ്രമുഖ സാന്നിധ്യമാണ്‌ ചിത്രകാരി സജിത ശങ്കറിന്റേത്‌. സംസ്ഥാനത്തിനകത്തും പുറത്തും അന്തർദേശീയതലത്തിലും സജിതയുടെ പങ്കാളിത്തമുണ്ട്‌. അതിജീവനവഴിയിൽ തന്റെ കലയെ കൂടുതൽ സ്‌ഫുടം ചെയ്‌തെടുക്കുന്ന മനസ്സുമായിട്ടാന്‌ കഴിഞ്ഞ നാൽപതുവർഷമായി സജിത ശങ്കർ സവിശേഷവും വൈവിധ്യവുമാർന്ന വിഷയങ്ങളിലൂടെ.

കോളേജ്‌ ഓഫ്‌ ഫൈൻ ആർട്‌സ്‌ പഠനശേഷം 1984ൽ ആദ്യത്തെ ചിത്രപ്രദർശനം തൃശൂരിൽ സംഘടിപ്പിച്ചു. ദേശീയ അന്തർദേശീയ ചിത്രപ്രദർശനങ്ങളിൽ പങ്കെടുത്തിട്ടുള്ള സജിത ശങ്കർ സ്‌ത്രീവാദകലയുടെ പ്രസക്‌തിയെക്കുറിച്ച്‌ ചിന്തിക്കുകയും സംസാരിക്കുകയും മാത്രമല്ല തന്റെ പ്രവൃത്തിപഥത്തിൽ ചിത്രതലങ്ങളിലൂടെ അവർ സംവദിക്കുകയും ചെയ്യുന്നു.

