വ്യത്യസ്ത സംസ്കാരങ്ങളുടെ നാടാണ് ഇന്ത്യ. ഓരോ പ്രദേശത്തിനും ഓരോ സ്ഥലത്തിനും വിവിധങ്ങളായ നൃത്തം, സംഗീതം, കല, ശിൽപകല എന്നിവയുണ്ട്. ഉത്തരേന്ത്യയിൽ കഥക് നൃത്തവും ദക്ഷിണേന്ത്യയിൽ ഭരതനാട്യവുമുണ്ട്. ഒരു പ്രദേശത്തിന്റെ സംസ്കാരം മറ്റൊന്നിനെ സ്വാധീനിക്കാറുണ്ട്. എന്നാൽ ഈയടുത്തകാലത്തായി സാംസ്കാരികമേഖലയിൽ സംയോജനത്തിന്റേതായ പുതിയ രൂപങ്ങൾക്ക് നാം സാക്ഷ്യം വഹിക്കുകയാണ്.
മണിപ്പൂരി നൃത്തം പലരൂപങ്ങളിലുണ്ട്. ജനങ്ങളിൽ വലിയൊരുവിഭാഗം, മണിപ്പൂരി രാസലീലയെ ഏറ്റവും പ്രധാനപ്പെട്ട ഇനമായി കണക്കാക്കുന്നു. ഭക്തിസാന്ദ്രമായ രാധാകൃഷ്ണ രാസലീലയെ പ്രമേയമാക്കിയാണ് ഈ നൃത്തരൂപം ഉടലെടുത്തത്. രാധയും കൃഷ്ണനും തമ്മിലുള്ള പ്രണയമാണ് ഇതിൽ ചിത്രീകരിക്കുന്നത്. സൗമ്യഭാവമാർന്ന മിഴികളും മൃദ്യുമന്ദമായ ശരീരചലനങ്ങളുമാണ് പൊതുവെ ഇതിന്റെ സവിശേഷത.
ശാന്തമായ മുഖഭാവങ്ങൾ കൂടുതലായും ഭക്തിരസമോ ഭക്തിവികാരമോ ആണ് പ്രകടിപ്പിക്കുന്നത്. വൈഷ്ണവമതത്തിന്റെ ഹൈന്ദവേതിഹാസങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ് ഈ നൃത്തരൂപം. രാധ-കൃഷ്ണ ആരാധനയുമായി മാത്രം ഇതു ബന്ധപ്പെട്ടിരിക്കുന്നു. രാസലീലയെന്നു പ്രസിദ്ധമായ, കൃഷ്ണഭഗവാന്റെ രാധാദേവിയോടും കാലിമേയ്ക്കുന്ന ഗോപികമാരോടുമുള്ള ദിവ്യപ്രേമത്തിന്റെ നൃത്തരൂപത്തിലുള്ള ചിത്രീകരണമാണിത്. നൃത്താവതാരകർ ഹിന്ദുമതവുമായി ബന്ധപ്പെട്ടവരോ അല്ലാത്തവരോ ആയിരിക്കാം. നൃത്തമവതരിപ്പിക്കുമ്പോൾ അതൊരു വിഷയമേയല്ല. എന്നാൽ ഈ നൃത്തരൂപം പരമ്പരാഗതമായി ഹിന്ദുമതവുമായി ബന്ധപ്പെട്ടിരിക്കുന്നതോ വൈഷ്ണമത ആചാരങ്ങളുമായി ഒത്തുപോകുന്നതോ ആയിരിക്കണമെന്ന് സ്പഷ്ടമായും പറയാം. ഈ നൃത്തത്തിന്റെ മറ്റു രൂപങ്ങൾ ഇവയാണ്- തൗഗൽ ജൊഗോയ്, യെൽഹൗ ജഗോയ്, ലൂയിവത് ഫീസാക്ക്, തബൽ ചോങ്ബ, കോം ഗോത്രത്തിലെ മറ്റ് നൃത്തങ്ങൾ.
