Thursday, November 21, 2024

ad

Homeഇക്കണോമിക് നോട്ടുബുക്ക്തൊഴിൽമേഖല നിർമിതബുദ്ധിയുടെ കാലത്ത്‌‐ 1

തൊഴിൽമേഖല നിർമിതബുദ്ധിയുടെ കാലത്ത്‌‐ 1

കെ എസ് രഞ്ജിത്ത്

ഇക്കണോമിക്‌ നോട്ട്‌ബുക്ക്‌‐ 33

സാങ്കേതിക വിദ്യകളുടെ വളർച്ച തൊഴിൽ മേഖലയിലുണ്ടാക്കുന്ന മാറ്റങ്ങളുടെ ചരിത്രമാണ് ആധുനിക മനുഷ്യന്റെ ചരിത്രം എന്ന് നിസ്സംശയമായും പറയാം. വ്യാവസായിക വിപ്ലവത്തിന്റെ പ്രാരംഭകാലം മുതൽക്കേ ഇത് ദൃശ്യവേദ്യമാണ് . കാർഷിക മേഖലയിലാണെങ്കിലും നിർമാണതുറകളിലാണെങ്കിലും പുതിയ സാങ്കേതികവിദ്യകളുടെ കടന്നുവരവ് ആ മേഖലയുടെ സ്വഭാവത്തെത്തന്നെ മാറ്റിമറിക്കുന്നത് ഏതാനും നൂറ്റാണ്ടുകളായി നാം കണ്ടുകൊണ്ടിരിക്കുന്ന കാര്യമാണ്. ഇത് സമഗ്രമായ മാറ്റങ്ങൾക്ക് ഇടയാക്കും. ഇതിന്റെ ഗുണവും ദോഷവുമെല്ലാം ആ മേഖലയിലുള്ള എല്ലാവരെയും ബാധിക്കും. അങ്ങനെയെങ്കിൽ തൊഴിൽമേഖലയിലേക്കുള്ള നിർമിതബുദ്ധിയുടെ കടന്നുവരവിനേയും ഈ രീതിയിൽ നോക്കിക്കണ്ടാൽ പോരേ? നാളിതുവരെയുള്ള സാങ്കേതികവിദ്യകളുടെ ചരിത്രത്തിൽ നിന്നും ഗുണപരമായി വേറിട്ടു നിൽക്കുന്ന എന്തെങ്കിലും സവിശേഷത തൊഴിൽ മേഖലയിലെ നിർമിതബുദ്ധിയുടെ വിന്യാസത്തിനുണ്ടോ? ഈ ചർച്ച ഇന്ന് വളരെ സജീവമായി നടന്നുവരുന്ന ഒന്നാണ്. ഇത് സംബന്ധിച്ച നിരവധി പഠനങ്ങളും റിപ്പോർട്ടുകളും ഇതിനകം പുറത്തുവന്നിട്ടുണ്ട്. ഈ മാറ്റങ്ങളെ സംബന്ധിച്ച വസ്തുതാപരമായ വിവരങ്ങൾ ഈ കുറിപ്പിന്റെ ആദ്യം പരിശോധിച്ചതിനു ശേഷം ഇതിന്റെ സൈദ്ധാന്തിക വിവക്ഷകളിലേക്ക് കടക്കാം.

