ചിത്രശില്പകലയിൽ പ്രത്യേകിച്ച് വ്യാവസായിക കലയിൽ മുഖ്യ പങ്കാണ് ഡിസൈനും അലങ്കരണ കലയ്ക്കുമുള്ളത്. ഒരു വസ്തുവിനെ അതിന്റെ യഥാർത്ഥ രൂപത്തേക്കാൾ കാഴ്ചയിൽ കൂടുതൽ മനോഹരമാക്കുന്ന രൂപാന്തരണത്തെയാണ് അലങ്കരണകലയെന്ന് പറയുന്നത്. ചിത്രകല, ശിൽപകല, വാസ്തുവിദ്യ, ആഭരണ നിർമാണമടക്കമുള്ള നിരവധിയായ രൂപനിർമിതികളൊക്കെ അലങ്കരണകലയിൽപ്പെടുന്നു. ഒരു വസ്തുവിനെ സൗന്ദര്യാത്മകമായി രൂപപരിണാമം നടത്തുന്നതിന് മുമ്പ് വസ്തുവിന്റെ രൂപരേഖ യഥാർത്ഥ അളവിലോ അല്ലാതെയോ തയ്യാറാക്കുകയും പിന്നീട് ആവശ്യാനുസരണം നിറങ്ങൾ കൊടുത്ത് ക്രമീകരിക്കുകയും ചെയ്യുന്ന പ്രക്രിയയാണ് ഡിസൈൻ. വ്യാവസായിക കലയിലാണ് ഡിസൈന്റെ പ്രസക്തി ഏറുന്നതെങ്കിലും മേൽ സൂചിപ്പിച്ച കലാവിഭാഗങ്ങളിലൊക്കെ ഡിസൈൻ കടന്നുവരുന്നുണ്ട്. നമുക്കു ചുറ്റുപാടുമുള്ള ഏതു ഉപകരണമായാലും അതു തയ്യാറാക്കുന്നതിന് മുമ്പുള്ള രൂപ രേഖയ്ക്കാണ് പ്രാധാന്യം. ഇവിടെ രൂപമെടുക്കുന്ന ഡിസൈനിൽ നിന്നാണ് രൂപത്തിന് പൂർണത ലഭിക്കുന്നത്. വീട്ടുപകരണമായ ഒരു കസേരയുടെയോ ഒരു യന്ത്രത്തിന്റെയോ ഒരു കെട്ടിടത്തിന്റെയോ രൂപകൽപനക്കിടയിലും മേൽപറഞ്ഞ ഘട്ടങ്ങളിലൂടെ കടന്നാണ് പൂർണ രൂപത്തിലെത്തുന്നത്. അലങ്കരണകല‐ഡിസൈ-ന്റെ പൂർണതയിലൂടെയാണ് വസ്തുവിന്റെ യഥാർത്ഥസ്വഭാവവും സൗന്ദര്യവും കാഴ്ചക്കാരന് അനുഭവവേദ്യമാകുന്നത്. കസേരയാണ് നിർമിക്കുന്നതെങ്കിൽ “കസേര’ എന്ന പൊതുവായ (object) വസ്തുവിൽതന്നെ വ്യക്തിഗതമായ സൗന്ദര്യശാസ്ത്ര ചിന്തകൾക്കനുസരിച്ച് രൂപമാറ്റങ്ങൾ സംഭവിക്കുമെന്ന വ്യത്യാസമുണ്ടെന്നു മാത്രം.
അലങ്കരണകലയും ഡിസൈനുമൊക്കെ ഇന്ന് സുപരിചിതമാകുന്നെങ്കിലും അവയുടെ ചരിത്രപശ്ചാത്തലംകൂടി അറിയുന്നത് നന്നായിരിക്കും. പ്രാചീനമനുഷ്യനിൽ തുടങ്ങുന്ന ചരിത്രാതീത കല മനുഷ്യന്റെ ഉൽപത്തി മുതലുള്ള ചിന്തയുടെയും പ്രവൃത്തിയുടെയും ചരിത്രവുമായി ഇണങ്ങി നിൽക്കുന്നു. ആദിമ മനുഷ്യൻ ഗുഹകളിലും മരച്ചില്ലകളിലും താമസിക്കുകയും ഗുഹകളിൽ ചിത്രരൂപങ്ങൾ വരയ്ക്കുകയും ചെയ്തിരുന്നു. ഗുഹാഭിത്തിയിൽ കോറിയിട്ട രൂപങ്ങളിലൂടെ അലങ്കരണകലയ്ക്കും തുടക്കമായി. ആദ്യമായി കോറിയ രൂപം മൃഗങ്ങളുടെയും പ്രകൃതിയിലെ വൃക്ഷലതാദികളുടെയും പക്ഷികളുടേയുമായിരുന്നു. കാണുന്ന പ്രകൃതിരൂപങ്ങളുടെ കാഴ്ചയും യാഥാർത്ഥ്യവും ഭാവനയുമൊക്കെ ചേർന്ന ഈ രചനകളിലെ തുടർരൂപങ്ങളിൽ മനുഷ്യമാതൃകകളും ഇടം നേടി. ജീവസന്ധാരണത്തിനുള്ള ഉപകരണങ്ങൾ തയ്യാറാക്കുന്നതിനു ആദ്യ രൂപം (രൂപരേഖ) കല്ലുകളിൽ വരച്ചുനോക്കിയതായും പിന്നീടവ രൂപകൽപന ചെയ്തിട്ടുള്ളതായും ചരിത്രാവശിഷ്ടങ്ങൾ തെളിവു നൽകുന്നു. ഇരുപത്തയ്യായിരം വർഷങ്ങൾക്കു മുമ്പ് ഗ്രീസിലെ അൾട്ടാമിറ ഗുഹയിലെ ചിത്രരൂപങ്ങൾ ഉദാഹരണമായി കാണാം. ഭാരതത്തിലേക്ക് വരുമ്പോൾ ഉത്തർപ്രദേശ്, മധ്യപ്രദേശ് എന്നീ സ്ഥലങ്ങളിലെ ഗുഹാചിത്രങ്ങൾക്ക് അയ്യായിരം വർഷത്തെ പഴക്കം കണക്കാക്കപ്പെടുന്നു. പിന്നീടുണ്ടായിട്ടുള്ള കർണാടക, ആന്ധ്ര, കേരളത്തിലെ എടയ്ക്കൽ ഗുഹ എന്നിവിടങ്ങളിലെ ശിലാകലകളിൽ ആലങ്കാരികമായ രൂപമാതൃകകൾ കാണാം. പ്രത്യേകിച്ച്, പ്രകൃതിയിലെ വൃക്ഷലതാദികൾക്ക്. ഭാരതീയ ശിലാകലകളിൽ ശ്രദ്ധേയസ്ഥാനമാണ് എടയ്ക്കൽ ഗുഹാചിത്ര രൂപങ്ങൾക്കുള്ളത്. ഡിസൈന്റെ അടിസ്ഥാനപരമായ ജ്യാമിതീയ മാതൃകകളാണ് ഇവിടെ ധാരാളമായി കാണുന്നത്. സിന്ധുകലയുടെ ചില മാതൃകകളും ഇവിടെ കാണാം. മൃഗങ്ങളെ വേട്ടയാടുന്ന രൂപം, കുതിരയിലും ആനപ്പുറത്തും സഞ്ചരിക്കുന്ന മനുഷ്യൻ, കുതിര, ആട്, പശു, പല്ലി, മത്സ്യം എന്നിങ്ങനെയുള്ള രൂപമാതൃകകളുടെ രേഖാചിത്രങ്ങളാണ് ഇവിടെ പ്രധാനമായിട്ടുള്ളത്.
സിന്ധു നാഗരികതയിലേക്ക് കടക്കുമ്പോൾ വാസ്തു ശില്പകലയിലെ ഡിസൈൻ സാന്നിദ്ധ്യമാണ് കൂടുതലായി പ്രക ടമാകുന്നത്. അക്കാല ധാന്യപ്പുരകൾ, കുളങ്ങളും കൽപ്പകവൃക്ഷ ങ്ങളും, ജലം ഒഴുകിപ്പോകാനുള്ള കരിങ്കൽചാലുകൾ എന്നിവയിൽ വിജ്ഞാനവും സംസ്കാരവും ഭാവനയും ഇഴചേർന്ന അലങ്കരണ മാതൃകകൾ കാണാം. ശിലായുഗകാലത്തെ ആയുധങ്ങൾ, ചെമ്പ് വെങ്കലം എന്നീ ലോഹങ്ങളിലുള്ള രൂപങ്ങൾ, മൺപാത്രങ്ങളിൽ റിലീഫായി ചെയ്തിട്ടുള്ള പക്ഷിമൃഗാദി രൂപങ്ങൾ എന്നിവയിലും മേൽപറഞ്ഞ മാധ്യമങ്ങളിലെ ചില ത്രിമാനരൂപങ്ങളിലും ഡിസൈന്റെ സ്വാധീനം കാണാം.
