Thursday, November 21, 2024

ad

Homeരാജ്യങ്ങളിലൂടെഅർജന്റീനയിൽ സത്യത്തിനും നീതിക്കുമായുള്ള ദിനം

അർജന്റീനയിൽ സത്യത്തിനും നീതിക്കുമായുള്ള ദിനം

ഷിഫ്‌ന ശരത്‌

20‐ാം നൂറ്റാണ്ടിൽ അർജന്റീന നിരവധി തവണ സൈനിക അട്ടിമറികൾക്കും തുടർന്നുള്ള സ്വേച്ഛാധിപത്യ വാഴ്‌ചകൾക്കും സാക്ഷ്യം വഹിച്ചിട്ടുണ്ട്‌. 1930ലും 1943ലും 1955ലും 1962ലും 1966ലും 1976ലുമാണ്‌ സൈനിക അട്ടിമറികൾക്ക്‌ സാക്ഷ്യം വഹിച്ചത്‌.

ഏറ്റവുമൊടുവിൽ നടന്ന അട്ടിമറിയുടെയും സൈനിക സ്വേച്ഛാധിപത്യ വാഴ്‌ചയുടെയും 48‐ാം വാർഷികദിനമാണ്‌ 2024 മാർച്ച്‌ 24ന്‌ കടന്നുപോയത്. എല്ലാവർഷവും മാർച്ച്‌ 24 സൈനിക അട്ടിമറിയുടെ ഓർമദിനമായി മനുഷ്യാവകാശസംഘടനകളും ഇടതുപക്ഷ പ്രസ്ഥാനങ്ങളും ആചരിക്കാറുണ്ട്‌. ‘‘ഓർമ, സത്യം, നീതി’’ എന്ന മുദ്രാവാക്യമാണ്‌ ഈ ഓർമദിനത്തിൽ ഉയർത്തപ്പെടുന്നത്‌. ഇനിയൊരിക്കലും സ്വേച്ഛാധിപത്യ വാഴ്‌ചയിലേക്ക്‌ നീങ്ങാതിരിക്കാനുള്ള ജനകീയ ജാഗ്രതാദിനമായാണ്‌ ഈ ദിനാചരണം സംഘടിപ്പിക്കപ്പെടുന്നത്‌.

ഈ വർഷം ദിനാചരണത്തിന്റെ സവിശേഷത അർജന്റീനയിൽ തീവ്ര വലതുപക്ഷം, 2023 ഡിസംബറിൽ നടന്ന തിരഞ്ഞെടുപ്പിലൂടെ, അധികാരത്തിലെത്തിയ ശേഷമുള്ള ഓർമദിനം എന്നതാണ്‌. സാമ്പത്തികശാസ്‌ത്ര അധ്യാപകനായിരുന്ന ഹാവിയർ മിലെയ്‌ പ്രസിഡന്റും വിക്ടോറിയ വില്ലാറൂവെൽ വൈസ്‌ പ്രസിഡന്റുമായ പുതിയ ഭരണസംവിധാനം ലോകത്തെങ്ങുമുള്ള വലതുപക്ഷ ഭരണാധികാരികളുമായി ഐക്യപ്പെടുന്നതാണ്‌. നുണപ്രചരണം, നവലിബറൽ നയങ്ങൾ, സ്വേച്ഛാധിപത്യ പ്രവണത, സൈന്യത്തിന്‌ പ്രാധാന്യം നൽകൽ എന്നിവയെല്ലാം മനുഷ്യാവകാശ പ്രവർത്തകരിലും ലിബറൽ ജനാധിപത്യവാദികളിലുമുൾപ്പെടെ ആശങ്കയുണർത്തിയ പശ്ചാത്തലത്തിലാണ്‌ സൈനിക സ്വേച്ഛാധിപത്യവാഴ്‌ചയുടെ 48‐ാമത്‌ ഓർമപ്പെടുത്തൽദിനം അർജന്റീനയിലെ പുരോഗമനശക്തികൾ സംഘടിപ്പിച്ചത്‌.

മാർച്ച്‌ 24 ഞായറാഴ്‌ച അർജന്റീനയുടെ തലസ്ഥാനനഗരമായ ബ്യൂണോസ്‌ അയേഴ്‌സിലെ പ്ലാസ ഡി മേയോയിൽ ആയിരക്കണക്കിനാളുകളാണ്‌ ‘‘ഓർമ, സത്യം, നീതി’’ എന്ന മുദ്രാവാക്യം മുന്നോട്ടുവച്ച്‌ ഒത്തുകൂടിയത്‌. 1976ലെ സൈനിക സ്വേച്ഛാധിപത്യവാഴ്‌ചയുടെ കാലത്ത്‌ 30,000ത്തിലധികം വിദ്യാർഥികളും ട്രേഡ്‌ യൂണിയൻ പ്രവർത്തകരും എഴുത്തുകാരും മാധ്യമപ്രവർത്തകരും ജനാധിപത്യവാദികളുമാണ്‌ ഇടതുപക്ഷക്കാരെന്ന പേരിൽ വീടുകളിൽനിന്ന്‌ തട്ടിക്കൊണ്ടുപോകപ്പെട്ടത്‌. ഇവരൊന്നും തന്നെ പിന്നീട്‌ പുറംലോകം കണ്ടിട്ടില്ല. സൈനിക കസ്റ്റഡിയിൽ ഭീകരമായി പീഡിപ്പിച്ച്‌ ഇഞ്ചിഞ്ചായി അവരെ കൊല്ലുകയായിരുന്നുവെന്നാണ്‌ കരുതപ്പെടുന്നത്‌. പ്ലാസാ ഡി മേയോയിലെ മുത്തശ്ശിമാരുടെ (Grandmothers of Plaza de Mayo) പ്രക്ഷോഭം ലോകശ്രദ്ധയാകർഷിച്ചതാണ്‌. മക്കളും കൊച്ചുമക്കളും നഷ്ടപ്പെട്ട അമ്മമാരുടെയും മുത്തശ്ശിമാരുടെയും മുന്നേറ്റമാണ്‌ അർജന്റീനയിൽ സൈനികവാഴ്‌ചയ്‌ക്ക്‌ അറുതിവരുത്തിയത്‌.

30,000 പേരൊന്നും അപ്രത്യക്ഷരായിട്ടില്ലെന്നും എണ്ണായിരത്തോളം പേരാണ്‌ അങ്ങനെ കാണാതായതെന്നും പറയുന്ന പ്രസിഡന്റ്‌ മിലെയ്‌ സൈനികവാഴ്‌ചയെ ന്യായീകരിക്കുകയും രാജ്യത്തെ പ്രക്ഷോഭങ്ങളെ നേരിടാൻ സൈന്യത്തെ വിളിക്കുമെന്ന്‌ പ്രഖ്യാപിക്കുകയും ചെയ്യുന്ന രാഷ്‌ട്രീയ പശ്ചാത്തലത്തിൽ ഈ വർഷത്തെ ഓർമദിനം കൂടുതൽ ശ്രദ്ധയാകർഷിക്കുന്നു.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

5 + 8 =

Most Popular