മലബാർ മുസ്ലീങ്ങൾ അഥവാ മാപ്പിളമാരുടെ ഗാർഹികാന്തരീക്ഷത്തിലെ സാമൂഹ്യസദസ്സുകളിൽ നിന്ന് അരങ്ങത്തേക്ക് പറിച്ചുനടപ്പെട്ട ഒരു കലാരൂപമാണ് ഒപ്പന. നൂറ്റാണ്ടുകൾ പഴക്കമുള്ള മലബാർ മാപ്പിള സംസ്കാരത്തിന്റ കലാസമ്പത്താണീ കലാരൂപം. മുസ്ലീം സ്‌ത്രീകൾക്ക് പരമ്പരാഗതമായി ലഭിച്ച ഏകകലകൂടിയാണിത്. ആഘോഷവേളകൾ ആനന്ദകരമാക്കുക, വിനോദവും വിജ്ഞാനവും പകരുക മുതലായ കാര്യങ്ങളാണ് ഈ കലാവതരണംകൊണ്ട് ലക്ഷ്യമാക്കിയിരുന്നത്. വിവാഹം, കാതുകുത്ത്, ചേലാകർമ്മം, നാല്പതുകുളി, പിറപ്പുമുടി കളയൽ മുതലായ സാമൂഹികാഘോഷസന്ദർഭങ്ങളിൽ വീടുകളുടെ അകത്തളങ്ങളിലോ ആഘോഷപന്തലുകളിലോ അരങ്ങേറിയിരുന്ന ഒരു കലയാണ് കൈമുട്ടിപ്പാട്ട്. ഈ കലാരൂപത്തിന്ന് ക്രമേണ രൂപമാറ്റങ്ങൾ വന്നുണ്ടായ ഒരു ശ്രാവ്യദൃശ്യകലയാണ് ഇന്ന് കാണുന്ന ഒപ്പന. ആദ്യകാലത്തു സ്ത്രീകൾ വട്ടത്തിൽ ഇരുന്നുകൊണ്ടുമാത്രം കൈമുട്ടിപ്പാടുകയായിരുന്നു. കല്യാണപ്പാട്ട്, വട്ടപ്പാട്ട് മുതലായ പേരുകളിലും കൈമുട്ടിപ്പാട്ട് അറിയപ്പെട്ടിരുന്നു. പുരുഷന്മാരാണ് ഈ പാട്ടുസമ്പ്രദായം ആരംഭിച്ചതെങ്കിലും സ്ത്രീകളും അവരെ അനുകരിച്ചു രംഗത്തുവന്നു പാടുവാൻ ആരംഭിച്ചു.
പാട്ടുസംഘത്തിൽ മുൻപാട്ടുകാരും പിൻപാട്ടുകാരുമുണ്ടാകും. മുൻപാട്ടുകാർ പാടുന്ന വരികളോ താളവട്ടം മാത്രമോ പിൻപാട്ടുകാർ ഏറ്റുപാടും. താളത്തിൽ കൈമുട്ടിക്കൊണ്ടാണ് പാടുക. വിവാഹസദസ്സുകളിൽ വരന്റെയും വധുവിന്റെയും ഭാഗത്തുള്ള പാട്ടുസംഘങ്ങൾ ഒരുമിച്ചു കൂടുമ്പോൾ കല്യാണവീടുകൾ വാശിയേറിയ മത്സരവേദികളാകുക പതിവായിരുന്നു.
അത്തറിന്റെ നറുമണവും കുപ്പിവളകളുടെ കിലുകിലുക്കവും തുളുമ്പി നിൽക്കുന്നവയായിരുന്നു മുൻകാലങ്ങളിലെ കല്യാണപ്പന്തലുകൾ. പുത്തൻപുടവകളും ആഭരണങ്ങളുമണിഞ്ഞു നാണം കുണുങ്ങിയിരിക്കുന്ന പുതുനാരിക്ക് ചുറ്റുമിരുന്ന് കൈയിൽ മൈലാഞ്ചിച്ചുകപ്പും കണ്ണിൽ സുറുമക്കറുപ്പും കവിളിൽ കുസൃതിതുടുപ്പുമായി തോഴികൾ ഒപ്പനമുട്ടും. പഴയതലമുറ എന്നും മാധുര്യത്തോടെ താലോലിക്കുന്ന സുന്ദരസ്വപ്നങ്ങളാണിതെല്ലാം.