തൗഗൽ ജഗോയ് പ്രധാനമായും ഉമാങ് ലായ് പോലെയുള്ള പുരാതന മെയ്തെയ് ദേവതകളുടേതുമായി പൊരുത്തപ്പെടുന്ന നൃത്തരൂപമാണ്. ലായ് ഹരാബയും അതുപോലെ മണിപ്പൂരിലെ മറ്റ് വ്യത്യസ്തഗോത്രങ്ങളുടെ നൃത്തങ്ങളും അവതരിപ്പിക്കുന്നതിനിടയിൽ ഇത് അവതരിപ്പിക്കപ്പെട്ടിരുന്നു. മണിപ്പൂരിലെ ഒരു പ്രത്യേക ആദിവാസി വിഭാഗമാണ് മെയ്തെയ്. മണിപ്പൂരി സംസ്ഥാനത്ത് ഗണ്യമായ വിഭാഗം ഇവരാണ്. എൽഹോ ജാഗോയ് എന്നറിയപ്പെടുന്ന മറ്റൊരു നൃത്തരൂപം ലൈ ഹറോബ ഉത്സവത്തിൽ പ്രധാനമായും മയ്ബികൾ നടത്തുന്ന നൃത്തങ്ങളുടെ ഒരു സമന്വിതരൂപമാണ്. അവയിൽ ചിലതാണ് ലാച്ചിങ് ജഗോയ്, പാതോൻ, താങ് താബ, ഫിബുൽ ജഗോയ് എന്നിവ. തൗഗൽ ജഗോയ് എന്ന നൃത്തവും യെൽഹോ ജഗോയ്ക്ക് കീഴിലാണ് വരുന്നത്. മണിപ്പൂരിലെ തങ്ഖൂൽ നാഗസമൂഹത്തിന്റെ ഏറ്റവും പ്രശസ്തമായ നൃത്തങ്ങളിലൊന്നാണ് ലുവാത് ഫൈസക്ക്, മണിപ്പൂരി സമൂഹത്തിന്റെ ലളിതമായ ജീവിത ശൈലിയും കൃഷിയുടെ വിവിധ ഘട്ടങ്ങളും ഈ നൃത്തത്തിൽ ചിത്രീകരിക്കുന്നു. സംസ്ഥാനത്തെ എല്ലാ പരമ്പരാഗത ഉത്സവങ്ങളിലും ഇത് അവതരിപ്പിക്കപ്പെടുന്നു. നിലാവിന്റെ നൃത്തം എന്നും അറിയപ്പെടുന്ന തബൽ ചോങ്ബ മണിപ്പൂരിലെ നാടോടിനൃത്തമാണ്. ഈ നൃത്തം പരമ്പരാഗതമായി ഇന്ത്യയിലെ യോഷോങ് ഉത്സവത്തിൽ അവതരിപ്പിക്കാറുണ്ട്. നർത്തകർ വൃത്തത്തിൽ കൈകോർത്ത് ഒരുകാലിൽ ചാടി, സ്വതന്ത്രമായ മറ്റേകാൽ കുറുകെ വീശി പതുക്കെ മുന്നോട്ടുനീങ്ങുന്നു.
കോംഗോത്രത്തിന്റെ മറ്റ് നൃത്തരൂപങ്ങളിൽ റീവിങ് ലാം, സലിൻ ലാം (വിളവെടുപ്പുൽസവം), ബണ്ടക് ലാം, ഡാർലാം (ബെല്ലി ഡാൻസ്), വെയ് കെപ് ലാം, (യുദ്ധ നൃത്തം) എന്നിവയും ഉൾപ്പെടുന്നു.
സ്വത്വങ്ങളും ഉപസ്വത്വങ്ങളും ഉപസംസ്കാരങ്ങളും നമ്മുടെ രാജ്യത്തെവിവിധ പ്രദേശങ്ങളിൽ പ്രയോഗത്തിലുണ്ട് എന്ന് മണിപ്പൂരിന്റെ പശ്ചാത്തലത്തിൽ അതിന്റെ ശരിയായ അർത്ഥത്തിൽ സ്പഷ്ടമായും പറയാൻ കഴിയും. ഇത്തരം നൃത്തങ്ങളെല്ലാം മണിപ്പൂരി സംസ്കാരത്തിനുള്ളിലെ ഉപസംസ്കാരങ്ങളുടെ സാന്നിദ്ധ്യത്തെയാണ് ചിത്രീകരിക്കുന്നത്. നൃത്തവും സംഗീതവും എന്നും ജനങ്ങളെ കൂട്ടിയോജിപ്പിക്കുന്നു. ഈ കലാരൂപംകൊണ്ട് സംസ്കാരങ്ങളുടെയും ഉപസംസ്കാരങ്ങളുടെയും സംയോജനം ഉണ്ടായിട്ടുണ്ട്. ♦