സ്‌ത്രീപുരുഷ ലിംഗസമത്വമോ, ലിംഗാതീതമോ ആയ കലാസങ്കൽപത്തിലൂന്നിയ വിചാരങ്ങൾക്കുമപ്പുറം കലയുടെ ഊർജസ്രോതസ്സായിട്ടാണ്‌ തന്റെ രചനകളിൽ മനുഷ്യരൂപകൽപനകൾ കടന്നുവരുന്നതെന്ന്‌ സജിത ശങ്കർ പറയുന്നു. മനുഷ്യരൂപ മാതൃകകളിൽനിന്ന്‌ സ്വാംശീകരിച്ചെടുത്ത ലാളിത്യവൽക്കരിച്ച രൂപങ്ങൾ സജിതയുടെ ക്യാൻവാസുകളിൽ കാണാം. ഗ്രാമവിശുദ്ധിയുടെ, പാരന്പര്യത്തിന്റെ, സംസ്‌കാരത്തിന്റെ, ബാല്യസ്‌മൃതികളുടെ നിഴൽവെളിച്ചത്തിലൂടെയാണ്‌ മേൽപറഞ്ഞ രൂപങ്ങൾ ചിത്രമായും ശിൽപമായും മറ്റു മാധ്യമങ്ങളിലൂടെയുമൊക്കെ ആവിഷ്‌കരിക്കപ്പെടുന്നത്‌. ചിത്രതലത്തിലെ പശ്ചാത്തലവുമായുള്ള ഒഴുക്കിനെയും പൊതു സൗന്ദര്യബോധത്തെയും ആസ്വാദകരിലേക്കെത്തുംവിധമാണ്‌ നാം കാണുകയും അനുഭവിക്കുകയും ചെയ്യുന്ന ദൃശ്യബിംബങ്ങളായി രൂപകൽപന ചെയ്‌തിരിക്കുന്നത്‌. കഥപറയുന്ന സ്വഭാവം ഈ ചിത്രങ്ങൾക്കില്ല, പകരം യഥാതഥമായ പ്രകൃതിയുടെ ഭാഗമാകുന്ന മനുഷ്യരൂപങ്ങളെ ആന്തരികമായ ഒരു അയഥാർഥ സങ്കൽപത്തിലേക്ക്‌ സന്നിവേശിപ്പിക്കുന്ന പ്രക്രിയയാണ്‌ നടക്കുന്നത്‌‐ അവിടെ സജിത ശങ്കർ വിജയിക്കുന്നതു കാണാം. എടുത്തുപറയേണ്ട മറ്റൊരു വസ്‌തുത സ്വാതന്ത്ര്യത്തിന്റെ രൂപസഞ്ചാരമാണ്‌‐ അവ ചലനാത്മകമായ ടെക്‌സ്‌ച്ചറുകളാൽ രൂപങ്ങളുമായി ചേർന്നുപോകുന്നു. രേഖകളുടെ രൂപഭദ്രതയും ഉള്ളടക്കത്തിൽ തെളിയുന്ന അമൂർത്തതയുടെ സ്വാതന്ത്ര്യപ്രഖ്യാപനവും അറിഞ്ഞോ അറിയാതെയോ സജിതയുടെ ചിത്രങ്ങളിൽ ദർശിക്കാം. ശൈലികളിലെ സമകാലികത പൂർണമായും ചേർത്തുപിടിക്കാതെയാണ്‌ ചിന്തയും മനസ്സും പ്രവൃത്തിയും ചേരുന്ന പുരാവൃത്തങ്ങളിലൂടെ മനുഷ്യരൂപങ്ങൾ പുനർജനിക്കുന്നത്‌. ലിംഗസമത്വത്തിന്റെ പ്രതീകമായിട്ടാണ്‌ ഓരോ മനുഷ്യനിലും പ്രകടമാകുന്ന സ്വാതന്ത്ര്യത്തിന്റെ നിഴലും വെളിച്ചവും സജിത അവതരിപ്പിച്ചിട്ടുള്ളത്‌, തന്റെ പെയിന്റിംഗുകളിലും ഡ്രോയിംഗുകളിലുമൊക്കെ. ചലനാത്മകമായ ചിത്രതലങ്ങളിൽ സന്തോഷത്തിന്റെ തിരയിളക്കമുണ്ട്‌, നൊന്പരങ്ങളുടെ ഇരുളിമയുണ്ട്‌, പ്രണയത്തിന്റെ മാദകത്വമുണ്ട്‌, വാത്സല്യത്തിന്റെ നിലാവുണ്ട്‌, പ്രതിരോധത്തിന്റെ കനൽവെളിച്ചമുണ്ട്‌, അതിജീവനത്തിന്റെ മിന്നലാട്ടങ്ങളുണ്ട്‌. സ്വതന്ത്രചിന്തയുടെയും വിശാലമാനവികതയുടെയും സാംസ്‌കാരിക ഉണർവിന്റെയും അന്തരീക്ഷമാണിവിടെ (പല പരന്പരചിത്രങ്ങളിലൂടെ) ദർശിക്കാനാവുക. ആൾട്ടർ ബോഡി സീരീസ്‌ പരന്പരകളിലൂടെ രൂപങ്ങളെ ലഘൂകരിക്കുക എന്ന ദൗത്യവും ഇവിടെ സാക്ഷാത്‌കരിക്കപ്പെടുന്നു. സർഗാത്മകമായ സ്രോതസ്സുകൾ കണ്ടെത്തുന്ന ബോധപൂർവമായ ശ്രമങ്ങളിൽ സ്‌ത്രീവിമോചന രാഷ്‌ട്രീയത്തിന്റെ ആഴമേറിയ തലങ്ങൾകൂടി ഉൾച്ചേർന്നുകൊണ്ടാണ്‌ സജിത ശങ്കർ തന്റെ സാംസ്‌കാരികപ്രവർത്തനങ്ങൾ വിപുലപ്പെടുത്തുന്നത്‌. ചിത്രശിൽപകലയുമായി ഊന്നിനിന്നുകൊണ്ടാണ്‌ അത്തരം കലാവിഷ്‌കാരങ്ങളിൽ ചിത്രകാരി ഇടപെടുന്നത്‌. അതിന്റെ ഭാഗമാണ്‌ തിരുവനന്തപുരത്ത്‌ പൊന്മുടിക്കടുത്തുുള്ള അഗസ്‌ത്യാർ മലനിരകളോട്‌ ചേർന്നൊഴുകുന്ന വാമനപുരം നദിക്കരയിലെ (കല്ലാർ) ഗൗരി ആർട്ട്‌ ഇൻസ്റ്റിറ്റ്യൂട്ട്‌ ആൻഡ്‌ ഗ്യാലറി. വിദേശത്ത്‌ സ്റ്റുഡിയോ സംവിധാനമുണ്ടെങ്കിലും സ്വന്തമായി നാട്ടിൽ ഒരു സ്റ്റുഡിയോ എന്ന സങ്കൽപമാണ്‌ കല്ലാർ നദിക്കരുകിലെ ‘ഗൗരി’. സ്വന്തം കലയിലൂടെ/ചിത്രവിൽപനയിലൂടെ സ്വരൂപിച്ച പണമാണ്‌ ഗൗരിക്ക്‌ പിൻബലമായത്‌‐ അതുപോലെ സ്വദേശത്തും വിദേശത്തുമുള്ള കലാകാരരുടെയും സാംസ്‌കാരിക പ്രവർത്തകരുടെയും സാന്നിധ്യമുള്ള കലാക്യാന്പുകൾ‐ ചർച്ചകൾ ഇവയൊക്കെ ഈ ഗ്യാലറിയെ സജീവമാക്കി നിർത്തുന്നു. വിദേശീയരായ ചിത്ര‐ശിൽപകാരരുടെ റെസിഡൻസി ക്യാന്പുകളടക്കമുള്ള കലാപ്രവർത്തനങ്ങളിലും ഇവിടെ സജിത ശങ്കർ ശ്രദ്ധിക്കുന്നുണ്ട്‌. തിരുവനന്തപുരം പേരൂർക്കടയിലും ഗ്യാലറി/സ്റ്റുഡിയോ സംവിധാനം സജിതയ്‌ക്കുണ്ട്‌.