ചെറിയ കിണ്ണാരം മുട്ടിയും പാളവിശറികൊണ്ട് കോളാമ്പിയിലടിച്ചും ഇരുന്നു മാത്രം പാടിയിരുന്ന രീതിക്ക് ചെറിയ മാറ്റങ്ങൾ വന്നതും ഒപ്പന എന്ന പേര് സാർവവത്രികമായതും 1840കളുടെ അവസാനത്തിലാണ്. ഇളകിയും എഴുന്നേറ്റുനിന്നും പാടുവാനാരംഭിച്ചു. ക്രമേണ ചാഞ്ഞും ചരിഞ്ഞും അൽപ്പാൽപ്പം നടന്നും പരസ്പരം സ്ഥാനം മാറിയും അവതരിപ്പിക്കുവാൻ ആരംഭിച്ചു. ക്രമേണ ഒരു ദൃശ്യകലയായി തന്നെ അവതരിപ്പിക്കപ്പെട്ടുതുടങ്ങി. 1960കളിൽ പുതിയ രൂപഭാവങ്ങളോടെ നാടക-സിനിമാദി ദൃശ്യമാധ്യമങ്ങളിൽ അത് പ്രത്യക്ഷപ്പെട്ടു. കുട്ടിക്കുപ്പായം, സുബൈദ, കണ്ടം ബെച്ച കോട്ട് മുതലായ സിനിമകളിൽ ഒപ്പന വന്നു. തുടർന്ന് ഇത്തരം ഒപ്പനകൾ അവതരിപ്പിക്കുന്ന പ്രഫഷണൽ സംഘങ്ങൾ രംഗത്തുവന്നു. കലോത്സവ മത്സര ഇനങ്ങളായി സ്‌കൂൾ അങ്കണങ്ങളിലും കോളേജ് ക്യാമ്പസുകളിലും ഒപ്പനയ്ക്കു സ്ഥാനം ലഭിച്ചു. അങ്ങനെ ഒപ്പന ഹൃദ്യവും ആകർഷകവുമായ ഒരു ശ്രവ്യ- ദൃശ്യകലയായി മാറി. ഒരു ജനകീയ കലയായി തീർന്ന ഒപ്പന ഇന്ന് കലാകേരളത്തിന്റെ ആവേശമാണ്.
ഒപ്പന എന്ന പദത്തിന് താരതമ്യം, യോജിപ്പ്, അലങ്കരണം, ചമയൽ എന്നീ അർത്ഥങ്ങളുണ്ട്. വധുവിനെ ചമയങ്ങളണിയിച്ചൊരുക്കുവാൻ ഇരുത്തുന്നതിന് ‘ഒപ്പനയ്ക്കിരുത്തൽ’ എന്ന് പറയാറുണ്ടായിരുന്നു. ഒപ്പന എന്ന വാക്കിന്റെ നിഷ്പത്തിയെ സംബന്ധിച്ച് വിഭിന്ന അഭിപ്രായങ്ങളുണ്ട്. തേച്ചുമിനുക്കുക, മനോഹരമാക്കുക, അലങ്കരിക്കുക മുതലായ അർത്ഥങ്ങളുള്ള ‘ഒപ്പനൈ’ എന്ന തമിഴ് പദത്തിൽ നിന്നാണ് ഒപ്പന എന്ന വാക്ക് ഉണ്ടായതെന്നാണ് വിദഗ്ധാഭിപ്രായം. മാപ്പിളസാഹിത്യത്തിന്ന് തമിഴ് ഭാഷയുമായുള്ള ബന്ധം പരിഗണിക്കുമ്പോൾ ഈ അഭിപ്രായത്തിനു ഏറെ പ്രസക്തിയുണ്ട്.