സിന്ധുനദീതട സംസ്കാരത്തിൽ ഭാവന ചിറകുവിരിക്കുന്ന ശക്തമായ ഉദാഹരണങ്ങളുമുണ്ട്. ഭാവനയും അലങ്കരണപ്രാധാ ന്യവുമുള്ള ചില മുദ്രയാണവ. സ്ത്രീയുടെ പ്രസവമാണ് ഒരു ദൃശ്യം. മനുഷ്യക്കുഞ്ഞിന് പകരം പ്രസവിക്കുന്നത് ഒരു വൃക്ഷത്തെയാണ്. സ്ത്രീ- അമ്മസങ്കൽപവും പ്രകൃതിസങ്കൽപവും ചേർന്ന ആരാധനയാണ് ഇവിടെ പ്രകടമാവുന്നത്. മറ്റൊരു മുദ്ര യോഗാസനത്തിലിരിക്കുന്ന പുരുഷന്റേതാണ്. പുരുഷന്റെ ഉദ്ധരിച്ചുനിൽക്കുന്ന ലിംഗവും ചുറ്റും മൃഗരൂപങ്ങളും കാണാം. വൃക്ഷ-സ്ത്രീ-പുരുഷ രൂപങ്ങളിലെ അലങ്കരണ പ്രത്യേകതകളും ഈ മുദ്രയിൽ തെളിയുന്നു. പിൽക്കാലത്ത് ഭാരതത്തിൽ പ്രചാരത്തിലുള്ള മൃഗങ്ങളുമായി ബന്ധപ്പെട്ട ആരാധന, കാളപ്പോരടക്കമുള്ള ആചാരങ്ങൾ തുടങ്ങിയവയും സിന്ധു നദീതട സംസ്കാരവുമായി ബന്ധപ്പെട്ടിരിക്കുന്നു. ചലനാത്മകമായ മത്സ്യരൂപങ്ങളുടെ മുദ്രയാണ് മറ്റൊന്ന്. മോഹൻജദാരോ, ഹാരപ്പ എന്നിവിടങ്ങളിൽ വ്യാപിച്ചുകിടക്കുന്ന സിന്ധു നദീതട സംസ്കാരത്തിന്റെ സവിശേഷതകളോടൊപ്പമാണ് അലങ്കരണപ്രാധാന്യവും ഇക്കാല രചനകളിൽ കാണാനാവുന്നത്. പിന്നീട് ബുദ്ധകലയിലെ ഘട്ടങ്ങൾ, (അജന്ത‐എല്ലോറ ഉൾപ്പെടെ) ഗുപ്തകാലം, പല്ലവ‐-ചോള‐-പാണ്ഡ്യ-‐ചേര‐-ദ്രാവിഡ കാലങ്ങളിലൂടെ കലയിലെ പല രൂപപരിണാമങ്ങളും സമ്മാനിച്ചുകൊണ്ടാണ് -നിരവധി കലാപ്രസ്ഥാനങ്ങൾ പിന്നിട്ടുകൊണ്ട് ഇന്ന് ചിത്രശിൽപകല എത്തിനിൽക്കുന്നത്. 16‐-ാം നൂറ്റാണ്ടിനു ശേഷം ഡിസൈനിലും അലങ്കരണകലയിലും ശ്രദ്ധേയമായതും വിപ്ലവകരവുമായ മാറ്റങ്ങൾ സംഭവിച്ചു. ചിത്രങ്ങളിലും ശിൽപങ്ങളിലും മറ്റ് കരകൗശലവസ്തുക്കളിലും, അച്ചടി, ടൈപ്പോഗ്രഫി (കാലിഗ്രഫി), ടെക്സ്റ്റൈൽ മേഖല, വാസ്തുകല, വീട്ടുപകരണങ്ങൾ എന്നുവേണ്ട, സമസ്തമേഖലയിലും ഡിസൈനിന്റെ സ്വാധീനമുണ്ടായി. ഒരു തരത്തിൽ ആധുനിക ലോകത്തെ സൗന്ദര്യവത്ക്കരിക്കുന്നതിൽ ഡിസൈനിനും അലങ്കരണകലയ്‌ക്കുമുള്ള പങ്ക് ഏറെ വലുതാണ്. ലോകത്തിലെ മിക്ക രാജ്യങ്ങളുടെയും കലാഭിരുചിയും പ്രൗഢിയും വിളിച്ചറിയിച്ചിരുന്നത് ഡിസൈനിലൂടെയായിരുന്നു. ഏതുപകരണത്തിലും ഈ സ്വാധീനം തെളിഞ്ഞിരുന്നു. 1840കളിൽ അമേരിക്കയിൽ ക്ലോക്ക്, റൈഫിൾ, തയ്യൽമെഷീൻ എന്നിവയുടെ രൂപകൽപനയിൽ നവീനമായ ഡിസൈൻ തരംഗം സൃഷ്ടിച്ചതായി കാണാം. ഈ രൂപകൽപനകളെ കലാമികവില്ലാത്തവ എന്ന് വിശേഷിപ്പിച്ചുകൊണ്ട് ഫ്രാൻസ്, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളിലെ കലാകാരർ പുതിയ രൂപ കൽപനകൾ ലോകത്തിനു കാട്ടിക്കൊടുത്തു. 1840ൽ നിന്ന് 2019 ലെത്തുമ്പോൾ അന്നു കണ്ട ഡിസൈനുകൾക്കപ്പുറത്തേക്കുള്ള ഏറ്റവും പുതിയ അത്ഭുതാവഹമായ കാഴ്ചകളാണ് നാം കാണുന്നത്. ഏതു മേഖലയിലും കടന്നുവരുന്ന ഡിസൈനിലൂടെയും അലങ്കരണകലയിലൂടെയുമാണ് നാം വസ്തുക്കളെ സ്വീകരിക്കുന്നതും അതുമായി ഇണങ്ങുന്നതും. വസ്തുക്കൾ മാത്രമല്ല, നമുക്ക് ചുറ്റുമുള്ള മനുഷ്യരേയും സമൂഹത്തേയും അറിയാനും ഇടപെടാനുംകൂടി കലയുടെ ഈ സംസ്കാരം അനിവാര്യമാകുന്നു. ♦