ബ്രിട്ടൻ, സ്‌പെയിൻ, ജർമനി, ഓസ്‌ട്രിയ, ശ്രീലങ്ക, ജപ്പാൻ, സ്‌കോട്ട്‌ലാൻഡ്‌, ഫ്രാൻസ്‌, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ ചിത്രപ്രദർശനങ്ങളുമായും ക്യാന്പുകളുമായും ബന്ധപ്പെട്ടും പുസ്‌കാരങ്ങൾ സ്വീകരിക്കുന്നതിനും ഒക്കെയായി സജിത ശങ്കർ സന്ദർശിച്ചിട്ടുണ്ട്‌. അതൊക്കെ തന്റെ കലാപ്രവർത്തനങ്ങൾക്ക്‌ ഊർജം പകരുന്നതായി അവർ പറയുന്നു. ചിത്ര‐ശിൽപകലയോടൊപ്പം സാഹിത്യവും കലയും തമ്മിലുള്ള ബന്ധവും അതുവഴി രൂപപ്പെടുന്ന സാംസ്‌കാരികാവബോധവും സ്വന്തം രചനകളിലൂടെ ആസ്വാദകരിലേക്കെത്തിക്കുക എന്ന ചിന്ത പങ്കിടുമ്പോഴും പുരോഗമനാശയങ്ങൾ പ്രചരിപ്പിക്കുന്ന കൂട്ടായ്‌മകളിലും ചിത്രകലയുടെ സാന്നിധ്യമായി സജിത പങ്കുചേരുന്നു. ‘കലാവിഷ്‌കാരങ്ങൾ അതിജീവനത്തിന്റെ കരുത്താകുമ്പോൾ ആസ്വാദകർക്കുമത്‌ അനുഭവവേദ്യമാകണം, അതിജീവനത്തിന്റെ തണൽ അവർക്കും ലഭിക്കണം’‐ ഈ ചിന്തയുടെ കരുത്തിലാണ്‌ കലയുടെ സഞ്ചാരവഴിയിൽ സജിത ശങ്കർ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്‌‐ നിറക്കൂട്ടുകൾ ചാലിച്ച മനസ്സുമായി.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

5 × four =

Most Popular