മാപ്പിളപ്പാട്ടിന്റെ നൂറുകണക്കിനുള്ള ഇശലുകളിൽപെട്ട ഒരു ഇശലിന്റെ പേരാണ് ഒപ്പന. ഈണം, രീതി, മട്ട് എന്നൊക്കെയാണ് ഇശലിന്റെ അർഥം. മാപ്പിളഗാന സാഹിത്യത്തിൽ ഏറ്റവും പഴക്കമേറിയതും ഏറെ ആകർഷകവുമായ ഒരു ഇശലാണിത്. മുൻകാല കല്യാണപ്പാട്ടുകാർ പ്രാധാന്യത്തോടെ ആലപിച്ചിരുന്ന ഒരു ഇശലുമാണ്. അതുകൊണ്ടാവാം ഇശൽ നാമത്തിൽ ഒപ്പന എന്ന കലാരൂപം അറിയപ്പെട്ടത്.
ഒപ്പന ഇശലിന് ചായൽ, മുറുക്കം എന്നിങ്ങനെ രണ്ടു ഗതിഭേദങ്ങളുണ്ട്. പതിഞ്ഞ താളക്രമമുള്ള ചായലിന്റെ വരികൾ നാലോ നാലിന്റെ ഗുണിതങ്ങളോ ആയിരിക്കും. തുടർന്ന് വരുന്ന ചായൽ മുറുക്കം രണ്ട് വരികളാണ്. പിന്നീട് വരുന്ന ഒപ്പനമുറുക്കം മൂന്നു വരികളാണ്. ചായൽ വരികൾ ആദ്യംമാത്രം ഉണ്ടാകും. ചായൽ മുറുക്കവും ഒപ്പന മുറുക്കവും ആവർത്തിച്ച് വരും. ഉദാ:
ഒപ്പനചായൽ
ആദിയോൻ തൻ ഏകലാലെ മംഗലദിനം വന്നണഞ്ഞു
ആരിലും ഇമ്പം തരുന്ന ആശതൻ പൂക്കൾ വിരിഞ്ഞു
ആദരം ഏറും സദസ്സിൽ ശക്‌രൂപിമാർ നിറഞ്ഞു
ആറ്റലായ കന്നിയാൾ പുതുനാരിതൻ ചിത്രം തെളിഞ്ഞു
മോദമേറും രാവതിന്റെ ചിന്തകൾ ഖൽബിൽ കവിഞ്ഞു
മേനിയിൽ മികവേറിടും ഉടയാടകൾ മിന്നിത്തെളിഞ്ഞു
മാദകമാറും മിഴിമോറും മുടി റങ്കിൽ വളർന്നു
മട്ടമിൽ അണഞ്ഞുള്ള തോഴികൾ ചിട്ടയിൽ ജലസായ് നിരന്നു.
ചായൽ മുറുക്കം
ജലസായ നിസാനികൾ ഇശൽ പാടുന്നേ
ജമാലിയ്യത്തലങ്കാര പുകൾ ചൊല്ലുന്നേ
ഒപ്പനമുറുക്കം
ചൊല്ലിടും നാരിതൻ മംഗളമേറെ
ചുറ്റിലിരുന്നവർ തരുണികളേറെ
ചേലിലണിഞ്ഞവർ പന്തലിൽ വേറെ
വേറെയുണ്ടനേകർ നൽപദവിക്കാരും
വല്ലീതർ ജനർകളിൽ മികവുള്ളോരും
മികമിക വീണ സിത്താറകളാലും
മധുരിത ഗാനം അലയടിയാലും
മർഹബ മുശങ്ങുന്ന നശീദകളാലും
നശീദകൾ മദ്ഹുകൾ കുതുഹലങ്ങൾ
തള്‌മുകൾ കവിതകൾ കരഘോഷങ്ങൾ
ആലാപന പ്രധാനമായ ഒരു ശ്രാവ്യ‐ദൃശ്യകലയാണ് ഒപ്പന. ഈ കലയുടെ ദൃശ്യവൽക്കരണങ്ങൾക്കു മാപ്പിളകലാപാരമ്പര്യത്തിൽ ആഴത്തിലുള്ള അടിവേരുകളില്ല. ശ്രാവ്യ വശത്തിനാകട്ടെ നൂറ്റാണ്ടുകളുടെ പഴമയും പാരമ്പര്യവുമുണ്ടുതാനും. അതുകൊണ്ടു സാഹിത്യ-സംഗീത-താളസമ്മിശ്രമായ ഈ കലയുടെ അവതരണത്തിൽ ലക്ഷണമൊത്ത പാട്ടുകൾക്കും കുറ്റമറ്റ ആലാപനത്തിനുമാണ് കൂടുതൽ പ്രാധാന്യം.