നിർമിതബുദ്ധിയിലധിഷ്ഠിതമായ സാങ്കേതികവിദ്യകളാൽ 80 കോടിയിലധികം തൊഴിലുകൾ 2030 ആകുമ്പോഴേക്കും ഇല്ലാതാകും എന്നാണ് ഒരു നിഗമനം. അമേരിക്കയിൽ മാത്രം 4.5 കോടി തൊഴിലുകൾ നിർമിതബുദ്ധി കവർന്നെടുക്കും. ഈ സാങ്കേതികവിദ്യകൾ മൂലം 15.7 ലക്ഷം കോടി ഡോളറിന്റെ സാമ്പത്തിക സ്വാധീനമാണ് ഇതേ വർഷം ഉണ്ടാവുക എന്നും പഠനങ്ങൾ പറയുന്നു. കുറേയൊക്ക അതിരുകടന്നതാണ് ഈ വാദങ്ങൾ എന്ന് നമുക്ക് പ്രതീക്ഷിക്കാം. എന്നാൽ ഇതിനകം തന്നെ സേവനമേഖലയിലെ ഏതാണ്ട് 14 ശതമാനം തൊഴിലാളികളും നിർമിതബുദ്ധിയുടെ ഭീഷണി അനുഭവിച്ചു തുടങ്ങിയിട്ടുണ്ട്. 2023 മേയിൽ 3900 തൊഴിലുകളാണ് നിർമിതബുദ്ധിയുടെ പ്രയോഗത്താൽ അമേരിക്കയിൽ നേരിട്ട് നഷ്ടപ്പെട്ടത്. അടുത്ത 7 വർഷത്തിനകം എഐയുടെ വിന്യാസം മൂലം 10000 തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെടുമെന്ന്‌ ബ്രിട്ടീഷ് ടെലികോം പ്രതീക്ഷിക്കുന്നുണ്ട്. എഐയുടെ വ്യാപനം മൂലം തൊഴിൽ നഷ്ടപ്പെടുമെന്ന ഭീഷണിയിലാണ് വികസിത രാജ്യങ്ങളിലെ 30 ശതമാനം വൈറ്റ് കോളർ തൊഴിലാളികളും. ഡിജിറ്റൽ മാർക്കറ്റിംഗുമായി ബന്ധപ്പെട്ട 80 ശതമാനം തൊഴിലുകളും ഐ ഐ മൂലം നഷ്ടപെട്ടടുമെന്നാണ് നിഗമനം. വരുംവർഷങ്ങളിൽ ആഗോള അടിസ്ഥാനത്തിലുള്ള തൊഴിലുകളിൽ 25 ശതമാനവും നിർമിത ബുദ്ധിയാൽ ഓട്ടോമേറ്റ് ചെയ്യപ്പെടുമെന്നാണ് ഗോൾഡ്മാൻ സാച്ചസിന്റെ പഠനം പറയുന്നത്. മകെൻസിയുടെ വിശകലനത്തിൽ ഇത് 50 ശതമാനമാണ്.

നിർമിതബുദ്ധിയുടെ സാങ്കേതികവിദ്യയിലധിഷ്ഠിതമായ ഒരു ലോകത്ത് ഏതുരീതിയിലുള്ള മാറ്റങ്ങളാണ് തൊഴിൽമേഖലയിലുണ്ടാകുന്നത്? ആവർത്തനസ്വഭാവമുള്ള തൊഴിലുകളിൽ നേരിട്ടുള്ള മനുഷ്യാധ്വാനത്തിനു പകരം യന്ത്രങ്ങൾ കൊണ്ടുവരിക എന്നതാണ് കാലാകാലങ്ങളായി നടന്നുപോന്നിരുന്നത്. അസംബ്ലി ലൈൻ പ്രൊഡക്ഷൻ സമ്പ്രദായത്തിന്റെ കടന്നുവരവാണ് ഇതിന്റെ ഏറ്റവും നല്ല ഉദാഹരണം. കൃത്യമായ ഇടവേളകളിൽ കോൺവെയർ ബെൽറ്റിലൂടെ കടന്നുപോകുന്ന നിർമിത സാമഗ്രികളെ കൂട്ടി യോജിപ്പിക്കുന്ന യന്ത്രങ്ങളുടെ ചിത്രീകരണം ആദ്യകാലത്ത് ആത്ഭുതപ്രവൃത്തിയും മാനുഷിക മൂല്യങ്ങളുടെ നിഷേധവുമായിട്ടാണ് കരുതിപ്പോന്നിരുന്നത്. ചാർലി ചാപ്ലിന്റെ മോഡേൺ ടൈംസും ബെർട്ട് ഹാൻസ്ട്രയുടെ ഗ്ലാസ് എന്ന ഡോക്യൂമെന്ററിയുമൊക്കെ ഈ കാഴ്ചപ്പാടിന്റെ കലാസൃഷ്ടികളായിരുന്നു. യന്ത്രത്തിൽ കുരുങ്ങിപ്പോകുന്ന മനുഷ്യനെ, യന്ത്രത്തിന്റെ അനുബന്ധമായി മാത്രം നിന്നുകൊടുക്കുന്ന, ഉല്പാദനപ്രക്രിയയിൽ നിന്നും പൂർണമായും അന്യവൽക്കരിക്കപ്പെടുന്ന തൊഴിലാളിയെയാണ് ചാപ്ലിൻ ചിത്രീകരിച്ചത്. മനുഷ്യന്റെ കരവിരുതും സർഗാത്മകതയും വീണുടയുന്ന ആധുനിക ഗ്ലാസ് നിർമാണ രീതികളെകുറിച്ചാണ് ഹാൻസ്ട്ര പറയാൻ ശ്രമിച്ചത്. ഇതേ പ്രക്രിയകൾ നെയ്ത്തു ജോലികളിൽ ഉണ്ടാകുന്നത് നമുക്ക് നേരിട്ട് അനുഭവമുള്ളതാണ്. മനുഷ്യന്റെ കരവിരുതും സവിശേഷമായ സ്കില്ലുകളും കൊണ്ട് മാത്രം സാധ്യമാകുമെന്ന് കരുതിയ നിരവധി തൊഴിലുകളാണ് കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയിൽ യന്ത്രങ്ങൾ കൊണ്ടുപോയത്. നഗരകേന്ദ്രീകൃതമായി വികസിച്ച മനുഷ്യന്റെ വേഗതകളോടും ആവശ്യകതകളോടും പൊരുത്തപ്പെടാനാവാതെ ഫ്യൂഡൽ കാലഘട്ടത്തിലെ ഉല്പാദന സമ്പ്രദായങ്ങൾ നാമാവശേഷമാകുന്ന കാഴ്ച ലോകെത്തെല്ലായിടത്തും ദൃശ്യമാണ്. ഡിജിറ്റൽ സാങ്കേതികവിദ്യകളുണ്ടാക്കിയ ഇന്നത്തെ കാലത്തെ വിപ്ലവങ്ങളും ഇതിന്റെ തുടർച്ച മാത്രമാണ് എന്ന് പറയുന്നതിൽ തെറ്റില്ല. പക്ഷേ നിർമിതബുദ്ധിയുടെ കാലത്തുണ്ടാകാനിടയുള്ള മാറ്റങ്ങൾ അളവുപരമായ മാറ്റങ്ങളെക്കാളുപരി ഗുണപരമായ ഒരു മാറ്റമാണോ എന്നതാണ് ചോദ്യം.

സ്വയം ഓടുന്ന കാറുകൾ, അതിവിദഗ്ധനായ ഒരു ഡോക്ടർ നടത്തുന്ന വിശകലനങ്ങളെക്കാൾ വിദഗ്ധമായി സ്കാൻ റിപ്പോർട്ടുകളും എക്സ്റേ റിപ്പോർട്ടുകളും നോക്കി ഉപദേശങ്ങൾ തരുന്ന യന്ത്രങ്ങൾ, ടൈപ്പ് ചെയ്തു കൊടുക്കുന്ന നിർദേശങ്ങൾക്കനുസരിച്ച ക്യാരക്ടറുകൾ നിർമിച്ച് വീഡിയോ ഫിലിം തന്നെ നിർമിക്കുന്ന ജനറേറ്റീവ് എഐ ആപ്ലിക്കേഷനുകൾ, കസ്റ്റമർ സർവീസിൽ വരുന്ന ചോദ്യങ്ങൾക്ക് കൃത്യമായി ഉത്തരം തരുന്ന ചാറ്റ്ബോട്ടുകൾ, ഇഷ്ടമുള്ള ഭാഷയിലേക്ക് തർജുമകൾ നടത്തുകയോ, കത്തുകൾ എഴുതുകയോ ചെയ്യാൻ പ്രാപ്തമായ സോഫ്‌റ്റ്‌വെയറുകൾ എന്നു വേണ്ട എഐയുടെ സ്പർശമേൽക്കാത്ത ഒരു മേഖലയും ഇല്ല എന്നുതന്നെ പറയാം. തൊഴിൽമേഖലയിലെ യന്ത്രവൽക്കരണത്തെക്കുറിച്ച് മകെൻസി നടത്തിയ വിശദമായ ഒരു പഠനമുണ്ട്. അതിലെ നിഗമനങ്ങൾ ഇപ്രകാരമാണ്. നിലവിൽ കണ്ടുപിടിക്കപ്പെട്ടിട്ടുള്ള സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തിയാൽ ഇന്ന് മനുഷ്യൻ നേരിട്ട് ചെയ്യുന്ന തൊഴിലുകളിൽ പകുതിയും ഭാഗികമായി യന്ത്രവൽക്കരിക്കപ്പെടും. 60 ശതമാനം തൊഴിലുകളിൽ കുറഞ്ഞത് മൂന്നിലൊന്നെങ്കിലും ഓട്ടോമേറ്റ് ചെയ്യപ്പെടാവുന്നവയാണ്. തൊഴിലിടങ്ങളിലെ സമൂലമായ മാറ്റത്തിന് ഇത് വഴിതെളിക്കും. തൊഴിലെടുക്കുന്നവരും ഇതിനനുസൃതമായ മാറ്റങ്ങൾക്ക് വിധേയമാവുകയോ അതല്ലെങ്കിൽ പുറത്തു പോവുകയോ ചെയ്യേണ്ടി വരും. വിവിധ രാജ്യങ്ങളുടെ സാമ്പത്തികസ്ഥിതിയും ഡെമോഗ്രാഫിക് സ്വഭാവവും വ്യവസായിക ഘടനയും അനുസരിച്ച് ഇത് മാറും. (ചാർട്ട് 1 കാണുക). യന്ത്രവൽക്കരണം മൂലം ഏതാണ്ട് 40 കോടിക്കും 80 കോടിക്കും ആൾക്കാർക്ക് 2030കളോടെ തൊഴിൽ നഷ്ടപ്പെടുമെന്നാണ് ഈ റിപ്പോർട്ട് പറയുന്നത്. ഇവർ മറ്റ് തൊഴിലുകൾ തേടാൻ നിർബന്ധിതരാകും. ഏറ്റവുമധികം വ്യാവസായിക പ്രവർത്തനങ്ങൾ നടക്കുന്ന ചൈനയിൽ 10 കോടി ജനങ്ങൾ 2030കളോടെ ഓട്ടോമേഷൻ മൂലം പുതിയ തൊഴിൽ തേടാൻ നിർബന്ധിതരാകുമെന്നും ഈ പഠനം പറയുന്നു. ആകെ തൊഴിലെടുക്കുന്നവരുടെ 12 ശതമാനം വരുമിത്.