ഒപ്പന ചായൽ, ഒപ്പനമുറുക്കം, ഇശലുകൾ കൂടാതെ അവയോടു സാമ്യമുള്ളതും അനുയോജ്യവുമായ മറ്റു ഇശലുകളും ആലപിക്കാം. മാപ്പിളപ്പാട്ടിന്റെ രചനാനിയമങ്ങൾ പാലിച്ചെഴുതിയ പാട്ടുകൾ പാടണം. ഒപ്പനസംഘത്തിന്റെ വരവിനും പോക്കിനും അവ സൂചിപ്പിക്കുന്ന വഴിനീളം ഇശലുകൾ തന്നെ പാടണം. നീട്ടിപ്പാടുവാൻ കഴിയുന്ന ഇശലുകളാണ് വഴിനീളത്തിനു തെരഞ്ഞെടുക്കേണ്ടത്. ഒപ്പന അവതരിപ്പിക്കുന്നവർ ആദ്യമായി ചെയ്യേണ്ടത് ലക്ഷണമൊത്ത ഒപ്പനപ്പാട്ടുകൾ തെരഞ്ഞെടുക്കലാണ്. കമ്പി, കഴുത്ത, വാൽകമ്പി, വാലുമ്മൽകമ്പി മുതലായ മാപ്പിളപ്പാട്ടിന്റെ രചനാനിയമങ്ങളും പ്രാസങ്ങളും പാലിച്ചെഴുതിയ പാട്ടുകളായിരിക്കണം ആലപിക്കുന്നത്. ഒപ്പന ചായൽ മുറുക്കം ഇശലുകളുടെ കൂടെ ബന്ദ് ആസ്ഹാബ്, മംഗലം നല്ലത്, മാനിതം ഖാല, യമൻകെട്ട്, ദിമിർതമെ, ചെഞ്ചലാൻ മുതലായ ഇശലുകളും ഒപ്പനയ്ക്കനുയോജ്യമായവയാണ്. സ്വരഭംഗിയും താളബോധവുമുള്ളവരുമാണ് ഒപ്പന അവതരിപ്പിക്കേണ്ടത്. മുൻപാട്ടുകാരികൾ ആലാപനത്തിൽ മികവ് പുലർത്തുന്നവരാകണം. സംഘാംഗങ്ങളെല്ലാം ഏറ്റുപാടണം. ഒപ്പനപ്പാട്ടുകൾക്കു തലമുറകളായി പകർന്നെത്തിയ ആലാപനക്രമമുണ്ട്, പാടിപ്പതിഞ്ഞ ഈണം തന്നെയാണ് ഒപ്പനയ്ക്കു അനുയോജ്യമായത്. എല്ലാവരും താളഭംഗം വരാതെ ഒരേശ്രുതിയിൽ ആലപിക്കണം. ഇശലുകളുടെ മാത്രകൾക്കനുസൃതമായി കൈമുട്ടണം. പാട്ടിന്റെ താളാനുസൃതമായി മാറിമാറിവരുന്ന കൈയടിയും അതിന്റെ ചേർച്ചയും പരമപ്രധാനമാണ്. പാട്ടിന്റെ ഗതിവേഗതയ്ക്കനുസരിച്ചു ഭിന്നതാളങ്ങളിൽ കൈമുട്ട് ചിട്ടപ്പെടുത്തണം.
ഒപ്പന അവതരിപ്പിക്കുന്നവരുടെ വസ്ത്രങ്ങളും ആഭരണങ്ങളും പ്രാധാന്യം അർഹിക്കുന്നവയാണ്. മുൻകാലങ്ങളിലെ തിളക്കമാർന്ന വസ്ത്രങ്ങളും ആഭരണങ്ങളുമാണ് പുതുനാരിയെ ധരിപ്പിക്കേണ്ടത്. തോഴികളും മുൻകാല വസ്ത്രങ്ങളും ആഭരണങ്ങളും അണിയണം. തോഴികൾ ധരിക്കുന്നതിനേക്കാൾ മികവുറ്റതാകണം മണവാട്ടിയുടേത്. തോഴികളുടെ വസ്ത്രങ്ങളിലും ആഭരണങ്ങളിലും ഐകരൂപ്യം ആവശ്യമാണ്. വസ്ത്രധാരണത്തിൽ പൂർവ്വകാല മാപ്പിള സ്ത്രീകളുടെ രീതി സ്വീകരിക്കണം.
ഒപ്പന ഒരു നൃത്തകലയല്ല, നിന്നും ഇരുന്നും പരസ്പരം സ്ഥാനം മാറിയും ചുറ്റിനടന്നു കൈവീശിയുമാണ് ഒപ്പന അവതരിപ്പിക്കുക. ചലനത്തിൽ ഏകീകരണം വേണം. ഡാൻസിന്റെ ദ്രുതഗതിയിലുള്ള സ്റ്റെപ്പുകൾ ഒപ്പനയ്ക്കു അനുയോജ്യമല്ല.ചാട്ടവും ഓട്ടവും ഒപ്പനയെ വികൃതമാക്കും. മിതമായ ചലനമാണ് വേണ്ടത്. ഒപ്പനക്കാരികളുടെ മുഖത്തു സന്തോഷഭാവം പ്രകടമാകണം. പാട്ടിന്റെ മാറിമാറിവരുന്ന ആശയങ്ങൾക്കനുസൃതമായി ഭാവവ്യത്യാസം ദൃശ്യമാകണം. നാണത്തിൽ കുതിർന്ന ചെറുപുഞ്ചിരിയാണ് മണവാട്ടിക്കു യോജിച്ചഭാവം. അമിതമായ ചിരിയും തലയാട്ടലും പാട്ടിനു താളം പിടിക്കലും മണവാട്ടിക്കു യോജിച്ചതല്ല.
ഒപ്പന ഒരു വിനോദ കലയാണ്. ഒപ്പനയ്ക്കിടയിൽ പ്രാർത്ഥന പാടില്ല. മണവാട്ടിയും തോഴികളുമല്ലാതെ മറ്റാരും രംഗത്തുവരുന്നതും ശരിയല്ല. ഒപ്പനയെ നാടകവൽക്കരിക്കുന്നതു ആശാസ്യമല്ല. അതുകൊണ്ടുതന്നെ നാടകീയതയ്ക്കുവേണ്ടിയുള്ള രംഗ സജ്ജീകരണങ്ങളോ അഭിനയരീതികളോ ശരിയല്ല. തനിമയും പഴമയും കാത്തുസൂക്ഷിച്ചുകൊണ്ടായിരിക്കണം ഒപ്പന അവതരിപ്പിക്കേണ്ടത്. ദൃശ്യോപാധികളുടെ തള്ളിക്കയറ്റത്തിൽ ഇശൽ തനിമയും ആലാപനക്രമവും അവഗണിക്കപ്പെട്ടുകൂടാ.
പ്രാചീനവും കാലാനുസൃതവുമായ മാറ്റങ്ങളിലൂടെ അത്യാകർഷകമായിത്തീർന്ന ഒപ്പന ഇന്ന് പൊതുവേദികളിൽ അധികമായി അവതരിപ്പിച്ചുകാണാറില്ല. എങ്കിലും സ്‌കൂൾ‐-കോളേജ് കലോത്സവ വേദികളിൽ ഏറെ ആസ്വാദകരുള്ളതും കണ്ണിനും കാതിനും കുളിർമ്മയേകുന്നതുമായ ഒരു മാപ്പിള കലയാണ് ഒപ്പന. ♦