ഓട്ടോമേഷൻ മൂലമുണ്ടാകുന്ന തൊഴിൽ നഷ്ടങ്ങളുടെ സാഹചര്യത്തെ നിർമിത ബുദ്ധിയുടെ കടന്നുവരവ് വേറൊരു തലത്തിലേക്കെത്തിച്ചിരിക്കുകയാണ്. അവിശ്വസനീയമാംവിധം വലുപ്പമുള്ള ഡാറ്റകൾ ശേഖരിക്കാനും അവയെ വളരെ സൂക്ഷ്‌മമായി വിശകലനം ചെയ്ത് മനസ്സിലാക്കാനും അവയിലടങ്ങിയിരിക്കുന്ന പാറ്റേണുകൾ കണ്ടെത്താനുമുള്ള കഴിവ് നാളിതുവരെ മനുഷ്യന് മാത്രം സ്വായത്തമാണെന്ന ധാരണയെയാണ് ജനറേറ്റീവ് എഐ ടൂളുകൾ തിരുത്തിയത്. അതോടൊപ്പം നാച്ചുറൽ ഭാഷയിൽ കാര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള കഴിവുകൾ ആർജ്ജിക്കുക കൂടി ചെയ്തതോടെ ഈ സോഫ്ട്‌വെയറുകൾ പല മേഖലകളിലുമുള്ള മനുഷ്യന്റെ കുത്തക തകർത്തു. അക്ഷരങ്ങൾ മാത്രമല്ല ചിത്രങ്ങളും വീഡിയോകളും ശബ്ദവുമെല്ലാം അനായാസം കൈകാര്യം ചെയ്യാനുള്ള കഴിവുകൾ കൂടി കൈവന്നതോടെ സർഗാത്മക മേഖലകൾ കൂടി നിർമിതബുദ്ധിയിലധിഷ്ഠിതമായ ആപ്ലിക്കേഷനുകൾ കൈകാര്യം ചെയ്യുന്ന സ്ഥിതിയായി. പ്രാരംഭദിശയിലാണെങ്കിൽ കൂടി ബിസിനസ്സ് രംഗത്തെയാകെ ഉടച്ചുവാർക്കാൻ പോന്ന കരുത്തുള്ള ഒരു ഭീകരനായിട്ടാണ് എ ഐ ഇന്ന് വിലയിരുത്തപ്പെടുന്നത്. ഏതു ഭാഷയിലുമുള്ള സോഫ്ട്‌വെയർ കോഡുകൾ എഴുതുക, ധനകാര്യ റിപ്പോർട്ടുകൾ തയാറാക്കുക, ബിസിനസ്സ് പ്ലാനുകൾ ഉണ്ടാക്കുക, വിപണനതന്ത്രങ്ങൾ ആവിഷ്കരിക്കുക, മെഡിക്കൽ റിപ്പോർട്ടുകളും നിയമരേഖകളും പരിശോധിക്കുക ഇതെല്ലം ചെയ്യുന്ന തലത്തിലേക്ക് ഇതിനകം തന്നെ നിർമിതബുദ്ധിയിലധിഷ്ടിതമായ ആപ്ലിക്കേഷനുകൾ വളർന്നു കഴിഞ്ഞിരിക്കുന്നു.

ഇതെല്ലം തന്നെ നാളിതുവരെ തുടർന്നുപോന്നിരുന്ന തൊഴിൽ സമ്പ്രദായങ്ങളെ പാടെ ഉടച്ചുവാർക്കാൻ പോവുകയാണ് എന്നതിൽ സംശയമില്ല. ആ ഒരർത്ഥത്തിൽ മാനവചരിത്രത്തിലെ ഏറ്റവും വിപ്ലവകരമായ സാങ്കേതിക വിദ്യയായി നിർമിത ബുദ്ധിയെ കരുതുന്നതിൽ തെറ്റില്ല എന്ന് വിശ്വസിക്കുന്നവർ ഏറെയാണ്.
(തുടരും)

 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

nine + 15 =

Most Popular